"സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം"
തമസ്സിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചു കൊണ്ടിരിക്കുന്നവരും അറിവും അക്ഷരവും വിവേകവും പകർന്നുതന്നു കൊണ്ടിരിക്കുന്നവരുമായ സകല ഗുരുക്കന്മാർക്കും എന്റെ പ്രണാമം !
വൈദീക കാല ഭാരതത്തിലെ രണ്ടു കാലഘട്ടങ്ങളെ മാറ്റിമറിച്ച രണ്ടു ഗുരുക്കന്മാരെക്കുറിച്ചാണ് ഈ എഴുത്ത്. സാഹസമാണ് ഞാനീ ചെയ്യുന്നത് തെറ്റെങ്കിൽ ഗുരുക്കന്മാർ ഈ അവിവേകിയോടു പൊറുക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.
"ബുദ്ധനും ശങ്കരനും"
സിദ്ധാർത്ഥ രാജകുമാരൻ, ശാക്യ വംശത്തിൽ ഗോതമ ഗോത്രത്തിൽ ശുദ്ധോധന മഹാരാജാവിനും മഹാറാണി മായദേവിക്കും മൂത്ത പുത്രനായി ലുംബിനിയിൽ ജനിച്ചു ശേഷം ബാല്യവും യൗവ്വനവും കപിലവസ്തുവിൽ. പതിനാറാം വയസ്സിൽ യശോധാരയെ വിവാഹം ചെയ്തു അവർക്കു രാഹുലൻ എന്നൊരു പുത്രനും ഉണ്ടായി. അങ്ങനെ സർവൈശ്വര്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോൾ അദ്ദേഹം കണ്ട നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ! അല്ല അവിടെ നിന്നുമാണ് സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
ഒരു രോഗി, ഒരു വൃദ്ധൻ, ഒരു മൃതശരീരം പിന്നെ സർവ്വസംഗ പരിത്യാഗിയായ ഒരു സന്യാസിയും ഈ കാഴ്ചകൾ അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു ! താനും ഈ ക്ലേശങ്ങളും ദുഃങ്ങളും എല്ലാം തരണം ചെയ്യണ്ടതായുണ്ടെന്നും ഒരുനാൾ ഇതെല്ലാം താനും നേരിടുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു ശേഷം അദ്ദേഹം ആലോചിച്ചതു ജീവിതത്തിലെ നാല് സത്യങ്ങളുടെ പൊരുൾ ആയിരുന്നു.
1. ദുഃഖം
2. ദുഃഖ കാരണം
3. ദുഃഖ നിവാരണം മാർഗം
4. ആ മോക്ഷത്തിലേക്കുള്ള പാത
ഈ സത്യങ്ങൾ അന്വേഷിച്ചു അദ്ദേഹത്തിന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ സകല സുഖ സൗകര്യങ്ങളും ബന്ധങ്ങളും കൊട്ടാരവും ഉപേക്ഷിച്ചു നാടും വീടും വിട്ടിറങ്ങി. പലരെയും അദ്ദേഹം തേടിയലഞ്ഞു ഈ സത്യങ്ങൾക്കുള്ള പൊരുളെന്തെന്നു തേടി. എന്നാൽ ഒരു ഗുരുവിനും അദ്ദേഹത്തെ തൃപ്തിപെടുത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം സ്വയം തന്നിലേക്കിറങ്ങി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കാൻ തീരുമാനിച്ചു. ആ യാത്രക്കൊടുവിൽ അദ്ദേഹം ഗയ (ബോധ്‌ഗയ - ബീഹാർ) യിൽ എത്തിച്ചേർന്നു. നീണ്ട ഏതാനും വർഷങ്ങൾ അവിടെ തപസ്സ് ചെയ്യുകയും, വർഷങ്ങൾ ആ ബോധി വൃക്ഷചുവ്വട്ടിൽ നീണ്ട തപസ്സിനൊടുവിൽ ആ സത്യം അദ്ദേഹം തിരിച്ചറിഞ്ഞു, തന്നെ അലട്ടിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അദ്ദേഹത്തിനു ബോധ്യമായി. "സ്വാർത്ഥം" അതാണ് മനുഷ്യന്റെ ഏക ദുഃഖ കാരണം എന്നദ്ധേഹം ആ തപസ്സിനൊടുവിൽ തിരിച്ചറിഞ്ഞു. അതിനെ വിട്ടു കളയുന്നതാണ് ദുഃഖ നിവാരണം എന്നും മോക്ഷത്തിലേക്കുള്ള മാർഗമെന്നും തിരിച്ചറിഞ്ഞു.
മൗര്യ സാമ്രാജ്യം ഭാരതം ഭരിക്കുന്ന കാലഘട്ടത്തിൽ ആയിരിക്കണം സിദ്ധാർത്ഥ ഗൗതമ ബുദ്ധന്റെയും ജനനം എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചന്ദ്രഗുപ്‌ത മൗര്യന്റെ മകനായ ബിന്ദുസാരൻ, അദ്ദേഹത്തിന്റെ പുത്രനും മഹാനായ ഭരണാധികാരിയും ആയിരുന്ന അശോക ചക്രവർത്തി ഇവരുടെ സമകാലീനനായിരുന്നു ശ്രീ ബുദ്ധനും. കലിംഗ യുദ്ധത്തിന്റെ ഭീകരദൃശ്യം അശോകനെ കൊണ്ടുചെന്നെത്തിച്ചത് അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധന്റെ പാതയിലേക്കായിരുന്നല്ലോ.
ആര്യ - ബ്രാഹ്മണ മേല്കോയ്മയെ ഇല്ലാതാക്കി കൊണ്ടായിരുന്നു ബുദ്ധിസം അതിവേഗം ഭാരതത്തിൽ വളർന്നത്.
വേദങ്ങൾക്കു പ്രത്യേകിച്ച് ഒരു കൃതി എന്നതിനപ്പുറം ഒരു മഹത്വവും അദ്ദേഹം നൽകിയിരുന്നില്ല വേദ നിർദേശിതമായ മൃഗ ബലി പോലെയുള്ള കാര്യങ്ങളെ എതിർക്കാനും അദ്ദേഹം തുനിഞ്ഞു. അന്ന് നിലനിന്നിരുന്ന പല അനാചാരങ്ങൾക്കും മൃഗബലി, ജാതി വേർതിരിവ് തുടങ്ങി എല്ലാത്തിനും ഭഗവാൻ ശ്രീ ബുദ്ധൻ എതിരായിരുന്നു. ബ്രാഹ്മണനായി ജനിക്കുക എന്നത് ഔന്നത്യമായി കണ്ടിരുന്ന കാഴ്ചപാടിനെയും അദ്ദേഹം എതിർത്തു.
"ജന്മം കൊണ്ടെല്ലാരും ഒന്ന് തന്നെയെന്നും കർമം ആണ് ഒരാളുടെ ശ്രേഷ്ഠത നിശ്ചയിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു.
"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" എന്നും നമ്മുടെ ചിന്തകളാണ് നമ്മുടെ അടിസ്ഥാനം എന്നും പഠിപ്പിച്ചു.
ആര്യൻ ബ്രഹ്മിണസത്തിനു മുകളിൽ ഭഗവാൻ ശ്രീ ബുദ്ധന്റെ ആശയങ്ങൾ ശക്തി നേടി. ഭാരതവും കടന്നു ആ ആശയങ്ങൾ സഞ്ചരിച്ചു. എൺപതാം വയസ്സിൽ തന്റെ കർമം കൊണ്ട് ഈശ്വര തുല്യനായി തീർന്ന ആ മനുഷ്യൻ സമാധിയായി. കുശിനഗർ എന്ന സ്ഥലത്തു ഇന്നും അദ്ദേഹത്തിന്റെ സമാധി സ്ഥലം കാണാം. പക്ഷെ മരണം ആ ശരീരത്തിനു മാത്രമായിരുന്നു അതിനു ശേഷവും അദ്ദേഹം പകർന്നു നൽകിയ ആശയം വളർന്നു കൊണ്ടേയിരുന്നു. അദ്ദേഹം പഠിപ്പിച്ച വാക്കുകൾ അന്വർത്ഥമാവുകയും ചെയ്തു!
"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്"
നാസ്തികതയിൽ അനുഷ്ഠിതമായി വളർന്നു വന്ന ആശയമാണ് ബുദ്ധിസം. ശ്രീ ബുദ്ധനെയോ അല്ല മറ്റു ആരെയെങ്കിലുമോ അവർ ഈശ്വരനായി കാണുന്നില്ല മറിച്ച് അദ്ദേഹം അവർക്കു മാർഗ്ഗദര്ശനമേകുന്ന ഗുരുമാത്രമാണ് ബുദ്ധൻ. ഈ സൃഷ്ട്ടി ഈശ്വരനിൽ നിന്നല്ലെന്നും അതിന്റെ സത്യം കാലങ്ങളായി മറഞ്ഞു കിടക്കുകയാണെന്നും എന്നതാണ് അവരുടെ വിശ്വാസം. ഹിന്ദുമതത്തിലും നിരീശ്വരവാദത്തിൽ അനുഷ്ഠിതമായ ഇത് പോലെ ചില സങ്കല്പങ്ങൾ കാണാം തത്വമസി, അഹംബ്രഹ്മാസ്മി പോലെയുള്ള തത്വങ്ങൾ എല്ലാം ബുദ്ധിസത്തിന്റെ നാസ്തിക ആശയത്തോട് ചേർന്ന് നിൽക്കുന്നു.
(താന്ത്രിക ബുദ്ധിസത്തിൽ അവർ ദേവതമാരെ ഉപാസിക്കുന്നുമുണ്ട് , ബുദ്ധിസത്തിന്റെ ആദ്യകാല തത്വങ്ങൾ അല്ലെങ്കിൽ അടിസ്ഥാന ശിലാ പ്രമാണം മാത്രമേ ഞാൻ പ്രതിപാദിക്കുന്നുള്ളു കാലക്രമേണ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗണ്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് മേല്പറഞ്ഞ താന്ത്രിക ബുദ്ധിസം ഒരു ഉദാഹരണം)
ബുദ്ധിസത്തിന്റെ അടിസ്ഥാനം ഈ അഷ്ട മാർഗ്ഗങ്ങളിൽ അനുഷ്ഠിതമാകുന്നു .
സദ്‌ദൃഷ്ടി
സദ്‌ചിന്ത
സദ്‌വചനം
സദ്‌കർമം
സദ്‌ജീവനം
സദ്‌ശ്രമം
സദ്‌ശ്രദ്ധ
സദ്‌ധ്യാനം
(ഭാരതത്തിൽ ആയിരുന്നു ബുദ്ധ മതത്തിന്റെ ഉത്ഭവം എങ്കിലും ഇന്ന് അതിന്റെ അതിന്റെ പ്രഭാവം കൂടുതലും സ്വാധീനിച്ചതായി കാണുന്നത് ഫാർ ഈസ്റ്റ് രാജ്യങ്ങളിലും ശ്രീലങ്ക മ്യാന്മാർ ഭൂട്ടാൻ ചൈന ടിബറ്റ് എന്നീ രാജ്യങ്ങളിലുമാണ്. )
ബുദ്ധമതത്തിന്റെ സ്വാധീനത്തിൽ നിന്നും പല അനാചാരങ്ങളിൽ നിന്നും സനാതന ധര്മത്തിന്റെ ഉയർത്തെഴുന്നേല്പിന്നു പിന്നീട് ആയിരത്തോളം വര്ഷങ്ങള്ക്കു ശേഷം ഇങ്ങു തെക്കേ ഇന്ത്യയിൽ കാലടിയിൽ നിന്നും ഒരു യുഗപുരുഷന്റെ അവതാരം വേണ്ടി വന്നു !
"ജഗത്ഗുരു ആദിശങ്കരാചാര്യർ"
ശങ്കരന്റെ നന്നേ ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടമായി പിന്നീട് അമ്മ മാത്രമേ ശങ്കരന് ഉണ്ടായിരുന്നുള്ളു. എട്ടാം വയസ്സിൽ സന്യാസ ജീവിതം സ്വീകരിച്ചു ശങ്കരൻ വീട് വിട്ടറങ്ങി വേദം ഉപനിഷദ് പുരാണം ഇതിഹാസം ഇവയിലെലാം ജ്ഞാനം സമ്പാദിച്ചു രണ്ടുവട്ടം ഭാരത്തിലുടനീളം ആസേതു ഹിമാചലം പ്രയാണം നടത്തി വാദ, തർക്ക, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സമാനമായ ആശയങ്ങളെ സനാതനധർമ്മത്തിൽ സമന്വയിപ്പിച്ചു അദ്വൈത വേദാന്ത പ്രചാരണം ആരംഭിച്ചു.
പുരാണ വേദേതിഹാസങ്ങൾക്കെല്ലാം ശങ്കര ഭാഷ്യം അദ്ദേഹം രചിച്ചു, വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി, ബ്രഹ്മസൂത്രം പോലെ ഒട്ടനവധി കൃതികൾ എഴുതി തീർത്തു. അന്നുവരെ നിലനിന്നിരുന്ന യാഥാസ്ഥിക ഹിന്ദു സംസ്കാരത്തെ തന്റെ അദ്വൈതവേദാന്തം കൊണ്ട് പരിഷ്കരിച്ചു പുനരുദ്ധാരണം നടത്തി. നദികൾ പലതായി ഒഴുകി സമുദ്രത്തിൽ ലയിക്കുന്ന പോലെ സകലപ്രപഞ്ചവും നിർഗുണ പരബ്രഹ്മം എന്ന ഏക സത്യത്തിൽ ലയിക്കുന്നു എന്നദ്ദേഹം പഠിപ്പിച്ചു. അന്നത്തെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം ആചാര്യർക്കു എതിരായിരുന്നുവെങ്കിലും തന്റെ ആശയങ്ങളുടെ ശക്തി കൊണ്ടും വാദപ്രതിവാദത്തിലുള്ള തന്റെ അസാമാന്യമായ കഴിവ് കൊണ്ടും അവരെയെല്ലാരെയും തന്റെ പാതയിലേക്ക് കൊണ്ട് വരാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ബദ്രി പഞ്ചകേദാരം ദ്വാരക പുരി എന്നിവടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഭാരതത്തിന്റെ നാല് ദിക്കില്ലായി ചതുർവേദങ്ങൾക്കു സാക്ഷിയായി പുരി, ശൃംഗേരി, ജോഷിമത്, ദ്വാരക എന്നിവടങ്ങളിൽ മഠങ്ങളും സ്ഥാപിച്ചു ഭാരതത്തിനു അദ്വൈത വേദാന്തം പകർന്നു നൽകി. ഒടുവിൽ ആ ദീപം കേദാർനാഥിൽ ആരും നടന്നെത്താത്ത ഹിമാലയ സാനുക്കളിലെവിടെയോ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയുമായി.
ഗുരുവിനു ശേഷം തോടകാചാര്യർ, പദ്മപാദർ, ഹസ്താമലകാചാര്യ, സുരേശ്വരാചാര്യർ തുടങ്ങിയ ശിഷ്യ പ്രമുഖർ അദ്ദേഹം ബാക്കി വെച്ച അദ്വൈത വേദാന്ത പ്രചാരണം ഏറ്റെടുത്തു അതു ഇന്നും തുടരുന്നു .
ഭജഗോവിന്ദം എന്ന ഒറ്റ കൃതി വായിച്ചാൽ മാത്രം മതി ബുദ്ധൻ അന്വേഷിച്ചു കണ്ടെത്തിയ അതെ സത്യങ്ങളും സിദ്ധാന്തവും തന്നെയാണ് ആചാര്യർ അന്വേഷിച്ചതെന്നും മനസ്സിലാക്കാം. പാത രണ്ടായിരുന്നുവെങ്കിലും തത്വത്തിൽ ബുദ്ധനും ശങ്കരനും തിരഞ്ഞ തത്വം ഒന്നു തന്നെ "അദ്വൈതം".
കെ വി വിഷ്ണു,
15/10/2020