കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ തണലേകിയ എന്റെ മുത്തശ്ശൻ മാവ് ഉണങ്ങിയിരിക്കുന്നു. മഴ തുടങ്ങിയിട്ടും എന്താ തളിർക്കാതെ ഇങ്ങനെ നിൽക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോഴാണമ്മപറഞ്ഞത്, അതിനി തളിർക്കില്ല കായ്ക്കുയുമില്ലെന്ന് . മഴ മുഴുവൻ നനഞ്ഞു നിൽക്കുന്ന മുത്തശ്ശൻമ്മാവിൻ്റെ മൃതശരീരം ഇറയത്തു കൂടെ നോക്കിയപ്പോൾ എനിയ്ക്ക് കാണാമായിരുന്നു ! ഏറെ നന്മകളേകി ഒടുവിൽ ദേഹത്തെ വിട്ടു ദേഹി വിടവാങ്ങിയപ്പോൾ "വീണുടയാൻ വയ്യെനിക്കീ ഭൂവിൽ മതിയായില്ല ജന്മ"മെന്നകണക്ക് നിൽപ്പാണത്.
എഴുപത്തിയഞ്ചു വര്ഷം മുൻപ് വീടും പറമ്പും മുത്തശ്ശൻ വാങ്ങുമ്പോൾ തൊട്ടേ ഇദ്ദേഹം തറവാട്ടിലെ ഒരംഗമായിരുന്നു . അന്ന് തന്നെ ഏതാണ്ട് 25 - 30 വയസ്സ് കാണും അയാൾക്ക് . എൻ്റെ ഇരുപത്തിയഞ്ചു വർഷത്തെ ഓർമകളുടെ ഏടിൽ നിറഞ്ഞ് നിൽപ്പുണ്ട് മൂപ്പിലാൻ.അങ്ങനെ ഉള്ള അദ്ദേഹമിന്നു വെറും അസ്ഥിപഞ്ജരമായി നില്ലുന്നു സ്വയം ചിതയൊരുക്കി അടുപ്പിൽ നിറയുന്ന കാഴ്ചയും നിറമിഴിയോടെ ഞാൻ കണ്ടു.ഏകദേശം ആറേഴു കൊല്ലം മുൻപ് വരെയും യൗവനത്തിന്റെ തിളക്കം ഉണ്ടായിരുന്നു മുത്തശ്ശൻ മാവിന് ! മുത്തശ്ശൻ മാവിലെ മാങ്ങക്കു വലിയ മധുരം ഇല്ലാത്തതിനാൽ മുഴുവനും മുത്തശ്ശന്റെ കൊമ്പുകളിൽ തന്നെ നിക്കുമായിരുന്നു. ഇളം മഞ്ഞ നിറം വന്നു ചേരുമ്പോൾ അണ്ണാനും കാക്കയും തത്തമ്മയും (ഇവരെ മാത്രേ ഞാൻ കണ്ടിട്ടുള്ളു) വന്നിരുന്നു പയ്യെ തല കീഴായി ഞെട്ടിയിൽ അള്ളിപിടിച്ചിരുന്നു ചുരണ്ടിയും കൊത്തിയുമൊക്കെ തിന്നുമായിരുന്നു .വല്ലപ്പോഴും പഴുത്തു വീഴുമ്പോൾ ഞാനും രുചിച്ചു നോക്കുമായിരുന്നു.
അമ്മയുടെയും വല്ല്യമ്മമാരുടെയും ഓർമകളിൽ തൊടിയിൽ ഇല്ലാത്ത ഫലങ്ങളോ പച്ചക്കറികളോ ഇല്ലായിരുന്നുവത്രേ. കടയിൽ നിന്നും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിരളം.എരുമയും പശുക്കളും ഉൾപ്പടെ പത്തോളം കാലികൾ, തൊഴുത്തിന്റെ പിന്നിൽ മുഴുവൻ കപ്പ , മറ്റു സ്ഥലങ്ങളിൽ മുളക് തക്കാളി പാവൽ വെണ്ട വഴുതനങ്ങ വാഴ അമരക്ക പടവലം തുടങ്ങി പച്ചക്കറികൾ.പാടത്തെ വരമ്പ് മുഴൂവൻ പയറും വെണ്ടയും ഇടവിട്ട് തെങ്ങും.തവളക്കണ്ണനും മട്ടയുമടക്കം ഏഴെട്ടു ഏക്കറിൽ നെൽകൃഷിയും.
അക്കൂട്ടത്തിൽ ആയിരുന്നു മുത്തശ്ശൻ മാവും, നീലി എന്ന ജാതിയിൽ പെട്ടതാണെന്ന് 'അമ്മ പറയും. പണ്ട് അവർക്കൊക്കെ നല്ല കൽക്കണ്ടം പോലത്തെ മാങ്ങ കഴിക്കാൻ കിട്ടാറുണ്ടത്രെ ! പക്ഷെ എന്റെ ഓർമയിൽ ആ മാങ്ങ അച്ചാറിടാൻ മാത്രേ എടുത്തു കണ്ടിട്ടുള്ളു . വലിയൊരു തൊടി മുഴുവൻ മുത്തശ്ശൻ വിരിഞ്ഞു കുട പിടിച്ചു നിൽക്കും. കിളികൾക്കും അണ്ണാന്മാർക്കും ഭക്ഷണമായും വീടായും, ഞങ്ങൾക്ക് മുഴുവൻ തണലേകിയും മുത്തശ്ശൻ ഇത്രകാലം ആ തൊടിയുടെ രക്ഷിതാവായി നിന്നു. പിന്നീട് എപ്പോഴോ കാൻസർ കണക്കെ ഇത്തിളുകൾ മുത്തശ്ശന്റെ മേൽ വന്നു താമസം തുടങ്ങി എത്ര വട്ടം വെട്ടി കളഞ്ഞിട്ടും അവർ വീണ്ടും വീണ്ടും വന്നു !
അവരെയും മുത്തശ്ശൻ കൈ വിട്ടില്ല തന്റെ പ്രാണൻ വരെ ഊട്ടി, ആദ്യം പോയതു ഞങ്ങൾ കുട്ടികൾക്ക് ഊഞ്ഞാലിടാൻ താഴത്തു നീണ്ടു നിന്നിരുന്ന ആ കൊമ്പായിരുന്നു ! പയ്യെ പയ്യെ കിളികൾക്കു പോലും കായ് നല്കാനാവാത്ത അവസ്ഥയിലേക്ക് വന്നു ചേർന്നു .രണ്ടു വർഷം മുൻപ് തീർത്തും ശോഷിച്ചു തുടങ്ങി , കഴിഞ്ഞ കൊല്ലം ഒരില പോലും മുളക്കാത്ത ഉണക്ക മരമായി മുത്തശ്ശൻ മാറിയതിനും ഞാൻ സാക്ഷിയായി ! മുത്തശ്ശന്റെ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുൻപ് ആ ജീവൻ ഊറ്റി വളർന്ന ഇത്തിളുകൾ മരിച്ചു വീണു . ഞങ്ങൾക്ക് ഊഞ്ഞാലു കെട്ടാൻ തന്നിരുന്ന ആ മുറിഞ്ഞ കയ്യിലെ മുറിപ്പാടിനുള്ളിലൂടെ ചിതലുകൾ മുത്തശ്ശനെ ഭക്ഷണമാക്കി തുടങ്ങി ! പ്രാണൻ നഷ്ടപ്പെട്ടിട്ടും ചിതലുകൾക്കു പോലും ഉപകാരമായി തീർന്നു ആ പുണ്യ ജന്മം.ഇനി തത്തകളോ അണ്ണയോ ഒന്നും ഈ തൊടിയിലേക്കു വരില്ല , കാരണം അവരുടെ അസ്തിത്വം ആണ് അന്ത്യ ശ്വാസം വലിച്ചു നിൽക്കുന്നതു.
എന്റെ ഈ മുത്തശ്ശൻ മാവു എനിക്കൊരു പാഠമാണ് മഹത്തായൊരു ജീവിതപാഠം, അവസാന ശ്വാസവും ആർക്കോ വേണ്ടി ദാനമായി നൽകിയ ഒരു മഹത്തായ ജീവിത പാഠം , ഞാൻ ഉൾപ്പെടുന്ന മനുഷ്യ സമൂഹം ഈ മാവിൽ വന്ന ഇത്തിൾ പോലെ ഈ ഭൂമിയുടെ ജീവനുറ്റി ജീവിക്കുന്നു , എന്നാൽ ഓർക്കുന്നില്ല മാവ് ഉണങ്ങുന്നതിനു മുൻപ് മരിച്ചു വീണ ആ ഇത്തിളിന്റെ കാര്യം ! അതെ അന്ത്യം തന്നെയാണ് എന്നെയും നമ്മളെയും കാത്തിരിക്കുന്നതും ! മുത്തശ്ശൻ മാവ് ഇരുന്ന ആ വിടവ് നികത്താൻ ആർക്കും കഴിയില്ല കാരണം അതൊരു മരം മാത്രമല്ല , അതെന്റെ ബാല്യമാണ് !
പക്ഷെ അവിടെ ഞാൻ ഒരു മരം കൂടെ ഞാൻ വെക്കും വീണ്ടും അണ്ണാറക്കണ്ണനും തത്തമ്മയും കാക്കയും ഒക്കെ വന്നിരിക്കാൻ അവർക്കു കഴിക്കാൻ അതിൽ ഫലങ്ങൾ ഉണ്ടാവും ! വീണ്ടും ഈ തറവാട്ടിലെ തൊടിയിൽ തണൽ വിരിച്ചു നിൽക്കും ഒരു മരം, കാണാൻ ഉണ്ടാവുമോ എന്നറിയില്ല പക്ഷെ എന്റെ അവസാന ദിവസവും അതിനു ഞാൻ വെള്ളം നൽകും ! കാരണം അത് എന്റെ ജീവൻ തന്നെയാണ് , മുത്തശ്ശൻ മാവെന്നേ പഠിപ്പിച്ച പാഠം !
Kv Vishnu
12/10/2019
😍😍😍
ReplyDeletethanks for reading and the like ❤
Delete