Saturday, 29 September 2018

Waahhh Taj !

ഒരു വർഷത്തെ കാത്തിരിപ്പിനു അറുതി വരുത്തി കൊണ്ട് ആണ്  ആ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള ആദ്യ കാൽ വയ്പുമായി ആ ദിവസം പിറന്നത്. ഹിമാലയൻ താഴ്വരയിലേക്ക് ഒരു യാത്ര, അതും ഡാകിനി മാരുടെ ഭൂമിയായ  സ്പിതി ലാഹോൾ താഴ്വരയിലേക്കു . ഒരു വർഷത്തെ അന്വേഷണങ്ങൾ, വായനകൾ എല്ലാം ഈ യാത്രയെ കുറിച്ചായിരുന്നു ചില ദിവസങ്ങളിൽ  ഉറക്കം പോലും നഷ്ടപ്പെടുത്തി എന്നെ വിളിച്ചു കൊണ്ടിരുന്നു ഈ മനോഹര ഭൂമി . ആഗസ്ത് 4 യാത്ര പുറപ്പെടേണ്ട തിയതിയായി  തീരുമാനിച്ചു, ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് വരെ വല്യ മെല്ലെ ആല്ലാതെ ഓടി കൊണ്ടിരുന്നു രാപകലുകൾ ഒച്ചുകളോട് മത്സരിക്കും വിധം മെല്ലെ പോക്ക് തുടങ്ങി.

ഡൽഹിയിലേക്ക്  പോകാനായി പാലക്കാട് സ്റ്റേഷൻ എത്തുന്ന വരെയും സ്പിറ്റി താഴ്വര മാത്രമായിരുന്നു മനസ്സിലും മുഴുവൻ . സ്റ്റേഷനിൽ എത്തി ട്രെയിൻ കാത്തിരിക്കുന്നതിനിടയിൽ ആണ് ഈ യാത്രയിൽ എന്റെ സഹ യാത്രികനും സുഹൃത്തും ആയ ശരത്തിന്റെ സന്ദേശം വരുന്നത് എന്നോട്  നിസാമുദിനിൽ  ഇറങ്ങേണ്ട എന്നും അവൻ ഡൽഹിയിൽ ഇല്ല കുടുംബ സമേതം ആഗ്ര സന്ദർശനത്തിൽ ആണെന്നും അതിനാൽ എന്നോടും ആഗ്രയിൽ ഇറങ്ങി അവന്റെ കുടുംബത്തെ നാട്ടിലേക്കു തിരിച്ചു അയച്ച ശേഷം നമ്മുടെ യാത്ര തുടങ്ങാം എന്നും പറഞ്ഞു . താജ് മഹൽ ആഗ്ര ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പേരുകൾ ആണെങ്കിലും എനിക്ക് താല്പര്യം തോന്നിയിരുന്നില്ല പിന്നെ ഡൽഹിയിൽ പോയിട്ട് അവൻ സ്ഥലത്തില്ലാതെ എനിക്ക് വേറെ പരിപാടിയും ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ആഗ്രയിൽ തന്നെ പോകാം എന്ന് തീരുമാനിച്ചു.

ആഗ്ര ഫോർട്ടിന്റെ പുറത്തു നിന്നും 

ആഗ്ര നല്ല വൃത്തിയുള്ള സ്റ്റേഷൻ ആ വൃത്തി പക്ഷെ അവിടം കൊണ്ട് തീർന്നു അന്തരീക്ഷ മലിനീകരണം ജല മലിനീകരണം തുടങ്ങി നാശത്തിലേക്കുള്ള യാത്രയിൽ  മത്സരിക്കുന്ന അഗ്രയാണ് പുറത്തു അന്തരീക്ഷ മലിനീകരണം കാരണം ഇവിടെ സൂര്യാസ്തമനവും ഉദയവും 90 ശതമാനം ദിവസങ്ങളിലും കാണുവാൻ സാധ്യമല്ല. ഏഴ് മാണി എട്ടു മാണി കഴിയുമ്പോൾ പുകപടലങ്ങൾക്കു പിന്നിൽ ഒരു വെള്ളി നാണയം പോലെ ആദിത്യനെ കാണുമ്പോൾ മനസിലാവും വായു മലിനീകരണത്തിന്റെ തോത് ഏതളവിൽ വർധിച്ചിരിക്കുന്നു എന്ന്.

DIWAN - I - AM 

അറിയാത്ത സ്ഥലത്തു കുറച്ചു നേരത്തേക്ക് ഒറ്റപെട്ടു പോവുക അങ്ങനൊരു സന്ദർഭം വന്നു ചേർന്നു ഈ യാത്രയിൽ ആഗ്രയിൽ വരാൻ പറഞ്ഞപ്പോൾ അവനോടു എവിടെ വരണം എന്ന് ചോദിക്കാൻ ഞാനും അഡ്രസ് പറയാൻ അവനും മറന്നു. സ്റ്റേഷനിൽ ഇറങ്ങി കുറെ നേരം ഫോണിൽ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല അവസാനം സ്റ്റേഷനിൽ തന്നെ ഇരിക്കാം അവൻ വിളിക്കട്ടെ എന്ന് ചിന്തിച്ചു ഇരുപ്പു ആരംഭിച്ചു, എങ്കിലും ഇടയ്ക്കു ഞാൻ ട്രൈ ചെയ്തു കൊണ്ടേ ഇരുന്നു ഫോണിൽ അവസാനം ഫോൺ എടുത്തു അങ്ങേ തലക്കൽ ഹിന്ദി ആദ്യം നമ്പർ മാറിയോ എന്ന് തോന്നിയെങ്കിലും  തുടർന്ന് സംസാരിച്ചപ്പോൾ എന്റെ സുഹൃത്ത് താമസിക്കുന്ന ഹോട്ടലിന്റെ റിസപ്‌ഷൻ ആണ് അത് അവൻ പുറത്തേക്കു പോയപ്പോൾ ഫോൺ അവിടെ മറന്നു വെച്ച് പോയിരുന്നു . എന്തായാലും അവരോടു  അഡ്രെസ്സ് ചോദിച്ചു മനസിലാക്കി അവൻ വരുന്നതിനു മുന്നേ അവിടെ ചെന്ന് ഞാനും റൂം എടുത്തു അവനെയും കാത്തിരിപ്പായി

DIWAN - I - AM 

കിരൺദീപ് എന്ന ഹോട്ടലിൽ ആയിരുന്നു റൂം. 900 രൂപ വാടക ആയി ഒരു ദിവസത്തേക്ക് അറവാണ് എങ്കിലും വേറേ വഴിയില്ലാതെ എടുത്തു. നല്ല ജോലിക്കാരുള്ള ഒരു ഹോട്ടൽ ആയിരുന്നു അത് കുളിക്കാൻ  ആയി വെള്ളം ശേഖരിച്ചു ഒരു മണിക്കൂർ ബക്കറ്റിൽ പൊടി താഴാൻ വെച്ചിട്ടു പിന്നെ നോക്കുമ്പോൾ ഒരു ബക്കറ്റു വെള്ളത്തിൽ കാൽ  ബക്കറ്റു ചെളി,രുചി അതി മനോഹരമായ ഉപ്പു രസവും. ഉപ്പു രസം ക്ഷമിക്കാം കട്ട ചെളി വെള്ളത്തിൽ പക്ഷെ എങ്ങനെ കുളിക്കും എന്തായാലും റിസപ്‌ഷനിൽ  ചെന്ന് കാര്യം പറഞ്ഞു . അദ്ദേഹം വളരെ  വിനയോതോടെ പറഞ്ഞു വേണെങ്കിൽ കുളിച്ച മതി ഇവടെ എല്ലായിടത്തും ഇങ്ങനെ ആണ് . വിജൃംഭിച്ചു പോയി ആ വിനയത്തിനു മുന്നിൽ . പിന്നെ നല്ല തല്ലു നാട്ടിൽ ഉള്ളപ്പോൾ എന്തിനാ വലിടത്തും വന്നു വാങ്ങാൻ പോകുന്നത് റൂം എടുത്തത് എന്റെ തെറ്റായി പോയി എന്ന് മാത്രം പറഞ്ഞു തിരിച്ചുപോയി  ചെളി താഴുന്ന  വരെയും കാത്തിരുന്നു കുളിച്ചു (എന്ന് വരുത്തി).

Inside DIWAN - I - AM 

ആഗ്രയിലെ ആദ്യ യാത്ര ആഗ്ര ഫോർട്ടിലേക്കു ആയിരുന്നു ചെങ്കൽ നിറമുള്ള കോട്ട ബാബർന്റെ കാലം തൊട്ടു ഔറാങ്ഗസേബ് വരെയും ഈ കോട്ടയിൽ താമസിച്ചായിരുന്നു  ഭരണം നടത്തി പോന്നിരുന്നത് മുഗൾ രാജ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു ആഗ്ര .ഇബ്രാഹിം ലോധിയിൽ നിന്നും ആദ്യം ബാബറും പിന്നീട് ഹുമയൂണിനെ തോൽപ്പിച്ചു ഷേർ ഷാ സൂരിയും കോട്ടയും ആഗ്രയും കൈവശപെടുത്തിയെങ്കിലും   അക്ബർ വീണ്ടും അത് തിരിച്ചു പിടിച്ചു ഏതൊരു പുരാതന കൊട്ടകളെയും പോലെ ഇതിലും അന്നത്തെ കര കൗശലത വിളിച്ചു പറയുന്ന നിർമാണം തന്നെയാണ്.
ഉള്ളിലേക്ക് കടക്കാൻ ടിക്കറ്റ് എടുക്കണം ആദ്യം ചെങ്കൽ നിറമുള്ള കോട്ട വാതിൽ കടന്ന് പോകുന്നത് വിശാലമായ അങ്കത്തിലേക്കാണ്  മനോഹരമായ പുൽ തകിടികളും നല്ല നട പാതകളും ഉള്ള ഒരു അങ്കണം. പുറമെയുള്ള ബഹളങ്ങളിൽ നിന്നും സൗമ്യമായ ഒരു അന്തരീക്ഷം ആണ് എന്നെ സ്വീകരിച്ചത് . ഞങ്ങൾ പോയത് ഓഫ് സീസൺ സമയം ആയതു കൊണ്ട് തന്നെ തിരക്ക് നന്നേ കുറവായിരുന്നു .

മയൂര സിംഹാസനം വച്ചിരുന്ന തക്ത് ഇ ജഹന്ഗീർ 

ഗെയിഡുമാരുടെ സേവനം തരാം  200 300 500 എന്നിങ്ങനെ പറഞ്ഞു വിടാതെ പിന്നാലെ വരും. പക്ഷെ ഒരു ശരാശരി മലയാളി ആയ എന്നോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ വിക്കിപീഡിയ ഉണ്ട് ഞാൻ വായിച്ചു പടിച്ചോളാം തത്കാലം സേവനം ആവശ്യമില്ല എന്ന് പറഞ്ഞു വിട്ടു ഒറ്റയ്ക്ക് കറക്കം ആരംഭിച്ചു . അറിയാത്ത സ്ഥലം വരുമ്പോൾ കുറെ നേരം ചുറ്റി പറ്റി നിക്കും അപ്പഴേക്കും ആരെങ്കിലും ഒക്കെ ഗയിഡിനെയും കൊണ്ട് അവിടെ എത്തും നമ്മൾ അവടെ നിന്ന് കഥയും കേക്കും . സംഗതി എന്തായാലും ക്ലിക്ക് ആയി ഫ്രീ ആയിട്ട് കുറേ കഥകൾ കേട്ട് നടന്നു . ചില കഥകൾ കേട്ടാൽ ഇവർ ഷാജഹാന്റെ വലതു ഭാഗത്തു നിന്ന് മുഴുവൻ കണ്ട പോലെയാണ് പറച്ചിൽ. അത് കേട്ട് ആളുകളും ഉവ്വോ എന്ന രീതിയിൽ തലയാട്ടും. എല്ലാ ചരിത്രത്തിലും കൊറച്ചു എക്സാജറേഷന് ഉണ്ടാവും എന്തായാലും  ഫ്രീ ആണല്ലോ  എന്ന് വിചാരിച്ചു കഥയും കേട്ട് ഞാനും നടന്നു കൂടെ.


Diwan - E - Khas 

കോട്ടക്ക് അകത്തു അങ്കണത്തില് നമുക്ക് ആദ്യം ദൃശ്യമാകുന്നത് അക്ബറിന്റെ പൊതു ജന ദർബാർ (DIWAN - I - AM ) ആണ് അക്ബർ പണി കഴിപ്പിച്ചതാണത്രേ . കണ്ടപ്പോൾ ആണ് ഓർമ്മ  വന്നത് ഈ സ്ഥലം മുൻപ് എവിടയോ കണ്ടിട്ടുണ്ട് , അതെ ജോധാ അക്ബർ എന്ന സിനിമയിൽ അക്ബർ ഇരിക്കുന്ന ദർബാർ തന്നെയാണ് ഇത് അങ്ങനെ ആണെങ്കിൽ അതിനു ചുവട്ടിലെ വെള്ള മാർബിളിന്റെ സിംഹാസന പീഠത്തിൽ തന്നെ ആയിരിക്കണം ആ മഹാനായ ചക്രവർത്തി ഇരുന്നു ഭരിച്ചിരിക്കുക . മുഗൾ വംശത്തിൽ അക്ബറിനോട് വല്ലാത്തൊരു പ്രണയവും ഉണ്ട് എനിക്ക് അത് കൊണ്ട് തന്നെ ആ സ്ഥലം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു .

Taj View From Agra Fort

അവിടെ നിന്നും മുകളിലേക്ക് ഗോവണി പടികൾ പോകുന്നുണ്ട് അക്ബറിന്റെ പുത്രനായ സലിം എന്ന ജഹന്ഗീർന്റെ ദർബാർ മുകളിൽ ആണ് ഇംഗ്ലീഷുകാർ അടിച്ചു മാറ്റി കൊണ്ട് പോയ (ഹിമാലയം വരെ പൊക്കി കൊണ്ട് പോകാൻ കഴിയുന്നതായിരുന്നെങ്കിൽ അത് വരെ പഹയന്മാര് അടിച്ചോണ്ടു പോയേനെ) മയൂര സിംഹാസനം സ്ഥിതി ചെയ്തിരുന്ന ആ വെണ്ണക്കൽ സൗധം. അവിടെ  നിന്നാൽ താഴെ വിശാലമായ പുല്തകിടികൾ ഉള്ള ഒരു  അങ്കണം അഥവാ വലിയൊരു നടു മുറ്റം കാണാം . ജഹന്ഗീർ ചക്രവർത്തി ഏതോ കരിമ്പ് കച്ചവടകാരിയുമായി നടത്തിയ വാദ പ്രതിവാദങ്ങളുടെ മിനിട്ട്സ് ഓഫ് ദി മീറ്റിംഗുമായി  പറഞ്ഞു ആരുടെയോ ഗയിഡ്  അങ്ങോട്ട് വന്നു എന്റെ ആസ്വാദനത്തെ അലോസരപ്പെടുത്തിയപ്പോൾ ഞാൻ മാറി നടന്നു.

Shah - Burj

ഷാഹ്‌ജഹാൻ ചക്രവർത്തിക്കു പ്രാര്ഥിക്കുവാനായി പണി കഴിപ്പിച്ച മീന മസ്ജിദ് പിന്നെ വെണ്ണ കല്ലിൽ തീർത്ത അതി മനോഹരമായ നാഗിൻ മസ്ജിദ് ഇതിനു പുറമെ നല്ലവനായ ഔറാങ്ഗാസീബ് സ്വന്തം ഡാഡി ആയ ഷാജഹാനെ ബന്ദിയാക്കിയ ഷാഹ് ബുർജ് ഒക്കെ കണ്ടു കൂടെ മനോഹരമായ ജഹാൻഗിറിന്റെ മയൂര സിംഹാസനം പ്രതിഷ്ഠിച്ചിരുന്ന തക്ത് ഇ ജഹന്ഗീർ അദ്ദേഹത്തിന്റെ ദര്ബാറിന്റെ സമീപത്തായി കണ്ടു . ഇതിനകത്തെ കാഴ്ചകൾ എല്ലാം തന്നെ മുഗൾ വാസ്തുകലയുടെ മനോഹരമായ സ്മാരകങ്ങൾ ആണെങ്കിലും അവിടുന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്‌ച മറ്റൊന്നായിരുന്നു .


 താജ് മഹൽ യമുനയുടെ തീരത്തു തല ഉയർത്തി നിൽക്കുന്നു, യമുന അഭിനവ കാളിയന്മാരാൽ മലീമസയായി വീണ്ടും മാറിയെങ്കിലും വിസ്താരമായി പരന്നു ഒഴുകുന്ന പുഴയുടെ തീരത്തു ദൂരെ ഒരു കുഞ്ഞു പോലെ കാണുന്ന താജ് മഹൽ അതിമനോഹരമായി തോന്നി . താജ് മഹൽ പിന്നീട് അടുത്ത് പോയി കണ്ടെങ്കിലും ഇവടെ വെച്ച് കണ്ട ആ സൗന്ദര്യം പിന്നീട് താജ് കണ്ടപ്പോൾ തോന്നിയില്ല . ഷാഹ് ബുർജിൽ നിന്നും നോക്കിയാൽ കാണുന്നതും ഈ കാഴ്ച ആണ് ഷാഹ്‌ജഹാൻ തന്റെ പ്രിയ പത്‌നി ആയ മുംതാസിനെ ഇവടെ ഇരുന്നാണ് മരണം വരെയും കണ്ടു കൊണ്ടിരുന്നത് . പിന്നീട് ഷാജഹാന്റെ മരണ ശേഷം മൃത ശരീരം ഒരു തോണിയിൽ യമുനയിലൂടെ താജിൽ എത്തിക്കുകയായിരുന്നു. ജയിലിലിട്ടെങ്കിലും  മുംതാസിന്റെ ഓർമകളിൽ ജീവിക്കാൻ സൗകര്യം ചെയ്തു കൊടുത്തലോ എന്നാലോചിച്ചു ഔരംഗസേബിനോട് ആ ഒരു കാര്യത്തിൽ നന്ദി പറയാം എന്ന് തോന്നി  .



ഒരു ദിവസം മുഴുവനും കാണാൻ കുറെ ഏറെ  കാര്യങ്ങൾ ഉണ്ടെങ്കിലും ഞാൻ താജിനേയും നോക്കി കൊണ്ട് തന്നെ നിന്ന് കുറെ കഴിഞ്ഞപ്പോൾ മൊബൈൽ റിംഗ് എന്നെ ശല്യപ്പെടുത്തി കൊണ്ട് വന്നു ശരത് ആയിരുന്നു അപ്പോഴാണ് ഞാനും സമയം നോക്കുന്നത് ആ ഭംഗിയിൽ  ലയിച്ചു നിന്നു പോയ എന്നെ കാണാതെയും വിളിച്ചിട്ടു കിട്ടാതെയും ആയപ്പോൾ അവര് തിരിച്ചു ഹോട്ടലിലേക്ക് പോയി ഉച്ചക്ക് അവന്റെ അമ്മയും മറ്റുള്ളവരും തിരിച്ചു പോവുകയാണ് ഉച്ചക്കാണ് ട്രെയിൻ അത് കൊണ്ട് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യണം പെട്ടെന്ന് വാ എന്ന് പറഞ്ഞു വിളിച്ചു . നേരെ വിട്ടു ഒരു ഓട്ടോയിൽ കേറി യാത്ര തുടങ്ങിയ ശേഷം ആണ് പൈസ പറഞ്ഞു ഉറപ്പിക്കാൻ മറന്ന കാര്യം ഓർമ്മ വന്നത് . പിന്നെ കരുതി പോട്ടെ രണ്ടു വൃദ്ധന്മാരാണ് ഇനിയിപ്പോ 6 കി മി പോകുവാനുള്ളു പാവങ്ങള് 100 ചോയ്ച്ചാലും കൊടുത്തേക്കാം എന്ന് കരുതി പിന്നെ ഒന്നും പറഞ്ഞില്ല .
പക്ഷെ വയസ്സ് ഒരു മാനദണ്ഡമല്ല ആർത്തി ഉത്തരേന്ത്യൻ ആട്ടോ കാരന്റെ തന്നെ ആയിരുന്നു ഹോട്ടൽ എത്തിയപ്പോൾ 350 രൂപ വേണം പോലും ! ഒരു നിവർത്തിയും ഉണ്ടെങ്കിൽ ഓട്ടോയിൽ കേറരുത് മറിച്ചു കേറുന്നു എങ്കിൽ ആദ്യമേ വാടക പറഞ്ഞു ഉറപ്പിച്ചു വേണം കേറാൻ എന്ന് അതോടെ പഠിച്ചു .


എന്തായാലും അവര് സംഭവം ഉത്തരേന്ത്യൻ ആട്ടോക്കാർ ആയിരിക്കും ഞാൻ പക്ഷെ നല്ല അസൽ മലയാളി ആണെന്ന് തെളിയിച്ചു350 അവര് പറഞ്ഞപ്പോ ഞാൻ ആദ്യമേ താഴ്ത്തി 35 രൂപ തരും എന്നു  ആദ്യം കൊടുക്കാം എന്ന് വിചാരിച്ച 100 പോലും ഞാൻ തരില്ല എന്ന് തർക്കിച്ചു അവസാനം അപ്പൂപ്പന്മാര് 50 എങ്കിലും തന്നാലെ പറ്റു  എന്ന് പറഞ്ഞു പിന്നെ പോട്ടെ എന്ന് കരുതി അതിനു സമ്മതിച്ചു . ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു  ഇറങ്ങുമ്പോൾ എന്നെ ചെളി വെള്ളത്തിൽ കുളിപ്പിച്ച ആ നല്ലവനായ  ഹോട്ടലുകാരൻ ടിപ്പിന് വേണ്ടി അഞ്ചു പ്രാവശ്യം നമസ്‌കാർ നമസ്കാർ പറഞ്ഞു ഞാനും തിരിച്ചു അത്രയും പ്രാവശ്യം നമസ്കാർ പറഞ്ഞു അവസാനം ഗതികെട്ട് ടിപ്പ് ചോയ്ച്ചു . ഞാൻ കൊറച്ചും കൂടെ വല്യ നമസ്കാരം വെച്ച്  തരൂല എന്ന് പറഞ്ഞു അവിടന്നു ഇറങ്ങി നേരെ റെയിൽവേ സ്റ്റഷനിലേക്കു എല്ലാരും കൂടെ തിരിച്ചു അവരെ അവിടുന്ന് യാത്രയാക്കിയ  ശേഷം ഞങ്ങൾ തിരിച്ചു . എന്തായാലും ആഗ്രയിൽ വന്നതല്ലേ താജ് മഹൽ കൂടെ സന്ദർശിച്ചു പിന്നെ ഡൽഹിയിലേക്ക് പോകാം എന്ന് പറഞ്ഞു ഞങ്ങൾ വീണ്ടും വേറെ ഒരു ഹോട്ടൽ അന്വേഷിച്ചു പുറപ്പെട്ടു .


ഞങ്ങളെ സ്റ്റേഷനിൽ ഇറക്കി വിട്ട ഒരു ആട്ടോ അപ്പൂപ്പൻ ഞങ്ങൾ തിരിച്ചു പോകുമ്പോൾ സ്റ്റേഷന്റെ വെളിയിൽ നില്പുണ്ടായിരുന്നു ഞങ്ങൾ കാര്യം പറഞ്ഞു താജ് മഹൽ കാണണം അതിനടുത്തു വല്ല മുറിയും വേണം അധിക വാടകയും അരുതു അങ്ങേരു ഓക്കേ അടിച്ചു ആദ്യത്തെ കണക്കു ഒരു ഹോട്ടൽ ആണ് ഞങ്ങൾ പ്രതീക്ഷിച്ചു പോയതെങ്കിലും "ഹോട്ടൽ ഷാഹ്‌ജഹാൻ " എന്ന നല്ല മനോഹരമായ ഹോട്ടൽ ആണ് കിട്ടിയത് വാടക ആകെ 700 രൂപ ആയുള്ളൂ നല്ല വൃത്തിയുള്ള ഡബിൾ ബെഡ്‌റൂം കിട്ടി മുകളിൽ ഇരുന്നു നോക്കിയാൽ താജ് കാണാം 250 മീറ്റർ നടന്ന താജ് മഹൽ എത്താം അങ്ങനെ എല്ലാം കൊണ്ടും നല്ല മുറി പക്ഷെ ഇത്ര ചുരുങ്ങിയ കാശിനു കിട്ടാൻ കാരണം ഇത് ഓഫ് സീസൺ ആണ് അത് കൊണ്ട് മാത്രം ആണ്. എന്റെ അഭിപ്രായത്തിൽ ഓഫ് സീസൺ ആണ് സമാധാനമായി യാത്ര ചെയ്യാനുള്ള സമയം . വൈകുന്നേരം കുളിച്ചു ഫ്രഷ് ആയി താജ് കാണാൻ ഞങ്ങൾ പുറപ്പെട്ടു .


മുഗൾ വാസ്തു വിദ്യയുടെ മകുടോദാഹരണം തന്നെയാണ് താജ് ഒരു  വെണ്ണക്കൽ അത്ഭുതം,തിരക്കില്ലാഞ്ഞത് കാരണം താജിന് ചുറ്റും ഫോട്ടോസ് എടുത്തും വിസ്തരിച്ചു അതിന്റെ ഭംഗി ആസ്വദിച്ചും ഞങ്ങൾ നടന്നു,താജിനെ പറ്റി  കേട്ട കഥകൾ എല്ലാം സ്മരിച്ചു അങ്ങനെ നടന്നു. താജിന്റെ അങ്കണത്തിൽ കടക്കുന്നതിനു മുന്നേ ഷൂ കവർ ധരിക്കണം പത്തു രൂപ കൊടുത്തു കവർ വാങ്ങി കാലിൽ ഇട്ടു അകത്തേക്ക് കടന്നു ഒരു റാന്തൽ വെട്ടം മാത്രം ഉള്ള താജിന്റെ അകത്തേക്ക് അവിടെ രണ്ടു ഖബറുകൾ മുകളിൽ ആയി ഷാഹ്‌ജഹാനും തൊട്ടു അടുത്ത് കുറച്ചു താഴെ ആയി മുംതാസും. മരണം പോലും വേർപിരിക്കാഞ്ഞ  പ്രണയം ഇപ്പോഴും  അതിനുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു നിശബ്ദമാണ് അതിനകം . മുൻപ് അടിയിലുള്ള അവരുടെ ഖബറിനടുത്തു വരെ ആളുകളെ വിട്ടിരുന്നു എങ്കിലും ഇപ്പൊ അടിയിലേക്കുള്ള കവാടം അടച്ചിരിക്കുകയാണ് മുകളിൽ ഉള്ള ഖബറിന്റെ രൂപം മാത്രമേ നമുക്ക് കാണുവാൻ കഴിയു.


ഷാഹ്‌ജഹാന്റെയും മുംതാസിന്റെയും അവരുടെ നിത്യ പ്രണയത്തിനും മുന്നിൽ മുട്ട് മടക്കി ഇരുന്നു നമസ്ക്കരിച്ചു ശേഷം  ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു യാത്ര ആയി . പിറ്റേന്ന് കാലത്തു ഡൽഹിക്കു തിരിക്കാം എന്ന് തീരുമാനിച്ചു തിരിച്ചു പോരുമ്പോൾ ഒരു ആഗ്രഹം "കളമൊഴിയെ" എന്ന പാട്ടിലെ ഒരു സീൻ ഉണ്ട് ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പും  ബാക് ഡ്രോപ്പിൽ താജ് പിന്നെ ഒരു കട്ടനും കേൾക്കണ്ട താമസം ശരത് പറഞ്ഞു നമ്മക്ക് വഴിയുണ്ടാക്കാം അങ്ങനെ ഞങ്ങൾ റൂഫ് ടോപ് തപ്പി തെരുവുകളിലൂടെ അലഞ്ഞു .പല സ്ഥലത്തും സുരക്ഷാ കാരണങ്ങൾ കാരണം റൂഫ് ടോപ് തുറക്കാൻ പാടില്ല എന്ന് കർശന നിയമം ഉണ്ട് . അവസാനം വല്യ മോശമല്ലാത്ത രീതിയിൽ താജ് കാണാൻ കഴിയുന്ന ഹോട്ടൽ ഞങ്ങൾ കണ്ടെത്തി . രാത്രി അവിടുന്ന് തന്നെ നല്ല രുചിയുള്ള ചപ്പാത്തിയും കോഴിക്കറിയും കഴിച്ചു . എന്നിട്ടു പിറ്റേന്ന് കാലത്തു ഞങ്ങൾക്ക് ഉദയം കാണണം എപ്പോഴാ വരേണ്ടത് എന്ന് അന്വേഷിച്ചു


അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണം ഉദയം അസ്തമയം ഒന്നും കാണാൻ പറ്റാറില്ല എന്ന് കടയിലെ ഒരു വൃദ്ധൻ ഞങ്ങളോട് പറഞ്ഞു, എന്തായാലും പോയി നോക്കുക തന്നെ കടകൾ എല്ലാം തുറക്കാൻ ഏഴു മണി കഴിയും അപ്പോൾ വരാൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഞങ്ങളുടെ അപേക്ഷ മാനിച്ചു അഞ്ചരക്ക് വന്നോളാൻ പറഞ്ഞു പക്ഷെ ഭക്ഷണം കിട്ടാൻ ഏഴു കഴിയും എന്ന് മാത്രം. ഞങ്ങൾ രണ്ടു കട്ടൻ കാപ്പി മാത്രം മതി എന്ന് പറഞ്ഞു ഭക്ഷണം വൈകീയാലും കൊഴപ്പമില്ല . അങ്ങനെ അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റു ഉദയം കാണുവാൻ ഞങ്ങൾ പോയി അഞ്ചര കഴിഞ്ഞു ആരും കഴിഞ്ഞു ഉദയവും കഴിഞ്ഞു പക്ഷെ വെളിച്ചം പരന്നതല്ലാതെ സൂര്യനെ കണ്ടില്ല എന്നാലും അവിടുന്ന് താജിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ കട്ടൻ കാപ്പി കുടി തുടർന്നു

അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ചു ഞങ്ങൾ ഒന്ന് കൂടെ താജ് കാണാൻ ആയി പോയി ഓഗസ്റ്റ് മാസം അതി കഠിനമായ ചൂടാണ് എങ്കിലും ഈ പുലർകാല വേളയിൽ യമുനയുടെ സൗന്ദര്യവും തീരത്തെ ഈ ലോകാത്ഭുതവും കണ്ടു നടക്കുക മനോഹരമായ അനുഭവം തന്നെ. അവിടെ വെച്ച് സ്പെയിനിൽ നിന്ന് വന്ന കുറെ പെൺകുട്ടികളെ പരിചയപെട്ടു ഇംഗ്ലീഷ് പരിജ്ഞാനം നമ്മളെക്കാൾ കുറവാണ് അവർക്കു സ്പാനിഷും പിന്നെ മറ്റേതോ ഭാഷയിലും ആണ് സംസാരം കൂടുതലും ഇംഗ്ലീഷ് വിക്കി വിക്കി പറയും. അവരുടെ കൂടെ കുറെ നേരം സംസാരിച്ചും ഫോട്ടോ എടുപ്പുമൊക്കെ ആയി കുറെ നേരം കഴിഞ്ഞ ശേഷം താജിനും അതിൽ തുളുമ്പി നിന്ന നിത്യ പ്രണയത്തിനും ആ മഹാനായ ചക്രവർത്തിയുടെയും ഓർമകൾക്കു മുന്നിൽ  നമസ്കരിച്ചു ശേഷം അഗ്രയോടും താജിനോടും വിട പറഞ്ഞു .

അനുഭവിച്ചതും കണ്ടതുമായ കാര്യങ്ങൾ കുറെയേറെ സന്തോഷം നൽകിയെങ്കിലും ചില കാര്യങ്ങൾ അതിനേക്കാൾ ഏറെ ദുഃഖിപ്പിക്കുകയും ചെയ്തു .അതിലൊന്നാണ് പരിസ്ഥിതി ജല  മലിനീകരണം. നിയന്ത്രണാതീതമാണെന്നിരിക്കിലും അതിൽ നിന്ന് ഒരു  മോചനം ഇനിയും സാധ്യമാണെന്നിരിക്കെ ആ സാധ്യതയെ സാധൂകരിക്കാൻ ആയി അൽപം കഷ്ടപെട്ടാലും എന്ത് നഷ്ടമിരിക്കുന്നു.നമ്മൾ മലീമസയാക്കിയ   യമുനയെ തിരിച്ചെടുക്കണം അന്തരീക്ഷം ശുദ്ധമാകണം ഉദയവും അസ്തമയവും താജിൽ സിന്ദൂര പൊട്ടു ചാർത്തണം വരുന്ന തലമുറകൾക്കു വേണ്ടി കാത്തു വെക്കണം ! എല്ലാം സ്വപ്നം മാത്രമാകുമോ സത്യമാകുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഈ യാത്ര കഴിഞ്ഞപ്പോ ഓർമ്മ വന്നു.

"വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍ സ്വയം നന്നാവുക..!" 

യാത്രകൾ തുടരുന്നു  ഹിമവൽ സന്നിധിയിലേക്ക് ഇനി !

KV.Vishnu
28/09/2018
                                                                                                          


മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...