Saturday, 30 March 2019

LUCIFER

ഇതു വരെ തുനിയാൻ മടിച്ച   സാധനം ആയിരുന്നു സിനിമ നിരൂപണം, കണ്ട ചിത്രങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപെടുന്ന ഒരാളായതു കൊണ്ട് ഈ പണിക്കു ഇറങ്ങാതിരുന്നത്. എന്നാൽ ഈ ചിത്രം ഇതിനെ കുറിച്ച് എഴുതിയെ മതിയാവു എന്ന ചിന്തയാണ് ഈ കടും കൈക്കു പിറകിൽ. സാധാരണ ഒരു മുഖ്യധാരാ ചിത്രം എന്നതിലുപരി ഈ ചിത്രത്തിൽ എന്താണ് ഉള്ളത് ? ഇതിനേക്കാൾ മികച്ച മാസ് മസാല ചിത്രങ്ങൾ ഉണ്ടായിട്ടില്ലേ ? അങ്ങനെ എന്ത് പ്രത്യേകതയാണ് ഈ ചിത്രത്തിൽ ഉള്ളത് ? എന്നൊക്കെ ചോദിച്ചാൽ എല്ലാത്തിനും കൂടെ ഒരുത്തരമേ എനിക്ക് തരാനുള്ളൂ "പൃഥ്വിരാജ് സുകുമാരൻ " 

ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഡയറക്റ്റർ സ്ഥാനത്തുള്ള പ്രിത്വിരാജ് ആണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല . കാരണം മുരളി ഗോപിയുടെ ഇതിനു മുൻപ് ചെയ്തിട്ടുള്ളതിൽ അപേക്ഷിച്ചു ഏറ്റവും നിസാരമായ ഒരു സ്ക്രിപ്റ്റ് ആണ് "ലൂസിഫർ" ഒരു നേരേ വാ നേരെ പോ ചിത്രം. ടിയാൻ പോലെയുള്ള ഗംഭീരമായ ഒരു സ്ക്രിപ്റ്റ് പരാജയപെട്ടിടത്തു നിസാരമായ ലൂസിഫർ വിജയം നേടിയെങ്കിൽ  അതിനു ഏക കാരണം പ്രിഥ്വിയുടെ ഡയറക്ഷൻ ആണ്. സമീപ കാലത്തു മോഹൻലാൽ എന്ന നടന്റെ മാർക്കറ്റ് വാല്യൂ ശെരിക്കും വിനിയോഗിച്ച ഡയറക്ക്റ്റർ .

കച്ചവട സിനിമകൾ എന്നാൽ കുറെ ദ്വയാർത്ഥ പ്രയോഗങ്ങൾ കാറ്റും തീയും വരുന്ന നായകന്റെ എൻട്രി ആകാശം മുട്ടുന്ന സംഘടനാ രംഗങ്ങൾ എന്നീ സ്ഥിരം ചട്ടങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് പുതിയൊരു ഫോർമുല ലൂസിഫറിലൂടെ പ്രിഥ്വി സൃഷ്ടിച്ചെടുത്തു.  ദ്വയാർത്ഥ പ്രയോഗങ്ങളോ തമാശക്ക് വേണ്ടി സൃഷ്ടിച്ചെടുക്കപെട്ട തമാശകളോ ഒന്നും ഇല്ല. വെറും മൂന്നു സംഘട്ടനം അതും അത്യാവശ്യമായിടത്തു . നാല് പാട്ടു അത് ആവശ്യമുള്ളിടത്തു .നെടുങ്കൻ ഡയലോഗ് ഇല്ല കുറിക്കു കൊള്ളുന്ന ചെറിയ ഡയലോഗുകൾ അതും ആവശ്യമുള്ള സ്ഥലങ്ങളിൽ.സ്ഥിരം നായകനെ തള്ളി മറിക്കാൻ വേണ്ടിയുള്ള ഒരു സഹനടനും ഈ ചിത്രത്തിൽ ഇല്ല എന്നത് സമീപ കാല മുഖ്യധാരാ ചിത്രങ്ങളിൽ ഇതിനെ വേറിട്ടതാക്കുന്നു.

ഇരുപത്തിയേഴു കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ ഈ ചിത്രത്തിൽ അവരെല്ലാം പ്രാധാന്യം അർഹിക്കുന്ന കഥയിൽ സ്ഥാനം ഉള്ള കഥാപാത്രങ്ങൾ ആണ് .വെറുതെ ഒരു കഥാപാത്രം എന്നൊരു സഹനടനോ നടിയോ ഈ ചിത്രത്തിൽ ഇല്ല . ഇന്ദ്രജിത് ബൈജു ഷാജോൺ നന്ദു ടോവിനോ വില്ലനായ ടോവിനോ മഞ്ജുവാര്യർ സച്ചിൻ കഥേകർ തുടങ്ങി എല്ലാവരും കഥാഗതിയിൽ നിർണായക സ്ഥാനങ്ങളിൽ നിൽക്കുന്നു എന്നത് മറ്റൊരു പ്രത്യേകത . ജോഷി സംവിധാനം ചെയ്ത 20 -20  പോലും കഴിയാതെ പോയ സംഗതി പ്രിഥ്വി എന്ന കന്നി സംവിധായകൻ ചെയ്തിരിക്കുന്നു!!

ചിത്രത്തിന്റെ കാമറ ചെയ്ത സുജിത് വാസുദേവ് സംഗീതം ചെയ്ത ദീപക് ദേവ് എല്ലാരും സംവിധായകൻ മനസ്സിൽ കണ്ടതു ഭംഗിയായി നിർവഹിച്ചു ചിത്രത്തിന് മുതൽക്കൂട്ടായി. ഓരോ ഷോട്ടും ഫീൽസ് ഗൂസ് ബംപ്സ് എന്നെ ചുരുക്കി പറയാനുള്ളു . പ്രിഥ്വിക്ക് ശേഷം ഈ സിനിമയെ മികവുറ്റതാക്കിയതിനുള്ള കയ്യടികൾ ഇവർക്കു രണ്ടു പേർക്കും നൽകാം എഡിറ്റിംഗും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ഒരു സംവിധാന സഹായിയായി പ്രവർത്തിച്ചു പരിചയമില്ല , സംവിധാനം പഠിച്ചിട്ടില്ല ഇതിനു മുൻപ് ഒരു പരസ്യ ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ല. ആദ്യമായി ലൂസിഫർ എന്നൊരു "ചെറിയ" ചിത്രം ചെയുന്നു . അതിനു ഇത്രയും പെർഫെക്ഷൻ ക്വാളിറ്റി ലഭിക്കുക. ചെയ്യുന്ന പണിയിൽ ആത്മാർത്ഥത ഉള്ള ഒരാളെ കൊണ്ട് മാത്രമേ സാധിക്കു !!

താങ്കളുടെ ആത്മാർത്ഥതക്കു ലഭിച്ച പ്രതിഫലം ആണ് ഈ വിജയം !! ഇനിയും വ്യത്യസ്തതയാർന്ന ചിത്രങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു .ഇത്രയൊക്കെ പറഞ്ഞിട്ടും ലാലേട്ടനെ കുറിച്ച് രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ ശരിയാവില്ല "എറിയാൻ അറിയാവുന്നവന്റെ കയ്യിൽ നല്ല കല്ല് കിട്ടിയാൽ അത് ലക്‌ഷ്യം തകർത്തിരിക്കും " ജോഷിയും ഷാജികൈലാസും അമൽ നീരദ് എല്ലാരും കൂടെ ഒരുമിച്ച എടുത്ത ഫീൽ ആയി പോയി ചുരുക്കത്തിൽ "ലൂസിഫർ",സ്വർഗത്തിൽ നിന്നും പുറത്താക്കപെട്ടവനെ രണ്ടു കയ്യും നീട്ടി ഭൂമിയിലെ മനുഷ്യർ സ്വീകരിച്ചിരിക്കുന്നു .
റേറ്റിംഗ് - 4 /5


KV.Vishnu
30/03/2019

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...