"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വാ പരൗ വാരിനിധീ വഗാഹ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ "
ഹിമവാന്റെ ചിത്രം മനസ്സിൽ തെളിയുമ്പോൾ അറിയാതെ നാവിൽ കേറി വരും ഈ കാളിദാസ വരികൾ.കാളിദാസനോളം കേമമായി ആരും ഇന്നോളം ഹിമവാന്റെ തത്വമോ സൗന്ദര്യമോ വിവരിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഉറക്കം നഷ്ടപ്പെടുത്തിയ ആ സ്വപ്നസാക്ഷാത്കാരത്തിലേക്കു നീങ്ങുമ്പോൾ മനസ്സിലാദ്യം വന്നതു ആ വരികൾ ആയിരുന്നു. ഗർഷ / ഡാകൻ / ഡാകിനി ദേവതകളുടെ ഭൂമിയായ സ്പിതി ലാഹുൾ താഴ്വരയിലേക്കായിരുന്നു എന്റെ ആദ്യ ഹിമാലയ യാത്ര. പറയുമ്പോൾ സ്പിതി ലാഹൂൾ എന്ന് ചേർത്ത് പറയാമെങ്കിലും ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും രണ്ടും തമ്മിൽ വളരെ അധികം വ്യത്യാസങ്ങൾ ഉണ്ട് . വർഷത്തിൽ 6 മാസവും മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഭൂമിയാണ് ലാഹൂൾ എങ്കിൽ വർഷത്തിൽ 9 മാസവും സുഖമമായി യാത്ര ചെയുവാൻ കഴിയുന്ന സ്ഥലമാണ് സ്പിതി താഴ്വര . ഈ യാത്രയും അങ്ങോട്ടേക്കായിരുന്നു സ്പിതി താഴ്വരയിലേക്ക്.
ലിറ്റിൽ ടിബറ്റ് എന്നാണ് സ്പിതിയുടെ അപരനാമം കാരണം ഭൂപ്രകൃതി തന്നെ. ടിബറ്റ് , കുളു, കിന്നൗർ എന്നീ സ്ഥലങ്ങൾ ആണ് സ്പിതിയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ. പച്ചപ്പിന്റെ ശീതളിമയാണ് ലാഹൂൾ എങ്കിൽ തണുത്ത മരുഭൂമിയാണ് സ്പിതി താഴ്‌വര. മരങ്ങൾ നന്നേ വിരളമായി മാത്രമേ കാണുവാൻ കഴിയു . ഗ്രീൻ പീസ് കൃഷിയാണ് ഇവിടെ ഉള്ളവരുടെ പ്രധാന വരുമാന മാർഗം. മറ്റൊന്നു കന്നുകാലി സമ്പത്തും. യാക്കുകൾ കുതിരകൾ പശുക്കൾ ആടുകൾ തുടങ്ങിയവയാണ് പ്രധാന വളർത്തു മൃഗങ്ങൾ. മഴയുടെ ലഭ്യത വളരെ ശുഷ്ക്കം ആണിവിടെ വർഷത്തിൽ 3 -4 മഴ ലഭിച്ചാൽ ആയി.എന്നാൽ മലമുകളിലെ വലിയ വലിയ ഹിമാനികൾ സ്പിതി നദിയെ ജല സമ്പുഷ്ടമായി തന്നെ സൂക്ഷിക്കുന്നു.പ്രകൃതി അങ്ങനെ ആണല്ലോ ഒരു വഴി ഇല്ലാതാവുമ്പോൾ തുല്യത നില നിർത്തുവാൻ മറ്റൊരു മാർഗം തനിയെ തിരഞ്ഞെടുക്കും .
ഇവിടുത്തെ മഞ്ഞു കാലം ഒക്ടോബർ മുതൽ മെയ് അവസാനം വരെയും. ജൂൺ മുതൽ സെപ്തംബര് വരെ വേനലും ആണ്. മഞ്ഞു കാലത്തു -30 ഡിഗ്രി വരെ ഇവിടുത്തെ താപ നില താഴും വേനലിൽ 20 ഡിഗ്രി വരെ ചൂടും കാണും.
മൊത്തത്തിൽ എപ്പോൾ ഇവിടം സന്ദർശിച്ചാലും തണുപ്പു ഉറപ്പാണ്. അതിശൈത്യം ആകെ ഡിസംബർ മുതൽ മാർച്ച് വരെയേ കാണു.രണ്ടു വഴികളിലൂടെ നമുക്കു സ്പിതി ലാഹൂൾ താഴ്വരകളിലേക്കു പ്രവേശിക്കാം ആദ്യത്തേത് ഡൽഹിയിൽ നിന്നും മണാലിയിൽ വന്നു അവിടുന്ന് റോഹ്‌തങ് ചുരം കടന്നു കുൻസുമിൽ എത്തുക അവിടെ നിന്നും സ്പിതിയിലേക്കോ ലാഹൂളിലേക്കോ പോകാം എന്നാൽ ഈ വഴി ജൂൺ അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെ മാത്രമേ ഉപയോഗിക്കുവാൻ കഴിയുകയുള്ളു മഞ്ഞു വീഴ്ച തുടങ്ങുന്നതോടു കൂടി റോഹ്‌തങ് ചുരം ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) അടക്കും പിന്നെ അതുവഴി ആരെയും കടത്തി വിടുകയില്ല . മറ്റൊരു വഴി ഉള്ളതു ഡൽഹിയിൽ നിന്നും ഷിംല വഴി കിന്നൗർ ജില്ലാആസ്ഥാനമായ റെകോങ് പിയോ വില എത്തുക അവിടെ നിന്നും സ്പിതിയുടെ ഭരണകേന്ദ്രമായ കാസ യിൽ എത്താം . ഈ വഴി വർഷം മുഴുവനും ഗതാഗത യോഗ്യമാണ്,ഹിമാലയം കനിഞ്ഞാൽ മാത്രം.
സ്പിതിയുടെ ആത്മീയത പൂർണമായും ബുദ്ധിസത്തിൽ അധിഷ്ടിതമാണ് . തൊണ്ണൂറു ശതമാനം ബുദ്ധമത വിശ്വാസികൾ ഉള്ള സ്ഥലമാണ് സ്പിതി. ഇവർ തിബറ്റൻ ബുദ്ധിസത്തിന്റെ തന്നെ ഭാഗമായ ചക്രസംവാര,വജ്രവാരാഹി ,വജ്രയോഗിനി ഉൾപ്പെടുന്ന ഡാകിനി ദേവതകൾ ഉൾപ്പെടുന്ന താന്ത്രീക ബുദ്ധിസ്സത്തിന്റെ ഉപാസകർ ആണ് . അത് കൊണ്ട് തന്നെ ആത്മീയമായി ഡാകിനിമാരുടെ ഭൂമിയെന്നും ഈ താഴ്വരകളെ വിശേഷിപ്പിക്കുന്നു . കീഗോമ്പ ധങ്കർഗോമ്പ ടാബോ തുടങ്ങി ചരിത്രമുറങ്ങുന്ന അനേകം മൊണാസ്ട്രികളാൽ സമ്പനമാണിവിടം. അത് കൊണ്ട് തന്നെ ആത്മീയത അന്വേഷിക്കുന്നവർക്കായാലും അല്ല പ്രകൃതിയുടെയും ഹിമവന്റെയും സൗന്ദര്യം കാണുവാൻ ആണെങ്കിലും സ്പിതി താഴ്വര ഉത്തമമായ ഒരിടം തന്നെയാണ് . ഒരുപക്ഷെ ഹിമാലയം മുഴുവനായും തന്നെ ഈ രണ്ടു സാക്ഷാത്കാരങ്ങൾക്കും പറ്റിയ ഒരിടം തന്നെയാണ്.
രാമചന്ദ്രൻ മാഷുടെ പുസ്തകങ്ങളിൽ ആണ് ഹിമാലയം എന്ന അത്ഭുതത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഹിമാലയം എന്നത് കേവലം ഒരു സ്ഥലം അല്ല എന്നും അതൊരു ലോകം തന്നെയാണെന്നും എന്നിക്കു മനസിലാക്കി തന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആയിരുന്നു. ഗഡ്‌വാൾ കശ്മീർ ഹിമാചൽ കുമയൂൺ എന്നിങ്ങനെ നാല് ഖണ്ഡങ്ങളിൽ ആയി ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന ഈ മായാഭൂമി ഒരു മനുഷ്യായുസ്സു കൊണ്ട് യാത്ര ചെയ്തു തീർക്കാനോ അല്ലെങ്കിൽ അവിടെ ഒളിപ്പിച്ചു വെച്ചിട്ടുള്ള കൗതുകങ്ങളും കാഴ്ചകളും കണ്ടു തീർക്കാനോ സാധ്യമല്ല.വശ്യ സുന്ദരിയാണ് ഹിമാലയ പ്രദേശങ്ങളിലെ പ്രകൃതി. മനസ്സിലെ ചിന്തകൾ എല്ലാം പോയി ആ സൗന്ദര്യത്തിൽ മയങ്ങി നില്കും ഏതൊരു യാത്രികനും.സന്തോഷത്തേക്കാൾ യാത്രികനെ ഉന്മാദിയാക്കുന്ന പ്രോകൃതി സൗന്ദര്യമാണ് ഹിമവന്റേതു . അങ്ങിനെയുള്ള ആ സൗന്ദര്യത്തിന്റെ ഒരു കണമോ അല്ലെങ്കിൽ അതിലും ചെറുതോ മാത്രമാണ് സ്പിതി എന്ന താഴ്വര. അതിനെ തന്നെ പൂർണമായി ആവാഹിക്കുവാൻ എനിക്ക് സാധിച്ചുമില്ല .അപ്പോൾ ചിന്തിക്കാം ഈ മഹാ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എന്ത് !!
ഡൽഹിയിലെ രണ്ടു ദിവസത്തെ വിശ്രമത്തിനും മറ്റു തയ്യാറെടുപ്പുകൾക്കും ശേഷം ആഗസ്ത് പത്താം തിയതി യാത്ര തുടങ്ങുവാൻ തീരുമാനിച്ചു. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ ചെന്നാൽ ഹിമാചൽ പരിവാഹന്റെ വിവരന്വേഷണ ഓഫീസുകൾ ഉണ്ട് അവിടെ നിന്ന് അന്വേഷിച്ചാവാം മുന്നോട്ടുള്ള യാത്ര എന്ന് തീരുമാനിച്ചു വൈകുന്നേരം ഞങ്ങൾ ഇറങ്ങി. അവിടെ ചെന്ന് അന്വേഷിച്ചു ഏഴു മണിയോടെ അവിടെ എത്തി ഞങ്ങൾ അന്വേഷിക്കുമ്പോൾ ഇനി ആകെ രണ്ടു മൂന്നു ബസ് ഉള്ളു ഒന്ന് രാംപുർ വരെ പോകുന്നതും മറ്റൊന്നു റെക്കോങ് പിയോ വരെ പോകുന്നതും. ഞങ്ങൾ റെക്കോങ് പിയോ വരെ തന്നെ പോകാം എന്ന് തീരുമാനിച്ചു പതിനഞ്ചു മണിക്കൂർ നീളുന്ന വലിയൊരു യാത്രയാണ് അത് എന്നാലും പോകാം എന്ന് തീരുമാനിച്ചു. അവിടെ നിന്ന് ഓർഡിനറിയിൽ ടിക്കറ്റ് എടുത്തു 750 രൂപ ആയി ഒരാൾക്ക് രാത്രി എട്ടു മണിക്കുള്ള ബസ് ആയിരുന്നു അത്.
ഞങ്ങളുടെ ബാഗുകൾ പിന്നിൽ ഡിക്കിയിൽ കൊണ്ടിട്ട ശേഷം ഞങ്ങൾ ബസിൽ ചെന്നിരുന്നു. ഞങ്ങളുടെ അടുത്ത് പദം എന്നൊരു പഹാഡി പട്ടാളക്കാരൻ ആയിരുന്നു വളരെ നല്ലൊരു മനുഷ്യൻ ഉറങ്ങുമ്പോൾ ഉള്ള കൂർക്കം വലി ഒഴിച്ച് മറ്റെല്ലാം കൊണ്ടും ഒരു മാന്യൻ. ഞങ്ങളുടെ യാത്ര സംശയങ്ങൾക്കെല്ലാം നല്ല രീതിയിൽ അദ്ദേഹം ഉത്തരം പറഞ്ഞു തന്നു. രാത്രി നല്ല കൂർക്കം വലി ഉണ്ടായിരുന്നത് കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടും ചെറുതായി മയങ്ങിയും ഒകെ യാത്ര തുടർന്നു ഡൽഹി പിന്നിട്ടു ചണ്ഡീഗഢ് എത്തിയപ്പോൾ ഒരു ധാബയിൽ നിന്നും അത്താഴം കഴിച്ചു പദം ജിയും ഞങ്ങളുടെ കൂടെ കൂടി. അവിടെ നിന്നും വീണ്ടും തുടങ്ങിയ യാത്രക്കിടയിൽ ചെറുതായി ഒന്ന് മയങ്ങി വിയർത്തു കുളിച്ചിരുന്നു ദേഹത്തിലേക്കു ഒരു തണുപ്പു കയറാൻ തുടങ്ങിയപ്പോൾ ആണ് കണ്ണ് തുറന്നു നോക്കുന്നത് വണ്ടി സോളനിൽ നിന്നും ചുരം കേറാൻ തുടങ്ങിയിരിക്കുന്നു . ഹിമാചൽ എന്ന ദേവ ഭൂമിയിലേക്ക് കടന്നു കഴിഞ്ഞു !!
പിന്നീട് ചൂടെന്താണെന്നു അറിഞ്ഞിട്ടില്ല തണുത്ത കാറ്റു വന്നു കൊണ്ടേ ഇരുന്നു ക്ഷണ നേരം കൊണ്ട് തന്നെ ഡൽഹിയിലെ പുഴുക്കത്തിൽ നിന്നും അനുഭവിച്ച യാതനകളിൽ നിന്നെല്ലാം മോചനം ലഭിച്ചിരിക്കുന്നു പുലർച്ചയോടെ ഷിംല എത്തി വണ്ടി നിർത്തി. ഞങ്ങളും വെളിയിലേക്കു ഇറങ്ങി ഇനി കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷമേ വണ്ടി എടുക്കുകയുള്ളു . ഇത് വരെ വണ്ടി ഓടിച്ച ഡ്രൈവർ ഇവിടെ ഇറങ്ങും ഇനി അങ്ങോട്ട് വേറെ ആൾക്കാണ് ഡ്യൂട്ടി.പുറത്തെ ശുദ്ധ വായു ശ്വസിച്ചതും ശരീരത്തിനാകെ ഒരു പുതു ജീവൻ കൈവന്നു. കുറച്ചു നേരം ബസിനെ ചുറ്റിപറ്റി അങ്ങും ഇങ്ങും നടന്നു. അരമണിക്കൂർ കഴിഞ്ഞു വേറെ ഡ്രൈവർ വന്നു ഷിംലയോടു യാത്ര പറഞ്ഞു ഞങ്ങൾ ബസിൽ തിരിച്ചു കയറി. വെളിച്ചം പരന്നു തുടങ്ങിയിരിക്കുന്നു. സൂര്യൻ കോട മഞ്ഞിന്റെ ഇടയിലൂടെ പർവത മുകളിലേക്ക് തന്റെ അനുഗ്രഹം പകരുന്ന പോലെ ഇളം രെശ്മികൾ പൊഴിച്ച് കൊണ്ട് നിൽക്കുന്നു.ഇവിടുന്നു അങ്ങോട്ടുള്ള യാത്രയിൽ മനസിലായി എന്ത് കൊണ്ട് ഹിമാചലിനെ ദേവഭൂമി എന്ന് വിളിക്കുന്നു എന്ന്.സിനിമകളിലും പുസ്തകങ്ങളിലും വീഡിയോസിലും മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ആദ്യമായി ഇതാ എന്റെ കൺ മുന്നിലും!!
എന്റെ ഒരു വർഷത്തെ കാത്തിരുപ്പു വ്യർത്ഥമായില്ല എന്ന സന്തോഷം മനസ്സിനെ കുളിരണിയിച്ചു. റോഡിനും ഇരു വശവും ദേവദാരു വൃക്ഷങ്ങൾ, ഹരിത കമ്പളം ചാർത്തിയ മലനിരകൾ, ദൂരെയായി മഞ്ഞിൻ കിരീടം അണിഞ്ഞ കൊടുമുടികൾ ആപ്പിൾ തോട്ടങ്ങൾ കൃഷി ഭൂമികൾ എങ്ങോട്ടു നോക്കിയാലും ഹരിത വർണ്ണം മാത്രം. റോഡ് നല്ല രീതിയിൽ ആയിരുന്നത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഹെയർ പിന് വളവുകൾ എല്ലാം എത്ര അനായാസമായി ഡ്രൈവർ കൈകാര്യം ചെയുന്നു എന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി. കാരണം ഒന്നും രണ്ടും മൂന്നും ഒന്നുമല്ല ഇനി ലക്‌ഷ്യം എത്തി ചേരുന്ന വരെയും പുട്ടിനു പീര പോലെ ഉണ്ടാവും ഹെയർ പിന് വളവുകൾ ഒരു വശത്തു അഗാധമായ കൊക്കയും. പക്ഷെ പ്രകൃതി മറുവശത്തു ഇത്ര മനോഹരിയായി നിൽക്കുമ്പോൾ ആരറിയുന്നു ഈ ഭയങ്ങൾ എല്ലാം.
ഷിംലയിൽ നിന്നും റെക്കോങ് പിയോവിലേക്കുള്ള യാത്രയുടെ ആദ്യ പകുതി ഉച്ചയോടെ രാംപൂർ എത്തും അവസാന ലാപ് ഇവടെ നിന്നും റെക്കോങ്പിയോവിൽ ചെന്ന് നിൽക്കും . രാംപൂർ എത്തുന്നതിനു മുന്നേ തുടർ യാത്രക്കായി കൂട്ടിനു മനോഹരിയായ സത്‌ലജ് നദിയും കൂടെ ചേരും മനസസരോവറിൽ നിന്നും ഉത്ഭവിക്കുന്ന സത്‌ലജ് ഹിമാചൽ പഞ്ചാബ് കടന്നു പാകിസ്താനിലേക്ക് പോകുന്നു . ചുരുക്കത്തിൽ ചൈന ഇന്ത്യ പാക്കിസ്ഥാൻ മൂന്ന് രാജ്യങ്ങൾക്കും സ്വന്തക്കാരി ആകുന്നു സത്‌ലജ് നദി . ഈ നദിയിൽ ആണ് ഇന്ത്യയിലെ തന്നെ വലിയ രണ്ടു ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷനുകൾ ഉള്ളത് നാത്പ യും RHEP യും . പിന്നെയും പേര് അറിയാത്ത ഒരുപാട് പവർ സ്റ്റേഷനുകൾ ഇവിടുന്നു അങ്ങോട്ടുള്ള യാത്രയിൽ കണ്ടു. എന്തായാലും സത്ലജ്ജിന്റെ ഭംഗിയും ആസ്വദിച്ച് ഉച്ചയോടെ ഞങ്ങൾ രാംപൂർ എത്തി . ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന പദം എന്ന സുഹൃത്ത് രാംപൂർ വരെയോ ഉണ്ടായിരുന്നുള്ളു .ഞങ്ങളോട് യാത്ര പറഞ്ഞു അദ്ദേഹം രാംപൂരിലെ സ്വന്തം വീട്ടിലേക്കു പോയി . അതോടെ എന്തായാലും എനിക്ക് ഇവിടന്നു അങ്ങോട്ടേക്ക് സൈഡ് സീറ്റ് ഒഴിഞ്ഞു കിട്ടി.
ഏകദേശം അര മണിക്കൂർ നേരം രാംപുരിൽ വണ്ടി നിർത്തി ഇട്ടു . ഇടയിൽ ഒന്ന് രണ്ടു വട്ടം വണ്ടി കഴിക്കാൻ നിറുത്തിയിരുന്നത് കൊണ്ട് വിശപ്പൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഞങ്ങൾ ചെന്ന് ഓരോ ലസ്സി കുടിച്ചു ബസ് സ്റ്റാൻഡിന്റെ താഴെ കൂടി ഒഴുകുന്ന സത്‌ലജ് നദിയും നോക്കി സമയം പോക്കി നിന്നു്. അരമണിക്കൂർ കഴിഞ്ഞതും ബസ് പുറപ്പെട്ടു ഇനി വൈകുന്നേരം അഞ്ചു മണിയോടെ പിയോ എത്തും എന്നു അറിയുവാൻ സാധിച്ചു.രാംപൂർ അവിടുത്തെ വല്യ സൗകര്യം ഉള്ള സ്ഥലങ്ങൾ ആയിരുന്നു എന്നറിയാൻ എനിക്ക് കിന്നൗർ ജില്ലയിലേക്ക് കടക്കേണ്ടി വന്നു .കിന്നൗർ ജില്ലയുടെ ആസ്ഥാനം ആണ് ഞങ്ങൾക്ക് പോകുവാനുള്ള റെക്കോങ് പിയോ. ഇത് വരെയുള്ള റോഡ് യാത്ര മനോഹരമായിരുന്നുവെങ്കിൽ ഇനിയുള്ളത് അതിനേക്കാൾ മനോഹരിയായ കിന്നൗർ ആണ്. സൗന്ദര്യം കൂടുമ്പോൾ അപകടവും കൂടുന്നു എന്നാരോ എവിടെയോ പറഞ്ഞത് ഇനിയുള്ള യാത്രയിൽ സത്യമാകും. കിന്നൗറിലെ റോഡുകൾ വല്യ കുഴപ്പമൊന്നും ഇല്ല എന്നാൽ ഇനിയുള്ള റോഡ് വെറും ഒരു വണ്ടിക്കു മാത്രം സുഗമമായി കടന്നു പോകാൻ കഴിയുന്ന തരത്തിൽ ഉള്ള റോഡുകൾ ആണ് ,റോഡിനു ഒരു വശത്തു വീഴാൻ തക്കം പാർത്തിരിക്കുന്ന വല്യ വല്യ പാറകളും മലകളും ആണെങ്കിൽ മറുവശത്തു ആഴത്തിലായി കുലം കുത്തി ഒഴുക്കുന്ന നദിയും.
ഹിമാലയൻ യാത്രയിലെ സാഹസികത തുടങ്ങുന്നത് ഇവിടന്നു അങ്ങോട്ടുള്ള ബസ് യാത്രയിൽ ആണ് . പാറകൾ തീർത്ത ടണലുകളും കടന്നു ബസ് പോയി കൊണ്ടേയിരുന്നു .ഡ്രൈവർ ഇത് കുറെ കണ്ടിട്ടുണ്ട് എന്ന ഇന്നസെന്റിന്റെ ഭാവത്തിൽ സിമ്പിൾ ആയി ഓടിച്ചു കൊണ്ടേ ഇരുന്നു.കൂറ്റൻ പർവതങ്ങളുടെ താഴ്വരയാണ് കിന്നൗർ ജില്ല. മഹാദേവന്റെ പഞ്ച കൈലാസങ്ങളിൽ ഒന്നായ കിന്നര കൈലാസം സ്ഥിതി ചെയുന്നത് ഇവിടെയാണ് .ശ്രവണ മാസത്തിലെ അഷ്ടമി ഇവിടുത്തെ വിശേഷ ദിവസം ആണ് അന്ന് ഒരുപാട് പേര് എത്തും കൈലാസ പരിക്രമണത്തിനായി. എന്തായാലും അങ്ങനെയുള്ള ഈ താഴ്‌വരയിൽ കൂടിയുള്ള കാഴ്ച പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുറെ ജീവിതങ്ങളെയും കാണുവാൻ സാധിച്ചു . കൃഷി തന്നെയാണ് ഇവിടുത്തെയും പ്രധാന വരുമാന സ്ത്രോതസ്സു. ജീവിക്കുവാൻ വേണ്ടതെല്ലാം ഹിമാവാൻ നൽകുമ്പോൾ അതുപയോഗിക്കുക മാത്രമേ മനുഷ്യൻ ചെയേണ്ടതായുള്ളു . പലസ്ഥലത്തും ബസ് എത്തുമ്പോൾ എത്രിവശത്തു നിന്നുള്ള വണ്ടികൾക്ക് പോകാനായി നിർത്തി ഇട്ടു വഴി കൊടുക്കും , മറു വശത്തുള്ള വണ്ടികളും തിരിച്ചും അത് പോലെ തന്നെ ആയിരുന്നു . നീ മാറ്റ് ഞാൻ എടുക്കില്ല എന്നൊരു ഈഗോ ഇവടെ ഇല്ല കാരണം ഈഗോ കാണിച്ച ഒരുകാര്യമേ സംഭവിക്കു നേരെ കൊക്കയിലേക്ക്
അത് വഴി നേരെ മോളിലേക്കും . അത് കൊണ്ട് തന്നെ പരസ്പര ബഹുമാനത്തോട് കൂടിയുള്ള ഡ്രൈവർമാരാണ് ഇവിടെ.
റെക്കോങ് പിയോ എത്തുന്നതിനു മുൻപാണ് ഒരു സങ്കട വാർത്ത വന്നത് സാധാരണ പോയി കൊണ്ടിരിക്കുന്ന റോഡ് കല്ല് വീഴ്ചയിൽ തകർന്നിരിക്കുന്നു അത് വഴി പോകുവാൻ സാധിക്കില്ല . അത് കൊണ്ട് മറ്റൊരു നിവർത്തിയും ഇല്ലാതെ അവർക്കു പട്ടാളക്കാർക്ക് അവർക്കു വേണ്ടി നിർമിച്ചിട്ടുള്ള ചുരത്തിലൂടെ പോകേണ്ടി വന്നു. ഇത് വരെ ഭയം മാത്രമാണ് തന്നതെങ്കിൽ ഈ വഴിയിലൂടെ ഉള്ള യാത്ര മരണത്തിന്റെ രൂപം എങ്ങനെ എന്ന് കാണിച്ചു തന്നു. വലിയൊരു പർവതം ചുറ്റി വേണം പിയോവിൽ എത്താൻ .ഈ പർവതം കേറി ഇറങ്ങിയതും റെക്കോങ് പിയോ ആണ് . പറയുന്ന എളുപ്പത്തിൽ ആയിരുന്നില്ല കേറ്റം അത്യധികം ബുദ്ധിമുട്ടുള്ള റോഡ് കേറി വേണം ഭീമാകാരനായ ഈ പർവത ശ്രേഷ്ഠനെ കീഴടക്കുവാൻ , അതും കേറിയാൽ മാത്രം പോരാ അതെ കണക്കുള്ള റോഡിലൂടെ താഴോട്ടും അത്രയും ദൂരം ഇറങ്ങുകയും വേണം. മുകളിലോട്ടു കേറും തോറും താഴോട്ടുള്ള കാഴ്ച ഭീകര സ്വരൂപം കാണിക്കാൻ തുടങ്ങി .പട്ടാള ട്രെക്കുകൾ ഇടയ്ക്കു ഇടയ്ക്കു താഴേക്ക് വരുന്നുണ്ടായിരുന്നു . എതിരെ വരുന്ന വണ്ടികൾക്ക് സ്ഥലം നൽകുവാൻ ചിലപ്പോൾ കുറെ ദൂരം ബസിനു പുറകിലേക്ക് എടുക്കേണ്ടി വന്നു . ചില സ്ഥലങ്ങളിൽ ടയറിന്റെ ഒരു ഭാഗം കൊക്കയിലേക്ക് ഇറങ്ങി നിന്നു. ഭയം എന്നല്ല ഭീകരം എന്ന് വേണം ആ അവസ്ഥയെ കുറിച്ച് പറയുവാൻ
എന്തായാലും അതിസാഹസികമായ ആ യാത്ര ഡ്രൈവറിന്റെ നൈപുണ്യം കൊണ്ടും ആയുസ്സു ഇനിയും ബാക്കിയുള്ളത് കൊണ്ടും രക്ഷപെട്ടു. ഉദ്ദേശം രണ്ടു മണിക്കൂറിനു മുകളിൽ എടുത്തു ഈ പർവത ശ്രേഷ്ഠനെ ഒന്ന് കീഴടക്കി താഴെ എത്തുവാൻ. അഞ്ചര ആറു മണിയോട് കൂടി ഞങ്ങൾ റെക്കോങ് പിയോ എത്തി. നല്ല സുന്ദരമായ കാലാവസ്ഥ തരക്കേടില്ലാത്ത കാലാവസ്ഥ.7500 അടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഹിമാലയൻ പട്ടണം അതാണ് റെക്കോങ് പിയോ . കിന്നൗർ ജില്ലയുടെ ആസ്ഥാനം കൂടിയാണ് പിയോ.ഉയരം കൂടുമ്പോൾ ചായക്ക് രുചി കൂടുമോ എന്നറിയില്ല പക്ഷെ ഇവിടെ ഈ ഉയരത്തിൽ ശരീരത്തിന് ഭാരം കൂടും നൂറു മീറ്റർ നടന്നാൽ ഒരു കിലോമീറ്റർ നടന്ന സുഖം കിട്ടും.കൂടെ തോളത്തു ബാഗും കൂടെ ആകുമ്പോൾ അതിനു വല്ലാത്ത ഒരു സുഖമാണ്. മാസങ്ങളോളം ദിവസം 6 കി മി നടന്നു പരിശീലനം നടത്തിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ട്ടപെട്ടു. വിചാരിച്ചാൽ നടക്കും എന്ന് കരുതിയ എന്റെ അഹന്തക്ക് കിട്ടിയ ആദ്യത്തെ പ്രഹരം. ഞാൻ പക്ഷെ ആദ്യ പ്രഹരത്തിൽ തന്നെ നന്നായി. കാരണം അപ്പോൾ വന്ന ചിന്ത 7500 അടിക്കു ഇങ്ങനെ ആണെങ്കിൽ സ്പിതി 11 ആയിരം അടികൾക്കു മുകളിൽ ആണ് അവിടെ എത്തുമ്പോൾ എന്താവും അവസ്ഥ എന്റെ ദുരവസ്ഥ അല്ലാതെന്തു !!
അടുത്തുള്ള ഹോട്ടലിൽ നിന്നും ഓരോ കട്ടൻ അടിക്കാന് തീരുമാനിച്ചു ആദ്യം കണ്ട ഹോട്ടലിൽ കേറി . തരക്കേടില്ലാത്ത ഒരു കാപ്പി തന്നെ കിട്ടി .
പക്ഷെ ബില് വന്നപ്പോ കാപ്പി വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി ഒരു കട്ടൻ കാപ്പിക്ക് നാൽപതു രൂപ.. റൂമിന്റെ വാടക ചോദിച്ചപ്പോൾ വീണ്ടും ഞെട്ടി 900 രൂപ. നടക്കാനുള്ള മടി കാരണം ഞാൻ സമ്മതിക്കാം എന്ന് പറഞ്ഞെങ്കിലും ശരത് സമ്മതിച്ചില്ല.എന്നെ കൂട്ടി വീണ്ടും നടന്നു അന്വേഷിക്കാൻ തുടങ്ങി എല്ലായിടത്തും ഇതേ വാടക. അവസാനം ഏതെങ്കിലും ഒന്ന് എടുക്കുക തന്നെ എന്ന് വിചാരിച്ചിരിക്കുമ്പോൾ അവിടുത്തുകാരെന്നു തോന്നിപ്പിച്ച കുറെ യുവാക്കൾ ഇരിക്കുന്നു അവരോടു കൂടി ഒന്ന് ചോദിക്കാം എന്നിട്ടാവാം മുറി എടുക്കുന്നത് എന്ന് ശരത് പറഞ്ഞു . അവരോടു ചെലവ് കുറഞ്ഞ ഹോട്ടൽ തിരക്കി ഞങ്ങൾ ഉദ്ദേശം ഒരു 500 ഇന് അകത്തു റൂം ആണ് അന്വേഷിച്ചത് എന്നാൽ അവർ 150 രൂപയ്ക്കു കിട്ടുന്ന PWD ഗസ്റ്റ് ഹോബ്സ് കാണിച്ചു തന്നു എന്നിട്ടു അവിടെ പോയി ചോദിക്കു ചിലപ്പോൾ കിട്ടിയേക്കും എന്ന് പറഞ്ഞു. അതെന്തായാലും നല്ലൊരു വാർത്തയായി കറങ്ങി പോകാൻ നിന്ന ഞങ്ങളോട് ദൂരം കൂടുതൽ ആണ് എന്ന് പറഞ്ഞു ഒരു കൊച്ചു കേറ്റം കാണിച്ചു അത് വഴി പോകാൻ ഉപദേശിച്ചു.
നോക്കിയപ്പോൾ ഇത് ചെറുത് കൊള്ളാം കേറാം എന്ന് തീരുമാനിച്ചു . പക്ഷെ കേറി കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എവറസ്റ്റിന്റെ ഉച്ചിയിൽ എത്തിയോ എന്നാണ് . അൾട്ടിട്യൂഡ് പ്രശ്നം എന്താണെന്നു രണ്ടാം തവണ ഞാൻ അറിഞ്ഞു. എന്തായാലും ഏന്തി വലിഞ്ഞു ഞാനും സിമ്പിൾ ആയി ശരത്തും അവിടെ എത്തി. റൂമിന്റെ കാര്യം തിരക്കിയപ്പോൾ അടുത്ത പുകില് റൂം ബുക്ക് ചെയ്യണമെങ്കിൽ കൽപയിലെ PWD ഓഫീസിൽ പോണം .കേറി വന്ന കേറ്റം കണ്ടതും മറ്റൊന്നും ചിന്തിച്ചില്ല ചേട്ടായീ എങ്ങനേലും ഒരു മുറി തായോ എന്ന് കെഞ്ചി.എന്തോ ഒരു സഹതാപത്തിന്റെ പുറത്തു അദ്ദേഹം പറഞ്ഞു നേരം വെളുക്കുമ്പോൾ തന്നെ പൊയ്‌ക്കോണം അങ്ങനെ ആണെങ്കിൽ താമസിച്ചോളാൻ പറഞ്ഞു . സന്തോഷത്തിനു മറ്റെന്തു വേണം വലിയൊരു മുറി അറ്റാച്ഡ് ബാത്രൂം വാടക 150 പ്ലസ് ഫുഡ് ഫ്രീ. എന്തായാലും കുളിച്ചു ഫ്രഷ് ആയി ഞങ്ങൾ അവിടുത്തെ മാർക്കറ്റ് ഒകെ ഒന്ന് കണ്ടു വരം എന്ന് കരുതി ഇറങ്ങി അപ്പോഴാണ് അത് കാണുന്നത് അങ്ങ് ദൂരെ മഞ്ഞു മൂടി നിൽക്കുന്ന കിന്നൗർ കൈലാസം.അത് കുറച്ചു കൂടി ഉന്മേഷം നൽകി അപ്പൊ ഞമ്മക്കൊരു പൂതി ഒരു കിന്നൗർ തൊപ്പി വാങ്ങണം! പിന്നെ നടത്തം അതും അന്വേഷിച്ചായി എന്തായാലും കുറച്ചു നടന്നാലും സാധനം കിട്ടി 350 രൂപ ഠിം. തിരിച്ചു വരുമ്പോൾ വീണ്ടും പ്രശ്‌നം അങ്ങാടിയിലേക്ക് പോകുമ്പോൾ മൊത്തം ഇറക്കമായിരുന്നു സിമ്പിൾ ആയി ഇറങ്ങി ഇനി ഇത് മുഴുവൻ തിരിച്ചു കേറണം. ശരത്തിന്റെ ഉപദേശവും കൂടെ ഒരു കുപ്പി വെള്ളത്തിന്റെ പിൻബലത്തിൽ തിരിച്ചു ഹോട്ടലിലെത്തി .ആ തണുപ്പത്തും ഞാൻ വിയർത്തു കുളിച്ചു!!
അടുത്ത ദിവസം കാലത്തു അഞ്ചു മണിക്ക് ആണ് സ്പിതിയുടെ ആസ്ഥാനമായ കാസയിലേക്കു ബസ് അതിന്റെ വിവരങ്ങൾ എല്ലാം അന്വേഷിച്ചു മനസിലാക്കി ഗസ്റ്റ് ഹൌസിലെ ചേച്ചി ഉണ്ടാക്കി തന്ന മനോഹരമായ ചോറും ദാലും കൂട്ടി വയറു നിറയെ കഴിച്ചു പുള്ളികാരനു വാടകയും കൊടുത്തു കൂടെ ഒരു നൂറു രൂപ കൂടുതലും കൊടുത്തിട്ടു ഞങ്ങൾ നാളെ രാവിലെ കാണില്ല നേരത്തെ പോകും എന്ന് യാത്രയും പറഞ്ഞു സുഖായി ഉറങ്ങി. കിടക്കേണ്ട താമസം നിദ്ര കടാക്ഷം ഉടൻ തന്നെ കിട്ടി.
Day One Travel - 10/08/2018 - 08:10 pm HRTC bus from Delhi to Reckong Peo (585 Km - 17 + Hr Journey)
Reached Reckong Peo - 11/08/2018 - 06:00 Pm
Routes Traveled - Delhi - Shimla - Rampur - Reckong Peo
KV.Vishnu
06/10/2018
No comments:
Post a Comment