Saturday, 25 January 2020

ഹിമവൽ സ്മൃതികൾ


കണ്ണ് കൊണ്ട് തന്നെ മുഴുവൻ ആസ്വദിക്കാൻ അസാധ്യമായ ഒന്നിന്നെ കേവലം വക്കുകൾ  കൊണ്ട് എങ്ങനെ വിവരിക്കും ?

"ഹിമവാൻ"! രണ്ടായിരത്തി അഞ്ഞൂറോളം കിലോമീറ്റെർ നീളത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ചൈന ഇന്ത്യ നേപ്പാൾ ഭൂട്ടാൻ എന്നിങ്ങനെ ആറോളം രാജ്യങ്ങളിലൂടെ പടർന്നു നിൽക്കുന്ന ലോകാത്ഭുതം. ഒരേ സ്ഥലത്തിന് തന്നെ ഓരോ ഋതുവിലും ഓരോ മുഖമാണ് പക്ഷെ ഹിമവാന് ഒരേ ഋതുവിൽ തന്നെ പല മുഖങ്ങളും രൂപങ്ങളും ആണ് ! നൂറാം  വയസ്സിലും ചിത്രൻ നമ്പൂതിരിപ്പാടിനെ തന്നിലേക്ക് ആകർഷിക്കാൻ ഹിമവാന് കഴിയുന്നുവെങ്കിൽ അവിടെ എന്തോ ഒന്ന് ഉണ്ട് അതറിയുവാൻ പക്ഷെ നൂറു തവണ ഹിമാലയൻ യാത്ര നടത്തിയാലും സാധിച്ചെന്നു വരില്ല ! 

വെറും മൂന്നു വട്ടം സന്ദർശിച്ച എനിക്ക് ആയുഷ്കാലത്തിലേക്കുള്ള ഓർമ്മകൾ സമ്മാനിച്ച സ്വപ്ന ഭൂമികയാണ് ഹിമാലയം! മൂന്നല്ല മുന്നൂറു വട്ടം ഇനിയും സന്ദർശിക്കാൻ വിളിച്ചു കൊണ്ടിരിക്കുന്ന ഭൂമിക.  ഒരിക്കലും പിടിതരാത്ത സൗന്ദര്യവും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങളുമായി ഹിമവാൻ എന്റെയുള്ളിൽ അലിഞ്ഞിരിക്കുന്നു. 

സൗന്ദര്യത്തിനു പൂർണതയുണ്ടെങ്കിൽ അതിനു പൗർണ്ണമിയുടെ രൂപമായിരിക്കും എന്നായിരുന്നു എന്റെ വിശ്വാസം എന്നാൽ ഹനുമാൻ ടിബ്ബക്ക് മുകളിൽ പൊട്ടു ചാർത്തിയ പോലെ വാർതിങ്കളിനെ കണ്ടതിനു ശേഷം ഹിമവാന്റെ സാനിധ്യമില്ലാതെ ഞാൻ കാണുന്ന ഓരോ പൗർണ്ണമിയും എനിക്കപൂർണമായി തോന്നുന്നു ! സ്പിതി താഴ്വരയിലെ നക്ഷത്ര കൂട്ടം നോക്കി തണുപ്പിനെ പോലും മറന്നു നട് റോഡിൽ കിടന്നതും, ഹിമവാൻ മതിലുകെട്ടിയ റോള കോലി താഴ്‌വരയിൽ സെപ്റ്റംബറിലെ ഐസ് മഴയിൽ നനഞ്ഞതും,മഞ്ഞിൻ കിരീടമണിഞ്ഞു നിൽക്കുന്ന മക്ലെയോദ്ഗഞ്ചിലെ ദൗലധർ പർവത നിരകൾ,ലാങ്‌സയിലെ ഹിമവാന്റെ മടിത്തട്ടിത്തിലിരുന്നു ധ്യാനിക്കുന്ന ബുദ്ധ പ്രതിമ. സ്പിതി താഴ്‌വരക്കു കിരീടം ചാർത്തിയ പോലെയുള്ള കീ മൊണാസ്ട്രിയും ഗ്രാമവും.ലാങ്‌സായിലേക്കുള്ള വഴിയിൽ എനിക്ക് ഫോസിലുകൾ വിറ്റ ഒരു മുത്തശ്ശി,മൊണാസ്ട്രിക്കുളിൽ ചിരിച്ചു കൊണ്ടു സ്വീകരിച്ചു കഥകൾ പറഞ്ഞു തന്ന ബുദ്ധ സന്യാസി അദ്ദേഹം നൽകിയ ഗ്രീൻ ടീ. മഴ പെയ്തു കുഴഞ്ഞ റോഡിലൂടെ ഉയരത്തിനോടുള്ള എന്റെയുള്ളിലെ പേടിയെ ഇല്ലാതാക്കിയ ബൈക്ക് യാത്ര. കുതിരകളും പശുക്കളും ഇടയന്മാരില്ലാതെ സ്വതന്ത്രമായി മേയുന്ന പർവതശൃംഗങ്ങൾ .

ഇങ്ങനെ എണ്ണിയാൽ തീരാത്ത ഓർമ്മകളും കഥകളും എന്റെ ഈ കൊച്ചു യാത്രകളിലൂടെ ഹിമവാൻ എനിക്ക് സമ്മാനിച്ചു ! മനസ്സിലെ ഞാനെന്ന ഭാവം ഹിമവാന് മുന്നിൽ അഴിഞ്ഞു വീഴുന്ന എത്രയോ സന്ദർഭങ്ങൾ വന്നു  ഈ കൊച്ചു യാത്രകളിൽ. മനുഷ്യൻ തൃണ തുല്യമായി പകച്ചു നിൽക്കുന്ന ദൈവീക ചൈതന്യം ഞാൻ അനുഭവിച്ചു.ഓരോ യാത്ര കഴിയുമ്പോളും ദുഃഖം ഘനീഭവിച്ച മനസോടെയല്ലാതെ ആ അത്ഭുതത്തിനോട് വിട പറയുവാൻ സാധിച്ചിട്ടില്ല.അടുത്ത തവണ വീണ്ടും കാണുന്ന വരെയും ആ ദുഃഖം അവിടെ നിറഞ്ഞു നിൽക്കും. ആദ്യത്തെ യാത്ര കിഴക്കൻ സൻസ്കാർ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന   സ്പിതി  താഴ്വരയിലെ പ്രാചീന ബുദ്ധ വിഹാര കേന്ദ്രങ്ങളും ഒരിക്കലും  വറ്റാതെയൊഴുകുന്ന സ്പിതി നദി താഴ്വരയും തേടി ആയിരുന്നു അടുത്തത് പിർപാഞ്ചാൽ മല നിരകളിൽ ഒളിപ്പിച്ച ഭൃഗു എന്ന അത്ഭുത തടാകം തേടി അത് കഴിഞ്ഞു ദൗലധർ മല നിരകളുടെ മടിയിലായി സ്ഥിതി ചെയ്യുന്ന മക്ലിയോഡ്ഗഞ്ജ് എന്ന കൊച്ചു പട്ടണത്തിലേക്കു ! ഇവിടെയെല്ലാം പോയെങ്കിലും കണ്ടു കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആവുന്നില്ല കാരണം ഇവിടെയെല്ലാം കണ്ട കാഴ്ചകളേക്കാൾ കാണാതെ പോയ കാഴ്ചകൾ ആണ് കൂടുതൽ.

അടുത്ത യാത്രക്കുള്ള സ്വപ്നത്തിലാണ് ഇപ്പോൾ ഉത്തരകാശി, ഗംഗോത്രി, യമുനോത്രി, കേദാരം, മുൻസിയാരി ,നാഗ് ടിബ്ബ, കേദാർകാന്ത, ഹര് കി ഡൂൺ, ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ മനസ്സിൽ വന്നു പോകുന്നു പക്ഷെ  എനിക്കെങ്ങോട്ടാണ് പോകേണ്ടത് എന്ന തീരുമാനം പ്രകൃതിക്കു നൽകുന്നു !

Kv.Vishnu
25/01/2020

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...