Sunday, 24 February 2019

സ്പിതി താഴ്വര - 4 (My Trip to Spiti Valley)

ആത്മവിശ്വാസത്തിന്റെ ഹൈപിൽ ആണ് അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചത് . ഈ ഒരു ബൈക്ക് യാത്ര വല്ലാത്തൊരു ആത്മവിശ്വാസമാണ് എന്നിലുണ്ടാക്കിയത് .രാത്രി തിരിച്ചെത്തിയതും അടപ്പിളകിയ ആ സ്കൂട്ടർ മാറ്റി പുതിയത് വാങ്ങി. അടുത്ത ദിവസം മഴ ഒഴിഞ്ഞു നിന്നതു കാരണം തന്നെ റോഡ് എല്ലാം ഏറെ കുറെ പൂർവ സ്ഥിതിയിൽ ആയി കഴിഞ്ഞിരുന്നു. തലേന്ന് തന്നെ സുധീർ കീ യാത്ര പൂർത്തീകരിച്ചത് കൊണ്ട് ഞങ്ങൾ മൂന്ന് പേരും മാത്രമാണ് കീ ഗോമ്പ (KEY MONASTERY) കാണാൻ പുറപ്പെട്ടത്.

KEY MONASTERY:  സമുദ്ര നിരപ്പിൽ നിന്നും പതിമൂവായിരം അടിക്കു മുകളിൽ (13668 Ft) സ്ഥിതി ചെയുന്ന ഒരു ഗ്രാമവും അതിന്റെ ഏറ്റവും മുകളിൽ ആയി മൊണാസ്റ്ററിയും ചേർന്നതാണ് കീ ഗ്രാമം കാസയിൽ നിന്നും ഏകദേശം പതിനാലു കിലോമീറ്റർ ദൂരം ഉണ്ട് ഇങ്ങോട്ടു. പതിനൊന്നാം നൂറ്റാണ്ടിൽ ആണ് ഇതിന്റെ നിർമാണം നടന്നത് എന്ന് കരുതപ്പെടുന്നു. ആയിരത്തിലേറെ വർഷത്തെ പാരമ്പര്യം ഉള്ള ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ ഇവിടെ ഞങ്ങളെ കാത്തിരുന്നത് കാഴ്ചയുടെ മേള പൂരങ്ങൾ ആയിരുന്നു .

പ്രാർത്ഥന നടക്കുന്ന സമയം ആണ് ഞങ്ങൾ അവിടെ എത്തി ചേരുന്നത് ബുദ്ധ സന്യാസിമാർ വരി വരിയായി ഇരുന്നു കയ്യിൽ ഉള്ള പുരാതന ഗ്രന്ഥങ്ങളിൽ നോക്കി ടിബറ്റൻ ഭാഷയിൽ  പ്രാർത്ഥനകൾ ചൊല്ലുന്നു. സൂചി വീണാൽ കേൾക്കുന്ന ആ നിശ്ശബദ്ധമായ പ്രാർത്ഥന മുറിക്കുള്ളിൽ മുഴുങ്ങുന്നതു ഈ മന്ത്രങ്ങൾ മാത്രം. എന്നാൽ കുറച്ചു നേരം മാത്രമേ അവരുടെ കൂടെ ഇരിക്കാൻ കഴിഞ്ഞുള്ളു ഞാൻ പ്രാർത്ഥന തീരും മുൻപേ പുറത്തേക്കിറങ്ങി അവിടെ സൃഷ്ടിക്കപ്പെട്ട ആ ഊർജ പ്രവാഹത്തെ സ്വീകരിക്കാൻ ശരീരത്തിനു കഴിയുന്നില്ല എന്ന് തോന്നി.സമാനമായ അനുഭവം തന്നെ കൂടെ വന്ന പൂജക്കും തോന്നി എന്നത് ആശ്ചര്യത്തോടെ മാത്രമേ ഇന്നും ഓർക്കാൻ കഴിയുന്നുള്ളു . മെഡിറ്റേഷൻ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നതിനും ഊർജം സംഭരിക്കുന്നതിനും എല്ലാം സാധ്യമായ ഒരു രീതി ആണ് മെഡിറ്റേഷൻ അഥവാ ധ്യാനം . ബുദ്ധ സന്യാസിമാരുടെ ദിനചര്യകളിൽ ഒന്ന് മാത്രമാണ് നമ്മൾക്ക് ഏറെ വിഷമകരമായ ഈ മെഡിറ്റേഷൻ.  ഒരു പക്ഷെ ഇത്രയധികം സന്യാസിമാരിൽ നിന്നും വന്ന ആ ഊർജ്ജമാവാം എന്റെ ശരീരത്തെ ബലഹീനമായ പോലെ തോന്നിപ്പിച്ചത്. അതിന്റെ യാഥാർഥ്യം  എനിക്കറിയില്ല എന്നത് മാത്രമാണ് സത്യം. പ്രാർത്ഥന തീർന്നു പുറത്തേക്കു എല്ലാരും വന്നപ്പോൾ സ്പിതി നിവാസിയായ ഒരു ചെറുപ്പക്കാരനെ പരിചയപെട്ടു ഏതോ ഒരു സംഘത്തിന്റെ കൂടെ ഗെയ്ഡ് ആയി വന്നതാണ് ആ ചെറുപ്പക്കാരൻ.

ഈ  മൊണാസ്റ്ററിയെ കുറിച്ച് എന്റെ സംശയങ്ങൾക്ക് സന്തോഷത്തോടെ മറുപടി പറഞ്ഞു തന്ന അദ്ദേഹം  ഞങ്ങളെ ഒരു ലാമയുടെ പക്കലേക്കു കൂട്ടി കൊണ്ട് പോകാം എന്നും  ലാമ ഞങ്ങളെ അവിടം മുഴുവൻ ചുറ്റി കാണിക്കും എന്നും പറഞ്ഞു. പക്ഷെ എന്തോ എനിക്ക് പെട്ടെന്ന് തോന്നി സമയം കഴിഞ്ഞത് കൊണ്ട് ഞങ്ങൾ മൂന്നു പേർക്കും മാത്രമായി ആരെങ്കിലും സമയം കളഞ്ഞു കൂടെ വരുമോ? എന്തായാലും പോയി നോക്കുക എന്ന നിശ്ചയത്തോടെ പോയി അദ്ദേഹത്തോട് മോണസ്റ്ററി കാണാൻ വന്നതാണെന്നും എന്നാൽ മുറികൾ എല്ലാം അടഞ്ഞു കിടക്കുന്നു അതെല്ലാം കണ്ടാൽ കൊള്ളാമെന്നുണ്ട് എന്ന് ആഗ്രഹം പറഞ്ഞതും "ഇല്ല" എന്ന ഉത്തരം പ്രതീക്ഷിച്ച എന്നെ തോൽപ്പിച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ ആ യുവസന്യാസി  താക്കോൽ കൂട്ടവും എടുത്തു കൂടെ വരികയും .പ്രധാന മുറികൾ ആയ Tangyur എന്ന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യൂറൽ പെയിന്റിങ്ങുകൾ ബുദ്ധമത ഗ്രന്ഥങ്ങൾ. kardhung എന്ന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ മൊണാസ്ട്രിയിലെ ആദ്യ ഗുരുക്കന്മാരിൽ മുഖ്യ ലാമയുടെ ബൗദ്ധികശേഷിപ്പുകൾ,ഇന്നത്തെ ദലൈലാമ വന്നാൽ വിശ്രമിക്കാറുള്ള xecheim എന്ന പേരുള്ള മുറി എല്ലാം തന്നെ യഥേഷ്ടം സമയം എടുത്തു കണ്ടു മനസിലാക്കുവാൻ ഞങ്ങളെ സഹായിച്ചു പിന്നെ ഏറ്റവും പുരാതനവും വലുതും ആയ  ബുദ്ധിസ്റ്റുകളുടെ പ്രാർത്ഥന മണിയും അതിൽ പ്രാര്ഥിക്കേണ്ട രീതിയും എല്ലാം അദ്ദേഹം ക്ഷമയോടെ പറഞ്ഞു തന്നു.

ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങുന്നതിനു മുൻപ് ഞങ്ങളെ കൂട്ടി കൊണ്ട് പോയി മൂന്ന് പേർക്കും അതി മനോഹരവും സ്വാദിഷ്ഠവുമായ ഗ്രീൻ ടീ സമ്മാനിക്കുകയും ചെയ്തു.അവരുടെ ഈ പെരുമാറ്റം, വിനയം, സഹജീവി സ്നേഹം എല്ലാം എന്നിൽ വീണ്ടും വീണ്ടും ബുദ്ധനോടുള്ള പ്രണയം വർധിപ്പിച്ചു.ആത്മീയത കച്ചവടമാക്കിയ ഈ കാലഘട്ടത്തിൽ ഒരു രൂപ പോലും പ്രതീക്ഷിക്കാതെ തീർത്തും അന്യരായ ഞങ്ങളോട് അദ്ദേഹം കാണിച്ച ഈ ആതിഥ്യ മര്യാദ ചിന്തിപ്പിക്കുകയും ഒപ്പം മനസിനെ വളരെ സന്തോഷിപ്പിക്കുകയും ചെയ്തു.അവർ (ലാമമാർ) ബുദ്ധൻ എന്ന ഗുരുവിനെ  മാത്രമല്ല അദ്ദേഹം പഠിപ്പിച്ച സന്ദേശങ്ങളെയും മൂല്യങ്ങളെയും കൂടെ ആണ് ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നത് .അവിടെ ഏറ്റവും സുന്ദരമായൊരു കാഴ്ച അവിടുത്തെ ഗുരുകുല പഠനം ആയിരുന്നു കുഞ്ഞു ലാമമാർ അവരുടെ പ്രാർത്ഥന ഗ്രന്ഥങ്ങൾ പഠിക്കുന്നു ഗുരുവായി മുതിർന്ന ഒരു ലാമയും കൂടെ ഉണ്ട് അദ്ദേഹം അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു കയ്യിൽ ഒരു വടി ഉണ്ടെങ്കിലും ആരെയും അടിക്കുന്നതൊന്നും കണ്ടില്ല. ഇത് ടിബറ്റൻ പ്രാർത്ഥനകളും ബുദ്ധ മത പഠന ഗുരുകുലവും മാത്രമാണെന്നും തൊട്ടപ്പുറത്തെ സ്കൂളിൽ ആണ് എട്ടാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം ഗ്രാമവാസികൾക്കായി ഒരുക്കിയിരിക്കുന്നത് എന്നും ആ ബുദ്ധ സന്യാസി പറഞ്ഞു തന്നു . അതും മൊണാസ്റ്ററിയുടെ കീഴിൽ ആണെന്നത് അവർ മതത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക ഉന്നമനം കൂടെ ലക്‌ഷ്യം വെക്കുന്നു എന്നതിന് തെളിവാണ് ഉദാഹരണമാക്കെണ്ട ഒന്നും ആണ്.


അതിജീവനത്തിന്റെ ഒരു കഥ കൂടെ പറയുവാൻ ഉണ്ട് ഈ മൊണാസ്ട്രിക്കും ഗ്രാമത്തിനും. പതിനേഴാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണം  ദോഗ്ര പട്ടാളത്തിന്റെ ആക്രമണം സിഖ് പട്ടാളത്തിന്റെ ആക്രമണം തുടങ്ങി അനേകം യുദ്ധങ്ങളും കൂടെ കണ്ടതാണ് ഈ മൊണാസ്ട്രിയും ഗ്രാമവും.അതിനെ എല്ലാം അതി ജീവിച്ചു ഇന്നും നിലകൊള്ളുന്നു കീ ഗോമ്പയും ഗ്രാമവും കൂടുതൽ മനോഹാരിയായി "സ്പിതിക്കു ചാർത്തിയ കിരീടം പോലെ". ഈ യുദ്ധങ്ങളുടെ എല്ലാം സ്മാരകം എന്നോണം തിരികെടാത്ത ഒരു വിളക്കു കത്തിച്ചു വെച്ചിട്ടുണ്ട് മുകളിൽ ഗോമ്പയിൽ  രക്തസാക്ഷികൾ ആയവർക്കുള്ള ആദരവായി. ഒരു യുഗത്തിലേക്കുള്ള ആ പ്രയാണം അവസാനിപ്പിച്ച് ഞങ്ങൾ  കുസൃതികളായ മെറൂൺ മേലങ്കി അണിഞ്ഞ കുഞ്ഞു ലാമമാർക്കു കയ്യിൽ കരുതിയ മിട്ടായിയും ഡ്രൈ ഫ്രൂട്സും സമ്മാനിച്ച് ഏകദേശം രണ്ടു മണിക്കൂറിനു ശേഷം കീ ഗോമ്പയോട് വിട പറഞ്ഞു. “എന്നെ സ്പിതിയിലേക്ക് ആകർഷിച്ച ആദ്യ വിസ്മയം”.വീണ്ടും എന്നെങ്കിലും വരാം എന്ന വാക്കു മാത്രം ബാക്കിയാക്കുന്നു!!                  

Kibber Village: കീ യിൽ നിന്നും നേരെ അടുത്ത യാത്ര കിബ്ബർ എന്ന ഗ്രാമത്തിലേക്കായിരുന്നു സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ഗ്രാമം കൂടാതെ  മനോഹരമായ  ഹിമാലയൻ വന്യ ജീവി സമ്പത്തും അടങ്ങിയതാണ് കിബ്ബർ ഗ്രാമം .ഹിമാലയൻ താർ (IBEX), മഞ്ഞു പുലി(Snow Leopard)  , ഹിമാലയൻ കുറുക്കൻ (Red Fox) , കഴുകൻ തുടങ്ങി അപൂർവങ്ങളിൽ അപൂർവമായ വന്യ ജീവികൾ ഉള്ള സ്ഥലമാണ് കിബർ ഗ്രാമം . എന്നാൽ ഞങ്ങൾക്ക് ഭയങ്കര ഭാഗ്യം ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനെയും കാണാൻ  പറ്റിയില്ല . വലിയ ഗ്രാമം എന്ന് പറയാമെങ്കിലും അടുത്തുള്ള ഒരാശുപത്രിയിലേക്കു പോകാൻ പത്തിരുപതു കിലോമീറ്റർ മലമടക്കിലൂടെ വണ്ടിയോടിച്ചു കാസയിൽ എത്തണം. അര മണിക്കൂർ വിശ്രമത്തിനും കുറച്ചു ഫോട്ടോസുമെടുത്ത ശേഷം  അടുത്ത ലക്ഷ്യം ആയ ചിചെമ് പാലം കാണുവാൻ വണ്ടിയും എടുത്തു പുറപ്പെട്ടു.

ചിചെമ് ബ്രിഡ്‌ജ്‌ (Chichem Bridge) - ഏഷ്യയിൽ ഏറ്റവും ഉയർന്ന അൾട്ടിട്യൂഡ് സ്ഥലത്തു നിർമ്മിക്കെട്ടിട്ടുള്ള പാലം എന്ന റെക്കോർഡിന് ഉടമ. എന്നാൽ അതൊരു റെക്കോർഡിൽ ഉപരിയായി ചിചെമ് ഗ്രാമ നിവാസികൾക്ക്‌ ലഭിച്ച വലിയൊരു അനുഗ്രഹമാണ്  എന്നതാണ് അതിന്റെ പ്രത്യേകത വർധിപ്പിക്കുന്നത്. വർഷങ്ങൾ ആയി റോപ് വെയ് ഉപയോഗിച്ച് പോന്നിരുന്ന ചിചെമ് ഗ്രാമ നിവാസികൾക്ക്‌ അതിൽ നിന്നുമുള്ള മോചനം ആണ് ബെയ്‌ലി മാതൃകയിൽ രണ്ടു മലകളെ ബന്ധിപ്പിച്ചു നിർമ്മിച്ചിട്ടുള്ള ഈ ബ്രിഡ്ജ് .ചിചെമിന്റെ പ്രാഥമിക സൗകര്യങ്ങൾക്ക് അവർക്കുണ്ടായിരുന്നു ഏക ആശ്രയം കാസ പട്ടണമാണ്   അവിടെക്കെത്താൻ  ആണെങ്കിലോ ആദ്യം കിബ്ബറിൽ എത്തണം അതിനു ആശ്രയിച്ചിരുന്നത് റോപ്പ് വേയും!! ഏതാനും വർഷങ്ങൾക്കു  മുൻപ് അത് തകർന്നു പോവുകയും  അതിനു ശേഷമാണു മലകളെ ബന്ധിപ്പിച്ചു ഈ പാലം പണിയുന്നത് . എന്തായാലും അതിലൂടെ അവരുടെ വലിയൊരു ദുരിതം ആണ് ഇല്ലാതായത് .പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ഇങ്ങനെയൊരു അഭിമാന സൃഷ്ട്ടി നടത്തിയ രാജ്യത്തിൻറെ യശസ്സിനെക്കാൾ അവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചിന്തിച്ചു പോകുന്നു. വൈകി ആണെങ്കിലും സൗകര്യമൊരുക്കി കൊടുത്ത സർക്കാരുകൾക്ക് നന്ദി.

Star Gazing @ Rangrik -
നാലാം ദിവസത്തെ യാത്ര നേരത്തെ തീർന്നു വൈകുന്നേരത്തിനു മുൻപ് ഞങ്ങൾ കാസയിൽ തിരിച്ചെത്തി അന്ന് ഭക്ഷണം കഴിഞ്ഞു കിടന്നു ഉറക്കം തഴുകി തുടങ്ങുന്ന നേരത്താണ് ശരത് ഓടി വന്നു ഇന്ന് മേഘങ്ങൾ ഒഴിഞ്ഞു നിൽക്കുന്നു എന്നും നമ്മൾക്ക് സ്റ്റാർ ഗെയ്‌സിംഗ് കാണാം എന്നും പറഞ്ഞു വിളിക്കുന്നത് വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന സുധീറും പൂജയും ഉടനടി മറ്റൊന്ന് ചിന്തിക്കാതെ "ഓക്കേ" എന്ന് പറഞ്ഞു എന്നാൽ ഉറക്കം അതിന്റെ മനോഹാരിതയിലേക്കു വിളിക്കുമ്പോൾ നമ്മക്കെന്തു സ്റ്റാർഗെയ്‌സിംഗ് !! ഞാനും മുൻ പിന് നോക്കാതെ പറഞ്ഞു "നോ".എന്നാൽ ആ "നോ" ക്കു ഞാൻ നൽകേണ്ടിയിരുന്ന വില മനസിലാക്കാൻ ശരത്തിന്റെ നിർബന്ധത്തിനു വഴങ്ങി പുറത്തെത്തി ആകാശത്തോട്ടു ഒന്ന് നോക്കേണ്ട നേരം മാത്രം മതിയായിരുന്നു.ആകാശ വിസ്മയം എന്ന ഒരു വക്കിൽ വിശേഷിപ്പിക്കാവുന്ന പ്രതിഭാസം അതിനു മുൻപിൽ എന്തുറക്കം അല്ലെങ്കിലും ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നു ഉറങ്ങിയാൽ പോരെ ഇത്ര ദൂരം ഇത്ര പ്രയാസപ്പെട്ടു ഇങ്ങോട്ടു വരണോ എന്നെ അരസികൻ ആക്കി മാറ്റിയ ആ മടിയെ ആലോചിച്ചു പുച്ഛം മാത്രം.

ഞങ്ങൾ ബൈക്കും എടുത്തു റാൻഗ്രിക്കിലേക്കു പുറപ്പെട്ടു വഴിയിൽ നീളെ ആ ആകാശ വിസ്മയം കൂട്ടിനും . സ്പിതി നദിയോട് ചേർന്ന് കിടക്കുന്ന വിശാലമായൊരു താഴ്വരയാണ് റാൻഗ്രിക്.തണുപ്പ് മൂന്നടുക്കു വസ്ത്രത്തെയും ഭേദിച്ച്  ശരീരത്തിലേക്ക് കടക്കുന്നുണ്ട് എന്നാൽ കൺ മുന്നിൽ ഈ ഒരു വിസ്മയം ഉള്ളപ്പോൾ ആരറിയുന്നു തണുപ്പ് .നിലത്തങ്ങനെ ആകാശവും മില്കിവെയും നോക്കി കിടന്നു കൂട്ടിനു ചുറ്റിനും നഗ രാജാക്കന്മാരായ പർവത  ശ്രെഷ്ഠന്മാരും ദൂരെ നദിക്കു അക്കരെ കീ ഗ്രാമവും മാത്രം .അമൂല്യ രത്ന വൈഡൂര്യങ്ങൾ  അടങ്ങിയ നിധി വാരി വിതറിയ  പോലെ പല നിറങ്ങളിൽ മിന്നി തിളങ്ങുന്ന നക്ഷത്ര കൂട്ടം. ഉയർന്ന അൾട്ടിട്യൂടുകളിൽ മാത്രമേ ഈ സൗന്ദര്യം ദർശിക്കുവാൻ കഴിയു. ഈ പ്രപഞ്ചം മുഴുവൻ കൺ മുന്നിൽ തെളിഞ്ഞു വന്നത് പോലെ കോരിത്തരിപ്പിക്കുന്ന ദൃശ്യ വിസ്മയം നിശബ്‌ദതക്കു സംഗീതം ഉണ്ടെന്നു തിരിച്ചറിഞ്ഞ യാത്ര!! എത്ര നേരം കിടന്നു എന്നറിയില്ല തിരിച്ചു പോകാൻ മനസ്സ് ഒട്ടും തന്നെ ഇല്ല മണിക്കൂറുകൾ ജെറ്റ് കണക്കെ പാഞ്ഞു പോയി കൊണ്ടിരുന്നു ഒടുവിൽ ആ നക്ഷത്ര കൂട്ടങ്ങളോടും നന്ദി പറഞ്ഞു തിരിച്ചു മുറിയിലേക്ക് പോയി!!     .

Routes Covered on 14/08/2018
Kaza to Key Monastery – 14 km
Key monastery to kibber – 8 Km
Kibber To chicham – 11 Km
Chicham to Kaza – 19 Km
At Night KAza to Rangrik – 8 km

KV.Vishnu
23/02/2019

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...