ഓരോ യാത്രകളും ഓരോ പാഠ പുസ്തകങ്ങൾ ആണ് സ്വയം തിരിച്ചറിയാൻ , നമ്മുടെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാനും ഓരോ യാത്രയും അവസരം നൽകുന്നു. ആദ്യം ഒരു മരവിപ്പായിരുന്നു എങ്കിൽ പിന്നീട് ശരത് തന്ന ധൈര്യത്തിൽ അവൻ പറഞ്ഞ കാര്യത്തിന് സമ്മതം മൂളി.നാല് പേരായതു കാരണം ഒരു വണ്ടി കൂടെ വേണം അത് നീ ഓടിക്കണം എന്ന് പറഞ്ഞപ്പോ "സത്യത്തിൽ എന്റെ തലമണ്ടക്ക് അടിച്ച പോലെ ആയിപ്പോയി" വെറുതെ നടന്നു പോകുമ്പോ താഴേക്ക് നോക്കിയാ മതി തല ചുറ്റി പോകും എനിക്ക് ആ ഞാൻ എങ്ങനെ ആ വഴികളിലൂടെ വണ്ടി ഓടിക്കും അറിയില്ല ! ആകെ എന്റെ ഡ്രൈവിങ് അനുഭവം എന്ന് പറയുന്നത് മൂന്നോ നാലോതവണ വെസ്പയും കൊണ്ട് കുനിശ്ശേരിയിലും ആലത്തൂരുമൊക്കെയായി ഓടിച്ചിട്ടുണ്ട് എന്ന് മാത്രമായിരുന്നു . എന്തായാലും അവന്റെ നിര്ബന്ധ പ്രകാരം ഒരു വണ്ടി കൂടെ എടുക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു ആക്ടിവ അങ്ങട് എടുത്തു ഇനി എല്ലാം പപ്പനാവന്റെ കയ്യില് എന്ന് വിചാരിച്ചു.
കാലത്തു ചെറു ചൂട് വെള്ളത്തിൽ കുളിയും കഴിച്ചു (wanderers Nest) നിന്നും ചെക് ഔട്ട് ചെയ്തു സാധനങ്ങളും എടുത്തു ഇറങ്ങിയപ്പോൾ തലേന്ന് തൊട്ടപ്പുറത്തെ മല മുകളിൽ കണ്ട ആ അതിഥി മുറ്റത്തെത്തി "മഴ". വളരെ കുറച്ചു മാത്രമേ മഴ ഇവിടെ പെയ്യാറുള്ളൂ എന്നാൽ അത് ഞങ്ങൾ പോയ ദിവസം തന്നെ വന്നത് എന്തോ മുൻ വൈരാഗ്യത്തിന്റെ പുറത്താണോ എന്ന് തോന്നി പോയി. കാലത്തു ഒൻപതു മണിക്ക് തുടങ്ങാം എന്ന് കരുതിയ യാത്ര നീളാൻ തുടങ്ങി .ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ കേറി ബ്രേക്ഫാസ്റ് തുടങ്ങിയപ്പോൾ പൂജയും സുധീറും കൂടെ അവിടെ ഞങ്ങളുടെ കൂടെ ചേർന്നു. ഒന്ന് രണ്ടു മണിക്കൂർ പിന്നിട്ടിട്ടും മഴ നിൽക്കുന്ന ലാഞ്ചന പോലും ഇല്ല . പിന്നെ ഒരു കാര്യം പറയാൻ വിട്ടു മഴ എന്ന് പറയുമ്പോ നമ്മടെ നാട്ടിൽ കർക്കടകത്തിലെ തിരിമുറിയാതെ തുള്ളിക്ക് ഒരു കുടം മഴയൊന്നും അല്ല "ചാറ്റൽ" പക്ഷെ യാത്ര കുളമാവാൻ അത് തന്നെ ധാരാളം. "കീ ഗോമ്പ - ലാങ്‌സാ - ഹിക്കിം" ഈ മൂന്നു സ്ഥലങ്ങൾ ആണ് പ്ലാൻ ചെയ്തിരുന്നത് എന്നാൽ മഴ കാരണം ഹിക്കിം ലാങ്‌സാ റോഡ് കുളമായി എന്നും നാളെ മാത്രമേ അങ്ങോട്ട് യാത്ര നടക്കു എന്നുമാണ് അറിയാൻ കഴിഞ്ഞത്.
ഉച്ചയോടു അടുപ്പിച്ചു ചെറിയൊരു ശമനം ആയപ്പോൾ ഞങ്ങൾ കീ ഗോമ്പ മാത്രം സന്ദർശിച്ചു തിരിച്ചു വരാം എന്ന് തീരുമാനിച്ചു.തല്ലേ ദിവസം താമസിച്ച സ്ഥലത്തു ചെന്ന് സാധനങ്ങളും ബാഗും വെച്ച ശേഷം മൊബൈലും ക്യാമറയും മാത്രം എടുത്തു ഞങ്ങൾ കീ ഗോമ്പ യിലേക്ക് പുറപ്പെട്ടു. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു ആക്റ്റീവയും എടുത്തു ബുള്ളറ്റിൽ ശരത് മുന്നിലും ഞാനും സുധീറും ഓരോ ആക്ടിവകളിൽ പുറകിലുമായി യാത്ര തുടങ്ങി.കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശരത്തിനെ കാണുന്നില്ല സുധീർ ഫോട്ടോ എടുക്കാൻ ആയി വളരെ പുറകിൽ പതുക്കെയാണ് വന്നു കൊണ്ടിരുന്നത്. എന്തായാലും മാപ്പിലെ ഒരു രൂപം വെച്ച് ഞാൻ ഓടിച്ചു പോയി കൊണ്ടേ ഇരുന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശരത് പിന്നാലെ വരുന്നു മൂന്നു നാല് കിമി മുൻപ് വെച്ച് വേറെ വഴിയിൽ കൂടെ ആണ് പോകേണ്ടത് എനിക്ക് വഴി തെറ്റി എന്ന് അവനെ ഫോളോ ചെയ്യാനും പറഞ്ഞു. എന്നാൽ ആ സ്ഥലം എത്തിയപ്പോൾ നേരെ തിരിച്ചായിരുന്നു അവസ്ഥ ഞാൻ പോയിരുന്നത് ആയിരുന്നു കറക്റ്റ് റോഡ് അവൻ പറഞ്ഞ റോഡ് ലാങ്‌സായിലേക്കുള്ളതായിരുന്നു!!.
ലാങ്‌സാ (LAngza) - സമുദ്ര നിരപ്പിൽ നിന്നും 14500 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഒരു ചെറിയ ഹിമാലയൻ ഗ്രാമം ആകെ കൂടെ 137-150 ആളുകൾ ആണ് അവിടുത്തെ താമസക്കാർ.കൃഷി തന്നെ ഉപജീവനം പിന്നെ കന്നുകാലി സമ്പത്തും. ഫോസിൽ വില്ലേജ് എന്നൊരു പേരും കൂടെ ഉണ്ട് അതിനു കാരണം അവിടെ കണ്ടു വരുന്ന ഫോസ്സിലുകളുടെ ധാരാളിത്തം തന്നെ ഗ്രാമീണർ അതും ടൂറിസ്റ്റുകൾക്ക് വിറ്റു കാശു വാങ്ങാറുണ്ട്.ഞങ്ങൾ കുറച്ചു ദൂരം മലയുടെ മുകളിലേക്ക് ഓടിച്ചു കേറിയ ശേഷം ആണ് ഞങ്ങൾ വഴി തെറ്റിയ കാര്യം അറിയുന്നത് .തുടർന്നുള്ള അന്വേഷണത്തിൽ റോഡ് മുഴുവൻ ചെളി കുണ്ടായി മാറി ഈ മഴയിൽ എന്നും എന്നാൽ സൂക്ഷിച്ചു പോയാൽ മതി ലാങ്‌സാ എത്താം എന്ന് അറിയാൻ കഴിഞ്ഞു. ആദ്യമുള്ള കുറച്ചു ദൂരം വലിയ പ്രശനമില്ലായിരുന്നു പരന്ന പ്രതലം വണ്ടി ഓടിക്കാൻ സുഖം മഴയത്തു വഴുക്കൽ ഉണ്ടായിരുന്നു എങ്കിലും പതുകെ ഓടിച്ചു കൊണ്ടിരുന്നത് കൊണ്ട് വല്യ ബുദ്ധിമുട്ടു തോന്നിയില്ല. എന്നാൽ കേറ്റം കേറാൻ തുടങ്ങിയപ്പോൾ എന്റെ ആക്ടിവ പണി തന്നു !!
വഴിയിൽ ഉള്ള ചെളി എല്ലാം കൂടെ പിന് ടയറിൽ കട്ട കുത്തി ടയർ തിരിയുന്നില്ല ഫുൾ അസിക്സിലേറ്ററിൽ പോലും വണ്ടി ഒരു ഇഞ്ചു പോലും അനങ്ങുന്നില്ല എന്ത് ചെയ്യാൻ കാല് കൊണ്ട് തുഴഞ്ഞു തുഴഞ്ഞു പിന്നെയും കുറെ ദൂരം കൂടെ പോയത് മിച്ചം. 14500 അൾട്ടിട്യൂഡിൽ വെറുതെ കയ്യും വീശി നടക്കാൻ തന്നെ ബുദ്ധിമുട്ടാണ് അതിന്റെ കൂടെ ഇത് പോലൊരു വണ്ടിയും കൂടെ ആയാലോ ? ദേഷ്യവും സങ്കടവും എല്ലാം കൂടെ ഒരുമിച്ചു വരാൻ തുടങ്ങി നിയന്ത്രണം തെറ്റി വണ്ടി താഴെ ഇട്ടു നടക്കാൻ തുടങ്ങി അപ്പോഴേക്കും ശരത് എന്നെ കാണാതെ തിരിച്ചു വന്നു അവൻ കുറെ നോക്കിയ ശേഷം ചെളി കാരണം ആണ് വണ്ടി അനങ്ങാത്തതു എന്ന ശാസ്ത്ര സത്യം കണ്ടെത്തുകയും കയ്യും വടിയും ഉപയോഗിച്ച് പൂജയും അവനും കൂടെ വണ്ടി അനങ്ങാവുന്ന പാകത്തിൽ ആക്കി. വീണ്ടും കുറച്ചു ദൂരം മാത്രമേ പോയുള്ളു വാഴുകലും ചെളിയും കാരണം വണ്ടി മുന്നോട്ടു വീണ്ടും പോകാതെ ആയി അവസാനം കേറ്റം വരുന്ന സ്ഥലങ്ങളിൽ വണ്ടിയും തള്ളി കൊണ്ട് നടന്നു കേറേണ്ടി വന്നു.
രണ്ടോ മൂന്നോ കേറ്റങ്ങൾക്കു ഒടുവിൽ ലാങ്‌സാ വരെയും സമ നിലം കിട്ടിയത് കൊണ്ട് വലിയ ബുദ്ധി മുട്ടില്ലാതെ അവടെ വരെ എത്തി. ഇത്രയും കഷ്ടപ്പാടും വിഷമവും ഒക്കെ തോന്നിയെങ്കിലും ഹിമവാന്റെ ആ സൗന്ദര്യത്തിൽ മനസ്സ് ശാന്തമാക്കാൻ താമസമുണ്ടായില്ല.കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം ദൂരെ ആയി ലാങ്‌സായിലെ ബുദ്ധന്റെ പ്രതിമ ദൃശ്യമായി തുടങ്ങി അങ്ങോട്ട് വണ്ടി അടുക്കും തോറും സന്തോഷം കൊണ്ട് ചങ്കിടിപ്പ് ഏറി ഏറി വരാൻ തുടങ്ങി (Adrenaline Rush) എന്ന് കേട്ടിട്ടേ ഉള്ളു ആ നിമിഷം ഞാൻ അനുഭവിച്ചു ,വണ്ടിയിൽ ഇരുന്നു ഉച്ചത്തിൽ വിളിച്ചു കൂവി ഉറക്കെ ചിരിച്ചു പിന്നിട്ട വഴികളിലെ കഷ്ടതകൾക്ക് കിട്ടിയ സമ്മാനം “എന്റെ ലാങ്‌സയിലെ ബുദ്ധന്റെ” ദർശനം! ദൂരെ നിന്നും നോക്കിയാൽ ഹിമവാന്റെ മടിയിൽ ഇരുന്നു ബുദ്ധൻ ധ്യാനിക്കുന്ന പോലെ ഉണ്ടാവും. വണ്ടി രണ്ടും നിർത്തി ഞങ്ങൾ മൂന്നാളും കൂടെ ബുദ്ധന്റെ അടുത്തേക്ക് ചെന്ന് . നേരം ഉച്ച കഴിഞ്ഞെങ്കിലും മഞ്ഞു കാരണം അപ്പോഴും ആറു മാണി ആയ പോലെയേ ഉണ്ടായിരുന്നുള്ളു. കുറച്ചു നേരം ബുദ്ധന്റെ അടുത്തിരുന്നു അദ്ദേഹം നോക്കുന്ന ദിക്കിലേക്ക് നോക്കി ഇരുന്നു !! "മനോഹരം മൂടൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്നു ഹിമവൽ ശൃങ്ഗങ്ങൾ " ഇത്രയും അംബിയെൻസ് ഒത്തു കിട്ടിയിട്ട് ഒരു പാട്ടു കെട്ടിലെങ്കിൽ പിന്നെ ഇത്രയും കഷ്ട്ടപെട്ടതിനു വല്ല കാര്യവും ഉണ്ടോ ? വെച്ച് അങ്ങട് മൊബൈലിൽ ശ്രീവത്സൻ മേനോന്റെ നീലാംബരി രാഗത്തിൽ ഉള്ള സ്വാതി തിരുന്നാൾ കീർത്തനം "ആനന്ദ വല്ലി ..."
ഹിക്കിം : ആനന്ദ വല്ലി കേട്ട് കഴിഞ്ഞതും മനസ്സിൽ വീണ്ടും ഒരു ഉണർവ് വന്നു തുടർന്ന് യാത്ര ചെയ്യാൻ തീരുമാനിച്ചു "മൊബൈൽ ഇന്റർനെറ്റ് " തുടങ്ങിയ സൗകര്യം ഒട്ടും ഇല്ലാത്തതിനാൽ സുധീറിനെ വിളിക്കാനോ എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്കാനോ സാധിച്ചില്ല അത് കൊണ്ട് മനസ്സ് പറയുന്നത് കേൾക്കാൻ തീരുമാനിച്ചു ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന പോസ്റ്റ് ഓഫീസ് ഉള്ള ഹിക്കിമിലേക്കു യാത്ര തുടങ്ങി സമുദ്ര നിരപ്പിൽ നിന്നും 14400 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന മറ്റൊരു കൊച്ചു ഹിമാലയൻ ഗ്രാമം 1983 ആണ് ഇവിടെ ഈ പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. എന്തായാലും അങ്ങോട്ടുള്ള യാത്രയും അതി ദുർഘടം നിറഞ്ഞതായിരുന്നു ലംഗസയിലേക്കുള്ള യാത്ര മദ്ധ്യേ സമനിലം കുറച്ചു ഉണ്ടായിരുന്നു എങ്കിൽ ഹിക്കിമിലേക്കു കയറ്റം മാത്രം നിറഞ്ഞതായിരുന്നു ചെളിയിലുള്ള വഴുക്കലും അപ്പുറത്തു താഴ്ചയും പിന്നെ വണ്ടിയും "ചുമന്നു കൊണ്ടുള്ള നടത്തവും വെറും എട്ടു കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂറിൽ കൂടുതൽ എടുത്തു കാലത്തു 11:30 നു തുടങ്ങിയ യാത്ര വെറും ഇരുപത്തിനാലു കിലോമീറ്റെർ പിന്നിട്ടു ഹിക്കിമിൽ എത്തിയപ്പോൾ സമയം 05:30 വൈകുന്നേരം. കാലത്തു പെയ്ത മഴ കാരണം ആണ് ഇത്രയും ദുര്ഘടമായതു.പോസ്റ്റ് ഓഫീസ് അടച്ചു കഴിഞ്ഞത് കൊണ്ട് ഞങ്ങൾ കുറെ പോസ്റ്റ് കാർഡുകൾ അടുത്തുള്ള ഒരു കടയിൽ നിന്നും വാങ്ങി കുറെ കത്തുകൾ എഴുതി പോസ്റ്റ് ഓഫീസിൽ അടച്ച കാരണത്താൽ സ്റ്റാമ്പ് കിട്ടിയില്ല. സുധീർ എന്തായാലും ഇങ്ങോട്ടു വരും മറ്റൊരു ദിവസം അത് കൊണ്ട് അവനെ ഏൽപ്പിക്കാം എന്ന് കരുതി ഒരു മണിക്കൂർ നേരത്തെ സന്ദർശനം കഴിഞ്ഞു ഞങ്ങൾ മല ഇറങ്ങി തുടങ്ങി ....
Thrid Day(13/08/2018) Travel – 24 km (11:30 Am to 07:30 Pm)
Routes Travelled – Kaza – Langza – Hikkim – Kaza
Altitude – From “12500 ft to 14500 ft”
KV.Vishnu
05/02/2019
No comments:
Post a Comment