Monday, 5 August 2019

Article 370

ആഗസ്റ് അഞ്ചു രണ്ടായിരത്തി പത്തൊൻപതു ചരിത്രം രേഖപ്പെടുത്തും അത് പക്ഷെ എങ്ങനെയായിരിക്കും എന്നറിയാൻ കുറഞ്ഞത് ഒരു പത്തു വർഷത്തെ സമയ ദൈർഘ്യമെങ്കിലും ആവശ്യമായി വരുമെന്നു മാത്രം. കാശ്മീരിന് നൽകിയിരുന്ന പരമാധികാരം റദ്ദു ചെയ്യപ്പെട്ടു ഇന്ന്. തീരുമാനം രാഷ്ട്രീയമാണ്. കാരണങ്ങൾ എന്ത് തന്നെ ആയിരുന്നാലും ഞാണിന്മേൽ കേറിയുള്ളൊരു കൈവിട്ട കളിയാണ് ഇത്. നന്മയും തിന്മയും രണ്ടും നടക്കാം. പക്ഷെ കാലങ്ങൾ ആയുള്ള ഭാരതത്തിന്റെ തീരാ തലവേദനക്ക് ഒരു പരിഹാരം ആകും ഇത് എന്നതിൽ തർക്കമില്ല. ആർട്ടിക്കിൾ 370 ഒഴിവാക്കുന്നതിലൂടെ കാശ്മീർ എന്ന ഭൂമിക ഭാരതത്തിന്റെ പരമാധികാര പരിധിയിൽ വന്നു ! ഒരു ഉത്തരവ് കൊണ്ട് അതിനു സാധിക്കും അത് സാധിക്കുകയും ചെയ്തു കേന്ദ്ര സർക്കാരിന്, അഭിനന്ദനങ്ങൾ .

എന്നാൽ ഒരു ഭൂമിക പിടിച്ചെടുത്ത ലാഘവത്തിൽ ഒരു ജനതയുടെ മനസിനെയും കീഴക്കാൻ കഴിയുമോ? അതിനു കഴിയുമെങ്കിൽ മാത്രമേ ഈ ലഭിച്ച പരമാധികാരം പൂർണമായും വിജയിച്ചു എന്ന് പറയുവാൻ കഴിയു. അയൽരാജ്യക്കാരുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ജീവിതമാണ് കാശ്മീർ ജനതയുടെയും. അത് കൊണ്ട് തന്നെ അവർക്കു അയൽക്കാരോട് മമത തോന്നിപോയെങ്കിൽ അത് രാജ്യ ദ്രോഹം എന്ന് വിളിക്കുവാൻ പോലും സാധിക്കുകയില്ല.ഇക്കാലമത്രയും രാഷ്ട്രീയ ലാഭങ്ങൾക്കായി കക്ഷികൾ കാശ്മീരിനെ ഉപയോഗിച്ചു. ഇന്ന് ഇത് റദ്ദു ചെയ്യപ്പെട്ടതിലൂടെ ഉണ്ടായത് അവരുടെ കഞ്ഞിയിൽ മണ്ണു വീഴുക മാത്രമാണ്.എന്നാൽ  അത് അവിടുത്തെ ജനങ്ങൾക്ക് ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയുമോ എന്നത് സംശയമാണ് കാരണം സ്വാതന്ത്ര്യാനന്തര ഭരണത്തിലൂടെ കശ്മീർ ഭരിച്ച എല്ലാ സർക്കാരുകൾ അവിടുത്തെ ജനങ്ങളെ ഭാരതീയർ വിദേശിയരാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു  കൊണ്ട് ഭരിച്ചു. അതിനു തെളിവാണ് ഇത് റദ്ദ് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ അവരുടെ രോഷം !

ആ ജനങളുടെ  മനസ്സിൽ പതിഞ്ഞു പോയ ഈ അച്ചാണ് അവരുടെ മനസ്സിൽ നിന്നും ആദ്യ മാറ്റേണ്ടത് !  ഒരിക്കലും പട്ടാളത്തിനെ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ട് സാധിക്കാത്ത കാര്യം. കാരണം എല്ലാ പാർട്ടികളും ഒന്നിച്ചു അനുകൂലിച്ചെങ്കിൽ മാത്രമേ ഇത് എളുപ്പത്തിൽ സാധ്യമാവുകയുള്ളു. എന്നാൽ തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഈ നടപടി അവർ രണ്ടു കയ്യും നീട്ടി അംഗീകരിക്കും എന്നത് ദിവാസ്വപ്നം മാത്രം പിന്നെ ഉള്ളത് സർക്കാർ അവരെ എല്ലാ കാര്യങ്ങളിലും ചേർത്തു നിർത്തി കൊണ്ടു വികസനത്തിൻറെ പാതയിലേക്കും നമ്മുക്കിടയിലേക്കും കൂടുതലായി കൊണ്ട് വന്നു അവർ വിദേശിയരല്ല എന്നും ഈ ഒരു നിയമം പോയത് കൊണ്ട് പൊതു ജനത്തിനു യാതൊരു കുഴപ്പവും വന്നിട്ടില്ല എന്നും മനസിലാക്കിക്കണം.സമയം യഥേഷ്ടം ആവും ഇതിനു, റോമാ സാമ്രാജ്യം ഒറ്റ രാത്രി കൊണ്ട് ഉയർത്തപ്പെട്ടതല്ലലോ! ഏറ്റവും പ്രധാനം ഇതിനെതിരെ വിഷവും വിഘടനവാദവും ഛർദ്ധിക്കുന്ന  ഒരു മാധ്യമം പോലും അവിടെ ഉണ്ടാവരുത്.

ആങ്ങള ചത്താലും നാത്തൂൻ കരഞ്ഞു കണ്ടാൽ മതി എന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും പ്രതിപക്ഷ കക്ഷികളും ആണ് ഇന്ന് നമ്മുടെ നാട്ടിൽ അത് മറ്റൊരു അനുഗ്രഹം! പുര കത്തുമ്പോൾ വാഴവെട്ടുക കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക അങ്ങനെ എന്തൊക്കെയോ ഹോബിസ്സാണ്. ലോകം മുഴുവൻ നേടിയാലും ജനതയുടെ മനസ് നേടിയില്ലെങ്കിൽ പിന്നെ അത് വെറും ഒരു തുണ്ടു മണ്ണ് മാത്രം. ഭൂമിക്കു അതിരു കെട്ടുമ്പോൾ അത് അവരുടെ മനസ്സിൽ കെട്ടാതെ നോക്കണം , ആ കാര്യമിവിടെ പ്രത്യേകം ശ്രദ്ധിക്കണം. എന്ത് തന്നെ ആയാലും വരും വരായ്കകൾ നമ്മൾ അനുഭവിച്ചേ മതിയാവു. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗം ഒരിക്കലും ഇതിന്റെ പേരിൽ നരകമാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ഒരു നാൾ ഒരു സഞ്ചാരിയായി ഞാൻ കാണാൻ കാത്തിരിക്കുന്നുണ്ട് ഈ സ്വർഗത്തെ, എന്നെ പോലെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ് കാശ്മീർ. അത് കൊണ്ട് തന്നെ എല്ലാമെത്രയും പെട്ടെന്ന് തന്നെ എല്ലാം ശുഭ പര്യവസാനിക്കട്ടെ.  

Vishnu KV
05/08/2019

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...