ഇതൊരു വേട്ടക്കാരന്റെ കഥയാണ് , ജിം കോർബെറ്റ് എന്ന എഡ്വേർഡ് ജെയിംസ് കോർബെറ്റിന്റെ പുലി വേട്ടകളുടെ നേർ കാഴ്ച. Man eaters of kumaon , Leopard of Rudraprayag, Temple Tiger, എന്നിങ്ങനെ വേറെ വേറെ പുസ്തകങ്ങളായി എഴുതിയതു എല്ലാം ഒന്നിച്ചു ഒരു പുസ്തകമാക്കി മാറ്റിയിരിക്കുന്നു "Jim Corbett Omnibus - Volume 1" എന്ന പേരിൽ. അതി മനോഹരമായ ഒട്ടനവധി അറിവുകളും, വായന രസവും, കൂടെ ഉദ്വേഗം നിറഞ്ഞ ഒരുപാട് മുഹൂർത്തങ്ങളും, പേടിപ്പെടുത്തുന്ന അനുഭവങ്ങളും, എല്ലാം നിറഞ്ഞ ഒരു ജീവ ചരിത്രമാണ് തത്വത്തിൽ ഈ പുസ്തകം എന്ന് പറയാം. കഥകളെ വെല്ലുന്ന ജീവിതം എന്നൊക്കെ പറയുന്നത് സത്യമാണെന്നു ഈ പുസ്തകം വായിച്ചു തീരുമ്പോഴേക്കും നമ്മുക്ക് മനസിലാവും.
അദ്ദേഹത്തിന്റെ വാക്കുകൾക്ക് വായനക്കാരനെ അതി തീവ്രമായി തന്റെ വേട്ടകളെ അനുഭവിപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാവണം എല്ലാവരും വേട്ടക്കാരനായ ജിം കോർബെറ്റിനെ താലോലിച്ചതു ! ആർതർ കൊനാൻ ഡയലിനു മുകളിൽ ഷെർലക് ഹോംസ് സ്വീകരിക്കപ്പെട്ട പോലെ ഇവിടെ ജിം കോർബെറ്റ് എന്ന വേട്ടക്കാരനു താഴെയായി പോയി അതി മനോഹരമായി തന്റെ ജീവിതാനുഭവങ്ങൾ എഴുതിയ അദ്ദേഹത്തിലെ എഴുത്തുകാരൻ ! വാക്കുകൾ കൊണ്ടുള്ള ഒരു ദൃശ്യാനുഭവം ആണ് ഈ പുസ്തകം. സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തെയും ആ സമയത്തെ സംസ്കാരത്തെയും മനോഹരമായി വരച്ചിടുക കൂടെ ചെയ്തിരിക്കുന്നു ഇതിൽ. കടുവയുടെ പെരുമാറ്റങ്ങൾ, നീക്കങ്ങൾ, വേട്ടയാടുന്ന രീതി, ആക്രമിക്കുന്ന സ്വഭാവം, എന്ത് കൊണ്ട് കടുവകളും പുലികളും നരഭോജികൾ ആവുന്നു എന്ന് വരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം ഈ ഒരു പുസ്തകം ഉത്തരം നൽകുന്നു.
ഭാരതത്തിലെ ജൈവ വൈവിധ്യങ്ങൾ മൃഗ സമ്പത്തു ഇതിനെ കുറിച്ചെല്ലാം ഇതിലൂടെ അദ്ദേഹം പറഞ്ഞു പോകുന്നുണ്ട്. എങ്കിലും മുഖ്യം വേട്ടകളെ കുറിച്ചു തന്നെയാണ്. ആയതു കൊണ്ട് തന്നെ നാം എത്ര കണ്ടു നമ്മുടെ ഈ വന സമ്പത്തുക്കൾ നശിപ്പിച്ചു എന്ന വിവരവും ഈ പുസ്തകം നമുക്ക് നൽകുന്നു. തന്റെ വേട്ടകളെ ഗെയിം എന്നാണു ജിം കോർബെറ്റ് വിശേഷിപ്പിക്കുന്നത് . എന്നാൽ പിന്നീട് അദ്ദേഹം തന്നെ തനിക്കു തോക്കിനെക്കാൾ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യുന്നത് കൂടുതൽ സന്തോഷം നൽകുന്നു എന്നും എഴുതി കണ്ടത് അദ്ദേഹത്തിനെ മനസ്സിലെ കുറ്റബോധം നിമിത്തം ആയിരിക്കണം എന്ന് തോന്നുന്നു. കാരണം തന്റെ വേട്ടകളിൽ അദ്ദേഹത്തിനു ഒരു ജീവൻ എടുക്കുന്നതിന്റെ സന്തോഷത്തേക്കാൾ അനേകം ജീവനുകൾ അതിലൂടെ രക്ഷനേടുന്നു എന്ന സന്തോഷം ആണ് കാണുവാൻ കഴിഞ്ഞത്. അതെ പോലെ ഓരോ വേട്ടയിലും അദ്ദേഹം പറഞ്ഞു വെക്കുകയും സ്ഥാപിക്കുകയും തെളിയിക്കുകയും ചെയ്യുന്ന ഒരു സന്ദേശം ഉണ്ട് "മനുഷ്യൻ തന്നേയാണ് കടുവകളെ നരഭോജികളാക്കി മാറ്റുന്നത്" എന്ന സത്യം.
ഈ പുസ്തകം വായനപ്രേമികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഗണത്തിൽ പെടുത്തേണ്ട പുസ്തകമാണ്. വ്യക്തിപാരമായി എന്നെ ഒരുപാടു ആകർഷിച്ചതു അദ്ദേഹത്തിന്റെ ലാഗ് തോന്നിക്കാത്ത രീതിയിൽ ഉള്ളതും അതേസമയം ദീർഘവും വിശദവുമായ രചന ശൈലി തന്നെയാണ്. അത് കൊണ്ട് എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരുടെ പേരിന്റെ കൂട്ടത്തിൽ ഒരു പേര് കൂടെ ചേർക്കുന്നു "എഡ്വേർഡ് ജെയിംസ് കോർബെറ്റ്" കൂട്ടത്തിൽ ഒന്ന് കൂടെ ഓർക്കേണ്ടതുണ്ട് നരഭോജികൾ ആയ ഒരുപാട് കടുവകളെയും പുലികളെയും കൊന്ന അദ്ദേഹം തന്നെയാണ് ബംഗാൾ കടുവകളെ സംരക്ഷിക്കുന്നതിനായി ഇന്ന് കാണുന്ന ജിം കോർബ്ബറ്റ് നാഷണൽ പാർക്ക് സ്ഥാപിതമാകുന്നതിൽ മുഖ്യ പങ്കു വഹിച്ചതും.
വിഷ്ണു കെ വി
04/06/2020
No comments:
Post a Comment