Monday 28 January 2019

സ്പിതി താഴ്വര - 2 (My Trip to Spiti Valley)


സ്പിതി യാത്ര - രണ്ടാം നാൾ

രണ്ടാം ദിവസത്തെ യാത്ര പത്തുമണിക്കൂറിൽ കൂടുതൽ ഉണ്ട്, പിയോവിൽ  നിന്നും കാസ വരെ ഏതാണ്ട്  205 കി മി. കാലത്തു 05:15 ന്  പുറപ്പെട്ട യാത്ര വൈകുന്നേരം 05:30 ആയി ലക്ഷ്യ സ്ഥാനത്തു എത്തുമ്പോൾ . ഇതും ഹിമാചൽ പരിവാഹന്റെ ബസിൽ തന്നെയാണ് വെളുപ്പിനെ ഉള്ള ഈ ബസ് കിട്ടിയിലെങ്കിൽ പിന്നെ അന്നത്തെ യാത്ര നടക്കില്ല,പിന്നെ പോയെ തീരു എന്നാണെങ്കിൽ  ടാബോ  വഴിക്കു ഇറങ്ങി പിന്നെ വേറെ ബസിൽ അല്ലെങ്കിൽ ലിഫ്റ്റോ മറ്റോ കിട്ടി യാത്ര ചെയേണ്ടി വരും കാസ എത്താൻ. കിന്നൗറിന്റെ ഹരിത ഭംഗി മാഞ്ഞു ടിബറ്റിന്റെ ഭൂപ്രകൃതിയോട് സാദൃശ്യയമുള്ള കാഴ്ചകൾ ആണ് സ്പിതി താഴ്വരയിലേക്കു അടുക്കും തോറും വന്നു കൊണ്ടിരുന്നത് മരങ്ങളോ ചെടികളോ ഒക്കെ  വിരളമായി മാത്രമേ കാണുവാൻ സാധിച്ചുള്ളൂ, പേര് പോലെ തന്നെ തണുത്ത മരുഭൂമി. വേനൽ കാലം ആയിട്ടും 16-20  ഡിഗ്രി മാത്രമേ ഉണ്ടായിരുന്നു കാലാവസ്ഥ, ഏകദേശം രണ്ടു മണിക്കൂർ നേരത്തെ യാത്ര ചെന്നവസാനിച്ചതു ഒരു അത്ഭുതത്തിന്റെ മുന്നിൽ ആയിരുന്നു ഹിമാലയങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് അല്ലെങ്കിൽ ചെയ്തവർക്ക്  ഒരുപക്ഷെ ചിരപരിചിതമാണെങ്കിലും ഇങ്ങു തെക്കു നിന്ന് ആദ്യമായി ഇവിടെ  എത്തപ്പെട്ട എനിക്ക് അത്ഭുതം തന്നെ ആയിരുന്നു . ഭൂമിയിൽ നിന്നും ഒഴുകി വരുന്ന (Natural Spring Water) ആയിരുന്നു ആ അത്ഭുതം മലമുകളിലെ   ഹിമാനികളിൽ നിന്നാണ് ഇവയുടെ ഉത്ഭവം. ശുദ്ധമായ ജലം അതും ഫ്രിഡ്ജിൽ നിന്നെടുത്ത അത്ര തണുത്ത വെള്ളം, രുചിയാണെങ്കിൽ പറയാൻ വയ്യ നല്ല അസ്സൽ തണുത്ത വെള്ളം, ഭൂമിക്കടിയിൽ നിന്ന് വന്നിട്ടും ഒരു തരി മണ്ണോ ചവർപ്പോ ഇല്ലാത്ത മിനറൽ വാട്ടറിന്റെ നല്ല രസികൻ രുചി. ആവുന്നത്ര ഞങ്ങൾ ശേഖരിച്ചു വാട്ടർ പൗച്ചിലും പ്ലാസ്റ്റിക് കുപ്പിയിലും ആയി നാലഞ്ചു ലിറ്റർ വേള്ളം പിടിച്ചു.

ഷിംലയിൽ നിന്ന് പുറപ്പെട്ടു പകുതി കഴിഞ്ഞപ്പോൾ കൂടെ കൂടിയ സത്‌ലജ് നദി കാബ് എന്നസ്ഥലത്തു വെച്ച് ഞങ്ങളോട് യാത്ര ചോദിച്ചു പിരിഞ്ഞു , ഇവിടെ വെച്ചാണ് സ്പിതി നദി സത്‍ലേജുമായി കൂടി ചേർന്ന് ഞങ്ങൾ പുറപ്പെട്ട ദിശയിലേക്കു ഒഴുകുന്നത് കാബ് പിന്നിട്ടതും കൂടെ സ്പിതി നദിയാണ് ഇനി അങ്ങോട്ട്, ഇനി ഈ യാത്ര മുഴുവൻ  തീരുന്നവരെയും അവളുടെ താഴ്വരകളിലൂടെയാണ്. വർഷത്തിൽ വളരെ തുച്ഛമായ തോതിൽ മാത്രം മഴ ലഭിക്കുന്ന സ്ഥലം എന്നിട്ടും വര്ഷം മുഴുവൻ ജല സമ്പുഷ്ടമായ സ്പിതി നദി വിരോധാഭാസം.ഈ ഒരു പ്രതിഭാസത്തിനു കാരണം ഹിമാലയൻ മല നിരകൾ ആണ്, അവിടെയുള്ള ഹിമാനികളിൽ നിന്നും ചെറുതും വലുതുമായ ഒരുപാട് ഒഴുക്കുകൾ ആണ് വർഷം മുഴുവൻ ഈ നദിയെ ജല സമ്പുഷ്ടമാക്കി സൂക്ഷിക്കുന്നത്. ബസിലെ കണ്ടക്റ്റർ സഹൃദയനായ ഒരു മനുഷ്യൻ ആയിരുന്നു "ചരൺ സിംഗ് താക്കൂർ" തിരക്കെല്ലാം ഒഴിഞ്ഞു പുറകിലെ സീറ്റിൽ എന്റെ സമീപം വന്നിരുന്നപ്പോൾ ആണ് അദ്ദേഹവുമായി പരിചയപ്പെട്ടത്.

സ്പിതിയെ കുറിച്ചും അദ്ദേത്തിന്റെ ജന്മസ്ഥലമായ കുളു ജില്ലയെ കുറിച്ചും ഹിമാലയങ്ങളിലെ അദ്ദേഹം കണ്ടതും കേട്ടതും ആയ അത്ഭുതങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു ,പോയ വര്ഷം (2016) മഞ്ഞു പെയ്യാത്തതിനെ കുറിച്ച് അക്കാരണത്താൽ  ഈ ഭാഗങ്ങളിലെ  ആളുകൾ നേരിട്ട കഷ്ടപാടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഓർത്തു,സത്യം തന്നെയാണ് ആഗോള താപനം ഹിമാലയത്തെ നല്ല രീതിയിൽ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്  കാലാവസ്ഥ വ്യതിയാനത്തിലൂടെ ഹിമാലയം എന്ന പ്രകൃതിയുടെ ആ മഹാ അത്ഭുതത്തിനു  എന്തെങ്കിലും നാശം സംഭവിക്കുക ആണെങ്കിൽ അത് നൽകുന്ന തിരിച്ചടി സർവ്വ നാശമായിരിക്കും. അപരാധികളും നിരപരാധികളും ആ ശിക്ഷ അനുഭവിക്കേണ്ടതായി വരും. മറ്റൊരു കാര്യം പറയാതെ വയ്യ സഞ്ചാരികളും പ്രകൃതിയെ നശിപ്പിക്കുന്നതിൽ കാര്യമായ സംഭാവന നൽകുന്നുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമേ പ്രകൃതിയോട് ഇണങ്ങി അതിനെ അറിഞ്ഞു യാത്ര ചെയ്യുവാൻ ശ്രമിക്കാറുള്ളു, മിക്കവരും എങ്ങനെ ഒരു മനോഹരമായ ഇടം എങ്ങനെ അലങ്കോലമാക്കാം എന്നതിൽ ഗവേഷണം നടത്തുന്നവർ ആണ്. യാത്ര നല്ലതാണ് അത് കൊണ്ട് തന്നെ പ്രകൃതിയോട് ഇണങ്ങി യാത്ര ചെയ്യുവാൻ എല്ലാവര്ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

കാലത്തു പ്രാതലിനു നാകോ എന്ന സ്ഥലത്തു എത്തിചേർന്നു ഭക്ഷണത്തിനായാണ് വണ്ടി നിർത്തിയത് രണ്ടോ മൂന്നോ ധാബകൾ മാത്രമുള്ള ഒരു കൊച്ചു സ്ഥലം,അവിടുന്ന് കുറച്ചു കൂടെ നടന്നു താഴേക്ക് പോയാൽ നാകോ ഗ്രാമം ആകും. ബസിൽ ഉണ്ടായിരുന്ന  ചില യാത്രികർ ഇവിടെ നിന്നും തന്നെ സ്പിതി  താഴ്വരയിലേക്ക് യാത്ര തുടങ്ങുന്നു. നാകോ ഗ്രാമത്തിൽ തങ്ങി അടുത്ത ദിവസം ടാബോ എന്ന സ്ഥലത്തേക്കും പിന്നീട് അവിടുന്ന് കാസയിലേക്കും മൂന്നു ദിവസം എടുത്തു യാത്ര പൂർത്തിയാക്കുന്നവർ  ആണ് ഇക്കൂട്ടർ.ഞങ്ങൾ നേരിട്ട് പോകുന്നവർ ആയതു കൊണ്ട്  കുറച്ചു നേരം അവിടെ കറങ്ങി ഓരോ ആലൂ പറാട്ടയും ഓംലെറ്റും കഴിച്ചു തിരികെ ബസിൽ കയറി ഇനി അടുത്തത് സ്പിതി ജില്ലയുടെ അതിർത്തി ആയ സംടു (SUMDO) ചെക്ക് പോസ്റ്റിലെ വണ്ടി നിർത്തു അന്വേഷിച്ചപ്പോൾ രണ്ടു മണിയോട് അടുപ്പിച്ചു അവിടെ എത്തുമെന്ന് അറിയാൻ കഴിഞ്ഞു .നാകോയിൽ നിന്ന് പുറപ്പെട്ടു കുറച്ചു ദൂരം പോയുള്ളു.വണ്ടികൾ എല്ലാം ബ്ലോക്ക് ആയി കിടക്കുന്നു മലയിടിച്ചിൽ കാരണം ആണ്, മല മുകളിൽ നിന്നും ചെറുതും വലുതുമായ കല്ലുകൾ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നത് തന്നെയാണ്. ഇത്തരം മലയിടിച്ചിലുകൾ ഈ ഭാഗങ്ങളിൽ സർവ സാധാരണം ആണ് മല ഇടിയുന്നതും റോഡ് ഗതാഗതം ദിവസങ്ങളോളം ഇല്ലാതാവുന്നതും എല്ലാം ഇവിടുത്തുകാർക്ക് വലിയ അത്ഭുതം ആല്ല. ഒരു നെല്ലിക്ക വലുപ്പം മാത്രമുള്ള ഒരു ചെറിയ കല്ലു മതി ഒരു ജീവൻ എടുക്കാൻ ആ വേഗതയിൽ ആണ് മുകളിൽ നിന്ന് കല്ലുകൾ തെറിച്ചു വരുന്നത്.

BRO അഥവാ ബോർഡർ റോഡ് ഓർഗനൈസഷനു നന്ദി അരമണിക്കൂർ മാത്രമേ വണ്ടി നിർത്തി ഇടേണ്ടി വന്നുള്ളൂ കല്ല് വീഴ്ച കുറഞ്ഞതും തത്കാലം റോഡിലെ കല്ലുകൾ ജെസിബി കൊണ്ട് ഒഴിവാക്കി വാഹങ്ങൾക്കു പോകാൻ സൗകര്യമുണ്ടാക്കി തന്നു. പക്ഷെ അത് കൊണ്ട് തീർന്നില്ല വാഹനങ്ങൾ പോയ ശേഷം വേണം അവർക്കു ഈ വീഴ്ചയിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കാൻ. വണ്ടിയിൽ നിന്നും താഴെ നോക്കുമ്പോൾ തന്നെ നമുക്ക് തല ചുറ്റും അത്രക്കുണ്ട് താഴ്ച അവിടെയാണ്  BRO ജോലി ചെയ്യുന്നത് അത്യാധുനിക മെഷിനുകളോ  സംവിധാനങ്ങളോ ഒന്നും കൊണ്ടല്ല നമ്മുടെ നാട്ടിൽ ഒക്കെ  റോഡ് നന്നാക്കുന്ന അത്രയും സാമഗ്രികൾ തന്നെ ഇവർക്കും ഉള്ളു - കൂട്ടത്തിൽ നല്ല ചങ്കുറപ്പും!!. ഇരുപത്തി നാല് മണിക്കൂറും ഇവരുടെ സേവനം ഹിമാലയൻ പാതകളിൽ ഉടനീളം ഉണ്ടാകും. മലയിടിച്ചിൽ മഞ്ഞു വീഴ്ച  വെള്ളത്തിൽ റോഡുകൾ ഒലിച്ചു പോവുക തുടങ്ങി അനേകം വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് അവർ നടത്തുന്ന സേവനങ്ങൾക്ക് മനസ്സ് കൊണ്ട് നമിച്ചു നന്ദി പറഞ്ഞു യാത്ര തുടർന്നു.

കണ്ടക്ക്ട്ടർ പറഞ്ഞ പ്രകാരം തന്നെ രണ്ടു മണി രണ്ടരയോടെ (SUMDO) വിൽ എത്തി, ഉച്ചയൂണിനു സമയമായി താരതമ്യേന ഇത്തിരി വലുപ്പം ഉള്ള ഒരു ഗ്രാമം ആണ് SUMDO സ്പിതി യിലേക്ക് കടക്കുന്നതിനു മുന്നേ ഇവിടുത്തെ ചെക്ക് പോസ്റ്റിൽ പരിശോധന ഉണ്ട്. വിദേശികൾക്ക് ഇന്നർ ലൈൻ പെര്മിറ്റ് ഇല്ലാതെ ഇതിനു അപ്പുറത്തേക്ക് കടത്തി വിടില്ല.ഞങ്ങൾ ലോക്കൽ വിദേശികൾ ആയതു കൊണ്ട് അതിന്റെ ആവശ്യം ഇല്ല (ചില അതിർത്തി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്കും ഇന്നർ ലൈൻ പെർമിറ്റ് വേണം) അത് കൊണ്ട് ഞങ്ങൾ ഊണ് കഴിക്കാൻ പോയി രാജ്മ ചാവൽ എന്നൊരു വിശേഷ ഭോജ്യമായിരുന്നു ലഞ്ച് (ചോറും പയറുകറിയും) അയിനാണ് എന്തായാലും അമൃതേത് കഴിഞ്ഞു പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത് നിറയെ ആപ്പിൾ തോട്ടങ്ങൾ ആദ്യമായി ആണ് ഈ സുന മരത്തിൽ കായ്ച്ചു നിക്കണത് കാണുന്നത് (കണ്ണ് നിറഞ്ഞു പോയി ഹൂ) കുറെ നേരത്തെ ആപ്പിൾ നിരീക്ഷണത്തിനു ശേഷം തിരിച്ചു നടക്കാൻ തുടങ്ങുബോൾ ഒരു അമ്മൂമ്മ ആപ്പിൾ വിൽക്കുന്നു നല്ല ഫ്രഷ് ആപ്പിൾ അല്ലെ വാങ്ങിയേക്കാം എന്ന് കരുതി പോയി വില ചോദിച്ചു ഇത്തവണ ശെരിക്കും കണ്ണ് നിറഞ്ഞു ചാർ ആപ്പിൾ കേലിയെ ദസ് രൂപയെ (എന്ന് വെച്ച നല്ലെണ്ണത്തിന് വെറും പത്തു രൂപ) ഞാനും ശരത്തും കുറച്ചു നേരത്തേക്ക് അംബാനിമാരായി ആപ്പിൾ വിറ്റു ബിസിനസ് മാഗ്നെറ്സ് ആകുന്നതിന്റെ അനന്ത സാധ്യതകളെ കുറിച്ച് വിശകലനം ചെയ്തു ശേഷം  ചർച്ചയുടെ  അവസാനം നാല് ആപ്പിൾ വാങ്ങി വണ്ടിയിൽ കേറി രണ്ടെണ്ണം ഇരുന്നു പുട്ടടിച്ചു രണ്ടെണ്ണം ബാഗിലും സൂക്ഷിച്ചു.

SUMDO വിൽ  നിന്നും ഇനി ഒരു എഴുപത്തഞ്ചു കിലോമീറ്ററിന് അടുപ്പിച്ചേ ഉള്ളു കാസയിലേക്ക്, പക്ഷെ സമയം രണ്ടര - മൂന്നു മണിക്കൂർ എടുക്കും .ഉച്ച ഊണിനു ശേഷം ഒന്ന് മയങ്ങി. പക്ഷെ ബസിന്റെ കുലുക്കം കൂടിയപ്പോൾ വന്ന ഉറക്കവും പോയി കണ്ണുകൾ വീണ്ടും സ്പിതി നദിയിലേക്കു നീണ്ടു സമയം പെട്ടെന്ന് പോയി വൈകുന്നേരം അഞ്ചരയോട് അടുത്ത് കഴിഞ്ഞപ്പോൾ കാസ എത്തി നല്ല മനോഹരമായ റോഡിലും തധ്വര ഉണ്ടായ കുലുക്കത്തിലും ചാട്ടത്തിൽ നിന്നും രക്ഷപെട്ടു എന്നാലോചിച്ചപ്പോൾ സമാധാനം ആയി.ആദ്യം തന്നെ അടുത്ത ദിവസത്തേക്കുള്ള വണ്ടി ഞങ്ങൾ "ഹിമാലയൻ കഫേ" എന്ന സ്ഥാപനത്തിൽ നിന്നും ബുക്ക് ചെയ്തു റോയൽ എൻഫീൽഡ് - ക്ലാസിക് അതിനു ശേഷം റൂം അന്വേഷിച്ചു പുറപ്പെട്ടു അധികം കഷ്ടപ്പെടേണ്ടി വന്നില്ല (wanderers nest) എന്നൊരു ഹോം സ്റ്റേ കണ്ടു പിടിച്ചു രണ്ടു പേർക്കുള്ള റൂം എടുത്തു നല്ല വിശാലവും വൃത്തിയുമുള്ള റൂം ആസ്‌ട്രേലിയയിൽ നിന്നും നെതർലാണ്ടിൽ നിന്നും ഇന്ത്യ കാണാൻ വന്ന രണ്ടു സോളോ യാത്രികരായ പേണ്കുട്ടികൾ ആണ് ഈ ഹോസ്റ്റൽ ഇപ്പോൾ മാനേജ് ചെയ്യുന്നത് ഇതിലൂടെ അവർക്കു അവിടെ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. എന്തായാലും കടുത്ത യാത്ര ക്ഷീണം ഉണ്ട് അത് കൊണ്ട് ഇനി വേറെ മുറി അന്വേഷിക്കാൻ വയ്യ  എന്ന് തീരുമാനിച്ചു അവിടെ തന്നെ റൂം എടുത്തു. കുളിക്കണം എന്നുണ്ടായിരുന്നു പക്ഷെ ആ തണുപ്പത്തു ജലം മേലെ സ്പർശിക്കുന്നത് ആലോചിക്കാനേ വയ്യ എന്നത് കൊണ്ട് കുളിച്ചില്ല കയ്യും കാലും കഴുകി ഞങ്ങൾ സ്പിതി നദിയുടെ തീരത്തേക്ക് നടന്നു.

തീർത്തും വിജനമായ പ്രദേശം ഒന്നോ രണ്ടോ യാകുകളും കുറച്ചു പട്ടാണി കൃഷിയും അല്ലാതെ ഒരു മനുഷ്യ കുഞ്ഞു പോലും ആ സ്ഥലത്തില്ലായിരുന്നു കണ്ണടച്ച് തണുത്ത കാറ്റിനെ ശരീരത്തിലേക്കും അകത്തേക്കും വലിച്ചെടുത്തു സ്വച്ഛ സുന്ദരമായ വായുവിന്റെ സുഖം പറഞ്ഞറിയിക്കുക പ്രയാസം. പുഴയുടെ ഒഴുക്കിന്റെ താളത്തിൽ അമൃത വർഷിണി രാഗത്തിൽ ഒരു കീർത്തനം കേട്ട് കൊണ്ടിരുന്നപ്പോൾ ഉള്ളിൽ മഴ പെയ്യുന്നൊരു സുഖം ദൂരെ നോക്കിയപ്പോൾ അപ്പുറത്തെ മല മുകളിൽ മഴ തകർത്തു പെയ്യുന്നു ഹാ സുന്ദരം !!കുറച്ചു നേരം കൂടെ ഇരിക്കണം  എന്നുണ്ടായിരുന്നെങ്കിലും സമയം പോകും തോറും തണുപ്പ് ഏറി ഏറി വന്നു അത് കൊണ്ട് തിരിച്ചു നടന്നു ഹോം സ്റ്റേയുടെ പുറത്തു കസേരയിൽ ഇരുന്നു ഞാൻ വീണ്ടും പാട്ടു കേൾക്കാൻ ആരംഭിച്ചു. ശരത് ഒന്ന് കറങ്ങി സ്ഥലമൊക്കെ ഒന്നു  പരിചയപെട്ടു വരാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി പോയി . അവൻ വരാൻ വൈകിയപ്പോൾ ഞാൻ രാത്രി ഭക്ഷണം ഒറ്റയ്ക്ക് കഴിച്ചു നല്ല ചൂടുള്ള "മോമോസ്" പിന്നെ മുളക് ചമ്മന്തിയും  ഹിമാലയൻ സൗന്ദര്യം മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും മനസിനെ കീഴടക്കി എന്ന് പറയാതെ വയ്യ. കഴിച്ചു വീണ്ടും കുറെ നേരം കഴിയഞ്ഞപ്പോൾ എനിക്കുള്ള രണ്ടു വാർത്തകളും കൊണ്ട് ശരത് വന്നു ആദ്യത്തെ വാർത്ത വലിയ കുഴപ്പം ഇല്ല നാളെ ഞങ്ങളുടെ കൂടെ പുതിയ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടാവും ബാംഗ്ലൂരിൽ നിന്നുള്ള സുധീറും പൂജയും ഞാൻ പറഞ്ഞു ആയിക്കോട്ടെ നോ പ്രോബ്ലം അടുത്തത് പക്ഷെ കേട്ടതും എന്റെ തല കറങ്ങി !!!!!   

REACHED KAZA – 12/08/2018 (05:30 pm)
ROUTES TRAVELLED – RECKONG PEO – NAKO – SUMDO - TABO – KAZA
DISTANCE – 205 KM APPROXIMATELY; TIME TAKEN – AROUND 10+HRS

KV.Vishnu
27/01/2019

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...