Friday, 6 December 2019

Manali Dairies

യാത്രകൾ എന്നും ഇത് പോലെ ആയിരുന്നെങ്കിൽ! പെട്ടെന്ന് ഒരു സ്ഥലത്തിനോട് ഭ്രമം കൂടുക, അങ്ങോട്ടെക്കു വിളിക്കുന്ന പോലെ തോന്നുക, മറ്റൊന്നും നോക്കാതെ അങ്ങട് പോവുക.പോയിട്ടുള്ള യാത്രകൾ എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് ഇതേ പോലെ ആയിരുന്നു. ഇനി തുടർന്നും അങ്ങനെ ആവണെ എന്ന് ആശിക്കുന്നു. ഭൃഗു ലേക്ക് എന്ന സ്ഥലമാണ് ഇത്തവണ എന്റെ കാമുകി , അവളെ കാണാൻ ആയിരുന്നു യാത്രയും ! എന്നാൽ അവിചാരിതമായും  തീർത്തും ഒരു പദ്ധതി പോലും ഇല്ലാതെയും വേറെയും കുറെ സ്ഥലങ്ങളിൽ കൂടെ പോകാൻ സാധിച്ചു എന്നത് അതി മനോഹരo ആക്കി മാറ്റി എന്റെ യാത്രയെ.ഡൽഹി മണാലി അമൃതസർ വഴി മക്ലിയോഡ്ഗഞ്ചു൦ കൂടി തീർത്ത ശേഷമേ എന്റെ യാത്ര തീർന്നുള്ളു ! ആൽക്കമിസ്റ് കഥയായിരുന്നു ഈ യാത്ര ! അതിശയോക്തിയോടെ തന്നെ എനിക്ക് അനുഭവപ്പെട്ട സത്യം ആണിത്. തുടക്കം മുതൽ ഒടുക്കം വരെ ആരെല്ലാമോ ചേർന്നു  നയിക്കുകയായിരുന്നു എന്നെ ! ആ വിളികൾക്കു ചെവി കൊടുത്തു നടക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു .

പതിനഞ്ചു ദിവസത്തെ എമെർജെൻസി ലീവും എഴുതി കൊടുത്തു അബുദാബിയോട് വിട പറഞ്ഞു കയ്യിൽ രണ്ടു ടി ഷർട്ടും രണ്ടു പാന്റും ഒരു ഷോർട്സും ടെന്റും സ്ലീപ്പിങ് ബാഗും പിന്നെ ഒരു ജാക്കറ്റും ഇത്രയും കൊണ്ട് നേരെ ഡൽഹിയിലേക്ക് വണ്ടി കേറി ! അവിടുന്ന് ഹിമാലയൻ യാത്രികന്റെ മിത്രം HRTC യുടെ ലോക്കൽ ബസിൽ ടിക്കറ്റും എടുത്തു നേരെ മണാലിയിലേക്കു ! പതിനഞ്ചു മണിക്കൂർ നീണ്ട തീർത്തും നടുവൊടിക്കുന്ന യാത്രയുടെ അവസാനം അർധരാത്രിയോടെ മണാലിയിൽ എത്തി. ആളുകളേക്കാൾ ഹോട്ടൽ ഉള്ളതു കൊണ്ടും ഓഫ് സീസൺ സമയം ആയതു കൊണ്ടും അധികം അലയാതെ തന്നെ 500 ഉറുപ്പ്യക്ക് ഒരു മുറി തരായിക്കിട്ടി ! പത്തു പതിനാലു മണിക്കൂർ നല്ല കിടിലൻ ഓഫ് റോഡ് ഡ്രൈവ് ആയതു കൊണ്ട് കിടന്നു ക്ഷണ നേരത്തിനുള്ളിൽ ഉറക്കം വന്നു അനുഗ്രഹിച്ചു ! നേരം വെളുത്തിട്ടു എന്തെങ്കിലും ആവട്ടേന്നു കരുതി വന്ന ഉറക്കത്തിന്റെ സ്വീകരിച്ചു ഞാനും ഉറങ്ങി  !

കിടന്നുറങ്ങാൻ അല്ല യാത്ര എന്ന് ഉള്ളിൽ നിന്നും ഒരു വിളി വന്നതും ചാടി എഴുന്നേറ്റു ആറു  മണി ആയിരിക്കുന്നു ! ബ്രഷ് ദൈവാനുഗ്രഹം കൊണ്ട് എടുക്കാൻ മറന്നതിനാൽ പല്ലു തെക്കേണ്ട ബുദ്ധിമുട്ടുണ്ടായില്ല. പത്തു മിനുട്ടിനുള്ളിൽ മേല് കഴുകി ഫ്രഷ് ആയി പുറത്തേക്കിറങ്ങി ഒരു നൂറു മീറ്റർ പോയതും ബോർഡ് ഒരെണ്ണം കണ്ണിൽ പെട്ടു അതോടെ അന്നത്തെ ലിസ്റ്റ് റെഡി ആക്കി ഹഡിംബ ടെംപിൾ മനു ഋഷി ടെംപിൾ വശിഷ്ഠ ഋഷി ടെംപിൾ നേച്ചർ പാർക്ക് ഓൾഡ് മണാലി ! ഇത്രയും ഏതാണ്ട് ഒരു 5 -6 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ട് അത് കൊണ്ട് ഇന്ന് മുഴുവൻ ഇവടെ എല്ലാം കറങ്ങി നടന്നു കാഴ്ചകൾ കണ്ടു നാളെ ട്രെക്കിങ്ങ് തുടങ്ങാം എന്ന് തീർച്ച ആക്കി.

ഹഡിംബ ടെംപിൾ - വെളിച്ചം കടക്കാൻ മടിച്ചു നിൽക്കുന്ന പൈൻ കാടുകൾക്കു നടുവിൽ പതിനാലാം നൂറ്റാണ്ടിൽ കെട്ടിയ ഒരു കൊച്ചു ക്ഷേത്രം. ഭീമന്റെ പത്‌നി ഹഡിംബ ദേവിയുടേയാണ് ഈ ക്ഷേത്രം,തൊട്ടടുത്തു തന്നെ പുത്രനായ ഘടോത്കചനും ക്ഷേത്രമുണ്ട്. നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് തന്നെ മനുഷ്യ സംസർഗം പൂർണമായും ഒഴിവായി കിട്ടി , ഈ ക്ഷേത്രത്തിന്റെ മേന്മ എന്നെനിക്കു തോന്നിയത് 14 ആം നൂറ്റാണ്ടിൽ കെട്ടിയ ഇത് ഇന്ന് വരെ കേടു കൂടാതെ ഒരുപാട് പുനരുദ്ധാരണം  നടത്താതെ അന്ന് എങ്ങനെ ഇരുന്നുവോ അതെ പോലെ ഇന്നും നില നിൽക്കുന്നു എന്നതാണ് .കുറച്ചു നേരം തൊഴുതും ഫോട്ടോ എടുത്തും കൂടുതൽ നേരം കാടുകളുടെയും ക്ഷേത്രത്തിന്റെയും സൗന്ദര്യം ആസ്വദിച്ചും ഇരുന്നു ! ഹോമോ സെപ്പിയൻസ് വന്നു ബഹളം വെച്ച് തുടങ്ങുന്ന വരെയും എന്റെ ഇരുത്തം തുടർന്ന് ! ബഹളവും തിരക്കും ആയതും മെലെ എഴുന്നേറ്റു ബ്രേക്ഫാസ്റ്റു തീർക്കാൻ അങ്ങട് തീരുമാനിച്ചു . നല്ല അസ്സൽ ചൂട് വെജ് മോമോസും ഒരു ന്യുഡിൽസും കഴിച്ചു അടുത്ത ലക്‌ഷ്യം വശിഷ്ഠ ഋഷിയുടെ ക്ഷേത്രവും ഗ്രാമവും കാണുവാൻ പുറപ്പെട്ടു !



 വശിഷ്ട് ഗ്രാമം- ഹഡിംബ ദേവി ക്ഷേത്രത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം ദൂരം ഉള്ളത് കൊണ്ട് ഒരു ബൈക്ക് എടുക്കാം എന്ന് തീരുമാനിച്ചു അടുത്ത് തന്നെ ഉണ്ടായിരുന്ന കടയിൽ നിന്നും ഡോക്യൂമെന്റസ് നൽകി 500 രൂപയ്ക്കു ആക്ടിവ അങ്ങട് എടുത്തു. വലിയ അന്വേഷണം ഒന്നും വേണ്ടി വന്നില്ല വഴി കണ്ടു പിടിക്കാൻ ബിയാസ് നദിയുടെ തീരത്തു കൂടെ അതി മനോഹരമായൊരു റൈഡ് ചെന്നു നിന്നത് വശിഷ്ഠ ഗ്രാമത്തിനുള്ളിൽ,രഘുവംശത്തിന്റെ കുലഗുരുവായ വശിഷ്ഠന്റെ പേരിലാണ് ഈ ഗ്രാമവും ക്ഷേത്രവും. വണ്ടി പാർക്ക് ചെയ്തു ആദ്യം ക്ഷേത്ര ദർശനവും തുടർന്ന് കുറച്ചു നേരം ആ ഗ്രാമവും ചുറ്റി നടന്നു കണ്ടു .ഇവടെ നിന്നും ഒരു കൊച്ചു ട്രെക്ക് ചെയ്‌താൽ ജോഗിനി എന്ന ഒരു കൊച്ചു വെള്ളച്ചാട്ടം കൂടെ കാണാം. എനിക്ക് അടുത്ത ദിവസം ആവശ്യത്തിൽ കൂടുതൽ നടക്കേണ്ടി ഉള്ളതിനാൽ വേണ്ട എന്ന് തീരുമാനിച്ചു. ചുടു നീരുറവ ക്ഷേത്രത്തിനടുത്തായി ഉണ്ട് അവിടെ കുളിക്കാൻ സൗകര്യവും ഉണ്ടു എന്നാൽ വൃത്തി കണ്ടപ്പോൾ കുളിക്കാൻ തോന്നിയില്ല കയ്യും കാലും കഴുകി വണ്ടിയും എടുത്തു അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് വെച്ച് പിടിച്ചു .





 മനു ഋഷി ടെമ്പിൾ / ഓൾഡ് മണാലി - വശിഷ്ഠ ഗ്രാമത്തിൽ നിന്നും ഒരഞ്ചു കിലോമീറ്റർ ഉണ്ട് മനു ഋഷി ക്ഷേത്രത്തിലേക്ക് . മനുവിന്റെ ആലയം എന്നതിൽ നിന്നും ലോപിച്ചാണ് മണാലി എന്ന് സ്ഥലനാമം ഉരുത്തിരിഞ്ഞത്. ആഡംബര മണാലിയുടെ മറ്റൊരു മുഖമാണ് ഓൾഡ് മണാലി ഗ്രാമത്തിനു , സത്യത്തിൽ അതല്ല ഇതാണ് മണാലി എങ്ങും പരമ്പരാഗതമായ ഓടുപാകിയതും മരത്തിൽ നിർമ്മിച്ചതും ആയ വീടുകളും , കന്നുകാലികളും എല്ലാം കൂടെ ചേർന്ന് മനോഹരമായൊരു ഹിമാലയൻ ഗ്രാമീയ ഭംഗി തുളുമ്പുന്ന ഒരിടം ആയിരുന്നു ഓൾഡ് മണാലി.മനു ഋഷി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു ആ ഗ്രാമീണ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു. സമയം ഏകദേശം ഉച്ച ആയിരുന്നതിനാൽ ഭക്ഷണം കഴിഞ്ഞാവാം അടുത്ത കാര്യം എന്ന് തീരുമാനിച്ചു.വരുന്ന വഴിക്കു ബിയാസ് നദിയുടെ ഓരത്തു തന്നെ ഒരു കൊച്ചു ഹോട്ടൽ ശ്രദ്ധിച്ചിരുന്നു. അതിന്റെ മുന്നിൽ നിന്നും നദിയിലേക്കു പടവുകൾ എല്ലാം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം നദീ തീരത്തും ചിലവഴിക്കാം കൂടെ ഭക്ഷണവും കഴിക്കാം എന്ന് കരുതി ആ ഹോട്ടലിലേക്ക് തന്നെ പുറപ്പെട്ടു.














ബിയാസ് നദി - ബിയാസ് കുണ്ടിൽ നിന്നും ഉത്ഭവിച്ചു ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിലേക്കു ഒഴുകുന്നു . എന്റെ യാത്രക്ക് ഏതാനും നാളുകൾക്കു മുൻപ് ആയിരുന്നു മേഘ വിസ്ഫോടനവും തുടർന്ന് ബിയാസ് നദിയുടെ കോപവും മണാലി കാണുന്നത് . ഇപ്പോൾ എന്തായാലും ശാന്തയായി ആണ് ഒഴുക്ക് അത് കൊണ്ട് തന്നെ പടവിൽ ഇരുന്നു തണുത്ത വെള്ളത്തിൽ കാലും മുക്കി കുറെ നേരം ഇരുന്നു ഇളം നീല നിറത്തിൽ ഒഴുകുന്ന ബിയാസ് ശാന്തമായി ഒഴുകി കൊണ്ടിരുന്നു . ഒരുമണിക്കൂറോളം നദിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു. വീണ്ടും ഹോമോസാപിയൻസ് ബഹളവുമായി അവിടെയും എത്തിയപ്പോൾ വിശപ്പിന്റെ വിളി വീണ്ടും വന്നത് . യാത്രയുടെ ഓർമ്മയ്ക്ക് നദിയിൽ നിന്നും രണ്ടു വെളുത്ത കാലുകൾ എടുത്തു ബാഗിൽ സൂക്ഷിച്ചു . ന്യുഡിൽസും ഒരു ഗ്ലാസ് ലസ്സിയും കഴിച്ചു നേച്ചർ പാർക്കിലേക്ക് പുറപ്പെട്ടു .



നെഹ്‌റു ഫെസന്റ് സാങ്ച്വറി - നേച്ചർ പാർക്കിന്റെ പേരാണ് ഇത്. മൊണാൽ . ഖലീജ് , ഹിമാലയൻ ഗൂസ് ,മയിൽ ചുകാർ തുടങ്ങി മനുഷ്യനെ പേടിച്ചു പുറത്തിറങ്ങാൻ നിർവാഹമില്ലാതെ കുറച്ചു പക്ഷികളുടെ വീടാണ്  അല്ല സോറി ജയിലാണ് ഇന്ന് നേച്ചർ പാർക്ക്. മുപ്പത്തിയെട്ടോളം വർഗ്ഗത്തിൽ പെട്ട പൈൻ മരങ്ങൾ കൊണ്ട് ബ്രിട്ടീഷുകാര് പണിതതാണ് ഈ നേച്ചർ പാർക്ക് . പക്ഷെ ഇന്നും നമ്മൾ അതിനെ ഭംഗിയായി പരിപാലിക്കുന്നു എന്നത് പ്രശംസിപ്പിക്കപ്പെടേണ്ട കാര്യം തന്നെ . കാരണം അങ്ങനൊരു നല്ല സ്വഭാവം ഇന്ത്യക്കാർക്കില്ല എന്നത് കൊണ്ട് തന്നെ .ഇടതൂർന്നു ആകാശം മറച്ചു നിൽക്കുന്ന പൈൻ മരങ്ങൾ ആണ് ഈ പാർക്കിലെ മുഖ്യ ആകർഷണം. സത്യത്തിൽ ഇതൊരു പാർക്കല്ല ഒരു വനം തന്നേയാണ്. മനുഷ്യവാസം നന്നേ കുറവായതു ഈ സന്ദർശനത്തിലും മറ്റൊരു ഭാഗ്യമായി. കാട്ടിനുള്ളിലൂടെ മണിക്കൂറോളം നടന്നു കൊണ്ടേ ഇരുന്നു . ചെവിക്കു പിടിക്കാത്ത ഒരു ശബ്ദവും ഇല്ല, മുഴങ്ങുന്നത് ചുറ്റിലും നിശബ്ദത മാത്രം. കുറെ നേരം കിടന്നും നടന്നും ഇരുന്നും ആ വന്യതയിൽ അലിഞ്ഞു ജീവിച്ചു . ശേഷം തടവിലാക്കപ്പെട്ട സുന്ദരികളെ കണ്ടും ഫോട്ടോ എടുത്തും തിരിച്ചു നേരെ വണ്ടിയും ഏൽപ്പിച്ചു ഹോട്ടലിലേക്ക് നടന്നു.






നാളത്തേ യാത്രക്കായി 800 രൂപയ്ക്കു ഒരു ജിപ്സിയും. മലചൊരുക്ക്(AMS) വരാതിരിക്കാൻ ഒരു സ്ലിപ് diomax ഗുളികകളും വാങ്ങി. മൂന്നു ദിവസം മല മുകളിലെ അന്നത്തിനായി ഒരു പാക്കറ്റ് ബ്രെഡും ന്യുട്രീള്ളയും കൂടെ വാങ്ങി. ഇത്രയും നാൾ എന്റെ ഉറക്കം കളഞ്ഞു കൊണ്ടിരുന്ന ഭൃഗു ലേക്കിനെ സ്വപ്നം കണ്ടു നേരത്തെ ഉറങ്ങാൻ കിടന്നു.

തുടരും ! 

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...