Monday, 6 April 2020

Land of Exiled Lives - McleodGanj

ശ്രീ ബുദ്ധനോട് എന്തോ വല്ലാത്തൊരു പ്രണയമാണ് മനസ്സിൽ, അദ്ദേഹത്തിന്റെ വചനങ്ങളിൽ എന്തോ ഒരു സമാധാനം ഞാൻ അനുഭവിച്ചിട്ടുണ്ട് ! എന്നെ ആത്മീയമായി സ്വാധീനിച്ച ഒരേ ഒരു വ്യക്തി ശ്രീ ബുദ്ധൻ മാത്രമാണ് .ഈ പ്രണയം എന്ന് തുടങ്ങിയെന്നു കൃത്യമായി അറിയില്ല പക്ഷെ എന്റെ ആദ്യ ഹിമാലയൻ യാത്ര അത്തരമൊരു പ്രണയത്തിന്റെ പുറത്തായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് സൃഷ്ടിക്കപ്പെട്ട ബുദ്ധ വിഹാര കേന്ദ്രങ്ങൾ തേടി, ആ യാത്ര തീരുമ്പോഴേക്കും ബുദ്ധിസ്സത്തോടും ശ്രീ ബുദ്ധനോടുമുള്ള എന്റെ പ്രണയത്തിന്റെ തീവ്രത വളരെ കൂടുതലായി കഴിഞ്ഞിരുന്നു! അന്ന് തൊട്ടുള്ള ആഗ്രഹമാണ് പതിനാലാമതു ദലൈലാമയെ നേരിട്ട് ഒരു വട്ടം കാണണം! ഓരോ യാത്രയും എന്നെ തിരഞ്ഞെടുത്ത പോലെ ആയിരുന്നു ഈ യാത്രയിലും ഞാൻ എത്തിപെടുകയായിരുന്നു! അതെ പോലെ തന്നെ എത്തിപ്പെട്ട യാത്രകളിലെലാം ഞാൻ കാണാൻ ആഗ്രഹിച്ചതല്ല എനിക്കായി കരുതി വെച്ചിട്ടുണ്ടായിരുന്നത്  ഇവിടെയും സ്ഥിതി മറിച്ചായില്ല !

ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ അവിചാരിതമായി അമൃത്സറിൽ എത്തിപ്പെട്ട പോലെ ഒരു അദൃശ്യത എന്നെ ധരംശാലയിലേക്കു നയിക്കുകയായിരുന്നു. അമൃത്സറിൽ നിന്നും 7-8 മണിക്കൂർ നേരത്തെ ബസ് യാത്രക്കു ശേഷം ധരംശാലയിലും പിന്നെ അവിടുന്ന് അര  മണിക്കൂർ നേരം കൊണ്ട് മക്ളിയോദ്ഗഞ്ചിലും എത്തി. രാത്രിയായി കഴിഞ്ഞിരുന്നു അവിടെ എത്തി ചേർന്നപ്പോൾ അത് കൊണ്ട്  റൂം എടുത്തു പുലർച്ചെ ആവാം അന്വേഷണം എന്നാലോചിച്ചു എത്ര പിശുക്കാമോ അത്രേം പിശുക്കി അതിനൊത്തൊരു തല്ലിപ്പൊളി റൂം കണ്ടെത്തി നിദ്രയായി ! കാലത്തു നേരത്തെ എഴുന്നേറ്റു അപ്പോൾ മുന്നിൽ കണ്ട കാഴ്ച തല്ലിപ്പൊളി റൂമിനോടുള്ള അനിഷ്ടത്തെ ഇഷ്ട്ടമാക്കി ! , മേഘ കിരീടം അണിഞ്ഞു നിൽക്കുന്ന ദൗലധർ പർവ്വത നിരകൾ,ഇന്ദ്രാഹാർ പാസും, ത്രിയുണ്ട് പർവ്വതവും ഇവയുടെ മടിയിലായി ഈ കൊച്ചു പട്ടണവും പൂർണമായി ഇവിടെ നിന്ന് കാണുവാൻ കഴിഞ്ഞു !

Dhauladhar Himalayas
Dhauladhar Himalayas

Mc'leodganj
Mc'leodganj Town

കാലത്തേ ഉദ്യോഗമെല്ലാം ക്ഷണ നേരം കൊണ്ട് തീർത്തു ദലൈലാമ ടെംപിൾ അന്വേഷിച്ചു നടത്തം ആരംഭിച്ചു അര  കിലോമീറ്റെർ വേണ്ടി വന്നുള്ളൂ അവിടെ എത്താൻ. പക്ഷെ എത്തിയ സമയം തെറ്റി പോയിരുന്നു.ഒന്ന് രണ്ടാഴ്ച മുൻപ് ദലൈലാമ അവിടെ നിന്നും ഗയയിലേക്കു യാത്രയായിരുന്നു. അദ്ദേഹം തത്സമയം ബിഹാറിലോ യൂപിയിലോ ആണെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. വന്ന സ്ഥിതിക്ക് ഇനി മക്ലിയോഡ്ഗഞ്ചിനെ അടുത്തറിയാം എന്ന് തീരുമാനിച്ചു.  യാത്ര ദലൈലാമ ടെംപിളിൽ നിന്നും തന്നെ തുടങ്ങി ! അകത്തു കടന്നു ബുദ്ധനെ ദർശിച്ചു നമസ്കരിച്ചു നടത്തം ആരംഭിച്ചു ദലൈലാമയുടെ വീടിനു മുന്നിലൂടെ ആദ്യം പോയത് ടിബറ്റൻ മ്യുസിയത്തിലേക്കായിരുന്നു !

Dalailama Temple
Dalailama Temple

Dalailama Temple
Prayer Wheels @ Dalailama Temple

Martyr monument
Martyr Monument Of Chinese Invasion on Tibet

ആ മ്യുസിയം വരവേറ്റത് മനസ്സിനെ നൊമ്പരപെടുത്താൻ പോന്ന കാഴ്ചകൾ കൊണ്ടായിരുന്നു ടിബറ്റൻ ജനതയുടെ നിസ്സഹായതയുടെ കാഴ്ചകൾ. ലോകത്തിന്റെ മേൽകൂരയിൽ നിന്നും വന്നവർക്കു ഇന്നു അന്യനാട്ടിൽ മേൽക്കൂരക്കായി കേഴേണ്ട അവസ്ഥ ദയനീയം എന്നലാതെ എന്ത് പറയാൻ . ചൈനീസ് അധിനിവേശം ആ നാടിനെയും അതിന്റെ സംസ്കൃതിയെയും തകർത്ത കാഴ്ചകളും ചിത്രങ്ങളും ആണ് അതിനുള്ളിൽ മുഴുവൻ. 1959 മുതൽ ഇവിടെയാണ് ദലൈലാമയും അദ്ദേഹത്തിനെ പിന്തുടർന്ന് വന്ന അനേകായിരം ടിബറ്റുകാർക്കും അഭയ കേന്ദ്രം. അദ്ദേഹത്തിന് അഭയം നൽകിയതാണ് ചൈനയുമായുള്ള രാഷ്ട്രീയ വൈര്യത്തിനു നിമിത്തമായെന്നു കരുതിയാലും തെറ്റില്ല ! എന്ത് തന്നെ ആയാലും അന്ന് തൊട്ടു ഇവിടെ നിന്നും ടിബറ്റൻ പാര്ലിമെൻറ് പ്രവർത്തിക്കുന്നു പ്രത്യേകിച്ച് അത് കൊണ്ട് കാര്യമൊന്നും ഇല്ലെങ്കിലും ടിബറ്റൻ ജനത ഇന്നും കാതോർക്കുന്നു അവരുടെ നേതാവിനു മുന്നിൽ !

11th panchen lama
11th Panchen Lama (Youngest Political Prisoner )

Tibet Map

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

Chinese Invasion Stories
Chinese Invasion Stories

ദലൈലാമയുടെ പലായനത്തിന്റെ മാത്രമല്ല പിന്നെയും ഒരുപാട് കഥകൾ അവിടെ നിന്നും വായിച്ചു , അഞ്ചാം വയസ്സിൽ തന്നെ രാഷ്ട്രീയ തടങ്കലിൽ ആയ പതിനൊന്നാം പഞ്ചൻ ലാമയുടെ കഥ ! ഇന്നും ആർക്കുമറിയില്ല ചൈന അദ്ദേഹത്തെ എന്ത് ചെയ്തു എന്ന് ? ദലൈലാമക്കു ശേഷം അടുത്ത സർവോന്നത നേതാവാണ് പഞ്ചെൻ ലാമ. പത്താമത്തെ പഞ്ചെന്ലാമയെ ചൈന വിഷ പ്രയോഗത്തിലൂടെ വക വരുത്തി, തുടർന്നു ഇന്നത്തെ ദലൈലാമ പത്താമത്തെ പഞ്ചൻ ലാമയുടെ പുനർജന്മമായ "Gedhun Choekyi Nyima" എന്ന അഞ്ചു വയസ്സുകാരനെ പുനർജന്മമായി അംഗീകരിച്ചു അവരോധിച്ചു. എന്നാൽ  അന്നേക്ക് മൂന്നാം നാൾ പഞ്ചെന്ലാമയെയും മാതാ പിതാക്കളെയും ചൈന തടങ്കലിലാക്കി പിന്നെ ഇന്ന് വരെയും അദ്ദേഹത്തിന്റെ വിവരങ്ങൾ അജ്ഞാതമാണ് ! ഇത് പോലെ ദലൈലാമക്കും ടിബറ്റിനും വേണ്ടി ജീവൻ ബലികഴിച്ച അനേകം പോരാളികളുടെ ചരിത്രം ഇവിടുത്തെ ചുവരുകളിൽ ഉണ്ട് ! എന്നെങ്കിലും തിരികെ സ്വരാജ്യത്തിലേക്കു തല ഉയർത്തി ചെല്ലാൻ കഴിയും എന്ന വിശ്വാസത്തിൽ കുറെ ടിബറ്റൻ അഭയാർത്ഥികളും !

അവിടിന്നു പിന്നെ ചെന്നത് സെന്റ് ജോൺസ് പള്ളി കാണുവാൻ ആയിരുന്നു പൈൻ ദേവദാരു കാടുകൾക്കു നടുവിൽ പ്രാചീന ഇംഗ്ലീഷ് രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു കൊച്ചു മനോഹരമായ പള്ളി ! കഷ്ടി ഒരു കിലോമീറ്റെർ ദൂരമേ ഉള്ളു അതോണ്ട് നടന്നു തന്നെ പോയി മനോഹരമായൊരു നടത്താമായിരുന്നു അത് ആളും ആരവുമൊഴിഞ്ഞ റോഡിലൂടെ ഇരുവശവും പടർന്നു വളർന്നു നിൽക്കുന്ന കാടിനും നാടവിലൂടെ ഒരു നടത്തം ! മനോഹരം ആയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു ! പുരാതന യൂറോപ്യൻ നിർമാണ ശൈലിയായ നിയോ ഗോഥിക് രീതിയിലാണ് ഈ പള്ളിയുടെ നിർമാണം. 1852 ൽ ആണ് ഈ പള്ളിയുടെ നിർമാണം നടന്നത്. ഒരുപാട് പേരുടെ ജീവമെടുത്ത 1905 കാംഗ്ര ഭൂകമ്പത്തെയും   അതിജീവിച്ചു ഇന്നും ഉറപ്പോടു കൂടി ഈ പള്ളിയിവിടെ നിലകൊള്ളുന്നു ! ലോർഡ് എൽജിൻ എന്ന വൈസ്രോയിയുടെ അന്ത്യ സംസ്കാരം നടന്നിട്ടുള്ളതും ഇവിടുത്തെ സെമിത്തേരിയിൽ ആണ് !

Mc'leodganj
Mc'Leodganj

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

St.Johns Church In the Wilderness
St.Johns Church In the Wilderness

പ്രാർത്ഥന സമയത്തായിരുന്നു ഞാൻ അവിടെ എത്തി ചേർന്നത് അത് കൊണ്ട് തന്നെ പള്ളി തുറന്നിരുന്നു ധാരാളം വിശ്വാസികളും ഉണ്ടായിരുന്നു. പ്രാർത്ഥന തീരും വരെ അവരുടെ കൂടെ കൂടി പള്ളിയുടെ അകത്തിരുന്നു. പിന്നെ പുറത്തേക്കിറങ്ങി ഫോട്ടോസ് എടുത്തു നടക്കുന്നിതിനടയിൽ പൊടുന്നനെ അതി ശക്തമായി മഴ ആരംഭിച്ചു ! ഏകദേശം രണ്ടര മണിക്കൂറോളം നിലക്കാതെ തിമിർത്തു പെയ്തു മഴ ! ഭൂരിഭാഗവും സ്വന്തം വാഹനത്തിൽ വന്നവരായിരുന്നു കൊണ്ട് തന്നെ ആ തിമിർത്തു പെയ്യുന്ന മഴയത്തും പള്ളിയും പരിസരവും ശൂന്യമാവാൻ അധികം നേരം വേണ്ടി വന്നില്ല. എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കാരണത്താൽ ആ വന്യതക്കും കൊച്ചു പള്ളിക്കും മുൻപിൽ ഏകനായി പുറത്തെ വെയ്റ്റിംഗ് ഷെഡിൽ മഴ തീരുവോളവും അതിന്റെ സൗന്ദര്യവും ആസ്വദിച്ചു ഇരുന്നു! ഉച്ച കഴിഞ്ഞു മൂന്നു മണിയോടടുപ്പിച്ചായി മഴ തീർന്നപ്പോൾ നേരം പോയത് ഞാൻ അറിഞ്ഞില്ലെങ്കിലും എന്റെ വയറു അറിഞ്ഞിരുന്നു അത് കൊണ്ട് ഇനി ഊണ് കഴിച്ച ശേഷം ആവാം അടുത്ത പരിപാടി എന്ന് തീർച്ചയാക്കി നേരെ ഒരു ഹോട്ടലിൽ ചെന്ന് ചിക്കൻ തുക്പ്പ എന്ന ടിബറ്റൻ ഭക്ഷണം കഴിച്ചു, സാധാരണ യാത്രകളിൽ നോൺവെജ് കഴിവതും ഒഴിവാക്കുകയും ഭക്ഷണ പരീക്ഷണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാറാണ് പതിവെങ്കിലും ഇതൊന്നു പരീക്ഷിക്കാൻ മനസ്സ് പറഞ്ഞത് കേട്ട് കഴിച്ചു നോക്കിയതാണ് ! സൂപ്പിൽ ന്യുഡിൽസും ചിക്കൻ പീസും എല്ലാം ഇട്ടൊരു സൂപ് പോലത്തെ ഭക്ഷണമാണ് തുക്പ ! സംഗതി എന്തായാലും ഇഷ്ട്ടായി !

MC'leodganj
MC'leodganj
Thukpa
Thukpa


പത്തു പന്ത്രണ്ടു ദിവസത്തെ എന്റെ ഏകാന്ത യാത്രക്ക് അർദ്ധ വിരാമം നൽകി അടുത്ത ദിവസം രാത്രി ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഹോട്ടലിലേക്ക് തിരികെ നടന്നു ! ഊരും ഉറവും ആളും പരിചയമിലാത്ത ഒരുപാട് വഴികൾ ആളും ആരവവും ഒഴിഞ്ഞ പർവ്വതങ്ങൾ ആൾകൂട്ടത്തിൽ തനിയെ ആയി പോയ നിമിഷങ്ങൾ അങ്ങനെ ഓർത്തു വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ! ഇനി ഡൽഹി അവിടുന്ന് അബുദാബി, മറ്റൊരു സ്ഥലം എന്നെ തിരഞ്ഞെടുക്കുന്ന നാൾ വരെയും പിന്നിട്ട വഴികളുടെ ഓർമ്മകളെ താലോലിച്ചു അടുത്ത കർമ്മ പഥത്തിലേക്ക് സഞ്ചാരം !

വിഷ്ണു കെ.വി
06/04/2020

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...