സ്വതന്ത്രപൂർവ്വ ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനം ആയിരുന്നു പഞ്ചാബ് , സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതൽ നഷ്ട്ടം സംഭവിച്ചതും അവർക്കു തന്നെ പഴയ പഞ്ചാബിന്റെ തൊണ്ണൂറു ശതമാനവും പാകിസ്ഥാൻ സ്വന്തമാക്കിയപ്പോൾ വിഭജനത്തിലൂടെ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടവർ ആയി മാറി ഈ ജനത ഇന്ത്യയിലെ മാത്രമല്ല പാകിസ്ഥാനിലെയും പഞ്ചാബിന്റെ സ്ഥിതി മറ്റൊന്നാണെന്നു തോന്നുന്നില്ല. വിഭജനത്തിന്റെ ചോര വീണ ഈ മണ്ണിലേക്ക് ഒരിക്കലെങ്കിലും ഓരോ ഭാരതീയനും യാത്ര ചെയ്തിരിക്കണം വിഭജനത്തിന്റെ ക്രൂരത നേരിൽ കാണാം.ശേഷമെങ്കിലും തമ്മിൽ വിഘടിക്കാതിരിക്കാൻ ശ്രമിക്കാം !
അഞ്ചു നദികൾ ഒഴുകുന്ന ഈ മനോഹരമായ ഭൂമിയിലേക്കുള്ള എന്റെ യാത്ര തീർത്തും അപ്രതീക്ഷിതം ആയിരുന്നു. ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ലഭിച്ച ക്ഷണം അതും സ്വീകരിച്ചു നേരെ പുറപ്പെട്ടു മണാലിയിൽ നിന്നും പതിനാലു മണിക്കൂറിനപ്പുറം അമൃത്സർ എന്ന പ്രപഞ്ചത്തിലേക്കു .തിരിച്ചു പോകാൻ കുറച്ചു ദിവസങ്ങളെ ഉള്ളു അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഈ യാത്ര തീർത്തു മക്ലെയോദ്ഗഞ്ചിലേക്കു പോകണം അവിടന്നു ഡൽഹി വഴി വീണ്ടും കർമ്മ ഭൂമിയിലേക്ക് . കൃത്യ സമയത്തു തന്നെ സുഹൃത്ത് ബസ്സ്റ്റാൻഡിൽ എത്തി. ശേഷം ഒരു ദിവസത്തേക്കുള്ള യാത്ര രേഖ തീരുമാനിച്ചു. ആദ്യം സുവർണ ക്ഷേത്രം,ശേഷം ജാലിയൻവാലാബാഗ് അവിടുന്ന് നേരെ വാഗാ അതിർത്തി തിരിച്ചു അമൃത്സറിലേക്കും അടുത്ത ദിവസം ധർമശാലയിലേക്കും.
സുവർണ്ണ ക്ഷേത്രം എന്ന ഹർമന്ദിർ സാഹിബ് – ഗുരുദ്വാരക്കു സമീപം തന്നെയുള്ള സത്രത്തിൽ നിന്നും കുളിയും മറ്റും കഴിഞ്ഞു ഫ്രഷ് ആയി ക്ഷേത്ര ദർശനത്തിനു പുറപ്പെട്ടു. “മാനവ സേവ തന്നെ മാധവ സേവാ” എന്ന വാക്കു എല്ലാവരും ഉപയോഗിക്കും എന്നിട്ടു ഈശ്വരന് പൊന്നിൽ തുലാഭാരവും പുറത്തു കിടക്കുന്ന അനാഥ ജന്മങ്ങൾക്കു “സർവേ ജന സുഖിനോ ഭവന്തു” എന്നൊരു പ്രാർത്ഥനയും പാസാക്കും. ബിസിനസ്സിന്റെ കാര്യത്തിൽ ഭക്തനെ കവച്ചു വെക്കും ക്ഷേത്രങ്ങൾ പയിനായിരം മുൻകൂർ അടച്ചാൽ മുന്നിൽ നിന്നും പതിനഞ്ചു മിനിറ്റു തൊഴാം ! കാശില്ലാത്തവൻ ക്യു നിന്നു ഇഷ്ടദേവനെ ഒന്ന് കണ്ടെന്നു വരുത്തി തൃപ്തനാകാം ! പൊതുവെ ഉള്ള ആരാധനാലയങ്ങളിളെല്ലാം ഈ പരിപാടി ആണ് നാട്ടു നടപ്പു ! എന്നാൽ ഇങ്ങനൊരു ആചാരം ഈ ആരാധനാലയത്തിലോ പരിസരത്തോ എവിടെയും ഇല്ല ! ഇവടെ വരുന്നവർ എല്ലാം ഇശ്വരന്മാർ തന്നെ അവരുടെ സേവനം അതാണ് മുഖ്യം ! വരുന്ന ആർക്കും അന്തിയുറങ്ങാൻ സ്ഥലവും വയറു നിറയെ തൃപ്തിയാവോളം ഭക്ഷണവും ഏതു നേരത്തും ലഭ്യം ! ഇവടെ ചെല്ലുന്ന ആർക്കും ഈ സേവനത്തിൽ പങ്കു ചേരാം . ഭക്ഷണം വിതരണം ചെയ്യാൻ പത്രം കഴുകി വെക്കാൻ ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലത്തു അങ്ങനെ പലതരം സേവനങ്ങളും ഇവടെ വരുന്ന വിശ്വാസികൾ തന്നെ ചെയ്യുന്നു അതിൽ അവർ തൃപ്തി നേടുന്നു.
ഇഷ്ടമുള്ള കാശിനു നമുക്ക് പ്രസാദം വാങ്ങാം എന്നാൽ നമ്മുക്ക് ഒരാൾക്ക് കഴിക്കേണ്ട പ്രസാദം മാത്രം നൽകി ബാക്കി അവർ അന്നദാനത്തിലേക്കു മാറ്റിയിടും ! “സ്വർണ ക്ഷേത്രം തിളങ്ങാൻ കാരണം അതിൽ പൂശിയ സ്വർണ്ണം മാത്രമല്ല” ! ഒരു മണിക്കൂറോളം ക്യു നിന്നു ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നിൽ എത്തിയതും കർസേവക് എന്നെ തടഞ്ഞു ഒരു നിമിഷം ദേഷ്യം തോന്നിയെങ്കിലും അടുത്ത നിമിഷം എന്റെ ദേഷ്യത്തെ കുറിച്ച് പശ്ചാത്താപമാണ് തോന്നിയത് ! എനിക്ക് മുന്നിൽ നിന്നിരുന്ന വൃദ്ധക്ക് ഇരുന്നു നമസ്കരിച്ചു പ്രാർത്ഥിക്കാൻ തടസമുണ്ടാകാതിരിക്കാൻ ആയിരുന്നു അവർ എന്നെ തടഞ്ഞത് അവർ പോയതും അദ്ദേഹം ചിരിച്ചു കൊണ്ട് എനിക്കും വന്നു ഇരുന്നു പ്രാർത്ഥിക്കാൻ സ്ഥലമൊരുക്കി തന്നു ! ഇത്രയും തിരക്കിനിടയിലും ഗുരുഗ്രന്ഥ്സാഹിബിന് മുന്നിൽ ശിരസ്സു മുട്ടിച്ചപ്പോൾ ആത്മാവിൽ നിന്നും ആ പ്രാർത്ഥന വന്നു “സർവേ ജന സുഖിനോ ഭവന്തു”, ശേഷം ക്ഷേത്രത്തിൽ നിന്നും പ്രാതൽ കഴിച്ചു സംതൃപ്തമായ മനസ്സോടെ സരോവരത്തിൽ നിന്നു ഹർമന്ദിർ സാഹിബിനു മുന്നിൽ ഒരിക്കൽ കൂടെ നമസ്കരിച്ചു പുറത്തു കടന്നു !
ക്ഷേത്രത്തിനു പുറത്തു തന്നെയാണ് ജാലിയാൻവാലബാഗ് എന്ന കുരുതി കളം , അവിടേക്കു സ്വാഗതം നൽകി ആ കുരുതിക്കു പകരം വീട്ടിയ ഭാരതത്തിന്റെ വീര പുത്രൻ “റാം റഹിം സിംഗ് ആസാദ് ” എന്ന് സ്വയം വിശേഷിപ്പിച്ച ശഹീദ് സർദാർ ഉദ്ധം സിങിന്റെ അതികായ ശില്പം ! പുറത്തു തന്നെ രക്തസാക്ഷികളുടെ മുഖങ്ങൾ ആലേപനം ചെയ്ത വൃക്ഷ ശില്പവും ഉണ്ട് ! അകത്തു നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാൽ അധികം സമയം ചിലവഴിക്കുവാൻ കഴിഞ്ഞില്ല സ്മാരകത്തിന് മുന്നിൽ നിന്ന് മനസ്സ് കൊണ്ട് അഞ്ജലി അർപ്പിച്ചു പുറത്തേക്കു കടന്നു ! സുവർണക്ഷേത്രവും പരിസരവും എല്ലാം അതി മനോഹരമായിരിക്കുന്നു ദുബായിലെ ഡൗൺടൗണിനെ ഓർമ്മിപ്പിക്കുന്ന അത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു ! നഗര നടുവിൽ വലിയൊരു മണ്ഡപത്തിന്റെ മുകളിൽ രാജാ രഞ്ജീത് സിംഗ് കുതിരപ്പുറത്തു വാളുമേന്തി നിൽക്കുന്ന മറ്റൊരു ശിൽപ്പം ! പുറമേ അവരുടെ പരമ്പരാഗത നൃത്ത ശില്പങ്ങൾ വേറെ ! എല്ലാം കൊണ്ട് മനോഹരമായ വൃത്തിയുള്ള പട്ടണം !
കൂടാതെ മറ്റൊരത്ഭുതമായി എനിക്ക് തോന്നിയത് പഞ്ചാബുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡോ:ബി ആർ അംബേദ്കറുടെ പാർലമെന്റിനു മുകളിൽ ഭരണഘടനയും കയ്യിൽ പിടിച്ചു നിൽക്കുന്ന പ്രതിമയാണ് ! വേറെ എവിടെയും അംബേദ്കർക്ക് ഇങ്ങനൊരു ബഹുമാനം നൽകി കണ്ടിട്ടില്ല ! അതിനു കാരണം തിരക്കിയപ്പോൾ അംബേദ്കർ അന്ന് നിലനിന്നിരുന്ന ഉച്ഛനീചത്വം ഇല്ലാതാക്കി തുല്യമായി എല്ലാ സിഖു കാർക്കും “ഖൽസ” എന്ന അവകാശം സംരക്ഷിക്കുന്നതിനായി കൊണ്ട് വന്ന നിയമമാണത്രെ ! അതെ അമൃത്സർ പറയും ഗാന്ധിയോ നെഹ്രുവോ പട്ടേലോ അല്ല പഞ്ചാബിന്റെ സ്വാതന്ത്ര്യ സമര നായകൻ അത് ഡോ:ബീംറാവുഅംബേദ്കർ എന്ന ഭരണഘടനാ ശില്പിയാണ് !
ഈ കാഴ്ചകളും കണ്ടു ചെന്ന് കേറിയത് ഒരു മ്യുസിയത്തിലേക്കാണ് വിഭജനത്തിന്റെ ചോരക്കളം ഓർമ്മിപ്പിക്കുന്ന ഇന്ത്യ പാക്സിതാൻ പാർറ്റീഷ്യന് മ്യുസിയം ! ചോര കറ പുരണ്ട വസ്ത്രങ്ങൾ ആഭരണങ്ങൾ അന്നത്തെ ദുരിതത്തിന്റെ വിഡിയോ കാഴ്ചകൾ സദാ മുഴങ്ങുന്ന സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ! ഇവിടെ നിന്നും വിങ്ങുന്ന മനസോടെയല്ലാതെ പുറത്തേക്കു കടക്കുവാൻ കഴിയില്ല തീർച്ച ! വിഭജനത്തേ ചൊല്ലി ഇന്ന് തമ്മിൽ തല്ലുന്ന വർത്തമാനകാല ഇന്ത്യക്കാർ ഇവിടം ഒരു വട്ടം സന്ദർശിക്കണം ! റാഡ്ക്ലിഫ് എന്നൊരു മതില് വരുത്തിയ നഷ്ടത്തിന്റെ ചിത്രങ്ങൾ കാണാം ! ഇത് കണ്ടു കഴിഞ്ഞെങ്കിലും തീരുമാനിക്കുക ഇന്ത്യക്കുള്ളിൽ ഇനിയൊരു മതില് കൂടെ പണിയണോ ? അതോ സാഹോദര്യത്തിന്റെ അമൃതം ഉണ്ണണോ എന്ന് ? പഞ്ചാബ് പറയും വിഭജനത്തിന്റെ വേദനയെന്തെന്നു !
ഉച്ചക്ക് ലസിയും പഞ്ചാബ് സ്പെഷ്യൽ ഊണും കഴിച്ചു നേരെ വിട്ടു ഇന്ത്യ പാകിസ്ഥാൻ പരേഡ് കാണാൻ വാഗാ അട്ടാരി അതിർത്തിയിലേക്ക് ! നാല് മണിക്ക് മുൻപ് അട്ടാരിയിൽ എത്തി ചേർന്നു ഘനഗംഭീരമായ ക്യുവെല്ലാം കടന്നു സ്റ്റഡിയത്തിൽ വൃത്തിയായി പരേഡ് വീക്ഷിക്കാൻ പറ്റിയ സ്ഥലം കണ്ടു പിടിച്ചു ഇരുന്നു ! പാട്ടും ഡാൻസും ഭാരത് മാതാ കി ജയ് വിളികളാൽ മുഖരിതമായ അന്തരീക്ഷം ! ആരുടേയും ഞരമ്പുകളിൽ തീ പിടിപ്പിക്കാൻ പാറി പറക്കുന്ന തൃവർണ്ണ പതാക കണ്ടാൽ മാത്രം മതി ! ബിഎസ്എഫ് ജവാന്മാരുടെ പരേഡിന്റെ അകമ്പടിയോടെ ഇന്ത്യൻ പതാകയും പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ പരേഡിന്റെ അകമ്പടിയോടെ പാകിസ്ഥാൻ പതാകയും അഴിച്ചു ഒരേ സമയം കൊണ്ട് പോകുന്നതോടെ പരിപാടിക്ക് വിരാമം ആയി ! യുട്യൂബിലൊക്കെ തിരഞ്ഞു കണ്ടുപിടിച്ചു കണ്ടു കൊണ്ടിരുന്ന ഈ പരേഡ് നേരിട്ട് കണ്ടിറങ്ങിയപ്പോ ദേശസ്നേഹമാണോ ഒരു മാസ് മസാല സിനിമ കണ്ടിറങ്ങിയ സുഖമായിരുന്നോ എന്ന് സത്യസന്ധമായി പറയുക വയ്യ !
ഏക ദിന പര്യടനത്തിന് സമാപ്തി കുറിച്ച് കൂടെ വന്ന പ്രിയ സുഹൃത്തിനു നന്ദിയും പറഞ്ഞു അടുത്ത ദിവസം ധരംശാലയിലേക്കു പോകേണ്ട ബസിന്റെ വിവരങ്ങളും തിരക്കി വിശ്രമ സമയത്തിലേക്കു കടന്നു !
തുടരും
വിഷ്ണു കെ.വി
01/04/2020
01/04/2020














No comments:
Post a Comment