Sunday 14 April 2019

മനുഷ്യനും പ്രകൃതിയും

"Earth Have all for our Need's !
But Not For our greed" - Mk Gandhi

അക്ഷരം പ്രതി അർത്ഥവത്തായ വാചകങ്ങൾ. മഹാന്മാർ എല്ലാം മുൻകൂട്ടി കാണുന്നതോ അല്ല പണ്ടുതൊട്ടേ നമ്മൾ ഇങ്ങനെയായിരുന്നോ? എന്തായാലും ഒരു സുപ്രഭാതം കൊണ്ട് ചവറ്റു കൊട്ട ആയതല്ല ഈ സ്വർഗ്ഗ തുല്യമായ ഗ്രഹം എന്ന് വ്യക്തമാണ്. കൃത്യമായി  എന്ന് തുടങ്ങി എന്നതിന്റെ കാലഘടന നിർണയിക്കുക കഷ്ടമാണ് കാരണം ഇവിടെ സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും ഒരു അന്ത്യവും അതിന്റെ കൂടെ തന്നെ ജന്മം എടുത്തിട്ടുണ്ട് . അത് കൊണ്ട് തന്നെ സൃഷ്ടിയുടെ കൂടെ തന്നെ അതിന്റെ degradation ഉം തുടങ്ങുന്നു എന്നാൽ ഇത് ഇത്തരം നാശങ്ങൾ അല്ലെങ്കിൽ ഇല്ലാതാക്കലുകൾ പ്രകൃതി തന്നെ തന്നെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ചെയ്തു പോരുന്ന  ഒരു പ്രക്രിയ മാത്രം.

ഇന്ന് ആ ജോലി ഒരു വിഭാഗം ജീവജാലങ്ങൾ ഏറ്റെടുത്തു മനുഷ്യൻ എന്നാണ് ആ വിഭാഗത്തിന്റെ പേര്.ഉദ്ദേശം മൂന്ന് ലക്ഷങ്ങളോളം വര്ഷങ്ങള്ക്കു മുന്നേ വനാന്തരങ്ങളിൽ ഏതെല്ലാമോ ജീവികളുടെ പിന്തുടർച്ചയിൽ  പരിണാമം സംഭവിച്ചു വന്നൊരു വിഭാഗം. ഈ വിഭാഗത്തെ സൃഷ്‌ടിച്ച പ്രകൃതി മറ്റൊരു ജീവിക്കും നൽകാത്ത പ്രത്യേകത ഈ വിഭാഗത്തിന് നൽകി "ചിന്ത ശേഷി"!!! മറ്റൊരു ജീവിക്കും അത് ആവശ്യവും ഇല്ല കാരണം ബാക്കി ജന്തു ജാലങ്ങൾ എല്ലാം തന്നെ സ്വയം പര്യാപ്തരാണ് അവർക്കു ചിന്തിക്കേണ്ട ആവശ്യം ഇല്ല പ്രകൃതിയുടെ ചക്രം ആണ് അവരുടെ ജീവിതം ക്രമീകരിച്ചിരിക്കുന്നത് അതിനനുസരിച്ചു ജീവിക്കുക എന്നത് മാത്രമാണ് അവയുടെ ലക്‌ഷ്യം !

താരതമ്യേന ദുർബല വിഭാഗത്തിൽപ്പെട്ടതു കൊണ്ടായിരിക്കണം മനുഷ്യന് പ്രകൃതി ചിന്ത ശക്തി എന്ന കഴിവ് നൽകിയത്. കാരണം അതില്ലെങ്കിൽ മനുഷ്യനെ കൊണ്ട് ഈ ആവാസ വ്യവസ്ഥയിൽ ഒരിക്കലും അതിജീവിക്കാൻ സാധിക്കുകയില്ല. അങ്ങനെ ലഭിച്ച ആ ചിന്താശക്തി കാല ക്രമേണ വർദ്ധിക്കുവാൻ തുടങ്ങി. പ്രകൃതിയിലെ സർവ്വവും ആ ചിന്തയെ പോഷിപ്പിച്ചു കൊണ്ടേ ഇരുന്നു.ആ നാളുകളിൽ എന്നോ തുടങ്ങിയാതാവണം മനുഷ്യൻ പ്രകൃതിയുടെ ചക്രം സ്വന്തം ഇഷ്ട്ടപ്രകാരം തിരിക്കുവാൻ. മറ്റു ശക്തരായ ജീവ ജാലങ്ങൾക്കിടയിൽ നിന്നും അതിജീവിക്കാൻ പ്രകൃതി നൽകിയ ബുദ്ധി അല്ലെങ്കിൽ ചിന്ത ശക്തി ആ ജീവ ജാലങ്ങളുടെ നാശത്തിലേക്കായിരുന്നു പിന്നീടു വഴി തെളിച്ചതു .

പണ്ടത്തെ മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവർ ആയിരുന്നു അവർ പ്രകൃതിക്കു യാതൊരു ദോഷവും വരുത്തിയിട്ടില്ല എന്ന് വാദിക്കുന്നവർ "വൂളി മാമ്മത്" എന്ന ജീവിയെ കുറിച്ച് ഒന്ന് വായിക്കുന്നത് നന്നാവും ആദിമ മനുഷ്യന്റെ വേട്ടകളിൽ നശിച്ചു പോയൊരു ജീവി വർഗ്ഗമാണ് അവ.അത് കൊണ്ട് തന്നെ ചിന്ത വളരുന്നതിനനുസരിച്ചു മനുഷ്യൻ എന്ന പരാന്നഭോജി പ്രകൃതിയിൽ നിന്നും ഓരോ ജീവനെയായി ഊറ്റി എടുക്കാൻ തുടങ്ങി എന്ന് നിസംശയം പറയാം.ഇന്നു മനുഷ്യ ചിന്തകൾ ഭൂമിയും ബഹിരാകാശവും കടന്നു മറ്റു ഗ്രഹങ്ങളിൽ വരെ കാലു കുത്തി. പലപ്പോഴും പ്രകൃതി പോലും ഈ ജീവി വിഭാഗത്തിന് മുന്നിൽ മുട്ട് മടക്കിയോ എന്ന് തോന്നിപ്പിച്ചു.

ആരോടും അനുവാദം ചോദിക്കാതെ കൃത്യമായി ഈ ഭൂമിയിലെ ജൈവ ഘടികാരം അനുസരിച്ചു വന്നു കൊണ്ടിരുന്ന മഴയും വേനലും തണുപ്പും മഞ്ഞും ഇന്ന് മനുഷ്യന്റെ ദയക്കായി കാത്തു നിൽക്കുന്നു.ഇതറിഞ്ഞില്ലെന്നു നടിച്ചു കൊണ്ട് നാം പ്രകൃതിയെ പഴിക്കുന്നു! പ്രകൃതിയൊ ഒന്നുരിയാടാൻ കഴിയാതെ മനുഷ്യരാൽ നാവരിയപെട്ട  അവസ്ഥയിലും. തന്നെ കൊണ്ട് കഴിയുന്ന പോലെ എല്ലാം പ്രകൃതി ഇന്ന് മനുഷ്യനെതിരെ പോരടിക്കുന്നു എന്നാൽ മനുഷ്യനോ പ്രകൃതി നൽകിയ വരത്തിൽ പ്രകൃതിയെ  തന്നെ വെല്ലുവിളിക്കുന്നു. മനുഷ്യചിന്തകൾ പെരുകി കൊണ്ടേയിരിക്കുന്നു ആ ചിന്തകൾക്ക് ഭൂമി എന്ന ലോകം മതിയാകാതെ വന്നിരിക്കുന്നു.

ഇതെല്ലം കേൾക്കുമ്പോൾ പ്രകൃതിയെന്താ ദുർബലയാവുകയാണോ എന്ന് സംശയിച്ചേക്കാം, എന്നാൽ സൃഷ്ട്ടിക്കാൻ കഴിയുന്ന പ്രകൃതിക്കു സംഹരിക്കാനോ വിഷമം? ഒരുപക്ഷെ ഇപ്പോൾ ഈ നടിക്കുന്ന വിഷമം ഒരുപക്ഷെ "ഇനിയും സമയം നിനക്കുണ്ട് നിന്റെ ചിന്തകളെയും ബുദ്ധിയെയും നിനക്ക് ജീവിക്കാൻ മാത്രം ഉപയോഗിക്കു" എന്ന് മനുഷ്യനോടു സംവദിക്കുന്നതിന്റെ  സൂചന ആണോ ?  ആവണം പ്രകൃതി ഇന്ന് ഈ കാക്കുന്ന മഹാമൗനത്തിനു പിന്നിൽ എന്തെല്ലാമോ   മറഞ്ഞിരിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.അത് തിരിച്ചറിയാൻ വൈകുന്നതാണ് മനുഷ്യൻ എന്ന ജന്തുവിഭാഗത്തിന്റെ നാശത്തിലേക്കു ഒരു പക്ഷെ നയിച്ചേക്കുക!!കാരണം സൃഷ്ടിയിൽ തന്നെ നാശവും ഒളിഞ്ഞിരിപ്പുണ്ട് എന്നതു പ്രകൃതി സത്യമാണ്. ഒരു കൊച്ചു തേനീച്ച ഇല്ലാതായാൽ നാല് ദിവസത്തിൽ കൂടുതൽ ജീവിക്കാൻ കഴിയാത്ത മനുഷ്യൻ ചിന്ത ശക്തി എന്ന ഒറ്റ പിൻബലത്തിൽ ഈ ഭൂമിയിൽ മൂന്ന് ലക്ഷം വർഷങ്ങൾ താണ്ടിയിരിക്കുന്നു .

ഇനിയും സമയം ഉണ്ട് സ്വയം ജീവിക്കുക മറ്റുള്ളവയെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യ വർഗം ഇന്നു എഴുന്നൂറ് കോടിക്ക് മുകളിൽ എത്തിയെങ്കിലും ഇപ്പോഴും നമുക്കുളതെല്ലാം ഈ ഭൂമിയിലുണ്ട് ! എന്നാൽ അത് ആവശ്യത്തിന് മാത്രമേ ഉള്ളു അത്യാഗ്രഹത്തിനുള്ളതല്ല . എല്ലാ പരാന്ന ഭോജികളുടെയും അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന മനുഷ്യന് എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു "മാതൃ ശരീരത്തോടൊപ്പം ഒപ്പം നശിക്കുന്നത് അതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്സ് കൂടെയാണ്" അതിനു ഇട വരാതിരിക്കട്ടെ .

ഇവിടം സ്വർഗ്ഗമാണു ആസ്വദിക്കുക!! പ്രകൃതി മനുഷ്യന് മാത്രം നൽകിയ ഈ ഭാഗ്യത്തെ ഉപയോഗിച്ചു നശിപ്പിക്കാതിരിക്കാം.നാളെ വരുന്ന ഒരു  തലമുറയ്ക്ക് ഇതെല്ലാം കാണുവാനും ഉപയോഗിക്കുവാനും ജീവിക്കുവാനും. സ്വസ്ഥമായി തങ്ങളുടെ ജീവിത ചക്രത്തിൽ ജീവിച്ചു പോകുന്ന മറ്റു ജീവികളെ അവരുടെ ആവാസ വ്യവസ്ഥയിൽ കടന്നു ഉപദ്രവിക്കാതിരിക്കാം. ഓർക്കുക അവർക്കു നമ്മളുടെ ആവശ്യം ഇല്ല .അവർക്കു മനുഷ്യർ ഇല്ലെങ്കിലും ജീവിക്കുവാൻ അറിയാം. എന്നാൽ മനുഷ്യൻ ? നമ്മുടെ അതിജീവനത്തിനു ഭൂമിയിലെ എല്ലാ ജീവനുകളും സ്വസ്ഥമായി ഇരിക്കണം.ഈ ഭൂമി ഒരു ചവറ്റു കോട്ട ആയി മാറ്റപ്പെടേണ്ട സ്ഥലം അല്ല !!

ഭാവിയിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ ഒരു യുദ്ധമല്ല ഉണ്ടാവേണ്ടത് .പ്രണയമാണ് വേണ്ടത്! ആ പ്രണയത്തിൽ നിന്നും നന്മ മാത്രമേ ഉണ്ടാവുകയുള്ളു! അലസത ആർത്തി ക്രോധം എന്നീ തൃഗുണങ്ങൾ ഇല്ലാതാവുമ്പോൾ അവിടെ പ്രണയം രൂപപ്പെടുന്നു.സ്നേഹിക്കാം പ്രണയിക്കാം ജീവിക്കാം ജീവിക്കാൻ അനുവദിക്കാം!പ്രകൃതിക്കു വേണ്ടിയല്ല മനുഷ്യനെന്നും. മനുഷ്യന് വേണ്ടിയാണ് പ്രകൃതി എന്നും ചിന്തിക്കുക !

KV.Vishnu
13/04/2019

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...