എന്ത് ഭാവമാണ് നിനക്ക്? യഥാർത്ഥത്തിൽ പുറത്തു നിന്ന് നോക്കുന്ന നേരം നീ ശൃംഗാര പ്രണയ രസങ്ങൾ വാരി വിതറി ദർശനം നൽകുന്നു. നിന്നിലേക്ക് ഇറങ്ങും തോറും പൊടുന്നനെ നീ നിന്റെ ഭാവം മാറ്റുന്നു ! രൗദ്രം എന്ന ഭാവം മാത്രമേ നിന്നിലേക്കിറങ്ങുന്ന വേളയിൽ കാണുവാൻ കഴിയുന്നുള്ളൂ. നിന്റെ പ്രണയവും ശൃംഗാരവും എല്ലാം നീ ഈ രൗദ്ര ഭാവത്തിനു പിന്നിലായി മറച്ചുവോ ? ആ രൗദ്ര ഭാവം മനസ്സിൽ മരണ ഭയത്തിന്റെ വിത്തുകൾ വരെ പാകാൻ പോരുന്നത്ര ഭയങ്കരം തന്നെയാണ്. മഴുവുമായി നിന്നെ തിരഞ്ഞെറിയവനെന്നു കരുതിയാണോ നീ എന്നെ ഭയപെടുത്തുന്നത്? അല്ല നീ പോറ്റി വളർത്തുന്ന നിന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു വേട്ടയാടാൻ വന്നവനെന്നു ധരിച്ചുവോ നീ ?
മാനവ സംസ്കൃതിക്ക് പുറത്തായി നിന്റെ വാസം എന്നറിയാം. ആ സംസ്കാരം ചവച്ചു തുപ്പിയ ഉച്ചിഷ്ടമായി നീ ഇന്നു പലയിടത്തും മാറിയ കാഴ്ചകൾ ഞാൻ ആ സംസ്കൃതിയിൽ നിന്നു കൊണ്ട് തന്നെ വേദനയോടെ കണ്ടിട്ടുമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത കഴിവ് കെട്ടവനായി ആ നേരങ്ങളിൽ നിൽക്കേണ്ടിയും വന്നിട്ടുണ്ട്! വിശ്വം ജയിക്കാൻ പോന്ന സംസ്കാരത്തിനു അന്നവും മരുന്നും വെള്ളവും നൽകി പൊറ്റി വളർത്തിയതു നീ ആയിരുന്നു. സംസ്കാരം കൂടിയത് കൊണ്ടോ എന്തോ നിന്നിൽ ഞങ്ങൾ അകലാൻ തുടങ്ങി ! സത്യത്തിൽ ഞങ്ങൾ നിന്നിൽ നിന്നും അകന്നതാണോ അതോ നീ ഞങ്ങളിൽ നിന്നും അകന്നതാണോ? അറിയില്ല. പക്ഷെ ഇന്നു നീ ഈ സംസ്കൃതിക്ക് പുറത്താണെന്ന് മാത്രം അറിയാം.
നിന്റെ ആത്മാവറിയാനും നിന്റെ ഹൃദയം തുടിക്കും ശബ്‍ദം കേൾക്കുവാനും നിന്നിലേക്കിറങ്ങി വന്ന നിന്റെ സ്നേഹിതൻ ആണ് ഇന്നു ഞാൻ. ദയവു ചെയ്തു നിന്റെ മണ്ണ് എനിക്ക് ഉറങ്ങുവാനായി തുറന്നു തന്നു കൂടെ. നിന്റെ ശേഷിക്കുന്ന കുഞ്ഞുങ്ങളെ ഞാൻ ഉപദ്രവിക്കില്ല നിന്റെ ജീവൻ ഒളിപ്പിച്ച തരുവിൽ ഞാൻ മഴു വെക്കില്ല ! വിശ്വസിച്ചു ഒരിടം നൽകുമോ നീ ? അല്ലെങ്കിൽ അരുത് നീയെന്നെ ഇനിയും വിശ്വസിച്ചു സംരക്ഷിക്കരുതു് . കാരണം ഞാനും മനുഷ്യൻ ആണു. സ്വാർത്ഥതക്കായി നിന്നെ സ്നേഹിക്കാനും അതെ സ്വാർത്ഥതക്കായി നിന്നെ കൊല്ലുവാനും മടിക്കാത്ത മനുഷ്യൻ. അത് കൊണ്ട് സ്നേഹമാണെന്നു പറഞ്ഞു വരുന്ന എന്നെയും നീ സൂക്ഷിച്ചു കൊൾക!
നിന്റെ ജീവൻ ആരും കാണാതെ നീ മറച്ചു വെക്കു . നിന്റെ പ്രണയ ശൃംഗാര ഭാവങ്ങൾ ആ രൗദ്രതയിൽ എന്നും മറഞ്ഞിരിക്കട്ടെ . നിന്നെ പിച്ചി ചീന്താൻ കാത്തിരിക്കുന്ന ഈ മഹാ സംസ്കൃതി നിന്റെ രൗദ്ര ഭാവം കണ്ടു ഭയക്കട്ടെ. ഇല്ലെങ്കിൽ ശേഷിക്കുന്ന നിന്റെ പൈതങ്ങൾക്കു അമ്മയില്ലാത്ത അവസ്ഥ വന്നു ചേരും. നീ കൂടെ ഇല്ലെങ്കിൽ നിന്റെ പുടവ തുമ്പിൽ അഭയം പ്രാപിച ജീവനുകൾ ഓരോന്നായി മരിച്ചു വീഴും.അവർക്കു ഇനിയൊരു തലമുറ തന്നെ ഇല്ലാതെയാവും. അത് കൊണ്ട് ശേഷിക്കുന്ന നീ എനിക്കും എന്റെ കൂട്ടർക്കും മുന്നിൽ നിന്റെ രൗദ്ര ഭാവം വെടിയാതെ എന്തിനു കരുണ പോലും കാണിക്കാതെ നീ നിൽക്കുക. നിന്റെ സൗന്ദര്യം വന്യമായി തന്നെ നിൽക്കട്ടെ. നിന്റെ ശബ്‍ദം ഗർജ്ജനമായി എന്നും മുഴങ്ങട്ടെ.
KV.Vishnu
24/04/2019
No comments:
Post a Comment