Saturday 16 April 2022

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ 
മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം 
നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ 
കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്രണയവും !
-
വിഷ്ണു 
16 ഏപ്രിൽ 2022   

Saturday 30 January 2021

ഭൂഭംഗം( ഭാഗം)

എഴതിരായി പിറന്ന ഭൂവിനെ 
ഏഴായിരംകോടിയായി പങ്കു വെച്ചു !

ആയിരമായിരം കോട്ട കെട്ടി കാത്തു 
കൊട്ടകത്തു പിറന്നു പിന്നെയുമായിര -
മായിരം കോട്ടകൾ , തമ്മിൽ തിരിച്ചറി -
യാൻ പേരുകൾ പലതു നൽകി !

പേരുകളോരുന്നും വേരുകളായി, 
ചരങ്ങളെയെല്ലാം അചരങ്ങളാക്കി !

ഭൂവിലെങ്ങും നിറഞ്ഞു പലകോടി കോട്ടകൾ  !
കോട്ടകൾക്കു കീഴെ ഞെരിഞ്ഞു പിടഞ്ഞു 
ശത കോടി പ്രാണനുകൾ !

വിഷ്ണു കെവി 
30 ജനുവരി 2021

Saturday 23 January 2021

ക്രിസ്റ്റഫർ തോമസ് നൈറ്റ്

രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ നാല് വരെയും ഇങ്ങനെയൊരു മനുഷ്യനെ കുറിച്ചാരും അറിഞ്ഞിരുന്നില്ല. ഏതാണ്ട് ആയിരത്തോളം മോഷണ കേസുകളിൽ അയാൾ പിടിക്കപ്പെടുന്ന വരെയും അയാൾ അജ്ഞാതനായിരുന്നു. തുടർച്ചയായി ഇരുപത്തിയേഴു വർഷങ്ങൾ ആയിരത്തോളം മോഷണങ്ങൾ , പ്രതിവർഷ ശരാശരി നോക്കിയാൽ വർഷം 40 മോഷണം വെച്ച് ഇദ്ദേഹം നടത്തി പോന്നിരുന്നു.  ഏതോ ഒരു വെറും കള്ളനെ കുറിച്ചാണ് ഈ പറഞ്ഞതെല്ലാം എന്ന് ഒരു പക്ഷെ ഇദ്ദേഹത്തെ കുറിച്ചറിയാത്തവർക്കു ഇത് വായിക്കുമ്പോൾ തോന്നിയേക്കും ! അതിനാൽ കഥയിലേക്ക് പോകാം !

പേര് ക്രിസ്റ്റഫർ, തോമസിന്റെയും ജോയ്‌സിന്റെയും മൂന്നു ആണ്മക്കളിൽ ഒരാളായി 1965 ൽ ജനിച്ചു.1986 വരെയും  പിതാവായ തോമസ് നൈറ്റിനും അമ്മ ജോയ്‌സ് നൈറ്റിനും തന്റെ രണ്ടു സഹോദരന്മാർക്കുമൊപ്പം സാധാരണ ജീവിതം തന്നെയാണ് നയിച്ച് കൊണ്ടിരുന്നത് . സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയും ആയിരുന്നു ക്രിസ്റ്റഫർ. എന്നാൽ 1986 ൽ ഒരു നാൾ അദ്ദേഹം ആരോടും ഒരു യാത്ര പോലും പറയാതെ അപ്രത്യക്ഷനാവുന്നു. അദ്ദേഹത്തിന്റെ തീരോധാനത്തിൽ കുടുംബക്കാർ ആരും തന്നെ ഒരു പരാതിയും നൽകിയില്ല. എന്തിനദ്ദേഹം ഇങ്ങനെ ഒരു തീരോധാനം തീരുമാനിച്ചു എന്നാർക്കും തന്നെ അറിയുകയുമില്ല . 

'86 ൽ ഒരു ടെന്റും കുറച്ചു പുസ്തകങ്ങളും കുറച്ചു ഭക്ഷണവും മാത്രം കൈ വശം കരുതി അദ്ദേഹം മെയ്‌നിലെ കാടുകളിലേക്ക് നടന്നു കേറി പിന്നെ നീണ്ട 27 കൊല്ലം മൗനിയായി ഏകാകിയായി ആ കാടിനകത്തു താമസം. ഇതിനിടയിൽ ആണ് മുകളിൽ പറഞ്ഞ മോഷണങ്ങൾ അദ്ദേഹം നടത്തി പോന്നിരുന്നത്. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഏകദേശം ഒരു മൈൽ അകലെ ഒരു തടാകത്തിന്റെ തീരത്തു സഞ്ചാരികളുടെ വേനൽക്കാല ക്യാമ്പിംഗ് ഗ്രൗണ്ട് ഉണ്ട്. വേനൽ കാലത്തു ഒരുപാടാളുകൾ വരികയും ടെന്റ് അടിച്ചു താമസിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ക്യാംപിങ് ഗ്രൗണ്ട്.  ക്രിസ്റ്റഫർ അവർ എല്ലാരും പുറത്തു പോകുന്ന സമയം നോക്കി ഈ ടെന്റുകളിൽ നിന്നും ചില്ലറ ഭക്ഷണ സാധനങ്ങൾ പുസ്തകങ്ങൾ ഇവയെല്ലാം മോഷ്ടിക്കും എന്നിട്ടു ആളുകൾ തിരിച്ചെത്തുന്നതിനു മുൻപേ തന്റെ ലോകത്തിലേക്ക് തിരികെ ചേക്കേറുകയും ചെയ്യും.

ആദ്യമെല്ലാം ആളുകൾ ഇത് ശ്രദ്ധിച്ചില്ല പിന്നെ എല്ലാ വേനൽകാലങ്ങളിലും ഇതൊരു പതിവ് സംഭവമാവാൻ തുടങ്ങി. ഒരുപാട് പരിശ്രമിച്ചിട്ടും കള്ളൻ ആരാണെന്നു മാത്രം പിടികിട്ടിയില്ല . എന്നാൽ പല നാൾ കള്ളൻ ഒരിക്കൽ പിടിക്കപെടുക തന്നെ ചെയ്യും എന്ന യാഥാർഥ്യത്തെ അന്വർത്ഥമാക്കി 2013 ഏപ്രിലിൽ ക്രിസ്റ്റഫറും പിടിക്കപ്പെട്ടു. അന്നാണ് ഈ വ്യക്തിയെ ലോകം മുഴുവൻ അറിയുന്നത്. അയാളുടെ കഥ അവിശ്വാസിനയതയോടെയേ എല്ലാർക്കും ഉൾകൊള്ളാൻ കഴിഞ്ഞുള്ളു. 

ഇരുപത്തിയേഴു കൊല്ലമായിരിക്കുന്നു ഈ മനുഷ്യൻ എന്തെങ്കിലും ഒരു വാക്കെങ്കിലും ഉരിയാടിയിട്ടു. അദ്ദേഹം താമസിച്ചിരുന്ന ആ വനത്തിലെ താപ നില ശൈത്യ കാലങ്ങളിൽ മൈനസ് ഇരുപത്തിയഞ്ചിനും താഴെ പോകാറുണ്ട് അത്തരത്തിൽ ഉള്ള അതിശൈത്യത്തെ ഇത്രയും വര്ഷം എങ്ങനെ അദ്ദേഹം പ്രത്യേകിച്ച് വലിയ പ്രതിരോധ സംവിധാനങ്ങൾ ഒട്ടും തന്നെയില്ലാത്ത ഒരു ടെന്റിൽ  പ്രതിരോധിച്ചു എന്നത് അദ്ദേഹത്തിന്റെ വാസ സ്ഥലം കണ്ടുപിടിച്ചു അറസ്റ്റ് ചെയ്ത പോലീസുകാർക്ക് വലിയൊരു ആശ്ചര്യം ആയിരുന്നു.

എന്നാൽ അതിനു ക്രിസ്ടഫറിന് തന്റേതായ മാര്ഗങ്ങളും ഉണ്ടായിരുന്നു ! ശൈത്യ കാലത്തു എന്നും അദ്ദേഹം ഒരുപാട് നേരം ഓടുമായിരുന്നുവത്രെ തന്റെ ശരീരത്തെ ചൂടാക്കി നിർത്താൻ. പിന്നെ ഉള്ളതു ഒരു ഇരുമ്പു ടാർ വീപ്പയിൽ  അദ്ദഹം തന്നെ ചൂടുവെള്ളം പാകം ചെയ്യാനായി നിർമിച്ച ഒരു അടുപ്പും. ഇത്രയും സൗകര്യം കൊണ്ട് അദ്ദേഹം അതിശൈത്യത്തെ ഇത്രയും വർഷം പ്രതിരോധിച്ചു. അത്ഭുതത്തോടെയേ ഈ വിവരണങ്ങൾ പോലീസുകാർക്ക് കേട്ട് നിൽക്കാനായുള്ളു. ഈ ഇരുപത്തിയേഴു കൊല്ലത്തിനിടക്ക് അദ്ദേഹം കണ്ട ഏക മനുഷ്യൻ ഒരു ഹൈക്കർ ആയിരിന്നുവത്രെ അയാളോട് ക്രിസ്റ്റഫർ പറഞ്ഞൊരു "ഹലോ" ആയിരുന്നു ഈ വർഷങ്ങൾക്കിടയിൽ അദ്ദേഹം സംസാരിച്ച ഒരേ ഒരു വാക്കും.

ടെന്റിനു പുറത്തു കെട്ടിയ ഹാമോക്കിൽ കിടന്നു ഉറക്കവും വായനയും. വിശക്കുമ്പോൾ ഉള്ളതെന്തോ അത് കഴിക്കും ഒട്ടും നിവർത്തിയില്ലാതെ വരുമ്പോൾ ആരോ ഉപേക്ഷിച്ചു പോയ കൊച്ചു വള്ളത്തിൽ കെയറി തുഴഞ്ഞു ബെൽഗ്രേഡ് തടാകത്തിന്റെ മറുകരയിൽ എത്തി ഈ മോഷണങ്ങളും ! ഇതായിരുന്നു ആ ഇരുപത്തിയേഴു വർഷത്തെ അദ്ദേഹത്തിന്റെ അജ്ഞാത വാസത്തിന്റെ ഒരു സംക്ഷിപ്ത രൂപം.  

പിടിയിലായി ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തു മൈക്കൽ എന്നൊരു പത്രപ്രവർത്തകൻ ഇദ്ദേഹത്തെ സ്ഥിരം ജയിലിൽ സന്ദർശിച്ചു ഇദ്ദേഹത്തിന്റെ കഥയെ "Stranger In The Woods" എന്നപേരിൽ ഒരു പുസ്തകമാക്കി. എന്നാൽ അദ്ദേഹത്തോടും തന്റെ ഏകാന്തവാസത്തിലെ അനുഭവങ്ങളെ കുറിച്ചോ താൻ ആകാലയളവിൽ പഠിച്ച അനുഭവങ്ങളെ പറ്റിയോ പറയാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല! അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു "solitude bestows an increase in something valuable ... my perception. But ... when I applied my increased perception to myself, I lost my identity. There was no audience, no one to perform for ... To put it romantically, I was completely free."

(ഏകാന്തത വിലയേറിയ എന്തെല്ലാമോ നൽകുന്നു എന്നായിരുന്നു എന്റെ കാഴ്ചപാട് , ആ കാഴ്ചപ്പാടിനെ എന്റെ ജീവിതത്തിലേക്ക് ഞാൻ തിരഞ്ഞെടുത്തപ്പോൾ എനിക്കെന്നെ തന്നെയും നഷ്ടപ്പെട്ടു എന്റെ സ്വത്വത്തെ എന്റെ വ്യക്തിത്വത്തെ എല്ലാം നഷ്ടമായി ! കൂടുതൽ മനോഹരമായി പറഞ്ഞാൽ ഞാൻ പൂർണ സ്വാതന്ത്രം അനുഭവിക്കുകയായിരുന്നു !) 

ഇതല്ലാതെ അദ്ദേഹം എന്തിനിങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് ഉത്തരം. അദ്ദേഹം നാട് വിട്ടിട്ടു ഈ വർഷങ്ങൾക്കിടയിൽ ഒരാൾ പോലും അദ്ദേഹത്തെ കാണുന്നില്ല എന്നൊരു പരാതി പോലും നൽകിയില്ല ! എന്തായാലും മോഷ്ടിച്ചത് നിസ്സാര സാധങ്ങൾ ആയിരുന്നെങ്കിൽ പോലും നിയമത്തിന്റെ കണ്ണിൽ മോഷ്ട്ടാവായ കാരണം അദ്ദേഹം ശിക്ഷക്കപെട്ടു. പിന്നീട് ജയിൽ മോചിതനായ ശേഷം ഇന്നദ്ദേഹം സഹോദരന്റെ കൂടെ അദ്ദേഹത്തിന്റെ തൊഴിലിൽ സഹായിച്ചു സഹോദരന്റെ കൂടെ ജീവിക്കുന്നു എന്നതാണ് അവസാനത്തെ വാർത്ത.

വിഷ്ണു കെ.വി 
23/01/2021     

Wednesday 30 December 2020

My Journey in 2020

രണ്ടായിരത്തി ഇരുപതു ഈ വർഷം വരാൻ കാത്തിരുന്ന ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരു അജ്ഞാത ഹതഭാഗ്യൻ ആണ് ഞാനും. എനിക്കീ മോഹം ഉള്ളിലേക്കു പകർന്നതു  അന്തരിച്ച മുൻ രാഷ്‌ട്രപതി കലാം സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വിഷൻ 2020 എന്നെ ഒരുപാട് സ്വപ്‌നങ്ങൾ കാണുവാൻ പ്രേരിപ്പിച്ച ഒന്നാണ്. അങ്ങനെ കാത്തു കാത്തിരുന്നു വന്നപ്പോ അത് ഒരു ഒന്ന് ഒന്നര വരവായി പോയി. എന്റെ ഒരു വർഷത്തെ പ്രവാസത്തിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ് കൊറോണ എന്റെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയത്. ഈ ഒരു വർഷത്തിലെ മൂന്ന് മാസം റൂമിൽ ഒറ്റയ്ക്ക് ഒരു ഏകാന്ത തടവുകാരനെ പോലെയും ബാക്കി ഇന്ന് വരെ  എന്നിനി നാട്ടിലേക്ക് തിരികെ പോകണം എന്നുള്ള ആലോചനയിലും മുഴുകി തീർന്നു പോയി.

കഴിഞ്ഞ ഡിസംബറിൽ  ആണ് കൊറോണ സംബന്ധിക്കുന്ന വാർത്തകൾ പത്ര സാമൂഹിക മാധ്യമങ്ങളിൽ പ്രചുര പ്രചാരം നേടി കൊറോണയുടെ അകന്ന ബന്ധുവെന്ന മട്ടിൽ പെട്ടെന്ന് പടർന്നങ്ങു പിടിക്കുന്നത്. ആ സമയങ്ങളിലും എന്റെ ചിന്ത അന്ത്രാക്‌സും എബോളയും വന്നിട്ട് ചന്തു തോറ്റില്ല  പിന്നെയല്ലേ ഒരു കൊറോണ എന്ന അമിതാത്മ വിശ്വാസത്തിൽ മനസ്സ് മുഴുവൻ പൗർണമി നാളിൽ തുംഗനാഥ് ക്ഷേത്ര സമീപം ഹിമ ശൃങ്ഗങ്ങളെ കണ്ടു പൂനിലാവാസ്വദിക്കുന്ന എന്റെ ഒരു വർഷത്തെ സ്വപ്നത്തെ പൂവണിയിക്കാനുള്ള പദ്ധതികൾ ആയിരുന്നു.

നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും ഹരിദ്വാറിലേക്കും തിരിച്ചുമുള്ള ട്രെയിൻ ടിക്കറ്റും എല്ലാം ആ അമിതാത്മ വിശ്വാസത്തിൽ  ബുക്ക് ചെയ്തു . ഏതാണ്ട് ഫെബ്രുവരി അവസാനം വരെയും ഞാനീ ഉറച്ച ആത്മ വിശ്വാസത്തിൽ ആയിരുന്നു. പക്ഷെ മാർച്ചയപ്പോഴേക്കും ചെറിയ തോതിൽ ശങ്ക വർധിച്ചു! പ്രധാനമന്ത്രി ജി ഉടനെ ദേശവാസിയോ പറയും എന്ന് അകത്തുന്നാരോ മന്ത്രിച്ചപ്പോ മാർച്ച് പാതി ക്കു തൊട്ടു മുന്നേ ട്രെയിൻ ടിക്കറ്റ്റ്സും വിമാന ടിക്കറ്റും ക്യാന്സല് ചെയ്തു കോപ്പി കത്തിച്ചു കളഞ്ഞു !!

കൃത്യം മാർച്ച് ഇരുപത്തിരണ്ടു ഞ്യാറാഴ്ച ആദ്യ പരീക്ഷണ ലോക്ക് ഡൌൺ സർദാർ നരേന്ദ്ര മോഡി അവർകൾ പ്രഖ്യാപിച്ചു തൊട്ടടുത്തന്നെ അനവരതം കാലത്തേക്കെന്ന മട്ടിൽ രാജ്യം മൊത്തം പൂട്ടിയിട്ടു !! ധാദോടെ എന്റെ ആ 2020 ലേക്കുള്ള എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ഞാൻ ഭദ്രമായി 2021 ലേക്ക്  ഫിക്സഡ് ടെപോസിറ്റ് ചെയ്തു ! 

ഇന്ത്യ അടച്ചു പൂട്ടി പിന്നെയും ദുഫായിൽ നേരം വെളുക്കാൻ കുറച്ചു ദിവസംകൂടി എടുത്തുവെങ്കിലും ഏപ്രിൽ ആദ്യവാരം ഇവിടെയും എല്ലാം അടച്ചു കുറ്റിയിട്ടു ! റൂം പാർട്ണർ ഡിസംബെറിൽ രാജി വെച്ച് പോയതിനാൽ റൂമിൽ ഒറ്റക്കായി ! ജൂൺ വരെ ഏകാന്ത വാസം, ലോകമെന്നത്  ഇൻസ്റ്റയും വാട്സ് ആപ്പും പുസ്തകങ്ങളും പിന്നെ ഞാനും മാത്രം ആയി ചുരുങ്ങിയ ദിവസങ്ങൾ!! വിറ്റാമിന് ഡി ക്കുള്ള വെയിലു പോലും കൊള്ളാതെ ഉറക്കവും മേൽ പറഞ്ഞ കാര്യങ്ങളുമായി കഴിഞ്ഞു കൂടി !

ഇപ്പോൾ ക്രമേണ സംഗതികൾ എല്ലാം നോർമലിലേക്കു വന്നു തുടങ്ങി പക്ഷെ ഫിക്സഡ് ടെപോസിറ്റ് ഇട്ട സ്വപ്‌നങ്ങൾ "വീണിതലോ ധരണിയിൽ ക്ഷോണിതവുമണിഞ്ഞയ്യോ ശിവ ശിവ " എന്ന മട്ടിൽ ഇപ്പോഴും ഇന്റർസ്റ് കൂട്ടി കൂട്ടി ഇരിക്കുന്നു ! രണ്ടായിരത്തി ഇരുപത്തിയൊന്നിൽ കലണ്ടർ മാത്രേ മാറു  എന്നറിയാം എന്നാലും ഒരാശ എല്ലാം ഉടനെ ശെരിയാവും !  ഒഴുക്കിനൊത്തു നീന്താൻ പഠിപ്പിച്ച 2020 നന്ദി ! 2021 എന്താ സബ്ജെക്ട് എന്നറിയില്ല എളുപ്പമാവണെ എന്ന് പ്രാർത്ഥിക്കാം ! 

എല്ലാര്ക്കും പുതുവത്സരാശംസകൾ !
വിഷ്ണു കുനിശ്ശേരി 

Thursday 10 December 2020

ശിശിരം

പ്രണയത്തിന് വസന്ത ഹേമന്ത ശരത്കാല 
ഋതുക്കളെല്ലാം കൊഴിഞ്ഞു പോയി !

തൂമഞ്ഞിനാൽ ശയ്യയൊരുക്കിയവൾ  
നിദ്രയെ പൂക്കുവാൻ വെമ്പി നിന്നു !

തന്റെ പ്രിയനാം പുരുഷന്റെ പ്രണയ മർമ്മര -
ത്തിൻ നാദം ശ്രവിച്ചവനെയും പുണർന്നു തൻ 
നിദ്രയെ പൂകി !

നവ വസന്തത്തിൽ വിരിയാൻ കാത്തുനിൽക്കു - 
മൊരു നറു പുഞ്ചിരിയാ ചെഞ്ചൊടി 
കോണിൽ അവളവനായി കാത്തു വെച്ചു !

വിഷ്ണു കെ വി 
10/12/2020     


Tuesday 17 November 2020

അന്വേഷി

ഓരോ യാത്രയിലും ഞാൻ തിരഞ്ഞതത്രയും
എൻ ആത്മാവിനെ മാത്രമായിരുന്നു, അതെ-
ന്നിൽ തന്നെ ഉണ്ടായിരുന്നെന്നറിഞ്ഞത് 
പക്ഷെ യാത്രയെല്ലാം തീർന്ന ശേഷമായിരുന്നു !

വിഷ്ണു കെ വി 
17-11-2020

Sunday 1 November 2020

കേരളപ്പിറവി

തെക്കു ദിക്കിലങ്ങു തിരുവിതാംകൂറായും
വടക്കു ദിക്കിലിങ്ങു മലബാറെന്ന് പേരായും
നടുക്ക് തിരുകൊച്ചിയെന്ന തിലകകുറിയായും
വിളങ്ങിയ ദേവഭൂമിയെല്ലാമിന്നൊന്നായി
തീർന്ന സുദിനം !

ആസേതു ഹിമാചലം വിശ്രുതമായി വിളങ്ങുമീ
ഭാരത ഭൂവിലെന്തിലും ഒന്നാമതായി തിളങ്ങാൻ
കേരളമെന്നോറ്റ ദേശമായി തീർന്നൊരീ സുദിനം !

കേരവും സഹ്യനുമാഴിയും മണ്ണിനെ പൊന്നാക്കി
പൊന്നാര്യൻ കൊയ്‌തൂട്ടി കർഷകനും,
അതിരിട്ടു കാത്തു രക്ഷിക്കുമെന് മാമല-
നാടിൻ ജന്മദിനം !

വിഷ്ണു കെ.വി 
01/11/2020 (൦൧/൧൧/ ൨൦൨൦)    

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...