Sunday 15 December 2019

ബുദ്ധനും ഞാനും

കണ്ടുവോ നിങ്ങളെൻ ബുദ്ധനെ ? തേടി
യലഞ്ഞു ഒരുപാടിടങ്ങളിൽ കണ്ടീലയെങ്ങുമേ

ദിക്കുകളിലെങ്ങും മുഴങ്ങുന്നൊരാ ശബ്ദം !
നനു സ്പർശമായി ഞാനറിവു ആ നിശ്വാസം!
സ്നേഹ വചനങ്ങൾ പൊഴിയുന്നെന്നിൽ
സുഖകരമാമൊരു ശീതളിമയോടെ !

എനിക്കു ദൃശ്യമായോരീയുലകിൽ അദൃശ്യമായ-
റിയുന്നു ഞാനെൻ ബുദ്ധനെ! 

പക്ഷെ കണ്ടില്ല ബുദ്ധനെ !

തേടിയലഞ്ഞു തളർന്നൊരു നേരം
ചെറുമയക്കമെന്നുള്ളിലേക്കു പയ്യെ കടക്കെ  !
ആ നിദ്രയിൽ ഞാൻ കണ്ടു, സൂര്യപ്രഭയോടെ  -
വിരിഞ്ഞൊരു കമലത്തിൻ മേലേ
കോടി സൂര്യൻ ഒന്നിച്ചുദിച്ച പോലെയെൻ ബുദ്ധനെ !

നറു പുഞ്ചിരിയോടെയെന്നോടെന്തോ മൊഴിയുന്നു ?
തൻ വചനങ്ങളെൻ ഹൃത്തിലലിഞ്ഞ നേരമേന്നഹമേ  -
ഗ്രസിച്ചൊരാനിദ്രയിതെങ്ങോ പോയി !
ആ വാക്കുകൾ മാത്രമെൻ കാതിൽ മുഴങ്ങി  !
"നിൻ അകമേ ഞാൻ"


സെൻ ഗുരുവിനോട് ശിഷ്യൻ ഒരിക്കൽ ചോദിച്ചു "ഗുരോ എന്താണ് ബുദ്ധൻ ?"
ഗുരു ഒരു ചെറു ചിരിയോടെ ഒരു ചോദ്യം ചോദിച്ചു"ഏതാണ് ബുദ്ധനല്ലാത്തതു"

മറ്റൊരു സന്ദർഭത്തിൽ ഒരു സെൻ ഗുരു രാത്രി തണുത്തു വലഞ്ഞു ബൗദ്ധ ക്ഷേത്രത്തിലേക്ക് വന്നുപെട്ടു
അദ്ദേഹം അവിടെ ഉണ്ടായിരുന്ന ബുദ്ധ വിഗ്രഹം വെട്ടികീറി കീറി തീയിട്ടു തീ കാഞ്ഞു !
കാലത്തു എഴുന്നേറ്റപ്പോൾ ഒരു കല്ലെടുത്ത് വെച്ച് പ്രാർത്ഥിക്കുവാനും തുടങ്ങി ! അതിലെ വന്നൊരാൾ തിരക്കി അങ്ങ് എന്താവിവേകം ആണീ കാണിച്ചതു ?
സെൻ ഗുരു അതിനു മറുപടി നൽകി "ഇന്നലെ തണുത്തപ്പോൾ ബുദ്ധൻ എനിക്ക് വിറകായി, ഇന്ന് പ്രാർത്ഥിക്കണം അപ്പോൾ ഈ കല്ലെനിക്ക് ബുദ്ധനും !"

ഈ സെൻ കഥകൾ വായിച്ചപ്പോൾ തോന്നിയത് ഒരു കവിതയായി കുറിക്കാൻ എനിക്കും തോന്നി

K.v.vishnu
15/12/2019

Friday 6 December 2019

Manali Dairies

യാത്രകൾ എന്നും ഇത് പോലെ ആയിരുന്നെങ്കിൽ! പെട്ടെന്ന് ഒരു സ്ഥലത്തിനോട് ഭ്രമം കൂടുക, അങ്ങോട്ടെക്കു വിളിക്കുന്ന പോലെ തോന്നുക, മറ്റൊന്നും നോക്കാതെ അങ്ങട് പോവുക.പോയിട്ടുള്ള യാത്രകൾ എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് ഇതേ പോലെ ആയിരുന്നു. ഇനി തുടർന്നും അങ്ങനെ ആവണെ എന്ന് ആശിക്കുന്നു. ഭൃഗു ലേക്ക് എന്ന സ്ഥലമാണ് ഇത്തവണ എന്റെ കാമുകി , അവളെ കാണാൻ ആയിരുന്നു യാത്രയും ! എന്നാൽ അവിചാരിതമായും  തീർത്തും ഒരു പദ്ധതി പോലും ഇല്ലാതെയും വേറെയും കുറെ സ്ഥലങ്ങളിൽ കൂടെ പോകാൻ സാധിച്ചു എന്നത് അതി മനോഹരo ആക്കി മാറ്റി എന്റെ യാത്രയെ.ഡൽഹി മണാലി അമൃതസർ വഴി മക്ലിയോഡ്ഗഞ്ചു൦ കൂടി തീർത്ത ശേഷമേ എന്റെ യാത്ര തീർന്നുള്ളു ! ആൽക്കമിസ്റ് കഥയായിരുന്നു ഈ യാത്ര ! അതിശയോക്തിയോടെ തന്നെ എനിക്ക് അനുഭവപ്പെട്ട സത്യം ആണിത്. തുടക്കം മുതൽ ഒടുക്കം വരെ ആരെല്ലാമോ ചേർന്നു  നയിക്കുകയായിരുന്നു എന്നെ ! ആ വിളികൾക്കു ചെവി കൊടുത്തു നടക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു .

പതിനഞ്ചു ദിവസത്തെ എമെർജെൻസി ലീവും എഴുതി കൊടുത്തു അബുദാബിയോട് വിട പറഞ്ഞു കയ്യിൽ രണ്ടു ടി ഷർട്ടും രണ്ടു പാന്റും ഒരു ഷോർട്സും ടെന്റും സ്ലീപ്പിങ് ബാഗും പിന്നെ ഒരു ജാക്കറ്റും ഇത്രയും കൊണ്ട് നേരെ ഡൽഹിയിലേക്ക് വണ്ടി കേറി ! അവിടുന്ന് ഹിമാലയൻ യാത്രികന്റെ മിത്രം HRTC യുടെ ലോക്കൽ ബസിൽ ടിക്കറ്റും എടുത്തു നേരെ മണാലിയിലേക്കു ! പതിനഞ്ചു മണിക്കൂർ നീണ്ട തീർത്തും നടുവൊടിക്കുന്ന യാത്രയുടെ അവസാനം അർധരാത്രിയോടെ മണാലിയിൽ എത്തി. ആളുകളേക്കാൾ ഹോട്ടൽ ഉള്ളതു കൊണ്ടും ഓഫ് സീസൺ സമയം ആയതു കൊണ്ടും അധികം അലയാതെ തന്നെ 500 ഉറുപ്പ്യക്ക് ഒരു മുറി തരായിക്കിട്ടി ! പത്തു പതിനാലു മണിക്കൂർ നല്ല കിടിലൻ ഓഫ് റോഡ് ഡ്രൈവ് ആയതു കൊണ്ട് കിടന്നു ക്ഷണ നേരത്തിനുള്ളിൽ ഉറക്കം വന്നു അനുഗ്രഹിച്ചു ! നേരം വെളുത്തിട്ടു എന്തെങ്കിലും ആവട്ടേന്നു കരുതി വന്ന ഉറക്കത്തിന്റെ സ്വീകരിച്ചു ഞാനും ഉറങ്ങി  !

കിടന്നുറങ്ങാൻ അല്ല യാത്ര എന്ന് ഉള്ളിൽ നിന്നും ഒരു വിളി വന്നതും ചാടി എഴുന്നേറ്റു ആറു  മണി ആയിരിക്കുന്നു ! ബ്രഷ് ദൈവാനുഗ്രഹം കൊണ്ട് എടുക്കാൻ മറന്നതിനാൽ പല്ലു തെക്കേണ്ട ബുദ്ധിമുട്ടുണ്ടായില്ല. പത്തു മിനുട്ടിനുള്ളിൽ മേല് കഴുകി ഫ്രഷ് ആയി പുറത്തേക്കിറങ്ങി ഒരു നൂറു മീറ്റർ പോയതും ബോർഡ് ഒരെണ്ണം കണ്ണിൽ പെട്ടു അതോടെ അന്നത്തെ ലിസ്റ്റ് റെഡി ആക്കി ഹഡിംബ ടെംപിൾ മനു ഋഷി ടെംപിൾ വശിഷ്ഠ ഋഷി ടെംപിൾ നേച്ചർ പാർക്ക് ഓൾഡ് മണാലി ! ഇത്രയും ഏതാണ്ട് ഒരു 5 -6 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ട് അത് കൊണ്ട് ഇന്ന് മുഴുവൻ ഇവടെ എല്ലാം കറങ്ങി നടന്നു കാഴ്ചകൾ കണ്ടു നാളെ ട്രെക്കിങ്ങ് തുടങ്ങാം എന്ന് തീർച്ച ആക്കി.

ഹഡിംബ ടെംപിൾ - വെളിച്ചം കടക്കാൻ മടിച്ചു നിൽക്കുന്ന പൈൻ കാടുകൾക്കു നടുവിൽ പതിനാലാം നൂറ്റാണ്ടിൽ കെട്ടിയ ഒരു കൊച്ചു ക്ഷേത്രം. ഭീമന്റെ പത്‌നി ഹഡിംബ ദേവിയുടേയാണ് ഈ ക്ഷേത്രം,തൊട്ടടുത്തു തന്നെ പുത്രനായ ഘടോത്കചനും ക്ഷേത്രമുണ്ട്. നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് തന്നെ മനുഷ്യ സംസർഗം പൂർണമായും ഒഴിവായി കിട്ടി , ഈ ക്ഷേത്രത്തിന്റെ മേന്മ എന്നെനിക്കു തോന്നിയത് 14 ആം നൂറ്റാണ്ടിൽ കെട്ടിയ ഇത് ഇന്ന് വരെ കേടു കൂടാതെ ഒരുപാട് പുനരുദ്ധാരണം  നടത്താതെ അന്ന് എങ്ങനെ ഇരുന്നുവോ അതെ പോലെ ഇന്നും നില നിൽക്കുന്നു എന്നതാണ് .കുറച്ചു നേരം തൊഴുതും ഫോട്ടോ എടുത്തും കൂടുതൽ നേരം കാടുകളുടെയും ക്ഷേത്രത്തിന്റെയും സൗന്ദര്യം ആസ്വദിച്ചും ഇരുന്നു ! ഹോമോ സെപ്പിയൻസ് വന്നു ബഹളം വെച്ച് തുടങ്ങുന്ന വരെയും എന്റെ ഇരുത്തം തുടർന്ന് ! ബഹളവും തിരക്കും ആയതും മെലെ എഴുന്നേറ്റു ബ്രേക്ഫാസ്റ്റു തീർക്കാൻ അങ്ങട് തീരുമാനിച്ചു . നല്ല അസ്സൽ ചൂട് വെജ് മോമോസും ഒരു ന്യുഡിൽസും കഴിച്ചു അടുത്ത ലക്‌ഷ്യം വശിഷ്ഠ ഋഷിയുടെ ക്ഷേത്രവും ഗ്രാമവും കാണുവാൻ പുറപ്പെട്ടു !



 വശിഷ്ട് ഗ്രാമം- ഹഡിംബ ദേവി ക്ഷേത്രത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം ദൂരം ഉള്ളത് കൊണ്ട് ഒരു ബൈക്ക് എടുക്കാം എന്ന് തീരുമാനിച്ചു അടുത്ത് തന്നെ ഉണ്ടായിരുന്ന കടയിൽ നിന്നും ഡോക്യൂമെന്റസ് നൽകി 500 രൂപയ്ക്കു ആക്ടിവ അങ്ങട് എടുത്തു. വലിയ അന്വേഷണം ഒന്നും വേണ്ടി വന്നില്ല വഴി കണ്ടു പിടിക്കാൻ ബിയാസ് നദിയുടെ തീരത്തു കൂടെ അതി മനോഹരമായൊരു റൈഡ് ചെന്നു നിന്നത് വശിഷ്ഠ ഗ്രാമത്തിനുള്ളിൽ,രഘുവംശത്തിന്റെ കുലഗുരുവായ വശിഷ്ഠന്റെ പേരിലാണ് ഈ ഗ്രാമവും ക്ഷേത്രവും. വണ്ടി പാർക്ക് ചെയ്തു ആദ്യം ക്ഷേത്ര ദർശനവും തുടർന്ന് കുറച്ചു നേരം ആ ഗ്രാമവും ചുറ്റി നടന്നു കണ്ടു .ഇവടെ നിന്നും ഒരു കൊച്ചു ട്രെക്ക് ചെയ്‌താൽ ജോഗിനി എന്ന ഒരു കൊച്ചു വെള്ളച്ചാട്ടം കൂടെ കാണാം. എനിക്ക് അടുത്ത ദിവസം ആവശ്യത്തിൽ കൂടുതൽ നടക്കേണ്ടി ഉള്ളതിനാൽ വേണ്ട എന്ന് തീരുമാനിച്ചു. ചുടു നീരുറവ ക്ഷേത്രത്തിനടുത്തായി ഉണ്ട് അവിടെ കുളിക്കാൻ സൗകര്യവും ഉണ്ടു എന്നാൽ വൃത്തി കണ്ടപ്പോൾ കുളിക്കാൻ തോന്നിയില്ല കയ്യും കാലും കഴുകി വണ്ടിയും എടുത്തു അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് വെച്ച് പിടിച്ചു .





 മനു ഋഷി ടെമ്പിൾ / ഓൾഡ് മണാലി - വശിഷ്ഠ ഗ്രാമത്തിൽ നിന്നും ഒരഞ്ചു കിലോമീറ്റർ ഉണ്ട് മനു ഋഷി ക്ഷേത്രത്തിലേക്ക് . മനുവിന്റെ ആലയം എന്നതിൽ നിന്നും ലോപിച്ചാണ് മണാലി എന്ന് സ്ഥലനാമം ഉരുത്തിരിഞ്ഞത്. ആഡംബര മണാലിയുടെ മറ്റൊരു മുഖമാണ് ഓൾഡ് മണാലി ഗ്രാമത്തിനു , സത്യത്തിൽ അതല്ല ഇതാണ് മണാലി എങ്ങും പരമ്പരാഗതമായ ഓടുപാകിയതും മരത്തിൽ നിർമ്മിച്ചതും ആയ വീടുകളും , കന്നുകാലികളും എല്ലാം കൂടെ ചേർന്ന് മനോഹരമായൊരു ഹിമാലയൻ ഗ്രാമീയ ഭംഗി തുളുമ്പുന്ന ഒരിടം ആയിരുന്നു ഓൾഡ് മണാലി.മനു ഋഷി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു ആ ഗ്രാമീണ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു. സമയം ഏകദേശം ഉച്ച ആയിരുന്നതിനാൽ ഭക്ഷണം കഴിഞ്ഞാവാം അടുത്ത കാര്യം എന്ന് തീരുമാനിച്ചു.വരുന്ന വഴിക്കു ബിയാസ് നദിയുടെ ഓരത്തു തന്നെ ഒരു കൊച്ചു ഹോട്ടൽ ശ്രദ്ധിച്ചിരുന്നു. അതിന്റെ മുന്നിൽ നിന്നും നദിയിലേക്കു പടവുകൾ എല്ലാം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം നദീ തീരത്തും ചിലവഴിക്കാം കൂടെ ഭക്ഷണവും കഴിക്കാം എന്ന് കരുതി ആ ഹോട്ടലിലേക്ക് തന്നെ പുറപ്പെട്ടു.














ബിയാസ് നദി - ബിയാസ് കുണ്ടിൽ നിന്നും ഉത്ഭവിച്ചു ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിലേക്കു ഒഴുകുന്നു . എന്റെ യാത്രക്ക് ഏതാനും നാളുകൾക്കു മുൻപ് ആയിരുന്നു മേഘ വിസ്ഫോടനവും തുടർന്ന് ബിയാസ് നദിയുടെ കോപവും മണാലി കാണുന്നത് . ഇപ്പോൾ എന്തായാലും ശാന്തയായി ആണ് ഒഴുക്ക് അത് കൊണ്ട് തന്നെ പടവിൽ ഇരുന്നു തണുത്ത വെള്ളത്തിൽ കാലും മുക്കി കുറെ നേരം ഇരുന്നു ഇളം നീല നിറത്തിൽ ഒഴുകുന്ന ബിയാസ് ശാന്തമായി ഒഴുകി കൊണ്ടിരുന്നു . ഒരുമണിക്കൂറോളം നദിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു. വീണ്ടും ഹോമോസാപിയൻസ് ബഹളവുമായി അവിടെയും എത്തിയപ്പോൾ വിശപ്പിന്റെ വിളി വീണ്ടും വന്നത് . യാത്രയുടെ ഓർമ്മയ്ക്ക് നദിയിൽ നിന്നും രണ്ടു വെളുത്ത കാലുകൾ എടുത്തു ബാഗിൽ സൂക്ഷിച്ചു . ന്യുഡിൽസും ഒരു ഗ്ലാസ് ലസ്സിയും കഴിച്ചു നേച്ചർ പാർക്കിലേക്ക് പുറപ്പെട്ടു .



നെഹ്‌റു ഫെസന്റ് സാങ്ച്വറി - നേച്ചർ പാർക്കിന്റെ പേരാണ് ഇത്. മൊണാൽ . ഖലീജ് , ഹിമാലയൻ ഗൂസ് ,മയിൽ ചുകാർ തുടങ്ങി മനുഷ്യനെ പേടിച്ചു പുറത്തിറങ്ങാൻ നിർവാഹമില്ലാതെ കുറച്ചു പക്ഷികളുടെ വീടാണ്  അല്ല സോറി ജയിലാണ് ഇന്ന് നേച്ചർ പാർക്ക്. മുപ്പത്തിയെട്ടോളം വർഗ്ഗത്തിൽ പെട്ട പൈൻ മരങ്ങൾ കൊണ്ട് ബ്രിട്ടീഷുകാര് പണിതതാണ് ഈ നേച്ചർ പാർക്ക് . പക്ഷെ ഇന്നും നമ്മൾ അതിനെ ഭംഗിയായി പരിപാലിക്കുന്നു എന്നത് പ്രശംസിപ്പിക്കപ്പെടേണ്ട കാര്യം തന്നെ . കാരണം അങ്ങനൊരു നല്ല സ്വഭാവം ഇന്ത്യക്കാർക്കില്ല എന്നത് കൊണ്ട് തന്നെ .ഇടതൂർന്നു ആകാശം മറച്ചു നിൽക്കുന്ന പൈൻ മരങ്ങൾ ആണ് ഈ പാർക്കിലെ മുഖ്യ ആകർഷണം. സത്യത്തിൽ ഇതൊരു പാർക്കല്ല ഒരു വനം തന്നേയാണ്. മനുഷ്യവാസം നന്നേ കുറവായതു ഈ സന്ദർശനത്തിലും മറ്റൊരു ഭാഗ്യമായി. കാട്ടിനുള്ളിലൂടെ മണിക്കൂറോളം നടന്നു കൊണ്ടേ ഇരുന്നു . ചെവിക്കു പിടിക്കാത്ത ഒരു ശബ്ദവും ഇല്ല, മുഴങ്ങുന്നത് ചുറ്റിലും നിശബ്ദത മാത്രം. കുറെ നേരം കിടന്നും നടന്നും ഇരുന്നും ആ വന്യതയിൽ അലിഞ്ഞു ജീവിച്ചു . ശേഷം തടവിലാക്കപ്പെട്ട സുന്ദരികളെ കണ്ടും ഫോട്ടോ എടുത്തും തിരിച്ചു നേരെ വണ്ടിയും ഏൽപ്പിച്ചു ഹോട്ടലിലേക്ക് നടന്നു.






നാളത്തേ യാത്രക്കായി 800 രൂപയ്ക്കു ഒരു ജിപ്സിയും. മലചൊരുക്ക്(AMS) വരാതിരിക്കാൻ ഒരു സ്ലിപ് diomax ഗുളികകളും വാങ്ങി. മൂന്നു ദിവസം മല മുകളിലെ അന്നത്തിനായി ഒരു പാക്കറ്റ് ബ്രെഡും ന്യുട്രീള്ളയും കൂടെ വാങ്ങി. ഇത്രയും നാൾ എന്റെ ഉറക്കം കളഞ്ഞു കൊണ്ടിരുന്ന ഭൃഗു ലേക്കിനെ സ്വപ്നം കണ്ടു നേരത്തെ ഉറങ്ങാൻ കിടന്നു.

തുടരും ! 

Saturday 2 November 2019

സഞ്ചാരി

ഒരു സ്വപ്ന സഞ്ചാരിയായി കരണമില്ലാ -
തലഞ്ഞ നാളുകളിലെപ്പഴോ പ്രകൃതിയെ
ഞാനെൻ പ്രണയിനിയാക്കി
ശേഷമെൻ യാത്രയെല്ലാമവളുടെ
പ്രണയം തേടിയായി !

Kv.Vishnu
02/11/2019

Tuesday 29 October 2019

നീ

സ്വന്തമോ അല്ലന്യമോയെന്നറിയാതെ -
യെൻ യാത്രയിലെന്നോ നീയെനിക്കു കൂട്ടായി ,

ഒരു നീലാംബരിയായി  ഗാഢമാം     
നിദ്രയിലേക്കെന്നെ തഴുകിടുന്നു "നീ" !

അതി ഗൂഢമാനിദ്രയിലെനേയും വിസ്മരിച്ചു
താപത്രയങ്ങൾ ഏവം മറന്നെനിന്ദ്രിയങ്ങൾ ,
നിർമയമായൊരു തപസ്യയിലലിഞ്ഞുവെങ്കിലും! 

കാലമെന്നുള്ളിലെഴുതിയ നിൻ സ്മരണകൾ  വർണ്ണ
സ്വപ്നങ്ങളായീതപസ്സിലുമെൻ കൂട്ടായി വരുന്നു !

Kv.Vishnu
29/10/2019 

Monday 14 October 2019

പ്രണ(അ)യനം

*****************************************
പാടവരമ്പിൽ ഇരുന്നു കുളത്തിലേക്ക് നോക്കി കണ്ണ് നിറഞ്ഞിരിക്കുന്ന നേരം പുറകിന്നു ഒരു വിളികേട്ടു വിശ്വ!! തിരിഞ്ഞു നോക്കി ആളെ അറിയേണ്ട ആവശ്യമില്ല അതവൻ തന്നെ ആണ് മനസ്സൊന്നു പതറുമ്പോൾ വിളിക്കാതെ വരുന്ന അതിഥി സച്ചി!

"എന്താടോ ഒരാലോചന കുളത്തിലോട്ടു നോക്കി തിരയെണ്ണി കളിക്കുവാണോ ?"
തുടച്ചെങ്കിലും ചുവന്നകണ്ണുകൾ കണ്ടു മനസിലാക്കിയതാവാം സച്ചി തുടർന്നു
എട നമ്മട ഹൃദയത്തിനു ഒരു പ്രത്യേകത ഉണ്ട് എന്താന്നറിയോ ?
“അതൊരു സ്വീകരണ മുറിയാണ്”..

അതിഥികൾക്ക് വന്നു താമസിക്കാൻ, അവര് വരും ഇറങ്ങി പോകും ! അത് ജീവിതാവസാനം വരെ തുടർന്ന് കൊണ്ടിരിക്കും !

എടാ അപർണ്ണ അത് പോലെ .... മുഴുമിക്കാൻ സച്ചി സമ്മതിച്ചില്ല

അതിനു മുൻപേ പറഞ്ഞു "അവളും അത് പോലെ തന്നെ ആണ് " വന്നു താമസിച്ചു അതിൽ പ്രണയവും സൗഹൃദവും നിറച്ചു എന്നിട്ടു ഒരുനാൾ ഇറങ്ങി പോയി !
ആരെയും കുറ്റം പറയാനല്ല ഇത് പറയുന്നതു  , പക്ഷെ അവൾ വേണ്ടെന്നു വെച്ച ആ സ്ഥലം അതാർക്കും കൊടുക്കാതെ വെച്ച് കൊണ്ടിരിക്കരുത് !"
ഒന്നും മിണ്ടിയില്ല സച്ചിയുടെ വാക്കുകൾ ആശ്വാസമാണെപ്പോഴും ഇനി അവൻ വഴക്കു തന്നെ പറഞ്ഞാലും അതും ഒരാശ്വാസമാണ് !

"എടാ ഈ ലോകം മുഴുവൻ നിന്റെ പ്രണയം കാത്തിരിക്കുന്നുണ്ട് നിനക്ക് പ്രണയിക്കാനും നിന്നെ പ്രണയിക്കാനും ", നീ അത് ഒരാളിലേക്കു ഒതുക്കരുത് ഒരിക്കലും ! പിന്നെ ഒരു പ്രണയവും ഒരിക്കലും പരാജയമല്ലെടോ നമ്മൾ ആയെന്നു വിശ്വസിച്ചാലും! അങ്ങനെ അത് തോറ്റെങ്കിൽ അത് പ്രണയമല്ല അങ്ങനെ വിളിക്കാൻ കഴിയില്ല ! "

നീ അലോചിക്കു".. മറ്റെന്തോ പറയുവാൻ ഒരുങ്ങി പെട്ടെന്ന് നിർത്തി  സൂക്ഷിച്ചു നോക്കിയിട്ടു ആത്മഗതമെന്നോണം പറഞ്ഞു
പക്ഷെ ഈ കുളത്തിന്റെ വള്ളയിൽ അധിക നേരം ഇരുന്നുള്ള ആലോചന വേണ്ട  വല്ല പുള്ളവനും കല്യാണാലോചനയും കൊണ്ട് വന്നാലും വരും" സന്ദേഹത്തോടെ വരമ്പിലെ പുല്ലിന്റെ ഇളക്കം നോക്കി സച്ചി പറഞ്ഞു അവന്റെയാ പെട്ടെന്നുള്ള ആ പേടിയും സന്ദേഹവും ഉത്കണ്ഠയും നിറഞ്ഞ ആ നിഷ്കളങ്കമായ ഭാവം കണ്ടപ്പോൾ വിശ്വന്റെ ചുണ്ടിൽ അറിയാതെ ചിരി പൊട്ടി

വിശ്വന്റെ ആ ചിരി കണ്ടപ്പോ ചെറിയൊരു ജാള്യത സച്ചിക്കു തോന്നിയെങ്കിലും ആ ചിരിയുടെ കൂടെ സച്ചിയും ചേർന്നു

"ഹാവു സമാധാനമായി മിഷ്ടർ വിശ്വൻ ചിരിച്ചു കണ്ടല്ലോ " അതും പറഞ്ഞു സച്ചി പൊട്ടി ചിരിച്ചു കൂടെ വിശ്വനും !
*************************************************************************************************
ഭൂതകാലത്തിന്റെ സ്വപ്നങ്ങളിൽ നിന്നും പെട്ടെന്നെന്തോ ആലോചിച്ചുവെന്നു തോന്നിയ പോലെ അങ്ങുമിങ്ങും എന്തോ തിരഞ്ഞു കൊണ്ട് തന്റെ വർത്തമാനകാലത്തിലേക്കു വിശ്വന്റെ മനസ്സ് പറന്നെത്തി

പെട്ടെന്നുള ആ ആലോചനയിൽ നിന്നും വിശ്വൻ ഉണർന്നു ചുറ്റും നോക്കി ഒരു ജീവി പോലും ഇല്ല ! ടെന്റിനു മുന്നിലെ അണഞ്ഞു തുടങ്ങിയ കനലിൽ നിന്നു  പുക ഉയർന്നു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോഴും !

വർഷങ്ങളായിരിക്കുന്നു എല്ലാം കഴിഞ്ഞിട്ട് !
സച്ചി പറഞ്ഞത് പോലെ താൻ അവളെ പതുക്കെ പതുക്കെ മറന്നു തുടങ്ങിയിരുന്നു
ജോലിയും പുതിയ പുതിയ യാത്രകളിലും മനസ്സ് നിറഞ്ഞിരിക്കുന്നു ഇന്നു , അത് കൊണ്ട് തന്നെ ഇതൊന്നും ഓർക്കാൻ സാധിക്കാറില്ല പിന്നെ എന്താണ് , ഈ ഓർമ്മകൾ വീണ്ടും തികട്ടി വന്നതു ?

ഈ മല മുകളിൽ ഒറ്റക്കായപ്പോൾ സച്ചിയേ കുറിച്ച് ഓർത്തു വന്നതാവും ചിലപ്പോൾ !
അതെ ഈ സ്വീകരണ മുറിയിൽ നിന്നും ഇറങ്ങി പോകാൻ കൂട്ടാക്കാത്തതു അവൻ മാത്രമാണല്ലോ !

ആത്മഗതമെന്നോണം സ്വയം പറഞ്ഞു "നാളെ മലയിറങ്ങണം ഒറ്റക്കുള്ള ഒരു ട്രെക്കിങ്ങ് എന്ന് വിചാരിച്ചപ്പോ തീർത്തും ഒറ്റപ്പെടും എന്ന് കരുതിയില്ല"!

കയ്യിൽ ബാക്കിയിരുന്ന ബ്രെഡും കഴിച്ചു, ഒരു ചിരി കൊണ്ട് വിശ്വൻ വീണ്ടും ആ ഓർമകളെ മറക്കാൻ ശ്രമിച്ചു, അണഞ്ഞു തുടങ്ങിയ കനൽ ഒന്ന് കൂടെ കത്തിച്ചിട്ടു ടെന്റിന് അകത്തു ചെന്ന് കിടക്ക സഞ്ചിക്കുളിലേക്കു കിടന്നു !

നിദ്ര പെട്ടെന്ന് തന്നെ വിശ്വന്റെ ബോധത്തെയും ഓർമ്മകളെയും മയക്കി !
എന്നാൽ അപ്പോഴും ഒരാൾ ഉറങ്ങാതെ കൂടെ ഉണ്ടായിരുന്നു, ഈ ഗാഢ നിദ്രയിലും അവൻ പോലും അറിയാതെ മിടിച്ചു കൊണ്ടിരിക്കുന്ന ആ ഹൃദയത്തിനുള്ളിൽ ഇപ്പോഴും ഉണർന്നിരിക്കുന്ന അപർണ്ണ !.....

വിഷ്ണു .കെ.വി
14/10/2019

എന്നിലേ ഞാൻ

ഒറ്റയടി പാതകളും പച്ച പുടവ ചുറ്റിയ-
ചല നിരകളും പിന്നിട്ട് വന്നു ചേർന്നയീ
താഴ്‌വരയിൽ  കണ്ടു ഞാൻ എന്നെ !

വെൺകിരീടം ചൂടിയ ശൈലേന്ദ്രനും 
ആഭേരി പാടിയൊഴുകുന്നൊരു നദിയും 
ആ പ്രകൃതിയിൽ അലിഞ്ഞു നിൽക്കുന്നു
യെനിക്കന്യനായൊരു ഞാൻ!

KV.Vishnu
13/10/2019

Saturday 12 October 2019

മുത്തശ്ശൻ മാവു

കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ  തണലേകിയ എന്റെ മുത്തശ്ശൻ മാവ് ഉണങ്ങിയിരിക്കുന്നു. മഴ തുടങ്ങിയിട്ടും എന്താ തളിർക്കാതെ ഇങ്ങനെ നിൽക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോഴാണമ്മപറഞ്ഞത്, അതിനി തളിർക്കില്ല കായ്ക്കുയുമില്ലെന്ന് . മഴ മുഴുവൻ നനഞ്ഞു നിൽക്കുന്ന മുത്തശ്ശൻമ്മാവിൻ്റെ  മൃതശരീരം ഇറയത്തു കൂടെ നോക്കിയപ്പോൾ എനിയ്ക്ക് കാണാമായിരുന്നു ! ഏറെ നന്മകളേകി ഒടുവിൽ  ദേഹത്തെ വിട്ടു ദേഹി വിടവാങ്ങിയപ്പോൾ "വീണുടയാൻ വയ്യെനിക്കീ ഭൂവിൽ മതിയായില്ല ജന്മ"മെന്നകണക്ക് നിൽപ്പാണത്.

എഴുപത്തിയഞ്ചു വര്ഷം  മുൻപ് വീടും പറമ്പും  മുത്തശ്ശൻ വാങ്ങുമ്പോൾ തൊട്ടേ ഇദ്ദേഹം തറവാട്ടിലെ ഒരംഗമായിരുന്നു . അന്ന് തന്നെ ഏതാണ്ട് 25 - 30 വയസ്സ് കാണും അയാൾക്ക് . എൻ്റെ ഇരുപത്തിയഞ്ചു വർഷത്തെ ഓർമകളുടെ ഏടിൽ നിറഞ്ഞ് നിൽപ്പുണ്ട് മൂപ്പിലാൻ.അങ്ങനെ ഉള്ള അദ്ദേഹമിന്നു വെറും  അസ്ഥിപഞ്ജരമായി നില്ലുന്നു സ്വയം ചിതയൊരുക്കി അടുപ്പിൽ നിറയുന്ന കാഴ്ചയും നിറമിഴിയോടെ ഞാൻ കണ്ടു.ഏകദേശം ആറേഴു കൊല്ലം മുൻപ് വരെയും യൗവനത്തിന്റെ തിളക്കം ഉണ്ടായിരുന്നു മുത്തശ്ശൻ മാവിന് ! മുത്തശ്ശൻ മാവിലെ മാങ്ങക്കു വലിയ മധുരം ഇല്ലാത്തതിനാൽ മുഴുവനും മുത്തശ്ശന്റെ കൊമ്പുകളിൽ തന്നെ നിക്കുമായിരുന്നു. ഇളം മഞ്ഞ നിറം വന്നു ചേരുമ്പോൾ അണ്ണാനും കാക്കയും തത്തമ്മയും (ഇവരെ മാത്രേ ഞാൻ കണ്ടിട്ടുള്ളു) വന്നിരുന്നു പയ്യെ തല കീഴായി ഞെട്ടിയിൽ അള്ളിപിടിച്ചിരുന്നു ചുരണ്ടിയും കൊത്തിയുമൊക്കെ തിന്നുമായിരുന്നു .വല്ലപ്പോഴും പഴുത്തു വീഴുമ്പോൾ ഞാനും രുചിച്ചു നോക്കുമായിരുന്നു. 

അമ്മയുടെയും വല്ല്യമ്മമാരുടെയും ഓർമകളിൽ തൊടിയിൽ ഇല്ലാത്ത ഫലങ്ങളോ പച്ചക്കറികളോ ഇല്ലായിരുന്നുവത്രേ. കടയിൽ നിന്നും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിരളം.എരുമയും പശുക്കളും ഉൾപ്പടെ പത്തോളം കാലികൾ, തൊഴുത്തിന്റെ പിന്നിൽ മുഴുവൻ കപ്പ , മറ്റു സ്ഥലങ്ങളിൽ മുളക് തക്കാളി പാവൽ വെണ്ട വഴുതനങ്ങ വാഴ അമരക്ക പടവലം തുടങ്ങി പച്ചക്കറികൾ.പാടത്തെ വരമ്പ് മുഴൂവൻ പയറും വെണ്ടയും ഇടവിട്ട് തെങ്ങും.തവളക്കണ്ണനും മട്ടയുമടക്കം ഏഴെട്ടു ഏക്കറിൽ നെൽകൃഷിയും.

അക്കൂട്ടത്തിൽ ആയിരുന്നു മുത്തശ്ശൻ മാവും, നീലി എന്ന ജാതിയിൽ പെട്ടതാണെന്ന് 'അമ്മ പറയും. പണ്ട്  അവർക്കൊക്കെ നല്ല കൽക്കണ്ടം പോലത്തെ മാങ്ങ കഴിക്കാൻ കിട്ടാറുണ്ടത്രെ ! പക്ഷെ എന്റെ ഓർമയിൽ ആ മാങ്ങ അച്ചാറിടാൻ മാത്രേ എടുത്തു കണ്ടിട്ടുള്ളു . വലിയൊരു തൊടി മുഴുവൻ മുത്തശ്ശൻ വിരിഞ്ഞു കുട പിടിച്ചു നിൽക്കും. കിളികൾക്കും അണ്ണാന്മാർക്കും ഭക്ഷണമായും  വീടായും, ഞങ്ങൾക്ക് മുഴുവൻ തണലേകിയും മുത്തശ്ശൻ ഇത്രകാലം ആ തൊടിയുടെ രക്ഷിതാവായി നിന്നു. പിന്നീട് എപ്പോഴോ കാൻസർ കണക്കെ ഇത്തിളുകൾ മുത്തശ്ശന്റെ മേൽ വന്നു താമസം തുടങ്ങി എത്ര വട്ടം വെട്ടി കളഞ്ഞിട്ടും അവർ വീണ്ടും വീണ്ടും വന്നു !

അവരെയും മുത്തശ്ശൻ കൈ വിട്ടില്ല തന്റെ പ്രാണൻ വരെ ഊട്ടി, ആദ്യം പോയതു ഞങ്ങൾ കുട്ടികൾക്ക് ഊഞ്ഞാലിടാൻ താഴത്തു നീണ്ടു നിന്നിരുന്ന ആ കൊമ്പായിരുന്നു ! പയ്യെ പയ്യെ കിളികൾക്കു പോലും കായ് നല്കാനാവാത്ത അവസ്ഥയിലേക്ക് വന്നു ചേർന്നു .രണ്ടു വർഷം മുൻപ് തീർത്തും ശോഷിച്ചു തുടങ്ങി , കഴിഞ്ഞ കൊല്ലം ഒരില പോലും മുളക്കാത്ത ഉണക്ക മരമായി മുത്തശ്ശൻ മാറിയതിനും ഞാൻ സാക്ഷിയായി ! മുത്തശ്ശന്റെ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുൻപ് ആ ജീവൻ ഊറ്റി വളർന്ന ഇത്തിളുകൾ മരിച്ചു വീണു . ഞങ്ങൾക്ക് ഊഞ്ഞാലു കെട്ടാൻ തന്നിരുന്ന ആ മുറിഞ്ഞ കയ്യിലെ മുറിപ്പാടിനുള്ളിലൂടെ ചിതലുകൾ മുത്തശ്ശനെ ഭക്ഷണമാക്കി തുടങ്ങി ! പ്രാണൻ നഷ്ടപ്പെട്ടിട്ടും ചിതലുകൾക്കു പോലും ഉപകാരമായി തീർന്നു ആ പുണ്യ ജന്മം.ഇനി തത്തകളോ അണ്ണയോ ഒന്നും ഈ തൊടിയിലേക്കു വരില്ല , കാരണം അവരുടെ അസ്തിത്വം ആണ് അന്ത്യ ശ്വാസം വലിച്ചു നിൽക്കുന്നതു.

എന്റെ ഈ മുത്തശ്ശൻ മാവു എനിക്കൊരു പാഠമാണ് മഹത്തായൊരു ജീവിതപാഠം, അവസാന ശ്വാസവും ആർക്കോ വേണ്ടി ദാനമായി നൽകിയ ഒരു മഹത്തായ ജീവിത പാഠം , ഞാൻ ഉൾപ്പെടുന്ന മനുഷ്യ സമൂഹം ഈ മാവിൽ വന്ന ഇത്തിൾ പോലെ ഈ ഭൂമിയുടെ ജീവനുറ്റി ജീവിക്കുന്നു , എന്നാൽ ഓർക്കുന്നില്ല മാവ് ഉണങ്ങുന്നതിനു മുൻപ് മരിച്ചു വീണ ആ ഇത്തിളിന്റെ കാര്യം ! അതെ അന്ത്യം തന്നെയാണ് എന്നെയും നമ്മളെയും കാത്തിരിക്കുന്നതും ! മുത്തശ്ശൻ മാവ് ഇരുന്ന ആ വിടവ് നികത്താൻ ആർക്കും കഴിയില്ല കാരണം അതൊരു മരം മാത്രമല്ല , അതെന്റെ ബാല്യമാണ് ! 

പക്ഷെ അവിടെ ഞാൻ ഒരു മരം കൂടെ ഞാൻ വെക്കും വീണ്ടും അണ്ണാറക്കണ്ണനും തത്തമ്മയും കാക്കയും ഒക്കെ വന്നിരിക്കാൻ അവർക്കു കഴിക്കാൻ അതിൽ ഫലങ്ങൾ ഉണ്ടാവും ! വീണ്ടും ഈ തറവാട്ടിലെ തൊടിയിൽ തണൽ വിരിച്ചു നിൽക്കും ഒരു മരം, കാണാൻ ഉണ്ടാവുമോ എന്നറിയില്ല പക്ഷെ എന്റെ അവസാന ദിവസവും അതിനു ഞാൻ വെള്ളം നൽകും ! കാരണം അത് എന്റെ ജീവൻ തന്നെയാണ് , മുത്തശ്ശൻ മാവെന്നേ പഠിപ്പിച്ച പാഠം !

Kv Vishnu
12/10/2019


Thursday 26 September 2019

The Unsung Heroes

കുറച്ചു നാളുകളായി മാത്രം കേട്ട് തുടങ്ങിയ പേരാണ് ഗ്രെറ്റ തുൻബെർഗ് ! വെറും പതിനാറു വയസ്സ് മാത്രമുള്ള പെൺകുട്ടി ലോക ശ്രദ്ധയിലേക്ക് എത്തി പെട്ടു അവളുടെ വ്യത്യസ്തതയാർന്ന പ്രധിഷേധത്തിലൂടെ. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ പോകാതെ അവൾ പോയി സ്വീഡൻ പാർലമെന്റിനു മുന്നിൽ നിന്നു പ്രതിഷേധത്തിന്റെ പ്ലക്കാര്ഡുമായി കാലാവസ്ഥവ്യതിയാനത്തിൽ ഉപകാരപ്രദമായ നിലപാട് എടുക്കുന്നതിൽ വേണ്ടി ആ രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടു .

തുടക്കത്തിൽ ഒറ്റപ്പെട്ട പോരാട്ടമായിരുന്നെങ്കിലും അതു വെള്ളി വെളിച്ചത്തിലേയ്ക്കു നീങ്ങുവാൻ തുടങ്ങി അവളുടെ പ്രവർത്തിയിൽ ആകൃഷ്ടരായ അനേകം ആളുകൾ അവൾക്കു പിന്നിൽ അണിനിരന്നു പ്രതിഷേധിച്ചു കൊണ്ടേ ഇരുന്നു എല്ലാ വെള്ളിയാഴ്ചകളിലും . ഒടുവിൽ സാക്ഷാൽ യുഎന്നിൽ ലോക നേതാക്കൾക്ക് മുന്നിൽ  വരെ ചെന്ന് പ്രസംഗിക്കുന്ന തലത്തോളം ആ കുഞ്ഞു വളർന്നു അല്ല അവളുടെ പ്രസിദ്ധി വളർന്നു.

അവളുടെ പാത പിന്തുടർന്ന് അനേകം പ്രതിഷേധങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഉയർന്നു. എന്നാൽ പ്രവർത്തിയിലൂടെ എന്ത് മാറ്റം കൊണ്ട് വന്നു എന്ന് ചോദിച്ചാൽ അറിയില്ല ! ഒരുപാട് പേര് സംസാരിക്കുന്നു പരിസ്ഥിതിക്ക് വേണ്ടി ഒരുപക്ഷെ അതിൽ നിന്നും ഒരു 30 - 40 ശതമാനം ഒരു മരം എങ്കിലും വെക്കുമായിരിക്കും അത് എത്ര കാലം പരിപാലിക്കും അതും അറിയില്ല. എന്നാൽ ഗ്രെറ്റ തുൻബെർഗിനെ പോല്ലേ അല്ലാതെ ആരാലും പാടി പുകഴ്ത്തപ്പെടാതെ അന്തർമുഖരായി തങ്ങളുടെ കർമം ഇന്നും ചെയ്തു പോരുന്ന ചില വിശുദ്ധ ജന്മങ്ങൾ ഉണ്ട്, അവരെ ലോകം അറിയില്ല അവരതു ആഗ്രഹിക്കുന്നില്ല എന്നതാവും സത്യം ! 

സാലുമര്ദ തിമ്മക്ക - കർണാടകയിൽ ജനിച്ചു വളർന്ന 108 വയസ്സായ മുത്തശ്ശി കഴിഞ്ഞ വര്ഷം ഭാരതം പദ്മശ്രീ നൽകി ആദരിക്കുന്നവരെയും എത്ര  പേർക്ക് ഇവരെ അറിയാം എന്ന് ചോദിച്ച ലക്ഷം പേർക്കിടയിൽ ഒരു കയ്യ് മാത്രം ഉയരുമായിരിക്കും. സാധാരണ ക്വറി തൊഴിലാളികൾ ആയിരുന്ന അവരും ഭർത്താവും കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവർ ഒരു ആൽമരം നട്ടു കൊണ്ട്  തുടങ്ങി അതിനെ കുഞ്ഞുങ്ങളായി കണ്ടു, ക്രമേണ മുന്നൂറ്റി എൺപത്തഞ്ചോളം ആൽമരങ്ങൾ അവർ നട്ടു. വെറുതെ കൊണ്ട് പോയി രാഷ്ട്രീയക്കാരെ പോലെ നട്ടു തിരിച്ചു വന്നതല്ല  ആട് മാടുകളെ കൊണ്ട് നശിക്കാതിരിക്കാൻ അതിനെ വേലി കെട്ടി സംരക്ഷിച്ചു അതിനു കിലോമീറ്ററുകളോളം നടന്നു വെള്ളം നൽകി വളർത്തി. ഇന്ന് എഴുപതു വയസോളം ആയ ആ  മരങ്ങളുടെ സംരക്ഷണ ചുമതല കർണാടക ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുന്നു . അവർക്കു കാലാവസ്ഥ വ്യതിയാനം എന്തെന്നോ ഗ്ലോബൽ വാർമിംഗ് എന്തെന്നോ അറിയില്ല. എന്നിട്ടും അവർ ഈ പ്രകൃതിക്കു നന്മ ചെയ്തു ആരും പാടി പുകഴ്ത്താതെ തന്നെ!

ജാദവ് പയെങ് - ഒരു സാധാരണ ഫോറസ്റ്റർ ബ്രഹ്മപുത്രയിലെ പ്രളയത്തിൽ കൊണ്ട് പോയ ഏകദേശം മുന്നൂറു ഹെക്ടറോളം വരുന്ന ഭൂമിയെ പുനഃ സൃഷ്ട്ടിച്ചു . അത് മാത്രമല്ല ഇന്ന് ആ വനത്തിൽ കടുവകളും കാണ്ടാമൃഗങ്ങളും അടക്കം അനേകം അപൂർവം ജന്തു ജാലങ്ങൾക്കു ആവാസ സ്ഥാനം കൂടിയായി.ഫോറെസ്റ് മാന് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരു ആ വനത്തിനു നൽകിയും 2015 ൽ പദ്മശ്രി നല്കിയും രാജ്യം ആദരിക്കുന്ന വരെയും ഈ പ്രകൃതി സ്‌നേഹി ആരാലും അറിയപ്പെടാത്ത ഒരു സാധാരണ ഫോറസ്റ്റർ മാത്രമായിരുന്നു ! ഇന്നും എത്ര പേർക്ക് ഇദ്ദേഹത്തെ അറിയും എന്ന് അറിയില്ല !

മോഇറങ്ഗാതേംലോയ - മണിപ്പൂരിൽ ഇംഫാലിനു സമീപം ഏകദേശം മുന്നൂറു ഏക്കറോളം വനം സൃഷ്ടിക്കുകയും (തുടക്കത്തിൽ ഒറ്റക്കും പിന്നീട് കുറച്ചു വ്യക്തികളുടെ സഹായത്തോടും കൂടി) 250 ഓളം അപൂർവ മരങ്ങളുടെ സംരക്ഷകനായും അനേകം ജീവ ജാലങ്ങൾക്കു ആവാസ വ്യവസ്ഥ ഒരുക്കയും അതോടൊപ്പം ആ ഗ്രാമത്തിന്റെ മുഴുവൻ കാലാവസ്ഥയും മാറ്റി മറിക്കുകയും ചെയ്തു ഈ മനുഷ്യൻ അതിനായി തന്റെ പതിനേഴു കൊല്ലങ്ങൾ അദ്ദേഹം നൽകി ! ഇദ്ദേഹത്തെയും ആരും പാടിപുകഴ്ത്തി കേട്ടിട്ടില്ല ഈയടുത്തു ഒരു പത്ര മാധ്യമത്തിലൂടെ വായിച്ചാണ് ഞാൻ ഇദ്ദേഹത്തെ കുറിച്ച് മനസിലാക്കുന്നത്.

ഇവർ മൂന്നു പേരും മാത്രമല്ല ഒരുപാടു പേരുണ്ടാവും ഇവരെ പോലെ, അറിയില്ല ആരൊക്കെയെന്ന് ആരുടേയും പ്രശംസയോ പ്രശസ്തിയോ ആഗ്രഹിക്കാതെ അന്തർമുഖരായി തങ്ങളുടെ കർമങ്ങൾ ഇന്നും നിർവഹിക്കുന്നവർ ! ഗ്രെറ്റയെ പോലെ ലക്ഷങ്ങൾ വരുമ്പോൾ ഇവരെ പോലെ ഒരു പത്തു പേരെങ്കിലും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ! കാരണം പ്രസംഗത്തെക്കാൾ പ്രവർത്തി ആവശ്യപ്പെടുന്ന തലത്തിലേക്കു ഇന്ന് കാലാവസ്ഥ വ്യതിയാനവും വനനശീകരണവും എത്തി നിൽക്കുന്നു!അത് കൊണ്ട് ഇവരെയും ലോകം അറിയണം ഇവരെ കൂടെ മാതൃകയാക്കണം എന്ന് പ്രാർത്ഥിക്കുന്നു !

kv vishnu
26/09/2019

Wednesday 14 August 2019

വഞ്ചിശ മംഗളം

വഞ്ചി നാടിൻ നാഥനായ ശ്രീ മഹാദേവനെ പ്രകീർത്തിച്ചു കൊണ്ടു മഹാകവി ഉള്ളൂർ പരമേശ്വരയ്യാരാൽ വിരചിതമാണ് വഞ്ചിശ മംഗളം.1937ൽ ഇതിനെ ശ്രീമതി കമല കൃഷ്ണമൂർത്തി പാടി റെക്കോർഡ് ചെയ്യുകയും പതിനാറു കൊല്ലത്തോളം ,1947ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്ന നാൾ വരെയും ദേശിയ ഗാന ബഹുമതിയോടു കൂടി പാടിയിരുന്ന ഗാനം.കാല ക്രമേണ യവനികക്കുളിൽ മറയുകയും ചെയ്തു.    

പ്രണാമങ്ങൾ മഹാകവിക്കും , മഹാരാജാവിനും , സർവോപരി എന്റെ പൊന്നു തമ്പുരാൻ ശ്രീ പദ്മനാഭ സ്വാമിക്കും !  

വഞ്ചിഭുമിപതേ ചിരം ,
സഞ്ജിതാഭം ജയിക്കേണം ,
ദേവദേവൻ ഭവാനെന്നും ,
ദേഹസൌഖ്യം വളർത്തേണം ,
വഞ്ചിഭുമിപതേ ചിരം ,
ത്വച്ചരിതമെന്നും ഭൂമൗ ,
വിശൃതമായ് വിളങ്ങേണം ,
വഞ്ചിഭുമിപതേ ചിരം ,
മർത്യമനമേതും ഭവാൽ ,
പത്തനമായ് ഭവിക്കേണം ,
വഞ്ചിഭുമിപതേ ചിരം ,
താവകമാം കുലം മേന്മേൽ ,
ശ്രീവളർന്നുല്ലസിക്കേണം,
വഞ്ചിഭുമിപതേ ചിരം ,
മാലകറ്റി ചിരം പ്രജാ-
പാലനം ചെയ്തരുളേണം ,
വഞ്ചിഭുമിപതേ ചിരം ,
സഞ്ജിതാഭം ജയിക്കേണം.

(Poem Written By)  മഹാകവി ഉള്ളൂർ പരമേശ്വരയ്യർ 

കെ.വി.വിഷ്ണു
14/08/2019

Thursday 8 August 2019

കർമ്മദോഷം

കലിയോടാർത്തു കാലവർഷം
കാലം തെറ്റി പെയ്യുന്നു നാട്ടിൽ,
കാലദോഷമോ? നമ്മൾ ചെയ്തോരു,
കർമ്മ ദോഷമോ?

Kv Vishnu
08/08/2019 

Monday 5 August 2019

Article 370

ആഗസ്റ് അഞ്ചു രണ്ടായിരത്തി പത്തൊൻപതു ചരിത്രം രേഖപ്പെടുത്തും അത് പക്ഷെ എങ്ങനെയായിരിക്കും എന്നറിയാൻ കുറഞ്ഞത് ഒരു പത്തു വർഷത്തെ സമയ ദൈർഘ്യമെങ്കിലും ആവശ്യമായി വരുമെന്നു മാത്രം. കാശ്മീരിന് നൽകിയിരുന്ന പരമാധികാരം റദ്ദു ചെയ്യപ്പെട്ടു ഇന്ന്. തീരുമാനം രാഷ്ട്രീയമാണ്. കാരണങ്ങൾ എന്ത് തന്നെ ആയിരുന്നാലും ഞാണിന്മേൽ കേറിയുള്ളൊരു കൈവിട്ട കളിയാണ് ഇത്. നന്മയും തിന്മയും രണ്ടും നടക്കാം. പക്ഷെ കാലങ്ങൾ ആയുള്ള ഭാരതത്തിന്റെ തീരാ തലവേദനക്ക് ഒരു പരിഹാരം ആകും ഇത് എന്നതിൽ തർക്കമില്ല. ആർട്ടിക്കിൾ 370 ഒഴിവാക്കുന്നതിലൂടെ കാശ്മീർ എന്ന ഭൂമിക ഭാരതത്തിന്റെ പരമാധികാര പരിധിയിൽ വന്നു ! ഒരു ഉത്തരവ് കൊണ്ട് അതിനു സാധിക്കും അത് സാധിക്കുകയും ചെയ്തു കേന്ദ്ര സർക്കാരിന്, അഭിനന്ദനങ്ങൾ .

എന്നാൽ ഒരു ഭൂമിക പിടിച്ചെടുത്ത ലാഘവത്തിൽ ഒരു ജനതയുടെ മനസിനെയും കീഴക്കാൻ കഴിയുമോ? അതിനു കഴിയുമെങ്കിൽ മാത്രമേ ഈ ലഭിച്ച പരമാധികാരം പൂർണമായും വിജയിച്ചു എന്ന് പറയുവാൻ കഴിയു. അയൽരാജ്യക്കാരുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ജീവിതമാണ് കാശ്മീർ ജനതയുടെയും. അത് കൊണ്ട് തന്നെ അവർക്കു അയൽക്കാരോട് മമത തോന്നിപോയെങ്കിൽ അത് രാജ്യ ദ്രോഹം എന്ന് വിളിക്കുവാൻ പോലും സാധിക്കുകയില്ല.ഇക്കാലമത്രയും രാഷ്ട്രീയ ലാഭങ്ങൾക്കായി കക്ഷികൾ കാശ്മീരിനെ ഉപയോഗിച്ചു. ഇന്ന് ഇത് റദ്ദു ചെയ്യപ്പെട്ടതിലൂടെ ഉണ്ടായത് അവരുടെ കഞ്ഞിയിൽ മണ്ണു വീഴുക മാത്രമാണ്.എന്നാൽ  അത് അവിടുത്തെ ജനങ്ങൾക്ക് ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയുമോ എന്നത് സംശയമാണ് കാരണം സ്വാതന്ത്ര്യാനന്തര ഭരണത്തിലൂടെ കശ്മീർ ഭരിച്ച എല്ലാ സർക്കാരുകൾ അവിടുത്തെ ജനങ്ങളെ ഭാരതീയർ വിദേശിയരാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു  കൊണ്ട് ഭരിച്ചു. അതിനു തെളിവാണ് ഇത് റദ്ദ് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ അവരുടെ രോഷം !

ആ ജനങളുടെ  മനസ്സിൽ പതിഞ്ഞു പോയ ഈ അച്ചാണ് അവരുടെ മനസ്സിൽ നിന്നും ആദ്യ മാറ്റേണ്ടത് !  ഒരിക്കലും പട്ടാളത്തിനെ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ട് സാധിക്കാത്ത കാര്യം. കാരണം എല്ലാ പാർട്ടികളും ഒന്നിച്ചു അനുകൂലിച്ചെങ്കിൽ മാത്രമേ ഇത് എളുപ്പത്തിൽ സാധ്യമാവുകയുള്ളു. എന്നാൽ തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഈ നടപടി അവർ രണ്ടു കയ്യും നീട്ടി അംഗീകരിക്കും എന്നത് ദിവാസ്വപ്നം മാത്രം പിന്നെ ഉള്ളത് സർക്കാർ അവരെ എല്ലാ കാര്യങ്ങളിലും ചേർത്തു നിർത്തി കൊണ്ടു വികസനത്തിൻറെ പാതയിലേക്കും നമ്മുക്കിടയിലേക്കും കൂടുതലായി കൊണ്ട് വന്നു അവർ വിദേശിയരല്ല എന്നും ഈ ഒരു നിയമം പോയത് കൊണ്ട് പൊതു ജനത്തിനു യാതൊരു കുഴപ്പവും വന്നിട്ടില്ല എന്നും മനസിലാക്കിക്കണം.സമയം യഥേഷ്ടം ആവും ഇതിനു, റോമാ സാമ്രാജ്യം ഒറ്റ രാത്രി കൊണ്ട് ഉയർത്തപ്പെട്ടതല്ലലോ! ഏറ്റവും പ്രധാനം ഇതിനെതിരെ വിഷവും വിഘടനവാദവും ഛർദ്ധിക്കുന്ന  ഒരു മാധ്യമം പോലും അവിടെ ഉണ്ടാവരുത്.

ആങ്ങള ചത്താലും നാത്തൂൻ കരഞ്ഞു കണ്ടാൽ മതി എന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും പ്രതിപക്ഷ കക്ഷികളും ആണ് ഇന്ന് നമ്മുടെ നാട്ടിൽ അത് മറ്റൊരു അനുഗ്രഹം! പുര കത്തുമ്പോൾ വാഴവെട്ടുക കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക അങ്ങനെ എന്തൊക്കെയോ ഹോബിസ്സാണ്. ലോകം മുഴുവൻ നേടിയാലും ജനതയുടെ മനസ് നേടിയില്ലെങ്കിൽ പിന്നെ അത് വെറും ഒരു തുണ്ടു മണ്ണ് മാത്രം. ഭൂമിക്കു അതിരു കെട്ടുമ്പോൾ അത് അവരുടെ മനസ്സിൽ കെട്ടാതെ നോക്കണം , ആ കാര്യമിവിടെ പ്രത്യേകം ശ്രദ്ധിക്കണം. എന്ത് തന്നെ ആയാലും വരും വരായ്കകൾ നമ്മൾ അനുഭവിച്ചേ മതിയാവു. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗം ഒരിക്കലും ഇതിന്റെ പേരിൽ നരകമാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ഒരു നാൾ ഒരു സഞ്ചാരിയായി ഞാൻ കാണാൻ കാത്തിരിക്കുന്നുണ്ട് ഈ സ്വർഗത്തെ, എന്നെ പോലെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ് കാശ്മീർ. അത് കൊണ്ട് തന്നെ എല്ലാമെത്രയും പെട്ടെന്ന് തന്നെ എല്ലാം ശുഭ പര്യവസാനിക്കട്ടെ.  

Vishnu KV
05/08/2019

Thursday 1 August 2019

The Soul

O' Mountains, 
the mighty guardians!

O' Lakes & rivers, 
the angels of life!

Share me your souls, 
So I can get lost in YOU!

Dissolve our Souls together,
So I can be with you forever!

KV.Vishnu
01/08/2019

Thursday 18 July 2019

അർത്ഥം

ദേഹിതൻ അർത്ഥം തേടിയൊരു യാത്രയിലാണീ
ദേഹം! അതിനാരംഭമെവിടെനിന്നെന്നുമറിയില്ല !
ലക്ഷ്യ മതെങ്ങെന്നുമറിയില്ല ! കാലത്തിനൊ -
ത്തതു തുടരുന്നീ യാത്ര ഇന്നുമെന്നും !

KV.Vishnu
18/07/2019

                                    

Thursday 6 June 2019

ഞാൻ മലയാളി

സാക്ഷരതയിൽ മുമ്പിൽ
സഹിഷ്ണുതയിൽ പിമ്പിൽ
എനിക്ക് ശേഷം പ്രളയം
എന്റെ കൂപമതു തന്നെ വിശ്വം-
ഞാൻ സാക്ഷരനാമൊരു മലയാളി

KV.Vishnu
06/06/2019

Monday 3 June 2019

കർമ്മസാക്ഷി

ചെന്താർ കതിർ വീശി കിഴക്കേ
വാനിലുദിച്ചുയർന്നു കതിരോനീ
ഭൂവിലെ കർമ്മങ്ങൾക്കെല്ലാം സാക്ഷി- 
യാകുവാൻ, ശേഷം മൂകമായി നിന്നുരു -
കിയേകനായി യീ വാനിൽ, സർവ കർമ്മ -
ങ്ങൾക്കുമേക സാക്ഷിയാകയാൽ !


KV.Vishnu
02/06/2019

every steps is taken towards to the future is with good hope , but
path (the Karma) decides whether it will be good or bad !

Sunday 2 June 2019

ആചാര്യൻ

നിള തൻ തീരത്തു പിറന്നു !
ഭാരതി ദേവി തൻ പുത്രനായി വളർന്നു
മമ ഭാഷക്ക് പുതു ഭാഷ്യം ചമച്ചു !
ബുദ്ധിഹീനന്മാർക്കും തെളിയും
വണ്ണം ഇതിഹാസങ്ങൾ രചിച്ചു !
കിളി കൊഞ്ചും കണക്കൊട്ടു
കാവ്യങ്ങൾ ചമച്ചു ! തിരു നാമം
വർണിപ്പാൻ അടിയനാർഹനല്ലെന്നാ-
കിലും, ഭക്ത്യാ തവാനുഗ്രഹം കാംക്ഷിച്ചു 
ചെയ്യുന്നു ആ തിരുവടിയിണയിലെൻ
ആത്മ പ്രണാമം !

വാഴ്കയെന്നും ആചാര്യൻ
തൻ തിരുനാമമീയെട്ടു ദിക്കെങ്ങുമേ!
മമ ഭാഷ കളിയാടും കാലം വരേയ്ക്ന്നുമേ!

KV.Vishnu
01/06/2019





Tuesday 21 May 2019

സത്രം

കടന്നു വന്നവരാരുമെനനുവാദം തേടിയില്ല
പോയവരാരുമെന്നോട് യാത്ര ചോദിച്ചുമില്ല 

തേടിവന്നവരേവരുമെൻ ഒഴിഞ്ഞയീ 
ചുവരുകളിൽ വർണ്ണസ്വപ്നങ്ങൾ 
ചിത്രങ്ങളായി വരച്ചു ചേർത്തു 

ആ സ്വപ്‌നങ്ങളെന്നുടെ ഓർമ്മകളായി 
ഓർമകൾ തൻ ആയുസ്സൊടുവിൽ ഒരു കുട്ട
ചുണ്ണാമ്പിനടിയിൽ മറഞ്ഞു പോയിയെന്നോ!

വരച്ചവരും വിടപറയാതൊരു നാളിലെങ്ങോ 
കടന്നു പോയി! വരച്ച ചിത്രങ്ങളും മാഞ്ഞു പോയി 

കാലത്തെ സാക്ഷിയാക്കിയിന്നും നിൽപ്പു ഞാനീ 
വഴിയിലെന്നെ തേടിവരും പഥികരേയും കാത്തു !

"Life is a highway lodge" !

KV.Vishnu
21/05/2019

Wednesday 15 May 2019

Love

I wish for a world with out hatred
But Forget to lit the candle of love
in my heart first

KV.Vishnu
15/05/2019

Wednesday 8 May 2019

സമുദ്രം

ആർത്തിരമ്പിയടുത്ത നിൻ തിരമാലകളെൻ
പാദങ്ങളെ  പുൽകെ ഞാൻ നിനച്ചു, യെന്നോടെന്തോ
ചൊൽവതിനായി വന്നണഞ്ഞു നീയെന്നരികിലെന്നു !
നിൻ തീരത്തു ഞാനെഴുതിയ രഹസ്യങ്ങളത്രെ
തിരമാലകളായെൻ പാദത്തെ തഴുകിയതെന്നറിഞ്ഞില്ല !

KV.Vishnu
08/05/2019

Wednesday 1 May 2019

പൗർണമി

ഹിമകണം പെയ്യുമീ രാവിൽ
തെളിമാനം നോക്കി ഞാൻ നിൽക്കെ
കണ്ടു ഞാനെൻ പ്രേയസി തൻ സുസ്മേര
വദനമീ വിണ്ണിൻ മടിയിൽ

രാ കൺമഷി ചാർത്തിയ നിൻ മിഴികളും
കവിത പൊഴിക്കുന്ന നിൻ മൗനവും
മഞ്ഞിൻ ശീലയും ചുറ്റി ജാലമെറിയും 
നിന്നെയും നോക്കി ജാലക പടിയിൽ ഞാൻ നിന്നു

നിൻ വെള്ളി ചിലങ്ക കിലുങ്ങും ശ്രുതിയിൽ
ലയിച്ചു ഞാൻ നിൽക്കെയൊരു മാത്ര -
വെറുതെ കൊതിച്ചു പോയി യെൻ 
പൗർണ്ണമിയുദിച്ചൊരീ രാവസ്തമിക്കാതിരുന്നെങ്കിൽ
  
KV.Vishnu
01/05/2019

Thursday 25 April 2019

കാട്‌

എന്ത് ഭാവമാണ് നിനക്ക്? യഥാർത്ഥത്തിൽ പുറത്തു നിന്ന് നോക്കുന്ന നേരം നീ ശൃംഗാര പ്രണയ രസങ്ങൾ വാരി വിതറി ദർശനം നൽകുന്നു. നിന്നിലേക്ക്‌ ഇറങ്ങും തോറും പൊടുന്നനെ നീ നിന്റെ ഭാവം മാറ്റുന്നു ! രൗദ്രം എന്ന ഭാവം മാത്രമേ നിന്നിലേക്കിറങ്ങുന്ന വേളയിൽ കാണുവാൻ കഴിയുന്നുള്ളൂ. നിന്റെ പ്രണയവും ശൃംഗാരവും എല്ലാം നീ ഈ രൗദ്ര ഭാവത്തിനു പിന്നിലായി മറച്ചുവോ ? ആ രൗദ്ര ഭാവം മനസ്സിൽ മരണ ഭയത്തിന്റെ വിത്തുകൾ വരെ പാകാൻ പോരുന്നത്ര ഭയങ്കരം തന്നെയാണ്. മഴുവുമായി നിന്നെ തിരഞ്ഞെറിയവനെന്നു കരുതിയാണോ നീ എന്നെ ഭയപെടുത്തുന്നത്? അല്ല നീ പോറ്റി വളർത്തുന്ന നിന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു വേട്ടയാടാൻ വന്നവനെന്നു ധരിച്ചുവോ നീ ?

മാനവ സംസ്കൃതിക്ക്‌ പുറത്തായി നിന്റെ വാസം എന്നറിയാം. ആ സംസ്കാരം ചവച്ചു തുപ്പിയ ഉച്ചിഷ്ടമായി നീ ഇന്നു പലയിടത്തും മാറിയ കാഴ്ചകൾ ഞാൻ ആ സംസ്കൃതിയിൽ നിന്നു കൊണ്ട് തന്നെ വേദനയോടെ കണ്ടിട്ടുമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത കഴിവ് കെട്ടവനായി ആ നേരങ്ങളിൽ നിൽക്കേണ്ടിയും വന്നിട്ടുണ്ട്! വിശ്വം ജയിക്കാൻ പോന്ന സംസ്കാരത്തിനു അന്നവും മരുന്നും വെള്ളവും നൽകി പൊറ്റി വളർത്തിയതു നീ ആയിരുന്നു. സംസ്കാരം കൂടിയത് കൊണ്ടോ എന്തോ നിന്നിൽ ഞങ്ങൾ അകലാൻ തുടങ്ങി ! സത്യത്തിൽ ഞങ്ങൾ നിന്നിൽ നിന്നും അകന്നതാണോ അതോ നീ ഞങ്ങളിൽ നിന്നും അകന്നതാണോ? അറിയില്ല. പക്ഷെ ഇന്നു നീ ഈ സംസ്കൃതിക്ക്‌ പുറത്താണെന്ന് മാത്രം അറിയാം.

നിന്റെ ആത്മാവറിയാനും നിന്റെ ഹൃദയം തുടിക്കും ശബ്‍ദം കേൾക്കുവാനും നിന്നിലേക്കിറങ്ങി വന്ന നിന്റെ സ്നേഹിതൻ ആണ് ഇന്നു  ഞാൻ. ദയവു ചെയ്തു നിന്റെ മണ്ണ് എനിക്ക് ഉറങ്ങുവാനായി തുറന്നു തന്നു കൂടെ. നിന്റെ ശേഷിക്കുന്ന കുഞ്ഞുങ്ങളെ ഞാൻ ഉപദ്രവിക്കില്ല നിന്റെ ജീവൻ ഒളിപ്പിച്ച തരുവിൽ ഞാൻ മഴു വെക്കില്ല ! വിശ്വസിച്ചു ഒരിടം നൽകുമോ നീ ? അല്ലെങ്കിൽ അരുത് നീയെന്നെ ഇനിയും വിശ്വസിച്ചു സംരക്ഷിക്കരുതു് . കാരണം ഞാനും മനുഷ്യൻ ആണു. സ്വാർത്ഥതക്കായി നിന്നെ സ്നേഹിക്കാനും അതെ സ്വാർത്ഥതക്കായി നിന്നെ കൊല്ലുവാനും മടിക്കാത്ത മനുഷ്യൻ. അത് കൊണ്ട് സ്നേഹമാണെന്നു പറഞ്ഞു വരുന്ന എന്നെയും നീ സൂക്ഷിച്ചു കൊൾക!

നിന്റെ ജീവൻ ആരും കാണാതെ നീ മറച്ചു വെക്കു . നിന്റെ പ്രണയ ശൃംഗാര ഭാവങ്ങൾ ആ രൗദ്രതയിൽ എന്നും മറഞ്ഞിരിക്കട്ടെ . നിന്നെ പിച്ചി ചീന്താൻ കാത്തിരിക്കുന്ന ഈ മഹാ സംസ്കൃതി നിന്റെ രൗദ്ര ഭാവം കണ്ടു ഭയക്കട്ടെ. ഇല്ലെങ്കിൽ ശേഷിക്കുന്ന നിന്റെ പൈതങ്ങൾക്കു അമ്മയില്ലാത്ത അവസ്ഥ വന്നു ചേരും. നീ കൂടെ ഇല്ലെങ്കിൽ നിന്റെ പുടവ തുമ്പിൽ അഭയം പ്രാപിച ജീവനുകൾ ഓരോന്നായി മരിച്ചു വീഴും.അവർക്കു ഇനിയൊരു തലമുറ തന്നെ ഇല്ലാതെയാവും. അത് കൊണ്ട് ശേഷിക്കുന്ന നീ എനിക്കും എന്റെ കൂട്ടർക്കും മുന്നിൽ  നിന്റെ രൗദ്ര ഭാവം വെടിയാതെ എന്തിനു  കരുണ പോലും കാണിക്കാതെ നീ നിൽക്കുക. നിന്റെ സൗന്ദര്യം വന്യമായി തന്നെ നിൽക്കട്ടെ. നിന്റെ ശബ്‍ദം ഗർജ്ജനമായി എന്നും മുഴങ്ങട്ടെ.

KV.Vishnu
24/04/2019

                                                                                                   

Monday 22 April 2019

ഹൈക്കു കവിതകൾ - PART 2

ജീവിതം

പ്രകൃതി രചിച്ച  മഹാകാവ്യങ്ങൾ
മൂന്നക്ഷരം കൊണ്ടു  മനുഷ്യനൊ -
തുക്കിയ ഹൈക്കു കവിതകൾ
ജനനവും മരണവും പ്രണയവും

"Life and Death both are awesome" depends on how we look after on it..

കുഞ്ഞുണ്ണി മാഷ്

കുന്നോളം വലുപ്പമുള്ളോരു  തത്വങ്ങളെ
കടുകോളം വലുപ്പത്തിൽ ചൊല്ലി തന്നു
ഈ കുറിയൊരു വലിയ മനുഷ്യൻ

KV. Vishnu
21/04/2019

                                                                              

Tuesday 16 April 2019

സത്യമേതാ മിഥ്യയേതാ

അറിയുന്നതെല്ലാം സത്യമോ ?
അറിവിനുമപ്പുറം മിഥ്യയോ ?
കാണുന്നതെല്ലാം മായയോ ? എങ്കിൽ
ഒളിഞ്ഞിരിക്കും സത്യമെവിടെ ?

കാണ്പതു മാത്രം ഉണ്മയെങ്കിൽ
ഇരുട്ടിലാ സത്യമെല്ലാം മിഥ്യയോ?
പുറമെ കണ്ടതെല്ലാം മിഥ്യയെങ്കിൽ
അകമേ തെളിയും ചിന്തയോ സത്യം ?

കണ്ടതെല്ലാം മായയെങ്കിൽ
സത്യവും മിഥ്യയും തിരയുവതെന്തിന് ?
ഞാൻ  ചൊലിയൊരീയുണ്മകൾ
നിനക്ക് പൊയ്യായി തീർന്നെങ്കിൽ
എന്റെ ശീലുകൾ ഉണ്മയാവതെങ്ങനെ ?

സത്യമേതാ മിഥ്യയേതായെന്ന-
ന്വേഷിച്ചു തളർന്നെങ്കിൽ !
മനസിലാക്കാം സത്യവുമില്ല മിഥ്യയുമില്ല!

KV.Vishnu
15/04/2019


Belief or dis belief / love or hate / light or dark / land or sea - there exist two poles or extremes for everything in this nature and how can we say which is true and which is not ?

Sunday 14 April 2019

മനുഷ്യനും പ്രകൃതിയും

"Earth Have all for our Need's !
But Not For our greed" - Mk Gandhi

അക്ഷരം പ്രതി അർത്ഥവത്തായ വാചകങ്ങൾ. മഹാന്മാർ എല്ലാം മുൻകൂട്ടി കാണുന്നതോ അല്ല പണ്ടുതൊട്ടേ നമ്മൾ ഇങ്ങനെയായിരുന്നോ? എന്തായാലും ഒരു സുപ്രഭാതം കൊണ്ട് ചവറ്റു കൊട്ട ആയതല്ല ഈ സ്വർഗ്ഗ തുല്യമായ ഗ്രഹം എന്ന് വ്യക്തമാണ്. കൃത്യമായി  എന്ന് തുടങ്ങി എന്നതിന്റെ കാലഘടന നിർണയിക്കുക കഷ്ടമാണ് കാരണം ഇവിടെ സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും ഒരു അന്ത്യവും അതിന്റെ കൂടെ തന്നെ ജന്മം എടുത്തിട്ടുണ്ട് . അത് കൊണ്ട് തന്നെ സൃഷ്ടിയുടെ കൂടെ തന്നെ അതിന്റെ degradation ഉം തുടങ്ങുന്നു എന്നാൽ ഇത് ഇത്തരം നാശങ്ങൾ അല്ലെങ്കിൽ ഇല്ലാതാക്കലുകൾ പ്രകൃതി തന്നെ തന്നെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ചെയ്തു പോരുന്ന  ഒരു പ്രക്രിയ മാത്രം.

ഇന്ന് ആ ജോലി ഒരു വിഭാഗം ജീവജാലങ്ങൾ ഏറ്റെടുത്തു മനുഷ്യൻ എന്നാണ് ആ വിഭാഗത്തിന്റെ പേര്.ഉദ്ദേശം മൂന്ന് ലക്ഷങ്ങളോളം വര്ഷങ്ങള്ക്കു മുന്നേ വനാന്തരങ്ങളിൽ ഏതെല്ലാമോ ജീവികളുടെ പിന്തുടർച്ചയിൽ  പരിണാമം സംഭവിച്ചു വന്നൊരു വിഭാഗം. ഈ വിഭാഗത്തെ സൃഷ്‌ടിച്ച പ്രകൃതി മറ്റൊരു ജീവിക്കും നൽകാത്ത പ്രത്യേകത ഈ വിഭാഗത്തിന് നൽകി "ചിന്ത ശേഷി"!!! മറ്റൊരു ജീവിക്കും അത് ആവശ്യവും ഇല്ല കാരണം ബാക്കി ജന്തു ജാലങ്ങൾ എല്ലാം തന്നെ സ്വയം പര്യാപ്തരാണ് അവർക്കു ചിന്തിക്കേണ്ട ആവശ്യം ഇല്ല പ്രകൃതിയുടെ ചക്രം ആണ് അവരുടെ ജീവിതം ക്രമീകരിച്ചിരിക്കുന്നത് അതിനനുസരിച്ചു ജീവിക്കുക എന്നത് മാത്രമാണ് അവയുടെ ലക്‌ഷ്യം !

താരതമ്യേന ദുർബല വിഭാഗത്തിൽപ്പെട്ടതു കൊണ്ടായിരിക്കണം മനുഷ്യന് പ്രകൃതി ചിന്ത ശക്തി എന്ന കഴിവ് നൽകിയത്. കാരണം അതില്ലെങ്കിൽ മനുഷ്യനെ കൊണ്ട് ഈ ആവാസ വ്യവസ്ഥയിൽ ഒരിക്കലും അതിജീവിക്കാൻ സാധിക്കുകയില്ല. അങ്ങനെ ലഭിച്ച ആ ചിന്താശക്തി കാല ക്രമേണ വർദ്ധിക്കുവാൻ തുടങ്ങി. പ്രകൃതിയിലെ സർവ്വവും ആ ചിന്തയെ പോഷിപ്പിച്ചു കൊണ്ടേ ഇരുന്നു.ആ നാളുകളിൽ എന്നോ തുടങ്ങിയാതാവണം മനുഷ്യൻ പ്രകൃതിയുടെ ചക്രം സ്വന്തം ഇഷ്ട്ടപ്രകാരം തിരിക്കുവാൻ. മറ്റു ശക്തരായ ജീവ ജാലങ്ങൾക്കിടയിൽ നിന്നും അതിജീവിക്കാൻ പ്രകൃതി നൽകിയ ബുദ്ധി അല്ലെങ്കിൽ ചിന്ത ശക്തി ആ ജീവ ജാലങ്ങളുടെ നാശത്തിലേക്കായിരുന്നു പിന്നീടു വഴി തെളിച്ചതു .

പണ്ടത്തെ മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവർ ആയിരുന്നു അവർ പ്രകൃതിക്കു യാതൊരു ദോഷവും വരുത്തിയിട്ടില്ല എന്ന് വാദിക്കുന്നവർ "വൂളി മാമ്മത്" എന്ന ജീവിയെ കുറിച്ച് ഒന്ന് വായിക്കുന്നത് നന്നാവും ആദിമ മനുഷ്യന്റെ വേട്ടകളിൽ നശിച്ചു പോയൊരു ജീവി വർഗ്ഗമാണ് അവ.അത് കൊണ്ട് തന്നെ ചിന്ത വളരുന്നതിനനുസരിച്ചു മനുഷ്യൻ എന്ന പരാന്നഭോജി പ്രകൃതിയിൽ നിന്നും ഓരോ ജീവനെയായി ഊറ്റി എടുക്കാൻ തുടങ്ങി എന്ന് നിസംശയം പറയാം.ഇന്നു മനുഷ്യ ചിന്തകൾ ഭൂമിയും ബഹിരാകാശവും കടന്നു മറ്റു ഗ്രഹങ്ങളിൽ വരെ കാലു കുത്തി. പലപ്പോഴും പ്രകൃതി പോലും ഈ ജീവി വിഭാഗത്തിന് മുന്നിൽ മുട്ട് മടക്കിയോ എന്ന് തോന്നിപ്പിച്ചു.

ആരോടും അനുവാദം ചോദിക്കാതെ കൃത്യമായി ഈ ഭൂമിയിലെ ജൈവ ഘടികാരം അനുസരിച്ചു വന്നു കൊണ്ടിരുന്ന മഴയും വേനലും തണുപ്പും മഞ്ഞും ഇന്ന് മനുഷ്യന്റെ ദയക്കായി കാത്തു നിൽക്കുന്നു.ഇതറിഞ്ഞില്ലെന്നു നടിച്ചു കൊണ്ട് നാം പ്രകൃതിയെ പഴിക്കുന്നു! പ്രകൃതിയൊ ഒന്നുരിയാടാൻ കഴിയാതെ മനുഷ്യരാൽ നാവരിയപെട്ട  അവസ്ഥയിലും. തന്നെ കൊണ്ട് കഴിയുന്ന പോലെ എല്ലാം പ്രകൃതി ഇന്ന് മനുഷ്യനെതിരെ പോരടിക്കുന്നു എന്നാൽ മനുഷ്യനോ പ്രകൃതി നൽകിയ വരത്തിൽ പ്രകൃതിയെ  തന്നെ വെല്ലുവിളിക്കുന്നു. മനുഷ്യചിന്തകൾ പെരുകി കൊണ്ടേയിരിക്കുന്നു ആ ചിന്തകൾക്ക് ഭൂമി എന്ന ലോകം മതിയാകാതെ വന്നിരിക്കുന്നു.

ഇതെല്ലം കേൾക്കുമ്പോൾ പ്രകൃതിയെന്താ ദുർബലയാവുകയാണോ എന്ന് സംശയിച്ചേക്കാം, എന്നാൽ സൃഷ്ട്ടിക്കാൻ കഴിയുന്ന പ്രകൃതിക്കു സംഹരിക്കാനോ വിഷമം? ഒരുപക്ഷെ ഇപ്പോൾ ഈ നടിക്കുന്ന വിഷമം ഒരുപക്ഷെ "ഇനിയും സമയം നിനക്കുണ്ട് നിന്റെ ചിന്തകളെയും ബുദ്ധിയെയും നിനക്ക് ജീവിക്കാൻ മാത്രം ഉപയോഗിക്കു" എന്ന് മനുഷ്യനോടു സംവദിക്കുന്നതിന്റെ  സൂചന ആണോ ?  ആവണം പ്രകൃതി ഇന്ന് ഈ കാക്കുന്ന മഹാമൗനത്തിനു പിന്നിൽ എന്തെല്ലാമോ   മറഞ്ഞിരിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.അത് തിരിച്ചറിയാൻ വൈകുന്നതാണ് മനുഷ്യൻ എന്ന ജന്തുവിഭാഗത്തിന്റെ നാശത്തിലേക്കു ഒരു പക്ഷെ നയിച്ചേക്കുക!!കാരണം സൃഷ്ടിയിൽ തന്നെ നാശവും ഒളിഞ്ഞിരിപ്പുണ്ട് എന്നതു പ്രകൃതി സത്യമാണ്. ഒരു കൊച്ചു തേനീച്ച ഇല്ലാതായാൽ നാല് ദിവസത്തിൽ കൂടുതൽ ജീവിക്കാൻ കഴിയാത്ത മനുഷ്യൻ ചിന്ത ശക്തി എന്ന ഒറ്റ പിൻബലത്തിൽ ഈ ഭൂമിയിൽ മൂന്ന് ലക്ഷം വർഷങ്ങൾ താണ്ടിയിരിക്കുന്നു .

ഇനിയും സമയം ഉണ്ട് സ്വയം ജീവിക്കുക മറ്റുള്ളവയെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യ വർഗം ഇന്നു എഴുന്നൂറ് കോടിക്ക് മുകളിൽ എത്തിയെങ്കിലും ഇപ്പോഴും നമുക്കുളതെല്ലാം ഈ ഭൂമിയിലുണ്ട് ! എന്നാൽ അത് ആവശ്യത്തിന് മാത്രമേ ഉള്ളു അത്യാഗ്രഹത്തിനുള്ളതല്ല . എല്ലാ പരാന്ന ഭോജികളുടെയും അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന മനുഷ്യന് എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു "മാതൃ ശരീരത്തോടൊപ്പം ഒപ്പം നശിക്കുന്നത് അതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്സ് കൂടെയാണ്" അതിനു ഇട വരാതിരിക്കട്ടെ .

ഇവിടം സ്വർഗ്ഗമാണു ആസ്വദിക്കുക!! പ്രകൃതി മനുഷ്യന് മാത്രം നൽകിയ ഈ ഭാഗ്യത്തെ ഉപയോഗിച്ചു നശിപ്പിക്കാതിരിക്കാം.നാളെ വരുന്ന ഒരു  തലമുറയ്ക്ക് ഇതെല്ലാം കാണുവാനും ഉപയോഗിക്കുവാനും ജീവിക്കുവാനും. സ്വസ്ഥമായി തങ്ങളുടെ ജീവിത ചക്രത്തിൽ ജീവിച്ചു പോകുന്ന മറ്റു ജീവികളെ അവരുടെ ആവാസ വ്യവസ്ഥയിൽ കടന്നു ഉപദ്രവിക്കാതിരിക്കാം. ഓർക്കുക അവർക്കു നമ്മളുടെ ആവശ്യം ഇല്ല .അവർക്കു മനുഷ്യർ ഇല്ലെങ്കിലും ജീവിക്കുവാൻ അറിയാം. എന്നാൽ മനുഷ്യൻ ? നമ്മുടെ അതിജീവനത്തിനു ഭൂമിയിലെ എല്ലാ ജീവനുകളും സ്വസ്ഥമായി ഇരിക്കണം.ഈ ഭൂമി ഒരു ചവറ്റു കോട്ട ആയി മാറ്റപ്പെടേണ്ട സ്ഥലം അല്ല !!

ഭാവിയിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ ഒരു യുദ്ധമല്ല ഉണ്ടാവേണ്ടത് .പ്രണയമാണ് വേണ്ടത്! ആ പ്രണയത്തിൽ നിന്നും നന്മ മാത്രമേ ഉണ്ടാവുകയുള്ളു! അലസത ആർത്തി ക്രോധം എന്നീ തൃഗുണങ്ങൾ ഇല്ലാതാവുമ്പോൾ അവിടെ പ്രണയം രൂപപ്പെടുന്നു.സ്നേഹിക്കാം പ്രണയിക്കാം ജീവിക്കാം ജീവിക്കാൻ അനുവദിക്കാം!പ്രകൃതിക്കു വേണ്ടിയല്ല മനുഷ്യനെന്നും. മനുഷ്യന് വേണ്ടിയാണ് പ്രകൃതി എന്നും ചിന്തിക്കുക !

KV.Vishnu
13/04/2019

Thursday 11 April 2019

സ്പിതി താഴ്വര - 5 (My Trip to Spiti Valley)

ഓഗസ്റ്റ് പതിനഞ്ചു സ്വാതന്ത്ര്യ പുലരിയിൽ കാണു തുറന്നതു സ്പിതിയുടെ തണുത്ത പ്രഭാതത്തിലേക്കായിരുന്നു , ഇന്ന് സ്പിതിയോടു വിട പറയുകയാണ് അതിനു മുൻപ് രണ്ടു ബുദ്ധിസ്റ് മൊണാസ്ട്രികളിൽ കൂടെ ഒരു യാത്രയുണ്ട് അത് കഴിഞ്ഞു അടുത്തു ദിവസം പുലർച്ചെ കാസയിൽ നിന്നും മണാലിയിലേക്കും അവിടുന്ന് ഡൽഹി പിന്നെ നേരെ പാലക്കാട് !

തലേന്ന് മഞ്ഞു കൊണ്ട് തളർന്നത് കൊണ്ടാവണം നേരം വൈകിയിട്ടും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല കുറച്ചു നേരം തളർന്നു കിടന്നു , അവസാനം ചൂടോടെ ഒരു കട്ടൻ കിട്ടിയപ്പോൾ ആ തളർച്ച ക്ഷണ നേരം കൊണ്ട് മാറി. ആരോ മരിച്ചു പോയ കാരണത്താൽ സ്പിതിയിലെ കടകൾ എല്ലാം അടച്ചു ഗ്രാമീണർ എല്ലാരും സംസ്കാര ചടങ്ങുൾക്കായി പുഴയോരത്തായിരുന്നു .ഏതാണ്ട് പന്ത്രണ്ടു മണിയോടെ ഗ്രാമത്തിനു വീണ്ടും ജീവൻ വെച്ചു.ഒരു വണ്ടി തിരിച്ചേൽപ്പിച്ച ശേഷം ഞങ്ങൾ രണ്ടു വണ്ടികളിൽ ആയി ധങ്കർ മൊണാസ്റ്ററി സന്ദർശിക്കാൻ പുറപ്പെട്ടു .

Dhankar Monastery - ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ബുദ്ധമത മൊണാസ്ട്രികളിൽ ഒന്ന് കാസയിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്ററിന് മുകളിൽ ദൂരം ഉണ്ട് ഉദ്ദേശം ഒന്നര മണിക്കൂറോളം എടുത്തു അവിടെ എത്തിപ്പെടാൻ shichiling എത്തണം പിന്നെ അവിടുന്ന് ഒരു ഡസനോളം ഹെയർപിൻ വളവുകൾ താണ്ടി മല മുകളിൽ ഉള്ള മൊണാസ്റ്ററിയിൽ എത്തണം. ഇത്രെയും കഷ്ട്ടപെട്ടു അവിടെ എത്തിയെങ്കിലും പുറമെ നിന്നും മാത്രമേ കാണുവാൻ സാധിച്ചുള്ളൂ അടച്ചിരിക്കുന്നു സമയമായതിനാൽ അകത്തു കേറാൻ സാധിച്ചില്ല . അവിടുന്ന് സുധീറും ശരത്തും ട്രെക്കിങ്ങിനു പോകാം എന്നും പൂജ ടാബോ മൊണാസ്റ്ററി സന്ദർശിക്കണം എന്ന് അഭിപ്രായപ്പെട്ടു !

Dhankar Monastery 

Dhankar Village 

ആരോഗ്യം എന്നെ ട്രെക്കിങ്ങിനു സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞങ്ങൾ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു ഞാനും പൂജയും ടാബോ യിലേക്കും അവർ രണ്ടു പേരും ധങ്കർ ലേക്ക് ട്രെക്കിങ്ങും പോകാൻ തീരുമാനിച്ചു തിരിച്ചു കാസയിൽ കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . പോകുമ്പോൾ ശരത്തിന്റെ പിന്നിൽ ഇരുന്നത് കാരണം ഹെയർ പിന്നുകളുടെ പേടി ഇണ്ടായിരുന്നില്ല എന്നാൽ ടാബോ യിലേക്ക് ഞാൻ ഓടിക്കേണ്ട സ്ഥിതി സംജാതമായപ്പോൾ ശെരിക്കും കഷ്ട്ടപെട്ടു ഉദ്ദേശം ഒരു മണിക്കൂറിനു മുകളിൽ എടുത്തു ഈ ഹെയർ പിന് വളവുകളും എന്റെ (virtgo)യും തരണം ചെയ്തു shichling എത്താൻ.

അവിടെ എത്തിയപ്പോൾ ആണ് ഒരു കാര്യം ഓർത്തത് പെട്രോൾ ഗണ്യമായി കുറഞ്ഞിരിക്കുന്നു ഇനിയും മുപ്പതു കിലോമീറ്റർ ടബോയിലേക്കും തിരിച്ചു അറുപതു കിലോമീറ്റെർ കാസയിലേക്കും വണ്ടി ഓടി എത്തണം .ആകെ ഉള്ള പെട്രോൾ പമ്പു കാസയിലും?! ആരോ പറഞ്ഞ ഒരറിവിൽ ടാബോ യിലെ കടകളിൽ പെട്രോൾ ലഭ്യമാണ് എന്ന് വിവരത്തിന്റെ പുറത്തു മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു .

ഉദ്ദേശം ഒരുമണികൂറിനു മുകളിൽ ആയ ആ യാത്ര വളരെ മനോഹരവും അതോടൊപ്പം അപകടകരവും ആയിരുന്നു !! സ്പിറ്റി നദിയുടെ തീരത്തു കൂടിയുള്ള യാത്ര മനോഹരമായിരുന്നെങ്കിൽ ഏതു സമയവും കാല് വീഴ്ചക്കു തയ്യാറായി നിൽക്കുന്ന പർവതങ്ങൾ അപടകരവും ആയിരുന്നു .കുറച്ചു കഷ്ട്ടപെട്ടുവെങ്കിലും വലിയ ബുദ്ധിമുട്ടിലാതെ ഞങ്ങൾ ടാബോ എത്തിച്ചേർന്നു !

Tabo Monastery - ധങ്കറിനെക്കാൾ പഴക്കം ഉള്ള മൊണാസ്റ്ററി ആണ് ടാബോ അക്കാര്യത്തിൽ ഇവർക്ക് രണ്ടു കൂട്ടർക്കും ഇടയിൽ ഒരു മൂപ്പിളമ തർക്കം നില നിൽക്കുന്നുണ്ടു. ഗവേഷകരുടെ ഉത്തരം ടാബോ ആണ് ഏറ്റവും പഴയതു എന്നും അവരുടെ പ്രാചീന ഗ്രന്തങ്ങൾ പ്രകാരം ധങ്കർ ആണത്രേ ഏറ്റവും പഴയതു . അതെന്തായാലും നമ്മളെ ബാധിക്കുന്ന വിഷയം ഒട്ടുമേ അല്ലാത്തത് കൊണ്ട് കൂടുതൽ ആലോചിക്കുന്നില്ല . പർവത മുകളിൽ കാണുന്ന ചെറിയ ചെറിയ ഗുഹകൾ ആണ് അവിടെ ആദ്യം എന്റെ ശ്രദ്ധയെ എതിരേറ്റത് , തുടർന്നുള്ള അന്വേഷണത്തിൽ ആചാര്യന്മാരും മഹർഷിമാരും അതി ശൈത്യ കാലങ്ങളിൽ പോലും അവിടേക്കു തപസ്സിനായി വരുമത്രെ . ഏതാനും ദിവസങ്ങൾക്കു ശേഷം അവിടെ നിന്ന് പോവുകയും ചെയ്യും .

Tabo Monastery 

Himalayan Caves 



അവിടുന്ന് നേരെ ടാബോ മൊണാസ്ട്രിക്ക്‌ ഉള്ളിലേക്ക് കടന്നു രണ്ടു മൊണാസ്ട്രികൾ ആണ് ഉള്ളത് AD 960 ൽ സൃഷ്ടിക്കപ്പെട്ട മൊണാസ്റ്ററി 70 ശതമാനവും തകർന്നു ഇപ്പോൾ അതിന്റെ അതെ രൂപത്തിൽ അവിടെ തന്നെ പുതിയ മൊണാസ്ട്രി അവര് കെട്ടിയിട്ടുണ്ട്. ഞങ്ങൾ പഴയ മൊണാസ്ട്രിയിലേക്കു കടന്നു അകത്തു അതി പുരാതനമായ മ്യൂറൽ ചിത്രങ്ങളും വിഗ്രഹങ്ങളും ഉള്ളത് കൊണ്ട് കാമറ കടത്തി വിട്ടില്ല , പുസ്തകങ്ങളിൽ വായിച്ച ആ മിസ്റ്റിക് താന്ത്രിക ബുദ്ധിസത്തിന്റെ കലവറ ആയിരുന്നു അതിന്റെ അകം മുഴുവൻ .

കേവലം ചിത്രങ്ങൾ ആയിരുന്നില്ല അവ താന്ത്രിക ബുദ്ധിസത്തിന്റെ ആരാധ്യ മൂർത്തികളായ ഡാകിനി ദേവതമാരുടെ ചിത്രങ്ങളും വിഗ്രഹങ്ങളും ആയിരുന്നു അകം മുഴുവൻ . ഒന്നിലും തൊട്ടു നോക്കാൻ അനുവാദമില്ല . പകച്ചു പോയ നിമിഷങ്ങൾ ആയിരുന്നു ആ കൊച്ചു മുറി കണ്ടു നടന്നപ്പോൾ എന്റെ അവസ്ഥ. വജ്രവാരാഹി ദേവതമാരുടെ ചിത്രങ്ങൾ ആ മൂകാന്തരീക്ഷത്തിൽ എന്നെ ഭയപ്പെടുത്തി. ഓരോന്നിലും അതി നിഗൂഢത ഒളിഞ്ഞിരിക്കുന്നു. മറ്റൊരു പ്രത്യേകത അവിടെ ശ്രദ്ധിച്ചത് എന്നും ശാന്ത രൂപത്തിൽ കണ്ടിരുന്ന ശ്രീ ബുദ്ധന്റെ രൗദ്ര രൂപമാണ് ഇവിടെ !!  ഒരു യുവ സന്യാസി അതിന്റെ പ്രത്യേകതയും പറഞ്ഞു തന്നു നമ്മുടെ ഉള്ളിലെ നെഗറ്റീവ് ചിന്തകളെയും ശക്തിയെയുംഇല്ലായ്മ ചെയുന്നു ശ്രീ ബുദ്ധൻ ആ ക്രോധം വെളിപ്പെടുത്തുന്നത് ആ തിന്മയോടു ആണത്രേ അതിനാൽ ആണ് ആ രൗദ്ര രൂപം !

ഏതാണ്ട് മണിക്കൂറിനു മുകളിൽ അവിടെ മുഴുവൻ സന്ദർശിച്ചും കഥകൾ കെട്ടും ഞങ്ങൾ തിരിച്ചു കാസയിലേക്കു പുറപ്പെട്ടു . അടുത്ത ദുഃഖ വർത്തമാനം അപ്പോഴാണ് അറിയുന്നത് ടാബോവിൽ എവിടെയും പെട്രോൾ കിട്ടാൻ ഇല്ല . കുറച്ചു നേരം വണ്ടികൾക്ക് കൈ കാണിച്ചു പെട്രോൾ കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും ഫലം ഇല്ല !! ടാങ്ക് തുറന്നു നോക്കിയപ്പോൾ ഒരു കഷ്ടി കുറച്ചു പെട്രോൾ മാത്രമേ അവശേഷിക്കുന്നുള്ളു എന്തായാലും എത്തുന്ന വരെ എത്തട്ടെ എന്ന് കരുതി മറ്റൊന്നും നോക്കിയില്ല ഫുൾ സ്പീഡിൽ അങ്ങോട്ട് വിട്ടു !! മനസ്സ് മുഴുവൻ പെട്രോൾ ആയതു കൊണ്ട് മുന്നിൽ ഉള്ള റോഡ് അല്ലാതെ മറ്റൊന്നും കണ്ടില്ല . ഉയരവും താഴ്ചയും കാണുമ്പോൾ ഉള്ള പേടിയും തോന്നിയില്ല !

ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചു കാസ എത്തി നേരെ പോയത് പെട്രോൾ പമ്പിലേക്കായിരുന്നു അവിടെ ചെന്ന് അത് ഫുൾ ടാങ്ക് ആക്കിയപ്പോൾ ആണ് സമാധാനമായത് !! എന്തായാലും എന്റെ ആദ്യ ഹിമാലയൻ യാത്രാനുഭവങ്ങൾക്കു അതോടെ വിരാമം തുടങ്ങുകയായിരുന്നു . പിറ്റേന്ന് കാലത്തു അഞ്ചു മണിക്കുള്ള ബസിൽ ചന്ദ്ര നദിയുടെ ഓരം ചേർന്ന് ഹിമാലയത്തിന്റെ പച്ചപ്പിന്റെ സൗന്ദര്യം കണ്ടു വെള്ളച്ചാട്ടങ്ങൾക്കു അടുത്ത് കൂടെ റോഹ്‌തങ് പാസ് എന്ന മനോഹരിയായ ചുരവും ചുറ്റി മണാലിയിലേക്കു കടന്നു അവിടുന്ന് അന്ന് വൈകീട്ട് തന്നെ ഉള്ള ബസിൽ ഡൽഹിയിലേക്കും വിട്ടു .

Chathru 

Chandra River 

Bara Shingri Glaciers 

kunzum Pass (Base to Chandra Tal Lake)

മണാലി എത്തിയതും നഷ്ട്ടപെട്ട മൊബൈൽ സിഗ്നലുകൾ തിരിച്ചു കിട്ടി അപ്പോഴാണ് കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ വിശദാംശങ്ങൾ അറിയുന്നത് . പുറം ലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞ അഞ്ചു ദിവസങ്ങൾ , വിശ്വസിക്കാൻ ആയില്ല . മൂന്നു ദിവസത്തെ കേരള എക്സ്പ്രസ്സ് യാത്രക്ക് ശേഷം മൂന്നാം നാൾ വെളുപ്പിനെ എന്റെ പാലക്കാടിന്റെ മണ്ണിൽ തിരിച്ചെത്തി ചേർന്നു !! ഇനി എങ്ങോട്ടു അടുത്ത യാത്ര എന്നറിയില്ല അത് വരേയ്ക്കും ഈ യാത്രയുടെ ഓര്മകളിൽ കഴിയണം !!!

KV.Vishnu
11/04/2019

ഹൈക്കു കവിതകൾ - PART 1

ആത്മാവ്  

എന്നിൽ നിന്നകന്നുനീ നിന്നപ്പോൾ 
യെൻ ദ്വന്ത്വമായി കണ്ടു നിന്നെ 
എന്നിൽ നീയലിഞ്ഞപ്പോൾ
ശൂന്യത മാത്രം ബാക്കിയായി!!

മരണം

അറിയാതെ പറയാതെ വന്നെൻ 
മായയിൽ രമിച്ചോരു സ്വത്വത്തെ 
മോചിപ്പിക്കും പ്രകൃതി തൻ ഏക സത്യം !

"Death is the catalyst between
 soul & nature, to become one"

യാത്ര

അറിയാ വഴികൾ തേടി
കാറ്റു പാടും പാട്ടിൻ താളം തേടി
കാടിൻ തുടിക്കും ഹൃദയം തേടി
പ്രകൃതി തൻ ആത്മാവിൽ അലിയാൻ !!

പ്രണയം

ബുദ്ധന്റെ ചിത്തത്തിൽ ഉദയമായി
വിരിഞ്ഞൊരീ സങ്കല്പം!
റൂമിയും ഓഷോയും പാടിയൊരീ സങ്കല്പം
വിദ്വേഷം വേരറുക്കപെട്ട ഹൃത്തിൽ
വിരിയുന്നൊരീ ദൈവ സങ്കല്പം !!

കവിത 

പദങ്ങൾ കൊണ്ടു നെയ്തോരെൻ സ്വപ്ന-
മൊരു നദിയായിയൊഴുകി സാഗര ഹൃദയം
തേടി ! അഴൽ  മൂടിയോരെൻ മന-
മാ സ്വപ്നത്തെ നീരാവിയാക്കി !!

KV.Vishnu
11/04/2019

-

Tuesday 2 April 2019

സ്വാർത്ഥം

സ്വാർത്ഥം സർവത്ര സ്വാർത്ഥം 
സ്വാർത്ഥത്തിൻ മൂർത്തരൂപമായി 
മരുവുന്നു  ചില  ജന്മങ്ങൾ !

നാളെയുടെ വ്യർത്ഥ ശങ്കയിൽ 
ഇന്നിന്റെ ജീവിതം തുലക്കുന്ന!

ഇന്നിന്റെ സ്വാർത്ഥം കൊണ്ട് 
നാളെയുടെ സ്വപ്‌നങ്ങൾ തകർക്കുന്ന!

അഹംബോധം മുറ്റി സർവ്വവുമെൻ
കീഴെയെന്നു ചിന്തിച്ചു സ്വജീവിതം
നരകമാക്കുന്ന ! 

തരുവിൻറെ രക്തമൂറ്റി വളരുന്നൊരീ 
ഇത്തിൾ പോലെ യീ  പ്രകൃതി തൻ 
ജീവനൂറ്റി വളരുന്ന  !

"ചില ജന്മങ്ങൾ"! 

ഒടുവിലൊരുനാൾ തണലേകിയൊരാ 
തരുവിനോടുത്തു നശിക്കുന്ന 
ഇത്തിൾ തൻ ജന്മം കണക്കെ 

നിൻ ജീവിതമൊടുങ്ങുമ്പോൾ കൂടെ-
യൊടുങ്ങും നിൻ സ്വാർത്ഥവും ! 

KV.Vishnu
01/04/2019

Saturday 30 March 2019

LUCIFER

ഇതു വരെ തുനിയാൻ മടിച്ച   സാധനം ആയിരുന്നു സിനിമ നിരൂപണം, കണ്ട ചിത്രങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപെടുന്ന ഒരാളായതു കൊണ്ട് ഈ പണിക്കു ഇറങ്ങാതിരുന്നത്. എന്നാൽ ഈ ചിത്രം ഇതിനെ കുറിച്ച് എഴുതിയെ മതിയാവു എന്ന ചിന്തയാണ് ഈ കടും കൈക്കു പിറകിൽ. സാധാരണ ഒരു മുഖ്യധാരാ ചിത്രം എന്നതിലുപരി ഈ ചിത്രത്തിൽ എന്താണ് ഉള്ളത് ? ഇതിനേക്കാൾ മികച്ച മാസ് മസാല ചിത്രങ്ങൾ ഉണ്ടായിട്ടില്ലേ ? അങ്ങനെ എന്ത് പ്രത്യേകതയാണ് ഈ ചിത്രത്തിൽ ഉള്ളത് ? എന്നൊക്കെ ചോദിച്ചാൽ എല്ലാത്തിനും കൂടെ ഒരുത്തരമേ എനിക്ക് തരാനുള്ളൂ "പൃഥ്വിരാജ് സുകുമാരൻ " 

ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഡയറക്റ്റർ സ്ഥാനത്തുള്ള പ്രിത്വിരാജ് ആണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല . കാരണം മുരളി ഗോപിയുടെ ഇതിനു മുൻപ് ചെയ്തിട്ടുള്ളതിൽ അപേക്ഷിച്ചു ഏറ്റവും നിസാരമായ ഒരു സ്ക്രിപ്റ്റ് ആണ് "ലൂസിഫർ" ഒരു നേരേ വാ നേരെ പോ ചിത്രം. ടിയാൻ പോലെയുള്ള ഗംഭീരമായ ഒരു സ്ക്രിപ്റ്റ് പരാജയപെട്ടിടത്തു നിസാരമായ ലൂസിഫർ വിജയം നേടിയെങ്കിൽ  അതിനു ഏക കാരണം പ്രിഥ്വിയുടെ ഡയറക്ഷൻ ആണ്. സമീപ കാലത്തു മോഹൻലാൽ എന്ന നടന്റെ മാർക്കറ്റ് വാല്യൂ ശെരിക്കും വിനിയോഗിച്ച ഡയറക്ക്റ്റർ .

കച്ചവട സിനിമകൾ എന്നാൽ കുറെ ദ്വയാർത്ഥ പ്രയോഗങ്ങൾ കാറ്റും തീയും വരുന്ന നായകന്റെ എൻട്രി ആകാശം മുട്ടുന്ന സംഘടനാ രംഗങ്ങൾ എന്നീ സ്ഥിരം ചട്ടങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് പുതിയൊരു ഫോർമുല ലൂസിഫറിലൂടെ പ്രിഥ്വി സൃഷ്ടിച്ചെടുത്തു.  ദ്വയാർത്ഥ പ്രയോഗങ്ങളോ തമാശക്ക് വേണ്ടി സൃഷ്ടിച്ചെടുക്കപെട്ട തമാശകളോ ഒന്നും ഇല്ല. വെറും മൂന്നു സംഘട്ടനം അതും അത്യാവശ്യമായിടത്തു . നാല് പാട്ടു അത് ആവശ്യമുള്ളിടത്തു .നെടുങ്കൻ ഡയലോഗ് ഇല്ല കുറിക്കു കൊള്ളുന്ന ചെറിയ ഡയലോഗുകൾ അതും ആവശ്യമുള്ള സ്ഥലങ്ങളിൽ.സ്ഥിരം നായകനെ തള്ളി മറിക്കാൻ വേണ്ടിയുള്ള ഒരു സഹനടനും ഈ ചിത്രത്തിൽ ഇല്ല എന്നത് സമീപ കാല മുഖ്യധാരാ ചിത്രങ്ങളിൽ ഇതിനെ വേറിട്ടതാക്കുന്നു.

ഇരുപത്തിയേഴു കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ ഈ ചിത്രത്തിൽ അവരെല്ലാം പ്രാധാന്യം അർഹിക്കുന്ന കഥയിൽ സ്ഥാനം ഉള്ള കഥാപാത്രങ്ങൾ ആണ് .വെറുതെ ഒരു കഥാപാത്രം എന്നൊരു സഹനടനോ നടിയോ ഈ ചിത്രത്തിൽ ഇല്ല . ഇന്ദ്രജിത് ബൈജു ഷാജോൺ നന്ദു ടോവിനോ വില്ലനായ ടോവിനോ മഞ്ജുവാര്യർ സച്ചിൻ കഥേകർ തുടങ്ങി എല്ലാവരും കഥാഗതിയിൽ നിർണായക സ്ഥാനങ്ങളിൽ നിൽക്കുന്നു എന്നത് മറ്റൊരു പ്രത്യേകത . ജോഷി സംവിധാനം ചെയ്ത 20 -20  പോലും കഴിയാതെ പോയ സംഗതി പ്രിഥ്വി എന്ന കന്നി സംവിധായകൻ ചെയ്തിരിക്കുന്നു!!

ചിത്രത്തിന്റെ കാമറ ചെയ്ത സുജിത് വാസുദേവ് സംഗീതം ചെയ്ത ദീപക് ദേവ് എല്ലാരും സംവിധായകൻ മനസ്സിൽ കണ്ടതു ഭംഗിയായി നിർവഹിച്ചു ചിത്രത്തിന് മുതൽക്കൂട്ടായി. ഓരോ ഷോട്ടും ഫീൽസ് ഗൂസ് ബംപ്സ് എന്നെ ചുരുക്കി പറയാനുള്ളു . പ്രിഥ്വിക്ക് ശേഷം ഈ സിനിമയെ മികവുറ്റതാക്കിയതിനുള്ള കയ്യടികൾ ഇവർക്കു രണ്ടു പേർക്കും നൽകാം എഡിറ്റിംഗും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ഒരു സംവിധാന സഹായിയായി പ്രവർത്തിച്ചു പരിചയമില്ല , സംവിധാനം പഠിച്ചിട്ടില്ല ഇതിനു മുൻപ് ഒരു പരസ്യ ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ല. ആദ്യമായി ലൂസിഫർ എന്നൊരു "ചെറിയ" ചിത്രം ചെയുന്നു . അതിനു ഇത്രയും പെർഫെക്ഷൻ ക്വാളിറ്റി ലഭിക്കുക. ചെയ്യുന്ന പണിയിൽ ആത്മാർത്ഥത ഉള്ള ഒരാളെ കൊണ്ട് മാത്രമേ സാധിക്കു !!

താങ്കളുടെ ആത്മാർത്ഥതക്കു ലഭിച്ച പ്രതിഫലം ആണ് ഈ വിജയം !! ഇനിയും വ്യത്യസ്തതയാർന്ന ചിത്രങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു .ഇത്രയൊക്കെ പറഞ്ഞിട്ടും ലാലേട്ടനെ കുറിച്ച് രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ ശരിയാവില്ല "എറിയാൻ അറിയാവുന്നവന്റെ കയ്യിൽ നല്ല കല്ല് കിട്ടിയാൽ അത് ലക്‌ഷ്യം തകർത്തിരിക്കും " ജോഷിയും ഷാജികൈലാസും അമൽ നീരദ് എല്ലാരും കൂടെ ഒരുമിച്ച എടുത്ത ഫീൽ ആയി പോയി ചുരുക്കത്തിൽ "ലൂസിഫർ",സ്വർഗത്തിൽ നിന്നും പുറത്താക്കപെട്ടവനെ രണ്ടു കയ്യും നീട്ടി ഭൂമിയിലെ മനുഷ്യർ സ്വീകരിച്ചിരിക്കുന്നു .
റേറ്റിംഗ് - 4 /5


KV.Vishnu
30/03/2019

Sunday 24 February 2019

ഞാൻ

രൂപങ്ങളനേകം പൂണ്ടു ഞാൻ യുഗങ്ങളിൽ..
നായായി നരിയായി നരനായി..
പൂവായ് പുഴുവായി പറവയായി..
യുഗങ്ങൾ താണ്ടിയലഞ്ഞീയൂഴിയിൽ..
അനേകം രൂപാരൂപങ്ങളിലൂടെ!
ഒരുനാളും ജനിച്ചതുമില്ല ഞാൻ !!
അതിനാൽ മരണവുമില്ലെനിക്കെപ്പോഴും!!

രൂപങ്ങൾ പേറിയലഞ്ഞൊരുപാടു നാളുകൾ
അരൂപിയായും അലഞ്ഞു നടന്നെനെങ്ങുമേ
അലയും കാറ്റിൽ പറന്നുനടന്നൊരുന്നാൾ
ചെന്ന് വീണെപ്പൊഴോ ഒഴുകും നദിയിൽ!
പിന്നെ നീന്തി ചെന്നങ്ങാഴി തൻ നീലിമയിൽ -
അലിഞ്ഞെപ്പോഴോ !! ആഴിതന്നാഴം അളന്നുന-
ടന്നൊരുന്നാൾ ഊഴി തന്നിൽ വീണ്ടും
വന്നു ചേർന്നെനിതെങ്ങനെയോ!!

കാലത്തിന്റെ നിയതിയോ 
പൂർവ്വ കർമ്മത്തിന്റെ ഫലമോ
മറ്റൊരു മർത്യ രൂപം പൂണ്ടിങ്ങു വീണ്ടും
മൽ കർമ്മഭാണ്ഡം ഒഴിപ്പതിന്നലയുന്നു !
എന്നാൽ മറന്നേനൊരു മഹാസത്യമിന്നു  !
കാലചക്രം പോലത്രേ യീ കർമ്മവും
അതിനന്ത്യമില്ലൊരുന്നാളുമെന്നതു !

KV.Vishnu
01/08/2019

സ്പിതി താഴ്വര - 4 (My Trip to Spiti Valley)

ആത്മവിശ്വാസത്തിന്റെ ഹൈപിൽ ആണ് അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചത് . ഈ ഒരു ബൈക്ക് യാത്ര വല്ലാത്തൊരു ആത്മവിശ്വാസമാണ് എന്നിലുണ്ടാക്കിയത് .രാത്രി തിരിച്ചെത്തിയതും അടപ്പിളകിയ ആ സ്കൂട്ടർ മാറ്റി പുതിയത് വാങ്ങി. അടുത്ത ദിവസം മഴ ഒഴിഞ്ഞു നിന്നതു കാരണം തന്നെ റോഡ് എല്ലാം ഏറെ കുറെ പൂർവ സ്ഥിതിയിൽ ആയി കഴിഞ്ഞിരുന്നു. തലേന്ന് തന്നെ സുധീർ കീ യാത്ര പൂർത്തീകരിച്ചത് കൊണ്ട് ഞങ്ങൾ മൂന്ന് പേരും മാത്രമാണ് കീ ഗോമ്പ (KEY MONASTERY) കാണാൻ പുറപ്പെട്ടത്.

KEY MONASTERY:  സമുദ്ര നിരപ്പിൽ നിന്നും പതിമൂവായിരം അടിക്കു മുകളിൽ (13668 Ft) സ്ഥിതി ചെയുന്ന ഒരു ഗ്രാമവും അതിന്റെ ഏറ്റവും മുകളിൽ ആയി മൊണാസ്റ്ററിയും ചേർന്നതാണ് കീ ഗ്രാമം കാസയിൽ നിന്നും ഏകദേശം പതിനാലു കിലോമീറ്റർ ദൂരം ഉണ്ട് ഇങ്ങോട്ടു. പതിനൊന്നാം നൂറ്റാണ്ടിൽ ആണ് ഇതിന്റെ നിർമാണം നടന്നത് എന്ന് കരുതപ്പെടുന്നു. ആയിരത്തിലേറെ വർഷത്തെ പാരമ്പര്യം ഉള്ള ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ ഇവിടെ ഞങ്ങളെ കാത്തിരുന്നത് കാഴ്ചയുടെ മേള പൂരങ്ങൾ ആയിരുന്നു .

പ്രാർത്ഥന നടക്കുന്ന സമയം ആണ് ഞങ്ങൾ അവിടെ എത്തി ചേരുന്നത് ബുദ്ധ സന്യാസിമാർ വരി വരിയായി ഇരുന്നു കയ്യിൽ ഉള്ള പുരാതന ഗ്രന്ഥങ്ങളിൽ നോക്കി ടിബറ്റൻ ഭാഷയിൽ  പ്രാർത്ഥനകൾ ചൊല്ലുന്നു. സൂചി വീണാൽ കേൾക്കുന്ന ആ നിശ്ശബദ്ധമായ പ്രാർത്ഥന മുറിക്കുള്ളിൽ മുഴുങ്ങുന്നതു ഈ മന്ത്രങ്ങൾ മാത്രം. എന്നാൽ കുറച്ചു നേരം മാത്രമേ അവരുടെ കൂടെ ഇരിക്കാൻ കഴിഞ്ഞുള്ളു ഞാൻ പ്രാർത്ഥന തീരും മുൻപേ പുറത്തേക്കിറങ്ങി അവിടെ സൃഷ്ടിക്കപ്പെട്ട ആ ഊർജ പ്രവാഹത്തെ സ്വീകരിക്കാൻ ശരീരത്തിനു കഴിയുന്നില്ല എന്ന് തോന്നി.സമാനമായ അനുഭവം തന്നെ കൂടെ വന്ന പൂജക്കും തോന്നി എന്നത് ആശ്ചര്യത്തോടെ മാത്രമേ ഇന്നും ഓർക്കാൻ കഴിയുന്നുള്ളു . മെഡിറ്റേഷൻ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നതിനും ഊർജം സംഭരിക്കുന്നതിനും എല്ലാം സാധ്യമായ ഒരു രീതി ആണ് മെഡിറ്റേഷൻ അഥവാ ധ്യാനം . ബുദ്ധ സന്യാസിമാരുടെ ദിനചര്യകളിൽ ഒന്ന് മാത്രമാണ് നമ്മൾക്ക് ഏറെ വിഷമകരമായ ഈ മെഡിറ്റേഷൻ.  ഒരു പക്ഷെ ഇത്രയധികം സന്യാസിമാരിൽ നിന്നും വന്ന ആ ഊർജ്ജമാവാം എന്റെ ശരീരത്തെ ബലഹീനമായ പോലെ തോന്നിപ്പിച്ചത്. അതിന്റെ യാഥാർഥ്യം  എനിക്കറിയില്ല എന്നത് മാത്രമാണ് സത്യം. പ്രാർത്ഥന തീർന്നു പുറത്തേക്കു എല്ലാരും വന്നപ്പോൾ സ്പിതി നിവാസിയായ ഒരു ചെറുപ്പക്കാരനെ പരിചയപെട്ടു ഏതോ ഒരു സംഘത്തിന്റെ കൂടെ ഗെയ്ഡ് ആയി വന്നതാണ് ആ ചെറുപ്പക്കാരൻ.

ഈ  മൊണാസ്റ്ററിയെ കുറിച്ച് എന്റെ സംശയങ്ങൾക്ക് സന്തോഷത്തോടെ മറുപടി പറഞ്ഞു തന്ന അദ്ദേഹം  ഞങ്ങളെ ഒരു ലാമയുടെ പക്കലേക്കു കൂട്ടി കൊണ്ട് പോകാം എന്നും  ലാമ ഞങ്ങളെ അവിടം മുഴുവൻ ചുറ്റി കാണിക്കും എന്നും പറഞ്ഞു. പക്ഷെ എന്തോ എനിക്ക് പെട്ടെന്ന് തോന്നി സമയം കഴിഞ്ഞത് കൊണ്ട് ഞങ്ങൾ മൂന്നു പേർക്കും മാത്രമായി ആരെങ്കിലും സമയം കളഞ്ഞു കൂടെ വരുമോ? എന്തായാലും പോയി നോക്കുക എന്ന നിശ്ചയത്തോടെ പോയി അദ്ദേഹത്തോട് മോണസ്റ്ററി കാണാൻ വന്നതാണെന്നും എന്നാൽ മുറികൾ എല്ലാം അടഞ്ഞു കിടക്കുന്നു അതെല്ലാം കണ്ടാൽ കൊള്ളാമെന്നുണ്ട് എന്ന് ആഗ്രഹം പറഞ്ഞതും "ഇല്ല" എന്ന ഉത്തരം പ്രതീക്ഷിച്ച എന്നെ തോൽപ്പിച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ ആ യുവസന്യാസി  താക്കോൽ കൂട്ടവും എടുത്തു കൂടെ വരികയും .പ്രധാന മുറികൾ ആയ Tangyur എന്ന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യൂറൽ പെയിന്റിങ്ങുകൾ ബുദ്ധമത ഗ്രന്ഥങ്ങൾ. kardhung എന്ന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ മൊണാസ്ട്രിയിലെ ആദ്യ ഗുരുക്കന്മാരിൽ മുഖ്യ ലാമയുടെ ബൗദ്ധികശേഷിപ്പുകൾ,ഇന്നത്തെ ദലൈലാമ വന്നാൽ വിശ്രമിക്കാറുള്ള xecheim എന്ന പേരുള്ള മുറി എല്ലാം തന്നെ യഥേഷ്ടം സമയം എടുത്തു കണ്ടു മനസിലാക്കുവാൻ ഞങ്ങളെ സഹായിച്ചു പിന്നെ ഏറ്റവും പുരാതനവും വലുതും ആയ  ബുദ്ധിസ്റ്റുകളുടെ പ്രാർത്ഥന മണിയും അതിൽ പ്രാര്ഥിക്കേണ്ട രീതിയും എല്ലാം അദ്ദേഹം ക്ഷമയോടെ പറഞ്ഞു തന്നു.

ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങുന്നതിനു മുൻപ് ഞങ്ങളെ കൂട്ടി കൊണ്ട് പോയി മൂന്ന് പേർക്കും അതി മനോഹരവും സ്വാദിഷ്ഠവുമായ ഗ്രീൻ ടീ സമ്മാനിക്കുകയും ചെയ്തു.അവരുടെ ഈ പെരുമാറ്റം, വിനയം, സഹജീവി സ്നേഹം എല്ലാം എന്നിൽ വീണ്ടും വീണ്ടും ബുദ്ധനോടുള്ള പ്രണയം വർധിപ്പിച്ചു.ആത്മീയത കച്ചവടമാക്കിയ ഈ കാലഘട്ടത്തിൽ ഒരു രൂപ പോലും പ്രതീക്ഷിക്കാതെ തീർത്തും അന്യരായ ഞങ്ങളോട് അദ്ദേഹം കാണിച്ച ഈ ആതിഥ്യ മര്യാദ ചിന്തിപ്പിക്കുകയും ഒപ്പം മനസിനെ വളരെ സന്തോഷിപ്പിക്കുകയും ചെയ്തു.അവർ (ലാമമാർ) ബുദ്ധൻ എന്ന ഗുരുവിനെ  മാത്രമല്ല അദ്ദേഹം പഠിപ്പിച്ച സന്ദേശങ്ങളെയും മൂല്യങ്ങളെയും കൂടെ ആണ് ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നത് .അവിടെ ഏറ്റവും സുന്ദരമായൊരു കാഴ്ച അവിടുത്തെ ഗുരുകുല പഠനം ആയിരുന്നു കുഞ്ഞു ലാമമാർ അവരുടെ പ്രാർത്ഥന ഗ്രന്ഥങ്ങൾ പഠിക്കുന്നു ഗുരുവായി മുതിർന്ന ഒരു ലാമയും കൂടെ ഉണ്ട് അദ്ദേഹം അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു കയ്യിൽ ഒരു വടി ഉണ്ടെങ്കിലും ആരെയും അടിക്കുന്നതൊന്നും കണ്ടില്ല. ഇത് ടിബറ്റൻ പ്രാർത്ഥനകളും ബുദ്ധ മത പഠന ഗുരുകുലവും മാത്രമാണെന്നും തൊട്ടപ്പുറത്തെ സ്കൂളിൽ ആണ് എട്ടാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം ഗ്രാമവാസികൾക്കായി ഒരുക്കിയിരിക്കുന്നത് എന്നും ആ ബുദ്ധ സന്യാസി പറഞ്ഞു തന്നു . അതും മൊണാസ്റ്ററിയുടെ കീഴിൽ ആണെന്നത് അവർ മതത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക ഉന്നമനം കൂടെ ലക്‌ഷ്യം വെക്കുന്നു എന്നതിന് തെളിവാണ് ഉദാഹരണമാക്കെണ്ട ഒന്നും ആണ്.


അതിജീവനത്തിന്റെ ഒരു കഥ കൂടെ പറയുവാൻ ഉണ്ട് ഈ മൊണാസ്ട്രിക്കും ഗ്രാമത്തിനും. പതിനേഴാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണം  ദോഗ്ര പട്ടാളത്തിന്റെ ആക്രമണം സിഖ് പട്ടാളത്തിന്റെ ആക്രമണം തുടങ്ങി അനേകം യുദ്ധങ്ങളും കൂടെ കണ്ടതാണ് ഈ മൊണാസ്ട്രിയും ഗ്രാമവും.അതിനെ എല്ലാം അതി ജീവിച്ചു ഇന്നും നിലകൊള്ളുന്നു കീ ഗോമ്പയും ഗ്രാമവും കൂടുതൽ മനോഹാരിയായി "സ്പിതിക്കു ചാർത്തിയ കിരീടം പോലെ". ഈ യുദ്ധങ്ങളുടെ എല്ലാം സ്മാരകം എന്നോണം തിരികെടാത്ത ഒരു വിളക്കു കത്തിച്ചു വെച്ചിട്ടുണ്ട് മുകളിൽ ഗോമ്പയിൽ  രക്തസാക്ഷികൾ ആയവർക്കുള്ള ആദരവായി. ഒരു യുഗത്തിലേക്കുള്ള ആ പ്രയാണം അവസാനിപ്പിച്ച് ഞങ്ങൾ  കുസൃതികളായ മെറൂൺ മേലങ്കി അണിഞ്ഞ കുഞ്ഞു ലാമമാർക്കു കയ്യിൽ കരുതിയ മിട്ടായിയും ഡ്രൈ ഫ്രൂട്സും സമ്മാനിച്ച് ഏകദേശം രണ്ടു മണിക്കൂറിനു ശേഷം കീ ഗോമ്പയോട് വിട പറഞ്ഞു. “എന്നെ സ്പിതിയിലേക്ക് ആകർഷിച്ച ആദ്യ വിസ്മയം”.വീണ്ടും എന്നെങ്കിലും വരാം എന്ന വാക്കു മാത്രം ബാക്കിയാക്കുന്നു!!                  

Kibber Village: കീ യിൽ നിന്നും നേരെ അടുത്ത യാത്ര കിബ്ബർ എന്ന ഗ്രാമത്തിലേക്കായിരുന്നു സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ഗ്രാമം കൂടാതെ  മനോഹരമായ  ഹിമാലയൻ വന്യ ജീവി സമ്പത്തും അടങ്ങിയതാണ് കിബ്ബർ ഗ്രാമം .ഹിമാലയൻ താർ (IBEX), മഞ്ഞു പുലി(Snow Leopard)  , ഹിമാലയൻ കുറുക്കൻ (Red Fox) , കഴുകൻ തുടങ്ങി അപൂർവങ്ങളിൽ അപൂർവമായ വന്യ ജീവികൾ ഉള്ള സ്ഥലമാണ് കിബർ ഗ്രാമം . എന്നാൽ ഞങ്ങൾക്ക് ഭയങ്കര ഭാഗ്യം ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനെയും കാണാൻ  പറ്റിയില്ല . വലിയ ഗ്രാമം എന്ന് പറയാമെങ്കിലും അടുത്തുള്ള ഒരാശുപത്രിയിലേക്കു പോകാൻ പത്തിരുപതു കിലോമീറ്റർ മലമടക്കിലൂടെ വണ്ടിയോടിച്ചു കാസയിൽ എത്തണം. അര മണിക്കൂർ വിശ്രമത്തിനും കുറച്ചു ഫോട്ടോസുമെടുത്ത ശേഷം  അടുത്ത ലക്ഷ്യം ആയ ചിചെമ് പാലം കാണുവാൻ വണ്ടിയും എടുത്തു പുറപ്പെട്ടു.

ചിചെമ് ബ്രിഡ്‌ജ്‌ (Chichem Bridge) - ഏഷ്യയിൽ ഏറ്റവും ഉയർന്ന അൾട്ടിട്യൂഡ് സ്ഥലത്തു നിർമ്മിക്കെട്ടിട്ടുള്ള പാലം എന്ന റെക്കോർഡിന് ഉടമ. എന്നാൽ അതൊരു റെക്കോർഡിൽ ഉപരിയായി ചിചെമ് ഗ്രാമ നിവാസികൾക്ക്‌ ലഭിച്ച വലിയൊരു അനുഗ്രഹമാണ്  എന്നതാണ് അതിന്റെ പ്രത്യേകത വർധിപ്പിക്കുന്നത്. വർഷങ്ങൾ ആയി റോപ് വെയ് ഉപയോഗിച്ച് പോന്നിരുന്ന ചിചെമ് ഗ്രാമ നിവാസികൾക്ക്‌ അതിൽ നിന്നുമുള്ള മോചനം ആണ് ബെയ്‌ലി മാതൃകയിൽ രണ്ടു മലകളെ ബന്ധിപ്പിച്ചു നിർമ്മിച്ചിട്ടുള്ള ഈ ബ്രിഡ്ജ് .ചിചെമിന്റെ പ്രാഥമിക സൗകര്യങ്ങൾക്ക് അവർക്കുണ്ടായിരുന്നു ഏക ആശ്രയം കാസ പട്ടണമാണ്   അവിടെക്കെത്താൻ  ആണെങ്കിലോ ആദ്യം കിബ്ബറിൽ എത്തണം അതിനു ആശ്രയിച്ചിരുന്നത് റോപ്പ് വേയും!! ഏതാനും വർഷങ്ങൾക്കു  മുൻപ് അത് തകർന്നു പോവുകയും  അതിനു ശേഷമാണു മലകളെ ബന്ധിപ്പിച്ചു ഈ പാലം പണിയുന്നത് . എന്തായാലും അതിലൂടെ അവരുടെ വലിയൊരു ദുരിതം ആണ് ഇല്ലാതായത് .പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ഇങ്ങനെയൊരു അഭിമാന സൃഷ്ട്ടി നടത്തിയ രാജ്യത്തിൻറെ യശസ്സിനെക്കാൾ അവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചിന്തിച്ചു പോകുന്നു. വൈകി ആണെങ്കിലും സൗകര്യമൊരുക്കി കൊടുത്ത സർക്കാരുകൾക്ക് നന്ദി.

Star Gazing @ Rangrik -
നാലാം ദിവസത്തെ യാത്ര നേരത്തെ തീർന്നു വൈകുന്നേരത്തിനു മുൻപ് ഞങ്ങൾ കാസയിൽ തിരിച്ചെത്തി അന്ന് ഭക്ഷണം കഴിഞ്ഞു കിടന്നു ഉറക്കം തഴുകി തുടങ്ങുന്ന നേരത്താണ് ശരത് ഓടി വന്നു ഇന്ന് മേഘങ്ങൾ ഒഴിഞ്ഞു നിൽക്കുന്നു എന്നും നമ്മൾക്ക് സ്റ്റാർ ഗെയ്‌സിംഗ് കാണാം എന്നും പറഞ്ഞു വിളിക്കുന്നത് വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന സുധീറും പൂജയും ഉടനടി മറ്റൊന്ന് ചിന്തിക്കാതെ "ഓക്കേ" എന്ന് പറഞ്ഞു എന്നാൽ ഉറക്കം അതിന്റെ മനോഹാരിതയിലേക്കു വിളിക്കുമ്പോൾ നമ്മക്കെന്തു സ്റ്റാർഗെയ്‌സിംഗ് !! ഞാനും മുൻ പിന് നോക്കാതെ പറഞ്ഞു "നോ".എന്നാൽ ആ "നോ" ക്കു ഞാൻ നൽകേണ്ടിയിരുന്ന വില മനസിലാക്കാൻ ശരത്തിന്റെ നിർബന്ധത്തിനു വഴങ്ങി പുറത്തെത്തി ആകാശത്തോട്ടു ഒന്ന് നോക്കേണ്ട നേരം മാത്രം മതിയായിരുന്നു.ആകാശ വിസ്മയം എന്ന ഒരു വക്കിൽ വിശേഷിപ്പിക്കാവുന്ന പ്രതിഭാസം അതിനു മുൻപിൽ എന്തുറക്കം അല്ലെങ്കിലും ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നു ഉറങ്ങിയാൽ പോരെ ഇത്ര ദൂരം ഇത്ര പ്രയാസപ്പെട്ടു ഇങ്ങോട്ടു വരണോ എന്നെ അരസികൻ ആക്കി മാറ്റിയ ആ മടിയെ ആലോചിച്ചു പുച്ഛം മാത്രം.

ഞങ്ങൾ ബൈക്കും എടുത്തു റാൻഗ്രിക്കിലേക്കു പുറപ്പെട്ടു വഴിയിൽ നീളെ ആ ആകാശ വിസ്മയം കൂട്ടിനും . സ്പിതി നദിയോട് ചേർന്ന് കിടക്കുന്ന വിശാലമായൊരു താഴ്വരയാണ് റാൻഗ്രിക്.തണുപ്പ് മൂന്നടുക്കു വസ്ത്രത്തെയും ഭേദിച്ച്  ശരീരത്തിലേക്ക് കടക്കുന്നുണ്ട് എന്നാൽ കൺ മുന്നിൽ ഈ ഒരു വിസ്മയം ഉള്ളപ്പോൾ ആരറിയുന്നു തണുപ്പ് .നിലത്തങ്ങനെ ആകാശവും മില്കിവെയും നോക്കി കിടന്നു കൂട്ടിനു ചുറ്റിനും നഗ രാജാക്കന്മാരായ പർവത  ശ്രെഷ്ഠന്മാരും ദൂരെ നദിക്കു അക്കരെ കീ ഗ്രാമവും മാത്രം .അമൂല്യ രത്ന വൈഡൂര്യങ്ങൾ  അടങ്ങിയ നിധി വാരി വിതറിയ  പോലെ പല നിറങ്ങളിൽ മിന്നി തിളങ്ങുന്ന നക്ഷത്ര കൂട്ടം. ഉയർന്ന അൾട്ടിട്യൂടുകളിൽ മാത്രമേ ഈ സൗന്ദര്യം ദർശിക്കുവാൻ കഴിയു. ഈ പ്രപഞ്ചം മുഴുവൻ കൺ മുന്നിൽ തെളിഞ്ഞു വന്നത് പോലെ കോരിത്തരിപ്പിക്കുന്ന ദൃശ്യ വിസ്മയം നിശബ്‌ദതക്കു സംഗീതം ഉണ്ടെന്നു തിരിച്ചറിഞ്ഞ യാത്ര!! എത്ര നേരം കിടന്നു എന്നറിയില്ല തിരിച്ചു പോകാൻ മനസ്സ് ഒട്ടും തന്നെ ഇല്ല മണിക്കൂറുകൾ ജെറ്റ് കണക്കെ പാഞ്ഞു പോയി കൊണ്ടിരുന്നു ഒടുവിൽ ആ നക്ഷത്ര കൂട്ടങ്ങളോടും നന്ദി പറഞ്ഞു തിരിച്ചു മുറിയിലേക്ക് പോയി!!     .

Routes Covered on 14/08/2018
Kaza to Key Monastery – 14 km
Key monastery to kibber – 8 Km
Kibber To chicham – 11 Km
Chicham to Kaza – 19 Km
At Night KAza to Rangrik – 8 km

KV.Vishnu
23/02/2019

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...