Saturday 25 January 2020

ഹിമവൽ സ്മൃതികൾ


കണ്ണ് കൊണ്ട് തന്നെ മുഴുവൻ ആസ്വദിക്കാൻ അസാധ്യമായ ഒന്നിന്നെ കേവലം വക്കുകൾ  കൊണ്ട് എങ്ങനെ വിവരിക്കും ?

"ഹിമവാൻ"! രണ്ടായിരത്തി അഞ്ഞൂറോളം കിലോമീറ്റെർ നീളത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ചൈന ഇന്ത്യ നേപ്പാൾ ഭൂട്ടാൻ എന്നിങ്ങനെ ആറോളം രാജ്യങ്ങളിലൂടെ പടർന്നു നിൽക്കുന്ന ലോകാത്ഭുതം. ഒരേ സ്ഥലത്തിന് തന്നെ ഓരോ ഋതുവിലും ഓരോ മുഖമാണ് പക്ഷെ ഹിമവാന് ഒരേ ഋതുവിൽ തന്നെ പല മുഖങ്ങളും രൂപങ്ങളും ആണ് ! നൂറാം  വയസ്സിലും ചിത്രൻ നമ്പൂതിരിപ്പാടിനെ തന്നിലേക്ക് ആകർഷിക്കാൻ ഹിമവാന് കഴിയുന്നുവെങ്കിൽ അവിടെ എന്തോ ഒന്ന് ഉണ്ട് അതറിയുവാൻ പക്ഷെ നൂറു തവണ ഹിമാലയൻ യാത്ര നടത്തിയാലും സാധിച്ചെന്നു വരില്ല ! 

വെറും മൂന്നു വട്ടം സന്ദർശിച്ച എനിക്ക് ആയുഷ്കാലത്തിലേക്കുള്ള ഓർമ്മകൾ സമ്മാനിച്ച സ്വപ്ന ഭൂമികയാണ് ഹിമാലയം! മൂന്നല്ല മുന്നൂറു വട്ടം ഇനിയും സന്ദർശിക്കാൻ വിളിച്ചു കൊണ്ടിരിക്കുന്ന ഭൂമിക.  ഒരിക്കലും പിടിതരാത്ത സൗന്ദര്യവും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങളുമായി ഹിമവാൻ എന്റെയുള്ളിൽ അലിഞ്ഞിരിക്കുന്നു. 

സൗന്ദര്യത്തിനു പൂർണതയുണ്ടെങ്കിൽ അതിനു പൗർണ്ണമിയുടെ രൂപമായിരിക്കും എന്നായിരുന്നു എന്റെ വിശ്വാസം എന്നാൽ ഹനുമാൻ ടിബ്ബക്ക് മുകളിൽ പൊട്ടു ചാർത്തിയ പോലെ വാർതിങ്കളിനെ കണ്ടതിനു ശേഷം ഹിമവാന്റെ സാനിധ്യമില്ലാതെ ഞാൻ കാണുന്ന ഓരോ പൗർണ്ണമിയും എനിക്കപൂർണമായി തോന്നുന്നു ! സ്പിതി താഴ്വരയിലെ നക്ഷത്ര കൂട്ടം നോക്കി തണുപ്പിനെ പോലും മറന്നു നട് റോഡിൽ കിടന്നതും, ഹിമവാൻ മതിലുകെട്ടിയ റോള കോലി താഴ്‌വരയിൽ സെപ്റ്റംബറിലെ ഐസ് മഴയിൽ നനഞ്ഞതും,മഞ്ഞിൻ കിരീടമണിഞ്ഞു നിൽക്കുന്ന മക്ലെയോദ്ഗഞ്ചിലെ ദൗലധർ പർവത നിരകൾ,ലാങ്‌സയിലെ ഹിമവാന്റെ മടിത്തട്ടിത്തിലിരുന്നു ധ്യാനിക്കുന്ന ബുദ്ധ പ്രതിമ. സ്പിതി താഴ്‌വരക്കു കിരീടം ചാർത്തിയ പോലെയുള്ള കീ മൊണാസ്ട്രിയും ഗ്രാമവും.ലാങ്‌സായിലേക്കുള്ള വഴിയിൽ എനിക്ക് ഫോസിലുകൾ വിറ്റ ഒരു മുത്തശ്ശി,മൊണാസ്ട്രിക്കുളിൽ ചിരിച്ചു കൊണ്ടു സ്വീകരിച്ചു കഥകൾ പറഞ്ഞു തന്ന ബുദ്ധ സന്യാസി അദ്ദേഹം നൽകിയ ഗ്രീൻ ടീ. മഴ പെയ്തു കുഴഞ്ഞ റോഡിലൂടെ ഉയരത്തിനോടുള്ള എന്റെയുള്ളിലെ പേടിയെ ഇല്ലാതാക്കിയ ബൈക്ക് യാത്ര. കുതിരകളും പശുക്കളും ഇടയന്മാരില്ലാതെ സ്വതന്ത്രമായി മേയുന്ന പർവതശൃംഗങ്ങൾ .

ഇങ്ങനെ എണ്ണിയാൽ തീരാത്ത ഓർമ്മകളും കഥകളും എന്റെ ഈ കൊച്ചു യാത്രകളിലൂടെ ഹിമവാൻ എനിക്ക് സമ്മാനിച്ചു ! മനസ്സിലെ ഞാനെന്ന ഭാവം ഹിമവാന് മുന്നിൽ അഴിഞ്ഞു വീഴുന്ന എത്രയോ സന്ദർഭങ്ങൾ വന്നു  ഈ കൊച്ചു യാത്രകളിൽ. മനുഷ്യൻ തൃണ തുല്യമായി പകച്ചു നിൽക്കുന്ന ദൈവീക ചൈതന്യം ഞാൻ അനുഭവിച്ചു.ഓരോ യാത്ര കഴിയുമ്പോളും ദുഃഖം ഘനീഭവിച്ച മനസോടെയല്ലാതെ ആ അത്ഭുതത്തിനോട് വിട പറയുവാൻ സാധിച്ചിട്ടില്ല.അടുത്ത തവണ വീണ്ടും കാണുന്ന വരെയും ആ ദുഃഖം അവിടെ നിറഞ്ഞു നിൽക്കും. ആദ്യത്തെ യാത്ര കിഴക്കൻ സൻസ്കാർ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന   സ്പിതി  താഴ്വരയിലെ പ്രാചീന ബുദ്ധ വിഹാര കേന്ദ്രങ്ങളും ഒരിക്കലും  വറ്റാതെയൊഴുകുന്ന സ്പിതി നദി താഴ്വരയും തേടി ആയിരുന്നു അടുത്തത് പിർപാഞ്ചാൽ മല നിരകളിൽ ഒളിപ്പിച്ച ഭൃഗു എന്ന അത്ഭുത തടാകം തേടി അത് കഴിഞ്ഞു ദൗലധർ മല നിരകളുടെ മടിയിലായി സ്ഥിതി ചെയ്യുന്ന മക്ലിയോഡ്ഗഞ്ജ് എന്ന കൊച്ചു പട്ടണത്തിലേക്കു ! ഇവിടെയെല്ലാം പോയെങ്കിലും കണ്ടു കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആവുന്നില്ല കാരണം ഇവിടെയെല്ലാം കണ്ട കാഴ്ചകളേക്കാൾ കാണാതെ പോയ കാഴ്ചകൾ ആണ് കൂടുതൽ.

അടുത്ത യാത്രക്കുള്ള സ്വപ്നത്തിലാണ് ഇപ്പോൾ ഉത്തരകാശി, ഗംഗോത്രി, യമുനോത്രി, കേദാരം, മുൻസിയാരി ,നാഗ് ടിബ്ബ, കേദാർകാന്ത, ഹര് കി ഡൂൺ, ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ മനസ്സിൽ വന്നു പോകുന്നു പക്ഷെ  എനിക്കെങ്ങോട്ടാണ് പോകേണ്ടത് എന്ന തീരുമാനം പ്രകൃതിക്കു നൽകുന്നു !

Kv.Vishnu
25/01/2020

Saturday 4 January 2020

TREK TO BHRIGU LAKE

ഇനിയുള്ള മൂന്നു ദിവസം മല മുകളിൽ ആയിരിക്കും രണ്ടു രാത്രിയും മൂന്നു പകലും. മുകളിൽ ആരെങ്കിലും ഉണ്ടാവുമോ ഒരെത്തും പിടിയുമില്ല കയ്യിൽ ഒരു ടെന്റ്  ഉണ്ട് കഴിക്കാൻ ഒരു പാക്കറ്റ് ബ്രെഡും കുറെ ഗോദമ്പ് ബിസ്ക്കറ്റും കുടിക്കാൻ രണ്ടു ലിറ്റർ വെള്ളവും ! ഒറ്റയ്ക്കു പോകുന്നത് കുഴപ്പമാവും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാൻ ജിപ്സിക്കാരൻ നോക്കിയെങ്കിലും "ഇതൊക്കെ എന്ത് പോടാ " എന്ന സലിംകുമാറിന്റെ പുച്ഛത്തോടെ അയാളെ അവഗണിച്ചു. ഏകദേശം ആറു ഡിഗ്രി വരെ തണുപ്പാണ് മുകളിൽ, ചാറ്റൽ മഴ പെയ്താൽ പെയ്തു ഇത്രയൊക്കെ ഓൺലൈൻ വിവരങ്ങളും അതിനു വേണ്ട സാമഗ്രികളും ഉണ്ടല്ലോ എന്ന അഹങ്കാരം ! ട്രെക്ക് ആരംഭിക്കുന്നത് ഗുലാബ ചെക്ക് പോസ്റ്റ് കഴിഞ്ഞു  ചോദ മൊട് അഥവാ പതിനാലാമത്തെ വളവു എന്ന അർഥം വരുന്ന സ്ഥലത്തു നിന്നാണ് വണ്ടിക്കാരൻ കൃത്യം അതിന്റെ ചുവട്ടിൽ തന്നെ ഇറക്കി തന്നു കാശും വാങ്ങി യാത്ര ആയി.






കുറെ നേരം ആ റോഡിൽ തന്നെ നിന്നു എതിർഭാഗത്തു ഹനുമാൻ ടിബ്ബ നെഞ്ചു വിരിച്ചു നിൽക്കുന്നു, ഹായ് "അന്തസ്സ് ".അവടെ നിന്ന് കുറച്ചു നേരം നിരീക്ഷണം ഒക്കെ നടത്തി, വഴി അറിയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല ആട്ടിടയന്മാർ വെട്ടിയിട്ട വഴി ഉണ്ട് മുകളിൽ റോള കോലി വരെയും ! അതിലൂടെ ബാഗും ഏറ്റി നടന്ന മാത്രം മതി ! "നിസ്സാരം". എട്ടു കിലോയോളം ബാക് പാക്കും മറ്റു സ്ഥാവരജംഗമ വസ്തുക്കളും അടങ്ങുന്ന ഭാരം പേറി ഒന്ന് ഭൂമി തൊട്ടു തലയിൽ വെച്ചു നടത്തം തുടങ്ങി .ഏകദേശം ഒരു ഇരുന്നൂറു മീറ്റർ കഴിഞ്ഞതും ആദ്യ മണ്ടത്തരം,ഉള്ള രണ്ടു ലിറ്റർ തികഞ്ഞില്ലെങ്കിലോ എന്ന് കരുതി ആദ്യം കണ്ട ഉറവയിൽ നിന്നും 3 ലിറ്ററിന്റെ പൗച്ചിലും കൂടെ വെള്ളം നിറച്ചു ! അതോടെ ഭാരം പത്തിന് മുകളിൽ ആയി !

നൂറിന് മുകളിൽ ഭാരമുള്ള ഞാനും ഉദ്ദേശം 3000 മീറ്ററിന് മുകളിൽ അൾട്ടിറ്റിയൂഡ് ഉള്ള സ്ഥലവും മനോഹരം നടക്കാൻ എന്നലാതെ മറ്റെന്തു പറയുവാൻ  ! ഓരോ മീറ്ററും ഒരോ കിലോമീറ്റെർ ആയിരുന്നു , മുന്നിൽ ഹിമവാൻ പച്ച വിരിച്ചു വരവേൽക്കുമ്പോൾ ആരറിയുന്നു ഈ വേദനയൊക്കെ എന്നൊക്കെ കാവ്യ ഭംഗി ക്കു വേണ്ടി പറയാം ! പക്ഷെ നല്ല പാടായിരുന്നു കേറാൻ എന്നതാണ് സത്യാവസ്ഥ, എന്നാൽ തോറ്റു കൊടുക്കാൻ ഈ ദൃശ്യ ഭംഗി സമ്മതിക്കണ്ടേ ! അതു കൊണ്ട് ആ സൗന്ദര്യം ആസ്വദിച്ചു കയറ്റം തുടർന്നു ആപ്രിക്കോട്ട് ബ്ലാക്ക് ഓക്ക് ദേവദാരു തുടങ്ങിയ വന ഭംഗിയും സ്കോട്ലൻഡിനെ തോൽപ്പിക്കുന്ന ലാൻഡ്‌സ്‌കേപ്സുമായി ഹിമാവാനും എനിക്കുള്ള മോട്ടിവേഷൻ തന്നു കൊണ്ടേ ഇരുന്നു. തിരിച്ചു പോയി പ്രധാന മന്ത്രിയുമായി ചർച്ചയൊന്നുമില്ല എന്ന കാരണം കൊണ്ട് തന്നെ പയ്യെ വിശ്രമിച്ചു ഈ സൗന്ദര്യം ആസ്വദിച്ചും കയറ്റം തുടർന്ന് കൊണ്ടേ ഇരുന്നു.



ഓരോ മല കഴിയുമ്പോളും കരുതും ദാ വന്നു സമതലം എന്ന്! എവടെ കയറ്റം, ചെറിയ കയറ്റം, വലിയ കയറ്റം, എന്നീ മൂന്നു അവസ്ഥാന്തരങ്ങൾ മാത്രമേ വരുന്നുള്ളു . കൂടെ കാഴ്ചയെ മറച്ചു വന്നും പോയും കൊണ്ടിരിക്കുന്ന മൂടൽ മഞ്ഞും തണുപ്പും. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പിന്നാലെ വന്നിരുന്ന (ഉദ്ദേശം ഞാൻ കയറാൻ തുടങ്ങി ഒരു രണ്ടു മണിക്കൂറിനു ശേഷം പുറപ്പെട്ടവരായിരിക്കും)  വൃദ്ധരായ രണ്ടു പേർ ഞാൻ ഈ കയറിയതൊക്കെ ഒരു കയറ്റമാണോ എന്ന ഭാവത്തിൽ എന്നെ നോക്കി ഒന്ന് ചിരിച്ചു ചാടി കേറി അങ്ങ് പോയി .അത് കണ്ടപ്പോ എനിക്കും തോന്നി ഇതൊന്നും കയറ്റമല്ലേ എനിക്കിനി തെറ്റ് പറ്റിയതാണോ ?

ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ട് എത്തേണ്ടിയിരുന്ന ബിറ്റർ ധാർ എന്ന ക്യാമ്പ് സൈറ്റിൽ എത്തിയപ്പോൾ മണി മൂന്നര കഴിഞ്ഞു കാലത്തു എട്ടരയ്ക്ക് തുടങ്ങിയ നടത്തം ആണ്. ക്യാമ്പ് സൈറ്റ് കണ്ണിൽ പെട്ടതും സന്തോഷമായി സംഗതി റോള കോലി എത്തണം ആദ്യ ദിവസം പക്ഷെ ഇനി നടത്തം വയ്യ! അവിടെ  ടെന്റ് അടിച്ചങ്ങു തങ്ങാൻ തീരുമാനിച്ചു . കുറെ ടെന്റുകൾ അടിച്ചിട്ടുണ്ട് പക്ഷെ ആരും ഇല്ല ! അടുത്തു കണ്ട വലിയ ടെന്റിൽ അനക്കം കേട്ട് അങ്ങോട്ട് പോയപ്പോൾ മനുഷ്യവാസം ഉണ്ടെന്നു മനസ്സിലായി ! നവീൻ കുമാർ താക്കൂർ എന്ന ഗൈഡ് ആണ്. ആ ഹോമോസപിയൻ ഏതോ ഒരു ട്രെക്കിങ്ങ് കമ്പനിക്ക് വേണ്ടി മല മുകളിൽ താമസമാണ് .അവർക്കു കുറച്ചു നാളായി കസ്റ്റമേഴ്സ് ആരും ഇല്ല അത് കൊണ്ട് ഒറ്റയ്ക്കാണ് പുള്ളി എന്നറിയാൻ സാധിച്ചു . ടെന്റ് അടിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ അകത്തു പുള്ളിടെ കൂടെ തങ്ങിക്കൊള്ളാൻ പറഞ്ഞു ! ലേശം  ട്രിപ്പിങ്ങിന്റെ അസ്കിത ഉള്ളതൊഴിച്ചാൽ സൂപ്പർ ചങ്ങാതിയാണ് ! പിന്നെ ട്രിപ്പിങ് തുടങ്ങിയാൽ ഗിറ്റാർ വായനയും, അത് നമ്മക്കുള്ള ബോണസും നല്ല മനോഹരമായി പാട്ടു പാടും  !

ഇതിൽ പരം സന്തോഷം എന്ത് വേണം ! ക്ഷീണിച്ചവശനായി അദ്ദേഹം നൽകിയ കിടക്ക സഞ്ചിയും കൊണ്ട് അദ്ദേഹത്തിന്റെ കൂടെ ടെന്റിൽ അങ്ങട് ഫിറ്റ് ആയി ! വൈകീട്ട് xആറു വരെ റസ്റ്റ് എടുത്തു അപ്പൊ ദേ വരുന്നു മനസ്സറിഞ്ഞ പോലെ അടുത്ത സഹായവും ആയി നവീൻ ഒരു പ്ലേറ്റ് നിറയെ ചോറും പരിപ്പുകറിയും ! കാലത്തു തൊട്ടു വെള്ളം മാത്രം കുടിച്ച എനിക്കാ ചോറും പരിപ്പുകറിയും അമൃതിനു തുല്യമായി ! ഡിന്നറിനു ശേഷം കുറെ നേരം സംസാരിച്ചിരുന്നു കൂട്ടത്തിൽ ഫ്രീ ആയിട്ട് കുറെ ഉപദേശവും കിട്ടി നെറ്റിൽ കിട്ടിയ നോട്സും കൊണ്ട് ഇജ്‌ജാതി പരിപാടിക്കു മേലാൽ ഇറങ്ങരുത് !"Expect for the Worst" അതാണ് ഒരോ ഹിമാലയൻ യാത്രയിലും ആദ്യം ഓർക്കേണ്ടത്  കാരണം എപ്പോ ഏതു നേരത്തു ഹിമവാൻ സ്വഭാവം മാറും എന്നു ഒരു കാലാവസ്ഥ പ്രവാചകന്മാർക്കും നിർവചിക്കുക എളുപ്പമല്ല ! അത് സത്യമാണെന്നു അറിയാൻ നേരം വെളുക്കേണ്ടി വന്നില്ല !

ആറു ഡിഗ്രി തണുപ്പും പ്രതീക്ഷിച്ചു സമ്മർ ടെന്റും പത്തു ഡിഗ്രി സ്ലീപ്പിങ് ബാഗും കൊണ്ട് മല കയറിയത് എന്ത് ധൈര്യത്തിലാണെന്ന് ഇന്നും അറിയില്ല ! തീർച്ചയായും അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താവും എന്നാലോചിക്കുമ്പോ ഇപ്പോഴും ഉള്ളൊന്നു വിറക്കുന്നു ! പക്ഷെ എന്നെ വിളിച്ചതു അവളാണ് അത് കൊണ്ട് തന്നെ എന്നെ സഹായിക്കേണ്ട ചുമതല പ്രകൃതിക്കുണ്ട് അതാവും ഈ അത്ഭുതത്തിനു കാരണം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . രാത്രി നല്ല കിടിലം തണുപ്പായിരുന്നു ആറു ഡിഗ്രി ഒരു ചെറിയ ഡിഗ്രി അല്ല എന്ന് മനസ്സിലായി . പക്ഷെ നവീൻ നൽകിയ സൗകര്യത്തിൽ തണുപ്പ് ഒരു വിഷയമേ അല്ലായിരുന്നു !

നേരത്തെ തന്നെ എഴുന്നേറ്റു മുഖവും കഴുകി നവീൻ ഇട്ടു തന്ന അസ്സൽ ഒരു ചൂട് ഏലക്ക ചായയും കുടിച്ചു ഏഴു മണിക്ക് നവീൻ നൽകിയ ചെറിയ ബാഗിൽ വാട്ടർ പൗച്ചും ക്യാമറയും കുറച്ചു ബിസ്ക്കറ്റും മാത്രം എടുത്തു അവസാന കയറ്റത്തിന് തയ്യാറെടുത്തു ! രണ്ടാം ദിവസം തുടക്കം തന്നെ വീണ്ടും കയറ്റത്തോടെ ആയിരുന്നെങ്കിലും ആദ്യത്തെ ഒരു വലിയ കയറ്റം കഴിഞ്ഞതും പിന്നെ ഇന്നലെ മുഴുവൻ ഞാൻ കാത്തിരുന്ന സമതലം എത്തി ! ഇത്ര നാളും എന്നെ ആകർഷിച്ച ആ കാഴ്ച, കുതിരകളും പശുക്കളും കുതിച്ചു തുള്ളി സമ്പൂർണ സ്വതന്ത്രരായി യഥേഷ്ടം മേഞ്ഞു നടക്കുന്ന കൂറ്റൻ പർവ്വതമതാ എന്റെ കൺ മുന്നിൽ ദൃശ്യമായിരിക്കുന്നു!  ഏകദേശം പന്ത്രണ്ടായിരം അടി മുകളിൽ!ഞാൻ നേരത്തെ സൂചിപ്പിച്ച സ്കോട്ലൻഡിയൻ ലാൻഡ്സ്‌കേപ്പ് നാണിച്ചു “അയ്യേ” എന്ന് പറയുന്ന ആ സൗന്ദര്യം അതിന്റെ പൂർണതയിൽ കണ്ടു ! ഈ കാഴ്ചകളും കണ്ടു കൂടെ രണ്ടു മൂന്നു കൊച്ചു വെള്ള ചട്ടങ്ങളും കടന്നു ഏകദേശം ഒരു മൂന്നു മണിക്കൂർ കൊണ്ട് റോള കോലി എത്തി !




റോളാക്കോലി - നാല് ചുറ്റും ഹിമവാൻ മതില് കെട്ടി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സൗന്ദര്യം ! അതി സുന്ദരമായൊരു താഴ്വര ഇത്രയും മുകളിൽ ! താഴ്‌വാരത്തിനു വെള്ളി പൂണൂൽ ചാർത്തിയ പോലെ കൊച്ചു നീരൊഴുക്ക് , കുറച്ചു ദൂരെ ആയി ഒരു വലിയ ഗ്ലേസിയർ പാച് , ഈ നീരൊഴുക്ക് ഒഴുകി താഴ്വരയുടെ അറ്റത്തു നിന്ന് താഴേക്കു പതിക്കുന്ന സാമാന്യം ഒരു ചെറിയ വലിയ വെള്ളച്ചാട്ടം ! ഇവടെ ഇത്രയുമെങ്കിൽ ഇനി കേവലം ഒരു മല മാത്രം മുകളിൽ എന്റെ സുന്ദരി ഭൃഗു ലേക്ക് എന്നെ കാത്തിരിക്കുന്നു ! ആ താഴ്വാരമാകെ കുറെ നേരം എന്റെ കാലുകൾ കൊണ്ടളന്ന് നടന്നു , മുലപ്പാൽ പോലെ ശുദ്ധമായ വായു കൊണ്ട് ശരീരത്തിലെ ഓരോ അണുവിനെയും നിറച്ചു , തിരിച്ചു പോകാൻ തോന്നിപ്പിക്കാത്ത സൗന്ദര്യം അഹ് ! ഇനി മുന്നോട്ടുള വഴി കണ്ടു പിടിക്കണമെങ്കിൽ ആരെങ്കിലും സഹായിച്ചെ മതിയാവു ഇന്ത്യ ഹൈക്ക്സ് എന്ന ട്രെക്കിങ്ങ് കമ്പനിയുടെ ടെന്റ് കണ്ടു അങ്ങോട്ട് ചെന്ന് ആ വഴി കണ്ടു പിടിക്കാൻ ! എന്നാൽ വഴി പറഞ്ഞു തന്നാലും ദിക്ക് മനസ്സിലാവാൻ പറ്റാത്ത തരത്തിൽ മൂടൽ മഞ്ഞു ഇറങ്ങി അതും ക്ഷണ നേരം കൊണ്ട് ! എന്തായാലും കാത്തിരിക്കാൻ തീരുമാനിച്ചു ഉച്ചയോടെ മഞ്ഞു മാഞ്ഞു ! പക്ഷെ അടുത്ത തടസ്സം വന്നെത്തി മഴ ! വീണ്ടും ഇന്ത്യ ഹൈക്സിന്റെ ടെന്റിലേക്കു ചെന്നു കാത്തിരിക്കാൻ നോക്കിയെങ്കിലും നിരാശ പെടുത്തുന്നതായിരുന്നു അവരുടെ മറുപടി!

മഴ പെയ്ത സ്ഥിതിക്ക് അവസാന കയറ്റം ഇന്ന് കയറാൻ പറ്റില്ല കാരണം പാറകൾ നിറഞ്ഞ കയറ്റമാണ് ഇനിയുള്ളത് അത് കൊണ്ട് തിരിച്ചു എത്രയും വേഗം ബേസ് ക്യാമ്പിലേക്ക് മഴ മാറുന്നതിനു മുൻപേ തന്നെ പോകാൻ ഉപദേശിച്ചു ! ഉള്ളിൽ വെട്ടിയ വെള്ളിടി ആരും കണ്ടില്ല ! ഇന്ന് ഇവടെ നിന്ന് ഇറങ്ങിയാൽ വീണ്ടും എന്ന് ഞാൻ എത്തുമെന്നറിയില്ല ! മുഖ്യമായും താമസ സൗകര്യം ഇന്ന് കഴിഞ്ഞാൽ നവീന് ക്ലൈന്റ്‌സ് വരുന്നുണ്ട് അത് കൊണ്ട് ടെന്റ് ഞാൻ കാലിയാക്കിയേ പറ്റു എന്റെ സമ്മര്ട്ടന്റും കൊണ്ട് ഒറ്റയ്ക്ക് കഴിയുക ആത്മഹത്യക്കു തുല്യമാകും! എന്റെ യാത്ര അവസാന നിമിഷം മുടക്കിയ മഴയെ പ്രാകി തിരിച്ചു നടന്നു !

എന്നാൽ അതും എനിക്ക് മറ്റൊരു അത്ഭുതത്തിനാവും എന്നറിഞ്ഞില്ല ! റോള കോലി കടന്നു ക്യാമ്പ് എത്തുന്നതിനും പകുതി ദൂരം മുന്നേ മഴത്തുള്ളിയുടെ കോട്ടിൽ വീഴുന്ന ശബ്ദത്തിൽ വ്യത്യാസം കേട്ട് ശ്രദ്ധിച്ചപ്പോൾ കടുക്മണി വലുപ്പത്തിൽ ഐസ് പെയ്യാൻ തുടങ്ങി ! ചുറ്റിനും ആരും ഇല്ല ഏതാനും നിമിഷം കൊണ്ട് പച്ച പരവതാനി വിരിച്ച ഹിമവാൻ ഒരു നേർത്ത വെള്ള ശീലക്കകത്തായി ! വോക്കിങ് പോൾ കൊണ്ട് കുറച്ചു തോണ്ടി എടുത്തു ചുണ്ടിൽ മുട്ടിച്ചു ! അവാച്യമായ ആ അനുഭൂതി പറയുവാനോ എഴുതുവാനോ എനിക്ക് കഴിയില്ല ! പയ്യെ എന്റെ ദുഃഖം സന്തോഷമായി, പെയ്തു തീരുവോളം ഒറ്റയ്ക്ക് ആ മല  മുകളിൽ തന്നെ നിന്നു !

തിരിച്ചെത്തി നവീനോട് കാര്യം പറഞ്ഞപ്പോൾ അവൻ വിശ്വസിച്ചില്ല കാണിക്കാൻ ഫോട്ടോയും ഞാൻ എടുത്തില്ല ! പക്ഷെ അന്ന് രാത്രി അവനും വിശ്വസിച്ചു ! ആറു ഡിഗ്രിയിൽ നിന്ന തണുപ്പ് അന്ന് രാത്രി തണുപ്പ് സബ്‌സീറോയും കടന്നു ടെന്റും കോട്ടും കിടക്കസഞ്ചി വരെ കടന്നു ഉള്ളിലേക്ക് വന്നു ! കാറ്റും മഴയും കൂടെ ഐസും ! അതോടെ അവനും മനസിലായി തള്ളിയതല്ല ഉള്ളതാണെന്ന് ! പിന്നീട് തിരിച്ചു മണാലി എത്തിയപ്പപ്പോഴാണ് അറിയുന്നത് ഏതാണ്ട് ഒൻപതു കൊല്ലങ്ങൾക്കു ശേഷമാണ് സെപ്റ്റംബറിൽ ഫസ്റ്റ് സ്നോ ഫാൾ വരുന്നത് , മലകളുടെ മുകളിലും രോഹ്താങ് പാസിലുമൊക്കെ ആ മഞ്ഞു വീഴ്ച ലഭിച്ചു ! കാലം എനിക്കായി കാത്തു വെച്ച സമ്മാനമാണോ? അറിയില്ല, പക്ഷെ അങ്ങനെ വിശ്വസിക്കാൻ ആണ് എന്നിലെ സാന്റിയാഗയ്ക്കു ഇഷ്ട്ടം.

കാലത്തെണീച്ചു ഇനി തിരികെ ഇറക്കമാണ്, യാത്ര പറഞ്ഞപ്പോൾ നവീൻ സമാധാനിപ്പിച്ചു പൂർത്തിയാക്കാൻ സാധിക്കാത്തതിൽ വിഷമിക്കേണ്ട എന്നും വീണ്ടും വരണം അടുത്ത തവണ എന്നെ ഭൃഗു ലേക്ക് വരെ അവൻ തന്നെ കൊണ്ട് ചെന്ന് കാണിച്ചു തന്നിരിക്കും എന്ന് വാക്കും തന്നു "പാവം".ഒരുപാട് സൗകര്യങ്ങൾ ചെയ്തു തന്നതിന് നന്ദി സൂചിപ്പിച്ചു കുറച്ച് കാശു നൽകിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല പക്ഷെ നിർബന്ധിച്ചു ഞാൻ നൽകി തിരികെ ഇറങ്ങി ആറേഴു മണിക്കൂർ എടുത്തു കയറിയതാണെങ്കിലും ഒന്നര മണിക്കൂർ കൊണ്ട് തിരിച്ചെത്തി ! മൂന്നു ദിവസം ഹോമോസാപിയൻസിന്റെ ശല്യം ഒഴിഞ്ഞു മല മുകളിൽ കഴിഞ്ഞത്തിന്റെ പോസിറ്റീവ് എനർജിയും കൊണ്ട് തിരികെ മണാലിയെത്തി പഴയ ഹോട്ടലിൽ തന്നെ മുറിയും എടുത്തു പുതിയ സ്വപ്നങ്ങളിലേക്കും എന്റെ ഭൂതകാലത്തിലായ ഈ ട്രെക്കിങ്ങിന്റെ ഓര്മകളിലേക്കും ഊളിയിട്ടു !

രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷമാണ്‌ ഓർത്തത് ലീവ് പതിനഞ്ചു ദിവസത്തെ ഉണ്ട്  അടുത്തത് എന്ത് ചെയ്യും എന്നാലോചിച്ചു സമയം കൊല്ലുന്നതിനിടക്കാണ്  ! കൂടെ ജോലി ചെയ്യ്തിരുന്ന സന്ദീപ് എന്ന ജലന്ധർക്കാരൻ സുഹൃത്തിന്റെ വാട്സ് ആപ്പ് സന്ദേശം 'ക്യാ പാജി മണാലി മേ ഹേ ക്യാ ? ഓർ ക്യാ പ്ലാൻ ഹേ' ? വാട്സാപ്പിലെ എന്റെ മണാലി സ്റ്റാറ്റസ് കണ്ടു മെസ്സേജ് അയച്ചതാണ് ! മറ്റെന്തിനി ആലോചിക്കാൻ “പാജി മേ എത്തി പോയി അമൃതസറിലേക്കു ഉദർ ആവോ”ന്നും റിപ്ലൈ അയച്ചു  പെട്ടിം പോക്കണോം എടുത്തു നേരെ വിട്ടു ! ബൈ ബൈ മണാലി ചലോ അമൃതസർ !

തുടരും

KV.Vishnu
03/01/2020

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...