Thursday 25 April 2019

കാട്‌

എന്ത് ഭാവമാണ് നിനക്ക്? യഥാർത്ഥത്തിൽ പുറത്തു നിന്ന് നോക്കുന്ന നേരം നീ ശൃംഗാര പ്രണയ രസങ്ങൾ വാരി വിതറി ദർശനം നൽകുന്നു. നിന്നിലേക്ക്‌ ഇറങ്ങും തോറും പൊടുന്നനെ നീ നിന്റെ ഭാവം മാറ്റുന്നു ! രൗദ്രം എന്ന ഭാവം മാത്രമേ നിന്നിലേക്കിറങ്ങുന്ന വേളയിൽ കാണുവാൻ കഴിയുന്നുള്ളൂ. നിന്റെ പ്രണയവും ശൃംഗാരവും എല്ലാം നീ ഈ രൗദ്ര ഭാവത്തിനു പിന്നിലായി മറച്ചുവോ ? ആ രൗദ്ര ഭാവം മനസ്സിൽ മരണ ഭയത്തിന്റെ വിത്തുകൾ വരെ പാകാൻ പോരുന്നത്ര ഭയങ്കരം തന്നെയാണ്. മഴുവുമായി നിന്നെ തിരഞ്ഞെറിയവനെന്നു കരുതിയാണോ നീ എന്നെ ഭയപെടുത്തുന്നത്? അല്ല നീ പോറ്റി വളർത്തുന്ന നിന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു വേട്ടയാടാൻ വന്നവനെന്നു ധരിച്ചുവോ നീ ?

മാനവ സംസ്കൃതിക്ക്‌ പുറത്തായി നിന്റെ വാസം എന്നറിയാം. ആ സംസ്കാരം ചവച്ചു തുപ്പിയ ഉച്ചിഷ്ടമായി നീ ഇന്നു പലയിടത്തും മാറിയ കാഴ്ചകൾ ഞാൻ ആ സംസ്കൃതിയിൽ നിന്നു കൊണ്ട് തന്നെ വേദനയോടെ കണ്ടിട്ടുമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത കഴിവ് കെട്ടവനായി ആ നേരങ്ങളിൽ നിൽക്കേണ്ടിയും വന്നിട്ടുണ്ട്! വിശ്വം ജയിക്കാൻ പോന്ന സംസ്കാരത്തിനു അന്നവും മരുന്നും വെള്ളവും നൽകി പൊറ്റി വളർത്തിയതു നീ ആയിരുന്നു. സംസ്കാരം കൂടിയത് കൊണ്ടോ എന്തോ നിന്നിൽ ഞങ്ങൾ അകലാൻ തുടങ്ങി ! സത്യത്തിൽ ഞങ്ങൾ നിന്നിൽ നിന്നും അകന്നതാണോ അതോ നീ ഞങ്ങളിൽ നിന്നും അകന്നതാണോ? അറിയില്ല. പക്ഷെ ഇന്നു നീ ഈ സംസ്കൃതിക്ക്‌ പുറത്താണെന്ന് മാത്രം അറിയാം.

നിന്റെ ആത്മാവറിയാനും നിന്റെ ഹൃദയം തുടിക്കും ശബ്‍ദം കേൾക്കുവാനും നിന്നിലേക്കിറങ്ങി വന്ന നിന്റെ സ്നേഹിതൻ ആണ് ഇന്നു  ഞാൻ. ദയവു ചെയ്തു നിന്റെ മണ്ണ് എനിക്ക് ഉറങ്ങുവാനായി തുറന്നു തന്നു കൂടെ. നിന്റെ ശേഷിക്കുന്ന കുഞ്ഞുങ്ങളെ ഞാൻ ഉപദ്രവിക്കില്ല നിന്റെ ജീവൻ ഒളിപ്പിച്ച തരുവിൽ ഞാൻ മഴു വെക്കില്ല ! വിശ്വസിച്ചു ഒരിടം നൽകുമോ നീ ? അല്ലെങ്കിൽ അരുത് നീയെന്നെ ഇനിയും വിശ്വസിച്ചു സംരക്ഷിക്കരുതു് . കാരണം ഞാനും മനുഷ്യൻ ആണു. സ്വാർത്ഥതക്കായി നിന്നെ സ്നേഹിക്കാനും അതെ സ്വാർത്ഥതക്കായി നിന്നെ കൊല്ലുവാനും മടിക്കാത്ത മനുഷ്യൻ. അത് കൊണ്ട് സ്നേഹമാണെന്നു പറഞ്ഞു വരുന്ന എന്നെയും നീ സൂക്ഷിച്ചു കൊൾക!

നിന്റെ ജീവൻ ആരും കാണാതെ നീ മറച്ചു വെക്കു . നിന്റെ പ്രണയ ശൃംഗാര ഭാവങ്ങൾ ആ രൗദ്രതയിൽ എന്നും മറഞ്ഞിരിക്കട്ടെ . നിന്നെ പിച്ചി ചീന്താൻ കാത്തിരിക്കുന്ന ഈ മഹാ സംസ്കൃതി നിന്റെ രൗദ്ര ഭാവം കണ്ടു ഭയക്കട്ടെ. ഇല്ലെങ്കിൽ ശേഷിക്കുന്ന നിന്റെ പൈതങ്ങൾക്കു അമ്മയില്ലാത്ത അവസ്ഥ വന്നു ചേരും. നീ കൂടെ ഇല്ലെങ്കിൽ നിന്റെ പുടവ തുമ്പിൽ അഭയം പ്രാപിച ജീവനുകൾ ഓരോന്നായി മരിച്ചു വീഴും.അവർക്കു ഇനിയൊരു തലമുറ തന്നെ ഇല്ലാതെയാവും. അത് കൊണ്ട് ശേഷിക്കുന്ന നീ എനിക്കും എന്റെ കൂട്ടർക്കും മുന്നിൽ  നിന്റെ രൗദ്ര ഭാവം വെടിയാതെ എന്തിനു  കരുണ പോലും കാണിക്കാതെ നീ നിൽക്കുക. നിന്റെ സൗന്ദര്യം വന്യമായി തന്നെ നിൽക്കട്ടെ. നിന്റെ ശബ്‍ദം ഗർജ്ജനമായി എന്നും മുഴങ്ങട്ടെ.

KV.Vishnu
24/04/2019

                                                                                                   

Monday 22 April 2019

ഹൈക്കു കവിതകൾ - PART 2

ജീവിതം

പ്രകൃതി രചിച്ച  മഹാകാവ്യങ്ങൾ
മൂന്നക്ഷരം കൊണ്ടു  മനുഷ്യനൊ -
തുക്കിയ ഹൈക്കു കവിതകൾ
ജനനവും മരണവും പ്രണയവും

"Life and Death both are awesome" depends on how we look after on it..

കുഞ്ഞുണ്ണി മാഷ്

കുന്നോളം വലുപ്പമുള്ളോരു  തത്വങ്ങളെ
കടുകോളം വലുപ്പത്തിൽ ചൊല്ലി തന്നു
ഈ കുറിയൊരു വലിയ മനുഷ്യൻ

KV. Vishnu
21/04/2019

                                                                              

Tuesday 16 April 2019

സത്യമേതാ മിഥ്യയേതാ

അറിയുന്നതെല്ലാം സത്യമോ ?
അറിവിനുമപ്പുറം മിഥ്യയോ ?
കാണുന്നതെല്ലാം മായയോ ? എങ്കിൽ
ഒളിഞ്ഞിരിക്കും സത്യമെവിടെ ?

കാണ്പതു മാത്രം ഉണ്മയെങ്കിൽ
ഇരുട്ടിലാ സത്യമെല്ലാം മിഥ്യയോ?
പുറമെ കണ്ടതെല്ലാം മിഥ്യയെങ്കിൽ
അകമേ തെളിയും ചിന്തയോ സത്യം ?

കണ്ടതെല്ലാം മായയെങ്കിൽ
സത്യവും മിഥ്യയും തിരയുവതെന്തിന് ?
ഞാൻ  ചൊലിയൊരീയുണ്മകൾ
നിനക്ക് പൊയ്യായി തീർന്നെങ്കിൽ
എന്റെ ശീലുകൾ ഉണ്മയാവതെങ്ങനെ ?

സത്യമേതാ മിഥ്യയേതായെന്ന-
ന്വേഷിച്ചു തളർന്നെങ്കിൽ !
മനസിലാക്കാം സത്യവുമില്ല മിഥ്യയുമില്ല!

KV.Vishnu
15/04/2019


Belief or dis belief / love or hate / light or dark / land or sea - there exist two poles or extremes for everything in this nature and how can we say which is true and which is not ?

Sunday 14 April 2019

മനുഷ്യനും പ്രകൃതിയും

"Earth Have all for our Need's !
But Not For our greed" - Mk Gandhi

അക്ഷരം പ്രതി അർത്ഥവത്തായ വാചകങ്ങൾ. മഹാന്മാർ എല്ലാം മുൻകൂട്ടി കാണുന്നതോ അല്ല പണ്ടുതൊട്ടേ നമ്മൾ ഇങ്ങനെയായിരുന്നോ? എന്തായാലും ഒരു സുപ്രഭാതം കൊണ്ട് ചവറ്റു കൊട്ട ആയതല്ല ഈ സ്വർഗ്ഗ തുല്യമായ ഗ്രഹം എന്ന് വ്യക്തമാണ്. കൃത്യമായി  എന്ന് തുടങ്ങി എന്നതിന്റെ കാലഘടന നിർണയിക്കുക കഷ്ടമാണ് കാരണം ഇവിടെ സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും ഒരു അന്ത്യവും അതിന്റെ കൂടെ തന്നെ ജന്മം എടുത്തിട്ടുണ്ട് . അത് കൊണ്ട് തന്നെ സൃഷ്ടിയുടെ കൂടെ തന്നെ അതിന്റെ degradation ഉം തുടങ്ങുന്നു എന്നാൽ ഇത് ഇത്തരം നാശങ്ങൾ അല്ലെങ്കിൽ ഇല്ലാതാക്കലുകൾ പ്രകൃതി തന്നെ തന്നെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ചെയ്തു പോരുന്ന  ഒരു പ്രക്രിയ മാത്രം.

ഇന്ന് ആ ജോലി ഒരു വിഭാഗം ജീവജാലങ്ങൾ ഏറ്റെടുത്തു മനുഷ്യൻ എന്നാണ് ആ വിഭാഗത്തിന്റെ പേര്.ഉദ്ദേശം മൂന്ന് ലക്ഷങ്ങളോളം വര്ഷങ്ങള്ക്കു മുന്നേ വനാന്തരങ്ങളിൽ ഏതെല്ലാമോ ജീവികളുടെ പിന്തുടർച്ചയിൽ  പരിണാമം സംഭവിച്ചു വന്നൊരു വിഭാഗം. ഈ വിഭാഗത്തെ സൃഷ്‌ടിച്ച പ്രകൃതി മറ്റൊരു ജീവിക്കും നൽകാത്ത പ്രത്യേകത ഈ വിഭാഗത്തിന് നൽകി "ചിന്ത ശേഷി"!!! മറ്റൊരു ജീവിക്കും അത് ആവശ്യവും ഇല്ല കാരണം ബാക്കി ജന്തു ജാലങ്ങൾ എല്ലാം തന്നെ സ്വയം പര്യാപ്തരാണ് അവർക്കു ചിന്തിക്കേണ്ട ആവശ്യം ഇല്ല പ്രകൃതിയുടെ ചക്രം ആണ് അവരുടെ ജീവിതം ക്രമീകരിച്ചിരിക്കുന്നത് അതിനനുസരിച്ചു ജീവിക്കുക എന്നത് മാത്രമാണ് അവയുടെ ലക്‌ഷ്യം !

താരതമ്യേന ദുർബല വിഭാഗത്തിൽപ്പെട്ടതു കൊണ്ടായിരിക്കണം മനുഷ്യന് പ്രകൃതി ചിന്ത ശക്തി എന്ന കഴിവ് നൽകിയത്. കാരണം അതില്ലെങ്കിൽ മനുഷ്യനെ കൊണ്ട് ഈ ആവാസ വ്യവസ്ഥയിൽ ഒരിക്കലും അതിജീവിക്കാൻ സാധിക്കുകയില്ല. അങ്ങനെ ലഭിച്ച ആ ചിന്താശക്തി കാല ക്രമേണ വർദ്ധിക്കുവാൻ തുടങ്ങി. പ്രകൃതിയിലെ സർവ്വവും ആ ചിന്തയെ പോഷിപ്പിച്ചു കൊണ്ടേ ഇരുന്നു.ആ നാളുകളിൽ എന്നോ തുടങ്ങിയാതാവണം മനുഷ്യൻ പ്രകൃതിയുടെ ചക്രം സ്വന്തം ഇഷ്ട്ടപ്രകാരം തിരിക്കുവാൻ. മറ്റു ശക്തരായ ജീവ ജാലങ്ങൾക്കിടയിൽ നിന്നും അതിജീവിക്കാൻ പ്രകൃതി നൽകിയ ബുദ്ധി അല്ലെങ്കിൽ ചിന്ത ശക്തി ആ ജീവ ജാലങ്ങളുടെ നാശത്തിലേക്കായിരുന്നു പിന്നീടു വഴി തെളിച്ചതു .

പണ്ടത്തെ മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവർ ആയിരുന്നു അവർ പ്രകൃതിക്കു യാതൊരു ദോഷവും വരുത്തിയിട്ടില്ല എന്ന് വാദിക്കുന്നവർ "വൂളി മാമ്മത്" എന്ന ജീവിയെ കുറിച്ച് ഒന്ന് വായിക്കുന്നത് നന്നാവും ആദിമ മനുഷ്യന്റെ വേട്ടകളിൽ നശിച്ചു പോയൊരു ജീവി വർഗ്ഗമാണ് അവ.അത് കൊണ്ട് തന്നെ ചിന്ത വളരുന്നതിനനുസരിച്ചു മനുഷ്യൻ എന്ന പരാന്നഭോജി പ്രകൃതിയിൽ നിന്നും ഓരോ ജീവനെയായി ഊറ്റി എടുക്കാൻ തുടങ്ങി എന്ന് നിസംശയം പറയാം.ഇന്നു മനുഷ്യ ചിന്തകൾ ഭൂമിയും ബഹിരാകാശവും കടന്നു മറ്റു ഗ്രഹങ്ങളിൽ വരെ കാലു കുത്തി. പലപ്പോഴും പ്രകൃതി പോലും ഈ ജീവി വിഭാഗത്തിന് മുന്നിൽ മുട്ട് മടക്കിയോ എന്ന് തോന്നിപ്പിച്ചു.

ആരോടും അനുവാദം ചോദിക്കാതെ കൃത്യമായി ഈ ഭൂമിയിലെ ജൈവ ഘടികാരം അനുസരിച്ചു വന്നു കൊണ്ടിരുന്ന മഴയും വേനലും തണുപ്പും മഞ്ഞും ഇന്ന് മനുഷ്യന്റെ ദയക്കായി കാത്തു നിൽക്കുന്നു.ഇതറിഞ്ഞില്ലെന്നു നടിച്ചു കൊണ്ട് നാം പ്രകൃതിയെ പഴിക്കുന്നു! പ്രകൃതിയൊ ഒന്നുരിയാടാൻ കഴിയാതെ മനുഷ്യരാൽ നാവരിയപെട്ട  അവസ്ഥയിലും. തന്നെ കൊണ്ട് കഴിയുന്ന പോലെ എല്ലാം പ്രകൃതി ഇന്ന് മനുഷ്യനെതിരെ പോരടിക്കുന്നു എന്നാൽ മനുഷ്യനോ പ്രകൃതി നൽകിയ വരത്തിൽ പ്രകൃതിയെ  തന്നെ വെല്ലുവിളിക്കുന്നു. മനുഷ്യചിന്തകൾ പെരുകി കൊണ്ടേയിരിക്കുന്നു ആ ചിന്തകൾക്ക് ഭൂമി എന്ന ലോകം മതിയാകാതെ വന്നിരിക്കുന്നു.

ഇതെല്ലം കേൾക്കുമ്പോൾ പ്രകൃതിയെന്താ ദുർബലയാവുകയാണോ എന്ന് സംശയിച്ചേക്കാം, എന്നാൽ സൃഷ്ട്ടിക്കാൻ കഴിയുന്ന പ്രകൃതിക്കു സംഹരിക്കാനോ വിഷമം? ഒരുപക്ഷെ ഇപ്പോൾ ഈ നടിക്കുന്ന വിഷമം ഒരുപക്ഷെ "ഇനിയും സമയം നിനക്കുണ്ട് നിന്റെ ചിന്തകളെയും ബുദ്ധിയെയും നിനക്ക് ജീവിക്കാൻ മാത്രം ഉപയോഗിക്കു" എന്ന് മനുഷ്യനോടു സംവദിക്കുന്നതിന്റെ  സൂചന ആണോ ?  ആവണം പ്രകൃതി ഇന്ന് ഈ കാക്കുന്ന മഹാമൗനത്തിനു പിന്നിൽ എന്തെല്ലാമോ   മറഞ്ഞിരിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.അത് തിരിച്ചറിയാൻ വൈകുന്നതാണ് മനുഷ്യൻ എന്ന ജന്തുവിഭാഗത്തിന്റെ നാശത്തിലേക്കു ഒരു പക്ഷെ നയിച്ചേക്കുക!!കാരണം സൃഷ്ടിയിൽ തന്നെ നാശവും ഒളിഞ്ഞിരിപ്പുണ്ട് എന്നതു പ്രകൃതി സത്യമാണ്. ഒരു കൊച്ചു തേനീച്ച ഇല്ലാതായാൽ നാല് ദിവസത്തിൽ കൂടുതൽ ജീവിക്കാൻ കഴിയാത്ത മനുഷ്യൻ ചിന്ത ശക്തി എന്ന ഒറ്റ പിൻബലത്തിൽ ഈ ഭൂമിയിൽ മൂന്ന് ലക്ഷം വർഷങ്ങൾ താണ്ടിയിരിക്കുന്നു .

ഇനിയും സമയം ഉണ്ട് സ്വയം ജീവിക്കുക മറ്റുള്ളവയെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യ വർഗം ഇന്നു എഴുന്നൂറ് കോടിക്ക് മുകളിൽ എത്തിയെങ്കിലും ഇപ്പോഴും നമുക്കുളതെല്ലാം ഈ ഭൂമിയിലുണ്ട് ! എന്നാൽ അത് ആവശ്യത്തിന് മാത്രമേ ഉള്ളു അത്യാഗ്രഹത്തിനുള്ളതല്ല . എല്ലാ പരാന്ന ഭോജികളുടെയും അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന മനുഷ്യന് എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു "മാതൃ ശരീരത്തോടൊപ്പം ഒപ്പം നശിക്കുന്നത് അതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്സ് കൂടെയാണ്" അതിനു ഇട വരാതിരിക്കട്ടെ .

ഇവിടം സ്വർഗ്ഗമാണു ആസ്വദിക്കുക!! പ്രകൃതി മനുഷ്യന് മാത്രം നൽകിയ ഈ ഭാഗ്യത്തെ ഉപയോഗിച്ചു നശിപ്പിക്കാതിരിക്കാം.നാളെ വരുന്ന ഒരു  തലമുറയ്ക്ക് ഇതെല്ലാം കാണുവാനും ഉപയോഗിക്കുവാനും ജീവിക്കുവാനും. സ്വസ്ഥമായി തങ്ങളുടെ ജീവിത ചക്രത്തിൽ ജീവിച്ചു പോകുന്ന മറ്റു ജീവികളെ അവരുടെ ആവാസ വ്യവസ്ഥയിൽ കടന്നു ഉപദ്രവിക്കാതിരിക്കാം. ഓർക്കുക അവർക്കു നമ്മളുടെ ആവശ്യം ഇല്ല .അവർക്കു മനുഷ്യർ ഇല്ലെങ്കിലും ജീവിക്കുവാൻ അറിയാം. എന്നാൽ മനുഷ്യൻ ? നമ്മുടെ അതിജീവനത്തിനു ഭൂമിയിലെ എല്ലാ ജീവനുകളും സ്വസ്ഥമായി ഇരിക്കണം.ഈ ഭൂമി ഒരു ചവറ്റു കോട്ട ആയി മാറ്റപ്പെടേണ്ട സ്ഥലം അല്ല !!

ഭാവിയിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ ഒരു യുദ്ധമല്ല ഉണ്ടാവേണ്ടത് .പ്രണയമാണ് വേണ്ടത്! ആ പ്രണയത്തിൽ നിന്നും നന്മ മാത്രമേ ഉണ്ടാവുകയുള്ളു! അലസത ആർത്തി ക്രോധം എന്നീ തൃഗുണങ്ങൾ ഇല്ലാതാവുമ്പോൾ അവിടെ പ്രണയം രൂപപ്പെടുന്നു.സ്നേഹിക്കാം പ്രണയിക്കാം ജീവിക്കാം ജീവിക്കാൻ അനുവദിക്കാം!പ്രകൃതിക്കു വേണ്ടിയല്ല മനുഷ്യനെന്നും. മനുഷ്യന് വേണ്ടിയാണ് പ്രകൃതി എന്നും ചിന്തിക്കുക !

KV.Vishnu
13/04/2019

Thursday 11 April 2019

സ്പിതി താഴ്വര - 5 (My Trip to Spiti Valley)

ഓഗസ്റ്റ് പതിനഞ്ചു സ്വാതന്ത്ര്യ പുലരിയിൽ കാണു തുറന്നതു സ്പിതിയുടെ തണുത്ത പ്രഭാതത്തിലേക്കായിരുന്നു , ഇന്ന് സ്പിതിയോടു വിട പറയുകയാണ് അതിനു മുൻപ് രണ്ടു ബുദ്ധിസ്റ് മൊണാസ്ട്രികളിൽ കൂടെ ഒരു യാത്രയുണ്ട് അത് കഴിഞ്ഞു അടുത്തു ദിവസം പുലർച്ചെ കാസയിൽ നിന്നും മണാലിയിലേക്കും അവിടുന്ന് ഡൽഹി പിന്നെ നേരെ പാലക്കാട് !

തലേന്ന് മഞ്ഞു കൊണ്ട് തളർന്നത് കൊണ്ടാവണം നേരം വൈകിയിട്ടും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല കുറച്ചു നേരം തളർന്നു കിടന്നു , അവസാനം ചൂടോടെ ഒരു കട്ടൻ കിട്ടിയപ്പോൾ ആ തളർച്ച ക്ഷണ നേരം കൊണ്ട് മാറി. ആരോ മരിച്ചു പോയ കാരണത്താൽ സ്പിതിയിലെ കടകൾ എല്ലാം അടച്ചു ഗ്രാമീണർ എല്ലാരും സംസ്കാര ചടങ്ങുൾക്കായി പുഴയോരത്തായിരുന്നു .ഏതാണ്ട് പന്ത്രണ്ടു മണിയോടെ ഗ്രാമത്തിനു വീണ്ടും ജീവൻ വെച്ചു.ഒരു വണ്ടി തിരിച്ചേൽപ്പിച്ച ശേഷം ഞങ്ങൾ രണ്ടു വണ്ടികളിൽ ആയി ധങ്കർ മൊണാസ്റ്ററി സന്ദർശിക്കാൻ പുറപ്പെട്ടു .

Dhankar Monastery - ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ബുദ്ധമത മൊണാസ്ട്രികളിൽ ഒന്ന് കാസയിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്ററിന് മുകളിൽ ദൂരം ഉണ്ട് ഉദ്ദേശം ഒന്നര മണിക്കൂറോളം എടുത്തു അവിടെ എത്തിപ്പെടാൻ shichiling എത്തണം പിന്നെ അവിടുന്ന് ഒരു ഡസനോളം ഹെയർപിൻ വളവുകൾ താണ്ടി മല മുകളിൽ ഉള്ള മൊണാസ്റ്ററിയിൽ എത്തണം. ഇത്രെയും കഷ്ട്ടപെട്ടു അവിടെ എത്തിയെങ്കിലും പുറമെ നിന്നും മാത്രമേ കാണുവാൻ സാധിച്ചുള്ളൂ അടച്ചിരിക്കുന്നു സമയമായതിനാൽ അകത്തു കേറാൻ സാധിച്ചില്ല . അവിടുന്ന് സുധീറും ശരത്തും ട്രെക്കിങ്ങിനു പോകാം എന്നും പൂജ ടാബോ മൊണാസ്റ്ററി സന്ദർശിക്കണം എന്ന് അഭിപ്രായപ്പെട്ടു !

Dhankar Monastery 

Dhankar Village 

ആരോഗ്യം എന്നെ ട്രെക്കിങ്ങിനു സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞങ്ങൾ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു ഞാനും പൂജയും ടാബോ യിലേക്കും അവർ രണ്ടു പേരും ധങ്കർ ലേക്ക് ട്രെക്കിങ്ങും പോകാൻ തീരുമാനിച്ചു തിരിച്ചു കാസയിൽ കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . പോകുമ്പോൾ ശരത്തിന്റെ പിന്നിൽ ഇരുന്നത് കാരണം ഹെയർ പിന്നുകളുടെ പേടി ഇണ്ടായിരുന്നില്ല എന്നാൽ ടാബോ യിലേക്ക് ഞാൻ ഓടിക്കേണ്ട സ്ഥിതി സംജാതമായപ്പോൾ ശെരിക്കും കഷ്ട്ടപെട്ടു ഉദ്ദേശം ഒരു മണിക്കൂറിനു മുകളിൽ എടുത്തു ഈ ഹെയർ പിന് വളവുകളും എന്റെ (virtgo)യും തരണം ചെയ്തു shichling എത്താൻ.

അവിടെ എത്തിയപ്പോൾ ആണ് ഒരു കാര്യം ഓർത്തത് പെട്രോൾ ഗണ്യമായി കുറഞ്ഞിരിക്കുന്നു ഇനിയും മുപ്പതു കിലോമീറ്റർ ടബോയിലേക്കും തിരിച്ചു അറുപതു കിലോമീറ്റെർ കാസയിലേക്കും വണ്ടി ഓടി എത്തണം .ആകെ ഉള്ള പെട്രോൾ പമ്പു കാസയിലും?! ആരോ പറഞ്ഞ ഒരറിവിൽ ടാബോ യിലെ കടകളിൽ പെട്രോൾ ലഭ്യമാണ് എന്ന് വിവരത്തിന്റെ പുറത്തു മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു .

ഉദ്ദേശം ഒരുമണികൂറിനു മുകളിൽ ആയ ആ യാത്ര വളരെ മനോഹരവും അതോടൊപ്പം അപകടകരവും ആയിരുന്നു !! സ്പിറ്റി നദിയുടെ തീരത്തു കൂടിയുള്ള യാത്ര മനോഹരമായിരുന്നെങ്കിൽ ഏതു സമയവും കാല് വീഴ്ചക്കു തയ്യാറായി നിൽക്കുന്ന പർവതങ്ങൾ അപടകരവും ആയിരുന്നു .കുറച്ചു കഷ്ട്ടപെട്ടുവെങ്കിലും വലിയ ബുദ്ധിമുട്ടിലാതെ ഞങ്ങൾ ടാബോ എത്തിച്ചേർന്നു !

Tabo Monastery - ധങ്കറിനെക്കാൾ പഴക്കം ഉള്ള മൊണാസ്റ്ററി ആണ് ടാബോ അക്കാര്യത്തിൽ ഇവർക്ക് രണ്ടു കൂട്ടർക്കും ഇടയിൽ ഒരു മൂപ്പിളമ തർക്കം നില നിൽക്കുന്നുണ്ടു. ഗവേഷകരുടെ ഉത്തരം ടാബോ ആണ് ഏറ്റവും പഴയതു എന്നും അവരുടെ പ്രാചീന ഗ്രന്തങ്ങൾ പ്രകാരം ധങ്കർ ആണത്രേ ഏറ്റവും പഴയതു . അതെന്തായാലും നമ്മളെ ബാധിക്കുന്ന വിഷയം ഒട്ടുമേ അല്ലാത്തത് കൊണ്ട് കൂടുതൽ ആലോചിക്കുന്നില്ല . പർവത മുകളിൽ കാണുന്ന ചെറിയ ചെറിയ ഗുഹകൾ ആണ് അവിടെ ആദ്യം എന്റെ ശ്രദ്ധയെ എതിരേറ്റത് , തുടർന്നുള്ള അന്വേഷണത്തിൽ ആചാര്യന്മാരും മഹർഷിമാരും അതി ശൈത്യ കാലങ്ങളിൽ പോലും അവിടേക്കു തപസ്സിനായി വരുമത്രെ . ഏതാനും ദിവസങ്ങൾക്കു ശേഷം അവിടെ നിന്ന് പോവുകയും ചെയ്യും .

Tabo Monastery 

Himalayan Caves 



അവിടുന്ന് നേരെ ടാബോ മൊണാസ്ട്രിക്ക്‌ ഉള്ളിലേക്ക് കടന്നു രണ്ടു മൊണാസ്ട്രികൾ ആണ് ഉള്ളത് AD 960 ൽ സൃഷ്ടിക്കപ്പെട്ട മൊണാസ്റ്ററി 70 ശതമാനവും തകർന്നു ഇപ്പോൾ അതിന്റെ അതെ രൂപത്തിൽ അവിടെ തന്നെ പുതിയ മൊണാസ്ട്രി അവര് കെട്ടിയിട്ടുണ്ട്. ഞങ്ങൾ പഴയ മൊണാസ്ട്രിയിലേക്കു കടന്നു അകത്തു അതി പുരാതനമായ മ്യൂറൽ ചിത്രങ്ങളും വിഗ്രഹങ്ങളും ഉള്ളത് കൊണ്ട് കാമറ കടത്തി വിട്ടില്ല , പുസ്തകങ്ങളിൽ വായിച്ച ആ മിസ്റ്റിക് താന്ത്രിക ബുദ്ധിസത്തിന്റെ കലവറ ആയിരുന്നു അതിന്റെ അകം മുഴുവൻ .

കേവലം ചിത്രങ്ങൾ ആയിരുന്നില്ല അവ താന്ത്രിക ബുദ്ധിസത്തിന്റെ ആരാധ്യ മൂർത്തികളായ ഡാകിനി ദേവതമാരുടെ ചിത്രങ്ങളും വിഗ്രഹങ്ങളും ആയിരുന്നു അകം മുഴുവൻ . ഒന്നിലും തൊട്ടു നോക്കാൻ അനുവാദമില്ല . പകച്ചു പോയ നിമിഷങ്ങൾ ആയിരുന്നു ആ കൊച്ചു മുറി കണ്ടു നടന്നപ്പോൾ എന്റെ അവസ്ഥ. വജ്രവാരാഹി ദേവതമാരുടെ ചിത്രങ്ങൾ ആ മൂകാന്തരീക്ഷത്തിൽ എന്നെ ഭയപ്പെടുത്തി. ഓരോന്നിലും അതി നിഗൂഢത ഒളിഞ്ഞിരിക്കുന്നു. മറ്റൊരു പ്രത്യേകത അവിടെ ശ്രദ്ധിച്ചത് എന്നും ശാന്ത രൂപത്തിൽ കണ്ടിരുന്ന ശ്രീ ബുദ്ധന്റെ രൗദ്ര രൂപമാണ് ഇവിടെ !!  ഒരു യുവ സന്യാസി അതിന്റെ പ്രത്യേകതയും പറഞ്ഞു തന്നു നമ്മുടെ ഉള്ളിലെ നെഗറ്റീവ് ചിന്തകളെയും ശക്തിയെയുംഇല്ലായ്മ ചെയുന്നു ശ്രീ ബുദ്ധൻ ആ ക്രോധം വെളിപ്പെടുത്തുന്നത് ആ തിന്മയോടു ആണത്രേ അതിനാൽ ആണ് ആ രൗദ്ര രൂപം !

ഏതാണ്ട് മണിക്കൂറിനു മുകളിൽ അവിടെ മുഴുവൻ സന്ദർശിച്ചും കഥകൾ കെട്ടും ഞങ്ങൾ തിരിച്ചു കാസയിലേക്കു പുറപ്പെട്ടു . അടുത്ത ദുഃഖ വർത്തമാനം അപ്പോഴാണ് അറിയുന്നത് ടാബോവിൽ എവിടെയും പെട്രോൾ കിട്ടാൻ ഇല്ല . കുറച്ചു നേരം വണ്ടികൾക്ക് കൈ കാണിച്ചു പെട്രോൾ കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും ഫലം ഇല്ല !! ടാങ്ക് തുറന്നു നോക്കിയപ്പോൾ ഒരു കഷ്ടി കുറച്ചു പെട്രോൾ മാത്രമേ അവശേഷിക്കുന്നുള്ളു എന്തായാലും എത്തുന്ന വരെ എത്തട്ടെ എന്ന് കരുതി മറ്റൊന്നും നോക്കിയില്ല ഫുൾ സ്പീഡിൽ അങ്ങോട്ട് വിട്ടു !! മനസ്സ് മുഴുവൻ പെട്രോൾ ആയതു കൊണ്ട് മുന്നിൽ ഉള്ള റോഡ് അല്ലാതെ മറ്റൊന്നും കണ്ടില്ല . ഉയരവും താഴ്ചയും കാണുമ്പോൾ ഉള്ള പേടിയും തോന്നിയില്ല !

ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചു കാസ എത്തി നേരെ പോയത് പെട്രോൾ പമ്പിലേക്കായിരുന്നു അവിടെ ചെന്ന് അത് ഫുൾ ടാങ്ക് ആക്കിയപ്പോൾ ആണ് സമാധാനമായത് !! എന്തായാലും എന്റെ ആദ്യ ഹിമാലയൻ യാത്രാനുഭവങ്ങൾക്കു അതോടെ വിരാമം തുടങ്ങുകയായിരുന്നു . പിറ്റേന്ന് കാലത്തു അഞ്ചു മണിക്കുള്ള ബസിൽ ചന്ദ്ര നദിയുടെ ഓരം ചേർന്ന് ഹിമാലയത്തിന്റെ പച്ചപ്പിന്റെ സൗന്ദര്യം കണ്ടു വെള്ളച്ചാട്ടങ്ങൾക്കു അടുത്ത് കൂടെ റോഹ്‌തങ് പാസ് എന്ന മനോഹരിയായ ചുരവും ചുറ്റി മണാലിയിലേക്കു കടന്നു അവിടുന്ന് അന്ന് വൈകീട്ട് തന്നെ ഉള്ള ബസിൽ ഡൽഹിയിലേക്കും വിട്ടു .

Chathru 

Chandra River 

Bara Shingri Glaciers 

kunzum Pass (Base to Chandra Tal Lake)

മണാലി എത്തിയതും നഷ്ട്ടപെട്ട മൊബൈൽ സിഗ്നലുകൾ തിരിച്ചു കിട്ടി അപ്പോഴാണ് കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ വിശദാംശങ്ങൾ അറിയുന്നത് . പുറം ലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞ അഞ്ചു ദിവസങ്ങൾ , വിശ്വസിക്കാൻ ആയില്ല . മൂന്നു ദിവസത്തെ കേരള എക്സ്പ്രസ്സ് യാത്രക്ക് ശേഷം മൂന്നാം നാൾ വെളുപ്പിനെ എന്റെ പാലക്കാടിന്റെ മണ്ണിൽ തിരിച്ചെത്തി ചേർന്നു !! ഇനി എങ്ങോട്ടു അടുത്ത യാത്ര എന്നറിയില്ല അത് വരേയ്ക്കും ഈ യാത്രയുടെ ഓര്മകളിൽ കഴിയണം !!!

KV.Vishnu
11/04/2019

ഹൈക്കു കവിതകൾ - PART 1

ആത്മാവ്  

എന്നിൽ നിന്നകന്നുനീ നിന്നപ്പോൾ 
യെൻ ദ്വന്ത്വമായി കണ്ടു നിന്നെ 
എന്നിൽ നീയലിഞ്ഞപ്പോൾ
ശൂന്യത മാത്രം ബാക്കിയായി!!

മരണം

അറിയാതെ പറയാതെ വന്നെൻ 
മായയിൽ രമിച്ചോരു സ്വത്വത്തെ 
മോചിപ്പിക്കും പ്രകൃതി തൻ ഏക സത്യം !

"Death is the catalyst between
 soul & nature, to become one"

യാത്ര

അറിയാ വഴികൾ തേടി
കാറ്റു പാടും പാട്ടിൻ താളം തേടി
കാടിൻ തുടിക്കും ഹൃദയം തേടി
പ്രകൃതി തൻ ആത്മാവിൽ അലിയാൻ !!

പ്രണയം

ബുദ്ധന്റെ ചിത്തത്തിൽ ഉദയമായി
വിരിഞ്ഞൊരീ സങ്കല്പം!
റൂമിയും ഓഷോയും പാടിയൊരീ സങ്കല്പം
വിദ്വേഷം വേരറുക്കപെട്ട ഹൃത്തിൽ
വിരിയുന്നൊരീ ദൈവ സങ്കല്പം !!

കവിത 

പദങ്ങൾ കൊണ്ടു നെയ്തോരെൻ സ്വപ്ന-
മൊരു നദിയായിയൊഴുകി സാഗര ഹൃദയം
തേടി ! അഴൽ  മൂടിയോരെൻ മന-
മാ സ്വപ്നത്തെ നീരാവിയാക്കി !!

KV.Vishnu
11/04/2019

-

Tuesday 2 April 2019

സ്വാർത്ഥം

സ്വാർത്ഥം സർവത്ര സ്വാർത്ഥം 
സ്വാർത്ഥത്തിൻ മൂർത്തരൂപമായി 
മരുവുന്നു  ചില  ജന്മങ്ങൾ !

നാളെയുടെ വ്യർത്ഥ ശങ്കയിൽ 
ഇന്നിന്റെ ജീവിതം തുലക്കുന്ന!

ഇന്നിന്റെ സ്വാർത്ഥം കൊണ്ട് 
നാളെയുടെ സ്വപ്‌നങ്ങൾ തകർക്കുന്ന!

അഹംബോധം മുറ്റി സർവ്വവുമെൻ
കീഴെയെന്നു ചിന്തിച്ചു സ്വജീവിതം
നരകമാക്കുന്ന ! 

തരുവിൻറെ രക്തമൂറ്റി വളരുന്നൊരീ 
ഇത്തിൾ പോലെ യീ  പ്രകൃതി തൻ 
ജീവനൂറ്റി വളരുന്ന  !

"ചില ജന്മങ്ങൾ"! 

ഒടുവിലൊരുനാൾ തണലേകിയൊരാ 
തരുവിനോടുത്തു നശിക്കുന്ന 
ഇത്തിൾ തൻ ജന്മം കണക്കെ 

നിൻ ജീവിതമൊടുങ്ങുമ്പോൾ കൂടെ-
യൊടുങ്ങും നിൻ സ്വാർത്ഥവും ! 

KV.Vishnu
01/04/2019

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...