Saturday 28 July 2018

നിള


ചേലെഴുന്നൊരു ചേരനാട്ടിൻ ചേലേറിയ - 
മമ ഭാഷ തൻ താതനു ജന്മമേകിയ ജനനി !
ആചാര്യൻ തന്നുടെ നാവതിൽ നിന്നുതിർ -
ന്നൊരാ സരസ്വതി കടാക്ഷം പോലനന്തമാ -
യെന്നും വറ്റാതെയൊഴുകുകയിരുകരയും തഴുകി,

ശങ്കരൻ തന്നുടെ ജടക്കലങ്കാരമാകുന്ന ദേവി
രൗദ്രരൂപിണിയായി തകർക്കുക നീ !
മർത്ത്യന്റെ ആർത്തി കെട്ടിയൊരീ കെട്ടുക - 
ളെലാം തകർക്കുക  ജനനി,  നീ ശാന്തയായി
യൊഴുകി തവ ലക്ഷ്യം ചേരുന്നിടം വരെക്കും !

KV.Vishnu
28/07/2018

Saturday 7 July 2018

"TRIP STARTS TO THE HIDDEN GEM"



ഗന്ധി കോട്ട -


ശരത്തും അലിയും ഞാനും ഒന്നിച്ചു പോയ ആദ്യ ദീർഘ ദൂര യാത്ര . ആ ഓർമകൾക്ക് ഈ മാസം ഒന്നാം പിറന്നാൾ ആയിരിക്കുന്നു . പെട്ടെന്നെടുത്ത ഒരു യാത്ര തീരുമാനം ആയിരുന്നു ഗന്ധി കോട്ട എന്ന സ്ഥലത്തേക്ക് . ഒരു പാട് നാളുകൾക്കു മുന്നേ എവിടയോ വായിച്ച ഒരു യാത്രാ വിവരണത്തിന്റെ ഓർമയിൽ  മറക്കാതെ കിടന്നൊരു മുത്ത് "An Hidden Gem" അതിന്റെ ഫലമാണ് ഈ യാത്ര.

ഒരു സാധാരണ സംഭാഷണത്തിനിടക്ക് ശരത് ചോദിച്ചു " തടിയാ നമുക്ക്  ഒരു ട്രിപ്പ് പോകാം" അവന്റെ കൂടെ ഏതു പാതാളത്തിലേക്കു പോകാൻ തയാറുള്ള എന്നോട് ഇങ്ങനൊരു ചോദ്യം തന്നെ അപ്രസക്തം :) എന്നതാണ് സത്യം. എന്തായാലും ഞങ്ങളുടെ മൂവർ സംഘത്തിലെ മാന്യൻ എന്ന സ്വയം പര്യവേഷം ചാർത്തി നാട്ടുകാർക്ക് യാതൊരു കുറ്റവും പറയാൻ ഇടവരുത്തരുത് എന്ന ഏക ലക്ഷ്യത്തെ തന്റെ ജന്മ ലക്ഷ്യമാക്കി മാറ്റിയ അലി അന്ന് നാട്ടിൽ ലീവിന് എത്തും എന്നത് ഈ യാത്രക്ക് പൂർണതയും ആയി.എന്തായാലും അലിയും കൂടെ യാത്രക്ക് പച്ച കൊടി കാണിച്ചു വരാം എന്ന് പറഞ്ഞു. പതിവ് പോലെ എല്ലാ യാത്രകൾക്കും സംഭവിക്കാനുള്ള ആദ്യ ദുരന്തം ഈ യാത്രക്കും നടന്നു എന്നിരുന്നാലും ഒരു ദിവസം കൂടി മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ എന്നത് മഹാ ഭാഗ്യം. രണ്ടാമതൊരു ദുരന്തം ഈ യാത്രയെയും തേടിയെത്തേണ്ടിയിരുന്ന സാഹചര്യം കൂടെ വന്നെങ്കിലും . എന്റെ അസാമാന്യ ബുദ്ധി വൈഭവം കൊണ്ടും സന്ദർഭോചിതമായ എന്റെ മാനസിക വികാരം നിയന്ത്രിക്കാൻ കഴിഞ്ഞതും ഒരു വൻദുരന്തം ഒഴിവാക്കി.

ഇല്ലെങ്കിൽ ഒരു തുണി കഴുകി ഇട്ടു എന്ന കാരണം കൊണ്ട് ഈ യാത്ര മുടങ്ങിയേനെ അല്ല മുടക്കിയേനേ . എന്തായാലും അത് മുടക്കാതിരുന്ന നല്ല മനസ്സിനു  ശരത്തെ നിനക്ക് നന്ദി . എന്തായാലും എന്റെ മനസിലൂടെ ആ സന്ദർഭത്തിൽ ഓടിയ സരസ്വതി വചനങ്ങൾ പൂർണമായി ഉൾക്കൊണ്ട് പിന്നീട് അവൻ എന്നോട് ചോദിച്ചു " സത്യത്തിൽ നീയെന്നെ അന്ന് ഒരു പാട് തെറി മനസ്സിൽ പറഞ്ഞില്ലേ ". അതെ ഉവ്വ് അന്ന് ഞാൻ അവന്റെ വീട്ടിൽ വിളിക്കാൻ പോകുമ്പോൾ ആ പുറം തിരിഞ്ഞുള്ള കിടപ്പു അത് ഒരു ആഭ്യന്തര കലഹത്തിന്റെ ബാക്കി പത്രം ആണെന്ന് അവന്റെ കണ്ണുകളും പിന്നെ ആ ഓഞ്ഞ ചിരിയും എന്നോട് പറഞ്ഞപോലെ തന്നെ  എന്റെ ആ പെട്ടെന്നുള്ള അതി വിനയവും എന്റെ മുഖത്തെ ഓഞ്ഞ ചിരിയും കണ്ടപ്പോൾ അവനും മനസിലാക്കി എനിക്ക് പറയാനുള്ളത് എന്താണെന്ന്.
അതിനെയാണ് സായിപ്പ് "FRIEND SHIP" എന്ന് പറഞ്ഞത് , ഒന്നും വിശദികരിക്കേണ്ട   ആവശ്യം ഇല്ല ഞങ്ങൾ മൂന്നു പേർക്കും ഇടയിൽ എന്ന് പലപ്പോഴും തോന്നും അപ്പോൾ ,. റൂമി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വരും  " നിന്റെ കാൽപാദം പതിയുന്ന മണ്ണിൽ നിന്റെ സുഹൃത്തിന്റെ കാലടി നീ കാണും ".

യാത്രയുടെ ആദ്യ പാതി സംഭവ ബഹുലം തന്നെ ആയിരുന്നു ഞങ്ങൾ നേരത്തും കാലത്തും ഒന്ന് പുറപ്പെട്ടില്ല എങ്കിലും അന്ന് തീവണ്ടി കൃത്യമായി വന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർക്കു പോകേണ്ട  ടിക്കറ്റ് എടുത്തില്ല. പക്ഷെ  ഞങ്ങൾ സത്യസന്ധർ ആണല്ലോ TTR നെ നേരിൽ  കണ്ടു കാര്യം പറഞ്ഞു സർ ടിക്കറ്റ് എടുക്കാൻ പറ്റിയില്ല ഞങ്ങൾ കോയമ്പത്തൂർ ഇറങ്ങുമ്പോ എടുക്കാം എന്ന് വണ്ടി ഓടി കൊണ്ടിരിക്കുന്നത് കൊണ്ടും ഇറക്കി വിടാൻ വേറെ നിർവാഹം ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ സത്യാ സന്ധതക്ക് അദ്ദേഹം "FINE" എന്ന ഓമന പേരിൽ 300 രൂപ ഒപ്പിട്ടു തന്നു (900 ആണ് പറഞ്ഞത് തേച്ചു തേച്ചു 300 ആക്കിയതാണ്")

എന്തായാലും കോയമ്പത്തൂർ നിന്നും ടിക്കറ്റ് എടുക്കാൻ സാധിച്ചില്ല പിന്നെ അടുത്ത വല്യ സ്റ്റോപ് ഈറോഡ് ആണ് അവിടെ  കുറച്ചു നേരം കൂടുതൽ വണ്ടി നിർത്തും എന്നറിഞ്ഞത് കൊണ്ടും അവിടന്നു എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു . അങ്ങനെ ഈറോഡ് എത്തി ഞങ്ങളുടെ മാർഗ ദർശിയും  കാര്യശേഷി പുംഗവനും സൂര്യന് ചുവട്ടിലെ ഏതു കാര്യത്തെ കുറിച്ചും സംസാരിക്കാനും ഉപദേശിക്കാനും യാതൊരു മടിയും ഇല്ലാത്ത ഞങ്ങളുടെ പ്രിയ സ്നേഹിതൻ ഇപ്പൊ വാരം എന്നും പറഞ്ഞു പോയി . നേരം കുറച്ചായി ഞാൻ കാത്തിരുന്നു  അപ്പോൾ അതാ വരുന്നു ഒരു കയ്യിൽ മിച്ചർ പാക്കറ്റും മറുകയ്യിൽ വെള്ളം കുപ്പിയും പിന്നെയും എന്തൊക്കെയോ തിന്നാൻ (സംഗതി എനിക്ക് വേണ്ടി ആണ് ) ആ വരവ് കണ്ടപ്പോ ഞാൻ അലിയോട് പറഞ്ഞു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാം കൊണ്ട് വരുന്നുണ്ട്.

സംഗതി ആത്മഗതം ആണെങ്കിലും ഗുളികൻ നാക്കിൽ കയറിയ പോലെ ആയി അവൻ എടുത്ത ടിക്കറ്റ് കളഞ്ഞു കുളിച്ചു. ഹായ് മനസ്സിൽ ലഡ്ഡു പൊട്ടി അവസാനം അദ്ദേഹത്തിന്റെ ഒരു തീരുമാനം പറയുകയും ഞങ്ങൾ ഐക്യകണ്ടേനേ അംഗീകരിച്ചു ( ഉള്ളിൽ പേടിയോടെ ആണെങ്കിലും ) ഇനി നമ്മൾ ടിക്കറ്റ് എടുക്കുന്നില്ല. ഈ തീരുമാനത്തിനു എടുത്ത ശേഷം  വെള്ളയും കറുപ്പും ഇട്ടു ആര് കേറിയലും എനിക്കും അലിക്കും " BP 200" നും മുകളിൽ പോകും. പക്ഷെ കഥാനായകൻ എന്നെ പിടികൾക്കണെങ്കിൽ പട്ടാളം വരണം എന്ന മുഖ ഭാവത്തോടെ യാതൊരു കൂസൽ ഇല്ലാതെ ഇരുന്നു. എന്തായാലും വാതിലിൽ നിന്നും ബാത്‌റൂമിൽ കെറിയും ഞങ്ങളും , കഥാനായകൻ "കുറച്ചു പരിഷ്കാരിയാ " അദ്ദേഹം സദ് ഗുരുവിന്റെ ഒരു പുഴ സംരക്ഷണ പ്രചാരകർ ട്രെയിനിൽ വന്നിരുന്നു  അവരുടെ കൂടെ ഒരു  അറ്റം മുതൽ മറ്റേ തലക്കൽ വരെ  ടെൻഷനും കൂടാതെ പ്രചാരവും ഓക്കേ ആയി  ബാംഗ്ലൂർ എത്തി (ഒരു വിധം )

ബാംഗ്ലൂർ നഗരത്തിലെ രാത്രി കാഴ്ചകൾ എനിക്ക് പുതിയ അനുഭവം ആയിരുന്നു രാത്രി പത്തു പന്ത്രണ്ടു  കഴിഞ്ഞിട്ടും ആ നഗരം ഉറങ്ങാറില്ല . മനോഹരം അവടെ രാത്രികൾക്കും ദിവസങ്ങൾക്കും മരണമില്ല എന്ന് തോന്നി . ഉള്ളിൽ ഒന്ന് കുറിക്കുകയും ചെയ്തു ഒരിക്കൽ കൂടെ വീണ്ടും വരണം എന്നിട്ടു ബാംഗ്ലൂർ നഗരത്തിലൂടെ രാത്രി മുഴുവൻ ചുറ്റി കറങ്ങണം.

ബാംഗ്ലൂർ നിന്നും വല്യ പ്രയാസം കൂടാതെ തന്നെ ആദ്യ "destination" ആയ പ്രോദ്ധട്ടൂർ ഏത്തി ഏതാണ്ട് 7 - 8 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് prodhattor  എത്താൻ.  അവിടെ  നിന്നും നേരെ ജമൽമടുഗു എന്ന സ്ഥലത്തേക്ക് , 20 മിനിറ്റ് എടുത്തു ജമലമടുഗു   എത്താൻ അവിടെ  എത്തി ഉടൻ  തന്നെ ഒരു മുറി എടുത്തു , മുറിയെ കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം 500 രൂപ വാങ്ങിയിട്ട് 150 രൂപയുടെ വൃത്തിയുള്ള മനോഹരമായ മുറിയാണ് കിട്ടിയത് എന്ന് മാത്രം.

ഉള്ള സൗകര്യത്തിൽ കുളിയൊക്കെ തീർത്തു ഞങ്ങൾ പുറപ്പെട്ടു യാത്ര ലക്ഷ്യമായ ഗന്ധി കോട്ട ലക്ഷ്യമാക്കി ഒരു ഓഞ്ഞ ഓട്ടോറിക്ഷയിൽ (150 പറഞ്ഞു ഇറങ്ങുമ്പോ 250 വാങ്ങിയ അവന്റെ ഓട്ടോയെ ഇതിൽ കൂടുതൽ മനോഹരമായി എങ്ങനെ ഞാൻ പറയും ) കാഴ്ചകൾ മനോഹരമായിരുന്നു ഉദ്ദേശം ഒരു കിലോമീറ്റർ കഴിഞ്ഞപ്പോ തന്നെ "വികസിത ടൗൺ " ആയ ജെമ്മൽമടുഗു മറ്റൊരു മുഖം കാണിക്കാൻ തുടങ്ങി " നമ്മളെക്കാൾ 50 കൊല്ലം ഇപ്പോഴും പുറകെ ജീവ്യ്ക്കുന്ന ആന്ധ്ര ഗ്രാമങ്ങളുടെ മുഖം"
വീണ്ടും കുറച്ചു കൂടെ പോയതോടെ പിന്നീട് മനുഷ്യവാസമില്ലാതെ ഏക്കറുകളോളം പരന്നു കിടക്കുന്ന പെണ്ണാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ . ആയി വഴിയോരാം മുഴുവൻ വല്യ വല്യ കല്ലുകൾ കൂട്ടി ഇട്ടിരിക്കുന്നു ഒറ്റവാക്കിൽ വിവരിക്കാമെങ്കിൽ ആ സ്ഥലത്തിനെ "AN ABANDONED PLACE"  എന്ന് വിളിക്കാം.

കേട്ട കഥകൾ വെച്ച് നോക്കിയാൽ ആളുകളെ തല്ലി കൊന്നു ഇവിടെ കൊണ്ടിട്ടാൽ ചീഞ്ഞു മണിനോട് അലിഞ്ഞില്ലാതായാലും ഒരു കുഞ്ഞും അറിയില്ല " ഈ കാലഘട്ടത്തിലും ", അങ്ങനെയുള്ള ആ റോഡ് ചെന്നെത്തുന്നത് ജോർജ് ഫോർട്ട് ന്റെ മുന്നിൽ ആണ് അവടെ ഓട്ടോ ഇറങ്ങി കാശും കൊടുത്തു ഒരു കുപ്പി വെള്ളം വാങ്ങി ശരത്തിന്റെ വാട്ടർ പൗച്ചിലും ഒരു കുപ്പി വെള്ളം കയ്യിലും ആയി ഞങ്ങൾ  കോട്ടക്ക് അകത്തേക്കുള്ള യാത്ര ആരംഭിച്ചു . ചെറിയ ഒരു കോട്ടയല്ലേ ഇപ്പൊ തീരും എന്ന് തുടങ്ങിയതാണ് പക്ഷെ നടക്കും തോറും കാഴ്ചകളുടെ പെരുന്നാൾ തന്നെ ഉണ്ടായിരുന്നു ഉള്ളിൽ. ഉദ്ദേശം 10 ഏക്കറിൽ കവിയാത്ത ആ സ്ഥലം മുക്കാലും ഞങ്ങൾ ട്രെക്ക് ചെയ്തു .

ചാര്മിനാറിന്റെ ചെറു രൂപം, കോട്ടയോടു ചേർന്ന ഒരു തടവറ , ഉള്ളിൽ വവ്വാലുകളുടെ കാഷ്ടത്തിന്റെ ദുർഗന്ധവും പേറി നിൽക്കുന്ന "മാധവരായർ ക്ഷേത്രം, ജുമാ മസ്ജിദ് തുടങ്ങി 13ആം നൂറ്റാണ്ടിന്റെ "Engineering Skills" അതിന്റെ ഒരു ഹൈപ്പ് തന്നെയാണ് ഈ കോട്ട മുഴുവൻ എന്നാൽ പുരാവസ്തു വകുപ്പോ കേന്ദ്ര / സംസ്ഥാന ഗവണ്മെന്റുകളോ  തന്നെ ഇതെല്ലം കാത്തു സൂക്ഷിക്കാൻ വേണ്ട യാതൊരു പരിശ്രമവും നടത്തുന്നില്ല എന്നുള്ളത് ഈ ചരിത്രം ഇനി എത്ര നാൾ കൂടെ എന്ന ചോദ്യം യാത്രികരിൽ ഉണർത്തും. ഈ കോട്ടക്കു ചുറ്റും താമസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം കൂടെയുണ്ട് ഏകദേശം 200 - 300 ല്‍  കൂടാത്ത ഗ്രാമവാസികൾ അവർ വോട്ടു ചെയ്യാൻ മാത്രം വിധിക്കപെട്ട ജന്മങ്ങൾ ആയി തോന്നി.

ഞങ്ങൾ കോട്ടയുടെ  ചുറ്റു  മതിലിനോട് ചേർന്ന്  നടത്തം ആരംഭിച്ചു കോട്ടക്ക് അപ്പുറം ചെമ്മൺ നിറമാർന്ന കൂർത്ത കല്ലുകൾ നിറഞ്ഞ കൊക്കയാണ് ദൂരെ ഏക്കറുകൾ ഓളം പറന്നു കിടക്കുന്ന തരിശു ഭൂമിയും സൂര്യന്റെ പൊള്ളുന്ന ചൂടും, ഒരുകാലത്തു നിറഞ്ഞൊഴുകിയ ഒരു പുഴയുടെ ("പെണ്ണാർ") അവളുടെ കണ്ണീരു മാത്രം ബാക്കിയാക്കി ഒരു നീർച്ചാലായി മാറിയ ദുഃഖകരമായ കാഴ്ചയും എല്ലാം കണ്ടു ഞങ്ങൾ നടന്നു പെട്ടെന്ന് എവിടെ നിന്നോ എത്തിയ ഒരു ചാറ്റൽ മഴ കുറച്ചു നേരത്തേക്ക് ആ സ്ഥലത്തെ സുന്ദരിയാക്കിയോ എന്ന് തോന്നിപ്പിച്ചു . മഴക്കെന്നും സൗന്ദര്യം ആണല്ലോ " നിത്യ സുന്ദരിയും വശ്യ മോഹിനിയും". മഴ തുടങ്ങിയപ്പോൾ ഒരു മരച്ചുവട്ടിൽ ഞങ്ങൾ കുറച്ചു നേരം ആ ഭംഗി ആസ്വദിച്ച് ആ പുഴയെയും നോക്കി ഇരുന്നു . മനസ്സ് നിറഞ്ഞു ബ്ലാങ്ക് ആവുന്ന അപൂർവം ചില സന്ദർഭങ്ങളിൽ ഒന്ന് .

5 മിനിട്ടു കൊണ്ട് തന്നെ മഴ തിരിച്ചു പോയപ്പോൾ സൂര്യൻ വീണ്ടും തന്റെ സ്വരൂപം കാണിച്ചു കൊണ്ട് പുറത്തേയ്ക്കു വന്നു. കൈയിലുള്ള വെള്ളവും ശുഷ്ക്കമായി തുടങ്ങി കാലുകൾക്കും തളർച്ച വന്നു തുടങ്ങി എങ്കിലും ഞങ്ങൾ ചൂടിനെ  വക വെക്കാതെ മുന്നോട്ടു നീങ്ങി കൊണ്ടേയിരുന്നു.        ആ ഭൂ പ്രകൃതി ആസ്വദിച്ച് ഞങ്ങൾ നടന്നു. ( അമേരിക്കയിലെ ഗ്രാൻഡ് ക്ൻയോണിനോട്  സാദൃശയമുള്ള "Hidden Grand Canyon of India" എന്നാണ് ഗന്ധി കോട്ട അറിയപ്പെടുന്നത്.) മുന്നോട്ടു നടക്കുംതോറും വെള്ളം കുറഞ്ഞു വന്നു വെള്ളമില്ലാതെ നടക്കാൻ ആവില്ല എന്ന അവസ്ഥ എത്തിയപ്പോൾ  കുറച്ചു നേരം ഫോട്ടോ എടുക്കാം എന്ന് കരുതി പാറകളുടെ ഇടയിലേക്ക് ഞാനും അലിയും മാറി, ശരത് പൊക്കത്തിൽ ഉള്ളൊരു പാറ പുറത്തു കേറി പുഴയും നോക്കി ഇരിപ്പാണ്.

ഫോട്ടോ  എടുക്കാനായി ഞാൻ അലിയെ നോക്കി നിന്നതും അലി ഒരു നിലവിളി "എടാ പുറകിലേക്ക് നോക്കെന്നും " പറഞ്ഞു എന്റെ മനസ്സിൽ ആദ്യം വന്നത് ആരോ മരിച്ചു കിടക്കുന്നു എന്നാണ് അത് കൊണ്ട് ഞാൻ പറഞ്ഞു പുറകിലെന്താണ് പറയാതെ ഞാൻ തിരിഞ്ഞു നോക്കൂലാ എന്ന് പേടിയോടെ പറഞ്ഞു അപ്പപ്പോഴേക്കും ശരത്തും വന്നു മനസ്സിനെ അലിയുടെ നിലവിളിയുടെ ഞെട്ടലിന്റെ പേടിയിൽ നിന്ന് പയ്യെ മാറ്റിയപ്പോൾ കണ്ടു  ഒരു പശു മരിച്ചു കിടക്കുന്നു പറ കൂട്ടങ്ങൾക്കു മേലെ . കുറച്ചു ദിവസമായി കാണണം മരിച്ചിട്ടു എന്നാൽ അതിനു കുറെ നാളുകൾക്കു മുന്നേ എങ്കിലും ആയിരിക്കും ആ പാവം അവിടെ  കുടുങ്ങി കിടപ്പുണ്ടാവുക. നരകം കണ്ടു കാണണം ആ മിണ്ടാപ്രാണി.

ഇതേ അവസ്ഥ തന്നെയാണ് ഈ ഭാഗത്തു കുടുങ്ങി പോകുന്ന ഏതൊരു മനുഷ്യനും സംഭവിക്കുക എന്നാലോചികൊമ്പോൾ തന്നെ  പേടി വരും. എന്തായാലും ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു വെള്ളം ഒരു തുള്ളി പോലും ഇല്ല , നിൽക്കുന്ന സ്ഥലത്തു നേരെ കുറുകെ വേലിയും പാറകൾ തീർത്ത മതിലും ചാടി കടന്നു സുമാർ 3 കി മി എങ്കിലും നടക്കണം എളുപ്പത്തിൽ ബസ് സ്റ്റോപ്പ് എത്താൻ . അതും ഒരു തുള്ളി വെള്ളമില്ലാതെ. ഇനി  വന്ന വഴിയേ പോയാൽ ദൂരം ഇരട്ടി ആകും ഞങ്ങൾ വേലിയും മതിലും കടന്നു പോകാൻ തീർച്ചയാക്കി നടന്നു . അര മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ വെള്ളം കിട്ടുന്ന കടയുടെ മുന്നിൽ എത്തി അവിടന്നു വെള്ളം കുടിച്ചു ദാഹം മാറ്റി കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തിരിച്ചു ബസ് സ്റ്റോപ്പിൽ എത്തി അവിടെ അടുത്തുള്ള ഒരു റിസോർട്ടിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു പുറപ്പെട്ടു നേരെ ഹോട്ടലിലേക്ക്.

അന്ന് രാത്രി ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ജെമ്മൽമടുഗിൽ തങ്ങി പിറ്റേന്ന് ബേലം കേവ്സ് കാണാൻ പോകാനുള്ള ചിന്തയിലാണ്ടു നടന്നു തേഞ്ഞ കാലുകൾക്കു വിശ്രമവും നൽകി കിടന്നപ്പോൾ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു .

ബേലം കേവ്സ്  - 

 ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ കാഴ്ചക്കാർക്കായി തുറന്നു കൊടുക്ക പെട്ടിട്ടുള്ള ഗുഹകൾ ആണ് ബീലം കേവ്സ് , ജെമ്മൽമടുഗുവിൽ നിന്നും കർണൂൽ ജില്ലയിലേക്ക് പോണം ബീലം കേവ്സിൽ എത്താൻ കോളിമിഗുഡ്‌ല എന്ന സ്ഥലത്തേക്ക് ബസ് കേറി അവിടന്നു ഷെയർ ഓട്ടോയിൽ  തൂങ്ങി സാഹസികമായി ഞങ്ങൾ എത്തി ബേലം കേവ്സിൽ   ഇന്ത്യയിലെ ഭൂരിഭാഗം ചരിത്ര / പ്രകൃതി ദത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ തന്നെ . എല്ലാം കെട്ടി ഉണ്ടാക്കി ഇനി അരാ എന്താ  വെച്ച ആയിക്കൊള്ളൂ എന്ന അഭൗമമായ  ഉത്തരവാദിത്വത്തിന്റെ മകുടോദാഹരണമായി മരിച്ചിട്ടില്ല എന്ന പോലെ കിടപ്പുണ്ട് .

പണി കഴിപ്പിച്ചു അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ഇത്തിരി വൃത്തിയും ഭംഗിയും ഉള്ള സ്ഥലമാണ് പരിസരവും ചുറ്റുപാടും എല്ലാം  . ഇന്ത്യക്കാർ 25 രൂപ കൊടുത്തു ടിക്കറ്റ് എടുക്കണം ഗുഹയ്ക്കു അകത്തോട്ടു കടക്കാൻ. പുറത്തുള്ള ബുദ്ധന്റെ ഭീമൻ ശിൽപം  നിശ്ചലമായി മൗനിയായി  ധ്യാനത്തിൽ  ഇരിക്കുന്നു . ബുദ്ധനെ കാണുന്നതും വായിക്കുന്നതും എല്ലാം മനസ്സിനെ ഏതോ ഒരു പറഞ്ഞറിയിക്കാൻ  പറ്റാത്ത ശാന്തിയിലേക്കു     നയിക്കുന്നു എല്ലായിപ്പോഴും. ആ ശാന്തതയും മനസ്സിൽ ആവാഹിച്ചു ഞങ്ങൾ ഗുഹക്കു അകത്തേക്ക് യാത്ര ആരംഭിച്ചു . അകത്തു ഞങ്ങൾ മൂന്നു പേര് രണ്ടായി പിരിഞ്ഞു അലിക്കും ശരത്തിനും ആ ഗുഹയുടെ രഹസ്യം മുയുമൻ കണ്ടു പിടിക്കണം എനിക്കാണെങ്കിൽ ഭയം എന്ന വികാരം ലേശം ഉള്ളത് കാരണം ഞാൻ പറഞ്ഞു " നിങ്ങൾ എവിടേലും പോയി കുടുങ്ങിയാൽ പുറത്തു വിവരം അറിയിക്കാൻ ഒരാള് വേണ്ടേ അത് കൊണ്ട് ഞാൻ വരുന്നില്ല

അവര് ആ ഇരുട്ടത്തു എങ്ങോട്ടൊക്കെയോ പോയി ഞാൻ സാധാരണക്കാരുടെ പാതയിലേക്കും പോയി ഗുഹയുടെ അകം വിസ്മയങ്ങളുടെ ഒരു ലോകം തന്നെയാണ് പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ ഓരോന്നും കാണുമ്പോൾ നിസ്സാരനായ മനുഷ്യൻ ഇതിനു മുന്നിൽ എന്തെന്ന് തോന്നും . ഗുഹക്കകത്തുള്ള നീര് ഉറവകൾ, ശിൽപ്പ ഭംഗിയാർന്ന രൂപങ്ങൾ, പ്രകൃതി ആണ് ഏറ്റവും വല്യ പെരുന്തച്ചൻ എന്ന് തോന്നും ഇത്തരത്തിൽ ഉള്ള കാഴ്ചകൾ കണ്ടാൽ . സ്വയം ഭുവായ ശിവലിംഗ രൂപം അതിന്റെ മുകളിൽ പ്രകൃതി നടത്തുന്ന ജല ധാര അങ്ങനെ എത്രയോ കാഴ്ചകൾ കണ്ടു .
ഞാൻ കണ്ടതിനും കൂടുതൽ കണ്ടത് അലിയും ശരത്തും ആയിരുന്നു . ഞാൻ ആ കഥകൾ  കേക്കേണ്ടി വന്ന ഹത ഭാഗ്യനും .

 കേവ്സിന്റെ ഉള്ളിൽ നിൽക്കുമ്പോൾ  വിയർപ്പു ശരീരത്തിൽ നിന്നും പൈപ്പ് തുറന്ന പോലെ വന്നു കൊണ്ടിരുന്നു എന്നാൽ ദാഹം ഒട്ടും  അനുഭവ പെട്ടതും ഇല്ല . അവിടത്തെ കാഴ്ചകൾ കണ്ടു പുറത്തെത്തിയതും തണുത്ത കാറ്റിന്റെ തലോടൽ വിയർപ്പിനെ എല്ലാം ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കി കുറച്ചു നേരം അടുത്തുള്ള മലയുടെ ഭംഗി  ആസ്വദിച്ച് കൊണ്ട് ഞങ്ങൾ അവിടത്തന്നെ കിടന്നു. പിന്നീട് മടക്ക യാത്രക്ക് ഒരുങ്ങി ഇനി വേറെ എവിടെയും കാണാൻ ഇല്ലാത്ത കാരണം ഇനി ബസിലൂടെ കാഴ്ചകൾ കണ്ടു തിരിച്ചു പോകാം എന്ന തീരുമാനത്തിൽ എത്തി.

ബീലം കേവ്സിന്റെ മുന്നിൽ നിന്നും തടിപത്രി എന്ന സ്ഥലത്തു എത്തണം അവിടെ നിന്നും അനന്തപുര ജില്ലയിലേക്കും അവിടെ എത്തിയാൽ ബാംഗ്ലൂർക്കു ബസ് കിട്ടും എന്നും തെലുഗ് ഭാഷ അറിയുന്ന കാരണത്താൽ പെട്ടെന്ന് തന്നെ ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ  അങ്ങനെ തടി പത്രിയും അവടെ നിന്നും അനന്തപുരയിലേക്കും പുറം കാഴ്ചകൾ ആസ്വദിച്ച് യാത്ര തുടങ്ങി വഴിയിലുടനീളം ശവ കുടീരങ്ങൾ ആണ് ഓരോ ഗ്രാമങ്ങൾ പിന്നിടുമ്പോഴും നിറയെ നിറയെ ശവ കുടീരങ്ങൾ. വല്യ കുന്നുകളും ഏക്കര് കണക്കിന് കൃഷി ഭൂമികളും ആന്ധ്രയുടെ ഗ്രാമീയ ഭംഗി കൂട്ടി.

വികസനം വളരെ കുറച്ചു മാത്രമേ ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിയിട്ടുള്ളു സിറ്റികൾ ഒഴിച്ച് നിർത്തിയാൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങൾ ആണ് കൂടുതലും. കാഴ്ചക്കാരന് കൗതുകവും ഭംഗിയും സന്തോഷവും എല്ലാം ഉണ്ടാവുമെങ്കിലും താമസിക്കുന്നവന്റെ ഉള്ളിൽ എത്തി നോക്കിയാൽ അറിയാം വിഷമം.  ഒരു തുണ്ടു സ്ഥലം പോലും തരിശിടാതെ കൃഷി ചെയുന്നു എന്നുള്ളതു കണ്ടപ്പോൾ മനസ്സിലായി ആന്ധ്ര എങ്ങനെ ഇത്രേം അരി കേറ്റുമതി ചെയുന്നു എന്നത് .കാഴ്ചകൾ അങ്ങനെ ഓരോന്ന് കണ്ടും ചിന്തിച്ചും മയങ്ങിയും അനന്തപുര ബസ് സ്റ്റാൻഡ് എത്തി. എത്തി ഉടൻ തന്നെ ബാംഗ്ലൂർക്കു ബസും  കിട്ടി 4 - 5 മണിക്കൂർ കൊണ്ട് ഞങ്ങൾ രാത്രി 8 മണിക്കെല്ലാം ബാംഗ്ലൂർ എത്തി പിന്നെ അവിടന്നു കുറച്ചു കഷ്ട്ടപെട്ടെങ്കിലും അന്ന് രാത്രി തന്നെ പാലക്കാട്ടിലെക്കു  ബസും കിട്ടി പുലർച്ചയോടെ പാലക്കാട്  എത്തി.           

 ഈ യാത്ര ഒരു പാട് കാഴ്ചകൾ സമ്മാനിചു തമാശ കലർന്ന ഒരുപാട് ഓർമ്മകൾ തന്നു കുറെ ജീവിതങ്ങൾ കണ്ടു ബസിലും ട്രെയിനിലും എല്ലാം ആയി. കുറെ പാഠങ്ങൾ പഠിച്ചു പിന്നെ ഒരു ചെറിയ കാര്യം മനസ്സിലായി നമ്മട നാട് നൽകുന്ന കംഫർട് മനസ്സിലാവണമെങ്കിൽ ഇത് പോലെ ഒരു യാത്ര പോയി തിരിച്ചു വരണം നമ്മടെ നടെത്തുമ്പോൾ മനസിൽ അറിയാതെ വരുന്ന സുഖമുണ്ട് ഒരു തരം സുരക്ഷയുടെ സുഖം .

ഇനി അടുത്ത യാത്ര തുടങ്ങും വരേയ്ക്കും ഈ ഓർമ്മകൾ മാത്രം ബാക്കി
"യാത്രികന്റെ യാത്രകൾ ജീവിതം മറക്കാനാല്ലാ മറിച്ചു ഈ ജീവിതം മനോഹരമായി  ജീവിക്കാൻ ആണ് "

KV.Vishnu
07/07/2018
                                                                           


മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...