Wednesday 12 December 2018

അഹം

കോപ താപങ്ങളൊഴിഞ്ഞൊരു ലോകം
കാണുവാൻ  കൊതിച്ചു ഞാൻ !
എന്നാൽ മറന്നു ഞാൻ സ്നേഹത്തിൻ  -
തിരി നാളമെന്നുള്ളിൽ കൊളുത്താൻ 

 KV.Vishnu
11/12/2018

Sunday 7 October 2018

സ്പിതി താഴ്വര - 1 (My Trip to Spiti Valley)


"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ 
പൂര്‍വാ പരൗ വാരിനിധീ വഗാഹ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ "

ഹിമവാന്റെ ചിത്രം മനസ്സിൽ തെളിയുമ്പോൾ അറിയാതെ നാവിൽ കേറി വരും ഈ കാളിദാസ വരികൾ.കാളിദാസനോളം കേമമായി ആരും ഇന്നോളം ഹിമവാന്റെ തത്വമോ സൗന്ദര്യമോ വിവരിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഉറക്കം നഷ്ടപ്പെടുത്തിയ ആ സ്വപ്നസാക്ഷാത്കാരത്തിലേക്കു നീങ്ങുമ്പോൾ മനസ്സിലാദ്യം വന്നതു ആ വരികൾ ആയിരുന്നു. ഗർഷ / ഡാകൻ / ഡാകിനി ദേവതകളുടെ ഭൂമിയായ സ്പിതി ലാഹുൾ താഴ്വരയിലേക്കായിരുന്നു എന്റെ ആദ്യ ഹിമാലയ യാത്ര. പറയുമ്പോൾ സ്പിതി ലാഹൂൾ എന്ന് ചേർത്ത് പറയാമെങ്കിലും  ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും രണ്ടും തമ്മിൽ വളരെ അധികം വ്യത്യാസങ്ങൾ ഉണ്ട് . വർഷത്തിൽ 6 മാസവും മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഭൂമിയാണ് ലാഹൂൾ എങ്കിൽ വർഷത്തിൽ 9 മാസവും സുഖമമായി യാത്ര ചെയുവാൻ കഴിയുന്ന സ്ഥലമാണ് സ്പിതി താഴ്വര . ഈ യാത്രയും അങ്ങോട്ടേക്കായിരുന്നു സ്പിതി താഴ്വരയിലേക്ക്.

ലിറ്റിൽ ടിബറ്റ് എന്നാണ് സ്പിതിയുടെ അപരനാമം കാരണം ഭൂപ്രകൃതി തന്നെ. ടിബറ്റ് , കുളു, കിന്നൗർ എന്നീ സ്ഥലങ്ങൾ ആണ് സ്പിതിയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ. പച്ചപ്പിന്റെ ശീതളിമയാണ് ലാഹൂൾ എങ്കിൽ തണുത്ത മരുഭൂമിയാണ് സ്പിതി താഴ്‌വര. മരങ്ങൾ നന്നേ  വിരളമായി മാത്രമേ  കാണുവാൻ കഴിയു . ഗ്രീൻ പീസ് കൃഷിയാണ് ഇവിടെ ഉള്ളവരുടെ പ്രധാന വരുമാന മാർഗം. മറ്റൊന്നു  കന്നുകാലി സമ്പത്തും. യാക്കുകൾ കുതിരകൾ പശുക്കൾ ആടുകൾ തുടങ്ങിയവയാണ് പ്രധാന വളർത്തു മൃഗങ്ങൾ.  മഴയുടെ ലഭ്യത വളരെ ശുഷ്ക്കം ആണിവിടെ  വർഷത്തിൽ 3 -4 മഴ ലഭിച്ചാൽ ആയി.എന്നാൽ  മലമുകളിലെ വലിയ വലിയ ഹിമാനികൾ സ്പിതി നദിയെ ജല സമ്പുഷ്ടമായി തന്നെ സൂക്ഷിക്കുന്നു.പ്രകൃതി അങ്ങനെ ആണല്ലോ ഒരു വഴി ഇല്ലാതാവുമ്പോൾ തുല്യത നില നിർത്തുവാൻ മറ്റൊരു മാർഗം തനിയെ തിരഞ്ഞെടുക്കും .

ഇവിടുത്തെ മഞ്ഞു കാലം ഒക്ടോബർ മുതൽ മെയ് അവസാനം വരെയും. ജൂൺ മുതൽ സെപ്തംബര് വരെ വേനലും ആണ്. മഞ്ഞു കാലത്തു  -30 ഡിഗ്രി വരെ ഇവിടുത്തെ താപ നില താഴും വേനലിൽ 20 ഡിഗ്രി വരെ ചൂടും കാണും.
മൊത്തത്തിൽ എപ്പോൾ ഇവിടം സന്ദർശിച്ചാലും തണുപ്പു ഉറപ്പാണ്. അതിശൈത്യം ആകെ ഡിസംബർ മുതൽ മാർച്ച് വരെയേ കാണു.രണ്ടു വഴികളിലൂടെ നമുക്കു സ്പിതി ലാഹൂൾ താഴ്വരകളിലേക്കു പ്രവേശിക്കാം ആദ്യത്തേത് ഡൽഹിയിൽ നിന്നും മണാലിയിൽ വന്നു അവിടുന്ന് റോഹ്‌തങ് ചുരം കടന്നു കുൻസുമിൽ എത്തുക അവിടെ നിന്നും സ്പിതിയിലേക്കോ ലാഹൂളിലേക്കോ പോകാം എന്നാൽ ഈ വഴി ജൂൺ അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെ മാത്രമേ ഉപയോഗിക്കുവാൻ കഴിയുകയുള്ളു മഞ്ഞു വീഴ്ച തുടങ്ങുന്നതോടു കൂടി റോഹ്‌തങ് ചുരം ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) അടക്കും പിന്നെ അതുവഴി ആരെയും കടത്തി വിടുകയില്ല . മറ്റൊരു വഴി ഉള്ളതു ഡൽഹിയിൽ നിന്നും ഷിംല വഴി കിന്നൗർ ജില്ലാആസ്ഥാനമായ റെകോങ് പിയോ വില എത്തുക അവിടെ നിന്നും സ്പിതിയുടെ ഭരണകേന്ദ്രമായ കാസ യിൽ എത്താം . ഈ വഴി വർഷം മുഴുവനും ഗതാഗത യോഗ്യമാണ്,ഹിമാലയം കനിഞ്ഞാൽ മാത്രം.

സ്പിതിയുടെ ആത്മീയത പൂർണമായും ബുദ്ധിസത്തിൽ അധിഷ്ടിതമാണ് . തൊണ്ണൂറു ശതമാനം ബുദ്ധമത വിശ്വാസികൾ ഉള്ള സ്ഥലമാണ് സ്പിതി. ഇവർ തിബറ്റൻ ബുദ്ധിസത്തിന്റെ തന്നെ ഭാഗമായ ചക്രസംവാര,വജ്രവാരാഹി ,വജ്രയോഗിനി ഉൾപ്പെടുന്ന ഡാകിനി ദേവതകൾ ഉൾപ്പെടുന്ന താന്ത്രീക ബുദ്ധിസ്സത്തിന്റെ ഉപാസകർ ആണ്  . അത് കൊണ്ട് തന്നെ ആത്മീയമായി ഡാകിനിമാരുടെ ഭൂമിയെന്നും ഈ താഴ്വരകളെ വിശേഷിപ്പിക്കുന്നു .            കീഗോമ്പ ധങ്കർഗോമ്പ ടാബോ തുടങ്ങി ചരിത്രമുറങ്ങുന്ന അനേകം മൊണാസ്ട്രികളാൽ സമ്പനമാണിവിടം. അത് കൊണ്ട് തന്നെ ആത്മീയത അന്വേഷിക്കുന്നവർക്കായാലും അല്ല പ്രകൃതിയുടെയും ഹിമവന്റെയും സൗന്ദര്യം കാണുവാൻ ആണെങ്കിലും സ്പിതി താഴ്വര ഉത്തമമായ ഒരിടം തന്നെയാണ് . ഒരുപക്ഷെ ഹിമാലയം മുഴുവനായും  തന്നെ ഈ രണ്ടു സാക്ഷാത്കാരങ്ങൾക്കും പറ്റിയ ഒരിടം തന്നെയാണ്. 

രാമചന്ദ്രൻ മാഷുടെ പുസ്തകങ്ങളിൽ ആണ് ഹിമാലയം എന്ന അത്ഭുതത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഹിമാലയം എന്നത് കേവലം ഒരു സ്ഥലം അല്ല എന്നും അതൊരു ലോകം തന്നെയാണെന്നും എന്നിക്കു മനസിലാക്കി തന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആയിരുന്നു. ഗഡ്‌വാൾ കശ്മീർ ഹിമാചൽ കുമയൂൺ എന്നിങ്ങനെ നാല് ഖണ്ഡങ്ങളിൽ  ആയി ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന ഈ മായാഭൂമി ഒരു മനുഷ്യായുസ്സു കൊണ്ട് യാത്ര ചെയ്തു  തീർക്കാനോ അല്ലെങ്കിൽ അവിടെ ഒളിപ്പിച്ചു വെച്ചിട്ടുള്ള കൗതുകങ്ങളും കാഴ്ചകളും കണ്ടു തീർക്കാനോ സാധ്യമല്ല.വശ്യ സുന്ദരിയാണ് ഹിമാലയ പ്രദേശങ്ങളിലെ പ്രകൃതി. മനസ്സിലെ ചിന്തകൾ എല്ലാം പോയി ആ സൗന്ദര്യത്തിൽ മയങ്ങി നില്കും ഏതൊരു യാത്രികനും.സന്തോഷത്തേക്കാൾ യാത്രികനെ ഉന്മാദിയാക്കുന്ന പ്രോകൃതി സൗന്ദര്യമാണ് ഹിമവന്റേതു . അങ്ങിനെയുള്ള ആ സൗന്ദര്യത്തിന്റെ ഒരു കണമോ അല്ലെങ്കിൽ അതിലും ചെറുതോ മാത്രമാണ് സ്പിതി എന്ന താഴ്വര. അതിനെ തന്നെ പൂർണമായി ആവാഹിക്കുവാൻ എനിക്ക് സാധിച്ചുമില്ല .അപ്പോൾ ചിന്തിക്കാം ഈ മഹാ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എന്ത് !!

ഡൽഹിയിലെ രണ്ടു ദിവസത്തെ വിശ്രമത്തിനും മറ്റു തയ്യാറെടുപ്പുകൾക്കും ശേഷം ആഗസ്ത് പത്താം തിയതി യാത്ര തുടങ്ങുവാൻ തീരുമാനിച്ചു. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ ചെന്നാൽ ഹിമാചൽ പരിവാഹന്റെ വിവരന്വേഷണ  ഓഫീസുകൾ ഉണ്ട് അവിടെ നിന്ന് അന്വേഷിച്ചാവാം മുന്നോട്ടുള്ള യാത്ര എന്ന് തീരുമാനിച്ചു വൈകുന്നേരം ഞങ്ങൾ ഇറങ്ങി. അവിടെ ചെന്ന് അന്വേഷിച്ചു ഏഴു മണിയോടെ അവിടെ എത്തി ഞങ്ങൾ അന്വേഷിക്കുമ്പോൾ ഇനി ആകെ രണ്ടു മൂന്നു ബസ് ഉള്ളു ഒന്ന് രാംപുർ വരെ പോകുന്നതും  മറ്റൊന്നു  റെക്കോങ് പിയോ വരെ പോകുന്നതും. ഞങ്ങൾ റെക്കോങ് പിയോ വരെ തന്നെ പോകാം എന്ന് തീരുമാനിച്ചു പതിനഞ്ചു മണിക്കൂർ നീളുന്ന വലിയൊരു യാത്രയാണ് അത് എന്നാലും പോകാം എന്ന് തീരുമാനിച്ചു. അവിടെ നിന്ന് ഓർഡിനറിയിൽ ടിക്കറ്റ് എടുത്തു 750 രൂപ ആയി ഒരാൾക്ക് രാത്രി എട്ടു മണിക്കുള്ള ബസ് ആയിരുന്നു അത്.

ഞങ്ങളുടെ ബാഗുകൾ പിന്നിൽ ഡിക്കിയിൽ കൊണ്ടിട്ട ശേഷം ഞങ്ങൾ ബസിൽ ചെന്നിരുന്നു. ഞങ്ങളുടെ അടുത്ത് പദം എന്നൊരു പഹാഡി പട്ടാളക്കാരൻ ആയിരുന്നു വളരെ നല്ലൊരു മനുഷ്യൻ ഉറങ്ങുമ്പോൾ ഉള്ള കൂർക്കം വലി ഒഴിച്ച് മറ്റെല്ലാം കൊണ്ടും ഒരു മാന്യൻ. ഞങ്ങളുടെ യാത്ര സംശയങ്ങൾക്കെല്ലാം നല്ല രീതിയിൽ അദ്ദേഹം ഉത്തരം പറഞ്ഞു തന്നു. രാത്രി നല്ല കൂർക്കം വലി ഉണ്ടായിരുന്നത് കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടും ചെറുതായി മയങ്ങിയും ഒകെ യാത്ര തുടർന്നു ഡൽഹി പിന്നിട്ടു ചണ്ഡീഗഢ് എത്തിയപ്പോൾ ഒരു ധാബയിൽ നിന്നും അത്താഴം കഴിച്ചു പദം ജിയും ഞങ്ങളുടെ കൂടെ കൂടി. അവിടെ നിന്നും വീണ്ടും തുടങ്ങിയ യാത്രക്കിടയിൽ ചെറുതായി ഒന്ന് മയങ്ങി വിയർത്തു കുളിച്ചിരുന്നു ദേഹത്തിലേക്കു ഒരു തണുപ്പു കയറാൻ തുടങ്ങിയപ്പോൾ ആണ് കണ്ണ് തുറന്നു നോക്കുന്നത് വണ്ടി സോളനിൽ നിന്നും  ചുരം കേറാൻ തുടങ്ങിയിരിക്കുന്നു . ഹിമാചൽ എന്ന ദേവ ഭൂമിയിലേക്ക് കടന്നു കഴിഞ്ഞു !!

പിന്നീട് ചൂടെന്താണെന്നു അറിഞ്ഞിട്ടില്ല തണുത്ത കാറ്റു വന്നു കൊണ്ടേ ഇരുന്നു ക്ഷണ നേരം കൊണ്ട് തന്നെ ഡൽഹിയിലെ പുഴുക്കത്തിൽ നിന്നും അനുഭവിച്ച യാതനകളിൽ നിന്നെല്ലാം മോചനം ലഭിച്ചിരിക്കുന്നു പുലർച്ചയോടെ ഷിംല എത്തി വണ്ടി നിർത്തി. ഞങ്ങളും വെളിയിലേക്കു ഇറങ്ങി ഇനി കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷമേ വണ്ടി എടുക്കുകയുള്ളു . ഇത് വരെ വണ്ടി ഓടിച്ച ഡ്രൈവർ ഇവിടെ ഇറങ്ങും ഇനി അങ്ങോട്ട് വേറെ ആൾക്കാണ് ഡ്യൂട്ടി.പുറത്തെ  ശുദ്ധ വായു ശ്വസിച്ചതും ശരീരത്തിനാകെ ഒരു പുതു ജീവൻ കൈവന്നു. കുറച്ചു നേരം ബസിനെ ചുറ്റിപറ്റി അങ്ങും ഇങ്ങും നടന്നു. അരമണിക്കൂർ കഴിഞ്ഞു വേറെ ഡ്രൈവർ വന്നു ഷിംലയോടു യാത്ര പറഞ്ഞു ഞങ്ങൾ ബസിൽ തിരിച്ചു കയറി. വെളിച്ചം പരന്നു  തുടങ്ങിയിരിക്കുന്നു. സൂര്യൻ കോട മഞ്ഞിന്റെ ഇടയിലൂടെ പർവത മുകളിലേക്ക് തന്റെ അനുഗ്രഹം പകരുന്ന പോലെ ഇളം രെശ്മികൾ പൊഴിച്ച് കൊണ്ട് നിൽക്കുന്നു.ഇവിടുന്നു അങ്ങോട്ടുള്ള യാത്രയിൽ മനസിലായി എന്ത് കൊണ്ട് ഹിമാചലിനെ ദേവഭൂമി എന്ന് വിളിക്കുന്നു എന്ന്.സിനിമകളിലും പുസ്തകങ്ങളിലും വീഡിയോസിലും മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ആദ്യമായി ഇതാ എന്റെ കൺ മുന്നിലും!!

എന്റെ ഒരു വർഷത്തെ കാത്തിരുപ്പു വ്യർത്ഥമായില്ല എന്ന സന്തോഷം മനസ്സിനെ കുളിരണിയിച്ചു. റോഡിനും ഇരു വശവും ദേവദാരു വൃക്ഷങ്ങൾ, ഹരിത കമ്പളം ചാർത്തിയ മലനിരകൾ, ദൂരെയായി മഞ്ഞിൻ കിരീടം അണിഞ്ഞ കൊടുമുടികൾ ആപ്പിൾ തോട്ടങ്ങൾ കൃഷി ഭൂമികൾ എങ്ങോട്ടു നോക്കിയാലും ഹരിത വർണ്ണം മാത്രം. റോഡ് നല്ല രീതിയിൽ ആയിരുന്നത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഹെയർ പിന് വളവുകൾ എല്ലാം എത്ര അനായാസമായി ഡ്രൈവർ കൈകാര്യം ചെയുന്നു എന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി. കാരണം ഒന്നും രണ്ടും മൂന്നും ഒന്നുമല്ല ഇനി ലക്‌ഷ്യം എത്തി ചേരുന്ന വരെയും പുട്ടിനു പീര പോലെ ഉണ്ടാവും ഹെയർ പിന് വളവുകൾ ഒരു വശത്തു അഗാധമായ കൊക്കയും. പക്ഷെ പ്രകൃതി മറുവശത്തു ഇത്ര മനോഹരിയായി നിൽക്കുമ്പോൾ ആരറിയുന്നു ഈ ഭയങ്ങൾ എല്ലാം.  

ഷിംലയിൽ നിന്നും റെക്കോങ് പിയോവിലേക്കുള്ള യാത്രയുടെ ആദ്യ പകുതി ഉച്ചയോടെ രാംപൂർ എത്തും അവസാന ലാപ് ഇവടെ നിന്നും റെക്കോങ്പിയോവിൽ ചെന്ന് നിൽക്കും . രാംപൂർ എത്തുന്നതിനു മുന്നേ തുടർ യാത്രക്കായി കൂട്ടിനു മനോഹരിയായ സത്‌ലജ് നദിയും കൂടെ ചേരും മനസസരോവറിൽ നിന്നും ഉത്ഭവിക്കുന്ന സത്‌ലജ് ഹിമാചൽ പഞ്ചാബ് കടന്നു പാകിസ്താനിലേക്ക് പോകുന്നു . ചുരുക്കത്തിൽ ചൈന ഇന്ത്യ പാക്കിസ്ഥാൻ മൂന്ന് രാജ്യങ്ങൾക്കും സ്വന്തക്കാരി ആകുന്നു സത്‌ലജ് നദി . ഈ നദിയിൽ ആണ് ഇന്ത്യയിലെ തന്നെ വലിയ രണ്ടു ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷനുകൾ ഉള്ളത്  നാത്പ യും RHEP യും . പിന്നെയും പേര് അറിയാത്ത ഒരുപാട് പവർ സ്റ്റേഷനുകൾ ഇവിടുന്നു അങ്ങോട്ടുള്ള യാത്രയിൽ കണ്ടു. എന്തായാലും സത്ലജ്ജിന്റെ ഭംഗിയും ആസ്വദിച്ച് ഉച്ചയോടെ ഞങ്ങൾ രാംപൂർ എത്തി . ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന പദം എന്ന സുഹൃത്ത് രാംപൂർ വരെയോ ഉണ്ടായിരുന്നുള്ളു .ഞങ്ങളോട് യാത്ര പറഞ്ഞു അദ്ദേഹം രാംപൂരിലെ സ്വന്തം വീട്ടിലേക്കു പോയി . അതോടെ എന്തായാലും എനിക്ക് ഇവിടന്നു അങ്ങോട്ടേക്ക് സൈഡ് സീറ്റ് ഒഴിഞ്ഞു കിട്ടി.

ഏകദേശം അര മണിക്കൂർ നേരം രാംപുരിൽ വണ്ടി നിർത്തി ഇട്ടു . ഇടയിൽ ഒന്ന് രണ്ടു വട്ടം വണ്ടി കഴിക്കാൻ നിറുത്തിയിരുന്നത് കൊണ്ട് വിശപ്പൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഞങ്ങൾ ചെന്ന് ഓരോ ലസ്സി കുടിച്ചു ബസ് സ്റ്റാൻഡിന്റെ താഴെ കൂടി ഒഴുകുന്ന സത്‌ലജ് നദിയും നോക്കി സമയം പോക്കി നിന്നു്. അരമണിക്കൂർ കഴിഞ്ഞതും ബസ് പുറപ്പെട്ടു ഇനി വൈകുന്നേരം അഞ്ചു മണിയോടെ പിയോ എത്തും എന്നു അറിയുവാൻ സാധിച്ചു.രാംപൂർ  അവിടുത്തെ വല്യ സൗകര്യം ഉള്ള സ്ഥലങ്ങൾ ആയിരുന്നു എന്നറിയാൻ എനിക്ക് കിന്നൗർ ജില്ലയിലേക്ക് കടക്കേണ്ടി വന്നു .കിന്നൗർ ജില്ലയുടെ ആസ്ഥാനം ആണ് ഞങ്ങൾക്ക് പോകുവാനുള്ള റെക്കോങ് പിയോ. ഇത് വരെയുള്ള റോഡ് യാത്ര മനോഹരമായിരുന്നുവെങ്കിൽ ഇനിയുള്ളത് അതിനേക്കാൾ മനോഹരിയായ കിന്നൗർ ആണ്. സൗന്ദര്യം കൂടുമ്പോൾ അപകടവും കൂടുന്നു എന്നാരോ എവിടെയോ പറഞ്ഞത് ഇനിയുള്ള യാത്രയിൽ സത്യമാകും. കിന്നൗറിലെ റോഡുകൾ വല്യ കുഴപ്പമൊന്നും ഇല്ല എന്നാൽ ഇനിയുള്ള റോഡ്  വെറും ഒരു വണ്ടിക്കു മാത്രം സുഗമമായി കടന്നു പോകാൻ കഴിയുന്ന തരത്തിൽ ഉള്ള റോഡുകൾ ആണ് ,റോഡിനു ഒരു വശത്തു വീഴാൻ തക്കം പാർത്തിരിക്കുന്ന വല്യ വല്യ പാറകളും മലകളും ആണെങ്കിൽ മറുവശത്തു ആഴത്തിലായി കുലം കുത്തി  ഒഴുക്കുന്ന നദിയും.

ഹിമാലയൻ യാത്രയിലെ സാഹസികത തുടങ്ങുന്നത് ഇവിടന്നു അങ്ങോട്ടുള്ള ബസ് യാത്രയിൽ ആണ് . പാറകൾ തീർത്ത ടണലുകളും കടന്നു ബസ് പോയി കൊണ്ടേയിരുന്നു .ഡ്രൈവർ ഇത് കുറെ കണ്ടിട്ടുണ്ട് എന്ന ഇന്നസെന്റിന്റെ ഭാവത്തിൽ സിമ്പിൾ ആയി ഓടിച്ചു കൊണ്ടേ ഇരുന്നു.കൂറ്റൻ പർവതങ്ങളുടെ താഴ്വരയാണ് കിന്നൗർ ജില്ല. മഹാദേവന്റെ പഞ്ച കൈലാസങ്ങളിൽ ഒന്നായ കിന്നര കൈലാസം സ്ഥിതി ചെയുന്നത് ഇവിടെയാണ് .ശ്രവണ മാസത്തിലെ അഷ്ടമി ഇവിടുത്തെ വിശേഷ ദിവസം ആണ് അന്ന് ഒരുപാട് പേര് എത്തും കൈലാസ പരിക്രമണത്തിനായി. എന്തായാലും അങ്ങനെയുള്ള ഈ താഴ്‌വരയിൽ കൂടിയുള്ള കാഴ്ച പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുറെ ജീവിതങ്ങളെയും കാണുവാൻ സാധിച്ചു . കൃഷി തന്നെയാണ് ഇവിടുത്തെയും പ്രധാന വരുമാന സ്ത്രോതസ്സു. ജീവിക്കുവാൻ വേണ്ടതെല്ലാം ഹിമാവാൻ നൽകുമ്പോൾ അതുപയോഗിക്കുക മാത്രമേ മനുഷ്യൻ ചെയേണ്ടതായുള്ളു . പലസ്ഥലത്തും ബസ് എത്തുമ്പോൾ എത്രിവശത്തു നിന്നുള്ള വണ്ടികൾക്ക് പോകാനായി നിർത്തി ഇട്ടു വഴി കൊടുക്കും , മറു വശത്തുള്ള വണ്ടികളും തിരിച്ചും അത് പോലെ തന്നെ  ആയിരുന്നു . നീ മാറ്റ് ഞാൻ എടുക്കില്ല എന്നൊരു ഈഗോ ഇവടെ ഇല്ല കാരണം ഈഗോ കാണിച്ച ഒരുകാര്യമേ സംഭവിക്കു  നേരെ കൊക്കയിലേക്ക് 
അത് വഴി നേരെ മോളിലേക്കും . അത് കൊണ്ട് തന്നെ പരസ്പര ബഹുമാനത്തോട് കൂടിയുള്ള ഡ്രൈവർമാരാണ് ഇവിടെ.

റെക്കോങ് പിയോ എത്തുന്നതിനു മുൻപാണ് ഒരു സങ്കട വാർത്ത വന്നത് സാധാരണ പോയി കൊണ്ടിരിക്കുന്ന റോഡ് കല്ല് വീഴ്ചയിൽ തകർന്നിരിക്കുന്നു അത് വഴി പോകുവാൻ സാധിക്കില്ല . അത് കൊണ്ട് മറ്റൊരു നിവർത്തിയും ഇല്ലാതെ അവർക്കു പട്ടാളക്കാർക്ക് അവർക്കു വേണ്ടി നിർമിച്ചിട്ടുള്ള  ചുരത്തിലൂടെ പോകേണ്ടി വന്നു. ഇത് വരെ ഭയം മാത്രമാണ് തന്നതെങ്കിൽ ഈ വഴിയിലൂടെ ഉള്ള യാത്ര മരണത്തിന്റെ രൂപം എങ്ങനെ എന്ന് കാണിച്ചു തന്നു. വലിയൊരു പർവതം ചുറ്റി വേണം പിയോവിൽ എത്താൻ .ഈ പർവതം കേറി ഇറങ്ങിയതും റെക്കോങ് പിയോ ആണ് . പറയുന്ന എളുപ്പത്തിൽ ആയിരുന്നില്ല കേറ്റം അത്യധികം ബുദ്ധിമുട്ടുള്ള റോഡ് കേറി വേണം ഭീമാകാരനായ ഈ പർവത ശ്രേഷ്ഠനെ കീഴടക്കുവാൻ , അതും കേറിയാൽ മാത്രം പോരാ അതെ കണക്കുള്ള റോഡിലൂടെ താഴോട്ടും അത്രയും ദൂരം ഇറങ്ങുകയും വേണം. മുകളിലോട്ടു കേറും തോറും താഴോട്ടുള്ള കാഴ്ച ഭീകര സ്വരൂപം കാണിക്കാൻ തുടങ്ങി .പട്ടാള ട്രെക്കുകൾ ഇടയ്ക്കു ഇടയ്ക്കു താഴേക്ക് വരുന്നുണ്ടായിരുന്നു . എതിരെ വരുന്ന വണ്ടികൾക്ക് സ്ഥലം നൽകുവാൻ ചിലപ്പോൾ കുറെ ദൂരം ബസിനു പുറകിലേക്ക് എടുക്കേണ്ടി വന്നു . ചില സ്ഥലങ്ങളിൽ ടയറിന്റെ ഒരു ഭാഗം കൊക്കയിലേക്ക് ഇറങ്ങി നിന്നു. ഭയം എന്നല്ല ഭീകരം എന്ന് വേണം ആ അവസ്ഥയെ കുറിച്ച് പറയുവാൻ 

എന്തായാലും അതിസാഹസികമായ ആ യാത്ര ഡ്രൈവറിന്റെ നൈപുണ്യം കൊണ്ടും ആയുസ്സു ഇനിയും ബാക്കിയുള്ളത് കൊണ്ടും രക്ഷപെട്ടു. ഉദ്ദേശം രണ്ടു മണിക്കൂറിനു മുകളിൽ എടുത്തു ഈ പർവത ശ്രേഷ്ഠനെ ഒന്ന് കീഴടക്കി താഴെ എത്തുവാൻ. അഞ്ചര ആറു മണിയോട് കൂടി ഞങ്ങൾ റെക്കോങ് പിയോ എത്തി. നല്ല സുന്ദരമായ കാലാവസ്ഥ തരക്കേടില്ലാത്ത കാലാവസ്ഥ.7500 അടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഹിമാലയൻ പട്ടണം അതാണ് റെക്കോങ് പിയോ . കിന്നൗർ ജില്ലയുടെ ആസ്ഥാനം കൂടിയാണ് പിയോ.ഉയരം കൂടുമ്പോൾ ചായക്ക്‌ രുചി കൂടുമോ എന്നറിയില്ല  പക്ഷെ ഇവിടെ ഈ ഉയരത്തിൽ ശരീരത്തിന് ഭാരം കൂടും നൂറു മീറ്റർ നടന്നാൽ ഒരു കിലോമീറ്റർ നടന്ന സുഖം കിട്ടും.കൂടെ തോളത്തു ബാഗും കൂടെ ആകുമ്പോൾ അതിനു വല്ലാത്ത ഒരു സുഖമാണ്. മാസങ്ങളോളം ദിവസം 6 കി മി നടന്നു പരിശീലനം നടത്തിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ട്ടപെട്ടു. വിചാരിച്ചാൽ നടക്കും എന്ന് കരുതിയ എന്റെ അഹന്തക്ക് കിട്ടിയ ആദ്യത്തെ പ്രഹരം. ഞാൻ പക്ഷെ ആദ്യ പ്രഹരത്തിൽ തന്നെ നന്നായി. കാരണം അപ്പോൾ വന്ന ചിന്ത 7500 അടിക്കു ഇങ്ങനെ ആണെങ്കിൽ സ്പിതി 11 ആയിരം അടികൾക്കു മുകളിൽ ആണ് അവിടെ എത്തുമ്പോൾ എന്താവും അവസ്ഥ എന്റെ ദുരവസ്ഥ അല്ലാതെന്തു !!

അടുത്തുള്ള ഹോട്ടലിൽ നിന്നും ഓരോ കട്ടൻ അടിക്കാന് തീരുമാനിച്ചു ആദ്യം കണ്ട ഹോട്ടലിൽ കേറി . തരക്കേടില്ലാത്ത ഒരു കാപ്പി തന്നെ കിട്ടി .
പക്ഷെ ബില് വന്നപ്പോ കാപ്പി വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി ഒരു കട്ടൻ കാപ്പിക്ക് നാൽപതു രൂപ.. റൂമിന്റെ വാടക ചോദിച്ചപ്പോൾ വീണ്ടും ഞെട്ടി 900 രൂപ. നടക്കാനുള്ള മടി കാരണം ഞാൻ സമ്മതിക്കാം എന്ന് പറഞ്ഞെങ്കിലും ശരത് സമ്മതിച്ചില്ല.എന്നെ കൂട്ടി വീണ്ടും നടന്നു അന്വേഷിക്കാൻ തുടങ്ങി എല്ലായിടത്തും ഇതേ വാടക. അവസാനം ഏതെങ്കിലും ഒന്ന് എടുക്കുക തന്നെ എന്ന് വിചാരിച്ചിരിക്കുമ്പോൾ അവിടുത്തുകാരെന്നു തോന്നിപ്പിച്ച കുറെ യുവാക്കൾ ഇരിക്കുന്നു അവരോടു കൂടി ഒന്ന് ചോദിക്കാം എന്നിട്ടാവാം മുറി എടുക്കുന്നത് എന്ന് ശരത് പറഞ്ഞു . അവരോടു ചെലവ് കുറഞ്ഞ ഹോട്ടൽ തിരക്കി ഞങ്ങൾ ഉദ്ദേശം ഒരു 500 ഇന് അകത്തു റൂം ആണ് അന്വേഷിച്ചത് എന്നാൽ അവർ 150 രൂപയ്ക്കു കിട്ടുന്ന PWD ഗസ്റ്റ് ഹോബ്സ് കാണിച്ചു തന്നു എന്നിട്ടു അവിടെ പോയി ചോദിക്കു ചിലപ്പോൾ കിട്ടിയേക്കും എന്ന് പറഞ്ഞു. അതെന്തായാലും നല്ലൊരു വാർത്തയായി കറങ്ങി പോകാൻ നിന്ന ഞങ്ങളോട് ദൂരം കൂടുതൽ ആണ് എന്ന് പറഞ്ഞു ഒരു കൊച്ചു കേറ്റം കാണിച്ചു അത് വഴി പോകാൻ ഉപദേശിച്ചു.

നോക്കിയപ്പോൾ ഇത് ചെറുത്  കൊള്ളാം കേറാം എന്ന് തീരുമാനിച്ചു . പക്ഷെ കേറി കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എവറസ്റ്റിന്റെ ഉച്ചിയിൽ എത്തിയോ എന്നാണ് . അൾട്ടിട്യൂഡ് പ്രശ്നം എന്താണെന്നു രണ്ടാം തവണ ഞാൻ അറിഞ്ഞു. എന്തായാലും ഏന്തി വലിഞ്ഞു ഞാനും സിമ്പിൾ ആയി ശരത്തും അവിടെ എത്തി. റൂമിന്റെ കാര്യം തിരക്കിയപ്പോൾ അടുത്ത പുകില് റൂം ബുക്ക് ചെയ്യണമെങ്കിൽ കൽപയിലെ PWD ഓഫീസിൽ പോണം .കേറി വന്ന കേറ്റം കണ്ടതും മറ്റൊന്നും ചിന്തിച്ചില്ല ചേട്ടായീ എങ്ങനേലും ഒരു മുറി തായോ എന്ന് കെഞ്ചി.എന്തോ ഒരു സഹതാപത്തിന്റെ പുറത്തു അദ്ദേഹം പറഞ്ഞു നേരം വെളുക്കുമ്പോൾ  തന്നെ പൊയ്‌ക്കോണം അങ്ങനെ ആണെങ്കിൽ താമസിച്ചോളാൻ പറഞ്ഞു . സന്തോഷത്തിനു മറ്റെന്തു വേണം വലിയൊരു മുറി അറ്റാച്ഡ് ബാത്രൂം വാടക 150 പ്ലസ് ഫുഡ് ഫ്രീ. എന്തായാലും കുളിച്ചു ഫ്രഷ് ആയി ഞങ്ങൾ അവിടുത്തെ മാർക്കറ്റ് ഒകെ ഒന്ന് കണ്ടു വരം എന്ന് കരുതി ഇറങ്ങി അപ്പോഴാണ് അത് കാണുന്നത് അങ്ങ് ദൂരെ  മഞ്ഞു മൂടി നിൽക്കുന്ന കിന്നൗർ കൈലാസം.അത് കുറച്ചു കൂടി ഉന്മേഷം നൽകി അപ്പൊ ഞമ്മക്കൊരു പൂതി ഒരു കിന്നൗർ തൊപ്പി വാങ്ങണം!  പിന്നെ നടത്തം അതും അന്വേഷിച്ചായി എന്തായാലും കുറച്ചു നടന്നാലും സാധനം കിട്ടി 350 രൂപ ഠിം. തിരിച്ചു വരുമ്പോൾ വീണ്ടും പ്രശ്‌നം അങ്ങാടിയിലേക്ക് പോകുമ്പോൾ മൊത്തം ഇറക്കമായിരുന്നു സിമ്പിൾ ആയി ഇറങ്ങി ഇനി ഇത് മുഴുവൻ തിരിച്ചു കേറണം. ശരത്തിന്റെ ഉപദേശവും കൂടെ  ഒരു കുപ്പി വെള്ളത്തിന്റെ പിൻബലത്തിൽ തിരിച്ചു ഹോട്ടലിലെത്തി .ആ തണുപ്പത്തും ഞാൻ വിയർത്തു കുളിച്ചു!! 

അടുത്ത ദിവസം കാലത്തു അഞ്ചു മണിക്ക് ആണ് സ്പിതിയുടെ ആസ്ഥാനമായ കാസയിലേക്കു ബസ് അതിന്റെ വിവരങ്ങൾ എല്ലാം അന്വേഷിച്ചു മനസിലാക്കി ഗസ്റ്റ് ഹൌസിലെ ചേച്ചി ഉണ്ടാക്കി തന്ന മനോഹരമായ ചോറും ദാലും കൂട്ടി വയറു നിറയെ കഴിച്ചു പുള്ളികാരനു വാടകയും കൊടുത്തു കൂടെ ഒരു നൂറു രൂപ കൂടുതലും കൊടുത്തിട്ടു ഞങ്ങൾ നാളെ രാവിലെ കാണില്ല നേരത്തെ പോകും എന്ന് യാത്രയും പറഞ്ഞു സുഖായി ഉറങ്ങി. കിടക്കേണ്ട താമസം നിദ്ര കടാക്ഷം ഉടൻ തന്നെ കിട്ടി.

Day One Travel - 10/08/2018 - 08:10 pm HRTC bus from Delhi to Reckong Peo (585 Km - 17 + Hr Journey)

Reached Reckong Peo - 11/08/2018 - 06:00 Pm

Routes Traveled - Delhi - Shimla - Rampur - Reckong Peo

KV.Vishnu
06/10/2018
                                                           

Saturday 29 September 2018

Waahhh Taj !

ഒരു വർഷത്തെ കാത്തിരിപ്പിനു അറുതി വരുത്തി കൊണ്ട് ആണ്  ആ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള ആദ്യ കാൽ വയ്പുമായി ആ ദിവസം പിറന്നത്. ഹിമാലയൻ താഴ്വരയിലേക്ക് ഒരു യാത്ര, അതും ഡാകിനി മാരുടെ ഭൂമിയായ  സ്പിതി ലാഹോൾ താഴ്വരയിലേക്കു . ഒരു വർഷത്തെ അന്വേഷണങ്ങൾ, വായനകൾ എല്ലാം ഈ യാത്രയെ കുറിച്ചായിരുന്നു ചില ദിവസങ്ങളിൽ  ഉറക്കം പോലും നഷ്ടപ്പെടുത്തി എന്നെ വിളിച്ചു കൊണ്ടിരുന്നു ഈ മനോഹര ഭൂമി . ആഗസ്ത് 4 യാത്ര പുറപ്പെടേണ്ട തിയതിയായി  തീരുമാനിച്ചു, ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് വരെ വല്യ മെല്ലെ ആല്ലാതെ ഓടി കൊണ്ടിരുന്നു രാപകലുകൾ ഒച്ചുകളോട് മത്സരിക്കും വിധം മെല്ലെ പോക്ക് തുടങ്ങി.

ഡൽഹിയിലേക്ക്  പോകാനായി പാലക്കാട് സ്റ്റേഷൻ എത്തുന്ന വരെയും സ്പിറ്റി താഴ്വര മാത്രമായിരുന്നു മനസ്സിലും മുഴുവൻ . സ്റ്റേഷനിൽ എത്തി ട്രെയിൻ കാത്തിരിക്കുന്നതിനിടയിൽ ആണ് ഈ യാത്രയിൽ എന്റെ സഹ യാത്രികനും സുഹൃത്തും ആയ ശരത്തിന്റെ സന്ദേശം വരുന്നത് എന്നോട്  നിസാമുദിനിൽ  ഇറങ്ങേണ്ട എന്നും അവൻ ഡൽഹിയിൽ ഇല്ല കുടുംബ സമേതം ആഗ്ര സന്ദർശനത്തിൽ ആണെന്നും അതിനാൽ എന്നോടും ആഗ്രയിൽ ഇറങ്ങി അവന്റെ കുടുംബത്തെ നാട്ടിലേക്കു തിരിച്ചു അയച്ച ശേഷം നമ്മുടെ യാത്ര തുടങ്ങാം എന്നും പറഞ്ഞു . താജ് മഹൽ ആഗ്ര ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പേരുകൾ ആണെങ്കിലും എനിക്ക് താല്പര്യം തോന്നിയിരുന്നില്ല പിന്നെ ഡൽഹിയിൽ പോയിട്ട് അവൻ സ്ഥലത്തില്ലാതെ എനിക്ക് വേറെ പരിപാടിയും ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ആഗ്രയിൽ തന്നെ പോകാം എന്ന് തീരുമാനിച്ചു.

ആഗ്ര ഫോർട്ടിന്റെ പുറത്തു നിന്നും 

ആഗ്ര നല്ല വൃത്തിയുള്ള സ്റ്റേഷൻ ആ വൃത്തി പക്ഷെ അവിടം കൊണ്ട് തീർന്നു അന്തരീക്ഷ മലിനീകരണം ജല മലിനീകരണം തുടങ്ങി നാശത്തിലേക്കുള്ള യാത്രയിൽ  മത്സരിക്കുന്ന അഗ്രയാണ് പുറത്തു അന്തരീക്ഷ മലിനീകരണം കാരണം ഇവിടെ സൂര്യാസ്തമനവും ഉദയവും 90 ശതമാനം ദിവസങ്ങളിലും കാണുവാൻ സാധ്യമല്ല. ഏഴ് മാണി എട്ടു മാണി കഴിയുമ്പോൾ പുകപടലങ്ങൾക്കു പിന്നിൽ ഒരു വെള്ളി നാണയം പോലെ ആദിത്യനെ കാണുമ്പോൾ മനസിലാവും വായു മലിനീകരണത്തിന്റെ തോത് ഏതളവിൽ വർധിച്ചിരിക്കുന്നു എന്ന്.

DIWAN - I - AM 

അറിയാത്ത സ്ഥലത്തു കുറച്ചു നേരത്തേക്ക് ഒറ്റപെട്ടു പോവുക അങ്ങനൊരു സന്ദർഭം വന്നു ചേർന്നു ഈ യാത്രയിൽ ആഗ്രയിൽ വരാൻ പറഞ്ഞപ്പോൾ അവനോടു എവിടെ വരണം എന്ന് ചോദിക്കാൻ ഞാനും അഡ്രസ് പറയാൻ അവനും മറന്നു. സ്റ്റേഷനിൽ ഇറങ്ങി കുറെ നേരം ഫോണിൽ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല അവസാനം സ്റ്റേഷനിൽ തന്നെ ഇരിക്കാം അവൻ വിളിക്കട്ടെ എന്ന് ചിന്തിച്ചു ഇരുപ്പു ആരംഭിച്ചു, എങ്കിലും ഇടയ്ക്കു ഞാൻ ട്രൈ ചെയ്തു കൊണ്ടേ ഇരുന്നു ഫോണിൽ അവസാനം ഫോൺ എടുത്തു അങ്ങേ തലക്കൽ ഹിന്ദി ആദ്യം നമ്പർ മാറിയോ എന്ന് തോന്നിയെങ്കിലും  തുടർന്ന് സംസാരിച്ചപ്പോൾ എന്റെ സുഹൃത്ത് താമസിക്കുന്ന ഹോട്ടലിന്റെ റിസപ്‌ഷൻ ആണ് അത് അവൻ പുറത്തേക്കു പോയപ്പോൾ ഫോൺ അവിടെ മറന്നു വെച്ച് പോയിരുന്നു . എന്തായാലും അവരോടു  അഡ്രെസ്സ് ചോദിച്ചു മനസിലാക്കി അവൻ വരുന്നതിനു മുന്നേ അവിടെ ചെന്ന് ഞാനും റൂം എടുത്തു അവനെയും കാത്തിരിപ്പായി

DIWAN - I - AM 

കിരൺദീപ് എന്ന ഹോട്ടലിൽ ആയിരുന്നു റൂം. 900 രൂപ വാടക ആയി ഒരു ദിവസത്തേക്ക് അറവാണ് എങ്കിലും വേറേ വഴിയില്ലാതെ എടുത്തു. നല്ല ജോലിക്കാരുള്ള ഒരു ഹോട്ടൽ ആയിരുന്നു അത് കുളിക്കാൻ  ആയി വെള്ളം ശേഖരിച്ചു ഒരു മണിക്കൂർ ബക്കറ്റിൽ പൊടി താഴാൻ വെച്ചിട്ടു പിന്നെ നോക്കുമ്പോൾ ഒരു ബക്കറ്റു വെള്ളത്തിൽ കാൽ  ബക്കറ്റു ചെളി,രുചി അതി മനോഹരമായ ഉപ്പു രസവും. ഉപ്പു രസം ക്ഷമിക്കാം കട്ട ചെളി വെള്ളത്തിൽ പക്ഷെ എങ്ങനെ കുളിക്കും എന്തായാലും റിസപ്‌ഷനിൽ  ചെന്ന് കാര്യം പറഞ്ഞു . അദ്ദേഹം വളരെ  വിനയോതോടെ പറഞ്ഞു വേണെങ്കിൽ കുളിച്ച മതി ഇവടെ എല്ലായിടത്തും ഇങ്ങനെ ആണ് . വിജൃംഭിച്ചു പോയി ആ വിനയത്തിനു മുന്നിൽ . പിന്നെ നല്ല തല്ലു നാട്ടിൽ ഉള്ളപ്പോൾ എന്തിനാ വലിടത്തും വന്നു വാങ്ങാൻ പോകുന്നത് റൂം എടുത്തത് എന്റെ തെറ്റായി പോയി എന്ന് മാത്രം പറഞ്ഞു തിരിച്ചുപോയി  ചെളി താഴുന്ന  വരെയും കാത്തിരുന്നു കുളിച്ചു (എന്ന് വരുത്തി).

Inside DIWAN - I - AM 

ആഗ്രയിലെ ആദ്യ യാത്ര ആഗ്ര ഫോർട്ടിലേക്കു ആയിരുന്നു ചെങ്കൽ നിറമുള്ള കോട്ട ബാബർന്റെ കാലം തൊട്ടു ഔറാങ്ഗസേബ് വരെയും ഈ കോട്ടയിൽ താമസിച്ചായിരുന്നു  ഭരണം നടത്തി പോന്നിരുന്നത് മുഗൾ രാജ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു ആഗ്ര .ഇബ്രാഹിം ലോധിയിൽ നിന്നും ആദ്യം ബാബറും പിന്നീട് ഹുമയൂണിനെ തോൽപ്പിച്ചു ഷേർ ഷാ സൂരിയും കോട്ടയും ആഗ്രയും കൈവശപെടുത്തിയെങ്കിലും   അക്ബർ വീണ്ടും അത് തിരിച്ചു പിടിച്ചു ഏതൊരു പുരാതന കൊട്ടകളെയും പോലെ ഇതിലും അന്നത്തെ കര കൗശലത വിളിച്ചു പറയുന്ന നിർമാണം തന്നെയാണ്.
ഉള്ളിലേക്ക് കടക്കാൻ ടിക്കറ്റ് എടുക്കണം ആദ്യം ചെങ്കൽ നിറമുള്ള കോട്ട വാതിൽ കടന്ന് പോകുന്നത് വിശാലമായ അങ്കത്തിലേക്കാണ്  മനോഹരമായ പുൽ തകിടികളും നല്ല നട പാതകളും ഉള്ള ഒരു അങ്കണം. പുറമെയുള്ള ബഹളങ്ങളിൽ നിന്നും സൗമ്യമായ ഒരു അന്തരീക്ഷം ആണ് എന്നെ സ്വീകരിച്ചത് . ഞങ്ങൾ പോയത് ഓഫ് സീസൺ സമയം ആയതു കൊണ്ട് തന്നെ തിരക്ക് നന്നേ കുറവായിരുന്നു .

മയൂര സിംഹാസനം വച്ചിരുന്ന തക്ത് ഇ ജഹന്ഗീർ 

ഗെയിഡുമാരുടെ സേവനം തരാം  200 300 500 എന്നിങ്ങനെ പറഞ്ഞു വിടാതെ പിന്നാലെ വരും. പക്ഷെ ഒരു ശരാശരി മലയാളി ആയ എന്നോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ വിക്കിപീഡിയ ഉണ്ട് ഞാൻ വായിച്ചു പടിച്ചോളാം തത്കാലം സേവനം ആവശ്യമില്ല എന്ന് പറഞ്ഞു വിട്ടു ഒറ്റയ്ക്ക് കറക്കം ആരംഭിച്ചു . അറിയാത്ത സ്ഥലം വരുമ്പോൾ കുറെ നേരം ചുറ്റി പറ്റി നിക്കും അപ്പഴേക്കും ആരെങ്കിലും ഒക്കെ ഗയിഡിനെയും കൊണ്ട് അവിടെ എത്തും നമ്മൾ അവടെ നിന്ന് കഥയും കേക്കും . സംഗതി എന്തായാലും ക്ലിക്ക് ആയി ഫ്രീ ആയിട്ട് കുറേ കഥകൾ കേട്ട് നടന്നു . ചില കഥകൾ കേട്ടാൽ ഇവർ ഷാജഹാന്റെ വലതു ഭാഗത്തു നിന്ന് മുഴുവൻ കണ്ട പോലെയാണ് പറച്ചിൽ. അത് കേട്ട് ആളുകളും ഉവ്വോ എന്ന രീതിയിൽ തലയാട്ടും. എല്ലാ ചരിത്രത്തിലും കൊറച്ചു എക്സാജറേഷന് ഉണ്ടാവും എന്തായാലും  ഫ്രീ ആണല്ലോ  എന്ന് വിചാരിച്ചു കഥയും കേട്ട് ഞാനും നടന്നു കൂടെ.


Diwan - E - Khas 

കോട്ടക്ക് അകത്തു അങ്കണത്തില് നമുക്ക് ആദ്യം ദൃശ്യമാകുന്നത് അക്ബറിന്റെ പൊതു ജന ദർബാർ (DIWAN - I - AM ) ആണ് അക്ബർ പണി കഴിപ്പിച്ചതാണത്രേ . കണ്ടപ്പോൾ ആണ് ഓർമ്മ  വന്നത് ഈ സ്ഥലം മുൻപ് എവിടയോ കണ്ടിട്ടുണ്ട് , അതെ ജോധാ അക്ബർ എന്ന സിനിമയിൽ അക്ബർ ഇരിക്കുന്ന ദർബാർ തന്നെയാണ് ഇത് അങ്ങനെ ആണെങ്കിൽ അതിനു ചുവട്ടിലെ വെള്ള മാർബിളിന്റെ സിംഹാസന പീഠത്തിൽ തന്നെ ആയിരിക്കണം ആ മഹാനായ ചക്രവർത്തി ഇരുന്നു ഭരിച്ചിരിക്കുക . മുഗൾ വംശത്തിൽ അക്ബറിനോട് വല്ലാത്തൊരു പ്രണയവും ഉണ്ട് എനിക്ക് അത് കൊണ്ട് തന്നെ ആ സ്ഥലം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു .

Taj View From Agra Fort

അവിടെ നിന്നും മുകളിലേക്ക് ഗോവണി പടികൾ പോകുന്നുണ്ട് അക്ബറിന്റെ പുത്രനായ സലിം എന്ന ജഹന്ഗീർന്റെ ദർബാർ മുകളിൽ ആണ് ഇംഗ്ലീഷുകാർ അടിച്ചു മാറ്റി കൊണ്ട് പോയ (ഹിമാലയം വരെ പൊക്കി കൊണ്ട് പോകാൻ കഴിയുന്നതായിരുന്നെങ്കിൽ അത് വരെ പഹയന്മാര് അടിച്ചോണ്ടു പോയേനെ) മയൂര സിംഹാസനം സ്ഥിതി ചെയ്തിരുന്ന ആ വെണ്ണക്കൽ സൗധം. അവിടെ  നിന്നാൽ താഴെ വിശാലമായ പുല്തകിടികൾ ഉള്ള ഒരു  അങ്കണം അഥവാ വലിയൊരു നടു മുറ്റം കാണാം . ജഹന്ഗീർ ചക്രവർത്തി ഏതോ കരിമ്പ് കച്ചവടകാരിയുമായി നടത്തിയ വാദ പ്രതിവാദങ്ങളുടെ മിനിട്ട്സ് ഓഫ് ദി മീറ്റിംഗുമായി  പറഞ്ഞു ആരുടെയോ ഗയിഡ്  അങ്ങോട്ട് വന്നു എന്റെ ആസ്വാദനത്തെ അലോസരപ്പെടുത്തിയപ്പോൾ ഞാൻ മാറി നടന്നു.

Shah - Burj

ഷാഹ്‌ജഹാൻ ചക്രവർത്തിക്കു പ്രാര്ഥിക്കുവാനായി പണി കഴിപ്പിച്ച മീന മസ്ജിദ് പിന്നെ വെണ്ണ കല്ലിൽ തീർത്ത അതി മനോഹരമായ നാഗിൻ മസ്ജിദ് ഇതിനു പുറമെ നല്ലവനായ ഔറാങ്ഗാസീബ് സ്വന്തം ഡാഡി ആയ ഷാജഹാനെ ബന്ദിയാക്കിയ ഷാഹ് ബുർജ് ഒക്കെ കണ്ടു കൂടെ മനോഹരമായ ജഹാൻഗിറിന്റെ മയൂര സിംഹാസനം പ്രതിഷ്ഠിച്ചിരുന്ന തക്ത് ഇ ജഹന്ഗീർ അദ്ദേഹത്തിന്റെ ദര്ബാറിന്റെ സമീപത്തായി കണ്ടു . ഇതിനകത്തെ കാഴ്ചകൾ എല്ലാം തന്നെ മുഗൾ വാസ്തുകലയുടെ മനോഹരമായ സ്മാരകങ്ങൾ ആണെങ്കിലും അവിടുന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്‌ച മറ്റൊന്നായിരുന്നു .


 താജ് മഹൽ യമുനയുടെ തീരത്തു തല ഉയർത്തി നിൽക്കുന്നു, യമുന അഭിനവ കാളിയന്മാരാൽ മലീമസയായി വീണ്ടും മാറിയെങ്കിലും വിസ്താരമായി പരന്നു ഒഴുകുന്ന പുഴയുടെ തീരത്തു ദൂരെ ഒരു കുഞ്ഞു പോലെ കാണുന്ന താജ് മഹൽ അതിമനോഹരമായി തോന്നി . താജ് മഹൽ പിന്നീട് അടുത്ത് പോയി കണ്ടെങ്കിലും ഇവടെ വെച്ച് കണ്ട ആ സൗന്ദര്യം പിന്നീട് താജ് കണ്ടപ്പോൾ തോന്നിയില്ല . ഷാഹ് ബുർജിൽ നിന്നും നോക്കിയാൽ കാണുന്നതും ഈ കാഴ്ച ആണ് ഷാഹ്‌ജഹാൻ തന്റെ പ്രിയ പത്‌നി ആയ മുംതാസിനെ ഇവടെ ഇരുന്നാണ് മരണം വരെയും കണ്ടു കൊണ്ടിരുന്നത് . പിന്നീട് ഷാജഹാന്റെ മരണ ശേഷം മൃത ശരീരം ഒരു തോണിയിൽ യമുനയിലൂടെ താജിൽ എത്തിക്കുകയായിരുന്നു. ജയിലിലിട്ടെങ്കിലും  മുംതാസിന്റെ ഓർമകളിൽ ജീവിക്കാൻ സൗകര്യം ചെയ്തു കൊടുത്തലോ എന്നാലോചിച്ചു ഔരംഗസേബിനോട് ആ ഒരു കാര്യത്തിൽ നന്ദി പറയാം എന്ന് തോന്നി  .



ഒരു ദിവസം മുഴുവനും കാണാൻ കുറെ ഏറെ  കാര്യങ്ങൾ ഉണ്ടെങ്കിലും ഞാൻ താജിനേയും നോക്കി കൊണ്ട് തന്നെ നിന്ന് കുറെ കഴിഞ്ഞപ്പോൾ മൊബൈൽ റിംഗ് എന്നെ ശല്യപ്പെടുത്തി കൊണ്ട് വന്നു ശരത് ആയിരുന്നു അപ്പോഴാണ് ഞാനും സമയം നോക്കുന്നത് ആ ഭംഗിയിൽ  ലയിച്ചു നിന്നു പോയ എന്നെ കാണാതെയും വിളിച്ചിട്ടു കിട്ടാതെയും ആയപ്പോൾ അവര് തിരിച്ചു ഹോട്ടലിലേക്ക് പോയി ഉച്ചക്ക് അവന്റെ അമ്മയും മറ്റുള്ളവരും തിരിച്ചു പോവുകയാണ് ഉച്ചക്കാണ് ട്രെയിൻ അത് കൊണ്ട് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യണം പെട്ടെന്ന് വാ എന്ന് പറഞ്ഞു വിളിച്ചു . നേരെ വിട്ടു ഒരു ഓട്ടോയിൽ കേറി യാത്ര തുടങ്ങിയ ശേഷം ആണ് പൈസ പറഞ്ഞു ഉറപ്പിക്കാൻ മറന്ന കാര്യം ഓർമ്മ വന്നത് . പിന്നെ കരുതി പോട്ടെ രണ്ടു വൃദ്ധന്മാരാണ് ഇനിയിപ്പോ 6 കി മി പോകുവാനുള്ളു പാവങ്ങള് 100 ചോയ്ച്ചാലും കൊടുത്തേക്കാം എന്ന് കരുതി പിന്നെ ഒന്നും പറഞ്ഞില്ല .
പക്ഷെ വയസ്സ് ഒരു മാനദണ്ഡമല്ല ആർത്തി ഉത്തരേന്ത്യൻ ആട്ടോ കാരന്റെ തന്നെ ആയിരുന്നു ഹോട്ടൽ എത്തിയപ്പോൾ 350 രൂപ വേണം പോലും ! ഒരു നിവർത്തിയും ഉണ്ടെങ്കിൽ ഓട്ടോയിൽ കേറരുത് മറിച്ചു കേറുന്നു എങ്കിൽ ആദ്യമേ വാടക പറഞ്ഞു ഉറപ്പിച്ചു വേണം കേറാൻ എന്ന് അതോടെ പഠിച്ചു .


എന്തായാലും അവര് സംഭവം ഉത്തരേന്ത്യൻ ആട്ടോക്കാർ ആയിരിക്കും ഞാൻ പക്ഷെ നല്ല അസൽ മലയാളി ആണെന്ന് തെളിയിച്ചു350 അവര് പറഞ്ഞപ്പോ ഞാൻ ആദ്യമേ താഴ്ത്തി 35 രൂപ തരും എന്നു  ആദ്യം കൊടുക്കാം എന്ന് വിചാരിച്ച 100 പോലും ഞാൻ തരില്ല എന്ന് തർക്കിച്ചു അവസാനം അപ്പൂപ്പന്മാര് 50 എങ്കിലും തന്നാലെ പറ്റു  എന്ന് പറഞ്ഞു പിന്നെ പോട്ടെ എന്ന് കരുതി അതിനു സമ്മതിച്ചു . ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു  ഇറങ്ങുമ്പോൾ എന്നെ ചെളി വെള്ളത്തിൽ കുളിപ്പിച്ച ആ നല്ലവനായ  ഹോട്ടലുകാരൻ ടിപ്പിന് വേണ്ടി അഞ്ചു പ്രാവശ്യം നമസ്‌കാർ നമസ്കാർ പറഞ്ഞു ഞാനും തിരിച്ചു അത്രയും പ്രാവശ്യം നമസ്കാർ പറഞ്ഞു അവസാനം ഗതികെട്ട് ടിപ്പ് ചോയ്ച്ചു . ഞാൻ കൊറച്ചും കൂടെ വല്യ നമസ്കാരം വെച്ച്  തരൂല എന്ന് പറഞ്ഞു അവിടന്നു ഇറങ്ങി നേരെ റെയിൽവേ സ്റ്റഷനിലേക്കു എല്ലാരും കൂടെ തിരിച്ചു അവരെ അവിടുന്ന് യാത്രയാക്കിയ  ശേഷം ഞങ്ങൾ തിരിച്ചു . എന്തായാലും ആഗ്രയിൽ വന്നതല്ലേ താജ് മഹൽ കൂടെ സന്ദർശിച്ചു പിന്നെ ഡൽഹിയിലേക്ക് പോകാം എന്ന് പറഞ്ഞു ഞങ്ങൾ വീണ്ടും വേറെ ഒരു ഹോട്ടൽ അന്വേഷിച്ചു പുറപ്പെട്ടു .


ഞങ്ങളെ സ്റ്റേഷനിൽ ഇറക്കി വിട്ട ഒരു ആട്ടോ അപ്പൂപ്പൻ ഞങ്ങൾ തിരിച്ചു പോകുമ്പോൾ സ്റ്റേഷന്റെ വെളിയിൽ നില്പുണ്ടായിരുന്നു ഞങ്ങൾ കാര്യം പറഞ്ഞു താജ് മഹൽ കാണണം അതിനടുത്തു വല്ല മുറിയും വേണം അധിക വാടകയും അരുതു അങ്ങേരു ഓക്കേ അടിച്ചു ആദ്യത്തെ കണക്കു ഒരു ഹോട്ടൽ ആണ് ഞങ്ങൾ പ്രതീക്ഷിച്ചു പോയതെങ്കിലും "ഹോട്ടൽ ഷാഹ്‌ജഹാൻ " എന്ന നല്ല മനോഹരമായ ഹോട്ടൽ ആണ് കിട്ടിയത് വാടക ആകെ 700 രൂപ ആയുള്ളൂ നല്ല വൃത്തിയുള്ള ഡബിൾ ബെഡ്‌റൂം കിട്ടി മുകളിൽ ഇരുന്നു നോക്കിയാൽ താജ് കാണാം 250 മീറ്റർ നടന്ന താജ് മഹൽ എത്താം അങ്ങനെ എല്ലാം കൊണ്ടും നല്ല മുറി പക്ഷെ ഇത്ര ചുരുങ്ങിയ കാശിനു കിട്ടാൻ കാരണം ഇത് ഓഫ് സീസൺ ആണ് അത് കൊണ്ട് മാത്രം ആണ്. എന്റെ അഭിപ്രായത്തിൽ ഓഫ് സീസൺ ആണ് സമാധാനമായി യാത്ര ചെയ്യാനുള്ള സമയം . വൈകുന്നേരം കുളിച്ചു ഫ്രഷ് ആയി താജ് കാണാൻ ഞങ്ങൾ പുറപ്പെട്ടു .


മുഗൾ വാസ്തു വിദ്യയുടെ മകുടോദാഹരണം തന്നെയാണ് താജ് ഒരു  വെണ്ണക്കൽ അത്ഭുതം,തിരക്കില്ലാഞ്ഞത് കാരണം താജിന് ചുറ്റും ഫോട്ടോസ് എടുത്തും വിസ്തരിച്ചു അതിന്റെ ഭംഗി ആസ്വദിച്ചും ഞങ്ങൾ നടന്നു,താജിനെ പറ്റി  കേട്ട കഥകൾ എല്ലാം സ്മരിച്ചു അങ്ങനെ നടന്നു. താജിന്റെ അങ്കണത്തിൽ കടക്കുന്നതിനു മുന്നേ ഷൂ കവർ ധരിക്കണം പത്തു രൂപ കൊടുത്തു കവർ വാങ്ങി കാലിൽ ഇട്ടു അകത്തേക്ക് കടന്നു ഒരു റാന്തൽ വെട്ടം മാത്രം ഉള്ള താജിന്റെ അകത്തേക്ക് അവിടെ രണ്ടു ഖബറുകൾ മുകളിൽ ആയി ഷാഹ്‌ജഹാനും തൊട്ടു അടുത്ത് കുറച്ചു താഴെ ആയി മുംതാസും. മരണം പോലും വേർപിരിക്കാഞ്ഞ  പ്രണയം ഇപ്പോഴും  അതിനുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു നിശബ്ദമാണ് അതിനകം . മുൻപ് അടിയിലുള്ള അവരുടെ ഖബറിനടുത്തു വരെ ആളുകളെ വിട്ടിരുന്നു എങ്കിലും ഇപ്പൊ അടിയിലേക്കുള്ള കവാടം അടച്ചിരിക്കുകയാണ് മുകളിൽ ഉള്ള ഖബറിന്റെ രൂപം മാത്രമേ നമുക്ക് കാണുവാൻ കഴിയു.


ഷാഹ്‌ജഹാന്റെയും മുംതാസിന്റെയും അവരുടെ നിത്യ പ്രണയത്തിനും മുന്നിൽ മുട്ട് മടക്കി ഇരുന്നു നമസ്ക്കരിച്ചു ശേഷം  ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു യാത്ര ആയി . പിറ്റേന്ന് കാലത്തു ഡൽഹിക്കു തിരിക്കാം എന്ന് തീരുമാനിച്ചു തിരിച്ചു പോരുമ്പോൾ ഒരു ആഗ്രഹം "കളമൊഴിയെ" എന്ന പാട്ടിലെ ഒരു സീൻ ഉണ്ട് ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പും  ബാക് ഡ്രോപ്പിൽ താജ് പിന്നെ ഒരു കട്ടനും കേൾക്കണ്ട താമസം ശരത് പറഞ്ഞു നമ്മക്ക് വഴിയുണ്ടാക്കാം അങ്ങനെ ഞങ്ങൾ റൂഫ് ടോപ് തപ്പി തെരുവുകളിലൂടെ അലഞ്ഞു .പല സ്ഥലത്തും സുരക്ഷാ കാരണങ്ങൾ കാരണം റൂഫ് ടോപ് തുറക്കാൻ പാടില്ല എന്ന് കർശന നിയമം ഉണ്ട് . അവസാനം വല്യ മോശമല്ലാത്ത രീതിയിൽ താജ് കാണാൻ കഴിയുന്ന ഹോട്ടൽ ഞങ്ങൾ കണ്ടെത്തി . രാത്രി അവിടുന്ന് തന്നെ നല്ല രുചിയുള്ള ചപ്പാത്തിയും കോഴിക്കറിയും കഴിച്ചു . എന്നിട്ടു പിറ്റേന്ന് കാലത്തു ഞങ്ങൾക്ക് ഉദയം കാണണം എപ്പോഴാ വരേണ്ടത് എന്ന് അന്വേഷിച്ചു


അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണം ഉദയം അസ്തമയം ഒന്നും കാണാൻ പറ്റാറില്ല എന്ന് കടയിലെ ഒരു വൃദ്ധൻ ഞങ്ങളോട് പറഞ്ഞു, എന്തായാലും പോയി നോക്കുക തന്നെ കടകൾ എല്ലാം തുറക്കാൻ ഏഴു മണി കഴിയും അപ്പോൾ വരാൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഞങ്ങളുടെ അപേക്ഷ മാനിച്ചു അഞ്ചരക്ക് വന്നോളാൻ പറഞ്ഞു പക്ഷെ ഭക്ഷണം കിട്ടാൻ ഏഴു കഴിയും എന്ന് മാത്രം. ഞങ്ങൾ രണ്ടു കട്ടൻ കാപ്പി മാത്രം മതി എന്ന് പറഞ്ഞു ഭക്ഷണം വൈകീയാലും കൊഴപ്പമില്ല . അങ്ങനെ അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റു ഉദയം കാണുവാൻ ഞങ്ങൾ പോയി അഞ്ചര കഴിഞ്ഞു ആരും കഴിഞ്ഞു ഉദയവും കഴിഞ്ഞു പക്ഷെ വെളിച്ചം പരന്നതല്ലാതെ സൂര്യനെ കണ്ടില്ല എന്നാലും അവിടുന്ന് താജിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ കട്ടൻ കാപ്പി കുടി തുടർന്നു

അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ചു ഞങ്ങൾ ഒന്ന് കൂടെ താജ് കാണാൻ ആയി പോയി ഓഗസ്റ്റ് മാസം അതി കഠിനമായ ചൂടാണ് എങ്കിലും ഈ പുലർകാല വേളയിൽ യമുനയുടെ സൗന്ദര്യവും തീരത്തെ ഈ ലോകാത്ഭുതവും കണ്ടു നടക്കുക മനോഹരമായ അനുഭവം തന്നെ. അവിടെ വെച്ച് സ്പെയിനിൽ നിന്ന് വന്ന കുറെ പെൺകുട്ടികളെ പരിചയപെട്ടു ഇംഗ്ലീഷ് പരിജ്ഞാനം നമ്മളെക്കാൾ കുറവാണ് അവർക്കു സ്പാനിഷും പിന്നെ മറ്റേതോ ഭാഷയിലും ആണ് സംസാരം കൂടുതലും ഇംഗ്ലീഷ് വിക്കി വിക്കി പറയും. അവരുടെ കൂടെ കുറെ നേരം സംസാരിച്ചും ഫോട്ടോ എടുപ്പുമൊക്കെ ആയി കുറെ നേരം കഴിഞ്ഞ ശേഷം താജിനും അതിൽ തുളുമ്പി നിന്ന നിത്യ പ്രണയത്തിനും ആ മഹാനായ ചക്രവർത്തിയുടെയും ഓർമകൾക്കു മുന്നിൽ  നമസ്കരിച്ചു ശേഷം അഗ്രയോടും താജിനോടും വിട പറഞ്ഞു .

അനുഭവിച്ചതും കണ്ടതുമായ കാര്യങ്ങൾ കുറെയേറെ സന്തോഷം നൽകിയെങ്കിലും ചില കാര്യങ്ങൾ അതിനേക്കാൾ ഏറെ ദുഃഖിപ്പിക്കുകയും ചെയ്തു .അതിലൊന്നാണ് പരിസ്ഥിതി ജല  മലിനീകരണം. നിയന്ത്രണാതീതമാണെന്നിരിക്കിലും അതിൽ നിന്ന് ഒരു  മോചനം ഇനിയും സാധ്യമാണെന്നിരിക്കെ ആ സാധ്യതയെ സാധൂകരിക്കാൻ ആയി അൽപം കഷ്ടപെട്ടാലും എന്ത് നഷ്ടമിരിക്കുന്നു.നമ്മൾ മലീമസയാക്കിയ   യമുനയെ തിരിച്ചെടുക്കണം അന്തരീക്ഷം ശുദ്ധമാകണം ഉദയവും അസ്തമയവും താജിൽ സിന്ദൂര പൊട്ടു ചാർത്തണം വരുന്ന തലമുറകൾക്കു വേണ്ടി കാത്തു വെക്കണം ! എല്ലാം സ്വപ്നം മാത്രമാകുമോ സത്യമാകുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഈ യാത്ര കഴിഞ്ഞപ്പോ ഓർമ്മ വന്നു.

"വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍ സ്വയം നന്നാവുക..!" 

യാത്രകൾ തുടരുന്നു  ഹിമവൽ സന്നിധിയിലേക്ക് ഇനി !

KV.Vishnu
28/09/2018
                                                                                                          


Saturday 28 July 2018

നിള


ചേലെഴുന്നൊരു ചേരനാട്ടിൻ ചേലേറിയ - 
മമ ഭാഷ തൻ താതനു ജന്മമേകിയ ജനനി !
ആചാര്യൻ തന്നുടെ നാവതിൽ നിന്നുതിർ -
ന്നൊരാ സരസ്വതി കടാക്ഷം പോലനന്തമാ -
യെന്നും വറ്റാതെയൊഴുകുകയിരുകരയും തഴുകി,

ശങ്കരൻ തന്നുടെ ജടക്കലങ്കാരമാകുന്ന ദേവി
രൗദ്രരൂപിണിയായി തകർക്കുക നീ !
മർത്ത്യന്റെ ആർത്തി കെട്ടിയൊരീ കെട്ടുക - 
ളെലാം തകർക്കുക  ജനനി,  നീ ശാന്തയായി
യൊഴുകി തവ ലക്ഷ്യം ചേരുന്നിടം വരെക്കും !

KV.Vishnu
28/07/2018

Saturday 7 July 2018

"TRIP STARTS TO THE HIDDEN GEM"



ഗന്ധി കോട്ട -


ശരത്തും അലിയും ഞാനും ഒന്നിച്ചു പോയ ആദ്യ ദീർഘ ദൂര യാത്ര . ആ ഓർമകൾക്ക് ഈ മാസം ഒന്നാം പിറന്നാൾ ആയിരിക്കുന്നു . പെട്ടെന്നെടുത്ത ഒരു യാത്ര തീരുമാനം ആയിരുന്നു ഗന്ധി കോട്ട എന്ന സ്ഥലത്തേക്ക് . ഒരു പാട് നാളുകൾക്കു മുന്നേ എവിടയോ വായിച്ച ഒരു യാത്രാ വിവരണത്തിന്റെ ഓർമയിൽ  മറക്കാതെ കിടന്നൊരു മുത്ത് "An Hidden Gem" അതിന്റെ ഫലമാണ് ഈ യാത്ര.

ഒരു സാധാരണ സംഭാഷണത്തിനിടക്ക് ശരത് ചോദിച്ചു " തടിയാ നമുക്ക്  ഒരു ട്രിപ്പ് പോകാം" അവന്റെ കൂടെ ഏതു പാതാളത്തിലേക്കു പോകാൻ തയാറുള്ള എന്നോട് ഇങ്ങനൊരു ചോദ്യം തന്നെ അപ്രസക്തം :) എന്നതാണ് സത്യം. എന്തായാലും ഞങ്ങളുടെ മൂവർ സംഘത്തിലെ മാന്യൻ എന്ന സ്വയം പര്യവേഷം ചാർത്തി നാട്ടുകാർക്ക് യാതൊരു കുറ്റവും പറയാൻ ഇടവരുത്തരുത് എന്ന ഏക ലക്ഷ്യത്തെ തന്റെ ജന്മ ലക്ഷ്യമാക്കി മാറ്റിയ അലി അന്ന് നാട്ടിൽ ലീവിന് എത്തും എന്നത് ഈ യാത്രക്ക് പൂർണതയും ആയി.എന്തായാലും അലിയും കൂടെ യാത്രക്ക് പച്ച കൊടി കാണിച്ചു വരാം എന്ന് പറഞ്ഞു. പതിവ് പോലെ എല്ലാ യാത്രകൾക്കും സംഭവിക്കാനുള്ള ആദ്യ ദുരന്തം ഈ യാത്രക്കും നടന്നു എന്നിരുന്നാലും ഒരു ദിവസം കൂടി മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ എന്നത് മഹാ ഭാഗ്യം. രണ്ടാമതൊരു ദുരന്തം ഈ യാത്രയെയും തേടിയെത്തേണ്ടിയിരുന്ന സാഹചര്യം കൂടെ വന്നെങ്കിലും . എന്റെ അസാമാന്യ ബുദ്ധി വൈഭവം കൊണ്ടും സന്ദർഭോചിതമായ എന്റെ മാനസിക വികാരം നിയന്ത്രിക്കാൻ കഴിഞ്ഞതും ഒരു വൻദുരന്തം ഒഴിവാക്കി.

ഇല്ലെങ്കിൽ ഒരു തുണി കഴുകി ഇട്ടു എന്ന കാരണം കൊണ്ട് ഈ യാത്ര മുടങ്ങിയേനെ അല്ല മുടക്കിയേനേ . എന്തായാലും അത് മുടക്കാതിരുന്ന നല്ല മനസ്സിനു  ശരത്തെ നിനക്ക് നന്ദി . എന്തായാലും എന്റെ മനസിലൂടെ ആ സന്ദർഭത്തിൽ ഓടിയ സരസ്വതി വചനങ്ങൾ പൂർണമായി ഉൾക്കൊണ്ട് പിന്നീട് അവൻ എന്നോട് ചോദിച്ചു " സത്യത്തിൽ നീയെന്നെ അന്ന് ഒരു പാട് തെറി മനസ്സിൽ പറഞ്ഞില്ലേ ". അതെ ഉവ്വ് അന്ന് ഞാൻ അവന്റെ വീട്ടിൽ വിളിക്കാൻ പോകുമ്പോൾ ആ പുറം തിരിഞ്ഞുള്ള കിടപ്പു അത് ഒരു ആഭ്യന്തര കലഹത്തിന്റെ ബാക്കി പത്രം ആണെന്ന് അവന്റെ കണ്ണുകളും പിന്നെ ആ ഓഞ്ഞ ചിരിയും എന്നോട് പറഞ്ഞപോലെ തന്നെ  എന്റെ ആ പെട്ടെന്നുള്ള അതി വിനയവും എന്റെ മുഖത്തെ ഓഞ്ഞ ചിരിയും കണ്ടപ്പോൾ അവനും മനസിലാക്കി എനിക്ക് പറയാനുള്ളത് എന്താണെന്ന്.
അതിനെയാണ് സായിപ്പ് "FRIEND SHIP" എന്ന് പറഞ്ഞത് , ഒന്നും വിശദികരിക്കേണ്ട   ആവശ്യം ഇല്ല ഞങ്ങൾ മൂന്നു പേർക്കും ഇടയിൽ എന്ന് പലപ്പോഴും തോന്നും അപ്പോൾ ,. റൂമി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വരും  " നിന്റെ കാൽപാദം പതിയുന്ന മണ്ണിൽ നിന്റെ സുഹൃത്തിന്റെ കാലടി നീ കാണും ".

യാത്രയുടെ ആദ്യ പാതി സംഭവ ബഹുലം തന്നെ ആയിരുന്നു ഞങ്ങൾ നേരത്തും കാലത്തും ഒന്ന് പുറപ്പെട്ടില്ല എങ്കിലും അന്ന് തീവണ്ടി കൃത്യമായി വന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർക്കു പോകേണ്ട  ടിക്കറ്റ് എടുത്തില്ല. പക്ഷെ  ഞങ്ങൾ സത്യസന്ധർ ആണല്ലോ TTR നെ നേരിൽ  കണ്ടു കാര്യം പറഞ്ഞു സർ ടിക്കറ്റ് എടുക്കാൻ പറ്റിയില്ല ഞങ്ങൾ കോയമ്പത്തൂർ ഇറങ്ങുമ്പോ എടുക്കാം എന്ന് വണ്ടി ഓടി കൊണ്ടിരിക്കുന്നത് കൊണ്ടും ഇറക്കി വിടാൻ വേറെ നിർവാഹം ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ സത്യാ സന്ധതക്ക് അദ്ദേഹം "FINE" എന്ന ഓമന പേരിൽ 300 രൂപ ഒപ്പിട്ടു തന്നു (900 ആണ് പറഞ്ഞത് തേച്ചു തേച്ചു 300 ആക്കിയതാണ്")

എന്തായാലും കോയമ്പത്തൂർ നിന്നും ടിക്കറ്റ് എടുക്കാൻ സാധിച്ചില്ല പിന്നെ അടുത്ത വല്യ സ്റ്റോപ് ഈറോഡ് ആണ് അവിടെ  കുറച്ചു നേരം കൂടുതൽ വണ്ടി നിർത്തും എന്നറിഞ്ഞത് കൊണ്ടും അവിടന്നു എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു . അങ്ങനെ ഈറോഡ് എത്തി ഞങ്ങളുടെ മാർഗ ദർശിയും  കാര്യശേഷി പുംഗവനും സൂര്യന് ചുവട്ടിലെ ഏതു കാര്യത്തെ കുറിച്ചും സംസാരിക്കാനും ഉപദേശിക്കാനും യാതൊരു മടിയും ഇല്ലാത്ത ഞങ്ങളുടെ പ്രിയ സ്നേഹിതൻ ഇപ്പൊ വാരം എന്നും പറഞ്ഞു പോയി . നേരം കുറച്ചായി ഞാൻ കാത്തിരുന്നു  അപ്പോൾ അതാ വരുന്നു ഒരു കയ്യിൽ മിച്ചർ പാക്കറ്റും മറുകയ്യിൽ വെള്ളം കുപ്പിയും പിന്നെയും എന്തൊക്കെയോ തിന്നാൻ (സംഗതി എനിക്ക് വേണ്ടി ആണ് ) ആ വരവ് കണ്ടപ്പോ ഞാൻ അലിയോട് പറഞ്ഞു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാം കൊണ്ട് വരുന്നുണ്ട്.

സംഗതി ആത്മഗതം ആണെങ്കിലും ഗുളികൻ നാക്കിൽ കയറിയ പോലെ ആയി അവൻ എടുത്ത ടിക്കറ്റ് കളഞ്ഞു കുളിച്ചു. ഹായ് മനസ്സിൽ ലഡ്ഡു പൊട്ടി അവസാനം അദ്ദേഹത്തിന്റെ ഒരു തീരുമാനം പറയുകയും ഞങ്ങൾ ഐക്യകണ്ടേനേ അംഗീകരിച്ചു ( ഉള്ളിൽ പേടിയോടെ ആണെങ്കിലും ) ഇനി നമ്മൾ ടിക്കറ്റ് എടുക്കുന്നില്ല. ഈ തീരുമാനത്തിനു എടുത്ത ശേഷം  വെള്ളയും കറുപ്പും ഇട്ടു ആര് കേറിയലും എനിക്കും അലിക്കും " BP 200" നും മുകളിൽ പോകും. പക്ഷെ കഥാനായകൻ എന്നെ പിടികൾക്കണെങ്കിൽ പട്ടാളം വരണം എന്ന മുഖ ഭാവത്തോടെ യാതൊരു കൂസൽ ഇല്ലാതെ ഇരുന്നു. എന്തായാലും വാതിലിൽ നിന്നും ബാത്‌റൂമിൽ കെറിയും ഞങ്ങളും , കഥാനായകൻ "കുറച്ചു പരിഷ്കാരിയാ " അദ്ദേഹം സദ് ഗുരുവിന്റെ ഒരു പുഴ സംരക്ഷണ പ്രചാരകർ ട്രെയിനിൽ വന്നിരുന്നു  അവരുടെ കൂടെ ഒരു  അറ്റം മുതൽ മറ്റേ തലക്കൽ വരെ  ടെൻഷനും കൂടാതെ പ്രചാരവും ഓക്കേ ആയി  ബാംഗ്ലൂർ എത്തി (ഒരു വിധം )

ബാംഗ്ലൂർ നഗരത്തിലെ രാത്രി കാഴ്ചകൾ എനിക്ക് പുതിയ അനുഭവം ആയിരുന്നു രാത്രി പത്തു പന്ത്രണ്ടു  കഴിഞ്ഞിട്ടും ആ നഗരം ഉറങ്ങാറില്ല . മനോഹരം അവടെ രാത്രികൾക്കും ദിവസങ്ങൾക്കും മരണമില്ല എന്ന് തോന്നി . ഉള്ളിൽ ഒന്ന് കുറിക്കുകയും ചെയ്തു ഒരിക്കൽ കൂടെ വീണ്ടും വരണം എന്നിട്ടു ബാംഗ്ലൂർ നഗരത്തിലൂടെ രാത്രി മുഴുവൻ ചുറ്റി കറങ്ങണം.

ബാംഗ്ലൂർ നിന്നും വല്യ പ്രയാസം കൂടാതെ തന്നെ ആദ്യ "destination" ആയ പ്രോദ്ധട്ടൂർ ഏത്തി ഏതാണ്ട് 7 - 8 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് prodhattor  എത്താൻ.  അവിടെ  നിന്നും നേരെ ജമൽമടുഗു എന്ന സ്ഥലത്തേക്ക് , 20 മിനിറ്റ് എടുത്തു ജമലമടുഗു   എത്താൻ അവിടെ  എത്തി ഉടൻ  തന്നെ ഒരു മുറി എടുത്തു , മുറിയെ കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം 500 രൂപ വാങ്ങിയിട്ട് 150 രൂപയുടെ വൃത്തിയുള്ള മനോഹരമായ മുറിയാണ് കിട്ടിയത് എന്ന് മാത്രം.

ഉള്ള സൗകര്യത്തിൽ കുളിയൊക്കെ തീർത്തു ഞങ്ങൾ പുറപ്പെട്ടു യാത്ര ലക്ഷ്യമായ ഗന്ധി കോട്ട ലക്ഷ്യമാക്കി ഒരു ഓഞ്ഞ ഓട്ടോറിക്ഷയിൽ (150 പറഞ്ഞു ഇറങ്ങുമ്പോ 250 വാങ്ങിയ അവന്റെ ഓട്ടോയെ ഇതിൽ കൂടുതൽ മനോഹരമായി എങ്ങനെ ഞാൻ പറയും ) കാഴ്ചകൾ മനോഹരമായിരുന്നു ഉദ്ദേശം ഒരു കിലോമീറ്റർ കഴിഞ്ഞപ്പോ തന്നെ "വികസിത ടൗൺ " ആയ ജെമ്മൽമടുഗു മറ്റൊരു മുഖം കാണിക്കാൻ തുടങ്ങി " നമ്മളെക്കാൾ 50 കൊല്ലം ഇപ്പോഴും പുറകെ ജീവ്യ്ക്കുന്ന ആന്ധ്ര ഗ്രാമങ്ങളുടെ മുഖം"
വീണ്ടും കുറച്ചു കൂടെ പോയതോടെ പിന്നീട് മനുഷ്യവാസമില്ലാതെ ഏക്കറുകളോളം പരന്നു കിടക്കുന്ന പെണ്ണാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ . ആയി വഴിയോരാം മുഴുവൻ വല്യ വല്യ കല്ലുകൾ കൂട്ടി ഇട്ടിരിക്കുന്നു ഒറ്റവാക്കിൽ വിവരിക്കാമെങ്കിൽ ആ സ്ഥലത്തിനെ "AN ABANDONED PLACE"  എന്ന് വിളിക്കാം.

കേട്ട കഥകൾ വെച്ച് നോക്കിയാൽ ആളുകളെ തല്ലി കൊന്നു ഇവിടെ കൊണ്ടിട്ടാൽ ചീഞ്ഞു മണിനോട് അലിഞ്ഞില്ലാതായാലും ഒരു കുഞ്ഞും അറിയില്ല " ഈ കാലഘട്ടത്തിലും ", അങ്ങനെയുള്ള ആ റോഡ് ചെന്നെത്തുന്നത് ജോർജ് ഫോർട്ട് ന്റെ മുന്നിൽ ആണ് അവടെ ഓട്ടോ ഇറങ്ങി കാശും കൊടുത്തു ഒരു കുപ്പി വെള്ളം വാങ്ങി ശരത്തിന്റെ വാട്ടർ പൗച്ചിലും ഒരു കുപ്പി വെള്ളം കയ്യിലും ആയി ഞങ്ങൾ  കോട്ടക്ക് അകത്തേക്കുള്ള യാത്ര ആരംഭിച്ചു . ചെറിയ ഒരു കോട്ടയല്ലേ ഇപ്പൊ തീരും എന്ന് തുടങ്ങിയതാണ് പക്ഷെ നടക്കും തോറും കാഴ്ചകളുടെ പെരുന്നാൾ തന്നെ ഉണ്ടായിരുന്നു ഉള്ളിൽ. ഉദ്ദേശം 10 ഏക്കറിൽ കവിയാത്ത ആ സ്ഥലം മുക്കാലും ഞങ്ങൾ ട്രെക്ക് ചെയ്തു .

ചാര്മിനാറിന്റെ ചെറു രൂപം, കോട്ടയോടു ചേർന്ന ഒരു തടവറ , ഉള്ളിൽ വവ്വാലുകളുടെ കാഷ്ടത്തിന്റെ ദുർഗന്ധവും പേറി നിൽക്കുന്ന "മാധവരായർ ക്ഷേത്രം, ജുമാ മസ്ജിദ് തുടങ്ങി 13ആം നൂറ്റാണ്ടിന്റെ "Engineering Skills" അതിന്റെ ഒരു ഹൈപ്പ് തന്നെയാണ് ഈ കോട്ട മുഴുവൻ എന്നാൽ പുരാവസ്തു വകുപ്പോ കേന്ദ്ര / സംസ്ഥാന ഗവണ്മെന്റുകളോ  തന്നെ ഇതെല്ലം കാത്തു സൂക്ഷിക്കാൻ വേണ്ട യാതൊരു പരിശ്രമവും നടത്തുന്നില്ല എന്നുള്ളത് ഈ ചരിത്രം ഇനി എത്ര നാൾ കൂടെ എന്ന ചോദ്യം യാത്രികരിൽ ഉണർത്തും. ഈ കോട്ടക്കു ചുറ്റും താമസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം കൂടെയുണ്ട് ഏകദേശം 200 - 300 ല്‍  കൂടാത്ത ഗ്രാമവാസികൾ അവർ വോട്ടു ചെയ്യാൻ മാത്രം വിധിക്കപെട്ട ജന്മങ്ങൾ ആയി തോന്നി.

ഞങ്ങൾ കോട്ടയുടെ  ചുറ്റു  മതിലിനോട് ചേർന്ന്  നടത്തം ആരംഭിച്ചു കോട്ടക്ക് അപ്പുറം ചെമ്മൺ നിറമാർന്ന കൂർത്ത കല്ലുകൾ നിറഞ്ഞ കൊക്കയാണ് ദൂരെ ഏക്കറുകൾ ഓളം പറന്നു കിടക്കുന്ന തരിശു ഭൂമിയും സൂര്യന്റെ പൊള്ളുന്ന ചൂടും, ഒരുകാലത്തു നിറഞ്ഞൊഴുകിയ ഒരു പുഴയുടെ ("പെണ്ണാർ") അവളുടെ കണ്ണീരു മാത്രം ബാക്കിയാക്കി ഒരു നീർച്ചാലായി മാറിയ ദുഃഖകരമായ കാഴ്ചയും എല്ലാം കണ്ടു ഞങ്ങൾ നടന്നു പെട്ടെന്ന് എവിടെ നിന്നോ എത്തിയ ഒരു ചാറ്റൽ മഴ കുറച്ചു നേരത്തേക്ക് ആ സ്ഥലത്തെ സുന്ദരിയാക്കിയോ എന്ന് തോന്നിപ്പിച്ചു . മഴക്കെന്നും സൗന്ദര്യം ആണല്ലോ " നിത്യ സുന്ദരിയും വശ്യ മോഹിനിയും". മഴ തുടങ്ങിയപ്പോൾ ഒരു മരച്ചുവട്ടിൽ ഞങ്ങൾ കുറച്ചു നേരം ആ ഭംഗി ആസ്വദിച്ച് ആ പുഴയെയും നോക്കി ഇരുന്നു . മനസ്സ് നിറഞ്ഞു ബ്ലാങ്ക് ആവുന്ന അപൂർവം ചില സന്ദർഭങ്ങളിൽ ഒന്ന് .

5 മിനിട്ടു കൊണ്ട് തന്നെ മഴ തിരിച്ചു പോയപ്പോൾ സൂര്യൻ വീണ്ടും തന്റെ സ്വരൂപം കാണിച്ചു കൊണ്ട് പുറത്തേയ്ക്കു വന്നു. കൈയിലുള്ള വെള്ളവും ശുഷ്ക്കമായി തുടങ്ങി കാലുകൾക്കും തളർച്ച വന്നു തുടങ്ങി എങ്കിലും ഞങ്ങൾ ചൂടിനെ  വക വെക്കാതെ മുന്നോട്ടു നീങ്ങി കൊണ്ടേയിരുന്നു.        ആ ഭൂ പ്രകൃതി ആസ്വദിച്ച് ഞങ്ങൾ നടന്നു. ( അമേരിക്കയിലെ ഗ്രാൻഡ് ക്ൻയോണിനോട്  സാദൃശയമുള്ള "Hidden Grand Canyon of India" എന്നാണ് ഗന്ധി കോട്ട അറിയപ്പെടുന്നത്.) മുന്നോട്ടു നടക്കുംതോറും വെള്ളം കുറഞ്ഞു വന്നു വെള്ളമില്ലാതെ നടക്കാൻ ആവില്ല എന്ന അവസ്ഥ എത്തിയപ്പോൾ  കുറച്ചു നേരം ഫോട്ടോ എടുക്കാം എന്ന് കരുതി പാറകളുടെ ഇടയിലേക്ക് ഞാനും അലിയും മാറി, ശരത് പൊക്കത്തിൽ ഉള്ളൊരു പാറ പുറത്തു കേറി പുഴയും നോക്കി ഇരിപ്പാണ്.

ഫോട്ടോ  എടുക്കാനായി ഞാൻ അലിയെ നോക്കി നിന്നതും അലി ഒരു നിലവിളി "എടാ പുറകിലേക്ക് നോക്കെന്നും " പറഞ്ഞു എന്റെ മനസ്സിൽ ആദ്യം വന്നത് ആരോ മരിച്ചു കിടക്കുന്നു എന്നാണ് അത് കൊണ്ട് ഞാൻ പറഞ്ഞു പുറകിലെന്താണ് പറയാതെ ഞാൻ തിരിഞ്ഞു നോക്കൂലാ എന്ന് പേടിയോടെ പറഞ്ഞു അപ്പപ്പോഴേക്കും ശരത്തും വന്നു മനസ്സിനെ അലിയുടെ നിലവിളിയുടെ ഞെട്ടലിന്റെ പേടിയിൽ നിന്ന് പയ്യെ മാറ്റിയപ്പോൾ കണ്ടു  ഒരു പശു മരിച്ചു കിടക്കുന്നു പറ കൂട്ടങ്ങൾക്കു മേലെ . കുറച്ചു ദിവസമായി കാണണം മരിച്ചിട്ടു എന്നാൽ അതിനു കുറെ നാളുകൾക്കു മുന്നേ എങ്കിലും ആയിരിക്കും ആ പാവം അവിടെ  കുടുങ്ങി കിടപ്പുണ്ടാവുക. നരകം കണ്ടു കാണണം ആ മിണ്ടാപ്രാണി.

ഇതേ അവസ്ഥ തന്നെയാണ് ഈ ഭാഗത്തു കുടുങ്ങി പോകുന്ന ഏതൊരു മനുഷ്യനും സംഭവിക്കുക എന്നാലോചികൊമ്പോൾ തന്നെ  പേടി വരും. എന്തായാലും ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു വെള്ളം ഒരു തുള്ളി പോലും ഇല്ല , നിൽക്കുന്ന സ്ഥലത്തു നേരെ കുറുകെ വേലിയും പാറകൾ തീർത്ത മതിലും ചാടി കടന്നു സുമാർ 3 കി മി എങ്കിലും നടക്കണം എളുപ്പത്തിൽ ബസ് സ്റ്റോപ്പ് എത്താൻ . അതും ഒരു തുള്ളി വെള്ളമില്ലാതെ. ഇനി  വന്ന വഴിയേ പോയാൽ ദൂരം ഇരട്ടി ആകും ഞങ്ങൾ വേലിയും മതിലും കടന്നു പോകാൻ തീർച്ചയാക്കി നടന്നു . അര മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ വെള്ളം കിട്ടുന്ന കടയുടെ മുന്നിൽ എത്തി അവിടന്നു വെള്ളം കുടിച്ചു ദാഹം മാറ്റി കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തിരിച്ചു ബസ് സ്റ്റോപ്പിൽ എത്തി അവിടെ അടുത്തുള്ള ഒരു റിസോർട്ടിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു പുറപ്പെട്ടു നേരെ ഹോട്ടലിലേക്ക്.

അന്ന് രാത്രി ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ജെമ്മൽമടുഗിൽ തങ്ങി പിറ്റേന്ന് ബേലം കേവ്സ് കാണാൻ പോകാനുള്ള ചിന്തയിലാണ്ടു നടന്നു തേഞ്ഞ കാലുകൾക്കു വിശ്രമവും നൽകി കിടന്നപ്പോൾ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു .

ബേലം കേവ്സ്  - 

 ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ കാഴ്ചക്കാർക്കായി തുറന്നു കൊടുക്ക പെട്ടിട്ടുള്ള ഗുഹകൾ ആണ് ബീലം കേവ്സ് , ജെമ്മൽമടുഗുവിൽ നിന്നും കർണൂൽ ജില്ലയിലേക്ക് പോണം ബീലം കേവ്സിൽ എത്താൻ കോളിമിഗുഡ്‌ല എന്ന സ്ഥലത്തേക്ക് ബസ് കേറി അവിടന്നു ഷെയർ ഓട്ടോയിൽ  തൂങ്ങി സാഹസികമായി ഞങ്ങൾ എത്തി ബേലം കേവ്സിൽ   ഇന്ത്യയിലെ ഭൂരിഭാഗം ചരിത്ര / പ്രകൃതി ദത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ തന്നെ . എല്ലാം കെട്ടി ഉണ്ടാക്കി ഇനി അരാ എന്താ  വെച്ച ആയിക്കൊള്ളൂ എന്ന അഭൗമമായ  ഉത്തരവാദിത്വത്തിന്റെ മകുടോദാഹരണമായി മരിച്ചിട്ടില്ല എന്ന പോലെ കിടപ്പുണ്ട് .

പണി കഴിപ്പിച്ചു അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ഇത്തിരി വൃത്തിയും ഭംഗിയും ഉള്ള സ്ഥലമാണ് പരിസരവും ചുറ്റുപാടും എല്ലാം  . ഇന്ത്യക്കാർ 25 രൂപ കൊടുത്തു ടിക്കറ്റ് എടുക്കണം ഗുഹയ്ക്കു അകത്തോട്ടു കടക്കാൻ. പുറത്തുള്ള ബുദ്ധന്റെ ഭീമൻ ശിൽപം  നിശ്ചലമായി മൗനിയായി  ധ്യാനത്തിൽ  ഇരിക്കുന്നു . ബുദ്ധനെ കാണുന്നതും വായിക്കുന്നതും എല്ലാം മനസ്സിനെ ഏതോ ഒരു പറഞ്ഞറിയിക്കാൻ  പറ്റാത്ത ശാന്തിയിലേക്കു     നയിക്കുന്നു എല്ലായിപ്പോഴും. ആ ശാന്തതയും മനസ്സിൽ ആവാഹിച്ചു ഞങ്ങൾ ഗുഹക്കു അകത്തേക്ക് യാത്ര ആരംഭിച്ചു . അകത്തു ഞങ്ങൾ മൂന്നു പേര് രണ്ടായി പിരിഞ്ഞു അലിക്കും ശരത്തിനും ആ ഗുഹയുടെ രഹസ്യം മുയുമൻ കണ്ടു പിടിക്കണം എനിക്കാണെങ്കിൽ ഭയം എന്ന വികാരം ലേശം ഉള്ളത് കാരണം ഞാൻ പറഞ്ഞു " നിങ്ങൾ എവിടേലും പോയി കുടുങ്ങിയാൽ പുറത്തു വിവരം അറിയിക്കാൻ ഒരാള് വേണ്ടേ അത് കൊണ്ട് ഞാൻ വരുന്നില്ല

അവര് ആ ഇരുട്ടത്തു എങ്ങോട്ടൊക്കെയോ പോയി ഞാൻ സാധാരണക്കാരുടെ പാതയിലേക്കും പോയി ഗുഹയുടെ അകം വിസ്മയങ്ങളുടെ ഒരു ലോകം തന്നെയാണ് പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ ഓരോന്നും കാണുമ്പോൾ നിസ്സാരനായ മനുഷ്യൻ ഇതിനു മുന്നിൽ എന്തെന്ന് തോന്നും . ഗുഹക്കകത്തുള്ള നീര് ഉറവകൾ, ശിൽപ്പ ഭംഗിയാർന്ന രൂപങ്ങൾ, പ്രകൃതി ആണ് ഏറ്റവും വല്യ പെരുന്തച്ചൻ എന്ന് തോന്നും ഇത്തരത്തിൽ ഉള്ള കാഴ്ചകൾ കണ്ടാൽ . സ്വയം ഭുവായ ശിവലിംഗ രൂപം അതിന്റെ മുകളിൽ പ്രകൃതി നടത്തുന്ന ജല ധാര അങ്ങനെ എത്രയോ കാഴ്ചകൾ കണ്ടു .
ഞാൻ കണ്ടതിനും കൂടുതൽ കണ്ടത് അലിയും ശരത്തും ആയിരുന്നു . ഞാൻ ആ കഥകൾ  കേക്കേണ്ടി വന്ന ഹത ഭാഗ്യനും .

 കേവ്സിന്റെ ഉള്ളിൽ നിൽക്കുമ്പോൾ  വിയർപ്പു ശരീരത്തിൽ നിന്നും പൈപ്പ് തുറന്ന പോലെ വന്നു കൊണ്ടിരുന്നു എന്നാൽ ദാഹം ഒട്ടും  അനുഭവ പെട്ടതും ഇല്ല . അവിടത്തെ കാഴ്ചകൾ കണ്ടു പുറത്തെത്തിയതും തണുത്ത കാറ്റിന്റെ തലോടൽ വിയർപ്പിനെ എല്ലാം ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കി കുറച്ചു നേരം അടുത്തുള്ള മലയുടെ ഭംഗി  ആസ്വദിച്ച് കൊണ്ട് ഞങ്ങൾ അവിടത്തന്നെ കിടന്നു. പിന്നീട് മടക്ക യാത്രക്ക് ഒരുങ്ങി ഇനി വേറെ എവിടെയും കാണാൻ ഇല്ലാത്ത കാരണം ഇനി ബസിലൂടെ കാഴ്ചകൾ കണ്ടു തിരിച്ചു പോകാം എന്ന തീരുമാനത്തിൽ എത്തി.

ബീലം കേവ്സിന്റെ മുന്നിൽ നിന്നും തടിപത്രി എന്ന സ്ഥലത്തു എത്തണം അവിടെ നിന്നും അനന്തപുര ജില്ലയിലേക്കും അവിടെ എത്തിയാൽ ബാംഗ്ലൂർക്കു ബസ് കിട്ടും എന്നും തെലുഗ് ഭാഷ അറിയുന്ന കാരണത്താൽ പെട്ടെന്ന് തന്നെ ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ  അങ്ങനെ തടി പത്രിയും അവടെ നിന്നും അനന്തപുരയിലേക്കും പുറം കാഴ്ചകൾ ആസ്വദിച്ച് യാത്ര തുടങ്ങി വഴിയിലുടനീളം ശവ കുടീരങ്ങൾ ആണ് ഓരോ ഗ്രാമങ്ങൾ പിന്നിടുമ്പോഴും നിറയെ നിറയെ ശവ കുടീരങ്ങൾ. വല്യ കുന്നുകളും ഏക്കര് കണക്കിന് കൃഷി ഭൂമികളും ആന്ധ്രയുടെ ഗ്രാമീയ ഭംഗി കൂട്ടി.

വികസനം വളരെ കുറച്ചു മാത്രമേ ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിയിട്ടുള്ളു സിറ്റികൾ ഒഴിച്ച് നിർത്തിയാൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങൾ ആണ് കൂടുതലും. കാഴ്ചക്കാരന് കൗതുകവും ഭംഗിയും സന്തോഷവും എല്ലാം ഉണ്ടാവുമെങ്കിലും താമസിക്കുന്നവന്റെ ഉള്ളിൽ എത്തി നോക്കിയാൽ അറിയാം വിഷമം.  ഒരു തുണ്ടു സ്ഥലം പോലും തരിശിടാതെ കൃഷി ചെയുന്നു എന്നുള്ളതു കണ്ടപ്പോൾ മനസ്സിലായി ആന്ധ്ര എങ്ങനെ ഇത്രേം അരി കേറ്റുമതി ചെയുന്നു എന്നത് .കാഴ്ചകൾ അങ്ങനെ ഓരോന്ന് കണ്ടും ചിന്തിച്ചും മയങ്ങിയും അനന്തപുര ബസ് സ്റ്റാൻഡ് എത്തി. എത്തി ഉടൻ തന്നെ ബാംഗ്ലൂർക്കു ബസും  കിട്ടി 4 - 5 മണിക്കൂർ കൊണ്ട് ഞങ്ങൾ രാത്രി 8 മണിക്കെല്ലാം ബാംഗ്ലൂർ എത്തി പിന്നെ അവിടന്നു കുറച്ചു കഷ്ട്ടപെട്ടെങ്കിലും അന്ന് രാത്രി തന്നെ പാലക്കാട്ടിലെക്കു  ബസും കിട്ടി പുലർച്ചയോടെ പാലക്കാട്  എത്തി.           

 ഈ യാത്ര ഒരു പാട് കാഴ്ചകൾ സമ്മാനിചു തമാശ കലർന്ന ഒരുപാട് ഓർമ്മകൾ തന്നു കുറെ ജീവിതങ്ങൾ കണ്ടു ബസിലും ട്രെയിനിലും എല്ലാം ആയി. കുറെ പാഠങ്ങൾ പഠിച്ചു പിന്നെ ഒരു ചെറിയ കാര്യം മനസ്സിലായി നമ്മട നാട് നൽകുന്ന കംഫർട് മനസ്സിലാവണമെങ്കിൽ ഇത് പോലെ ഒരു യാത്ര പോയി തിരിച്ചു വരണം നമ്മടെ നടെത്തുമ്പോൾ മനസിൽ അറിയാതെ വരുന്ന സുഖമുണ്ട് ഒരു തരം സുരക്ഷയുടെ സുഖം .

ഇനി അടുത്ത യാത്ര തുടങ്ങും വരേയ്ക്കും ഈ ഓർമ്മകൾ മാത്രം ബാക്കി
"യാത്രികന്റെ യാത്രകൾ ജീവിതം മറക്കാനാല്ലാ മറിച്ചു ഈ ജീവിതം മനോഹരമായി  ജീവിക്കാൻ ആണ് "

KV.Vishnu
07/07/2018
                                                                           


Saturday 23 June 2018

ചെകുത്താനും ദൈവവും

കർമ്മമായി പുറമേക്കെത്തുന്ന ചെയ്തികൾ  
കണ്ടിട്ടും ഉള്ളിൽ മൂകമായി ഉറങ്ങുന്ന സ്വത്വം

KV.Vishnu
23/06/2018


എൻെറ പുസ്തകങ്ങൾ

അന്നമായ്‌ മരുന്നായി ചിന്തയെ പോഷിപിച്ചും
ഏകാന്തതയിലെന്നോമൽ കൂട്ടായ്‌മരുവും 
എന്നോർമ്മകൾക്കുറക്ക്പാട്ടായി  
മമ സ്വപ്നങ്ങൾക്ക് തോഴരായ് നിങ്ങൾ ,

ഹർഷോന്മാദനിറവിൽ ആത്മസായൂജ്യമേകി 
നീ തീർത്തോരക്ഷരലോകത്തെ പഥികനായി 
മേവുമീ  ഞാനൊരു  രാജനായി നീ നൽകും
അനുഭവജ്ഞാനകിരീടം ചൂടി

എൻ കൊച്ചുസൗധത്തിൽ ചില്ലലമാരയിൽ  
ഉൾക്കണ്ണാൽ നോക്കുന്നോരെൻ പുസ്തകങ്ങളെ 
ധന്യനായ് ഞാൻ , ധന്യനായ് ഞാൻ , 
നിങ്ങൾ നല്കിയൊരീ കൂട്ടിനാൽ 

KV.Vishnu
23/06/2018                                                       

Saturday 3 March 2018

മാമാങ്കം

മദ്ധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നു വന്നിരുന്ന ബൃഹത്തായ ഒരു നദി തട ഉത്സവമായിരുന്നു മാമാങ്കം.ദക്ഷിണ ഗംഗ എന്നറിയപെടുന്ന നിളയുടെ തീരത്ത്‌ ത്രിമൂർത്തി സംഗമ ഭൂമിയും 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ നവയോഗികളാൽ പ്രതിഷ്ട്ടിക്കപെട്ടെന്നു  വിശ്വസിക്കുന്ന ശ്രീ നാവാമുകുന്ദന്റെ ക്ഷേത്രവും കുടികൊള്ളുന്ന തിരുന്നാവായ മണപ്പുറം  ആയിരുന്നു മാമാങ്കത്തിന്റെ വേദി . കേരളത്തിൽ നടന്നു വന്നിരുന്ന ഈ വാണിജ്യോൽസവം എന്ന് തുടങ്ങി എന്നതിനു ചരിത്രത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല .കേരളോല്പ്പത്തി എന്ന ഗ്രന്ഥത്തിൽ മാത്രമാണ് കുറച്ചെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുള്ളത് അതിനെ അടിസ്ത്ഥാനപെടുത്തി പറയുകയാണെങ്കിൽ പരശുരാമൻ കുടിയിരുത്തിയ 64 ബ്രാഹ്മണ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ ഭരിക്കുവാനും അന്നുണ്ടായിരുന്ന നാടുവാഴികളുടെയും നായർ പടയാളികളെയും  മെരുക്കുവാൻ വേണ്ടി പുറന്നാട്ടിൽ നിന്നും കൊണ്ടുവന്നു കുടിയിരുത്തി അരിയിട്ടു വാഴിക്കപെട്ട  കുലശേഖര പെരുമ്മാക്കന്മാരുടെ കാലം തൊട്ടു ഈ ഉത്സവം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.പന്ത്രണ്ടു വർഷം ആയിരുന്നു പെരുമ്മാക്കന്മാരുടെ ഭരണ കാലം അത് കഴിഞ്ഞാൽ   അദ്ദേഹം മാറുകയും പുതിയ ഭരണാധികാരി മാമ്മാങ്കത്തിന്റെയും നാടിന്റെയും രക്ഷപുരുഷസ്ഥാനം കയേൽക്കുകയും ചെയ്യുന്നു . മാറാൻ കൂട്ടാക്കത്തവരെ വധിച്ചതായും പറയപെടുന്നു. എന്തായാലും ഓരോ മാമാങ്കം കഴിയും തോറും ശക്തരായി  മാറിയ പെരുമാക്കന്മാർ മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനം കാലാവധി കഴിയുന്ന വേളയിൽ വിട്ടൊഴിയാൻ കൂട്ടാക്കാതെ വരികയും വേണമെങ്കിൽ തന്നെ വധിച്ചു രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തു കൊള്ളുവാനും മാമാങ്കതിനു നിലപാട് നിൽക്കുന്ന വേളയിൽ വിളംബരം ചെയ്യുമായിരുന്നു എന്നതാണ്  ഐതീഹ്യം

പൗഷമാസത്തിലെ പൂയം നാൾ തൊട്ടു മാഘ മാസത്തിലെ മകം നാൾ വരെ 28 ദിവസം ആണ് മാമാങ്കമായി ആഘോഷിക്കപെടുന്നത്.അവസാനത്തെ പെരുമാൾ ആയ ചേരമാൻ പെരുമാൾ മക്കയിലേക്ക് പോകുന്നതിനു മുന്പായി തന്റെ ചേര രാജ്യം ചെറിയ ചെറിയ നാട്ടു രാജാക്കന്മാർക്ക് വീതിച്ചു നല്കുക ഉണ്ടായി.എല്ലാവര്ക്കും നല്കി പുറപെടുന്ന നേരം എത്തിയ ഏറനാട്ടുടയവർക്ക്  ലഭിച്ചത് ആകെ കൊഴികൂകിയാൽ കേൾക്കുന്ന ദൂരം മാത്രം വരുന്ന കുക്കുടകോട് മാത്രം .എന്നാൽ ഏറനാട്ടുടയവരുടെ ഭരണ ചാതുര്യത്തിലും യുദ്ധ നൈപുണ്യത്തിലും വിശ്വാസമുണ്ടായിരുന്നു പെരുമാൾ അദ്ധേഹത്തിനു തന്റെ ഉടവാൾ നല്കി കൊണ്ട് അനുഗ്രഹിച്ചു പറഞ്ഞു കുന്നുകൾക്കും അലകൾക്കും ഇടയെ ഉള്ള ഈ സാമ്രാജ്യം അടക്കി ഭരിക്കാൻ ഇടവരട്ടെ അത് കൊണ്ട് തന്നെ അദ്ധേഹത്തെ കുന്നല കോനാതിരി എന്നും വിശേഷിപ്പിച്ചു കാണുന്നു .പെരുമാളിന് ശേഷം രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തത് പെരുമ്മാക്കന്മാരുടെ അനന്തരവന്മാരയിരുന്ന കൊച്ചി രാജവംശം ആയിരുന്നു തുടർച്ചയായ യുദ്ധങ്ങളും മറ്റും കൊച്ചി രാജ്യത്തെ സാമ്പത്തികമായി തകർത്തു .തുടർന്ന് മാമാങ്കം നടത്താൻ ആവിലാതെ വരികയും, കൊച്ചി രാജവംശത്തിന്റെ പരദേവതയെ പ്രതിഷ്ട്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വെച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് തറ ഒഴിഞ്ഞു കൊടുക്കണം എന്ന കരാർ അടിസ്ഥാനത്തിൽ വെള്ളട്ടിരിക്ക് (വള്ളുവ കോനാതിരി) നല്കുകയും ചെയ്തു .

വള്ളുവനാട്  /  ഏറനാട് 

കാർഷിക സമൃദ്ധി കൊണ്ട് സാമ്പത്തികമായും എല്ലാം അക്കാലത്ത് മുൻപന്തിയിൽ ആയിരുന്നു വള്ളുവനാട് ദേശം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതിയാണ് വള്ളുവകൊനാതിരിയുടെ പരദേവത . വള്ളുവനാടിന്റെ കാര്യസ്ഥന്മാരായി കുളത്തുപുഴ വാര്യർ, തൃക്കാട്ടിൽ നായർ, അപ്പന്കുളത്തിൽ പിഷാരടി എന്നിവരും. പടനായകനായി  കക്കൊത്ത് നായരും. രാജാവിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്തു കൊണ്ട് കുന്നത്തിൽ മാടമ്പി നായർ, കവളപാറ നായർ, ചുണ്ടത്തിൽ മന്നാടിയാർ തുടങ്ങിയവരും വള്ളുവനാടിന്റെ പുരോഗതിയിൽ മുഖ്യ പങ്കു വഹിച്ചു വന്നിരുന്നു.

ചേരമാൻ പെരുമാൾ അനുഗ്രഹിച്ചു നല്കിയ ഉടവാളും അര ക്രോശത്തോളം മാത്രം വരുന്ന രാജ്യവും മാത്രമായിരുന്നു ആകെ ഏറന്നാട്ടുടയവരുടെ ആകെ സമ്പാദ്യം.എന്നാൽ അവിടെ നിന്നും മാമാങ്കത്തിന്റെ രക്ഷപുരുഷസ്ഥാനം വരെ പിടിച്ചടക്കിയത് അവരുടെ ആത്മവീര്യം അത് പോലെ തന്നെ ആക്രമണ വീര്യം കൊണ്ട് മാത്രം ആയിരുന്നു പടയോട്ടം തുടങ്ങുന്നത് ആദ്യമായി പോർളാതിരി ഭരിച്ചിരുന്ന പൊലനാട് ആക്രമിച്ചു കൊണ്ടായിരുന്നു അവിടം പിടിച്ചടക്കി തുടർന്ന് കടൽ വാണിജ്യം മെച്ചപെടുതുന്നതിനായി ഇന്നത്തെ കൊഴികൊടിന്റെ ഹൃദയ ഭാഗത്തേക്ക് മാറി താമസവും തുടങ്ങി അതിനു ശേഷം ഏറനാട്ടുടയവർ എന്ന് മാത്രം അറിയപ്പെട്ടിരുന്ന സാമൂതിരി പൂന്തുറ കോൻ എന്ന് അറിയപെട്ടു തുടങ്ങി അതിനു ശേഷം എപ്പഴോ ആണ് കോഴിക്കോട് സാമൂതിരി എന്ന പട്ടം വന്നിരിക്കുക എന്ന് കരുതപെടുന്നു. രക്ഷപുരുഷസ്ഥാനം നില നിറുത്താൻ വള്ളുവനാട് മാത്രം പിടിച്ചടക്കിയാൽ മതിയാവില്ല എന്നറിഞ്ഞ സാമൂതിരി കൊച്ചി രാജ്യത്തിന്റെ പരദേവത സ്ഥാനം ആയ വന്നേരി ചിത്രകൂടവും പിടിച്ചടക്കി എതിർക്കപെടാൻ ആളില്ലാതെ  സദ്‌ ഭരണവും  നടത്തി. ഈ വളർച്ചക്കെല്ലാം  അദ്ധെഹത്തിനു ഇടവും വലവും നിന്ന് നയിച്ചത് സഹബന്ധർ കോയയും ഭരണകാര്യത്തിൽ നയതന്ത്രത്തിലും ഇന്നോളം പകരം വെക്കാൻ ആള്ളിലാത്ത മങ്ങാട്ടച്ചനും ആയിരുന്നു മുഖ്യം. അതോടൊപ്പം തന്നെ  .തിരുമനശ്ശേരി നമ്പിയുടെയും വെട്ടത്തു രാജാവിന്റെയും പങ്കും വിസമരിച്ചു കൂടാത്തതാണ് .

എന്നാൽ തന്റെ രാജ്യവും മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനവും കൈക്കലാക്കിയ സാമൂതിരിയോട് പൊറുക്കാൻ വള്ളുവ കോനാതിരിക്കു ഒരിക്കലും കഴിഞ്ഞിട്ടില്ല സാമൂതിരിമാരും  കോലത്തിരിമാരും മാറി മാറി വന്നു എന്നാൽ പക അങ്ങനെ തന്നെ നിന്ന് അത് അവസാന മാമാങ്കം വരെയും തുടർന്നു. തിരുമാന്ധാം കുന്നു ഭഗവതിയുടെ ചാവേർ തറയിൽ വെച്ച് ഓരോ പടയാളിയും ശപഥം ചെയുന്നു അടുത്ത മാമാങ്ക കാലത്തിൽ സാമൂതിരിയെ വധിച്ചു രക്ഷാപുരുഷ സ്ഥാനം വള്ളുവനാട്ടേക്കു കൊണ്ട് വരും എന്ന്. തുടർന്ന് പന്ത്രണ്ടു കൊല്ലം കളരിയും ആയുധ പരിശീലനവും നേടിയ ചാവേറുകൾ ഉത്സവം നടക്കുന്ന ഇരുപത്തിയെട്ടു ദിവസങ്ങളിൽ ആയി  നിലപാട് നിൽക്കുന്ന സാമൂതിരിക്കു നേരെ അക്രമിക്കും. എന്നാൽ അതി ശക്തരായ നായർ പടയാളികളുടെ കാവലിൽ  നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താൻ പോലും ഒരു ചാവേറിനും യോഗമുണ്ടായില്ല. അവരുടെ വിധി മരണ കിണർ എന്ന മണി കിണറിൽ അന്ത്യ ശ്വാസം വലിക്കാനായിരുന്നു . ഇന്നും ആ ചാവേർ സ്മാരകം കോഴിക്കോട് ഉണ്ട് ഒരുപാട് വീരന്മാരുടെ ജീവന്റെ അവസാന തുടിപ്പും കഥകളുമായി.

ഇവർക്കെല്ലാം മേലെ വീരനായ ഒരു ചാവേർ അവസാനം വന്നു വെറും പതിനാറു മാത്രം തികഞ്ഞ ചന്തു എന്ന വള്ളുവനാടിന്റെ വീരൻ എന്നാൽ ഓങ്ങിയ വാൾ വിളക്കിൽ കൊണ്ട്  സാമൂതിരി വീണ്ടും രക്ഷപെട്ടു രണ്ടാം തവണ വാളുയർത്തുന്നതിനു മുൻപായി ആ വീരന്റെ ചോരയും ആ നിലപാട് തറയിൽ വീണു . അങ്ങനെ ഒരുപാട് പേരുടെ ചോരയുടെയും അധികാരത്തിന്റെയും കഥകൾ പറഞ്ഞ മാമാങ്കം മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയുടെ  മലബാർ പടയോട്ടത്തോടെ നിലച്ചു പോയി. 1755 അവസാനമായി മാമാങ്കം നടന്നതായി ചരിത്രം രേഖപെടുത്തുന്നു.

KV.Vishnu
03/03/2018
                                                           

Thursday 15 February 2018

ശ്രീ രംഗം

"യാത്ര അവസാനിക്കുന്നത്‌ മരണത്തിൽ മാത്രമാണ്". ഒറ്റക്കുള്ള യാത്രകൾ എന്നും ഓർമകളിൽ തങ്ങി നില്ക്കുന്നവണ്ണം അഴകുളവയായിരിക്കും കാരണം ആ യാത്രയിൽ നമ്മെ നിയന്ത്രിക്കുന്നത്‌ പ്രകൃതി മാത്രം നമ്മൾ പോലും അറിയാതെ ആ വശീകരണത്തിൽ അകപെട്ടു പോകാറുണ്ട് , സ്വയം മറന്നു നിൽക്കാറുണ്ട് , അവിടെയെല്ലാം ഒരു അദൃശ്യമായൊരു ശക്തിയുടെ സാന്നിദ്ധ്യം അനുഭവപെടാറുമുണ്ട് .ആ സന്ദർഭങ്ങളിൽ എല്ലാം തനിയെ ആവുന്നത് കൂടുതൽ പ്രകൃതിയോടു അടുക്കുവാൻ സഹായിക്കും .കാടിനോട്‌ കഥകൾ പറയാം കടലിനോടു മുഖാമുഖം വെല്ലു വിളിക്കാം. ഓടാം ചാടാം വേണമെങ്കിൽ ഉച്ചത്തിൽ പാടാം തലകുത്തിയും മറിയാം ഇതെല്ലാം ഒറ്റയ്ക്കാവുമ്പോൾ കൂടുതൽ മനോഹരമായി തോന്നും.

നിളയുടെ തീരം തേടി ഇറങ്ങിയ എനിക്ക് നിള നല്കിയത് മസ്മരികമയൊരു അനുഭവം ആയിരുന്നു അത് കൊണ്ട് തന്നെ രാമ പാദം തേടിയുള്ള ഈ യാത്രയും ഒറ്റയ്ക്ക് തന്നെ ആവണം എന്ന് തീര്ച്ചയാകിയത്. അങ്ങോട്ട്‌ ടിക്കറ്റ്‌ എടുത്തപ്പോൾ ബോണസ്‌  ആയി കിട്ടിയ യാത്ര ആയിരുന്നു ശ്രീരംഗത്തിലേക്കു  .കാരണം ട്രെയിൻ ട്രിച്ചി വഴി ആയിരുന്നു എന്നാൽ  പിന്നെ കരുതി  ഒരു ദിവസം തങ്ങി ശ്രീ രംഗനാഥനെയും വണങ്ങിയാവാം മുന്നോട്ടു എന്ന്.

പാലക്കാടു നിന്നും ഉച്ചക്ക് എന്നെ അത്ഭുതത്തിൽ ആഴ്ത്തി കിറു കൃത്യം 2:45 തന്നെ ട്രെയിൻ വന്നു  ഇതിൽ പരം ഒരു ശുഭ സൂചന എല്ലാ യാത്രക്കും ഉത്തമം. ഇന്ത്യൻ റെയിൽവേക്ക് നന്ദി! വിരസതയോടെ തുടങ്ങിയ  യാത്ര ആയിരുന്നു ആദ്യം. ഒരേ ഇരുപ്പു വലാതെ മടുപ്പിച്ചു ഒപ്പമുണ്ടായിരുന്ന തമിഴ് ഫാമിലി വണ്ടി സ്റ്റേഷൻ വിട്ടതും നിദ്രയിൽ മുഴുകി, ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ എന്റെ മനസ്സ് അനുവദിച്ചില്ല അത് കൊണ്ട് ഉറക്കത്തേയും വിരസതയും ദൂരെ കളയാൻ കുറച്ചു നേരം പുറം കാഴ്ചകളിൽ മുഴുകാനായി തീരുമാനിച്ചു .

ഗ്രാമത്തെ കീറി മുറിച്ചുള്ള യാത്ര മനോഹാരമായ കാഴ്ചകളും അതി മനോഹരം തന്നെ  ചെമ്മണ് വിരിച്ചു കിടക്കുന്ന  പാടങ്ങൾ വിശാലമായ തെങ്ങിൻ  തോപ്പുകൾ ഗ്രാമീയ ഭംഗിയിൽ എന്റെ കുനിശ്ശേരിയെക്കാളും  ഒട്ടും പുറകിൽ   അല്ല എന്ന് തോന്നിപ്പിച്ചു. നമ്മുടെ പാടത്ത് കൊറ്റികൾ മേയുന്ന പോലെ അവിടെ മയിലുകൾ കൂട്ടമായും ഒറ്റക്കും മേയുന്നത് എനിക്ക് ആദ്യത്തെ കാഴ്ച ആയിരുന്നു. അതിനെക്കാൾ അസ്തമയ സൂര്യന്റെ  സ്വർണ വർണം  അണിഞ്ഞു സായം സന്ധ്യ അതി സൌന്ദര്യവതി ആയി മാറി ആ സന്ധ്യ സൂര്യന്റെ സ്വർണ തണലിൽ പീലി വിരിചാടുന്ന ഒരു മയിലിന്റെ ചിത്രം ഒരു നാളും മറക്കാൻ കഴിയാത്ത വണ്ണം ഹൃദയത്തിൽ പതിഞ്ഞ ഒരു ഓർമയായി ഈ യാത്രയുടെ ആദ്യ സമ്മാനം .

പതിയെ ഇരുട്ട് വീണു തുടങ്ങി ഈറോഡ്  സ്റ്റഷനിൽ കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ട്രെയ്ൻ വീണ്ടും ഓടി തുടങ്ങി  ഇരുട്ട് കൂടുതൽ ശക്തി പ്രാപിച്ചതോടെ പുറം കാഴ്ചകൾ അന്യമായി തുടങ്ങി തിരിച്ചു പൂർവ്വ സ്ഥാനത്തേക്ക് മടങ്ങി പിന്നിട്ടു പോയ മനോഹരമായ കാഴ്ചകളുടെ സ്മൃതിയിൽ കണ്ണുകൾ അടച്ചു ഉറങ്ങാതെ ഇരുന്നു എന്റെ ഭാവനകൾക്ക് ഭംഗം വരുത്തി കൊണ്ട് കുട്ടികളുടെ കളിയും ചിരിയും കേട്ടു അസ്വസ്ഥതയോടെ എഴുന്നേറ്റു ചിന്തകളെ സംഗീതത്തിലേക്ക് ഗതി തിരിച്ചു വിടാൻ ആയി പാട്ടിൽ മുഴുകി കുറെ നേരം ഇരുന്നു.

സ്റ്റെഷനുകൾ ഓരോന്നായി പിന്നിട്ടു ട്രിച്ചി ഫോർട്ട്‌ സ്റ്റെഷനു മുന്നിലത്തെ സ്റ്റെഷനിൽ വെച്ചു അർജുൻ എന്നൊരു സുഹൃത്തിനെ കിട്ടി, തിരൂര് സ്വദേശി! ലക്‌ഷ്യം ശ്രീ രംഗമാണെന്നും വഴി വലിയ ഉദ്ദേശം പോര എന്നും നെറ്റിൽ നിന്ന് വായിച്ചു മനസ്സിലാക്കി മാത്രമുള്ള യാത്ര ആണെന്നും പറഞ്ഞപ്പോൾ പുള്ളികാരൻ സഹായിക്കാം എന്നേറ്റു എനിക്കിറങ്ങേടടുത്തു നിന്നും തൊട്ടു മുന്നില് ഉള്ള സ്റ്റോപ്പിൽ ഇറങ്ങി അദ്ദേഹം തന്നെ ബസ്‌ സ്റ്റാന്റ് വരെ കൂടെ നടന്നു വന്നു ബസ്‌ കാണിച്ചു തന്നു തമിഴ് വായിക്കാൻ അറിയാവുന്നത് കൊണ്ട് കൂടുതൽ സഹായം ആവശ്യമായി വന്നില്ല അദ്ധേഹത്തെ യാത്രയാക്കി ഞാൻ ബസിനായി കത്തിരിപ്പ് ആരംഭിച്ചു

സമയം 9 കഴിഞ്ഞെന്നു തോന്നുന്നു ശ്രീ രംഗത്തേക്ക് വണ്ടി കിട്ടി അരമണിക്കൂർ യാത്ര വേണ്ടി വന്നു ലക്ഷ്യ സ്ഥാനത്തേക്ക് ഈ ബസ്‌ യാത്രയിൽ എന്നെ അത്ഭുതപ്പെടുത്തിയത് അവടെ പെട്രോളിലോ ഡിസലിലോ സ്വർണം ചേർക്കാറില്ല എന്നതാണ്! കാരണം അര മണിക്കൂർ മുകളിലായ യാത്രക്ക് ടിക്കറ്റ്‌ ചാർജ് 4 രൂപയെ ആയുള്ളൂ (അമ്മ വാഴ്ക). കൃത്യം രംഗനാഥന്റെ കൂറ്റൻ രാജ ഗോപുരത്തിന് മുന്നില് തന്നെ ഇറങ്ങിയത്‌ കൊണ്ട് കൂടുതൽ അലയേണ്ടി വന്നില്ല. തമസിയ്ക്കാൻ ഇടം നോക്കി ഒരുപാട് അലയേണ്ടി വന്നില്ല നിറയെ ലോഡ്ജുകൾ അടുത്ത് തന്നെ ഉള്ളത് കൊണ്ട് വല്യ പ്രയാസമില്ലാതെ തന്നെ ഒരു മുറി കിട്ടി. പിന്നീടു അഹാരത്തിനയുള്ള അന്വേഷണം എത്തിയതു ഒരു ചെറിയ ഹോട്ടലിൽ നെയിന്റെ മണം മൂക്കിനെ  വിളിച്ചത്‌ എന്റെ വയറു കേട്ടെന്നു തോന്നുന്നു അങ്ങോട്ട്‌ തന്നെ കാലുകളും ചലിച്ചു പിന്നെ ഞാൻ മാത്രം എന്തിന് മാറി നില്ക്കണം സൊ ഞാനും പോയി പറയുമ്പോൾ എല്ലാം പറയണം അല്ലോ അവടത്തെ നെയ്‌ റോസ്ട്ടിന്റെ ടേസ്റ്റ് വേറെ ഒരിടത്ത് കിട്ടിയ്യിട്ടില്ല  :)

പുലർച്ചെ എണിറ്റു കുളിയും കഴിച്ചു ദർശനത്തിനായി ഒരുങ്ങാം എന്ന് കരുതി നേരെ ക്ഷേത്രത്തിലേക്ക് വെച്ച് പിടച്ചു കൂറ്റൻ രാജാ ഗോപുരവും കടന്നു ഏകദേശം 500 മീറ്റർ കഴിഞ്ഞത് പ്രധാന കവാടം കാണാം അത് കടന്നു അകത്തേക്ക് ചെന്നാൽ ഒത്ത നടുക്കായി പ്രധാന ക്ഷേത്ര സമുച്ചയം കാണാം തങ്ക നിറത്തിൽ ഉള്ള തഴികകുടവും മെൽകൂരയും മനോഹരമായ ദർശനനുഭവം തന്നെ . ദർശനത്തിനായി ഉള്ള ക്യു ആരംഭിച്ചു അത്ര നേരം അയല്കാരോട് ഉണ്ടായിരുന്ന സകല സ്നേഹവും അതോടെ പോയി ചുരുക്കി പറഞ്ഞാൽ ഞാനും എന്റെ മുന്നിൽ നിന്നിരുന്ന 5 മറാത്തി ഭജന സംഘവും ക്യു പുരോഗമിക്കുതോറും മുന്നിൽ നിന്ന ഞങ്ങൾ ഏറ്റവും പുറകിൽ  ആയി   എന്നു പറഞ്ഞാൽ എത്ര സുഖകരമായിരുന്നു ആ നില്പ്പ് എന്നൂഹിക്കാം.

ശ്രീരംഗം രാജ ഗോപുരം   

കഷ്ട്ടപെട്ടലും മൂന്ന് മൂന്നര മണിക്കൂര് കൊണ്ട് ദർശനം കിട്ടി. ഏകദേശം 150 ഏക്കറിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിന്റെ വലിപ്പം അനന്തശായി ആയി വജ്ര വൈര വൈടൂര്യധി ഗോമേദക ത്താൽ നിര്മിതമായ പൂണൂലും അണിഞ്ഞു യോഗനിദ്രയിൽ വസിക്കുന്ന സാക്ഷാൽ ശ്രീഹരി മഹാവിഷ്ണുവിനു മുന്നിൽ തൃണ തുല്യം ആയി തോന്നിയത്  എന്റെ മനസിൻറെ ഭ്രമമോ സത്യമോ എന്നറിയില്ല! ഒരു നിമിഷംകുണ്ടു തന്നെ  രൂപം മനസ്സിൽ നൂറ്റാണ്ട് കഴിഞ്ഞാലും മായാതെ മനസ്സിൽ നിൽക്കുന്ന വണ്ണം  പതിഞ്ഞു.

ദർശനം തീർത്തു പുറത്തു കൂടെ ഉപദേവന്മാരെ തൊഴുതു നടന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള കലാ വൈദഗ്ധ്യം വെളിവാക്കുന്ന ശില്പങ്ങൾ ഗോപുരങ്ങൾ എല്ലാം ഇന്നും വിസ്മയമായി നിലകൊള്ളുന്നു.ഈ സമുച്ചയതിനുള്ളിൽ ആവുന്നിടതോള്ളം എല്ലാം കണ്ടു വിസ്മയിച്ചു നടന്നു. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ആദ്യത്തെ പേര് ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീ രംഗമാണ് ,ഇവടവും  കൂട്ടി മൊത്തം നാലു ക്ഷേത്രങ്ങൾ എന്റെ യാത്രയിൽ ഭൂതകാലത്തേക്ക് ആയി കഴിഞ്ഞു (ശ്രീ പദ്മനാഭൻ /തിരു ആറന്മുള / തിരുന്നാവായ )

രാമേശ്വരത്തേക്കുള്ള ട്രെയിൻ രാത്രി ആണ്, രംഗനാഥനെ പുറത്തു നിന്നും വീണ്ടും വണങ്ങി ദർശന ഭാഗ്യത്തിന് നന്ദിയും പറഞ്ഞു തിരികെ മുറിയിലേക്ക് പോയി വൈകുന്നേരം വരെ സുഖ നിദ്ര. രാത്രി പതിനൊന്നു മണിയോടടുപ്പിച്ചു ആണ് ട്രെയിൻ രണ്ടു മണിക്കൂർ മുന്നേ സ്റ്റേഷൻ എത്തി രാമേശ്വര സന്നിധിയിലേക്കുള്ള ട്രെയിനിനായി കാത്തിരുന്നു .

KV.Vishnu
15/02/2018

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...