Tuesday 29 October 2019

നീ

സ്വന്തമോ അല്ലന്യമോയെന്നറിയാതെ -
യെൻ യാത്രയിലെന്നോ നീയെനിക്കു കൂട്ടായി ,

ഒരു നീലാംബരിയായി  ഗാഢമാം     
നിദ്രയിലേക്കെന്നെ തഴുകിടുന്നു "നീ" !

അതി ഗൂഢമാനിദ്രയിലെനേയും വിസ്മരിച്ചു
താപത്രയങ്ങൾ ഏവം മറന്നെനിന്ദ്രിയങ്ങൾ ,
നിർമയമായൊരു തപസ്യയിലലിഞ്ഞുവെങ്കിലും! 

കാലമെന്നുള്ളിലെഴുതിയ നിൻ സ്മരണകൾ  വർണ്ണ
സ്വപ്നങ്ങളായീതപസ്സിലുമെൻ കൂട്ടായി വരുന്നു !

Kv.Vishnu
29/10/2019 

Monday 14 October 2019

പ്രണ(അ)യനം

*****************************************
പാടവരമ്പിൽ ഇരുന്നു കുളത്തിലേക്ക് നോക്കി കണ്ണ് നിറഞ്ഞിരിക്കുന്ന നേരം പുറകിന്നു ഒരു വിളികേട്ടു വിശ്വ!! തിരിഞ്ഞു നോക്കി ആളെ അറിയേണ്ട ആവശ്യമില്ല അതവൻ തന്നെ ആണ് മനസ്സൊന്നു പതറുമ്പോൾ വിളിക്കാതെ വരുന്ന അതിഥി സച്ചി!

"എന്താടോ ഒരാലോചന കുളത്തിലോട്ടു നോക്കി തിരയെണ്ണി കളിക്കുവാണോ ?"
തുടച്ചെങ്കിലും ചുവന്നകണ്ണുകൾ കണ്ടു മനസിലാക്കിയതാവാം സച്ചി തുടർന്നു
എട നമ്മട ഹൃദയത്തിനു ഒരു പ്രത്യേകത ഉണ്ട് എന്താന്നറിയോ ?
“അതൊരു സ്വീകരണ മുറിയാണ്”..

അതിഥികൾക്ക് വന്നു താമസിക്കാൻ, അവര് വരും ഇറങ്ങി പോകും ! അത് ജീവിതാവസാനം വരെ തുടർന്ന് കൊണ്ടിരിക്കും !

എടാ അപർണ്ണ അത് പോലെ .... മുഴുമിക്കാൻ സച്ചി സമ്മതിച്ചില്ല

അതിനു മുൻപേ പറഞ്ഞു "അവളും അത് പോലെ തന്നെ ആണ് " വന്നു താമസിച്ചു അതിൽ പ്രണയവും സൗഹൃദവും നിറച്ചു എന്നിട്ടു ഒരുനാൾ ഇറങ്ങി പോയി !
ആരെയും കുറ്റം പറയാനല്ല ഇത് പറയുന്നതു  , പക്ഷെ അവൾ വേണ്ടെന്നു വെച്ച ആ സ്ഥലം അതാർക്കും കൊടുക്കാതെ വെച്ച് കൊണ്ടിരിക്കരുത് !"
ഒന്നും മിണ്ടിയില്ല സച്ചിയുടെ വാക്കുകൾ ആശ്വാസമാണെപ്പോഴും ഇനി അവൻ വഴക്കു തന്നെ പറഞ്ഞാലും അതും ഒരാശ്വാസമാണ് !

"എടാ ഈ ലോകം മുഴുവൻ നിന്റെ പ്രണയം കാത്തിരിക്കുന്നുണ്ട് നിനക്ക് പ്രണയിക്കാനും നിന്നെ പ്രണയിക്കാനും ", നീ അത് ഒരാളിലേക്കു ഒതുക്കരുത് ഒരിക്കലും ! പിന്നെ ഒരു പ്രണയവും ഒരിക്കലും പരാജയമല്ലെടോ നമ്മൾ ആയെന്നു വിശ്വസിച്ചാലും! അങ്ങനെ അത് തോറ്റെങ്കിൽ അത് പ്രണയമല്ല അങ്ങനെ വിളിക്കാൻ കഴിയില്ല ! "

നീ അലോചിക്കു".. മറ്റെന്തോ പറയുവാൻ ഒരുങ്ങി പെട്ടെന്ന് നിർത്തി  സൂക്ഷിച്ചു നോക്കിയിട്ടു ആത്മഗതമെന്നോണം പറഞ്ഞു
പക്ഷെ ഈ കുളത്തിന്റെ വള്ളയിൽ അധിക നേരം ഇരുന്നുള്ള ആലോചന വേണ്ട  വല്ല പുള്ളവനും കല്യാണാലോചനയും കൊണ്ട് വന്നാലും വരും" സന്ദേഹത്തോടെ വരമ്പിലെ പുല്ലിന്റെ ഇളക്കം നോക്കി സച്ചി പറഞ്ഞു അവന്റെയാ പെട്ടെന്നുള്ള ആ പേടിയും സന്ദേഹവും ഉത്കണ്ഠയും നിറഞ്ഞ ആ നിഷ്കളങ്കമായ ഭാവം കണ്ടപ്പോൾ വിശ്വന്റെ ചുണ്ടിൽ അറിയാതെ ചിരി പൊട്ടി

വിശ്വന്റെ ആ ചിരി കണ്ടപ്പോ ചെറിയൊരു ജാള്യത സച്ചിക്കു തോന്നിയെങ്കിലും ആ ചിരിയുടെ കൂടെ സച്ചിയും ചേർന്നു

"ഹാവു സമാധാനമായി മിഷ്ടർ വിശ്വൻ ചിരിച്ചു കണ്ടല്ലോ " അതും പറഞ്ഞു സച്ചി പൊട്ടി ചിരിച്ചു കൂടെ വിശ്വനും !
*************************************************************************************************
ഭൂതകാലത്തിന്റെ സ്വപ്നങ്ങളിൽ നിന്നും പെട്ടെന്നെന്തോ ആലോചിച്ചുവെന്നു തോന്നിയ പോലെ അങ്ങുമിങ്ങും എന്തോ തിരഞ്ഞു കൊണ്ട് തന്റെ വർത്തമാനകാലത്തിലേക്കു വിശ്വന്റെ മനസ്സ് പറന്നെത്തി

പെട്ടെന്നുള ആ ആലോചനയിൽ നിന്നും വിശ്വൻ ഉണർന്നു ചുറ്റും നോക്കി ഒരു ജീവി പോലും ഇല്ല ! ടെന്റിനു മുന്നിലെ അണഞ്ഞു തുടങ്ങിയ കനലിൽ നിന്നു  പുക ഉയർന്നു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോഴും !

വർഷങ്ങളായിരിക്കുന്നു എല്ലാം കഴിഞ്ഞിട്ട് !
സച്ചി പറഞ്ഞത് പോലെ താൻ അവളെ പതുക്കെ പതുക്കെ മറന്നു തുടങ്ങിയിരുന്നു
ജോലിയും പുതിയ പുതിയ യാത്രകളിലും മനസ്സ് നിറഞ്ഞിരിക്കുന്നു ഇന്നു , അത് കൊണ്ട് തന്നെ ഇതൊന്നും ഓർക്കാൻ സാധിക്കാറില്ല പിന്നെ എന്താണ് , ഈ ഓർമ്മകൾ വീണ്ടും തികട്ടി വന്നതു ?

ഈ മല മുകളിൽ ഒറ്റക്കായപ്പോൾ സച്ചിയേ കുറിച്ച് ഓർത്തു വന്നതാവും ചിലപ്പോൾ !
അതെ ഈ സ്വീകരണ മുറിയിൽ നിന്നും ഇറങ്ങി പോകാൻ കൂട്ടാക്കാത്തതു അവൻ മാത്രമാണല്ലോ !

ആത്മഗതമെന്നോണം സ്വയം പറഞ്ഞു "നാളെ മലയിറങ്ങണം ഒറ്റക്കുള്ള ഒരു ട്രെക്കിങ്ങ് എന്ന് വിചാരിച്ചപ്പോ തീർത്തും ഒറ്റപ്പെടും എന്ന് കരുതിയില്ല"!

കയ്യിൽ ബാക്കിയിരുന്ന ബ്രെഡും കഴിച്ചു, ഒരു ചിരി കൊണ്ട് വിശ്വൻ വീണ്ടും ആ ഓർമകളെ മറക്കാൻ ശ്രമിച്ചു, അണഞ്ഞു തുടങ്ങിയ കനൽ ഒന്ന് കൂടെ കത്തിച്ചിട്ടു ടെന്റിന് അകത്തു ചെന്ന് കിടക്ക സഞ്ചിക്കുളിലേക്കു കിടന്നു !

നിദ്ര പെട്ടെന്ന് തന്നെ വിശ്വന്റെ ബോധത്തെയും ഓർമ്മകളെയും മയക്കി !
എന്നാൽ അപ്പോഴും ഒരാൾ ഉറങ്ങാതെ കൂടെ ഉണ്ടായിരുന്നു, ഈ ഗാഢ നിദ്രയിലും അവൻ പോലും അറിയാതെ മിടിച്ചു കൊണ്ടിരിക്കുന്ന ആ ഹൃദയത്തിനുള്ളിൽ ഇപ്പോഴും ഉണർന്നിരിക്കുന്ന അപർണ്ണ !.....

വിഷ്ണു .കെ.വി
14/10/2019

എന്നിലേ ഞാൻ

ഒറ്റയടി പാതകളും പച്ച പുടവ ചുറ്റിയ-
ചല നിരകളും പിന്നിട്ട് വന്നു ചേർന്നയീ
താഴ്‌വരയിൽ  കണ്ടു ഞാൻ എന്നെ !

വെൺകിരീടം ചൂടിയ ശൈലേന്ദ്രനും 
ആഭേരി പാടിയൊഴുകുന്നൊരു നദിയും 
ആ പ്രകൃതിയിൽ അലിഞ്ഞു നിൽക്കുന്നു
യെനിക്കന്യനായൊരു ഞാൻ!

KV.Vishnu
13/10/2019

Saturday 12 October 2019

മുത്തശ്ശൻ മാവു

കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ  തണലേകിയ എന്റെ മുത്തശ്ശൻ മാവ് ഉണങ്ങിയിരിക്കുന്നു. മഴ തുടങ്ങിയിട്ടും എന്താ തളിർക്കാതെ ഇങ്ങനെ നിൽക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോഴാണമ്മപറഞ്ഞത്, അതിനി തളിർക്കില്ല കായ്ക്കുയുമില്ലെന്ന് . മഴ മുഴുവൻ നനഞ്ഞു നിൽക്കുന്ന മുത്തശ്ശൻമ്മാവിൻ്റെ  മൃതശരീരം ഇറയത്തു കൂടെ നോക്കിയപ്പോൾ എനിയ്ക്ക് കാണാമായിരുന്നു ! ഏറെ നന്മകളേകി ഒടുവിൽ  ദേഹത്തെ വിട്ടു ദേഹി വിടവാങ്ങിയപ്പോൾ "വീണുടയാൻ വയ്യെനിക്കീ ഭൂവിൽ മതിയായില്ല ജന്മ"മെന്നകണക്ക് നിൽപ്പാണത്.

എഴുപത്തിയഞ്ചു വര്ഷം  മുൻപ് വീടും പറമ്പും  മുത്തശ്ശൻ വാങ്ങുമ്പോൾ തൊട്ടേ ഇദ്ദേഹം തറവാട്ടിലെ ഒരംഗമായിരുന്നു . അന്ന് തന്നെ ഏതാണ്ട് 25 - 30 വയസ്സ് കാണും അയാൾക്ക് . എൻ്റെ ഇരുപത്തിയഞ്ചു വർഷത്തെ ഓർമകളുടെ ഏടിൽ നിറഞ്ഞ് നിൽപ്പുണ്ട് മൂപ്പിലാൻ.അങ്ങനെ ഉള്ള അദ്ദേഹമിന്നു വെറും  അസ്ഥിപഞ്ജരമായി നില്ലുന്നു സ്വയം ചിതയൊരുക്കി അടുപ്പിൽ നിറയുന്ന കാഴ്ചയും നിറമിഴിയോടെ ഞാൻ കണ്ടു.ഏകദേശം ആറേഴു കൊല്ലം മുൻപ് വരെയും യൗവനത്തിന്റെ തിളക്കം ഉണ്ടായിരുന്നു മുത്തശ്ശൻ മാവിന് ! മുത്തശ്ശൻ മാവിലെ മാങ്ങക്കു വലിയ മധുരം ഇല്ലാത്തതിനാൽ മുഴുവനും മുത്തശ്ശന്റെ കൊമ്പുകളിൽ തന്നെ നിക്കുമായിരുന്നു. ഇളം മഞ്ഞ നിറം വന്നു ചേരുമ്പോൾ അണ്ണാനും കാക്കയും തത്തമ്മയും (ഇവരെ മാത്രേ ഞാൻ കണ്ടിട്ടുള്ളു) വന്നിരുന്നു പയ്യെ തല കീഴായി ഞെട്ടിയിൽ അള്ളിപിടിച്ചിരുന്നു ചുരണ്ടിയും കൊത്തിയുമൊക്കെ തിന്നുമായിരുന്നു .വല്ലപ്പോഴും പഴുത്തു വീഴുമ്പോൾ ഞാനും രുചിച്ചു നോക്കുമായിരുന്നു. 

അമ്മയുടെയും വല്ല്യമ്മമാരുടെയും ഓർമകളിൽ തൊടിയിൽ ഇല്ലാത്ത ഫലങ്ങളോ പച്ചക്കറികളോ ഇല്ലായിരുന്നുവത്രേ. കടയിൽ നിന്നും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിരളം.എരുമയും പശുക്കളും ഉൾപ്പടെ പത്തോളം കാലികൾ, തൊഴുത്തിന്റെ പിന്നിൽ മുഴുവൻ കപ്പ , മറ്റു സ്ഥലങ്ങളിൽ മുളക് തക്കാളി പാവൽ വെണ്ട വഴുതനങ്ങ വാഴ അമരക്ക പടവലം തുടങ്ങി പച്ചക്കറികൾ.പാടത്തെ വരമ്പ് മുഴൂവൻ പയറും വെണ്ടയും ഇടവിട്ട് തെങ്ങും.തവളക്കണ്ണനും മട്ടയുമടക്കം ഏഴെട്ടു ഏക്കറിൽ നെൽകൃഷിയും.

അക്കൂട്ടത്തിൽ ആയിരുന്നു മുത്തശ്ശൻ മാവും, നീലി എന്ന ജാതിയിൽ പെട്ടതാണെന്ന് 'അമ്മ പറയും. പണ്ട്  അവർക്കൊക്കെ നല്ല കൽക്കണ്ടം പോലത്തെ മാങ്ങ കഴിക്കാൻ കിട്ടാറുണ്ടത്രെ ! പക്ഷെ എന്റെ ഓർമയിൽ ആ മാങ്ങ അച്ചാറിടാൻ മാത്രേ എടുത്തു കണ്ടിട്ടുള്ളു . വലിയൊരു തൊടി മുഴുവൻ മുത്തശ്ശൻ വിരിഞ്ഞു കുട പിടിച്ചു നിൽക്കും. കിളികൾക്കും അണ്ണാന്മാർക്കും ഭക്ഷണമായും  വീടായും, ഞങ്ങൾക്ക് മുഴുവൻ തണലേകിയും മുത്തശ്ശൻ ഇത്രകാലം ആ തൊടിയുടെ രക്ഷിതാവായി നിന്നു. പിന്നീട് എപ്പോഴോ കാൻസർ കണക്കെ ഇത്തിളുകൾ മുത്തശ്ശന്റെ മേൽ വന്നു താമസം തുടങ്ങി എത്ര വട്ടം വെട്ടി കളഞ്ഞിട്ടും അവർ വീണ്ടും വീണ്ടും വന്നു !

അവരെയും മുത്തശ്ശൻ കൈ വിട്ടില്ല തന്റെ പ്രാണൻ വരെ ഊട്ടി, ആദ്യം പോയതു ഞങ്ങൾ കുട്ടികൾക്ക് ഊഞ്ഞാലിടാൻ താഴത്തു നീണ്ടു നിന്നിരുന്ന ആ കൊമ്പായിരുന്നു ! പയ്യെ പയ്യെ കിളികൾക്കു പോലും കായ് നല്കാനാവാത്ത അവസ്ഥയിലേക്ക് വന്നു ചേർന്നു .രണ്ടു വർഷം മുൻപ് തീർത്തും ശോഷിച്ചു തുടങ്ങി , കഴിഞ്ഞ കൊല്ലം ഒരില പോലും മുളക്കാത്ത ഉണക്ക മരമായി മുത്തശ്ശൻ മാറിയതിനും ഞാൻ സാക്ഷിയായി ! മുത്തശ്ശന്റെ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുൻപ് ആ ജീവൻ ഊറ്റി വളർന്ന ഇത്തിളുകൾ മരിച്ചു വീണു . ഞങ്ങൾക്ക് ഊഞ്ഞാലു കെട്ടാൻ തന്നിരുന്ന ആ മുറിഞ്ഞ കയ്യിലെ മുറിപ്പാടിനുള്ളിലൂടെ ചിതലുകൾ മുത്തശ്ശനെ ഭക്ഷണമാക്കി തുടങ്ങി ! പ്രാണൻ നഷ്ടപ്പെട്ടിട്ടും ചിതലുകൾക്കു പോലും ഉപകാരമായി തീർന്നു ആ പുണ്യ ജന്മം.ഇനി തത്തകളോ അണ്ണയോ ഒന്നും ഈ തൊടിയിലേക്കു വരില്ല , കാരണം അവരുടെ അസ്തിത്വം ആണ് അന്ത്യ ശ്വാസം വലിച്ചു നിൽക്കുന്നതു.

എന്റെ ഈ മുത്തശ്ശൻ മാവു എനിക്കൊരു പാഠമാണ് മഹത്തായൊരു ജീവിതപാഠം, അവസാന ശ്വാസവും ആർക്കോ വേണ്ടി ദാനമായി നൽകിയ ഒരു മഹത്തായ ജീവിത പാഠം , ഞാൻ ഉൾപ്പെടുന്ന മനുഷ്യ സമൂഹം ഈ മാവിൽ വന്ന ഇത്തിൾ പോലെ ഈ ഭൂമിയുടെ ജീവനുറ്റി ജീവിക്കുന്നു , എന്നാൽ ഓർക്കുന്നില്ല മാവ് ഉണങ്ങുന്നതിനു മുൻപ് മരിച്ചു വീണ ആ ഇത്തിളിന്റെ കാര്യം ! അതെ അന്ത്യം തന്നെയാണ് എന്നെയും നമ്മളെയും കാത്തിരിക്കുന്നതും ! മുത്തശ്ശൻ മാവ് ഇരുന്ന ആ വിടവ് നികത്താൻ ആർക്കും കഴിയില്ല കാരണം അതൊരു മരം മാത്രമല്ല , അതെന്റെ ബാല്യമാണ് ! 

പക്ഷെ അവിടെ ഞാൻ ഒരു മരം കൂടെ ഞാൻ വെക്കും വീണ്ടും അണ്ണാറക്കണ്ണനും തത്തമ്മയും കാക്കയും ഒക്കെ വന്നിരിക്കാൻ അവർക്കു കഴിക്കാൻ അതിൽ ഫലങ്ങൾ ഉണ്ടാവും ! വീണ്ടും ഈ തറവാട്ടിലെ തൊടിയിൽ തണൽ വിരിച്ചു നിൽക്കും ഒരു മരം, കാണാൻ ഉണ്ടാവുമോ എന്നറിയില്ല പക്ഷെ എന്റെ അവസാന ദിവസവും അതിനു ഞാൻ വെള്ളം നൽകും ! കാരണം അത് എന്റെ ജീവൻ തന്നെയാണ് , മുത്തശ്ശൻ മാവെന്നേ പഠിപ്പിച്ച പാഠം !

Kv Vishnu
12/10/2019


മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...