Thursday, 15 February 2018

ശ്രീ രംഗം

"യാത്ര അവസാനിക്കുന്നത്‌ മരണത്തിൽ മാത്രമാണ്". ഒറ്റക്കുള്ള യാത്രകൾ എന്നും ഓർമകളിൽ തങ്ങി നില്ക്കുന്നവണ്ണം അഴകുളവയായിരിക്കും കാരണം ആ യാത്രയിൽ നമ്മെ നിയന്ത്രിക്കുന്നത്‌ പ്രകൃതി മാത്രം നമ്മൾ പോലും അറിയാതെ ആ വശീകരണത്തിൽ അകപെട്ടു പോകാറുണ്ട് , സ്വയം മറന്നു നിൽക്കാറുണ്ട് , അവിടെയെല്ലാം ഒരു അദൃശ്യമായൊരു ശക്തിയുടെ സാന്നിദ്ധ്യം അനുഭവപെടാറുമുണ്ട് .ആ സന്ദർഭങ്ങളിൽ എല്ലാം തനിയെ ആവുന്നത് കൂടുതൽ പ്രകൃതിയോടു അടുക്കുവാൻ സഹായിക്കും .കാടിനോട്‌ കഥകൾ പറയാം കടലിനോടു മുഖാമുഖം വെല്ലു വിളിക്കാം. ഓടാം ചാടാം വേണമെങ്കിൽ ഉച്ചത്തിൽ പാടാം തലകുത്തിയും മറിയാം ഇതെല്ലാം ഒറ്റയ്ക്കാവുമ്പോൾ കൂടുതൽ മനോഹരമായി തോന്നും.

നിളയുടെ തീരം തേടി ഇറങ്ങിയ എനിക്ക് നിള നല്കിയത് മസ്മരികമയൊരു അനുഭവം ആയിരുന്നു അത് കൊണ്ട് തന്നെ രാമ പാദം തേടിയുള്ള ഈ യാത്രയും ഒറ്റയ്ക്ക് തന്നെ ആവണം എന്ന് തീര്ച്ചയാകിയത്. അങ്ങോട്ട്‌ ടിക്കറ്റ്‌ എടുത്തപ്പോൾ ബോണസ്‌  ആയി കിട്ടിയ യാത്ര ആയിരുന്നു ശ്രീരംഗത്തിലേക്കു  .കാരണം ട്രെയിൻ ട്രിച്ചി വഴി ആയിരുന്നു എന്നാൽ  പിന്നെ കരുതി  ഒരു ദിവസം തങ്ങി ശ്രീ രംഗനാഥനെയും വണങ്ങിയാവാം മുന്നോട്ടു എന്ന്.

പാലക്കാടു നിന്നും ഉച്ചക്ക് എന്നെ അത്ഭുതത്തിൽ ആഴ്ത്തി കിറു കൃത്യം 2:45 തന്നെ ട്രെയിൻ വന്നു  ഇതിൽ പരം ഒരു ശുഭ സൂചന എല്ലാ യാത്രക്കും ഉത്തമം. ഇന്ത്യൻ റെയിൽവേക്ക് നന്ദി! വിരസതയോടെ തുടങ്ങിയ  യാത്ര ആയിരുന്നു ആദ്യം. ഒരേ ഇരുപ്പു വലാതെ മടുപ്പിച്ചു ഒപ്പമുണ്ടായിരുന്ന തമിഴ് ഫാമിലി വണ്ടി സ്റ്റേഷൻ വിട്ടതും നിദ്രയിൽ മുഴുകി, ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ എന്റെ മനസ്സ് അനുവദിച്ചില്ല അത് കൊണ്ട് ഉറക്കത്തേയും വിരസതയും ദൂരെ കളയാൻ കുറച്ചു നേരം പുറം കാഴ്ചകളിൽ മുഴുകാനായി തീരുമാനിച്ചു .

ഗ്രാമത്തെ കീറി മുറിച്ചുള്ള യാത്ര മനോഹാരമായ കാഴ്ചകളും അതി മനോഹരം തന്നെ  ചെമ്മണ് വിരിച്ചു കിടക്കുന്ന  പാടങ്ങൾ വിശാലമായ തെങ്ങിൻ  തോപ്പുകൾ ഗ്രാമീയ ഭംഗിയിൽ എന്റെ കുനിശ്ശേരിയെക്കാളും  ഒട്ടും പുറകിൽ   അല്ല എന്ന് തോന്നിപ്പിച്ചു. നമ്മുടെ പാടത്ത് കൊറ്റികൾ മേയുന്ന പോലെ അവിടെ മയിലുകൾ കൂട്ടമായും ഒറ്റക്കും മേയുന്നത് എനിക്ക് ആദ്യത്തെ കാഴ്ച ആയിരുന്നു. അതിനെക്കാൾ അസ്തമയ സൂര്യന്റെ  സ്വർണ വർണം  അണിഞ്ഞു സായം സന്ധ്യ അതി സൌന്ദര്യവതി ആയി മാറി ആ സന്ധ്യ സൂര്യന്റെ സ്വർണ തണലിൽ പീലി വിരിചാടുന്ന ഒരു മയിലിന്റെ ചിത്രം ഒരു നാളും മറക്കാൻ കഴിയാത്ത വണ്ണം ഹൃദയത്തിൽ പതിഞ്ഞ ഒരു ഓർമയായി ഈ യാത്രയുടെ ആദ്യ സമ്മാനം .

പതിയെ ഇരുട്ട് വീണു തുടങ്ങി ഈറോഡ്  സ്റ്റഷനിൽ കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ട്രെയ്ൻ വീണ്ടും ഓടി തുടങ്ങി  ഇരുട്ട് കൂടുതൽ ശക്തി പ്രാപിച്ചതോടെ പുറം കാഴ്ചകൾ അന്യമായി തുടങ്ങി തിരിച്ചു പൂർവ്വ സ്ഥാനത്തേക്ക് മടങ്ങി പിന്നിട്ടു പോയ മനോഹരമായ കാഴ്ചകളുടെ സ്മൃതിയിൽ കണ്ണുകൾ അടച്ചു ഉറങ്ങാതെ ഇരുന്നു എന്റെ ഭാവനകൾക്ക് ഭംഗം വരുത്തി കൊണ്ട് കുട്ടികളുടെ കളിയും ചിരിയും കേട്ടു അസ്വസ്ഥതയോടെ എഴുന്നേറ്റു ചിന്തകളെ സംഗീതത്തിലേക്ക് ഗതി തിരിച്ചു വിടാൻ ആയി പാട്ടിൽ മുഴുകി കുറെ നേരം ഇരുന്നു.

സ്റ്റെഷനുകൾ ഓരോന്നായി പിന്നിട്ടു ട്രിച്ചി ഫോർട്ട്‌ സ്റ്റെഷനു മുന്നിലത്തെ സ്റ്റെഷനിൽ വെച്ചു അർജുൻ എന്നൊരു സുഹൃത്തിനെ കിട്ടി, തിരൂര് സ്വദേശി! ലക്‌ഷ്യം ശ്രീ രംഗമാണെന്നും വഴി വലിയ ഉദ്ദേശം പോര എന്നും നെറ്റിൽ നിന്ന് വായിച്ചു മനസ്സിലാക്കി മാത്രമുള്ള യാത്ര ആണെന്നും പറഞ്ഞപ്പോൾ പുള്ളികാരൻ സഹായിക്കാം എന്നേറ്റു എനിക്കിറങ്ങേടടുത്തു നിന്നും തൊട്ടു മുന്നില് ഉള്ള സ്റ്റോപ്പിൽ ഇറങ്ങി അദ്ദേഹം തന്നെ ബസ്‌ സ്റ്റാന്റ് വരെ കൂടെ നടന്നു വന്നു ബസ്‌ കാണിച്ചു തന്നു തമിഴ് വായിക്കാൻ അറിയാവുന്നത് കൊണ്ട് കൂടുതൽ സഹായം ആവശ്യമായി വന്നില്ല അദ്ധേഹത്തെ യാത്രയാക്കി ഞാൻ ബസിനായി കത്തിരിപ്പ് ആരംഭിച്ചു

സമയം 9 കഴിഞ്ഞെന്നു തോന്നുന്നു ശ്രീ രംഗത്തേക്ക് വണ്ടി കിട്ടി അരമണിക്കൂർ യാത്ര വേണ്ടി വന്നു ലക്ഷ്യ സ്ഥാനത്തേക്ക് ഈ ബസ്‌ യാത്രയിൽ എന്നെ അത്ഭുതപ്പെടുത്തിയത് അവടെ പെട്രോളിലോ ഡിസലിലോ സ്വർണം ചേർക്കാറില്ല എന്നതാണ്! കാരണം അര മണിക്കൂർ മുകളിലായ യാത്രക്ക് ടിക്കറ്റ്‌ ചാർജ് 4 രൂപയെ ആയുള്ളൂ (അമ്മ വാഴ്ക). കൃത്യം രംഗനാഥന്റെ കൂറ്റൻ രാജ ഗോപുരത്തിന് മുന്നില് തന്നെ ഇറങ്ങിയത്‌ കൊണ്ട് കൂടുതൽ അലയേണ്ടി വന്നില്ല. തമസിയ്ക്കാൻ ഇടം നോക്കി ഒരുപാട് അലയേണ്ടി വന്നില്ല നിറയെ ലോഡ്ജുകൾ അടുത്ത് തന്നെ ഉള്ളത് കൊണ്ട് വല്യ പ്രയാസമില്ലാതെ തന്നെ ഒരു മുറി കിട്ടി. പിന്നീടു അഹാരത്തിനയുള്ള അന്വേഷണം എത്തിയതു ഒരു ചെറിയ ഹോട്ടലിൽ നെയിന്റെ മണം മൂക്കിനെ  വിളിച്ചത്‌ എന്റെ വയറു കേട്ടെന്നു തോന്നുന്നു അങ്ങോട്ട്‌ തന്നെ കാലുകളും ചലിച്ചു പിന്നെ ഞാൻ മാത്രം എന്തിന് മാറി നില്ക്കണം സൊ ഞാനും പോയി പറയുമ്പോൾ എല്ലാം പറയണം അല്ലോ അവടത്തെ നെയ്‌ റോസ്ട്ടിന്റെ ടേസ്റ്റ് വേറെ ഒരിടത്ത് കിട്ടിയ്യിട്ടില്ല  :)

പുലർച്ചെ എണിറ്റു കുളിയും കഴിച്ചു ദർശനത്തിനായി ഒരുങ്ങാം എന്ന് കരുതി നേരെ ക്ഷേത്രത്തിലേക്ക് വെച്ച് പിടച്ചു കൂറ്റൻ രാജാ ഗോപുരവും കടന്നു ഏകദേശം 500 മീറ്റർ കഴിഞ്ഞത് പ്രധാന കവാടം കാണാം അത് കടന്നു അകത്തേക്ക് ചെന്നാൽ ഒത്ത നടുക്കായി പ്രധാന ക്ഷേത്ര സമുച്ചയം കാണാം തങ്ക നിറത്തിൽ ഉള്ള തഴികകുടവും മെൽകൂരയും മനോഹരമായ ദർശനനുഭവം തന്നെ . ദർശനത്തിനായി ഉള്ള ക്യു ആരംഭിച്ചു അത്ര നേരം അയല്കാരോട് ഉണ്ടായിരുന്ന സകല സ്നേഹവും അതോടെ പോയി ചുരുക്കി പറഞ്ഞാൽ ഞാനും എന്റെ മുന്നിൽ നിന്നിരുന്ന 5 മറാത്തി ഭജന സംഘവും ക്യു പുരോഗമിക്കുതോറും മുന്നിൽ നിന്ന ഞങ്ങൾ ഏറ്റവും പുറകിൽ  ആയി   എന്നു പറഞ്ഞാൽ എത്ര സുഖകരമായിരുന്നു ആ നില്പ്പ് എന്നൂഹിക്കാം.

ശ്രീരംഗം രാജ ഗോപുരം   

കഷ്ട്ടപെട്ടലും മൂന്ന് മൂന്നര മണിക്കൂര് കൊണ്ട് ദർശനം കിട്ടി. ഏകദേശം 150 ഏക്കറിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിന്റെ വലിപ്പം അനന്തശായി ആയി വജ്ര വൈര വൈടൂര്യധി ഗോമേദക ത്താൽ നിര്മിതമായ പൂണൂലും അണിഞ്ഞു യോഗനിദ്രയിൽ വസിക്കുന്ന സാക്ഷാൽ ശ്രീഹരി മഹാവിഷ്ണുവിനു മുന്നിൽ തൃണ തുല്യം ആയി തോന്നിയത്  എന്റെ മനസിൻറെ ഭ്രമമോ സത്യമോ എന്നറിയില്ല! ഒരു നിമിഷംകുണ്ടു തന്നെ  രൂപം മനസ്സിൽ നൂറ്റാണ്ട് കഴിഞ്ഞാലും മായാതെ മനസ്സിൽ നിൽക്കുന്ന വണ്ണം  പതിഞ്ഞു.

ദർശനം തീർത്തു പുറത്തു കൂടെ ഉപദേവന്മാരെ തൊഴുതു നടന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള കലാ വൈദഗ്ധ്യം വെളിവാക്കുന്ന ശില്പങ്ങൾ ഗോപുരങ്ങൾ എല്ലാം ഇന്നും വിസ്മയമായി നിലകൊള്ളുന്നു.ഈ സമുച്ചയതിനുള്ളിൽ ആവുന്നിടതോള്ളം എല്ലാം കണ്ടു വിസ്മയിച്ചു നടന്നു. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ആദ്യത്തെ പേര് ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീ രംഗമാണ് ,ഇവടവും  കൂട്ടി മൊത്തം നാലു ക്ഷേത്രങ്ങൾ എന്റെ യാത്രയിൽ ഭൂതകാലത്തേക്ക് ആയി കഴിഞ്ഞു (ശ്രീ പദ്മനാഭൻ /തിരു ആറന്മുള / തിരുന്നാവായ )

രാമേശ്വരത്തേക്കുള്ള ട്രെയിൻ രാത്രി ആണ്, രംഗനാഥനെ പുറത്തു നിന്നും വീണ്ടും വണങ്ങി ദർശന ഭാഗ്യത്തിന് നന്ദിയും പറഞ്ഞു തിരികെ മുറിയിലേക്ക് പോയി വൈകുന്നേരം വരെ സുഖ നിദ്ര. രാത്രി പതിനൊന്നു മണിയോടടുപ്പിച്ചു ആണ് ട്രെയിൻ രണ്ടു മണിക്കൂർ മുന്നേ സ്റ്റേഷൻ എത്തി രാമേശ്വര സന്നിധിയിലേക്കുള്ള ട്രെയിനിനായി കാത്തിരുന്നു .

KV.Vishnu
15/02/2018

Tuesday, 22 April 2014

തിരുന്നാവായ യാത്ര - നാവാ മുകുന്ദ ക്ഷേത്രവും തവനൂരും

"ചരിത്രങ്ങൾ കഥകൾ ആയി  , നാളെയുടെ  തലമുറക്കു  താൻ  ആരെന്ന ചോദ്യത്തിനു ഉത്തരം പറയേണ്ട ചരിത്രം കഥകൾ ആയി ഒതുങ്ങിയാൽ നഷ്ട്ടമാകുന്നത് സ്വന്തം പൈതൃകം ആവും"

എന്റെ യാത്ര ആരംഭിച്ചത് ഈ ഉദ്ദേശത്തിൽ ആണ് കഥയായി മാത്രം പറഞ്ഞു കേട്ട എന്റെ നാടിന്റെ ഐതീഹ്യം ആണ് എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് .യാത്രാ ലക്‌ഷ്യം മാമാങ്കം എന്ന മണ്മറഞ്ഞ ഉത്സവത്തിന്റെ തിരുശേഷിപ്പുകൾ തേടി ആയിരുന്നു.

തിരുന്നാവായിലേക്ക് - നാവ മുകുന്ദന്റെ സമക്ഷതിലേക്ക്. അങ്ങോട്ടൊരു യാത്ര എന്നത് കുറച്ചു കാലമായി മനസ്സില് കേറിയിട്ടു കുനിശ്ശേരിയും മാമാങ്കവും തമിലുള്ള പറഞ്ഞു കേട്ട കഥയാണ് ഈ മോഹത്തിന് മൂല കാരണം.

പക്ഷെ എന്ന് എപ്പോൾ എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്തിൽ തുടങ്ങണം നാവാ മുകുന്ദനെയും തൊഴുതു തിരിച്ചു പോന്നാൽ മതിയോ ഇത് വരെ പോയിട്ടില്ല കേട്ടറിവുകൾ മാത്രം. അങ്ങനെ ഒരു തീരുമാനവും ആകാതെ പോകണോ വേണ്ടയോ എന്ന രണ്ടു ചിന്തയിൽ യാത്ര ഈ ലീവിൽ നടക്കില്ല  എന്ന തീരുമാനത്തിലേക്ക് എത്തിച്ചു. എന്നാലും എല്ലാ വരവിലും തനിച്ചൊരു ഗുരുവായൂര് യാത്രയെന്ന പതിവ് ഇക്കുറിയും മുടക്കിയില്ല, ഒരു ദിവസം  വൈകീട്ട് ഗുരുവയുര്ക്ക് യാത്ര തിരിച്ചു ലക്‌ഷ്യം ഗുരുവയുരപ്പനും ആന കോട്ടയും മാത്രം .

ഇത്തിരി ബുദ്ധിമുട്ടിച്ചു ദർശനത്തിനു  എങ്കിലും മനസ്സ് കുളിർക്കെ ഇഷ്ട്ട ദേവനെ കണ്‍ നിറയെ കണ്ടു തൊഴുതു കോട്ടയിലെ ഗണപതിമാരെയും കണ്ടു തിരിച്ചു തൃശ്ശൂർക്ക് വണ്ടി കേറുമ്പോൾ മനസ്സില് വീട്ടിലേക്കു തിരിച്ചു പോകാം എന്നു മാത്രമായിരുന്നു  ചിന്ത .തൃശ്ശൂർ എത്തിയതും ഒരു ഉൾ വിളി പോലെ തിരുന്നാവായിലേക്ക് പോയാലോയെന്നൊരു ചിന്ത തൃശ്ശൂർ റെയിൽവേ സ്റെഷനിലേക്ക് എത്തി തിരുർക്ക് ടിക്കറ്റ്‌ എടുത്തു കാത്തിരുപ്പ് തുടങ്ങി ട്രെയിൻ വരാൻ മൂന്നു മണികൂറോളം സമയം ബാക്കി . 

കുറച്ചു വൈകിയെങ്കിലും വണ്ടി തിരൂര് എത്തി. പരിപാടികൾ ഓരോന്നായി തിട്ട പെടുത്തി . ആദ്യം നാവാ മുകുന്ദനെ കണ്ടു തൊഴണം പിന്നെ മാമാങ്ക സ്മാരകങ്ങൾ ഓരോന്നായി കാണണം - പഴുക്ക മണ്ഡപം, നിലപാട് തറ, മരുന്നറ, ചങ്ങമ്പിള്ളി കളരി, മണി കിണർ ഇത്രയുമാണ് മാമാങ്ക  സ്മാരകങ്ങൾ ഇതിൽ മണി കിണറും നിലപാട് തറയും എവിടെയാണ് എന്ന് മാത്രേ അറിയൂ ബാക്കി ചോദിചോദിച്ചു പോകാന്നു തീരുമാനിച്ചു.

തിരൂര് ഇറങ്ങി ഓട്ടോ വിളിച്ചു, 12 കിലോമീറ്റർ ഉണ്ട് ക്ഷേത്രത്തിലേക്ക് എന്നാലും തെറ്റാതെ എത്തുമല്ലോ എന്നാലോചിച്ചു യാത്ര തുടങ്ങി നിള തീരത്തിലൂടെ യാത്ര ചെന്നെത്തിയത് നാവ മുകുന്ദന്റെ മുറ്റത്ത്‌ .

അവിടെ ഞാൻ അനുഭവിച്ച അനുഭൂതി  അത് എഴുതാൻ മാത്രം ഉള്ള കഴിവു ഒട്ടും ഇല്ല എനിക്ക്. വറ്റി വരണ്ടു എന്ന് കരുതിയ നിള മുന്നില് ഇരുകരയും മുട്ടി ഒഴുകുന്നു അതിനു തീരത്തായി നാവാ മുകുന്ദന്റെ ക്ഷേത്രം തല ഉയർത്തി നില്കുന്നു ക്ഷേത്രത്തിനു തണലായി രണ്ടു വലിയ ആലുകൾ പുഴയിൽ നിന്നും അടിക്കുന്ന ചെറു കാറ്റിന്റെ താളത്തിനു ഒപ്പിച്ചു സംഗീതം പൊഴിക്കുന്നു .



ആത്മീയതയും പ്രകൃതിയും തമിലുള്ള ഈ ഒരു ഇഴയടുപ്പം ഞാൻ മുൻപ് എവിടെയും കണ്ടിട്ടും ഇല്ല അനുഭവിച്ചിട്ടും ഇല്ല. അതിൽ മതി മറന്നു കുറെ നേരം അന്ധാളിച്ചങ്ങനെ നിന്നു  അപ്പോഴാണ്‌ ശ്രദ്ധിച്ചത് നട തുറന്നിട്ടില്ല . ശെരി  എന്നാൽ ഇത്രയും സുന്ദരമായൊരു സ്ഥലത്ത് വന്നതല്ലേ കുറച്ചു ഫോട്ടോസ് എടുക്കാം എന്ന് കരുതി ക്യാമറ എടുക്കാൻ തുനിഞ്ഞപ്പോൾ ആണ് ആ ബോർഡ്‌ ശ്രദ്ധയിൽ പെട്ടത് ഇവടെ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു .

ഇത്ര ദൂരം വന്നിട്ട് ഇത്രയും മനോഹരമായൊരു ദൃശ്യ സൌന്ദര്യം കുറച്ചെങ്കിലും പകർത്താതെ പോകാനോ? നേരെ ചെന്നു ക്ഷേത്ര മാനേജ്മെന്റിന്റെ അനുവാദം വാങ്ങി പുറത്തു നടന്നു നിളയുടെയും ക്ഷേത്രത്തിന്റെയും എല്ലാം കുറെ ചിത്രങ്ങൾ പകർത്തി.

മനസിന് തൃപ്തി നല്കിയ കുറച്ചു ചിത്രങ്ങൾ എടുത്ത ശേഷം ഞാൻ നിറുത്തി. ഇതിനിടയിൽ കീഴ് ശാന്തിയുമായി ചെറിയൊരു സൌഹൃദ സംഭാഷാണം സാധ്യമായി.  അദ്ധേഹത്തിൽ നിന്നും പുഴക്കക്കരെ തവന്നൂർ ഉള്ള ബ്രഹ്മ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയെല്ലാം മനസ്സിലാക്കി. 

നട തുറക്കാൻ സമയം ആകാറായി എന്നും പുഴയിൽ  തന്നെ മുങ്ങി കുളിച്ചിട്ടു വന്നു ദർശനം നടത്താനും ഉപദേശിച്ചു തിരുമേനി പോയി . കുറച്ചു നേരം കൂടി നിള സൌന്ദര്യം ആസ്വദിച്ചു പിന്നെ കുറച്ചു നേരം കണടച്ചു ധ്യാനത്തിൽ ഇരുന്നു മനസ്സും ശരീരവും എന്തെന്നിലാത്ത പുത്തൻ ഉണർവു ഓരോ കോശവും ശുദ്ധികരിക്കപെട്ട പോലെ ഒരു ഫീലിംഗ് . അതെ ഉന്മേഷത്തോടെ നിളയിൽ ഒന്ന് മുങ്ങി നിവർന്നതും ഒരു പുതിയ ജന്മം എടുത്ത പോലെ തോന്നി പോയി .

ടെൻഷൻ ഇല്ല ദേഷ്യം ഇല്ല സന്തോഷവും ഇല്ല മനസ്സിനെ കീറി കുറിക്കുന്ന യാതൊരു വികാരവും ഇല്ല സമാധാനം മാത്രം ആ ഒരു ആത്മീയമായ ശൂന്യത മാത്രം .ശ്രീകോവിൽ തുറന്ന ശേഷം അഷ്ടപദിയും കേട്ട്  ഒരു മണിക്കൂറോളം അമ്പലത്തിനകത്ത് കഴിഞ്ഞ  ശേഷം റൂമിലേക്ക്‌ തിരിച്ചു. പിറ്റേന്നു  കാലത്ത് എണീച്ചു വീണ്ടും കുളിച്ചു ദര്ശനം നടത്തി. ശേഷം  മാമാങ്ക സ്മാരകങ്ങൾ ഓരോന്നായി കണ്ടു കഴിഞ്ഞ്  നേരെ തവനൂർക്ക് വച്ച് പിടിച്ചു അവിടുന്ന് ബ്രഹ്മാവിനെയും ശിവനെയും തൊഴുതു. ബ്രഹ്മ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു,  ജീർണതയുടെ അടയാളങ്ങൾ പലയിടത്തും കാണാൻ കഴിഞ്ഞു. ശിവ ക്ഷേത്രം വലിയൊരു ധ്യാനത്തിലെന്നോണം നില തീരത്തു മൂകമായി തല ഉയർത്തി സകല ആത്മീയ  സൗന്ദര്യത്തോടെയും നിളാ തീരത്തു  നില കൊളുന്നു .




                                                                                                                 
KV.Vishnu
21/04/2014                                                                                

Sunday, 10 March 2013

ഭൂമി

മീനമാസച്ചൂടെറ്റെന്നിലെ താപത്തിൻ
നോവാൽ പൈതങ്ങള്‍ തപിക്കുമ്പോള്‍
ആശ്വാസമേകിക്കൊണ്ടാരും ചൊല്ലാതെയൊരു
വസുധാര വര്‍ഷമായി വന്നിരുന്നു നീയെന്നും  .

കാലചക്രം പലവുരുവന്നു പോയി, പിന്നെ
കാലം തെറ്റി  വന്നണഞ്ഞു തുടങ്ങി നീയും
പണ്ടെന്നോ  നീയേകിയൊരാ  പ്രണയസ്മരണകൾ
മാത്രമുള്ളോരു ശവപറമ്പായിന്നു ഞാൻ

നാം ചേർന്നുപോറ്റിയൊരു പൈതങ്ങൾ
പരസ്പരം കൊന്നു തിന്നുന്നതു കണ്ടു
നിന്‍ കണ്ണുനീര്‍ വറ്റിയോ!.. നീയിലാതെ
യേകയായിയെനിക്കെത്ര കാലമിനിയും..!!

കത്തിരിക്കാം കാലമെത്രയായിടിലും
എന്നാൽ ഓർക്കുകയെപ്പോഴുമൊന്നുമാത്രം
എന്നിൽ നിന്നു നീയകലാൻ തുടങ്ങും മുന്നേ
ഞാനാദ്യം വരിക്കുമെൻ മരണത്തെ..!!

KV.Vishnu
09/03/2013
                                                                   




Sunday, 2 December 2012

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം ഏതൊരു ആനപ്രേമിക്കും തീരാനഷ്ടമാണ് കേശവന്റെയ്  വിയോഗം ഗുരുവായൂര്‍ ഏകാദശി നാളില്‍ ഡിസംബര്‍ രണ്ടിന് കേശവന്‍ ഇഹലോകവാസം വെടിഞ്ഞു. ഇനും പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജന്‍) അലങ്കാരമായി മാറിയ സാക്ഷാല്‍ കേശവന്‍.  തീര്‍ത്തും തനി നടന്‍ ആന ആയിരുന്നു കേശവന്‍ നിലത്തിഴയുന്ന തുമ്പി ഇന്നത്തെ രാമചന്ദ്രനെക്കള്‍ പൊക്കം ഏതാണ്ട് 319 cm വരും എന്നാണ് എന്റെ അറിവ്. നെരിയാണി  മുട്ടുന്ന വാല് ,ചുവന്ന തുന്നികൈ, വിരിഞ്ഞ മസ്തകം, വീണെടുത്ത കൊമ്പ്, ഉയര്‍ന്ന വയുകുംഭം കേമം.. ഭഗവാന്റെ ഇരിക്കസ്ഥാനം ഇതിലും ഉന്നതമാവാന്‍ ഇനി കേശവന്റെയ് പുനര്‍ജന്മാതിലേയ് കഴിയു ലക്ഷണ ശാസ്ത്രത്തില്‍ എല്ലാം തികഞ്ഞവന്‍ സ്വഭാവ മഹിമ വര്‍ണിക്കുക അനന്തനും കഷ്ടം..ഒരു ഉറുമ്പിനെ  പോലും നോവിക്കാത്ത പ്രകൃതം ദേഷ്യ പെട്ടിട്ടുളത് ചുരുക്കം അന്നും ഒരു ജീവ നഷ്ട്ടവും വരുത്തിയിട്ടില്ല കേശവന്‍. കേശവനേ കിട്ടിയത് ഭഗവാന്റെ പുണ്യമോ അതോ സാക്ഷാല്‍ ഗുരുവയൂരപ്പന്റെയ് തിടമ്പേറ്റാന്‍ യോഗ്യന്‍ അവനെ ഉള്ളു എന്നതാണോ അവനെ ഗുരുവയൂരെതിച്ചത് എന്ത് തന്നേയ് ആയാലും ഭഗവാന്റെ പ്രേമ ഭജനം തന്നെയായിരുന്നു കേശവന്‍ എന്ന് നിസംശയം പറയാം

നിലമ്പൂര്‍ കാട്ടില്‍ നിന്നും കിട്ടിയ കുട്ടികൊമ്പന്‍  കോവിലകത്തുള്ളവരുടെയ്  ഓമനയായി മാറാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല അവിടെ നിന്നും ഒരു നിയോഗം പോലെ ഗുരുവായൂര്‍ എത്തുമ്പോള്‍ ഇന്നത്തെ പോലെ സമ്പല്‍സമൃദ്ധമായിരുന്നില്ല പുന്നത്തൂര്‍ ആന പന്തി  എന്നാല്‍ അവന്റെ വരവ് ഐശ്വര്യമായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആന ഉടമ ഗുരുവയൂരെഴുന്നെളും കണ്ണന്‍ തന്നേയ് ആയി മാറിയത് അവന്റെ ഐശ്വര്യമാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ ആനപ്രേമികള്‍ക്കും ഇഷ്ട്ടം . കേശവന്‍ ഗുരുവയൂരെതുമ്പോള്‍ അന്നത്തെ ആനപ്രമണി പദ്മനാഭനില്‍  നിന്നും അധികാരം പിടിച്ചെടുക്കാന്‍ ഈ പത്തു വയസുകാരന് അധികം നാള്‍ വേണ്ടി വന്നില്ല തുടര്‍ന്നങ്ങോട്ട് മരണം വരെയും തിടമ്പേറ്റാന്‍ കേശവന്‍ മാത്രം ആയിരുന്നു..ഭഗവാന്റെ തിടമ്പേറ്റുന്നതിനലതേ അവന്റെ മുട്ട് ആരുടേയും മുന്നില്‍ മടങ്ങിയിട്ടില്ല വേറെ ആരെങ്കിലും കേറണോ പുറകിലൂടെയ് മംഗലശേരി നീലകണ്ഠന്‍ പറയുന്ന പോലെ "അതാ ശീലം ആരെകൊണ്ടും മാറ്റാന്‍ പറ്റില്ല "അവന്‍ കാട്ടില്‍ എന്ന പോലെ സര്‍വ സ്വതന്‍ന്ത്രന്‍ ആയി വിരാജിക്കുകയായിരുന്നു ഇഷ്ടത്തിന് വരികയോ പോവുകയോ ഒക്കെ ആവാം അതേ പോലെ കൃത്യം ശീവേലിക്കു സ്വിച്ചിട്ട പോലെ മൂപര് സ്ഥിരം സ്ഥലത്ത് കാണുകേം ചെയ്യും ഏതാണ്ട് ഒരു പട്ടാള ചിട്ട കണക്കിനു.അവസാനം അവന്റെ ശിരസില്‍ കോലം കേറ്റിയതിനു ശേഷം ആണ് കേശവന്‍ ആദ്യമായിട്ട് വീണത്‌ അന്ന് ഏല്പിച്ചു ആ സ്വര്‍ണകൊലം ആദ്യമായി പദ്മനാഭനെ ഒരു തരത്തില്‍ പറഞ്ഞാല്‍ നാട് നീങ്ങുന്ന മഹാരാജാവ് തന്റെ പിന്‍ഗാമിക്ക് രാജ്യവും കിരീടവും നല്‍കും കണക്കേ അവന്‍ ആദ്യമായി ഭഗവാന്റെ സ്വര്‍ണകൊലം കൈമാറി കൊവിലകതെതി ശ്രീകോവിലിനു നേര്‍ക്ക്‌ കിടന്നു അവസാന ശ്വാസം വലിക്കുമ്പോള്‍ അവന്റെ തുമ്പി ഭഗവാനേ നമസ്കരിക്കുന്ന രീതിയില്‍ ആയിരുന്നു

തന്റെ ആത്മ മിത്രതേ തനിലെകെതിച്ച സന്തോഷത്തില്‍ ഭഗവന്‍ ചിരിച്ചു കാണണം എന്നാല്‍ അവന്റെ വിയോഗം ഒരു ദേശത്തെ മുഴുവന്‍ ദുഖതിലാഴ്ത്തി ഡിസംബര്‍ രണ്ടു 1976 അവന്‍ വിട പറഞ്ഞു. അമ്പതി നാലു കൊല്ലം ഭഗവാനേ സേവിച്ചു ഒരു ഏകാദശി നാളില്‍ സ്വര്‍ലോകവും പ്രാപിച്ചു തീര്‍ത്തും സുകൃതം ചെയ്ത ജന്മമായി മാറി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ആയിരം തെച്ചിക്കോട്ട്കാവോ പദ്മനാഭന്‍ മാരോ വലിയ കേശവനോ  വന്നാല്‍ പോലും തുല്യമാവില ഈ നാടുവാഴിക്ക്. എന്നും എല്ലാകാലവും എല്ലാ ആനപ്രേമികളുടെയും മനസില്‍ മായാതെ നിക്കും കേശവന്‍.

KV.Vishnu
02/12/2012

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...