Saturday, 30 March 2019

LUCIFER

ഇതു വരെ തുനിയാൻ മടിച്ച   സാധനം ആയിരുന്നു സിനിമ നിരൂപണം, കണ്ട ചിത്രങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപെടുന്ന ഒരാളായതു കൊണ്ട് ഈ പണിക്കു ഇറങ്ങാതിരുന്നത്. എന്നാൽ ഈ ചിത്രം ഇതിനെ കുറിച്ച് എഴുതിയെ മതിയാവു എന്ന ചിന്തയാണ് ഈ കടും കൈക്കു പിറകിൽ. സാധാരണ ഒരു മുഖ്യധാരാ ചിത്രം എന്നതിലുപരി ഈ ചിത്രത്തിൽ എന്താണ് ഉള്ളത് ? ഇതിനേക്കാൾ മികച്ച മാസ് മസാല ചിത്രങ്ങൾ ഉണ്ടായിട്ടില്ലേ ? അങ്ങനെ എന്ത് പ്രത്യേകതയാണ് ഈ ചിത്രത്തിൽ ഉള്ളത് ? എന്നൊക്കെ ചോദിച്ചാൽ എല്ലാത്തിനും കൂടെ ഒരുത്തരമേ എനിക്ക് തരാനുള്ളൂ "പൃഥ്വിരാജ് സുകുമാരൻ " 

ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഡയറക്റ്റർ സ്ഥാനത്തുള്ള പ്രിത്വിരാജ് ആണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല . കാരണം മുരളി ഗോപിയുടെ ഇതിനു മുൻപ് ചെയ്തിട്ടുള്ളതിൽ അപേക്ഷിച്ചു ഏറ്റവും നിസാരമായ ഒരു സ്ക്രിപ്റ്റ് ആണ് "ലൂസിഫർ" ഒരു നേരേ വാ നേരെ പോ ചിത്രം. ടിയാൻ പോലെയുള്ള ഗംഭീരമായ ഒരു സ്ക്രിപ്റ്റ് പരാജയപെട്ടിടത്തു നിസാരമായ ലൂസിഫർ വിജയം നേടിയെങ്കിൽ  അതിനു ഏക കാരണം പ്രിഥ്വിയുടെ ഡയറക്ഷൻ ആണ്. സമീപ കാലത്തു മോഹൻലാൽ എന്ന നടന്റെ മാർക്കറ്റ് വാല്യൂ ശെരിക്കും വിനിയോഗിച്ച ഡയറക്ക്റ്റർ .

കച്ചവട സിനിമകൾ എന്നാൽ കുറെ ദ്വയാർത്ഥ പ്രയോഗങ്ങൾ കാറ്റും തീയും വരുന്ന നായകന്റെ എൻട്രി ആകാശം മുട്ടുന്ന സംഘടനാ രംഗങ്ങൾ എന്നീ സ്ഥിരം ചട്ടങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് പുതിയൊരു ഫോർമുല ലൂസിഫറിലൂടെ പ്രിഥ്വി സൃഷ്ടിച്ചെടുത്തു.  ദ്വയാർത്ഥ പ്രയോഗങ്ങളോ തമാശക്ക് വേണ്ടി സൃഷ്ടിച്ചെടുക്കപെട്ട തമാശകളോ ഒന്നും ഇല്ല. വെറും മൂന്നു സംഘട്ടനം അതും അത്യാവശ്യമായിടത്തു . നാല് പാട്ടു അത് ആവശ്യമുള്ളിടത്തു .നെടുങ്കൻ ഡയലോഗ് ഇല്ല കുറിക്കു കൊള്ളുന്ന ചെറിയ ഡയലോഗുകൾ അതും ആവശ്യമുള്ള സ്ഥലങ്ങളിൽ.സ്ഥിരം നായകനെ തള്ളി മറിക്കാൻ വേണ്ടിയുള്ള ഒരു സഹനടനും ഈ ചിത്രത്തിൽ ഇല്ല എന്നത് സമീപ കാല മുഖ്യധാരാ ചിത്രങ്ങളിൽ ഇതിനെ വേറിട്ടതാക്കുന്നു.

ഇരുപത്തിയേഴു കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ ഈ ചിത്രത്തിൽ അവരെല്ലാം പ്രാധാന്യം അർഹിക്കുന്ന കഥയിൽ സ്ഥാനം ഉള്ള കഥാപാത്രങ്ങൾ ആണ് .വെറുതെ ഒരു കഥാപാത്രം എന്നൊരു സഹനടനോ നടിയോ ഈ ചിത്രത്തിൽ ഇല്ല . ഇന്ദ്രജിത് ബൈജു ഷാജോൺ നന്ദു ടോവിനോ വില്ലനായ ടോവിനോ മഞ്ജുവാര്യർ സച്ചിൻ കഥേകർ തുടങ്ങി എല്ലാവരും കഥാഗതിയിൽ നിർണായക സ്ഥാനങ്ങളിൽ നിൽക്കുന്നു എന്നത് മറ്റൊരു പ്രത്യേകത . ജോഷി സംവിധാനം ചെയ്ത 20 -20  പോലും കഴിയാതെ പോയ സംഗതി പ്രിഥ്വി എന്ന കന്നി സംവിധായകൻ ചെയ്തിരിക്കുന്നു!!

ചിത്രത്തിന്റെ കാമറ ചെയ്ത സുജിത് വാസുദേവ് സംഗീതം ചെയ്ത ദീപക് ദേവ് എല്ലാരും സംവിധായകൻ മനസ്സിൽ കണ്ടതു ഭംഗിയായി നിർവഹിച്ചു ചിത്രത്തിന് മുതൽക്കൂട്ടായി. ഓരോ ഷോട്ടും ഫീൽസ് ഗൂസ് ബംപ്സ് എന്നെ ചുരുക്കി പറയാനുള്ളു . പ്രിഥ്വിക്ക് ശേഷം ഈ സിനിമയെ മികവുറ്റതാക്കിയതിനുള്ള കയ്യടികൾ ഇവർക്കു രണ്ടു പേർക്കും നൽകാം എഡിറ്റിംഗും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ഒരു സംവിധാന സഹായിയായി പ്രവർത്തിച്ചു പരിചയമില്ല , സംവിധാനം പഠിച്ചിട്ടില്ല ഇതിനു മുൻപ് ഒരു പരസ്യ ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ല. ആദ്യമായി ലൂസിഫർ എന്നൊരു "ചെറിയ" ചിത്രം ചെയുന്നു . അതിനു ഇത്രയും പെർഫെക്ഷൻ ക്വാളിറ്റി ലഭിക്കുക. ചെയ്യുന്ന പണിയിൽ ആത്മാർത്ഥത ഉള്ള ഒരാളെ കൊണ്ട് മാത്രമേ സാധിക്കു !!

താങ്കളുടെ ആത്മാർത്ഥതക്കു ലഭിച്ച പ്രതിഫലം ആണ് ഈ വിജയം !! ഇനിയും വ്യത്യസ്തതയാർന്ന ചിത്രങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു .ഇത്രയൊക്കെ പറഞ്ഞിട്ടും ലാലേട്ടനെ കുറിച്ച് രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ ശരിയാവില്ല "എറിയാൻ അറിയാവുന്നവന്റെ കയ്യിൽ നല്ല കല്ല് കിട്ടിയാൽ അത് ലക്‌ഷ്യം തകർത്തിരിക്കും " ജോഷിയും ഷാജികൈലാസും അമൽ നീരദ് എല്ലാരും കൂടെ ഒരുമിച്ച എടുത്ത ഫീൽ ആയി പോയി ചുരുക്കത്തിൽ "ലൂസിഫർ",സ്വർഗത്തിൽ നിന്നും പുറത്താക്കപെട്ടവനെ രണ്ടു കയ്യും നീട്ടി ഭൂമിയിലെ മനുഷ്യർ സ്വീകരിച്ചിരിക്കുന്നു .
റേറ്റിംഗ് - 4 /5


KV.Vishnu
30/03/2019

Sunday, 24 February 2019

ഞാൻ

രൂപങ്ങളനേകം പൂണ്ടു ഞാൻ യുഗങ്ങളിൽ..
നായായി നരിയായി നരനായി..
പൂവായ് പുഴുവായി പറവയായി..
യുഗങ്ങൾ താണ്ടിയലഞ്ഞീയൂഴിയിൽ..
അനേകം രൂപാരൂപങ്ങളിലൂടെ!
ഒരുനാളും ജനിച്ചതുമില്ല ഞാൻ !!
അതിനാൽ മരണവുമില്ലെനിക്കെപ്പോഴും!!

രൂപങ്ങൾ പേറിയലഞ്ഞൊരുപാടു നാളുകൾ
അരൂപിയായും അലഞ്ഞു നടന്നെനെങ്ങുമേ
അലയും കാറ്റിൽ പറന്നുനടന്നൊരുന്നാൾ
ചെന്ന് വീണെപ്പൊഴോ ഒഴുകും നദിയിൽ!
പിന്നെ നീന്തി ചെന്നങ്ങാഴി തൻ നീലിമയിൽ -
അലിഞ്ഞെപ്പോഴോ !! ആഴിതന്നാഴം അളന്നുന-
ടന്നൊരുന്നാൾ ഊഴി തന്നിൽ വീണ്ടും
വന്നു ചേർന്നെനിതെങ്ങനെയോ!!

കാലത്തിന്റെ നിയതിയോ 
പൂർവ്വ കർമ്മത്തിന്റെ ഫലമോ
മറ്റൊരു മർത്യ രൂപം പൂണ്ടിങ്ങു വീണ്ടും
മൽ കർമ്മഭാണ്ഡം ഒഴിപ്പതിന്നലയുന്നു !
എന്നാൽ മറന്നേനൊരു മഹാസത്യമിന്നു  !
കാലചക്രം പോലത്രേ യീ കർമ്മവും
അതിനന്ത്യമില്ലൊരുന്നാളുമെന്നതു !

KV.Vishnu
01/08/2019

സ്പിതി താഴ്വര - 4 (My Trip to Spiti Valley)

ആത്മവിശ്വാസത്തിന്റെ ഹൈപിൽ ആണ് അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചത് . ഈ ഒരു ബൈക്ക് യാത്ര വല്ലാത്തൊരു ആത്മവിശ്വാസമാണ് എന്നിലുണ്ടാക്കിയത് .രാത്രി തിരിച്ചെത്തിയതും അടപ്പിളകിയ ആ സ്കൂട്ടർ മാറ്റി പുതിയത് വാങ്ങി. അടുത്ത ദിവസം മഴ ഒഴിഞ്ഞു നിന്നതു കാരണം തന്നെ റോഡ് എല്ലാം ഏറെ കുറെ പൂർവ സ്ഥിതിയിൽ ആയി കഴിഞ്ഞിരുന്നു. തലേന്ന് തന്നെ സുധീർ കീ യാത്ര പൂർത്തീകരിച്ചത് കൊണ്ട് ഞങ്ങൾ മൂന്ന് പേരും മാത്രമാണ് കീ ഗോമ്പ (KEY MONASTERY) കാണാൻ പുറപ്പെട്ടത്.

KEY MONASTERY:  സമുദ്ര നിരപ്പിൽ നിന്നും പതിമൂവായിരം അടിക്കു മുകളിൽ (13668 Ft) സ്ഥിതി ചെയുന്ന ഒരു ഗ്രാമവും അതിന്റെ ഏറ്റവും മുകളിൽ ആയി മൊണാസ്റ്ററിയും ചേർന്നതാണ് കീ ഗ്രാമം കാസയിൽ നിന്നും ഏകദേശം പതിനാലു കിലോമീറ്റർ ദൂരം ഉണ്ട് ഇങ്ങോട്ടു. പതിനൊന്നാം നൂറ്റാണ്ടിൽ ആണ് ഇതിന്റെ നിർമാണം നടന്നത് എന്ന് കരുതപ്പെടുന്നു. ആയിരത്തിലേറെ വർഷത്തെ പാരമ്പര്യം ഉള്ള ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ ഇവിടെ ഞങ്ങളെ കാത്തിരുന്നത് കാഴ്ചയുടെ മേള പൂരങ്ങൾ ആയിരുന്നു .

പ്രാർത്ഥന നടക്കുന്ന സമയം ആണ് ഞങ്ങൾ അവിടെ എത്തി ചേരുന്നത് ബുദ്ധ സന്യാസിമാർ വരി വരിയായി ഇരുന്നു കയ്യിൽ ഉള്ള പുരാതന ഗ്രന്ഥങ്ങളിൽ നോക്കി ടിബറ്റൻ ഭാഷയിൽ  പ്രാർത്ഥനകൾ ചൊല്ലുന്നു. സൂചി വീണാൽ കേൾക്കുന്ന ആ നിശ്ശബദ്ധമായ പ്രാർത്ഥന മുറിക്കുള്ളിൽ മുഴുങ്ങുന്നതു ഈ മന്ത്രങ്ങൾ മാത്രം. എന്നാൽ കുറച്ചു നേരം മാത്രമേ അവരുടെ കൂടെ ഇരിക്കാൻ കഴിഞ്ഞുള്ളു ഞാൻ പ്രാർത്ഥന തീരും മുൻപേ പുറത്തേക്കിറങ്ങി അവിടെ സൃഷ്ടിക്കപ്പെട്ട ആ ഊർജ പ്രവാഹത്തെ സ്വീകരിക്കാൻ ശരീരത്തിനു കഴിയുന്നില്ല എന്ന് തോന്നി.സമാനമായ അനുഭവം തന്നെ കൂടെ വന്ന പൂജക്കും തോന്നി എന്നത് ആശ്ചര്യത്തോടെ മാത്രമേ ഇന്നും ഓർക്കാൻ കഴിയുന്നുള്ളു . മെഡിറ്റേഷൻ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നതിനും ഊർജം സംഭരിക്കുന്നതിനും എല്ലാം സാധ്യമായ ഒരു രീതി ആണ് മെഡിറ്റേഷൻ അഥവാ ധ്യാനം . ബുദ്ധ സന്യാസിമാരുടെ ദിനചര്യകളിൽ ഒന്ന് മാത്രമാണ് നമ്മൾക്ക് ഏറെ വിഷമകരമായ ഈ മെഡിറ്റേഷൻ.  ഒരു പക്ഷെ ഇത്രയധികം സന്യാസിമാരിൽ നിന്നും വന്ന ആ ഊർജ്ജമാവാം എന്റെ ശരീരത്തെ ബലഹീനമായ പോലെ തോന്നിപ്പിച്ചത്. അതിന്റെ യാഥാർഥ്യം  എനിക്കറിയില്ല എന്നത് മാത്രമാണ് സത്യം. പ്രാർത്ഥന തീർന്നു പുറത്തേക്കു എല്ലാരും വന്നപ്പോൾ സ്പിതി നിവാസിയായ ഒരു ചെറുപ്പക്കാരനെ പരിചയപെട്ടു ഏതോ ഒരു സംഘത്തിന്റെ കൂടെ ഗെയ്ഡ് ആയി വന്നതാണ് ആ ചെറുപ്പക്കാരൻ.

ഈ  മൊണാസ്റ്ററിയെ കുറിച്ച് എന്റെ സംശയങ്ങൾക്ക് സന്തോഷത്തോടെ മറുപടി പറഞ്ഞു തന്ന അദ്ദേഹം  ഞങ്ങളെ ഒരു ലാമയുടെ പക്കലേക്കു കൂട്ടി കൊണ്ട് പോകാം എന്നും  ലാമ ഞങ്ങളെ അവിടം മുഴുവൻ ചുറ്റി കാണിക്കും എന്നും പറഞ്ഞു. പക്ഷെ എന്തോ എനിക്ക് പെട്ടെന്ന് തോന്നി സമയം കഴിഞ്ഞത് കൊണ്ട് ഞങ്ങൾ മൂന്നു പേർക്കും മാത്രമായി ആരെങ്കിലും സമയം കളഞ്ഞു കൂടെ വരുമോ? എന്തായാലും പോയി നോക്കുക എന്ന നിശ്ചയത്തോടെ പോയി അദ്ദേഹത്തോട് മോണസ്റ്ററി കാണാൻ വന്നതാണെന്നും എന്നാൽ മുറികൾ എല്ലാം അടഞ്ഞു കിടക്കുന്നു അതെല്ലാം കണ്ടാൽ കൊള്ളാമെന്നുണ്ട് എന്ന് ആഗ്രഹം പറഞ്ഞതും "ഇല്ല" എന്ന ഉത്തരം പ്രതീക്ഷിച്ച എന്നെ തോൽപ്പിച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ ആ യുവസന്യാസി  താക്കോൽ കൂട്ടവും എടുത്തു കൂടെ വരികയും .പ്രധാന മുറികൾ ആയ Tangyur എന്ന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യൂറൽ പെയിന്റിങ്ങുകൾ ബുദ്ധമത ഗ്രന്ഥങ്ങൾ. kardhung എന്ന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ മൊണാസ്ട്രിയിലെ ആദ്യ ഗുരുക്കന്മാരിൽ മുഖ്യ ലാമയുടെ ബൗദ്ധികശേഷിപ്പുകൾ,ഇന്നത്തെ ദലൈലാമ വന്നാൽ വിശ്രമിക്കാറുള്ള xecheim എന്ന പേരുള്ള മുറി എല്ലാം തന്നെ യഥേഷ്ടം സമയം എടുത്തു കണ്ടു മനസിലാക്കുവാൻ ഞങ്ങളെ സഹായിച്ചു പിന്നെ ഏറ്റവും പുരാതനവും വലുതും ആയ  ബുദ്ധിസ്റ്റുകളുടെ പ്രാർത്ഥന മണിയും അതിൽ പ്രാര്ഥിക്കേണ്ട രീതിയും എല്ലാം അദ്ദേഹം ക്ഷമയോടെ പറഞ്ഞു തന്നു.

ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങുന്നതിനു മുൻപ് ഞങ്ങളെ കൂട്ടി കൊണ്ട് പോയി മൂന്ന് പേർക്കും അതി മനോഹരവും സ്വാദിഷ്ഠവുമായ ഗ്രീൻ ടീ സമ്മാനിക്കുകയും ചെയ്തു.അവരുടെ ഈ പെരുമാറ്റം, വിനയം, സഹജീവി സ്നേഹം എല്ലാം എന്നിൽ വീണ്ടും വീണ്ടും ബുദ്ധനോടുള്ള പ്രണയം വർധിപ്പിച്ചു.ആത്മീയത കച്ചവടമാക്കിയ ഈ കാലഘട്ടത്തിൽ ഒരു രൂപ പോലും പ്രതീക്ഷിക്കാതെ തീർത്തും അന്യരായ ഞങ്ങളോട് അദ്ദേഹം കാണിച്ച ഈ ആതിഥ്യ മര്യാദ ചിന്തിപ്പിക്കുകയും ഒപ്പം മനസിനെ വളരെ സന്തോഷിപ്പിക്കുകയും ചെയ്തു.അവർ (ലാമമാർ) ബുദ്ധൻ എന്ന ഗുരുവിനെ  മാത്രമല്ല അദ്ദേഹം പഠിപ്പിച്ച സന്ദേശങ്ങളെയും മൂല്യങ്ങളെയും കൂടെ ആണ് ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നത് .അവിടെ ഏറ്റവും സുന്ദരമായൊരു കാഴ്ച അവിടുത്തെ ഗുരുകുല പഠനം ആയിരുന്നു കുഞ്ഞു ലാമമാർ അവരുടെ പ്രാർത്ഥന ഗ്രന്ഥങ്ങൾ പഠിക്കുന്നു ഗുരുവായി മുതിർന്ന ഒരു ലാമയും കൂടെ ഉണ്ട് അദ്ദേഹം അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു കയ്യിൽ ഒരു വടി ഉണ്ടെങ്കിലും ആരെയും അടിക്കുന്നതൊന്നും കണ്ടില്ല. ഇത് ടിബറ്റൻ പ്രാർത്ഥനകളും ബുദ്ധ മത പഠന ഗുരുകുലവും മാത്രമാണെന്നും തൊട്ടപ്പുറത്തെ സ്കൂളിൽ ആണ് എട്ടാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം ഗ്രാമവാസികൾക്കായി ഒരുക്കിയിരിക്കുന്നത് എന്നും ആ ബുദ്ധ സന്യാസി പറഞ്ഞു തന്നു . അതും മൊണാസ്റ്ററിയുടെ കീഴിൽ ആണെന്നത് അവർ മതത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക ഉന്നമനം കൂടെ ലക്‌ഷ്യം വെക്കുന്നു എന്നതിന് തെളിവാണ് ഉദാഹരണമാക്കെണ്ട ഒന്നും ആണ്.


അതിജീവനത്തിന്റെ ഒരു കഥ കൂടെ പറയുവാൻ ഉണ്ട് ഈ മൊണാസ്ട്രിക്കും ഗ്രാമത്തിനും. പതിനേഴാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണം  ദോഗ്ര പട്ടാളത്തിന്റെ ആക്രമണം സിഖ് പട്ടാളത്തിന്റെ ആക്രമണം തുടങ്ങി അനേകം യുദ്ധങ്ങളും കൂടെ കണ്ടതാണ് ഈ മൊണാസ്ട്രിയും ഗ്രാമവും.അതിനെ എല്ലാം അതി ജീവിച്ചു ഇന്നും നിലകൊള്ളുന്നു കീ ഗോമ്പയും ഗ്രാമവും കൂടുതൽ മനോഹാരിയായി "സ്പിതിക്കു ചാർത്തിയ കിരീടം പോലെ". ഈ യുദ്ധങ്ങളുടെ എല്ലാം സ്മാരകം എന്നോണം തിരികെടാത്ത ഒരു വിളക്കു കത്തിച്ചു വെച്ചിട്ടുണ്ട് മുകളിൽ ഗോമ്പയിൽ  രക്തസാക്ഷികൾ ആയവർക്കുള്ള ആദരവായി. ഒരു യുഗത്തിലേക്കുള്ള ആ പ്രയാണം അവസാനിപ്പിച്ച് ഞങ്ങൾ  കുസൃതികളായ മെറൂൺ മേലങ്കി അണിഞ്ഞ കുഞ്ഞു ലാമമാർക്കു കയ്യിൽ കരുതിയ മിട്ടായിയും ഡ്രൈ ഫ്രൂട്സും സമ്മാനിച്ച് ഏകദേശം രണ്ടു മണിക്കൂറിനു ശേഷം കീ ഗോമ്പയോട് വിട പറഞ്ഞു. “എന്നെ സ്പിതിയിലേക്ക് ആകർഷിച്ച ആദ്യ വിസ്മയം”.വീണ്ടും എന്നെങ്കിലും വരാം എന്ന വാക്കു മാത്രം ബാക്കിയാക്കുന്നു!!                  

Kibber Village: കീ യിൽ നിന്നും നേരെ അടുത്ത യാത്ര കിബ്ബർ എന്ന ഗ്രാമത്തിലേക്കായിരുന്നു സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ഗ്രാമം കൂടാതെ  മനോഹരമായ  ഹിമാലയൻ വന്യ ജീവി സമ്പത്തും അടങ്ങിയതാണ് കിബ്ബർ ഗ്രാമം .ഹിമാലയൻ താർ (IBEX), മഞ്ഞു പുലി(Snow Leopard)  , ഹിമാലയൻ കുറുക്കൻ (Red Fox) , കഴുകൻ തുടങ്ങി അപൂർവങ്ങളിൽ അപൂർവമായ വന്യ ജീവികൾ ഉള്ള സ്ഥലമാണ് കിബർ ഗ്രാമം . എന്നാൽ ഞങ്ങൾക്ക് ഭയങ്കര ഭാഗ്യം ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനെയും കാണാൻ  പറ്റിയില്ല . വലിയ ഗ്രാമം എന്ന് പറയാമെങ്കിലും അടുത്തുള്ള ഒരാശുപത്രിയിലേക്കു പോകാൻ പത്തിരുപതു കിലോമീറ്റർ മലമടക്കിലൂടെ വണ്ടിയോടിച്ചു കാസയിൽ എത്തണം. അര മണിക്കൂർ വിശ്രമത്തിനും കുറച്ചു ഫോട്ടോസുമെടുത്ത ശേഷം  അടുത്ത ലക്ഷ്യം ആയ ചിചെമ് പാലം കാണുവാൻ വണ്ടിയും എടുത്തു പുറപ്പെട്ടു.

ചിചെമ് ബ്രിഡ്‌ജ്‌ (Chichem Bridge) - ഏഷ്യയിൽ ഏറ്റവും ഉയർന്ന അൾട്ടിട്യൂഡ് സ്ഥലത്തു നിർമ്മിക്കെട്ടിട്ടുള്ള പാലം എന്ന റെക്കോർഡിന് ഉടമ. എന്നാൽ അതൊരു റെക്കോർഡിൽ ഉപരിയായി ചിചെമ് ഗ്രാമ നിവാസികൾക്ക്‌ ലഭിച്ച വലിയൊരു അനുഗ്രഹമാണ്  എന്നതാണ് അതിന്റെ പ്രത്യേകത വർധിപ്പിക്കുന്നത്. വർഷങ്ങൾ ആയി റോപ് വെയ് ഉപയോഗിച്ച് പോന്നിരുന്ന ചിചെമ് ഗ്രാമ നിവാസികൾക്ക്‌ അതിൽ നിന്നുമുള്ള മോചനം ആണ് ബെയ്‌ലി മാതൃകയിൽ രണ്ടു മലകളെ ബന്ധിപ്പിച്ചു നിർമ്മിച്ചിട്ടുള്ള ഈ ബ്രിഡ്ജ് .ചിചെമിന്റെ പ്രാഥമിക സൗകര്യങ്ങൾക്ക് അവർക്കുണ്ടായിരുന്നു ഏക ആശ്രയം കാസ പട്ടണമാണ്   അവിടെക്കെത്താൻ  ആണെങ്കിലോ ആദ്യം കിബ്ബറിൽ എത്തണം അതിനു ആശ്രയിച്ചിരുന്നത് റോപ്പ് വേയും!! ഏതാനും വർഷങ്ങൾക്കു  മുൻപ് അത് തകർന്നു പോവുകയും  അതിനു ശേഷമാണു മലകളെ ബന്ധിപ്പിച്ചു ഈ പാലം പണിയുന്നത് . എന്തായാലും അതിലൂടെ അവരുടെ വലിയൊരു ദുരിതം ആണ് ഇല്ലാതായത് .പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ഇങ്ങനെയൊരു അഭിമാന സൃഷ്ട്ടി നടത്തിയ രാജ്യത്തിൻറെ യശസ്സിനെക്കാൾ അവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചിന്തിച്ചു പോകുന്നു. വൈകി ആണെങ്കിലും സൗകര്യമൊരുക്കി കൊടുത്ത സർക്കാരുകൾക്ക് നന്ദി.

Star Gazing @ Rangrik -
നാലാം ദിവസത്തെ യാത്ര നേരത്തെ തീർന്നു വൈകുന്നേരത്തിനു മുൻപ് ഞങ്ങൾ കാസയിൽ തിരിച്ചെത്തി അന്ന് ഭക്ഷണം കഴിഞ്ഞു കിടന്നു ഉറക്കം തഴുകി തുടങ്ങുന്ന നേരത്താണ് ശരത് ഓടി വന്നു ഇന്ന് മേഘങ്ങൾ ഒഴിഞ്ഞു നിൽക്കുന്നു എന്നും നമ്മൾക്ക് സ്റ്റാർ ഗെയ്‌സിംഗ് കാണാം എന്നും പറഞ്ഞു വിളിക്കുന്നത് വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന സുധീറും പൂജയും ഉടനടി മറ്റൊന്ന് ചിന്തിക്കാതെ "ഓക്കേ" എന്ന് പറഞ്ഞു എന്നാൽ ഉറക്കം അതിന്റെ മനോഹാരിതയിലേക്കു വിളിക്കുമ്പോൾ നമ്മക്കെന്തു സ്റ്റാർഗെയ്‌സിംഗ് !! ഞാനും മുൻ പിന് നോക്കാതെ പറഞ്ഞു "നോ".എന്നാൽ ആ "നോ" ക്കു ഞാൻ നൽകേണ്ടിയിരുന്ന വില മനസിലാക്കാൻ ശരത്തിന്റെ നിർബന്ധത്തിനു വഴങ്ങി പുറത്തെത്തി ആകാശത്തോട്ടു ഒന്ന് നോക്കേണ്ട നേരം മാത്രം മതിയായിരുന്നു.ആകാശ വിസ്മയം എന്ന ഒരു വക്കിൽ വിശേഷിപ്പിക്കാവുന്ന പ്രതിഭാസം അതിനു മുൻപിൽ എന്തുറക്കം അല്ലെങ്കിലും ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നു ഉറങ്ങിയാൽ പോരെ ഇത്ര ദൂരം ഇത്ര പ്രയാസപ്പെട്ടു ഇങ്ങോട്ടു വരണോ എന്നെ അരസികൻ ആക്കി മാറ്റിയ ആ മടിയെ ആലോചിച്ചു പുച്ഛം മാത്രം.

ഞങ്ങൾ ബൈക്കും എടുത്തു റാൻഗ്രിക്കിലേക്കു പുറപ്പെട്ടു വഴിയിൽ നീളെ ആ ആകാശ വിസ്മയം കൂട്ടിനും . സ്പിതി നദിയോട് ചേർന്ന് കിടക്കുന്ന വിശാലമായൊരു താഴ്വരയാണ് റാൻഗ്രിക്.തണുപ്പ് മൂന്നടുക്കു വസ്ത്രത്തെയും ഭേദിച്ച്  ശരീരത്തിലേക്ക് കടക്കുന്നുണ്ട് എന്നാൽ കൺ മുന്നിൽ ഈ ഒരു വിസ്മയം ഉള്ളപ്പോൾ ആരറിയുന്നു തണുപ്പ് .നിലത്തങ്ങനെ ആകാശവും മില്കിവെയും നോക്കി കിടന്നു കൂട്ടിനു ചുറ്റിനും നഗ രാജാക്കന്മാരായ പർവത  ശ്രെഷ്ഠന്മാരും ദൂരെ നദിക്കു അക്കരെ കീ ഗ്രാമവും മാത്രം .അമൂല്യ രത്ന വൈഡൂര്യങ്ങൾ  അടങ്ങിയ നിധി വാരി വിതറിയ  പോലെ പല നിറങ്ങളിൽ മിന്നി തിളങ്ങുന്ന നക്ഷത്ര കൂട്ടം. ഉയർന്ന അൾട്ടിട്യൂടുകളിൽ മാത്രമേ ഈ സൗന്ദര്യം ദർശിക്കുവാൻ കഴിയു. ഈ പ്രപഞ്ചം മുഴുവൻ കൺ മുന്നിൽ തെളിഞ്ഞു വന്നത് പോലെ കോരിത്തരിപ്പിക്കുന്ന ദൃശ്യ വിസ്മയം നിശബ്‌ദതക്കു സംഗീതം ഉണ്ടെന്നു തിരിച്ചറിഞ്ഞ യാത്ര!! എത്ര നേരം കിടന്നു എന്നറിയില്ല തിരിച്ചു പോകാൻ മനസ്സ് ഒട്ടും തന്നെ ഇല്ല മണിക്കൂറുകൾ ജെറ്റ് കണക്കെ പാഞ്ഞു പോയി കൊണ്ടിരുന്നു ഒടുവിൽ ആ നക്ഷത്ര കൂട്ടങ്ങളോടും നന്ദി പറഞ്ഞു തിരിച്ചു മുറിയിലേക്ക് പോയി!!     .

Routes Covered on 14/08/2018
Kaza to Key Monastery – 14 km
Key monastery to kibber – 8 Km
Kibber To chicham – 11 Km
Chicham to Kaza – 19 Km
At Night KAza to Rangrik – 8 km

KV.Vishnu
23/02/2019

Tuesday, 12 February 2019

God is a Kid

There is a kid inside every one
Sometimes an extreme insane kid
Sometimes an extra normal
Sometimes an extreme naughty &
Sometimes an epitome of innocence
Some call it immaturity
Some call it madness
But i like to call it's the God inside us!!

KV.Vishnu
11/02/2019

                                                               

Wednesday, 6 February 2019

സ്പിതി താഴ്വര - 3 (My Trip to Spiti Valley)


ഓരോ യാത്രകളും ഓരോ പാഠ പുസ്തകങ്ങൾ ആണ് സ്വയം തിരിച്ചറിയാൻ , നമ്മുടെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാനും ഓരോ യാത്രയും  അവസരം നൽകുന്നു. ആദ്യം ഒരു മരവിപ്പായിരുന്നു എങ്കിൽ പിന്നീട് ശരത് തന്ന ധൈര്യത്തിൽ അവൻ പറഞ്ഞ കാര്യത്തിന് സമ്മതം മൂളി.നാല് പേരായതു കാരണം ഒരു വണ്ടി കൂടെ വേണം അത് നീ ഓടിക്കണം എന്ന് പറഞ്ഞപ്പോ "സത്യത്തിൽ എന്റെ തലമണ്ടക്ക് അടിച്ച പോലെ ആയിപ്പോയി" വെറുതെ നടന്നു പോകുമ്പോ താഴേക്ക് നോക്കിയാ മതി തല ചുറ്റി പോകും എനിക്ക് ആ ഞാൻ എങ്ങനെ ആ വഴികളിലൂടെ വണ്ടി ഓടിക്കും അറിയില്ല ! ആകെ എന്റെ ഡ്രൈവിങ് അനുഭവം എന്ന് പറയുന്നത് മൂന്നോ നാലോതവണ വെസ്പയും കൊണ്ട് കുനിശ്ശേരിയിലും ആലത്തൂരുമൊക്കെയായി ഓടിച്ചിട്ടുണ്ട് എന്ന് മാത്രമായിരുന്നു . എന്തായാലും അവന്റെ നിര്ബന്ധ പ്രകാരം ഒരു വണ്ടി കൂടെ എടുക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു ആക്ടിവ അങ്ങട് എടുത്തു ഇനി എല്ലാം പപ്പനാവന്റെ കയ്യില് എന്ന് വിചാരിച്ചു.

കാലത്തു ചെറു ചൂട് വെള്ളത്തിൽ കുളിയും കഴിച്ചു (wanderers Nest) നിന്നും ചെക് ഔട്ട് ചെയ്തു സാധനങ്ങളും എടുത്തു ഇറങ്ങിയപ്പോൾ തലേന്ന് തൊട്ടപ്പുറത്തെ മല മുകളിൽ കണ്ട ആ അതിഥി മുറ്റത്തെത്തി "മഴ". വളരെ കുറച്ചു മാത്രമേ മഴ ഇവിടെ പെയ്യാറുള്ളൂ എന്നാൽ അത് ഞങ്ങൾ പോയ ദിവസം തന്നെ വന്നത് എന്തോ മുൻ വൈരാഗ്യത്തിന്റെ പുറത്താണോ എന്ന് തോന്നി പോയി. കാലത്തു ഒൻപതു മണിക്ക് തുടങ്ങാം എന്ന് കരുതിയ യാത്ര നീളാൻ തുടങ്ങി .ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ കേറി ബ്രേക്ഫാസ്റ് തുടങ്ങിയപ്പോൾ പൂജയും സുധീറും കൂടെ അവിടെ ഞങ്ങളുടെ കൂടെ ചേർന്നു. ഒന്ന് രണ്ടു മണിക്കൂർ പിന്നിട്ടിട്ടും മഴ നിൽക്കുന്ന ലാഞ്ചന പോലും ഇല്ല . പിന്നെ ഒരു കാര്യം പറയാൻ വിട്ടു മഴ എന്ന് പറയുമ്പോ നമ്മടെ നാട്ടിൽ കർക്കടകത്തിലെ തിരിമുറിയാതെ തുള്ളിക്ക് ഒരു കുടം മഴയൊന്നും അല്ല "ചാറ്റൽ"  പക്ഷെ യാത്ര കുളമാവാൻ അത് തന്നെ ധാരാളം. "കീ ഗോമ്പ - ലാങ്‌സാ - ഹിക്കിം" ഈ മൂന്നു സ്ഥലങ്ങൾ ആണ് പ്ലാൻ ചെയ്തിരുന്നത് എന്നാൽ മഴ കാരണം ഹിക്കിം ലാങ്‌സാ റോഡ് കുളമായി എന്നും നാളെ മാത്രമേ അങ്ങോട്ട് യാത്ര നടക്കു എന്നുമാണ് അറിയാൻ കഴിഞ്ഞത്.

ഉച്ചയോടു അടുപ്പിച്ചു ചെറിയൊരു ശമനം ആയപ്പോൾ  ഞങ്ങൾ കീ ഗോമ്പ മാത്രം സന്ദർശിച്ചു തിരിച്ചു വരാം എന്ന് തീരുമാനിച്ചു.തല്ലേ ദിവസം താമസിച്ച സ്ഥലത്തു ചെന്ന് സാധനങ്ങളും ബാഗും വെച്ച ശേഷം മൊബൈലും ക്യാമറയും മാത്രം എടുത്തു ഞങ്ങൾ കീ ഗോമ്പ യിലേക്ക് പുറപ്പെട്ടു. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു ആക്റ്റീവയും എടുത്തു ബുള്ളറ്റിൽ ശരത് മുന്നിലും ഞാനും സുധീറും ഓരോ ആക്ടിവകളിൽ പുറകിലുമായി യാത്ര തുടങ്ങി.കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശരത്തിനെ കാണുന്നില്ല സുധീർ ഫോട്ടോ എടുക്കാൻ ആയി വളരെ പുറകിൽ പതുക്കെയാണ് വന്നു കൊണ്ടിരുന്നത്. എന്തായാലും മാപ്പിലെ ഒരു രൂപം വെച്ച് ഞാൻ ഓടിച്ചു പോയി കൊണ്ടേ ഇരുന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശരത് പിന്നാലെ വരുന്നു മൂന്നു നാല് കിമി മുൻപ് വെച്ച് വേറെ വഴിയിൽ കൂടെ ആണ് പോകേണ്ടത് എനിക്ക് വഴി തെറ്റി എന്ന് അവനെ ഫോളോ ചെയ്യാനും പറഞ്ഞു. എന്നാൽ ആ സ്ഥലം എത്തിയപ്പോൾ നേരെ തിരിച്ചായിരുന്നു അവസ്ഥ ഞാൻ പോയിരുന്നത് ആയിരുന്നു കറക്റ്റ് റോഡ് അവൻ പറഞ്ഞ റോഡ് ലാങ്‌സായിലേക്കുള്ളതായിരുന്നു!!.

ലാങ്‌സാ (LAngza) - സമുദ്ര നിരപ്പിൽ നിന്നും 14500 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഒരു ചെറിയ ഹിമാലയൻ ഗ്രാമം ആകെ കൂടെ 137-150 ആളുകൾ ആണ് അവിടുത്തെ താമസക്കാർ.കൃഷി തന്നെ ഉപജീവനം പിന്നെ കന്നുകാലി സമ്പത്തും. ഫോസിൽ വില്ലേജ് എന്നൊരു പേരും കൂടെ ഉണ്ട് അതിനു കാരണം അവിടെ കണ്ടു വരുന്ന ഫോസ്സിലുകളുടെ ധാരാളിത്തം തന്നെ ഗ്രാമീണർ അതും  ടൂറിസ്റ്റുകൾക്ക് വിറ്റു കാശു വാങ്ങാറുണ്ട്.ഞങ്ങൾ കുറച്ചു ദൂരം മലയുടെ മുകളിലേക്ക് ഓടിച്ചു കേറിയ ശേഷം ആണ് ഞങ്ങൾ വഴി തെറ്റിയ കാര്യം അറിയുന്നത് .തുടർന്നുള്ള അന്വേഷണത്തിൽ റോഡ് മുഴുവൻ ചെളി കുണ്ടായി മാറി ഈ മഴയിൽ എന്നും എന്നാൽ സൂക്ഷിച്ചു പോയാൽ മതി ലാങ്‌സാ എത്താം എന്ന് അറിയാൻ കഴിഞ്ഞു. ആദ്യമുള്ള കുറച്ചു ദൂരം വലിയ പ്രശനമില്ലായിരുന്നു പരന്ന പ്രതലം വണ്ടി ഓടിക്കാൻ സുഖം മഴയത്തു വഴുക്കൽ ഉണ്ടായിരുന്നു എങ്കിലും പതുകെ ഓടിച്ചു കൊണ്ടിരുന്നത് കൊണ്ട് വല്യ ബുദ്ധിമുട്ടു തോന്നിയില്ല. എന്നാൽ കേറ്റം കേറാൻ തുടങ്ങിയപ്പോൾ എന്റെ ആക്ടിവ പണി തന്നു !!
വഴിയിൽ ഉള്ള ചെളി എല്ലാം കൂടെ പിന് ടയറിൽ കട്ട കുത്തി ടയർ തിരിയുന്നില്ല ഫുൾ അസിക്സിലേറ്ററിൽ പോലും വണ്ടി ഒരു ഇഞ്ചു പോലും അനങ്ങുന്നില്ല എന്ത് ചെയ്യാൻ കാല് കൊണ്ട് തുഴഞ്ഞു തുഴഞ്ഞു പിന്നെയും കുറെ ദൂരം കൂടെ പോയത് മിച്ചം. 14500 അൾട്ടിട്യൂഡിൽ വെറുതെ കയ്യും വീശി നടക്കാൻ തന്നെ ബുദ്ധിമുട്ടാണ് അതിന്റെ കൂടെ ഇത് പോലൊരു വണ്ടിയും കൂടെ ആയാലോ ? ദേഷ്യവും സങ്കടവും എല്ലാം കൂടെ ഒരുമിച്ചു വരാൻ തുടങ്ങി നിയന്ത്രണം തെറ്റി വണ്ടി താഴെ ഇട്ടു നടക്കാൻ തുടങ്ങി അപ്പോഴേക്കും ശരത് എന്നെ കാണാതെ തിരിച്ചു വന്നു അവൻ കുറെ നോക്കിയ ശേഷം ചെളി കാരണം ആണ് വണ്ടി അനങ്ങാത്തതു എന്ന ശാസ്ത്ര സത്യം കണ്ടെത്തുകയും കയ്യും വടിയും ഉപയോഗിച്ച് പൂജയും അവനും കൂടെ വണ്ടി അനങ്ങാവുന്ന പാകത്തിൽ ആക്കി. വീണ്ടും കുറച്ചു ദൂരം മാത്രമേ പോയുള്ളു വാഴുകലും ചെളിയും കാരണം വണ്ടി മുന്നോട്ടു വീണ്ടും പോകാതെ ആയി അവസാനം കേറ്റം വരുന്ന സ്ഥലങ്ങളിൽ വണ്ടിയും തള്ളി കൊണ്ട് നടന്നു കേറേണ്ടി വന്നു.

രണ്ടോ മൂന്നോ കേറ്റങ്ങൾക്കു ഒടുവിൽ ലാങ്‌സാ വരെയും സമ നിലം കിട്ടിയത് കൊണ്ട് വലിയ ബുദ്ധി മുട്ടില്ലാതെ അവടെ വരെ എത്തി. ഇത്രയും കഷ്ടപ്പാടും വിഷമവും ഒക്കെ തോന്നിയെങ്കിലും ഹിമവാന്റെ  ആ സൗന്ദര്യത്തിൽ മനസ്സ് ശാന്തമാക്കാൻ താമസമുണ്ടായില്ല.കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം ദൂരെ ആയി ലാങ്‌സായിലെ ബുദ്ധന്റെ പ്രതിമ ദൃശ്യമായി തുടങ്ങി അങ്ങോട്ട് വണ്ടി അടുക്കും തോറും സന്തോഷം കൊണ്ട് ചങ്കിടിപ്പ് ഏറി ഏറി വരാൻ തുടങ്ങി (Adrenaline Rush) എന്ന് കേട്ടിട്ടേ ഉള്ളു ആ നിമിഷം ഞാൻ അനുഭവിച്ചു ,വണ്ടിയിൽ ഇരുന്നു ഉച്ചത്തിൽ വിളിച്ചു കൂവി ഉറക്കെ ചിരിച്ചു പിന്നിട്ട വഴികളിലെ കഷ്ടതകൾക്ക് കിട്ടിയ സമ്മാനം “എന്റെ ലാങ്‌സയിലെ ബുദ്ധന്റെ” ദർശനം! ദൂരെ നിന്നും നോക്കിയാൽ ഹിമവാന്റെ മടിയിൽ ഇരുന്നു ബുദ്ധൻ  ധ്യാനിക്കുന്ന പോലെ ഉണ്ടാവും. വണ്ടി രണ്ടും നിർത്തി ഞങ്ങൾ മൂന്നാളും കൂടെ  ബുദ്ധന്റെ അടുത്തേക്ക് ചെന്ന് . നേരം ഉച്ച കഴിഞ്ഞെങ്കിലും മഞ്ഞു കാരണം അപ്പോഴും ആറു മാണി ആയ പോലെയേ ഉണ്ടായിരുന്നുള്ളു. കുറച്ചു നേരം ബുദ്ധന്റെ അടുത്തിരുന്നു അദ്ദേഹം നോക്കുന്ന ദിക്കിലേക്ക് നോക്കി ഇരുന്നു !! "മനോഹരം മൂടൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്നു ഹിമവൽ ശൃങ്ഗങ്ങൾ " ഇത്രയും അംബിയെൻസ് ഒത്തു കിട്ടിയിട്ട് ഒരു പാട്ടു കെട്ടിലെങ്കിൽ പിന്നെ ഇത്രയും കഷ്ട്ടപെട്ടതിനു വല്ല കാര്യവും ഉണ്ടോ ? വെച്ച് അങ്ങട് മൊബൈലിൽ ശ്രീവത്സൻ  മേനോന്റെ നീലാംബരി രാഗത്തിൽ ഉള്ള സ്വാതി തിരുന്നാൾ കീർത്തനം "ആനന്ദ വല്ലി ..."

ഹിക്കിം : ആനന്ദ വല്ലി കേട്ട് കഴിഞ്ഞതും മനസ്സിൽ വീണ്ടും ഒരു ഉണർവ് വന്നു തുടർന്ന് യാത്ര ചെയ്യാൻ തീരുമാനിച്ചു "മൊബൈൽ ഇന്റർനെറ്റ് " തുടങ്ങിയ സൗകര്യം ഒട്ടും ഇല്ലാത്തതിനാൽ സുധീറിനെ വിളിക്കാനോ എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്കാനോ സാധിച്ചില്ല അത് കൊണ്ട് മനസ്സ് പറയുന്നത് കേൾക്കാൻ തീരുമാനിച്ചു ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന പോസ്റ്റ് ഓഫീസ് ഉള്ള ഹിക്കിമിലേക്കു യാത്ര തുടങ്ങി സമുദ്ര നിരപ്പിൽ നിന്നും 14400 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന മറ്റൊരു കൊച്ചു ഹിമാലയൻ ഗ്രാമം 1983 ആണ് ഇവിടെ ഈ പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. എന്തായാലും അങ്ങോട്ടുള്ള യാത്രയും അതി ദുർഘടം നിറഞ്ഞതായിരുന്നു ലംഗസയിലേക്കുള്ള യാത്ര മദ്ധ്യേ സമനിലം കുറച്ചു ഉണ്ടായിരുന്നു എങ്കിൽ ഹിക്കിമിലേക്കു കയറ്റം മാത്രം നിറഞ്ഞതായിരുന്നു ചെളിയിലുള്ള വഴുക്കലും അപ്പുറത്തു താഴ്ചയും പിന്നെ വണ്ടിയും "ചുമന്നു കൊണ്ടുള്ള നടത്തവും വെറും എട്ടു കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂറിൽ കൂടുതൽ എടുത്തു കാലത്തു 11:30 നു തുടങ്ങിയ യാത്ര വെറും ഇരുപത്തിനാലു കിലോമീറ്റെർ പിന്നിട്ടു ഹിക്കിമിൽ എത്തിയപ്പോൾ സമയം 05:30 വൈകുന്നേരം. കാലത്തു പെയ്ത മഴ കാരണം ആണ് ഇത്രയും ദുര്ഘടമായതു.പോസ്റ്റ് ഓഫീസ് അടച്ചു കഴിഞ്ഞത് കൊണ്ട് ഞങ്ങൾ കുറെ പോസ്റ്റ് കാർഡുകൾ അടുത്തുള്ള ഒരു കടയിൽ നിന്നും വാങ്ങി കുറെ കത്തുകൾ എഴുതി പോസ്റ്റ് ഓഫീസിൽ അടച്ച കാരണത്താൽ സ്റ്റാമ്പ് കിട്ടിയില്ല. സുധീർ എന്തായാലും ഇങ്ങോട്ടു വരും മറ്റൊരു ദിവസം അത് കൊണ്ട് അവനെ ഏൽപ്പിക്കാം എന്ന് കരുതി ഒരു മണിക്കൂർ നേരത്തെ സന്ദർശനം കഴിഞ്ഞു ഞങ്ങൾ മല ഇറങ്ങി തുടങ്ങി ....   

Thrid Day(13/08/2018) Travel – 24 km (11:30 Am to 07:30 Pm)
Routes Travelled – Kaza – Langza – Hikkim – Kaza
Altitude – From “12500 ft to 14500 ft”

KV.Vishnu
05/02/2019
                                                                                         

Monday, 28 January 2019

സ്പിതി താഴ്വര - 2 (My Trip to Spiti Valley)


സ്പിതി യാത്ര - രണ്ടാം നാൾ

രണ്ടാം ദിവസത്തെ യാത്ര പത്തുമണിക്കൂറിൽ കൂടുതൽ ഉണ്ട്, പിയോവിൽ  നിന്നും കാസ വരെ ഏതാണ്ട്  205 കി മി. കാലത്തു 05:15 ന്  പുറപ്പെട്ട യാത്ര വൈകുന്നേരം 05:30 ആയി ലക്ഷ്യ സ്ഥാനത്തു എത്തുമ്പോൾ . ഇതും ഹിമാചൽ പരിവാഹന്റെ ബസിൽ തന്നെയാണ് വെളുപ്പിനെ ഉള്ള ഈ ബസ് കിട്ടിയിലെങ്കിൽ പിന്നെ അന്നത്തെ യാത്ര നടക്കില്ല,പിന്നെ പോയെ തീരു എന്നാണെങ്കിൽ  ടാബോ  വഴിക്കു ഇറങ്ങി പിന്നെ വേറെ ബസിൽ അല്ലെങ്കിൽ ലിഫ്റ്റോ മറ്റോ കിട്ടി യാത്ര ചെയേണ്ടി വരും കാസ എത്താൻ. കിന്നൗറിന്റെ ഹരിത ഭംഗി മാഞ്ഞു ടിബറ്റിന്റെ ഭൂപ്രകൃതിയോട് സാദൃശ്യയമുള്ള കാഴ്ചകൾ ആണ് സ്പിതി താഴ്വരയിലേക്കു അടുക്കും തോറും വന്നു കൊണ്ടിരുന്നത് മരങ്ങളോ ചെടികളോ ഒക്കെ  വിരളമായി മാത്രമേ കാണുവാൻ സാധിച്ചുള്ളൂ, പേര് പോലെ തന്നെ തണുത്ത മരുഭൂമി. വേനൽ കാലം ആയിട്ടും 16-20  ഡിഗ്രി മാത്രമേ ഉണ്ടായിരുന്നു കാലാവസ്ഥ, ഏകദേശം രണ്ടു മണിക്കൂർ നേരത്തെ യാത്ര ചെന്നവസാനിച്ചതു ഒരു അത്ഭുതത്തിന്റെ മുന്നിൽ ആയിരുന്നു ഹിമാലയങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് അല്ലെങ്കിൽ ചെയ്തവർക്ക്  ഒരുപക്ഷെ ചിരപരിചിതമാണെങ്കിലും ഇങ്ങു തെക്കു നിന്ന് ആദ്യമായി ഇവിടെ  എത്തപ്പെട്ട എനിക്ക് അത്ഭുതം തന്നെ ആയിരുന്നു . ഭൂമിയിൽ നിന്നും ഒഴുകി വരുന്ന (Natural Spring Water) ആയിരുന്നു ആ അത്ഭുതം മലമുകളിലെ   ഹിമാനികളിൽ നിന്നാണ് ഇവയുടെ ഉത്ഭവം. ശുദ്ധമായ ജലം അതും ഫ്രിഡ്ജിൽ നിന്നെടുത്ത അത്ര തണുത്ത വെള്ളം, രുചിയാണെങ്കിൽ പറയാൻ വയ്യ നല്ല അസ്സൽ തണുത്ത വെള്ളം, ഭൂമിക്കടിയിൽ നിന്ന് വന്നിട്ടും ഒരു തരി മണ്ണോ ചവർപ്പോ ഇല്ലാത്ത മിനറൽ വാട്ടറിന്റെ നല്ല രസികൻ രുചി. ആവുന്നത്ര ഞങ്ങൾ ശേഖരിച്ചു വാട്ടർ പൗച്ചിലും പ്ലാസ്റ്റിക് കുപ്പിയിലും ആയി നാലഞ്ചു ലിറ്റർ വേള്ളം പിടിച്ചു.

ഷിംലയിൽ നിന്ന് പുറപ്പെട്ടു പകുതി കഴിഞ്ഞപ്പോൾ കൂടെ കൂടിയ സത്‌ലജ് നദി കാബ് എന്നസ്ഥലത്തു വെച്ച് ഞങ്ങളോട് യാത്ര ചോദിച്ചു പിരിഞ്ഞു , ഇവിടെ വെച്ചാണ് സ്പിതി നദി സത്‍ലേജുമായി കൂടി ചേർന്ന് ഞങ്ങൾ പുറപ്പെട്ട ദിശയിലേക്കു ഒഴുകുന്നത് കാബ് പിന്നിട്ടതും കൂടെ സ്പിതി നദിയാണ് ഇനി അങ്ങോട്ട്, ഇനി ഈ യാത്ര മുഴുവൻ  തീരുന്നവരെയും അവളുടെ താഴ്വരകളിലൂടെയാണ്. വർഷത്തിൽ വളരെ തുച്ഛമായ തോതിൽ മാത്രം മഴ ലഭിക്കുന്ന സ്ഥലം എന്നിട്ടും വര്ഷം മുഴുവൻ ജല സമ്പുഷ്ടമായ സ്പിതി നദി വിരോധാഭാസം.ഈ ഒരു പ്രതിഭാസത്തിനു കാരണം ഹിമാലയൻ മല നിരകൾ ആണ്, അവിടെയുള്ള ഹിമാനികളിൽ നിന്നും ചെറുതും വലുതുമായ ഒരുപാട് ഒഴുക്കുകൾ ആണ് വർഷം മുഴുവൻ ഈ നദിയെ ജല സമ്പുഷ്ടമാക്കി സൂക്ഷിക്കുന്നത്. ബസിലെ കണ്ടക്റ്റർ സഹൃദയനായ ഒരു മനുഷ്യൻ ആയിരുന്നു "ചരൺ സിംഗ് താക്കൂർ" തിരക്കെല്ലാം ഒഴിഞ്ഞു പുറകിലെ സീറ്റിൽ എന്റെ സമീപം വന്നിരുന്നപ്പോൾ ആണ് അദ്ദേഹവുമായി പരിചയപ്പെട്ടത്.

സ്പിതിയെ കുറിച്ചും അദ്ദേത്തിന്റെ ജന്മസ്ഥലമായ കുളു ജില്ലയെ കുറിച്ചും ഹിമാലയങ്ങളിലെ അദ്ദേഹം കണ്ടതും കേട്ടതും ആയ അത്ഭുതങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു ,പോയ വര്ഷം (2016) മഞ്ഞു പെയ്യാത്തതിനെ കുറിച്ച് അക്കാരണത്താൽ  ഈ ഭാഗങ്ങളിലെ  ആളുകൾ നേരിട്ട കഷ്ടപാടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഓർത്തു,സത്യം തന്നെയാണ് ആഗോള താപനം ഹിമാലയത്തെ നല്ല രീതിയിൽ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്  കാലാവസ്ഥ വ്യതിയാനത്തിലൂടെ ഹിമാലയം എന്ന പ്രകൃതിയുടെ ആ മഹാ അത്ഭുതത്തിനു  എന്തെങ്കിലും നാശം സംഭവിക്കുക ആണെങ്കിൽ അത് നൽകുന്ന തിരിച്ചടി സർവ്വ നാശമായിരിക്കും. അപരാധികളും നിരപരാധികളും ആ ശിക്ഷ അനുഭവിക്കേണ്ടതായി വരും. മറ്റൊരു കാര്യം പറയാതെ വയ്യ സഞ്ചാരികളും പ്രകൃതിയെ നശിപ്പിക്കുന്നതിൽ കാര്യമായ സംഭാവന നൽകുന്നുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമേ പ്രകൃതിയോട് ഇണങ്ങി അതിനെ അറിഞ്ഞു യാത്ര ചെയ്യുവാൻ ശ്രമിക്കാറുള്ളു, മിക്കവരും എങ്ങനെ ഒരു മനോഹരമായ ഇടം എങ്ങനെ അലങ്കോലമാക്കാം എന്നതിൽ ഗവേഷണം നടത്തുന്നവർ ആണ്. യാത്ര നല്ലതാണ് അത് കൊണ്ട് തന്നെ പ്രകൃതിയോട് ഇണങ്ങി യാത്ര ചെയ്യുവാൻ എല്ലാവര്ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

കാലത്തു പ്രാതലിനു നാകോ എന്ന സ്ഥലത്തു എത്തിചേർന്നു ഭക്ഷണത്തിനായാണ് വണ്ടി നിർത്തിയത് രണ്ടോ മൂന്നോ ധാബകൾ മാത്രമുള്ള ഒരു കൊച്ചു സ്ഥലം,അവിടുന്ന് കുറച്ചു കൂടെ നടന്നു താഴേക്ക് പോയാൽ നാകോ ഗ്രാമം ആകും. ബസിൽ ഉണ്ടായിരുന്ന  ചില യാത്രികർ ഇവിടെ നിന്നും തന്നെ സ്പിതി  താഴ്വരയിലേക്ക് യാത്ര തുടങ്ങുന്നു. നാകോ ഗ്രാമത്തിൽ തങ്ങി അടുത്ത ദിവസം ടാബോ എന്ന സ്ഥലത്തേക്കും പിന്നീട് അവിടുന്ന് കാസയിലേക്കും മൂന്നു ദിവസം എടുത്തു യാത്ര പൂർത്തിയാക്കുന്നവർ  ആണ് ഇക്കൂട്ടർ.ഞങ്ങൾ നേരിട്ട് പോകുന്നവർ ആയതു കൊണ്ട്  കുറച്ചു നേരം അവിടെ കറങ്ങി ഓരോ ആലൂ പറാട്ടയും ഓംലെറ്റും കഴിച്ചു തിരികെ ബസിൽ കയറി ഇനി അടുത്തത് സ്പിതി ജില്ലയുടെ അതിർത്തി ആയ സംടു (SUMDO) ചെക്ക് പോസ്റ്റിലെ വണ്ടി നിർത്തു അന്വേഷിച്ചപ്പോൾ രണ്ടു മണിയോട് അടുപ്പിച്ചു അവിടെ എത്തുമെന്ന് അറിയാൻ കഴിഞ്ഞു .നാകോയിൽ നിന്ന് പുറപ്പെട്ടു കുറച്ചു ദൂരം പോയുള്ളു.വണ്ടികൾ എല്ലാം ബ്ലോക്ക് ആയി കിടക്കുന്നു മലയിടിച്ചിൽ കാരണം ആണ്, മല മുകളിൽ നിന്നും ചെറുതും വലുതുമായ കല്ലുകൾ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നത് തന്നെയാണ്. ഇത്തരം മലയിടിച്ചിലുകൾ ഈ ഭാഗങ്ങളിൽ സർവ സാധാരണം ആണ് മല ഇടിയുന്നതും റോഡ് ഗതാഗതം ദിവസങ്ങളോളം ഇല്ലാതാവുന്നതും എല്ലാം ഇവിടുത്തുകാർക്ക് വലിയ അത്ഭുതം ആല്ല. ഒരു നെല്ലിക്ക വലുപ്പം മാത്രമുള്ള ഒരു ചെറിയ കല്ലു മതി ഒരു ജീവൻ എടുക്കാൻ ആ വേഗതയിൽ ആണ് മുകളിൽ നിന്ന് കല്ലുകൾ തെറിച്ചു വരുന്നത്.

BRO അഥവാ ബോർഡർ റോഡ് ഓർഗനൈസഷനു നന്ദി അരമണിക്കൂർ മാത്രമേ വണ്ടി നിർത്തി ഇടേണ്ടി വന്നുള്ളൂ കല്ല് വീഴ്ച കുറഞ്ഞതും തത്കാലം റോഡിലെ കല്ലുകൾ ജെസിബി കൊണ്ട് ഒഴിവാക്കി വാഹങ്ങൾക്കു പോകാൻ സൗകര്യമുണ്ടാക്കി തന്നു. പക്ഷെ അത് കൊണ്ട് തീർന്നില്ല വാഹനങ്ങൾ പോയ ശേഷം വേണം അവർക്കു ഈ വീഴ്ചയിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കാൻ. വണ്ടിയിൽ നിന്നും താഴെ നോക്കുമ്പോൾ തന്നെ നമുക്ക് തല ചുറ്റും അത്രക്കുണ്ട് താഴ്ച അവിടെയാണ്  BRO ജോലി ചെയ്യുന്നത് അത്യാധുനിക മെഷിനുകളോ  സംവിധാനങ്ങളോ ഒന്നും കൊണ്ടല്ല നമ്മുടെ നാട്ടിൽ ഒക്കെ  റോഡ് നന്നാക്കുന്ന അത്രയും സാമഗ്രികൾ തന്നെ ഇവർക്കും ഉള്ളു - കൂട്ടത്തിൽ നല്ല ചങ്കുറപ്പും!!. ഇരുപത്തി നാല് മണിക്കൂറും ഇവരുടെ സേവനം ഹിമാലയൻ പാതകളിൽ ഉടനീളം ഉണ്ടാകും. മലയിടിച്ചിൽ മഞ്ഞു വീഴ്ച  വെള്ളത്തിൽ റോഡുകൾ ഒലിച്ചു പോവുക തുടങ്ങി അനേകം വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് അവർ നടത്തുന്ന സേവനങ്ങൾക്ക് മനസ്സ് കൊണ്ട് നമിച്ചു നന്ദി പറഞ്ഞു യാത്ര തുടർന്നു.

കണ്ടക്ക്ട്ടർ പറഞ്ഞ പ്രകാരം തന്നെ രണ്ടു മണി രണ്ടരയോടെ (SUMDO) വിൽ എത്തി, ഉച്ചയൂണിനു സമയമായി താരതമ്യേന ഇത്തിരി വലുപ്പം ഉള്ള ഒരു ഗ്രാമം ആണ് SUMDO സ്പിതി യിലേക്ക് കടക്കുന്നതിനു മുന്നേ ഇവിടുത്തെ ചെക്ക് പോസ്റ്റിൽ പരിശോധന ഉണ്ട്. വിദേശികൾക്ക് ഇന്നർ ലൈൻ പെര്മിറ്റ് ഇല്ലാതെ ഇതിനു അപ്പുറത്തേക്ക് കടത്തി വിടില്ല.ഞങ്ങൾ ലോക്കൽ വിദേശികൾ ആയതു കൊണ്ട് അതിന്റെ ആവശ്യം ഇല്ല (ചില അതിർത്തി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്കും ഇന്നർ ലൈൻ പെർമിറ്റ് വേണം) അത് കൊണ്ട് ഞങ്ങൾ ഊണ് കഴിക്കാൻ പോയി രാജ്മ ചാവൽ എന്നൊരു വിശേഷ ഭോജ്യമായിരുന്നു ലഞ്ച് (ചോറും പയറുകറിയും) അയിനാണ് എന്തായാലും അമൃതേത് കഴിഞ്ഞു പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത് നിറയെ ആപ്പിൾ തോട്ടങ്ങൾ ആദ്യമായി ആണ് ഈ സുന മരത്തിൽ കായ്ച്ചു നിക്കണത് കാണുന്നത് (കണ്ണ് നിറഞ്ഞു പോയി ഹൂ) കുറെ നേരത്തെ ആപ്പിൾ നിരീക്ഷണത്തിനു ശേഷം തിരിച്ചു നടക്കാൻ തുടങ്ങുബോൾ ഒരു അമ്മൂമ്മ ആപ്പിൾ വിൽക്കുന്നു നല്ല ഫ്രഷ് ആപ്പിൾ അല്ലെ വാങ്ങിയേക്കാം എന്ന് കരുതി പോയി വില ചോദിച്ചു ഇത്തവണ ശെരിക്കും കണ്ണ് നിറഞ്ഞു ചാർ ആപ്പിൾ കേലിയെ ദസ് രൂപയെ (എന്ന് വെച്ച നല്ലെണ്ണത്തിന് വെറും പത്തു രൂപ) ഞാനും ശരത്തും കുറച്ചു നേരത്തേക്ക് അംബാനിമാരായി ആപ്പിൾ വിറ്റു ബിസിനസ് മാഗ്നെറ്സ് ആകുന്നതിന്റെ അനന്ത സാധ്യതകളെ കുറിച്ച് വിശകലനം ചെയ്തു ശേഷം  ചർച്ചയുടെ  അവസാനം നാല് ആപ്പിൾ വാങ്ങി വണ്ടിയിൽ കേറി രണ്ടെണ്ണം ഇരുന്നു പുട്ടടിച്ചു രണ്ടെണ്ണം ബാഗിലും സൂക്ഷിച്ചു.

SUMDO വിൽ  നിന്നും ഇനി ഒരു എഴുപത്തഞ്ചു കിലോമീറ്ററിന് അടുപ്പിച്ചേ ഉള്ളു കാസയിലേക്ക്, പക്ഷെ സമയം രണ്ടര - മൂന്നു മണിക്കൂർ എടുക്കും .ഉച്ച ഊണിനു ശേഷം ഒന്ന് മയങ്ങി. പക്ഷെ ബസിന്റെ കുലുക്കം കൂടിയപ്പോൾ വന്ന ഉറക്കവും പോയി കണ്ണുകൾ വീണ്ടും സ്പിതി നദിയിലേക്കു നീണ്ടു സമയം പെട്ടെന്ന് പോയി വൈകുന്നേരം അഞ്ചരയോട് അടുത്ത് കഴിഞ്ഞപ്പോൾ കാസ എത്തി നല്ല മനോഹരമായ റോഡിലും തധ്വര ഉണ്ടായ കുലുക്കത്തിലും ചാട്ടത്തിൽ നിന്നും രക്ഷപെട്ടു എന്നാലോചിച്ചപ്പോൾ സമാധാനം ആയി.ആദ്യം തന്നെ അടുത്ത ദിവസത്തേക്കുള്ള വണ്ടി ഞങ്ങൾ "ഹിമാലയൻ കഫേ" എന്ന സ്ഥാപനത്തിൽ നിന്നും ബുക്ക് ചെയ്തു റോയൽ എൻഫീൽഡ് - ക്ലാസിക് അതിനു ശേഷം റൂം അന്വേഷിച്ചു പുറപ്പെട്ടു അധികം കഷ്ടപ്പെടേണ്ടി വന്നില്ല (wanderers nest) എന്നൊരു ഹോം സ്റ്റേ കണ്ടു പിടിച്ചു രണ്ടു പേർക്കുള്ള റൂം എടുത്തു നല്ല വിശാലവും വൃത്തിയുമുള്ള റൂം ആസ്‌ട്രേലിയയിൽ നിന്നും നെതർലാണ്ടിൽ നിന്നും ഇന്ത്യ കാണാൻ വന്ന രണ്ടു സോളോ യാത്രികരായ പേണ്കുട്ടികൾ ആണ് ഈ ഹോസ്റ്റൽ ഇപ്പോൾ മാനേജ് ചെയ്യുന്നത് ഇതിലൂടെ അവർക്കു അവിടെ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. എന്തായാലും കടുത്ത യാത്ര ക്ഷീണം ഉണ്ട് അത് കൊണ്ട് ഇനി വേറെ മുറി അന്വേഷിക്കാൻ വയ്യ  എന്ന് തീരുമാനിച്ചു അവിടെ തന്നെ റൂം എടുത്തു. കുളിക്കണം എന്നുണ്ടായിരുന്നു പക്ഷെ ആ തണുപ്പത്തു ജലം മേലെ സ്പർശിക്കുന്നത് ആലോചിക്കാനേ വയ്യ എന്നത് കൊണ്ട് കുളിച്ചില്ല കയ്യും കാലും കഴുകി ഞങ്ങൾ സ്പിതി നദിയുടെ തീരത്തേക്ക് നടന്നു.

തീർത്തും വിജനമായ പ്രദേശം ഒന്നോ രണ്ടോ യാകുകളും കുറച്ചു പട്ടാണി കൃഷിയും അല്ലാതെ ഒരു മനുഷ്യ കുഞ്ഞു പോലും ആ സ്ഥലത്തില്ലായിരുന്നു കണ്ണടച്ച് തണുത്ത കാറ്റിനെ ശരീരത്തിലേക്കും അകത്തേക്കും വലിച്ചെടുത്തു സ്വച്ഛ സുന്ദരമായ വായുവിന്റെ സുഖം പറഞ്ഞറിയിക്കുക പ്രയാസം. പുഴയുടെ ഒഴുക്കിന്റെ താളത്തിൽ അമൃത വർഷിണി രാഗത്തിൽ ഒരു കീർത്തനം കേട്ട് കൊണ്ടിരുന്നപ്പോൾ ഉള്ളിൽ മഴ പെയ്യുന്നൊരു സുഖം ദൂരെ നോക്കിയപ്പോൾ അപ്പുറത്തെ മല മുകളിൽ മഴ തകർത്തു പെയ്യുന്നു ഹാ സുന്ദരം !!കുറച്ചു നേരം കൂടെ ഇരിക്കണം  എന്നുണ്ടായിരുന്നെങ്കിലും സമയം പോകും തോറും തണുപ്പ് ഏറി ഏറി വന്നു അത് കൊണ്ട് തിരിച്ചു നടന്നു ഹോം സ്റ്റേയുടെ പുറത്തു കസേരയിൽ ഇരുന്നു ഞാൻ വീണ്ടും പാട്ടു കേൾക്കാൻ ആരംഭിച്ചു. ശരത് ഒന്ന് കറങ്ങി സ്ഥലമൊക്കെ ഒന്നു  പരിചയപെട്ടു വരാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി പോയി . അവൻ വരാൻ വൈകിയപ്പോൾ ഞാൻ രാത്രി ഭക്ഷണം ഒറ്റയ്ക്ക് കഴിച്ചു നല്ല ചൂടുള്ള "മോമോസ്" പിന്നെ മുളക് ചമ്മന്തിയും  ഹിമാലയൻ സൗന്ദര്യം മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും മനസിനെ കീഴടക്കി എന്ന് പറയാതെ വയ്യ. കഴിച്ചു വീണ്ടും കുറെ നേരം കഴിയഞ്ഞപ്പോൾ എനിക്കുള്ള രണ്ടു വാർത്തകളും കൊണ്ട് ശരത് വന്നു ആദ്യത്തെ വാർത്ത വലിയ കുഴപ്പം ഇല്ല നാളെ ഞങ്ങളുടെ കൂടെ പുതിയ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടാവും ബാംഗ്ലൂരിൽ നിന്നുള്ള സുധീറും പൂജയും ഞാൻ പറഞ്ഞു ആയിക്കോട്ടെ നോ പ്രോബ്ലം അടുത്തത് പക്ഷെ കേട്ടതും എന്റെ തല കറങ്ങി !!!!!   

REACHED KAZA – 12/08/2018 (05:30 pm)
ROUTES TRAVELLED – RECKONG PEO – NAKO – SUMDO - TABO – KAZA
DISTANCE – 205 KM APPROXIMATELY; TIME TAKEN – AROUND 10+HRS

KV.Vishnu
27/01/2019

Saturday, 19 January 2019

രാമേശ്വരം


രാമേശ്വരം -  ബംഗാൾ സമുദ്രവും ഇന്ത്യൻ മഹാ സമുദ്രവും ഒന്ന് ചേരുന്ന  സംഗമം , നൂറ്റാണ്ടുകൾ പഴക്കമുള്ള രാമേശ്വരം ക്ഷേത്രം , ഇതിഹാസത്തിന്റെ തിരു ശേഷിപ്പുകൾ , 1964 കൊടുങ്കാറ്റു പ്രേത നഗരിയാക്കി തീർത്ത ധനുഷ്‌കോടി ദ്വീപ് , തിരിച്ചു വരവിന്റെ പ്രതീകമായ പാമ്പൻ പാലം അതിനേക്കാൾ ഉപരി ഇന്ത്യക്കാർക്കെലാം ഒരു പോലെ സ്വീകാര്യനായ അതുല്യമായ വ്യക്തി പ്രഭാവം കൊണ്ട് എല്ലാ മനസുകളും ദേശങ്ങളും രാജ്യങ്ങളും കീഴടക്കിയ ബഹുമാന്യനായ മുൻ രാഷ്‌ട്രപതി ആവുൾ പക്കിർ ജൈനലബ്ദീൻ അബ്ദുൽ കലാം എന്ന രാജ്യ സ്നേഹിക്കു ജന്മം  നൽകിയ പുണ്യ ഭൂമി . അങ്ങോട്ടേക്കുള്ള യാത്ര വലിയ സംഭവ ബഹുലമൊന്നും ആയിരുന്നില്ല എന്നാലും കാഴ്ചകളുടെ കൂട്ട് കൂടി ഒരു ഏകാന്ത യാത്ര എന്ന് ചിന്തിക്കുമ്പോൾ രാമേശ്വരം യാത്ര മനോഹരമായിരുന്നു .

രണ്ടു ദിവസത്തെ ശ്രീരംഗം സന്ദർശനത്തിന് ശേഷം മെയ് 15 2014 രാത്രി അവിടുന്ന് ടിക്കറ്റ് എടുത്തു നേരെ വിട്ടു രാമേശ്വരത്തേക്കു രാത്രി ട്രെയിനിൽ ആയിരുന്നു യാത്ര പുലർച്ചെയോടെ രാമേശ്വരം എത്തുകയും ചെയ്തു രാമനാഥപുരത്തു നിന്നും രാമേശ്വരം ദ്വീപിലേക്ക്‌ പോകുന്ന സമുദ്രത്തിലെ പാലത്തിലൂടെ ഉള്ള യാത്ര അനുഭവിക്കുവാനായി ഉണർന്നിരുന്നെങ്കിലും ഇരുട്ട് കാരണം ആ കാഴ്ച എനിക്ക് നഷ്ട്ടപെട്ടു. ട്രെയിൻ ഇറങ്ങി കുറച്ചു ദൂരം താമസ സൗകര്യം അന്വേഷിച്ചു നടന്നു അവസാനം രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം തന്നെ മുറി ലഭിച്ചു ആദ്യം ക്ഷേത്ര ദർശനം കഴിഞ്ഞു മറ്റു കാഴ്ചകളിലേക്ക് പോകാം എന്ന് തീരുമാനിച്ചു കുളിച്ചു വസ്ത്രം മാറി ക്ഷേത്രത്തിലേക്ക് ഇറങ്ങി അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത് മണി ദർശനം എന്നറിയപ്പെടുന്ന ശ്രീ ശങ്കരാചാര്യർ പൂജിച്ചു പ്രതിഷ്ഠിച്ച  മരതക ലിംഗ ദർശനം കഴിഞ്ഞു . അതിനുള്ള ഭാഗ്യം ഇല്ലെന്നു കരുതി തീർത്ഥ സ്നാനം ചെയ്യാൻ തീരുമാനിച്ചു ഇരുപത്തി രണ്ടു തീർത്ഥ സ്നാനം ആണ് ചെയ്യേണ്ടത് അഗ്നി തീർത്ഥം എന്നറിയപ്പെടുന്ന സമുദ്ര സ്നാനത്തിൽ തുടങ്ങണം ശേഷിക്കുന്ന തീർത്ഥങ്ങൾ ക്ഷേത്രത്തിനു അകത്താണ്.

അഗ്നി തീർത്ഥം
മഹാലക്ഷ്മി തീർത്ഥം
സാവിത്രി തീർത്ഥം
ഗായത്രി തീർത്ഥം
സരസ്വതി തീർത്ഥം
സേതു മാധവ തീർത്ഥം
ഗന്ധമാദന തീർത്ഥം
കവത്ച്ച തീർത്ഥം
ഗവായ തീർത്ഥം
നള തീർത്ഥം
നിളാ തീർത്ഥം
ശംഖ തീർത്ഥം
ചക്ര തീർത്ഥം
ബ്രഹ്മ ഹത്യ വിമോചന തീർത്ഥം
സൂര്യ തീർത്ഥം
ചന്ദ്ര തീർത്ഥം
ഗംഗ തീർത്ഥം
യമുന തീർത്ഥം
ഗയാ തീർത്ഥം
ശിവ തീർത്ഥം
സത്യമൃത തീർത്ഥം
സർവ്വ തീർത്ഥം
കോടി തീർത്ഥം

ഇത്രയും തീർത്ഥങ്ങൾ ആണ് കിണറുകളിൽ ആയി ക്ഷേത്രത്തിനകത്ത് സ്ഥിതി ചെയ്യുന്ന പുണ്യ തീർത്ഥങ്ങൾ , ഓരോ തീർത്ഥത്തിനും ഓരോ കഥകൾ ആണ് എല്ലാം രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട കഥകൾ തന്നെ ആണ് .എന്തായാലും തീർത്ഥ സ്നാനം തീർത്തു അദ്വൈത വേദാന്ത ആചാര്യനും ജഗദ് ഗുരുവും ആയ ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്നുമായ രാമനാഥ സ്വാമി ദർശനവും  കഴിച്ചു സ്ഥലങ്ങൾ കാണുവാൻ ആയി പുറപ്പെട്ടു. അഗ്നി തീർത്ഥത്തിനു മുന്നിൽ ചെന്ന് സമുദ്ര ദർശനത്തോടെ കാഴ്ചകളുടെ ലോകത്തിലേക്ക് നടത്തം ആരംഭിച്ചു ക്ഷേത്രത്തിനകം കൊത്തു പണികളാലും ശില്പ ചാതുര്യവും കൊണ്ട് വളരെ സുന്ദരമായൊരു ലോകം തന്നെ ആയിരുന്നു

തമിഴ് ക്ഷേത്ര ശില്പ കലകളിൽ മുഖ്യ സ്ഥാനം നൽകാവുന്ന തരത്തിലുള്ള നിർമാണം ആണ് ക്ഷേത്രവും അതിനകവും. ചുറ്റമ്പലത്തിനകത്തെ നീണ്ട ഇടനാഴി വളരെ അധികം പ്രസിദ്ധി നേടിയ ഒന്നാണ്‌ തിരക്കില്ലാതിരുന്നത് ഭാഗ്യമായി, നിശബ്ദമായി പഞ്ചാക്ഷരി ധ്യാനിച്ച് തനിയെ നടന്നു രാമനാഥ സ്വാമിയേ കൂടാതെ സന്യാസിരൂപനായ ദക്ഷിണാമൂർത്തി ആനന്ദ ഗണപതി സുബ്രമണ്യൻ പാർവതി സീത ലക്ഷ്മണ സമേതനായ ശ്രീ രാമൻ നന്ദി മണ്ഡപം മനോഹരമായ കൊടിമരം അങ്ങനെ കാഴ്ചകളുടെയും ആത്മീയ സന്തോഷങ്ങളുടെയും ഒരു കൂടാരം തന്നെയാണ് ഈ ക്ഷേത്രം.

അകത്തെ കാഴ്ചകൾക്ക് ശേഷം പുറത്തെത്തി അടുത്ത് എങ്ങോട്ടു അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ മുന്നിൽ ആദ്യം കണ്ടത് ഒരോട്ടോ പിന്നെ തീരുമാനം ആകാൻ താമസിച്ചില്ല ആ കൊച്ചു പട്ടണത്തിലൂടെ ഒരോട്ടോ പ്രദിക്ഷണം ആയിക്കളയാം എന്ന് തീരുമാനിച്ചു അണ്ണനോട് കാര്യം പറഞ്ഞു 250 ബഗ്‌സ് ആവും രാമേശ്വരം ടൌൺ മുഴുവൻ ഒരു കറക്കം കറങ്ങി കാണേണ്ട സ്ഥലങ്ങൾ എല്ലാം കണ്ടു തിരിച്ചു ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഇറക്കി തരും ഉത്തരേന്ത്യൻ ഓട്ടോ ഡ്രൈവർമാർ കണ്ടു പഠിക്കണം ഇതെല്ലം , അദ്ദേഹത്തിത്തിന്റെ കൂടെ യാത്ര തിരിച്ചു ഒരുപാട് സ്ഥലങ്ങളിൽ പോയി പഞ്ച മുഖ ഹനുമാൻ സ്വാമി ക്ഷേത്രം, ലക്ഷ്മണ തീർത്ഥം, പിന്നെ പേര് ഓർമയിൽ ഇല്ല ഒരു പഴയ ജീര്ണാവസ്ഥയിൽ ഉള്ള ഒരു ക്ഷേത്രം ഇവിടെയെല്ലാം തന്നെ  തിരക്ക് ഒട്ടും ഇല്ലാത്തതിനാൽ ചുറ്റി നടന്നു കാണുവാനും കാഴ്ചകൾ ആസ്വദിക്കാനും ഉള്ള അനുകൂലമായ കാലാവസ്ഥ ആയിരുന്നു. ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് ഗന്ധമാദനം എന്ന ഒരു ചെറിയ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച ആയിരുന്നു ചെറിയൊരു രാമക്ഷേത്രം ആണ് ഇതിന്റെ മുകളിൽ രാമ പാദം ആണ് പ്രതിഷ്ട . അവിടെ നിന്നാൽ രാമേശ്വരം ഒട്ടു മുക്കാലും വൃത്തി ആയി കാണാം പഞ്ചാര മണൽ വിരിച്ച ഭൂമിയും  മുൾ ചെടികളുടെ പച്ചപ്പും  കൊച്ചു വീടുകളും നിറഞ്ഞ ചുറ്റു  പ്രദേശം പിന്നെ ദൂരെ ആയി സമുദ്രവും. മനോഹരമായിരുന്നു അവിടുത്തെ അപ്പോഴത്തെ ഒരു അവസ്ഥ തീർത്തും വിജനം ആയ ക്ഷേത്രം പോലെ തോന്നി, കാരണം ആരും തന്നെ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല .

അങ്ങനെ ഏകദേശം ഒരു മണിക്കൂറിനു മുകളിൽ ആ യാത്ര തിരിച്ചു എന്നെ സുരക്ഷിതനായി ഹോട്ടലിൽ എത്തിച്ചു പേര് അറിയാത്ത "അണ്ണൻ" അവസാനിപ്പിച്ചു , അപ്പൊ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു ധനുഷ് കൊടിയിലേക്കു പോകുവാനുള്ള അന്വേഷണം ആരംഭിച്ചു ധനുഷ് കൊടിയിലേക്കു ബസുകൾ അര മണിക്കൂർ ഇടവേളകളിൽ ധാരാളം ഉണ്ട് ഉച്ചയോടു അടുത്ത് സമയം ആയതിനാൽ ഭക്ഷണം കഴിച്ചു ബസിനായി കാത്തിരിപ്പു ആരംഭിച്ചു ഇവിടുന്നു ഏകദേശം  25 കിലോമീറ്റർ ദൂരം ഉണ്ട് അര മുക്കാൽ മണിക്കൂർ കൊണ്ട് ധനുഷ് കോടി എത്തി ബസ് യാത്രയും മനോഹരം തന്നെ ആയിരുന്നു കടൽ തീരത്ത് കൂടെ കടൽ കാറ്റും കൊണ്ട് ഒരു യാത്ര ധനുഷ് കോടി ബസ് സ്റ്റാൻഡിൽ  ആണ് യാത്രയുടെ അവസാനം. ധനുഷ് കൊടിയേ എങ്ങനെ വിവരിക്കും എന്നറിയില്ല മനോഹരം എന്ന വാക്കു ആ സ്ഥലത്തിന് മാത്രമേ ചേരു , അവിടുത്തെ ജീവിതങ്ങൾ ഇന്നും ആ കൊടുങ്കാറ്റിന്റെ പിടിയിൽ നിന്നും മോചിതരായിട്ടില്ല. ഗവണ്മെന്റ് അവരോടു മാറി താമസിക്കാൻ ആവശ്യപെടുന്നുണ്ടെങ്കിലും ജനിച്ച മണ്ണ് വിട്ടു പോകാൻ ആ മുക്കുവ സമൂഹം ഇന്നും ഒരുക്കമല്ല.

ധനുഷ് കൊടിയിലേക്കു വരുന്ന സന്ദർശകർ തന്നെയാണ് അവരുടെ പ്രധാന വരുമാന ആശ്രയം രാമേശ്വരത്തേക്കാളും സാധങ്ങൾക്കെല്ലാം വില കൂടുതൽ ആണെങ്കിലും സന്ദർശകർ അവരുടെ ജീവിതം കാണുന്നത് കൊണ്ടോ എന്തോ വില പേശാൻ നിൽക്കാറില്ല.ഓല മേഞ്ഞ കുടിലുകളോട് ചേർന്ന കൊച്ചു കൊച്ചു കടകൾ ആണ് അവരുടെ കച്ചവട സ്ഥാപനങ്ങൾ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും അവർക്കില്ല . അവർ ത്യജിച്ചു എന്ന് പറയുന്നതാവും ശെരി കാരണം പുനരധിവാസത്തിന് സർക്കാർ തയ്യാർ ആവുമ്പോഴും ആ മണ്ണിനെ ത്യജിക്കാൻ അവർ തയാർ ആകാത്തതിന്റെ ഫലം. ധനുഷ് കോടി ബസ് സ്റ്റാൻഡിൽ നിന്നും ചെറിയ ചെറിയ വാനുകളിൽ  ആണ് ഇനിയുള്ള യാത്ര കാരണം അങ്ങോട്ട് ബസുകൾ പോകുന്നില്ല (ഇത് 2014 ലെ കാര്യമാണ് ഇന്ന് അവിടേക്കും ബസുകൾ പോകുന്നുണ്ടെന്നു കേൾക്കുന്നു സത്യാവസ്ഥ അറിയില്ല ) ഇരുപതു രൂപ കൊടുത്തു ആ വാനിൽ കയറി വീണ്ടും യാത്ര ആരംഭിച്ചു അവിടെ നിന്നും അടുത്ത യാത്ര കൊടുങ്കാറ്റും കടലും കൂടെ ഇല്ലാതാക്കിയ ഒരു "നഗരത്തിന്റെ" ശേഷിപ്പുകൾ കാണുവാൻ ആയിരുന്നു പ്രേത നഗരി എന്നാണ് ഇന്ന് ഈ നഗരത്തിന്റെ പേര് റെയിൽവേ സ്റ്റേഷൻ പോസ്റ്റ് ഓഫീസും, പള്ളികൂടങ്ങളും പള്ളിയും എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കൊച്ചു പട്ടണം ഇത്രയും സൗകര്യങ്ങൾ ആ കാലത്തെ അവിടെ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെയാണ് , എന്നാൽ ഇന്ന് അതിന്റെയെല്ലാം ഇഷ്ടികളും കൊച്ചു ചുമരുകളും അടക്കം "പ്രേതങ്ങൾ " മാത്രമേ ബാക്കിയുള്ളു ,കുറെ ജീവനും പിന്നെ ബാക്കി ശേഷിച്ചവരുടെ ജീവിതവും എല്ലാം കടലെടുത്തു കഴിഞ്ഞിരിക്കുന്നു.

എല്ലാം കാഴ്ചകളും കണ്ടു മടങ്ങി തിരിച്ചു വൈകുന്നേരത്തോടെ ധനുഷ്കോടിയിൽ തിരിച്ചെത്തി , കടലും നോക്കി പാറ പുറത്തു കുറെ നേരം ഇരുന്നു. സന്ധ്യയോടെ സൂര്യ അസ്തമയത്തിന്റെ ഭംഗിയും ആസ്വദിച്ച്, ആറരക്കുള്ള അവസാനത്തെ ബസിൽ  കയറി തിരിച്ചു പുറപ്പെട്ടു. അന്ന് തന്നെ നേരെ സ്റേഷനിലേക്കും അവിടുന്ന് ഇറോഡിലേക്കും പിന്നെ കോയമ്പത്തൂർ വഴി പാലക്കാടിലേക്കു ട്രെയിൻ പിടിച്ചു "ഒരു യാത്രയുടെ കൂടെ അവസാനം ആയിരിക്കുന്നു" അടുത്ത ലക്‌ഷ്യം മനസ്സിൽ മുട്ടി വിളിക്കുന്ന വരേക്കും വിശ്രമം.

KV.Vishnu
18/01/2019
                                                                                                                          

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...