Wednesday 9 January 2019

എന്റെ യാത്രകൾ

"My soul is from elsewhere, I'm sure of that, and I intend to end up there."- Rumi

എന്റെ യാത്ര , ഒരുപാട് ഒരുപാട് യാത്രകൾ ഒന്നും ഇതുവരെ നടത്തിയിട്ടില്ല .പക്ഷെ ആഗ്രഹം ഉണ്ട് ആ വിശുദ്ധ കലാകാരൻ സൃഷ്ടിച്ച ഈ ലോകം കഴിയുന്നത്ര കാണണം.എന്ന് ഈ ഭ്രമം എന്റെ ഉള്ളിൽ കടന്നു എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല.യാത്ര പോകാൻ തീരെ ഇഷ്ട്ടമലായിരുന്ന ഭൂത കാലത്തു നിന്നും ഇന്ന് യാത്രയെ മാത്രം സ്വപ്നം കാണുന്ന ഈ വർത്തമാനത്തിലേക്കുള്ള പ്രയാണം തുടങ്ങുന്നത് 2012 ൽ ആവണം, എന്റെ ജീവിതത്തിലെ ആദ്യ യാത്ര എന്നു ഞാൻ വിശേഷിപ്പിക്കുന്ന ആ ഗുരുവായൂർ യാത്ര നടന്നത് എന്നും വീട്ടിൽ ഉള്ളവരോട് മാത്രം പുറത്തു എവിടേക്കും പോയി ശീലിച്ച ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോകാൻ ഒരു ആഗ്രഹം തോന്നി അതായിരുന്നു ആ യാത്രയിൽ എന്നെ കൊണ്ട് ചെന്നെത്തിച്ചത്. അന്ന് അതൊരു യാത്രയുടെയോ അലച്ചിലിന്റേയോ  ഒക്കെ ഒരു ആദ്യ കാൽ വായ്പ്പായിരുന്നു എന്ന് അന്ന് അറിഞ്ഞിരുന്നില്ല, പക്ഷെ ആദ്യമായി ഒറ്റയ്ക്ക് പോയി ഒരു ദിവസം അവിടെ ഒറ്റയ്ക്ക് ചിലവഴിച്ചപ്പോൾ തോന്നിയ അനൂഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുഖം ആണെന്ന് മാത്രം അറിയാം.

അതിനു ശേഷവും വീണ്ടും യാത്ര പോകണമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല പക്ഷെ ഒറ്റക്കു പോയി വന്ന ആ യാത്ര ഉള്ളിൽ എവിടെയോ ഒരു പൊരി ശേഷിപ്പിച്ചിരുന്നു രണ്ടു വര്ഷങ്ങള്ക്കു ശേഷം ഒരു ഒഴിവു കാലത്തു എത്തിയ എനിക്ക് ആര് തോന്നിപ്പിച്ചതോ എന്നറിയില്ല രാമേശ്വരം കാണണം എന്ന ആഗ്രഹം തോന്നി ഇത്തവണ കുറച്ചു കൂടെ തീവ്രത കൂടിയ ഒരു ആഗ്രഹമായി അത്. പിന്നെ താമസിച്ചില്ല അത്യാവശ്യ സാധനങ്ങളുമെടുത്തു പുറപ്പെട്ടു അതെ യാത്രയിൽ വീണ്ടും അവിചാരിതമായി ശ്രീരംഗം കാണുവാനും ഒരു ദിവസം താമസിക്കാനും സാധിച്ചു ആ രാമേശ്വരം യാത്ര നേരത്തെ ഉള്ളിൽ വീണ ആ പൊരിയെ ആളി കത്തിക്കാൻ ഇടയാക്കി രാമേശ്വരം ക്ഷേത്രം തൊട്ടു ധനുഷ്‌കോടി വരെ അലഞ്ഞു നടന്നു  പ്രേത നഗരി എന്നറിയപ്പെടുന്ന പഴയ ധനുഷ്‌കോടിയും മൂന്നു സമുദ്രങ്ങളും അവ ചേരുന്ന ത്രിവേണി സംഗമവും അവസാനമായി കണ്ട അസ്തമയ സൂര്യനും എല്ലാം ഉള്ളിൽ എവിടെയോ അവാച്യമായൊരു അനുഭൂതി നൽകുന്ന ഓർമ്മകൾ ആയി മാറി.

അതിനു ശേഷം പിന്നീട് മനസിൽ യാത്ര എന്ന ചിന്ത മാത്രമായി ട്രാവലോഗുകളെ പ്രണയിച്ചു തുടങ്ങി യാത്രികരെ കുറിച്ച് വായിക്കാൻ തുടങ്ങി അവർ സന്ദർശിച്ച ഓരോ സ്ഥലവും അവർക്കു നൽകിയ ആ സുഖം ഞാൻ എന്നിൽ ഉൾകൊള്ളാൻ തുടങ്ങി. യാത്രകളിൽ കാണുന്ന ഓരോ ചെറിയ വസ്തുവിലും എനിക്ക് അദ്ഭുതമായിരുന്നു ഓരോ യാത്രയും എനിക്ക് ഓരോ അത്ഭുതങ്ങൾ ആയി മാറി . യാത്ര എന്റെ സ്വപ്നവും ജീവിതത്തിന്റെ ഭാഗവുമായി, എന്നാൽ വര്ഷത്തിലോ അല്ലെങ്കിൽ രണ്ടു വര്ഷത്തിലോ ഒരിക്കൽ മാത്രം യാത്ര ചെയ്യാൻ കഴിയുന്ന പ്രവാസ ജീവിതത്തിന്റെ ഉടമ ആയതു കൊണ്ടാവണം അതിനു ശേഷം വീണ്ടും രണ്ടു യാത്രകൾ കൂടി നടത്തുവാൻ മാത്രമേ സാധിച്ചുള്ളൂ ഒന്ന് എന്നോ ഏതോ വായനയിൽ മനസ്സിൽ വീണ ഗന്ധി കോട്ട എന്ന് പേര് ഒരു യാത്ര ആയി മാറിയതും അത് കഴിഞ്ഞു കഴിഞ്ഞ വര്ഷം  പോയ  എം കെ രാമചന്ദ്രൻ സാറിന്റെ ഹിമാലയൻ യാത്ര വിവരങ്ങളിലൂടെ പരിചയപ്പെട്ട സ്പിതി താഴ്വരയും.

അതിനു ശേഷം വീണ്ടും പ്രവാസത്തിന്റെ നാല് ചുവരുകളിലേക്കു ഇറങ്ങി എന്നാൽ ഇത്തവണ പ്രവാസം ശ്വാസം മുട്ടിക്കുവാൻ തുടങ്ങി അടങ്ങി ഇരിക്കുവാൻ മനസ്സും ശരീരവും സമ്മതിക്കുന്നില്ല . ദിവസങ്ങൾ എണ്ണി എന്നിട്ടും അടുത്ത യാത്ര ആവുന്നില്ല. പക്ഷെ ആ ശ്വാസം മുട്ടൽ മനസിലേക്ക് കൊണ്ട് തന്നത് വിശാലമായ പ്രപഞ്ചത്തിന്റെ ചിത്രമാണ് ലോക ഹൃദയമായ എന്റെ ഭാരതം മാത്രമല്ല യാത്ര ചെയ്യുവാനായി ദൈവം സൃഷ്ടിച്ചിരിക്കുന്നത് . അത് ചിന്ത കൊണ്ട് ചെന്നെത്തിച്ചത് അന്വേഷണത്തിലാണ് വായിക്കുവാൻ സാധിച്ചു ഈ അറബ് നാട്ടിൽ ദൈവം കയ്യൊപ്പു ചാർത്തിയ മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നും മരുഭൂമിയിലും ഒരു സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് എന്നും മനസിലാക്കാൻ നീണ്ട ഒൻപതു വര്ഷം എടുത്തു. "better Late Than Never" എന്നാണാലോ. അങ്ങനെ ഈ രാജ്യത്തെയും ഞാൻ പ്രണയിച്ചു തുടങ്ങി വെറുപ്പ് തോന്നിയ പ്രവാസത്തെ സ്നേഹിച്ചു തുടങ്ങി കാരണം ആ പ്രവാസം ആണ് ഈ രാജ്യത്തെ എനിക്ക് സമ്മാനിച്ചത്  അടുത്ത അവധികാലം വരെയും എനിക്ക് യാത്ര ചെയ്യാൻ ഈ രാജ്യമുണ്ട് . ഇന്ന് ഇവടെ എന്റെ  രണ്ടു യാത്രകൾ കഴിഞ്ഞു ഒന്ന് മരുഭൂമിയുടെ നടുവിൽ മനുഷ്യ നിർമ്മിതമായിട്ടുള്ള അൽഖുദ്ര എന്ന  ഒരു ഒയാസിസ് ധാരാളം ദേശാടന പക്ഷികളെ കൊണ്ടും, തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരിടം എന്ന നിലക്കും വളരെ മനോഹരമായിരുന്നു അൽ കുദ്ര എന്ന ആ തടാകം , അത് കഴിഞ്ഞു അറേബ്യൻ ഗ്രാമ ഭംഗിയുടെയും ഹജർ മല നിരകളുടെയും നാടായ ഹട്ട.

"തീർന്നില്ല തുടങ്ങിയിട്ടേ ഉള്ളു" ഓരോ യാത്ര കഴിയുമ്പോളും ഉള്ളിൽ തോന്നും ആ തോന്നൽ  തന്നെയാണ് അടുത്ത യാത്രക്കുള്ള എന്റെ ഊർജം . മലകളും പുഴകളും മഹാ സമുദ്രവും മഞ്ഞു മൂടിയ ഗിരി ശൃ൦ഗങ്ങളും ജീവൻ അവശേഷിക്കാത്ത മരുഭൂമികളും വിവിധ തരം മനുഷ്യ ജന്തുജാലങ്ങളും നിറഞ്ഞ ഈ മനോഹരിയായ ഭൂമിയെ സ്നേഹിക്കാൻ ഈ വളരെ കുറച്ചു യാത്രകൾ എന്നെ പഠിപ്പിച്ചു.  ഒരു യാത്രികന് മാത്രമേ ജാതി മതം ദേശം കാലം എന്നീ വേലികൾ ഇല്ലാതെ ഈ ലോകത്തെ പ്രണയിക്കാൻ കഴിയു എന്ന് തോന്നുന്നു കാരണം പ്രണയിച്ചു കൊണ്ട് തുടങ്ങുന്ന യാത്രകളിൽ യാത്രയിൽ വിദ്വെഷത്തിനു എന്ത് സ്ഥാനം? അതെ ഈ ലോകത്തെയും വൈവിധ്യങ്ങളെയും പ്രേമിക്കുന്ന പ്രണയിക്കുന്ന ഒരു യാത്രികൻ ആവണം. കഴിയുന്നത്ര സഞ്ചരിക്കണം ഈ ലോകം എന്നെ കാണാൻ അല്ല എനിക്ക് ഈ ലോകത്തെ കാണാൻ.

KV.Vishnu
09/01/2019

                                                                                       

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...