Monday 14 October 2019

പ്രണ(അ)യനം

*****************************************
പാടവരമ്പിൽ ഇരുന്നു കുളത്തിലേക്ക് നോക്കി കണ്ണ് നിറഞ്ഞിരിക്കുന്ന നേരം പുറകിന്നു ഒരു വിളികേട്ടു വിശ്വ!! തിരിഞ്ഞു നോക്കി ആളെ അറിയേണ്ട ആവശ്യമില്ല അതവൻ തന്നെ ആണ് മനസ്സൊന്നു പതറുമ്പോൾ വിളിക്കാതെ വരുന്ന അതിഥി സച്ചി!

"എന്താടോ ഒരാലോചന കുളത്തിലോട്ടു നോക്കി തിരയെണ്ണി കളിക്കുവാണോ ?"
തുടച്ചെങ്കിലും ചുവന്നകണ്ണുകൾ കണ്ടു മനസിലാക്കിയതാവാം സച്ചി തുടർന്നു
എട നമ്മട ഹൃദയത്തിനു ഒരു പ്രത്യേകത ഉണ്ട് എന്താന്നറിയോ ?
“അതൊരു സ്വീകരണ മുറിയാണ്”..

അതിഥികൾക്ക് വന്നു താമസിക്കാൻ, അവര് വരും ഇറങ്ങി പോകും ! അത് ജീവിതാവസാനം വരെ തുടർന്ന് കൊണ്ടിരിക്കും !

എടാ അപർണ്ണ അത് പോലെ .... മുഴുമിക്കാൻ സച്ചി സമ്മതിച്ചില്ല

അതിനു മുൻപേ പറഞ്ഞു "അവളും അത് പോലെ തന്നെ ആണ് " വന്നു താമസിച്ചു അതിൽ പ്രണയവും സൗഹൃദവും നിറച്ചു എന്നിട്ടു ഒരുനാൾ ഇറങ്ങി പോയി !
ആരെയും കുറ്റം പറയാനല്ല ഇത് പറയുന്നതു  , പക്ഷെ അവൾ വേണ്ടെന്നു വെച്ച ആ സ്ഥലം അതാർക്കും കൊടുക്കാതെ വെച്ച് കൊണ്ടിരിക്കരുത് !"
ഒന്നും മിണ്ടിയില്ല സച്ചിയുടെ വാക്കുകൾ ആശ്വാസമാണെപ്പോഴും ഇനി അവൻ വഴക്കു തന്നെ പറഞ്ഞാലും അതും ഒരാശ്വാസമാണ് !

"എടാ ഈ ലോകം മുഴുവൻ നിന്റെ പ്രണയം കാത്തിരിക്കുന്നുണ്ട് നിനക്ക് പ്രണയിക്കാനും നിന്നെ പ്രണയിക്കാനും ", നീ അത് ഒരാളിലേക്കു ഒതുക്കരുത് ഒരിക്കലും ! പിന്നെ ഒരു പ്രണയവും ഒരിക്കലും പരാജയമല്ലെടോ നമ്മൾ ആയെന്നു വിശ്വസിച്ചാലും! അങ്ങനെ അത് തോറ്റെങ്കിൽ അത് പ്രണയമല്ല അങ്ങനെ വിളിക്കാൻ കഴിയില്ല ! "

നീ അലോചിക്കു".. മറ്റെന്തോ പറയുവാൻ ഒരുങ്ങി പെട്ടെന്ന് നിർത്തി  സൂക്ഷിച്ചു നോക്കിയിട്ടു ആത്മഗതമെന്നോണം പറഞ്ഞു
പക്ഷെ ഈ കുളത്തിന്റെ വള്ളയിൽ അധിക നേരം ഇരുന്നുള്ള ആലോചന വേണ്ട  വല്ല പുള്ളവനും കല്യാണാലോചനയും കൊണ്ട് വന്നാലും വരും" സന്ദേഹത്തോടെ വരമ്പിലെ പുല്ലിന്റെ ഇളക്കം നോക്കി സച്ചി പറഞ്ഞു അവന്റെയാ പെട്ടെന്നുള്ള ആ പേടിയും സന്ദേഹവും ഉത്കണ്ഠയും നിറഞ്ഞ ആ നിഷ്കളങ്കമായ ഭാവം കണ്ടപ്പോൾ വിശ്വന്റെ ചുണ്ടിൽ അറിയാതെ ചിരി പൊട്ടി

വിശ്വന്റെ ആ ചിരി കണ്ടപ്പോ ചെറിയൊരു ജാള്യത സച്ചിക്കു തോന്നിയെങ്കിലും ആ ചിരിയുടെ കൂടെ സച്ചിയും ചേർന്നു

"ഹാവു സമാധാനമായി മിഷ്ടർ വിശ്വൻ ചിരിച്ചു കണ്ടല്ലോ " അതും പറഞ്ഞു സച്ചി പൊട്ടി ചിരിച്ചു കൂടെ വിശ്വനും !
*************************************************************************************************
ഭൂതകാലത്തിന്റെ സ്വപ്നങ്ങളിൽ നിന്നും പെട്ടെന്നെന്തോ ആലോചിച്ചുവെന്നു തോന്നിയ പോലെ അങ്ങുമിങ്ങും എന്തോ തിരഞ്ഞു കൊണ്ട് തന്റെ വർത്തമാനകാലത്തിലേക്കു വിശ്വന്റെ മനസ്സ് പറന്നെത്തി

പെട്ടെന്നുള ആ ആലോചനയിൽ നിന്നും വിശ്വൻ ഉണർന്നു ചുറ്റും നോക്കി ഒരു ജീവി പോലും ഇല്ല ! ടെന്റിനു മുന്നിലെ അണഞ്ഞു തുടങ്ങിയ കനലിൽ നിന്നു  പുക ഉയർന്നു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോഴും !

വർഷങ്ങളായിരിക്കുന്നു എല്ലാം കഴിഞ്ഞിട്ട് !
സച്ചി പറഞ്ഞത് പോലെ താൻ അവളെ പതുക്കെ പതുക്കെ മറന്നു തുടങ്ങിയിരുന്നു
ജോലിയും പുതിയ പുതിയ യാത്രകളിലും മനസ്സ് നിറഞ്ഞിരിക്കുന്നു ഇന്നു , അത് കൊണ്ട് തന്നെ ഇതൊന്നും ഓർക്കാൻ സാധിക്കാറില്ല പിന്നെ എന്താണ് , ഈ ഓർമ്മകൾ വീണ്ടും തികട്ടി വന്നതു ?

ഈ മല മുകളിൽ ഒറ്റക്കായപ്പോൾ സച്ചിയേ കുറിച്ച് ഓർത്തു വന്നതാവും ചിലപ്പോൾ !
അതെ ഈ സ്വീകരണ മുറിയിൽ നിന്നും ഇറങ്ങി പോകാൻ കൂട്ടാക്കാത്തതു അവൻ മാത്രമാണല്ലോ !

ആത്മഗതമെന്നോണം സ്വയം പറഞ്ഞു "നാളെ മലയിറങ്ങണം ഒറ്റക്കുള്ള ഒരു ട്രെക്കിങ്ങ് എന്ന് വിചാരിച്ചപ്പോ തീർത്തും ഒറ്റപ്പെടും എന്ന് കരുതിയില്ല"!

കയ്യിൽ ബാക്കിയിരുന്ന ബ്രെഡും കഴിച്ചു, ഒരു ചിരി കൊണ്ട് വിശ്വൻ വീണ്ടും ആ ഓർമകളെ മറക്കാൻ ശ്രമിച്ചു, അണഞ്ഞു തുടങ്ങിയ കനൽ ഒന്ന് കൂടെ കത്തിച്ചിട്ടു ടെന്റിന് അകത്തു ചെന്ന് കിടക്ക സഞ്ചിക്കുളിലേക്കു കിടന്നു !

നിദ്ര പെട്ടെന്ന് തന്നെ വിശ്വന്റെ ബോധത്തെയും ഓർമ്മകളെയും മയക്കി !
എന്നാൽ അപ്പോഴും ഒരാൾ ഉറങ്ങാതെ കൂടെ ഉണ്ടായിരുന്നു, ഈ ഗാഢ നിദ്രയിലും അവൻ പോലും അറിയാതെ മിടിച്ചു കൊണ്ടിരിക്കുന്ന ആ ഹൃദയത്തിനുള്ളിൽ ഇപ്പോഴും ഉണർന്നിരിക്കുന്ന അപർണ്ണ !.....

വിഷ്ണു .കെ.വി
14/10/2019

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...