Wednesday 29 July 2020

കടുവ - Panthera Tigris - Tiger

निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम् ।
तस्माद्व्याघ्रो वनं रक्षेद्वनं व्याघ्रं च पालयेत् ॥ 
അർത്ഥം :  
"കടുവ കാടില്ലാതെ മരിക്കുന്നു,അതുപോലെ
 കടുവയില്ലാതെ കാടും വെട്ടിമാറ്റപ്പെടുന്നു".  
(മഹാഭാരതം, ഉദ്യോഗ പർവ്വം)

ഇന്നു ജൂലൈ 29 ലോക കടുവ ദിനം . ലോകത്തിലെ കടുവകളിലെ എഴുപതു  ശതമാനവും നമ്മുടെ ഭാരതത്തിലാണ്,  അതു കൊണ്ടു തന്നെ നമുക്കാണു  ഈ വർഗത്തെ സംരക്ഷിക്കാനുള്ള ബാധ്യതയേറെയും. എല്ലാ വന്യ ജീവികളും സംരക്ഷിക്കപ്പെടേണ്ടവ തന്നെയെന്നതിൽ  സംശയമില്ല.  എന്നാൽ കൂട്ടത്തിൽ  കടുവകൾ അർഹിക്കുന്ന പ്രാധാന്യമേറെയാണെന്നു മാത്രം. കാരണം ഭക്ഷ്യശൃംഖലയിൽ കടുവ ഏറ്റവും മുകളിൽ നിൽക്കുന്നു (APEX PREDATOR) എന്നതിനാൽ.  കടുവയെ സംരക്ഷിക്കുക എന്നതിലൂടെ നമ്മൾ എല്ലാ വനവിഭവങ്ങളെയും ആണ് സംരക്ഷിക്കുന്നത്.  ഓരോ കടുവക്കും അറുപതു മുതൽ നൂറു ചതുരശ്ര കിലോമീറ്റെർ വന വിസ്തീർണം ആവശ്യമാണ്. ടൈഗർ ടെറിറ്റോറി എന്നിതിനെ വിശേഷിപ്പിക്കുന്നു. ഇണ ചേരുന്ന കാലങ്ങളിൽ അല്ലാതെ മറ്റൊരു കടുവ അടുത്ത രാജ്യത്തിലേക്ക് പ്രവേശിക്കുകയില്ല ! പ്രവേശിച്ചാൽ അടുത്തതു യുദ്ധം മാത്രം! 

ഇത്രയും ഭൂവിഭാഗം ഇതിനു ആവശ്യമായതിനാൽ സ്വാഭാവികമായും കടുവ സംരക്ഷണം എന്നാൽ വനസംരക്ഷണവും കൂടിയായി മാറുന്നു. താമസം ശരിയായതു കൊണ്ടു മാത്രമായില്ല,ഇവയുടെ സംരക്ഷണത്തിനാവശ്യമുള്ള രണ്ടാമത്തെ കാര്യമാണ്‌ ഇവർക്കുള്ള ഭക്ഷണ ലഭ്യതയുറപ്പാക്കുകയെന്നത്! അവർക്കായി കാട്ടിൽ ചെന്നു ഇലയിട്ട് സദ്യ നടത്താൻ മാത്രം ധൈര്യമുള്ള ആളുകൾ കുറവായതു കൊണ്ട് തന്നെ അവർക്കു വേണ്ടത് അവരുടെ സ്വാഭാവിക ഇരകൾ ആണ്, സാമ്പാർ, ചിത്തൽ, കാട്ടുപോത്തു, നിൽഗൈ  മുതലായ മൃഗങ്ങളാണതിൽ മുഖ്യം. അത് കൊണ്ട് സ്വാഭാവികമായും കടുവ സംരക്ഷണത്തിന്റെ ഭാഗമായി ഇവരെയും സംരക്ഷിക്കേണ്ടതായുണ്ട്. 

എന്ത് കൊണ്ട് കടുവകൾ മാത്രം ഇതിൽ മുഖ്യമാവുന്നു പുള്ളിപുലികൾ പോലുള്ള മറ്റു പ്രിഡേറ്റേഴ്സും തുല്യ പ്രാധാന്യം അർഹിക്കുന്നില്ലേ എന്നൊരു ചോദ്യം വരാം. ഇവിടെയാണ് ആദ്യത്തെ കാര്യം പ്രസക്തമാകുന്നത് ഭക്ഷ്യ ശൃംഖലയിൽ ഇവക്കെല്ലാം മുകളിൽ ആണ് കടുവ ! അത്യാവശ്യ ഘട്ടങ്ങളിൽ പുള്ളിപ്പുലി അഥവാ ലെപോർട്‌സ്, കുറുക്കൻ, ചെന്നായ തുടങ്ങിയ പ്രെടെറ്റേഴ്സിനെയും കടുവ ഭക്ഷിക്കാറുണ്ട് അത് കൊണ്ട് കടുവകൾ സംരക്ഷിക്കപെടുമ്പോൾ അവരും വാഴ നനയുമ്പോൾ ചീര നനയുന്ന പോലെ സ്വാഭാവികമായും സംരക്ഷിക്കപ്പെടുന്നു. ഇതെല്ലാം കൊണ്ടു തന്നെ ഇന്ത്യൻ വനങ്ങളിലെ ഒരേയൊരു രാജാവ് കടുവ മാത്രം ആണ്.

(ഇന്ത്യൻ ലെപ്പേർഡ്‌സിനെ കുറിച്ചുള്ള പഠനങ്ങൾ അനുസരിച്ച് കടുവയേക്കാൾ കൂടുതൽ അഡാപ്റ്റേഷൻ കഴിവ് ലെപ്പേർഡ്‌സിനാണെന്നാണ്, ആയതിനാൽ പുള്ളിപുലികൾ കടുവകളെക്കാൾ അപകടകാരിയാണെന്നിതു സൂചിപ്പിക്കുന്നു.)

വനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലൂടെയും പഗ്മാർക് ടെക്‌നിക്‌ ഉപയോഗിച്ചുമാണ് വിദഗ്ധർ ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കടുവകൾ വംശനാശത്തിന്റെ വക്ക് വരെ എത്തിയിരുന്നു. വ്യാപകമായ വേട്ടയാടലുകൾ തന്നെ അതിനു കാരണം. ജിംകോർബെറ്റിന്റെ പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ അതിന്റെ ഒരു ഏകദേശ രൂപം നമുക്ക് മനസ്സിലാവും. പക്ഷെ ഇന്ന് കടുവകൾ തിരിച്ചു വരവിന്റെ പാതയിലാണ്. അതിൽ നമ്മുടെ രാജ്യത്തിന്റെ പങ്കു വളരെ വലുതാണെന്നത് സന്തോഷിക്കാവുന്ന കാര്യവും. നരഭോജികളായ കടുവളെയും പുള്ളിപുലികളെയും  നിർദാക്ഷിണ്യം വേട്ടയാടുന്ന വേളയിലും ജിം കോർബെറ്റ്‌ പറയുകയും തെളിവ് സഹിതം സ്ഥാപിക്കുകയും ചെയ്യുന്ന കാര്യമൊന്നുണ്ട്, അവർ ഒരിക്കലും മനുഷ്യമാംസത്തോടുള്ള തൃഷ്ണ കൊണ്ടൊന്നുമല്ല നാട്ടിലേക്കിറങ്ങി വേട്ടക്ക് വരുന്നത് അതിനും 90 ശതമാനം കാരണം നമ്മൾ തന്നെ ഉദാഹരണമായി അദ്ദേഹം കണ്ടെത്തിയ ഏതാനും കാര്യങ്ങൾ ഇങ്ങനെയാണ്.

1. നായാട്ടിനിടയിൽ പല്ലിനോ നഖത്തിനോ ഒക്കെ നാശം സംഭവിക്കുന്ന കടുവകൾക്കു പിന്നെ വേട്ടയാടാൻ ബുദ്ധിമുട്ടാകുന്നു സമയം അവർക്കു എളുപ്പം മൃദുലമായ മനുഷ്യമാംസമോ അല്ലെങ്കിൽ നമ്മുടെ വളർത്തു മൃഗങ്ങളോ ആണ്.

2. മനുഷ്യന്റെ വനം കയ്യേറൽ , സ്വാഭാവികമായും അവയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു നാട്ടിലേക്കിറങ്ങുന്നു.

3 . കടുവയുടെ ഭക്ഷണത്തിൽ കയ്യിട്ടു വാരുക കലാപരിപാടി 100 ശതമാനം മനുഷ്യനാൽ  മാത്രം സംഭവിക്കുന്ന കാര്യം ആണ്. കടുവകളുടെ സ്വാഭാവിക ഇരകളെ മനുഷ്യൻ നിയത്രണാതീതമായി നശിപ്പിച്ചാൽ വീണ്ടും അവർക്കു ഭക്ഷണം തേടി നാട്ടിലേക്കിറങ്ങേണ്ടതായി വരുന്നു.

4 . നാലാമത്തേത് കടുവകളുടെ ഗതികേട് കൊണ്ടാണ് പ്രായമേറും തോറും വേട്ടയാടാനുള്ള ശേഷി നഷ്ട്ടപ്പെടുന്ന കടുവകൾ മറ്റു ഇരകളുമായി താരതമ്യം ചെയ്യുമ്പോൾ കായിക ശേഷി താരതമ്യേന തീരെ കുറവായ മനുഷ്യർക്ക് നേരെ തിരിയുന്നു

5 . മനുഷ്യ മാംസത്തോടു അഡിക്ഷൻ സംഭവിക്കുന്ന കാരണത്താൽ മനുഷ്യർക്കു ഭീഷണിയാവുന്ന കടുവകളും പുള്ളിപ്പുലികളും ഉണ്ട്. കടുവയേക്കാൾ പുള്ളിപുലിക്കു ഇങ്ങനൊരു അഡാപ്റ്റേഷൻ കൂടുതൽ ഉള്ളതായി കോർബെറ്റിന്റെ "Leopard of Rudraprayag" എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു.


മധ്യേഷ്യയിലെ കാസ്പിയൻ കടുവകൾ, ഫാർ ഈസ്റ്റ് മേഖലയിൽ ഉണ്ടായിരുന്ന ബാലി,ജാവൻ തുടങ്ങിയ കടുവകളുടെ വിഭാഗങ്ങൾക്കെല്ലാമിന്നു  വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബംഗാൾ ടൈഗർ, സൈബീരിയൻ, സുമാത്രൻ ഉൾപ്പെടെ ഏതാനും കടുവ വിഭാഗങ്ങളെ ഇന്നു ഭൂമിയിൽ ഉള്ളു അത് തന്നെ ക്രിട്ടിക്കൽ എൻഡേഞ്ചർ വിഭാഗത്തിൽ ആണ് ഇവയിന്നും ഉള്ളതു. അതിനാൽ വളരെയധികം സംരക്ഷണം നല്കപ്പെടേണ്ട ജീവിയാണ് കടുവ. കേരളത്തിൽ ഉൾപ്പെടെ അമ്പതിനടുത്തു കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ബന്ദിപ്പൂർ , ജിംകോർബെറ് ,കൻഹ ,സത്പുര,  രൺതംബോർ,  പെരിയാർ , മുതുമലൈ , ഭദ്ര,  പെഞ്ച്  തുടങ്ങിയവ ഉദാഹരണങ്ങൾ. 2010 ൽ ഏകദേശം 1400നടുത്തു മാത്രം ഉണ്ടായിരുന്ന കടുവകളുടെ സംഖ്യയിന്നു ഇരട്ടിച്ചു ഏകദേശം 2967 ആയതായി 2019 ലെ കണക്കുകൾ സൂചിപ്പിക്കുന്നു, നല്ല മുന്നേറ്റമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പക്ഷെ ഇനിയും മുന്നോട്ടു പോകുവാൻ ദൂരം ഒരുപാടുണ്ട്. 

പ്രകൃതിയിലെ ഓരോ ജീവിയും അവയുടെ ജീവിതവും പ്രകൃതി കൽപ്പിച്ച ഒരു താളത്തിൽ ആണ്. നമ്മുക്കു ആ പ്രകൃതി കല്പിച്ചിരിക്കുന്ന കർമ്മം ഈ സുന്ദര വൈവിധ്യമാർന്ന പ്രകൃതിയെയും മറ്റു ജന്തു ജാലങ്ങളെയും സംരക്ഷിക്കാനുള്ള കാവൽക്കാരന്റെ ഉത്തരവാദിത്വമാണ്. അത് കൊണ്ട് നമുക്ക് കള്ളന്മാരാവാതിരിക്കാം. പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം !

വിഷ്ണു കെ വി
29/07/2020     

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...