Saturday, 7 July 2018

"TRIP STARTS TO THE HIDDEN GEM"



ഗന്ധി കോട്ട -


ശരത്തും അലിയും ഞാനും ഒന്നിച്ചു പോയ ആദ്യ ദീർഘ ദൂര യാത്ര . ആ ഓർമകൾക്ക് ഈ മാസം ഒന്നാം പിറന്നാൾ ആയിരിക്കുന്നു . പെട്ടെന്നെടുത്ത ഒരു യാത്ര തീരുമാനം ആയിരുന്നു ഗന്ധി കോട്ട എന്ന സ്ഥലത്തേക്ക് . ഒരു പാട് നാളുകൾക്കു മുന്നേ എവിടയോ വായിച്ച ഒരു യാത്രാ വിവരണത്തിന്റെ ഓർമയിൽ  മറക്കാതെ കിടന്നൊരു മുത്ത് "An Hidden Gem" അതിന്റെ ഫലമാണ് ഈ യാത്ര.

ഒരു സാധാരണ സംഭാഷണത്തിനിടക്ക് ശരത് ചോദിച്ചു " തടിയാ നമുക്ക്  ഒരു ട്രിപ്പ് പോകാം" അവന്റെ കൂടെ ഏതു പാതാളത്തിലേക്കു പോകാൻ തയാറുള്ള എന്നോട് ഇങ്ങനൊരു ചോദ്യം തന്നെ അപ്രസക്തം :) എന്നതാണ് സത്യം. എന്തായാലും ഞങ്ങളുടെ മൂവർ സംഘത്തിലെ മാന്യൻ എന്ന സ്വയം പര്യവേഷം ചാർത്തി നാട്ടുകാർക്ക് യാതൊരു കുറ്റവും പറയാൻ ഇടവരുത്തരുത് എന്ന ഏക ലക്ഷ്യത്തെ തന്റെ ജന്മ ലക്ഷ്യമാക്കി മാറ്റിയ അലി അന്ന് നാട്ടിൽ ലീവിന് എത്തും എന്നത് ഈ യാത്രക്ക് പൂർണതയും ആയി.എന്തായാലും അലിയും കൂടെ യാത്രക്ക് പച്ച കൊടി കാണിച്ചു വരാം എന്ന് പറഞ്ഞു. പതിവ് പോലെ എല്ലാ യാത്രകൾക്കും സംഭവിക്കാനുള്ള ആദ്യ ദുരന്തം ഈ യാത്രക്കും നടന്നു എന്നിരുന്നാലും ഒരു ദിവസം കൂടി മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ എന്നത് മഹാ ഭാഗ്യം. രണ്ടാമതൊരു ദുരന്തം ഈ യാത്രയെയും തേടിയെത്തേണ്ടിയിരുന്ന സാഹചര്യം കൂടെ വന്നെങ്കിലും . എന്റെ അസാമാന്യ ബുദ്ധി വൈഭവം കൊണ്ടും സന്ദർഭോചിതമായ എന്റെ മാനസിക വികാരം നിയന്ത്രിക്കാൻ കഴിഞ്ഞതും ഒരു വൻദുരന്തം ഒഴിവാക്കി.

ഇല്ലെങ്കിൽ ഒരു തുണി കഴുകി ഇട്ടു എന്ന കാരണം കൊണ്ട് ഈ യാത്ര മുടങ്ങിയേനെ അല്ല മുടക്കിയേനേ . എന്തായാലും അത് മുടക്കാതിരുന്ന നല്ല മനസ്സിനു  ശരത്തെ നിനക്ക് നന്ദി . എന്തായാലും എന്റെ മനസിലൂടെ ആ സന്ദർഭത്തിൽ ഓടിയ സരസ്വതി വചനങ്ങൾ പൂർണമായി ഉൾക്കൊണ്ട് പിന്നീട് അവൻ എന്നോട് ചോദിച്ചു " സത്യത്തിൽ നീയെന്നെ അന്ന് ഒരു പാട് തെറി മനസ്സിൽ പറഞ്ഞില്ലേ ". അതെ ഉവ്വ് അന്ന് ഞാൻ അവന്റെ വീട്ടിൽ വിളിക്കാൻ പോകുമ്പോൾ ആ പുറം തിരിഞ്ഞുള്ള കിടപ്പു അത് ഒരു ആഭ്യന്തര കലഹത്തിന്റെ ബാക്കി പത്രം ആണെന്ന് അവന്റെ കണ്ണുകളും പിന്നെ ആ ഓഞ്ഞ ചിരിയും എന്നോട് പറഞ്ഞപോലെ തന്നെ  എന്റെ ആ പെട്ടെന്നുള്ള അതി വിനയവും എന്റെ മുഖത്തെ ഓഞ്ഞ ചിരിയും കണ്ടപ്പോൾ അവനും മനസിലാക്കി എനിക്ക് പറയാനുള്ളത് എന്താണെന്ന്.
അതിനെയാണ് സായിപ്പ് "FRIEND SHIP" എന്ന് പറഞ്ഞത് , ഒന്നും വിശദികരിക്കേണ്ട   ആവശ്യം ഇല്ല ഞങ്ങൾ മൂന്നു പേർക്കും ഇടയിൽ എന്ന് പലപ്പോഴും തോന്നും അപ്പോൾ ,. റൂമി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വരും  " നിന്റെ കാൽപാദം പതിയുന്ന മണ്ണിൽ നിന്റെ സുഹൃത്തിന്റെ കാലടി നീ കാണും ".

യാത്രയുടെ ആദ്യ പാതി സംഭവ ബഹുലം തന്നെ ആയിരുന്നു ഞങ്ങൾ നേരത്തും കാലത്തും ഒന്ന് പുറപ്പെട്ടില്ല എങ്കിലും അന്ന് തീവണ്ടി കൃത്യമായി വന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർക്കു പോകേണ്ട  ടിക്കറ്റ് എടുത്തില്ല. പക്ഷെ  ഞങ്ങൾ സത്യസന്ധർ ആണല്ലോ TTR നെ നേരിൽ  കണ്ടു കാര്യം പറഞ്ഞു സർ ടിക്കറ്റ് എടുക്കാൻ പറ്റിയില്ല ഞങ്ങൾ കോയമ്പത്തൂർ ഇറങ്ങുമ്പോ എടുക്കാം എന്ന് വണ്ടി ഓടി കൊണ്ടിരിക്കുന്നത് കൊണ്ടും ഇറക്കി വിടാൻ വേറെ നിർവാഹം ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ സത്യാ സന്ധതക്ക് അദ്ദേഹം "FINE" എന്ന ഓമന പേരിൽ 300 രൂപ ഒപ്പിട്ടു തന്നു (900 ആണ് പറഞ്ഞത് തേച്ചു തേച്ചു 300 ആക്കിയതാണ്")

എന്തായാലും കോയമ്പത്തൂർ നിന്നും ടിക്കറ്റ് എടുക്കാൻ സാധിച്ചില്ല പിന്നെ അടുത്ത വല്യ സ്റ്റോപ് ഈറോഡ് ആണ് അവിടെ  കുറച്ചു നേരം കൂടുതൽ വണ്ടി നിർത്തും എന്നറിഞ്ഞത് കൊണ്ടും അവിടന്നു എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു . അങ്ങനെ ഈറോഡ് എത്തി ഞങ്ങളുടെ മാർഗ ദർശിയും  കാര്യശേഷി പുംഗവനും സൂര്യന് ചുവട്ടിലെ ഏതു കാര്യത്തെ കുറിച്ചും സംസാരിക്കാനും ഉപദേശിക്കാനും യാതൊരു മടിയും ഇല്ലാത്ത ഞങ്ങളുടെ പ്രിയ സ്നേഹിതൻ ഇപ്പൊ വാരം എന്നും പറഞ്ഞു പോയി . നേരം കുറച്ചായി ഞാൻ കാത്തിരുന്നു  അപ്പോൾ അതാ വരുന്നു ഒരു കയ്യിൽ മിച്ചർ പാക്കറ്റും മറുകയ്യിൽ വെള്ളം കുപ്പിയും പിന്നെയും എന്തൊക്കെയോ തിന്നാൻ (സംഗതി എനിക്ക് വേണ്ടി ആണ് ) ആ വരവ് കണ്ടപ്പോ ഞാൻ അലിയോട് പറഞ്ഞു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാം കൊണ്ട് വരുന്നുണ്ട്.

സംഗതി ആത്മഗതം ആണെങ്കിലും ഗുളികൻ നാക്കിൽ കയറിയ പോലെ ആയി അവൻ എടുത്ത ടിക്കറ്റ് കളഞ്ഞു കുളിച്ചു. ഹായ് മനസ്സിൽ ലഡ്ഡു പൊട്ടി അവസാനം അദ്ദേഹത്തിന്റെ ഒരു തീരുമാനം പറയുകയും ഞങ്ങൾ ഐക്യകണ്ടേനേ അംഗീകരിച്ചു ( ഉള്ളിൽ പേടിയോടെ ആണെങ്കിലും ) ഇനി നമ്മൾ ടിക്കറ്റ് എടുക്കുന്നില്ല. ഈ തീരുമാനത്തിനു എടുത്ത ശേഷം  വെള്ളയും കറുപ്പും ഇട്ടു ആര് കേറിയലും എനിക്കും അലിക്കും " BP 200" നും മുകളിൽ പോകും. പക്ഷെ കഥാനായകൻ എന്നെ പിടികൾക്കണെങ്കിൽ പട്ടാളം വരണം എന്ന മുഖ ഭാവത്തോടെ യാതൊരു കൂസൽ ഇല്ലാതെ ഇരുന്നു. എന്തായാലും വാതിലിൽ നിന്നും ബാത്‌റൂമിൽ കെറിയും ഞങ്ങളും , കഥാനായകൻ "കുറച്ചു പരിഷ്കാരിയാ " അദ്ദേഹം സദ് ഗുരുവിന്റെ ഒരു പുഴ സംരക്ഷണ പ്രചാരകർ ട്രെയിനിൽ വന്നിരുന്നു  അവരുടെ കൂടെ ഒരു  അറ്റം മുതൽ മറ്റേ തലക്കൽ വരെ  ടെൻഷനും കൂടാതെ പ്രചാരവും ഓക്കേ ആയി  ബാംഗ്ലൂർ എത്തി (ഒരു വിധം )

ബാംഗ്ലൂർ നഗരത്തിലെ രാത്രി കാഴ്ചകൾ എനിക്ക് പുതിയ അനുഭവം ആയിരുന്നു രാത്രി പത്തു പന്ത്രണ്ടു  കഴിഞ്ഞിട്ടും ആ നഗരം ഉറങ്ങാറില്ല . മനോഹരം അവടെ രാത്രികൾക്കും ദിവസങ്ങൾക്കും മരണമില്ല എന്ന് തോന്നി . ഉള്ളിൽ ഒന്ന് കുറിക്കുകയും ചെയ്തു ഒരിക്കൽ കൂടെ വീണ്ടും വരണം എന്നിട്ടു ബാംഗ്ലൂർ നഗരത്തിലൂടെ രാത്രി മുഴുവൻ ചുറ്റി കറങ്ങണം.

ബാംഗ്ലൂർ നിന്നും വല്യ പ്രയാസം കൂടാതെ തന്നെ ആദ്യ "destination" ആയ പ്രോദ്ധട്ടൂർ ഏത്തി ഏതാണ്ട് 7 - 8 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് prodhattor  എത്താൻ.  അവിടെ  നിന്നും നേരെ ജമൽമടുഗു എന്ന സ്ഥലത്തേക്ക് , 20 മിനിറ്റ് എടുത്തു ജമലമടുഗു   എത്താൻ അവിടെ  എത്തി ഉടൻ  തന്നെ ഒരു മുറി എടുത്തു , മുറിയെ കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം 500 രൂപ വാങ്ങിയിട്ട് 150 രൂപയുടെ വൃത്തിയുള്ള മനോഹരമായ മുറിയാണ് കിട്ടിയത് എന്ന് മാത്രം.

ഉള്ള സൗകര്യത്തിൽ കുളിയൊക്കെ തീർത്തു ഞങ്ങൾ പുറപ്പെട്ടു യാത്ര ലക്ഷ്യമായ ഗന്ധി കോട്ട ലക്ഷ്യമാക്കി ഒരു ഓഞ്ഞ ഓട്ടോറിക്ഷയിൽ (150 പറഞ്ഞു ഇറങ്ങുമ്പോ 250 വാങ്ങിയ അവന്റെ ഓട്ടോയെ ഇതിൽ കൂടുതൽ മനോഹരമായി എങ്ങനെ ഞാൻ പറയും ) കാഴ്ചകൾ മനോഹരമായിരുന്നു ഉദ്ദേശം ഒരു കിലോമീറ്റർ കഴിഞ്ഞപ്പോ തന്നെ "വികസിത ടൗൺ " ആയ ജെമ്മൽമടുഗു മറ്റൊരു മുഖം കാണിക്കാൻ തുടങ്ങി " നമ്മളെക്കാൾ 50 കൊല്ലം ഇപ്പോഴും പുറകെ ജീവ്യ്ക്കുന്ന ആന്ധ്ര ഗ്രാമങ്ങളുടെ മുഖം"
വീണ്ടും കുറച്ചു കൂടെ പോയതോടെ പിന്നീട് മനുഷ്യവാസമില്ലാതെ ഏക്കറുകളോളം പരന്നു കിടക്കുന്ന പെണ്ണാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ . ആയി വഴിയോരാം മുഴുവൻ വല്യ വല്യ കല്ലുകൾ കൂട്ടി ഇട്ടിരിക്കുന്നു ഒറ്റവാക്കിൽ വിവരിക്കാമെങ്കിൽ ആ സ്ഥലത്തിനെ "AN ABANDONED PLACE"  എന്ന് വിളിക്കാം.

കേട്ട കഥകൾ വെച്ച് നോക്കിയാൽ ആളുകളെ തല്ലി കൊന്നു ഇവിടെ കൊണ്ടിട്ടാൽ ചീഞ്ഞു മണിനോട് അലിഞ്ഞില്ലാതായാലും ഒരു കുഞ്ഞും അറിയില്ല " ഈ കാലഘട്ടത്തിലും ", അങ്ങനെയുള്ള ആ റോഡ് ചെന്നെത്തുന്നത് ജോർജ് ഫോർട്ട് ന്റെ മുന്നിൽ ആണ് അവടെ ഓട്ടോ ഇറങ്ങി കാശും കൊടുത്തു ഒരു കുപ്പി വെള്ളം വാങ്ങി ശരത്തിന്റെ വാട്ടർ പൗച്ചിലും ഒരു കുപ്പി വെള്ളം കയ്യിലും ആയി ഞങ്ങൾ  കോട്ടക്ക് അകത്തേക്കുള്ള യാത്ര ആരംഭിച്ചു . ചെറിയ ഒരു കോട്ടയല്ലേ ഇപ്പൊ തീരും എന്ന് തുടങ്ങിയതാണ് പക്ഷെ നടക്കും തോറും കാഴ്ചകളുടെ പെരുന്നാൾ തന്നെ ഉണ്ടായിരുന്നു ഉള്ളിൽ. ഉദ്ദേശം 10 ഏക്കറിൽ കവിയാത്ത ആ സ്ഥലം മുക്കാലും ഞങ്ങൾ ട്രെക്ക് ചെയ്തു .

ചാര്മിനാറിന്റെ ചെറു രൂപം, കോട്ടയോടു ചേർന്ന ഒരു തടവറ , ഉള്ളിൽ വവ്വാലുകളുടെ കാഷ്ടത്തിന്റെ ദുർഗന്ധവും പേറി നിൽക്കുന്ന "മാധവരായർ ക്ഷേത്രം, ജുമാ മസ്ജിദ് തുടങ്ങി 13ആം നൂറ്റാണ്ടിന്റെ "Engineering Skills" അതിന്റെ ഒരു ഹൈപ്പ് തന്നെയാണ് ഈ കോട്ട മുഴുവൻ എന്നാൽ പുരാവസ്തു വകുപ്പോ കേന്ദ്ര / സംസ്ഥാന ഗവണ്മെന്റുകളോ  തന്നെ ഇതെല്ലം കാത്തു സൂക്ഷിക്കാൻ വേണ്ട യാതൊരു പരിശ്രമവും നടത്തുന്നില്ല എന്നുള്ളത് ഈ ചരിത്രം ഇനി എത്ര നാൾ കൂടെ എന്ന ചോദ്യം യാത്രികരിൽ ഉണർത്തും. ഈ കോട്ടക്കു ചുറ്റും താമസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം കൂടെയുണ്ട് ഏകദേശം 200 - 300 ല്‍  കൂടാത്ത ഗ്രാമവാസികൾ അവർ വോട്ടു ചെയ്യാൻ മാത്രം വിധിക്കപെട്ട ജന്മങ്ങൾ ആയി തോന്നി.

ഞങ്ങൾ കോട്ടയുടെ  ചുറ്റു  മതിലിനോട് ചേർന്ന്  നടത്തം ആരംഭിച്ചു കോട്ടക്ക് അപ്പുറം ചെമ്മൺ നിറമാർന്ന കൂർത്ത കല്ലുകൾ നിറഞ്ഞ കൊക്കയാണ് ദൂരെ ഏക്കറുകൾ ഓളം പറന്നു കിടക്കുന്ന തരിശു ഭൂമിയും സൂര്യന്റെ പൊള്ളുന്ന ചൂടും, ഒരുകാലത്തു നിറഞ്ഞൊഴുകിയ ഒരു പുഴയുടെ ("പെണ്ണാർ") അവളുടെ കണ്ണീരു മാത്രം ബാക്കിയാക്കി ഒരു നീർച്ചാലായി മാറിയ ദുഃഖകരമായ കാഴ്ചയും എല്ലാം കണ്ടു ഞങ്ങൾ നടന്നു പെട്ടെന്ന് എവിടെ നിന്നോ എത്തിയ ഒരു ചാറ്റൽ മഴ കുറച്ചു നേരത്തേക്ക് ആ സ്ഥലത്തെ സുന്ദരിയാക്കിയോ എന്ന് തോന്നിപ്പിച്ചു . മഴക്കെന്നും സൗന്ദര്യം ആണല്ലോ " നിത്യ സുന്ദരിയും വശ്യ മോഹിനിയും". മഴ തുടങ്ങിയപ്പോൾ ഒരു മരച്ചുവട്ടിൽ ഞങ്ങൾ കുറച്ചു നേരം ആ ഭംഗി ആസ്വദിച്ച് ആ പുഴയെയും നോക്കി ഇരുന്നു . മനസ്സ് നിറഞ്ഞു ബ്ലാങ്ക് ആവുന്ന അപൂർവം ചില സന്ദർഭങ്ങളിൽ ഒന്ന് .

5 മിനിട്ടു കൊണ്ട് തന്നെ മഴ തിരിച്ചു പോയപ്പോൾ സൂര്യൻ വീണ്ടും തന്റെ സ്വരൂപം കാണിച്ചു കൊണ്ട് പുറത്തേയ്ക്കു വന്നു. കൈയിലുള്ള വെള്ളവും ശുഷ്ക്കമായി തുടങ്ങി കാലുകൾക്കും തളർച്ച വന്നു തുടങ്ങി എങ്കിലും ഞങ്ങൾ ചൂടിനെ  വക വെക്കാതെ മുന്നോട്ടു നീങ്ങി കൊണ്ടേയിരുന്നു.        ആ ഭൂ പ്രകൃതി ആസ്വദിച്ച് ഞങ്ങൾ നടന്നു. ( അമേരിക്കയിലെ ഗ്രാൻഡ് ക്ൻയോണിനോട്  സാദൃശയമുള്ള "Hidden Grand Canyon of India" എന്നാണ് ഗന്ധി കോട്ട അറിയപ്പെടുന്നത്.) മുന്നോട്ടു നടക്കുംതോറും വെള്ളം കുറഞ്ഞു വന്നു വെള്ളമില്ലാതെ നടക്കാൻ ആവില്ല എന്ന അവസ്ഥ എത്തിയപ്പോൾ  കുറച്ചു നേരം ഫോട്ടോ എടുക്കാം എന്ന് കരുതി പാറകളുടെ ഇടയിലേക്ക് ഞാനും അലിയും മാറി, ശരത് പൊക്കത്തിൽ ഉള്ളൊരു പാറ പുറത്തു കേറി പുഴയും നോക്കി ഇരിപ്പാണ്.

ഫോട്ടോ  എടുക്കാനായി ഞാൻ അലിയെ നോക്കി നിന്നതും അലി ഒരു നിലവിളി "എടാ പുറകിലേക്ക് നോക്കെന്നും " പറഞ്ഞു എന്റെ മനസ്സിൽ ആദ്യം വന്നത് ആരോ മരിച്ചു കിടക്കുന്നു എന്നാണ് അത് കൊണ്ട് ഞാൻ പറഞ്ഞു പുറകിലെന്താണ് പറയാതെ ഞാൻ തിരിഞ്ഞു നോക്കൂലാ എന്ന് പേടിയോടെ പറഞ്ഞു അപ്പപ്പോഴേക്കും ശരത്തും വന്നു മനസ്സിനെ അലിയുടെ നിലവിളിയുടെ ഞെട്ടലിന്റെ പേടിയിൽ നിന്ന് പയ്യെ മാറ്റിയപ്പോൾ കണ്ടു  ഒരു പശു മരിച്ചു കിടക്കുന്നു പറ കൂട്ടങ്ങൾക്കു മേലെ . കുറച്ചു ദിവസമായി കാണണം മരിച്ചിട്ടു എന്നാൽ അതിനു കുറെ നാളുകൾക്കു മുന്നേ എങ്കിലും ആയിരിക്കും ആ പാവം അവിടെ  കുടുങ്ങി കിടപ്പുണ്ടാവുക. നരകം കണ്ടു കാണണം ആ മിണ്ടാപ്രാണി.

ഇതേ അവസ്ഥ തന്നെയാണ് ഈ ഭാഗത്തു കുടുങ്ങി പോകുന്ന ഏതൊരു മനുഷ്യനും സംഭവിക്കുക എന്നാലോചികൊമ്പോൾ തന്നെ  പേടി വരും. എന്തായാലും ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു വെള്ളം ഒരു തുള്ളി പോലും ഇല്ല , നിൽക്കുന്ന സ്ഥലത്തു നേരെ കുറുകെ വേലിയും പാറകൾ തീർത്ത മതിലും ചാടി കടന്നു സുമാർ 3 കി മി എങ്കിലും നടക്കണം എളുപ്പത്തിൽ ബസ് സ്റ്റോപ്പ് എത്താൻ . അതും ഒരു തുള്ളി വെള്ളമില്ലാതെ. ഇനി  വന്ന വഴിയേ പോയാൽ ദൂരം ഇരട്ടി ആകും ഞങ്ങൾ വേലിയും മതിലും കടന്നു പോകാൻ തീർച്ചയാക്കി നടന്നു . അര മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ വെള്ളം കിട്ടുന്ന കടയുടെ മുന്നിൽ എത്തി അവിടന്നു വെള്ളം കുടിച്ചു ദാഹം മാറ്റി കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തിരിച്ചു ബസ് സ്റ്റോപ്പിൽ എത്തി അവിടെ അടുത്തുള്ള ഒരു റിസോർട്ടിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു പുറപ്പെട്ടു നേരെ ഹോട്ടലിലേക്ക്.

അന്ന് രാത്രി ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ജെമ്മൽമടുഗിൽ തങ്ങി പിറ്റേന്ന് ബേലം കേവ്സ് കാണാൻ പോകാനുള്ള ചിന്തയിലാണ്ടു നടന്നു തേഞ്ഞ കാലുകൾക്കു വിശ്രമവും നൽകി കിടന്നപ്പോൾ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു .

ബേലം കേവ്സ്  - 

 ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ കാഴ്ചക്കാർക്കായി തുറന്നു കൊടുക്ക പെട്ടിട്ടുള്ള ഗുഹകൾ ആണ് ബീലം കേവ്സ് , ജെമ്മൽമടുഗുവിൽ നിന്നും കർണൂൽ ജില്ലയിലേക്ക് പോണം ബീലം കേവ്സിൽ എത്താൻ കോളിമിഗുഡ്‌ല എന്ന സ്ഥലത്തേക്ക് ബസ് കേറി അവിടന്നു ഷെയർ ഓട്ടോയിൽ  തൂങ്ങി സാഹസികമായി ഞങ്ങൾ എത്തി ബേലം കേവ്സിൽ   ഇന്ത്യയിലെ ഭൂരിഭാഗം ചരിത്ര / പ്രകൃതി ദത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ തന്നെ . എല്ലാം കെട്ടി ഉണ്ടാക്കി ഇനി അരാ എന്താ  വെച്ച ആയിക്കൊള്ളൂ എന്ന അഭൗമമായ  ഉത്തരവാദിത്വത്തിന്റെ മകുടോദാഹരണമായി മരിച്ചിട്ടില്ല എന്ന പോലെ കിടപ്പുണ്ട് .

പണി കഴിപ്പിച്ചു അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ഇത്തിരി വൃത്തിയും ഭംഗിയും ഉള്ള സ്ഥലമാണ് പരിസരവും ചുറ്റുപാടും എല്ലാം  . ഇന്ത്യക്കാർ 25 രൂപ കൊടുത്തു ടിക്കറ്റ് എടുക്കണം ഗുഹയ്ക്കു അകത്തോട്ടു കടക്കാൻ. പുറത്തുള്ള ബുദ്ധന്റെ ഭീമൻ ശിൽപം  നിശ്ചലമായി മൗനിയായി  ധ്യാനത്തിൽ  ഇരിക്കുന്നു . ബുദ്ധനെ കാണുന്നതും വായിക്കുന്നതും എല്ലാം മനസ്സിനെ ഏതോ ഒരു പറഞ്ഞറിയിക്കാൻ  പറ്റാത്ത ശാന്തിയിലേക്കു     നയിക്കുന്നു എല്ലായിപ്പോഴും. ആ ശാന്തതയും മനസ്സിൽ ആവാഹിച്ചു ഞങ്ങൾ ഗുഹക്കു അകത്തേക്ക് യാത്ര ആരംഭിച്ചു . അകത്തു ഞങ്ങൾ മൂന്നു പേര് രണ്ടായി പിരിഞ്ഞു അലിക്കും ശരത്തിനും ആ ഗുഹയുടെ രഹസ്യം മുയുമൻ കണ്ടു പിടിക്കണം എനിക്കാണെങ്കിൽ ഭയം എന്ന വികാരം ലേശം ഉള്ളത് കാരണം ഞാൻ പറഞ്ഞു " നിങ്ങൾ എവിടേലും പോയി കുടുങ്ങിയാൽ പുറത്തു വിവരം അറിയിക്കാൻ ഒരാള് വേണ്ടേ അത് കൊണ്ട് ഞാൻ വരുന്നില്ല

അവര് ആ ഇരുട്ടത്തു എങ്ങോട്ടൊക്കെയോ പോയി ഞാൻ സാധാരണക്കാരുടെ പാതയിലേക്കും പോയി ഗുഹയുടെ അകം വിസ്മയങ്ങളുടെ ഒരു ലോകം തന്നെയാണ് പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ ഓരോന്നും കാണുമ്പോൾ നിസ്സാരനായ മനുഷ്യൻ ഇതിനു മുന്നിൽ എന്തെന്ന് തോന്നും . ഗുഹക്കകത്തുള്ള നീര് ഉറവകൾ, ശിൽപ്പ ഭംഗിയാർന്ന രൂപങ്ങൾ, പ്രകൃതി ആണ് ഏറ്റവും വല്യ പെരുന്തച്ചൻ എന്ന് തോന്നും ഇത്തരത്തിൽ ഉള്ള കാഴ്ചകൾ കണ്ടാൽ . സ്വയം ഭുവായ ശിവലിംഗ രൂപം അതിന്റെ മുകളിൽ പ്രകൃതി നടത്തുന്ന ജല ധാര അങ്ങനെ എത്രയോ കാഴ്ചകൾ കണ്ടു .
ഞാൻ കണ്ടതിനും കൂടുതൽ കണ്ടത് അലിയും ശരത്തും ആയിരുന്നു . ഞാൻ ആ കഥകൾ  കേക്കേണ്ടി വന്ന ഹത ഭാഗ്യനും .

 കേവ്സിന്റെ ഉള്ളിൽ നിൽക്കുമ്പോൾ  വിയർപ്പു ശരീരത്തിൽ നിന്നും പൈപ്പ് തുറന്ന പോലെ വന്നു കൊണ്ടിരുന്നു എന്നാൽ ദാഹം ഒട്ടും  അനുഭവ പെട്ടതും ഇല്ല . അവിടത്തെ കാഴ്ചകൾ കണ്ടു പുറത്തെത്തിയതും തണുത്ത കാറ്റിന്റെ തലോടൽ വിയർപ്പിനെ എല്ലാം ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കി കുറച്ചു നേരം അടുത്തുള്ള മലയുടെ ഭംഗി  ആസ്വദിച്ച് കൊണ്ട് ഞങ്ങൾ അവിടത്തന്നെ കിടന്നു. പിന്നീട് മടക്ക യാത്രക്ക് ഒരുങ്ങി ഇനി വേറെ എവിടെയും കാണാൻ ഇല്ലാത്ത കാരണം ഇനി ബസിലൂടെ കാഴ്ചകൾ കണ്ടു തിരിച്ചു പോകാം എന്ന തീരുമാനത്തിൽ എത്തി.

ബീലം കേവ്സിന്റെ മുന്നിൽ നിന്നും തടിപത്രി എന്ന സ്ഥലത്തു എത്തണം അവിടെ നിന്നും അനന്തപുര ജില്ലയിലേക്കും അവിടെ എത്തിയാൽ ബാംഗ്ലൂർക്കു ബസ് കിട്ടും എന്നും തെലുഗ് ഭാഷ അറിയുന്ന കാരണത്താൽ പെട്ടെന്ന് തന്നെ ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ  അങ്ങനെ തടി പത്രിയും അവടെ നിന്നും അനന്തപുരയിലേക്കും പുറം കാഴ്ചകൾ ആസ്വദിച്ച് യാത്ര തുടങ്ങി വഴിയിലുടനീളം ശവ കുടീരങ്ങൾ ആണ് ഓരോ ഗ്രാമങ്ങൾ പിന്നിടുമ്പോഴും നിറയെ നിറയെ ശവ കുടീരങ്ങൾ. വല്യ കുന്നുകളും ഏക്കര് കണക്കിന് കൃഷി ഭൂമികളും ആന്ധ്രയുടെ ഗ്രാമീയ ഭംഗി കൂട്ടി.

വികസനം വളരെ കുറച്ചു മാത്രമേ ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിയിട്ടുള്ളു സിറ്റികൾ ഒഴിച്ച് നിർത്തിയാൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങൾ ആണ് കൂടുതലും. കാഴ്ചക്കാരന് കൗതുകവും ഭംഗിയും സന്തോഷവും എല്ലാം ഉണ്ടാവുമെങ്കിലും താമസിക്കുന്നവന്റെ ഉള്ളിൽ എത്തി നോക്കിയാൽ അറിയാം വിഷമം.  ഒരു തുണ്ടു സ്ഥലം പോലും തരിശിടാതെ കൃഷി ചെയുന്നു എന്നുള്ളതു കണ്ടപ്പോൾ മനസ്സിലായി ആന്ധ്ര എങ്ങനെ ഇത്രേം അരി കേറ്റുമതി ചെയുന്നു എന്നത് .കാഴ്ചകൾ അങ്ങനെ ഓരോന്ന് കണ്ടും ചിന്തിച്ചും മയങ്ങിയും അനന്തപുര ബസ് സ്റ്റാൻഡ് എത്തി. എത്തി ഉടൻ തന്നെ ബാംഗ്ലൂർക്കു ബസും  കിട്ടി 4 - 5 മണിക്കൂർ കൊണ്ട് ഞങ്ങൾ രാത്രി 8 മണിക്കെല്ലാം ബാംഗ്ലൂർ എത്തി പിന്നെ അവിടന്നു കുറച്ചു കഷ്ട്ടപെട്ടെങ്കിലും അന്ന് രാത്രി തന്നെ പാലക്കാട്ടിലെക്കു  ബസും കിട്ടി പുലർച്ചയോടെ പാലക്കാട്  എത്തി.           

 ഈ യാത്ര ഒരു പാട് കാഴ്ചകൾ സമ്മാനിചു തമാശ കലർന്ന ഒരുപാട് ഓർമ്മകൾ തന്നു കുറെ ജീവിതങ്ങൾ കണ്ടു ബസിലും ട്രെയിനിലും എല്ലാം ആയി. കുറെ പാഠങ്ങൾ പഠിച്ചു പിന്നെ ഒരു ചെറിയ കാര്യം മനസ്സിലായി നമ്മട നാട് നൽകുന്ന കംഫർട് മനസ്സിലാവണമെങ്കിൽ ഇത് പോലെ ഒരു യാത്ര പോയി തിരിച്ചു വരണം നമ്മടെ നടെത്തുമ്പോൾ മനസിൽ അറിയാതെ വരുന്ന സുഖമുണ്ട് ഒരു തരം സുരക്ഷയുടെ സുഖം .

ഇനി അടുത്ത യാത്ര തുടങ്ങും വരേയ്ക്കും ഈ ഓർമ്മകൾ മാത്രം ബാക്കി
"യാത്രികന്റെ യാത്രകൾ ജീവിതം മറക്കാനാല്ലാ മറിച്ചു ഈ ജീവിതം മനോഹരമായി  ജീവിക്കാൻ ആണ് "

KV.Vishnu
07/07/2018
                                                                           


Saturday, 23 June 2018

ചെകുത്താനും ദൈവവും

കർമ്മമായി പുറമേക്കെത്തുന്ന ചെയ്തികൾ  
കണ്ടിട്ടും ഉള്ളിൽ മൂകമായി ഉറങ്ങുന്ന സ്വത്വം

KV.Vishnu
23/06/2018


എൻെറ പുസ്തകങ്ങൾ

അന്നമായ്‌ മരുന്നായി ചിന്തയെ പോഷിപിച്ചും
ഏകാന്തതയിലെന്നോമൽ കൂട്ടായ്‌മരുവും 
എന്നോർമ്മകൾക്കുറക്ക്പാട്ടായി  
മമ സ്വപ്നങ്ങൾക്ക് തോഴരായ് നിങ്ങൾ ,

ഹർഷോന്മാദനിറവിൽ ആത്മസായൂജ്യമേകി 
നീ തീർത്തോരക്ഷരലോകത്തെ പഥികനായി 
മേവുമീ  ഞാനൊരു  രാജനായി നീ നൽകും
അനുഭവജ്ഞാനകിരീടം ചൂടി

എൻ കൊച്ചുസൗധത്തിൽ ചില്ലലമാരയിൽ  
ഉൾക്കണ്ണാൽ നോക്കുന്നോരെൻ പുസ്തകങ്ങളെ 
ധന്യനായ് ഞാൻ , ധന്യനായ് ഞാൻ , 
നിങ്ങൾ നല്കിയൊരീ കൂട്ടിനാൽ 

KV.Vishnu
23/06/2018                                                       

Saturday, 3 March 2018

മാമാങ്കം

മദ്ധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നു വന്നിരുന്ന ബൃഹത്തായ ഒരു നദി തട ഉത്സവമായിരുന്നു മാമാങ്കം.ദക്ഷിണ ഗംഗ എന്നറിയപെടുന്ന നിളയുടെ തീരത്ത്‌ ത്രിമൂർത്തി സംഗമ ഭൂമിയും 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ നവയോഗികളാൽ പ്രതിഷ്ട്ടിക്കപെട്ടെന്നു  വിശ്വസിക്കുന്ന ശ്രീ നാവാമുകുന്ദന്റെ ക്ഷേത്രവും കുടികൊള്ളുന്ന തിരുന്നാവായ മണപ്പുറം  ആയിരുന്നു മാമാങ്കത്തിന്റെ വേദി . കേരളത്തിൽ നടന്നു വന്നിരുന്ന ഈ വാണിജ്യോൽസവം എന്ന് തുടങ്ങി എന്നതിനു ചരിത്രത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല .കേരളോല്പ്പത്തി എന്ന ഗ്രന്ഥത്തിൽ മാത്രമാണ് കുറച്ചെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുള്ളത് അതിനെ അടിസ്ത്ഥാനപെടുത്തി പറയുകയാണെങ്കിൽ പരശുരാമൻ കുടിയിരുത്തിയ 64 ബ്രാഹ്മണ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ ഭരിക്കുവാനും അന്നുണ്ടായിരുന്ന നാടുവാഴികളുടെയും നായർ പടയാളികളെയും  മെരുക്കുവാൻ വേണ്ടി പുറന്നാട്ടിൽ നിന്നും കൊണ്ടുവന്നു കുടിയിരുത്തി അരിയിട്ടു വാഴിക്കപെട്ട  കുലശേഖര പെരുമ്മാക്കന്മാരുടെ കാലം തൊട്ടു ഈ ഉത്സവം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.പന്ത്രണ്ടു വർഷം ആയിരുന്നു പെരുമ്മാക്കന്മാരുടെ ഭരണ കാലം അത് കഴിഞ്ഞാൽ   അദ്ദേഹം മാറുകയും പുതിയ ഭരണാധികാരി മാമ്മാങ്കത്തിന്റെയും നാടിന്റെയും രക്ഷപുരുഷസ്ഥാനം കയേൽക്കുകയും ചെയ്യുന്നു . മാറാൻ കൂട്ടാക്കത്തവരെ വധിച്ചതായും പറയപെടുന്നു. എന്തായാലും ഓരോ മാമാങ്കം കഴിയും തോറും ശക്തരായി  മാറിയ പെരുമാക്കന്മാർ മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനം കാലാവധി കഴിയുന്ന വേളയിൽ വിട്ടൊഴിയാൻ കൂട്ടാക്കാതെ വരികയും വേണമെങ്കിൽ തന്നെ വധിച്ചു രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തു കൊള്ളുവാനും മാമാങ്കതിനു നിലപാട് നിൽക്കുന്ന വേളയിൽ വിളംബരം ചെയ്യുമായിരുന്നു എന്നതാണ്  ഐതീഹ്യം

പൗഷമാസത്തിലെ പൂയം നാൾ തൊട്ടു മാഘ മാസത്തിലെ മകം നാൾ വരെ 28 ദിവസം ആണ് മാമാങ്കമായി ആഘോഷിക്കപെടുന്നത്.അവസാനത്തെ പെരുമാൾ ആയ ചേരമാൻ പെരുമാൾ മക്കയിലേക്ക് പോകുന്നതിനു മുന്പായി തന്റെ ചേര രാജ്യം ചെറിയ ചെറിയ നാട്ടു രാജാക്കന്മാർക്ക് വീതിച്ചു നല്കുക ഉണ്ടായി.എല്ലാവര്ക്കും നല്കി പുറപെടുന്ന നേരം എത്തിയ ഏറനാട്ടുടയവർക്ക്  ലഭിച്ചത് ആകെ കൊഴികൂകിയാൽ കേൾക്കുന്ന ദൂരം മാത്രം വരുന്ന കുക്കുടകോട് മാത്രം .എന്നാൽ ഏറനാട്ടുടയവരുടെ ഭരണ ചാതുര്യത്തിലും യുദ്ധ നൈപുണ്യത്തിലും വിശ്വാസമുണ്ടായിരുന്നു പെരുമാൾ അദ്ധേഹത്തിനു തന്റെ ഉടവാൾ നല്കി കൊണ്ട് അനുഗ്രഹിച്ചു പറഞ്ഞു കുന്നുകൾക്കും അലകൾക്കും ഇടയെ ഉള്ള ഈ സാമ്രാജ്യം അടക്കി ഭരിക്കാൻ ഇടവരട്ടെ അത് കൊണ്ട് തന്നെ അദ്ധേഹത്തെ കുന്നല കോനാതിരി എന്നും വിശേഷിപ്പിച്ചു കാണുന്നു .പെരുമാളിന് ശേഷം രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തത് പെരുമ്മാക്കന്മാരുടെ അനന്തരവന്മാരയിരുന്ന കൊച്ചി രാജവംശം ആയിരുന്നു തുടർച്ചയായ യുദ്ധങ്ങളും മറ്റും കൊച്ചി രാജ്യത്തെ സാമ്പത്തികമായി തകർത്തു .തുടർന്ന് മാമാങ്കം നടത്താൻ ആവിലാതെ വരികയും, കൊച്ചി രാജവംശത്തിന്റെ പരദേവതയെ പ്രതിഷ്ട്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വെച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് തറ ഒഴിഞ്ഞു കൊടുക്കണം എന്ന കരാർ അടിസ്ഥാനത്തിൽ വെള്ളട്ടിരിക്ക് (വള്ളുവ കോനാതിരി) നല്കുകയും ചെയ്തു .

വള്ളുവനാട്  /  ഏറനാട് 

കാർഷിക സമൃദ്ധി കൊണ്ട് സാമ്പത്തികമായും എല്ലാം അക്കാലത്ത് മുൻപന്തിയിൽ ആയിരുന്നു വള്ളുവനാട് ദേശം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതിയാണ് വള്ളുവകൊനാതിരിയുടെ പരദേവത . വള്ളുവനാടിന്റെ കാര്യസ്ഥന്മാരായി കുളത്തുപുഴ വാര്യർ, തൃക്കാട്ടിൽ നായർ, അപ്പന്കുളത്തിൽ പിഷാരടി എന്നിവരും. പടനായകനായി  കക്കൊത്ത് നായരും. രാജാവിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്തു കൊണ്ട് കുന്നത്തിൽ മാടമ്പി നായർ, കവളപാറ നായർ, ചുണ്ടത്തിൽ മന്നാടിയാർ തുടങ്ങിയവരും വള്ളുവനാടിന്റെ പുരോഗതിയിൽ മുഖ്യ പങ്കു വഹിച്ചു വന്നിരുന്നു.

ചേരമാൻ പെരുമാൾ അനുഗ്രഹിച്ചു നല്കിയ ഉടവാളും അര ക്രോശത്തോളം മാത്രം വരുന്ന രാജ്യവും മാത്രമായിരുന്നു ആകെ ഏറന്നാട്ടുടയവരുടെ ആകെ സമ്പാദ്യം.എന്നാൽ അവിടെ നിന്നും മാമാങ്കത്തിന്റെ രക്ഷപുരുഷസ്ഥാനം വരെ പിടിച്ചടക്കിയത് അവരുടെ ആത്മവീര്യം അത് പോലെ തന്നെ ആക്രമണ വീര്യം കൊണ്ട് മാത്രം ആയിരുന്നു പടയോട്ടം തുടങ്ങുന്നത് ആദ്യമായി പോർളാതിരി ഭരിച്ചിരുന്ന പൊലനാട് ആക്രമിച്ചു കൊണ്ടായിരുന്നു അവിടം പിടിച്ചടക്കി തുടർന്ന് കടൽ വാണിജ്യം മെച്ചപെടുതുന്നതിനായി ഇന്നത്തെ കൊഴികൊടിന്റെ ഹൃദയ ഭാഗത്തേക്ക് മാറി താമസവും തുടങ്ങി അതിനു ശേഷം ഏറനാട്ടുടയവർ എന്ന് മാത്രം അറിയപ്പെട്ടിരുന്ന സാമൂതിരി പൂന്തുറ കോൻ എന്ന് അറിയപെട്ടു തുടങ്ങി അതിനു ശേഷം എപ്പഴോ ആണ് കോഴിക്കോട് സാമൂതിരി എന്ന പട്ടം വന്നിരിക്കുക എന്ന് കരുതപെടുന്നു. രക്ഷപുരുഷസ്ഥാനം നില നിറുത്താൻ വള്ളുവനാട് മാത്രം പിടിച്ചടക്കിയാൽ മതിയാവില്ല എന്നറിഞ്ഞ സാമൂതിരി കൊച്ചി രാജ്യത്തിന്റെ പരദേവത സ്ഥാനം ആയ വന്നേരി ചിത്രകൂടവും പിടിച്ചടക്കി എതിർക്കപെടാൻ ആളില്ലാതെ  സദ്‌ ഭരണവും  നടത്തി. ഈ വളർച്ചക്കെല്ലാം  അദ്ധെഹത്തിനു ഇടവും വലവും നിന്ന് നയിച്ചത് സഹബന്ധർ കോയയും ഭരണകാര്യത്തിൽ നയതന്ത്രത്തിലും ഇന്നോളം പകരം വെക്കാൻ ആള്ളിലാത്ത മങ്ങാട്ടച്ചനും ആയിരുന്നു മുഖ്യം. അതോടൊപ്പം തന്നെ  .തിരുമനശ്ശേരി നമ്പിയുടെയും വെട്ടത്തു രാജാവിന്റെയും പങ്കും വിസമരിച്ചു കൂടാത്തതാണ് .

എന്നാൽ തന്റെ രാജ്യവും മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനവും കൈക്കലാക്കിയ സാമൂതിരിയോട് പൊറുക്കാൻ വള്ളുവ കോനാതിരിക്കു ഒരിക്കലും കഴിഞ്ഞിട്ടില്ല സാമൂതിരിമാരും  കോലത്തിരിമാരും മാറി മാറി വന്നു എന്നാൽ പക അങ്ങനെ തന്നെ നിന്ന് അത് അവസാന മാമാങ്കം വരെയും തുടർന്നു. തിരുമാന്ധാം കുന്നു ഭഗവതിയുടെ ചാവേർ തറയിൽ വെച്ച് ഓരോ പടയാളിയും ശപഥം ചെയുന്നു അടുത്ത മാമാങ്ക കാലത്തിൽ സാമൂതിരിയെ വധിച്ചു രക്ഷാപുരുഷ സ്ഥാനം വള്ളുവനാട്ടേക്കു കൊണ്ട് വരും എന്ന്. തുടർന്ന് പന്ത്രണ്ടു കൊല്ലം കളരിയും ആയുധ പരിശീലനവും നേടിയ ചാവേറുകൾ ഉത്സവം നടക്കുന്ന ഇരുപത്തിയെട്ടു ദിവസങ്ങളിൽ ആയി  നിലപാട് നിൽക്കുന്ന സാമൂതിരിക്കു നേരെ അക്രമിക്കും. എന്നാൽ അതി ശക്തരായ നായർ പടയാളികളുടെ കാവലിൽ  നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താൻ പോലും ഒരു ചാവേറിനും യോഗമുണ്ടായില്ല. അവരുടെ വിധി മരണ കിണർ എന്ന മണി കിണറിൽ അന്ത്യ ശ്വാസം വലിക്കാനായിരുന്നു . ഇന്നും ആ ചാവേർ സ്മാരകം കോഴിക്കോട് ഉണ്ട് ഒരുപാട് വീരന്മാരുടെ ജീവന്റെ അവസാന തുടിപ്പും കഥകളുമായി.

ഇവർക്കെല്ലാം മേലെ വീരനായ ഒരു ചാവേർ അവസാനം വന്നു വെറും പതിനാറു മാത്രം തികഞ്ഞ ചന്തു എന്ന വള്ളുവനാടിന്റെ വീരൻ എന്നാൽ ഓങ്ങിയ വാൾ വിളക്കിൽ കൊണ്ട്  സാമൂതിരി വീണ്ടും രക്ഷപെട്ടു രണ്ടാം തവണ വാളുയർത്തുന്നതിനു മുൻപായി ആ വീരന്റെ ചോരയും ആ നിലപാട് തറയിൽ വീണു . അങ്ങനെ ഒരുപാട് പേരുടെ ചോരയുടെയും അധികാരത്തിന്റെയും കഥകൾ പറഞ്ഞ മാമാങ്കം മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയുടെ  മലബാർ പടയോട്ടത്തോടെ നിലച്ചു പോയി. 1755 അവസാനമായി മാമാങ്കം നടന്നതായി ചരിത്രം രേഖപെടുത്തുന്നു.

KV.Vishnu
03/03/2018
                                                           

Thursday, 15 February 2018

ശ്രീ രംഗം

"യാത്ര അവസാനിക്കുന്നത്‌ മരണത്തിൽ മാത്രമാണ്". ഒറ്റക്കുള്ള യാത്രകൾ എന്നും ഓർമകളിൽ തങ്ങി നില്ക്കുന്നവണ്ണം അഴകുളവയായിരിക്കും കാരണം ആ യാത്രയിൽ നമ്മെ നിയന്ത്രിക്കുന്നത്‌ പ്രകൃതി മാത്രം നമ്മൾ പോലും അറിയാതെ ആ വശീകരണത്തിൽ അകപെട്ടു പോകാറുണ്ട് , സ്വയം മറന്നു നിൽക്കാറുണ്ട് , അവിടെയെല്ലാം ഒരു അദൃശ്യമായൊരു ശക്തിയുടെ സാന്നിദ്ധ്യം അനുഭവപെടാറുമുണ്ട് .ആ സന്ദർഭങ്ങളിൽ എല്ലാം തനിയെ ആവുന്നത് കൂടുതൽ പ്രകൃതിയോടു അടുക്കുവാൻ സഹായിക്കും .കാടിനോട്‌ കഥകൾ പറയാം കടലിനോടു മുഖാമുഖം വെല്ലു വിളിക്കാം. ഓടാം ചാടാം വേണമെങ്കിൽ ഉച്ചത്തിൽ പാടാം തലകുത്തിയും മറിയാം ഇതെല്ലാം ഒറ്റയ്ക്കാവുമ്പോൾ കൂടുതൽ മനോഹരമായി തോന്നും.

നിളയുടെ തീരം തേടി ഇറങ്ങിയ എനിക്ക് നിള നല്കിയത് മസ്മരികമയൊരു അനുഭവം ആയിരുന്നു അത് കൊണ്ട് തന്നെ രാമ പാദം തേടിയുള്ള ഈ യാത്രയും ഒറ്റയ്ക്ക് തന്നെ ആവണം എന്ന് തീര്ച്ചയാകിയത്. അങ്ങോട്ട്‌ ടിക്കറ്റ്‌ എടുത്തപ്പോൾ ബോണസ്‌  ആയി കിട്ടിയ യാത്ര ആയിരുന്നു ശ്രീരംഗത്തിലേക്കു  .കാരണം ട്രെയിൻ ട്രിച്ചി വഴി ആയിരുന്നു എന്നാൽ  പിന്നെ കരുതി  ഒരു ദിവസം തങ്ങി ശ്രീ രംഗനാഥനെയും വണങ്ങിയാവാം മുന്നോട്ടു എന്ന്.

പാലക്കാടു നിന്നും ഉച്ചക്ക് എന്നെ അത്ഭുതത്തിൽ ആഴ്ത്തി കിറു കൃത്യം 2:45 തന്നെ ട്രെയിൻ വന്നു  ഇതിൽ പരം ഒരു ശുഭ സൂചന എല്ലാ യാത്രക്കും ഉത്തമം. ഇന്ത്യൻ റെയിൽവേക്ക് നന്ദി! വിരസതയോടെ തുടങ്ങിയ  യാത്ര ആയിരുന്നു ആദ്യം. ഒരേ ഇരുപ്പു വലാതെ മടുപ്പിച്ചു ഒപ്പമുണ്ടായിരുന്ന തമിഴ് ഫാമിലി വണ്ടി സ്റ്റേഷൻ വിട്ടതും നിദ്രയിൽ മുഴുകി, ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ എന്റെ മനസ്സ് അനുവദിച്ചില്ല അത് കൊണ്ട് ഉറക്കത്തേയും വിരസതയും ദൂരെ കളയാൻ കുറച്ചു നേരം പുറം കാഴ്ചകളിൽ മുഴുകാനായി തീരുമാനിച്ചു .

ഗ്രാമത്തെ കീറി മുറിച്ചുള്ള യാത്ര മനോഹാരമായ കാഴ്ചകളും അതി മനോഹരം തന്നെ  ചെമ്മണ് വിരിച്ചു കിടക്കുന്ന  പാടങ്ങൾ വിശാലമായ തെങ്ങിൻ  തോപ്പുകൾ ഗ്രാമീയ ഭംഗിയിൽ എന്റെ കുനിശ്ശേരിയെക്കാളും  ഒട്ടും പുറകിൽ   അല്ല എന്ന് തോന്നിപ്പിച്ചു. നമ്മുടെ പാടത്ത് കൊറ്റികൾ മേയുന്ന പോലെ അവിടെ മയിലുകൾ കൂട്ടമായും ഒറ്റക്കും മേയുന്നത് എനിക്ക് ആദ്യത്തെ കാഴ്ച ആയിരുന്നു. അതിനെക്കാൾ അസ്തമയ സൂര്യന്റെ  സ്വർണ വർണം  അണിഞ്ഞു സായം സന്ധ്യ അതി സൌന്ദര്യവതി ആയി മാറി ആ സന്ധ്യ സൂര്യന്റെ സ്വർണ തണലിൽ പീലി വിരിചാടുന്ന ഒരു മയിലിന്റെ ചിത്രം ഒരു നാളും മറക്കാൻ കഴിയാത്ത വണ്ണം ഹൃദയത്തിൽ പതിഞ്ഞ ഒരു ഓർമയായി ഈ യാത്രയുടെ ആദ്യ സമ്മാനം .

പതിയെ ഇരുട്ട് വീണു തുടങ്ങി ഈറോഡ്  സ്റ്റഷനിൽ കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ട്രെയ്ൻ വീണ്ടും ഓടി തുടങ്ങി  ഇരുട്ട് കൂടുതൽ ശക്തി പ്രാപിച്ചതോടെ പുറം കാഴ്ചകൾ അന്യമായി തുടങ്ങി തിരിച്ചു പൂർവ്വ സ്ഥാനത്തേക്ക് മടങ്ങി പിന്നിട്ടു പോയ മനോഹരമായ കാഴ്ചകളുടെ സ്മൃതിയിൽ കണ്ണുകൾ അടച്ചു ഉറങ്ങാതെ ഇരുന്നു എന്റെ ഭാവനകൾക്ക് ഭംഗം വരുത്തി കൊണ്ട് കുട്ടികളുടെ കളിയും ചിരിയും കേട്ടു അസ്വസ്ഥതയോടെ എഴുന്നേറ്റു ചിന്തകളെ സംഗീതത്തിലേക്ക് ഗതി തിരിച്ചു വിടാൻ ആയി പാട്ടിൽ മുഴുകി കുറെ നേരം ഇരുന്നു.

സ്റ്റെഷനുകൾ ഓരോന്നായി പിന്നിട്ടു ട്രിച്ചി ഫോർട്ട്‌ സ്റ്റെഷനു മുന്നിലത്തെ സ്റ്റെഷനിൽ വെച്ചു അർജുൻ എന്നൊരു സുഹൃത്തിനെ കിട്ടി, തിരൂര് സ്വദേശി! ലക്‌ഷ്യം ശ്രീ രംഗമാണെന്നും വഴി വലിയ ഉദ്ദേശം പോര എന്നും നെറ്റിൽ നിന്ന് വായിച്ചു മനസ്സിലാക്കി മാത്രമുള്ള യാത്ര ആണെന്നും പറഞ്ഞപ്പോൾ പുള്ളികാരൻ സഹായിക്കാം എന്നേറ്റു എനിക്കിറങ്ങേടടുത്തു നിന്നും തൊട്ടു മുന്നില് ഉള്ള സ്റ്റോപ്പിൽ ഇറങ്ങി അദ്ദേഹം തന്നെ ബസ്‌ സ്റ്റാന്റ് വരെ കൂടെ നടന്നു വന്നു ബസ്‌ കാണിച്ചു തന്നു തമിഴ് വായിക്കാൻ അറിയാവുന്നത് കൊണ്ട് കൂടുതൽ സഹായം ആവശ്യമായി വന്നില്ല അദ്ധേഹത്തെ യാത്രയാക്കി ഞാൻ ബസിനായി കത്തിരിപ്പ് ആരംഭിച്ചു

സമയം 9 കഴിഞ്ഞെന്നു തോന്നുന്നു ശ്രീ രംഗത്തേക്ക് വണ്ടി കിട്ടി അരമണിക്കൂർ യാത്ര വേണ്ടി വന്നു ലക്ഷ്യ സ്ഥാനത്തേക്ക് ഈ ബസ്‌ യാത്രയിൽ എന്നെ അത്ഭുതപ്പെടുത്തിയത് അവടെ പെട്രോളിലോ ഡിസലിലോ സ്വർണം ചേർക്കാറില്ല എന്നതാണ്! കാരണം അര മണിക്കൂർ മുകളിലായ യാത്രക്ക് ടിക്കറ്റ്‌ ചാർജ് 4 രൂപയെ ആയുള്ളൂ (അമ്മ വാഴ്ക). കൃത്യം രംഗനാഥന്റെ കൂറ്റൻ രാജ ഗോപുരത്തിന് മുന്നില് തന്നെ ഇറങ്ങിയത്‌ കൊണ്ട് കൂടുതൽ അലയേണ്ടി വന്നില്ല. തമസിയ്ക്കാൻ ഇടം നോക്കി ഒരുപാട് അലയേണ്ടി വന്നില്ല നിറയെ ലോഡ്ജുകൾ അടുത്ത് തന്നെ ഉള്ളത് കൊണ്ട് വല്യ പ്രയാസമില്ലാതെ തന്നെ ഒരു മുറി കിട്ടി. പിന്നീടു അഹാരത്തിനയുള്ള അന്വേഷണം എത്തിയതു ഒരു ചെറിയ ഹോട്ടലിൽ നെയിന്റെ മണം മൂക്കിനെ  വിളിച്ചത്‌ എന്റെ വയറു കേട്ടെന്നു തോന്നുന്നു അങ്ങോട്ട്‌ തന്നെ കാലുകളും ചലിച്ചു പിന്നെ ഞാൻ മാത്രം എന്തിന് മാറി നില്ക്കണം സൊ ഞാനും പോയി പറയുമ്പോൾ എല്ലാം പറയണം അല്ലോ അവടത്തെ നെയ്‌ റോസ്ട്ടിന്റെ ടേസ്റ്റ് വേറെ ഒരിടത്ത് കിട്ടിയ്യിട്ടില്ല  :)

പുലർച്ചെ എണിറ്റു കുളിയും കഴിച്ചു ദർശനത്തിനായി ഒരുങ്ങാം എന്ന് കരുതി നേരെ ക്ഷേത്രത്തിലേക്ക് വെച്ച് പിടച്ചു കൂറ്റൻ രാജാ ഗോപുരവും കടന്നു ഏകദേശം 500 മീറ്റർ കഴിഞ്ഞത് പ്രധാന കവാടം കാണാം അത് കടന്നു അകത്തേക്ക് ചെന്നാൽ ഒത്ത നടുക്കായി പ്രധാന ക്ഷേത്ര സമുച്ചയം കാണാം തങ്ക നിറത്തിൽ ഉള്ള തഴികകുടവും മെൽകൂരയും മനോഹരമായ ദർശനനുഭവം തന്നെ . ദർശനത്തിനായി ഉള്ള ക്യു ആരംഭിച്ചു അത്ര നേരം അയല്കാരോട് ഉണ്ടായിരുന്ന സകല സ്നേഹവും അതോടെ പോയി ചുരുക്കി പറഞ്ഞാൽ ഞാനും എന്റെ മുന്നിൽ നിന്നിരുന്ന 5 മറാത്തി ഭജന സംഘവും ക്യു പുരോഗമിക്കുതോറും മുന്നിൽ നിന്ന ഞങ്ങൾ ഏറ്റവും പുറകിൽ  ആയി   എന്നു പറഞ്ഞാൽ എത്ര സുഖകരമായിരുന്നു ആ നില്പ്പ് എന്നൂഹിക്കാം.

ശ്രീരംഗം രാജ ഗോപുരം   

കഷ്ട്ടപെട്ടലും മൂന്ന് മൂന്നര മണിക്കൂര് കൊണ്ട് ദർശനം കിട്ടി. ഏകദേശം 150 ഏക്കറിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിന്റെ വലിപ്പം അനന്തശായി ആയി വജ്ര വൈര വൈടൂര്യധി ഗോമേദക ത്താൽ നിര്മിതമായ പൂണൂലും അണിഞ്ഞു യോഗനിദ്രയിൽ വസിക്കുന്ന സാക്ഷാൽ ശ്രീഹരി മഹാവിഷ്ണുവിനു മുന്നിൽ തൃണ തുല്യം ആയി തോന്നിയത്  എന്റെ മനസിൻറെ ഭ്രമമോ സത്യമോ എന്നറിയില്ല! ഒരു നിമിഷംകുണ്ടു തന്നെ  രൂപം മനസ്സിൽ നൂറ്റാണ്ട് കഴിഞ്ഞാലും മായാതെ മനസ്സിൽ നിൽക്കുന്ന വണ്ണം  പതിഞ്ഞു.

ദർശനം തീർത്തു പുറത്തു കൂടെ ഉപദേവന്മാരെ തൊഴുതു നടന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള കലാ വൈദഗ്ധ്യം വെളിവാക്കുന്ന ശില്പങ്ങൾ ഗോപുരങ്ങൾ എല്ലാം ഇന്നും വിസ്മയമായി നിലകൊള്ളുന്നു.ഈ സമുച്ചയതിനുള്ളിൽ ആവുന്നിടതോള്ളം എല്ലാം കണ്ടു വിസ്മയിച്ചു നടന്നു. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ആദ്യത്തെ പേര് ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീ രംഗമാണ് ,ഇവടവും  കൂട്ടി മൊത്തം നാലു ക്ഷേത്രങ്ങൾ എന്റെ യാത്രയിൽ ഭൂതകാലത്തേക്ക് ആയി കഴിഞ്ഞു (ശ്രീ പദ്മനാഭൻ /തിരു ആറന്മുള / തിരുന്നാവായ )

രാമേശ്വരത്തേക്കുള്ള ട്രെയിൻ രാത്രി ആണ്, രംഗനാഥനെ പുറത്തു നിന്നും വീണ്ടും വണങ്ങി ദർശന ഭാഗ്യത്തിന് നന്ദിയും പറഞ്ഞു തിരികെ മുറിയിലേക്ക് പോയി വൈകുന്നേരം വരെ സുഖ നിദ്ര. രാത്രി പതിനൊന്നു മണിയോടടുപ്പിച്ചു ആണ് ട്രെയിൻ രണ്ടു മണിക്കൂർ മുന്നേ സ്റ്റേഷൻ എത്തി രാമേശ്വര സന്നിധിയിലേക്കുള്ള ട്രെയിനിനായി കാത്തിരുന്നു .

KV.Vishnu
15/02/2018

Tuesday, 22 April 2014

തിരുന്നാവായ യാത്ര - നാവാ മുകുന്ദ ക്ഷേത്രവും തവനൂരും

"ചരിത്രങ്ങൾ കഥകൾ ആയി  , നാളെയുടെ  തലമുറക്കു  താൻ  ആരെന്ന ചോദ്യത്തിനു ഉത്തരം പറയേണ്ട ചരിത്രം കഥകൾ ആയി ഒതുങ്ങിയാൽ നഷ്ട്ടമാകുന്നത് സ്വന്തം പൈതൃകം ആവും"

എന്റെ യാത്ര ആരംഭിച്ചത് ഈ ഉദ്ദേശത്തിൽ ആണ് കഥയായി മാത്രം പറഞ്ഞു കേട്ട എന്റെ നാടിന്റെ ഐതീഹ്യം ആണ് എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് .യാത്രാ ലക്‌ഷ്യം മാമാങ്കം എന്ന മണ്മറഞ്ഞ ഉത്സവത്തിന്റെ തിരുശേഷിപ്പുകൾ തേടി ആയിരുന്നു.

തിരുന്നാവായിലേക്ക് - നാവ മുകുന്ദന്റെ സമക്ഷതിലേക്ക്. അങ്ങോട്ടൊരു യാത്ര എന്നത് കുറച്ചു കാലമായി മനസ്സില് കേറിയിട്ടു കുനിശ്ശേരിയും മാമാങ്കവും തമിലുള്ള പറഞ്ഞു കേട്ട കഥയാണ് ഈ മോഹത്തിന് മൂല കാരണം.

പക്ഷെ എന്ന് എപ്പോൾ എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്തിൽ തുടങ്ങണം നാവാ മുകുന്ദനെയും തൊഴുതു തിരിച്ചു പോന്നാൽ മതിയോ ഇത് വരെ പോയിട്ടില്ല കേട്ടറിവുകൾ മാത്രം. അങ്ങനെ ഒരു തീരുമാനവും ആകാതെ പോകണോ വേണ്ടയോ എന്ന രണ്ടു ചിന്തയിൽ യാത്ര ഈ ലീവിൽ നടക്കില്ല  എന്ന തീരുമാനത്തിലേക്ക് എത്തിച്ചു. എന്നാലും എല്ലാ വരവിലും തനിച്ചൊരു ഗുരുവായൂര് യാത്രയെന്ന പതിവ് ഇക്കുറിയും മുടക്കിയില്ല, ഒരു ദിവസം  വൈകീട്ട് ഗുരുവയുര്ക്ക് യാത്ര തിരിച്ചു ലക്‌ഷ്യം ഗുരുവയുരപ്പനും ആന കോട്ടയും മാത്രം .

ഇത്തിരി ബുദ്ധിമുട്ടിച്ചു ദർശനത്തിനു  എങ്കിലും മനസ്സ് കുളിർക്കെ ഇഷ്ട്ട ദേവനെ കണ്‍ നിറയെ കണ്ടു തൊഴുതു കോട്ടയിലെ ഗണപതിമാരെയും കണ്ടു തിരിച്ചു തൃശ്ശൂർക്ക് വണ്ടി കേറുമ്പോൾ മനസ്സില് വീട്ടിലേക്കു തിരിച്ചു പോകാം എന്നു മാത്രമായിരുന്നു  ചിന്ത .തൃശ്ശൂർ എത്തിയതും ഒരു ഉൾ വിളി പോലെ തിരുന്നാവായിലേക്ക് പോയാലോയെന്നൊരു ചിന്ത തൃശ്ശൂർ റെയിൽവേ സ്റെഷനിലേക്ക് എത്തി തിരുർക്ക് ടിക്കറ്റ്‌ എടുത്തു കാത്തിരുപ്പ് തുടങ്ങി ട്രെയിൻ വരാൻ മൂന്നു മണികൂറോളം സമയം ബാക്കി . 

കുറച്ചു വൈകിയെങ്കിലും വണ്ടി തിരൂര് എത്തി. പരിപാടികൾ ഓരോന്നായി തിട്ട പെടുത്തി . ആദ്യം നാവാ മുകുന്ദനെ കണ്ടു തൊഴണം പിന്നെ മാമാങ്ക സ്മാരകങ്ങൾ ഓരോന്നായി കാണണം - പഴുക്ക മണ്ഡപം, നിലപാട് തറ, മരുന്നറ, ചങ്ങമ്പിള്ളി കളരി, മണി കിണർ ഇത്രയുമാണ് മാമാങ്ക  സ്മാരകങ്ങൾ ഇതിൽ മണി കിണറും നിലപാട് തറയും എവിടെയാണ് എന്ന് മാത്രേ അറിയൂ ബാക്കി ചോദിചോദിച്ചു പോകാന്നു തീരുമാനിച്ചു.

തിരൂര് ഇറങ്ങി ഓട്ടോ വിളിച്ചു, 12 കിലോമീറ്റർ ഉണ്ട് ക്ഷേത്രത്തിലേക്ക് എന്നാലും തെറ്റാതെ എത്തുമല്ലോ എന്നാലോചിച്ചു യാത്ര തുടങ്ങി നിള തീരത്തിലൂടെ യാത്ര ചെന്നെത്തിയത് നാവ മുകുന്ദന്റെ മുറ്റത്ത്‌ .

അവിടെ ഞാൻ അനുഭവിച്ച അനുഭൂതി  അത് എഴുതാൻ മാത്രം ഉള്ള കഴിവു ഒട്ടും ഇല്ല എനിക്ക്. വറ്റി വരണ്ടു എന്ന് കരുതിയ നിള മുന്നില് ഇരുകരയും മുട്ടി ഒഴുകുന്നു അതിനു തീരത്തായി നാവാ മുകുന്ദന്റെ ക്ഷേത്രം തല ഉയർത്തി നില്കുന്നു ക്ഷേത്രത്തിനു തണലായി രണ്ടു വലിയ ആലുകൾ പുഴയിൽ നിന്നും അടിക്കുന്ന ചെറു കാറ്റിന്റെ താളത്തിനു ഒപ്പിച്ചു സംഗീതം പൊഴിക്കുന്നു .



ആത്മീയതയും പ്രകൃതിയും തമിലുള്ള ഈ ഒരു ഇഴയടുപ്പം ഞാൻ മുൻപ് എവിടെയും കണ്ടിട്ടും ഇല്ല അനുഭവിച്ചിട്ടും ഇല്ല. അതിൽ മതി മറന്നു കുറെ നേരം അന്ധാളിച്ചങ്ങനെ നിന്നു  അപ്പോഴാണ്‌ ശ്രദ്ധിച്ചത് നട തുറന്നിട്ടില്ല . ശെരി  എന്നാൽ ഇത്രയും സുന്ദരമായൊരു സ്ഥലത്ത് വന്നതല്ലേ കുറച്ചു ഫോട്ടോസ് എടുക്കാം എന്ന് കരുതി ക്യാമറ എടുക്കാൻ തുനിഞ്ഞപ്പോൾ ആണ് ആ ബോർഡ്‌ ശ്രദ്ധയിൽ പെട്ടത് ഇവടെ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു .

ഇത്ര ദൂരം വന്നിട്ട് ഇത്രയും മനോഹരമായൊരു ദൃശ്യ സൌന്ദര്യം കുറച്ചെങ്കിലും പകർത്താതെ പോകാനോ? നേരെ ചെന്നു ക്ഷേത്ര മാനേജ്മെന്റിന്റെ അനുവാദം വാങ്ങി പുറത്തു നടന്നു നിളയുടെയും ക്ഷേത്രത്തിന്റെയും എല്ലാം കുറെ ചിത്രങ്ങൾ പകർത്തി.

മനസിന് തൃപ്തി നല്കിയ കുറച്ചു ചിത്രങ്ങൾ എടുത്ത ശേഷം ഞാൻ നിറുത്തി. ഇതിനിടയിൽ കീഴ് ശാന്തിയുമായി ചെറിയൊരു സൌഹൃദ സംഭാഷാണം സാധ്യമായി.  അദ്ധേഹത്തിൽ നിന്നും പുഴക്കക്കരെ തവന്നൂർ ഉള്ള ബ്രഹ്മ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയെല്ലാം മനസ്സിലാക്കി. 

നട തുറക്കാൻ സമയം ആകാറായി എന്നും പുഴയിൽ  തന്നെ മുങ്ങി കുളിച്ചിട്ടു വന്നു ദർശനം നടത്താനും ഉപദേശിച്ചു തിരുമേനി പോയി . കുറച്ചു നേരം കൂടി നിള സൌന്ദര്യം ആസ്വദിച്ചു പിന്നെ കുറച്ചു നേരം കണടച്ചു ധ്യാനത്തിൽ ഇരുന്നു മനസ്സും ശരീരവും എന്തെന്നിലാത്ത പുത്തൻ ഉണർവു ഓരോ കോശവും ശുദ്ധികരിക്കപെട്ട പോലെ ഒരു ഫീലിംഗ് . അതെ ഉന്മേഷത്തോടെ നിളയിൽ ഒന്ന് മുങ്ങി നിവർന്നതും ഒരു പുതിയ ജന്മം എടുത്ത പോലെ തോന്നി പോയി .

ടെൻഷൻ ഇല്ല ദേഷ്യം ഇല്ല സന്തോഷവും ഇല്ല മനസ്സിനെ കീറി കുറിക്കുന്ന യാതൊരു വികാരവും ഇല്ല സമാധാനം മാത്രം ആ ഒരു ആത്മീയമായ ശൂന്യത മാത്രം .ശ്രീകോവിൽ തുറന്ന ശേഷം അഷ്ടപദിയും കേട്ട്  ഒരു മണിക്കൂറോളം അമ്പലത്തിനകത്ത് കഴിഞ്ഞ  ശേഷം റൂമിലേക്ക്‌ തിരിച്ചു. പിറ്റേന്നു  കാലത്ത് എണീച്ചു വീണ്ടും കുളിച്ചു ദര്ശനം നടത്തി. ശേഷം  മാമാങ്ക സ്മാരകങ്ങൾ ഓരോന്നായി കണ്ടു കഴിഞ്ഞ്  നേരെ തവനൂർക്ക് വച്ച് പിടിച്ചു അവിടുന്ന് ബ്രഹ്മാവിനെയും ശിവനെയും തൊഴുതു. ബ്രഹ്മ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു,  ജീർണതയുടെ അടയാളങ്ങൾ പലയിടത്തും കാണാൻ കഴിഞ്ഞു. ശിവ ക്ഷേത്രം വലിയൊരു ധ്യാനത്തിലെന്നോണം നില തീരത്തു മൂകമായി തല ഉയർത്തി സകല ആത്മീയ  സൗന്ദര്യത്തോടെയും നിളാ തീരത്തു  നില കൊളുന്നു .




                                                                                                                 
KV.Vishnu
21/04/2014                                                                                

Sunday, 10 March 2013

ഭൂമി

മീനമാസച്ചൂടെറ്റെന്നിലെ താപത്തിൻ
നോവാൽ പൈതങ്ങള്‍ തപിക്കുമ്പോള്‍
ആശ്വാസമേകിക്കൊണ്ടാരും ചൊല്ലാതെയൊരു
വസുധാര വര്‍ഷമായി വന്നിരുന്നു നീയെന്നും  .

കാലചക്രം പലവുരുവന്നു പോയി, പിന്നെ
കാലം തെറ്റി  വന്നണഞ്ഞു തുടങ്ങി നീയും
പണ്ടെന്നോ  നീയേകിയൊരാ  പ്രണയസ്മരണകൾ
മാത്രമുള്ളോരു ശവപറമ്പായിന്നു ഞാൻ

നാം ചേർന്നുപോറ്റിയൊരു പൈതങ്ങൾ
പരസ്പരം കൊന്നു തിന്നുന്നതു കണ്ടു
നിന്‍ കണ്ണുനീര്‍ വറ്റിയോ!.. നീയിലാതെ
യേകയായിയെനിക്കെത്ര കാലമിനിയും..!!

കത്തിരിക്കാം കാലമെത്രയായിടിലും
എന്നാൽ ഓർക്കുകയെപ്പോഴുമൊന്നുമാത്രം
എന്നിൽ നിന്നു നീയകലാൻ തുടങ്ങും മുന്നേ
ഞാനാദ്യം വരിക്കുമെൻ മരണത്തെ..!!

KV.Vishnu
09/03/2013
                                                                   




മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...