Thursday, 15 October 2020

ബുദ്ധനും ശങ്കരനും

"സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം"

തമസ്സിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചു കൊണ്ടിരിക്കുന്നവരും അറിവും അക്ഷരവും വിവേകവും പകർന്നുതന്നു കൊണ്ടിരിക്കുന്നവരുമായ സകല ഗുരുക്കന്മാർക്കും എന്റെ പ്രണാമം ! 

വൈദീക കാല ഭാരതത്തിലെ രണ്ടു കാലഘട്ടങ്ങളെ മാറ്റിമറിച്ച രണ്ടു ഗുരുക്കന്മാരെക്കുറിച്ചാണ് ഈ എഴുത്ത്. സാഹസമാണ് ഞാനീ ചെയ്യുന്നത്  തെറ്റെങ്കിൽ ഗുരുക്കന്മാർ ഈ അവിവേകിയോടു പൊറുക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

"ബുദ്ധനും ശങ്കരനും"

സിദ്ധാർത്ഥ രാജകുമാരൻ, ശാക്യ വംശത്തിൽ ഗോതമ ഗോത്രത്തിൽ ശുദ്ധോധന മഹാരാജാവിനും മഹാറാണി മായദേവിക്കും മൂത്ത പുത്രനായി ലുംബിനിയിൽ ജനിച്ചു ശേഷം ബാല്യവും യൗവ്വനവും കപിലവസ്തുവിൽ. പതിനാറാം വയസ്സിൽ യശോധാരയെ വിവാഹം ചെയ്തു അവർക്കു രാഹുലൻ  എന്നൊരു പുത്രനും ഉണ്ടായി. അങ്ങനെ സർവൈശ്വര്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോൾ അദ്ദേഹം കണ്ട നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ! അല്ല അവിടെ നിന്നുമാണ് സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

ഒരു രോഗി, ഒരു വൃദ്ധൻ, ഒരു മൃതശരീരം പിന്നെ സർവ്വസംഗ പരിത്യാഗിയായ ഒരു സന്യാസിയും ഈ കാഴ്ചകൾ അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു ! താനും ഈ ക്ലേശങ്ങളും ദുഃങ്ങളും എല്ലാം തരണം ചെയ്യണ്ടതായുണ്ടെന്നും ഒരുനാൾ ഇതെല്ലാം താനും നേരിടുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു  ശേഷം അദ്ദേഹം ആലോചിച്ചതു ജീവിതത്തിലെ നാല് സത്യങ്ങളുടെ പൊരുൾ ആയിരുന്നു.

1. ദുഃഖം 
2. ദുഃഖ കാരണം 
3. ദുഃഖ നിവാരണം മാർഗം 
4. ആ മോക്ഷത്തിലേക്കുള്ള പാത  

ഈ സത്യങ്ങൾ അന്വേഷിച്ചു അദ്ദേഹത്തിന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ സകല സുഖ സൗകര്യങ്ങളും ബന്ധങ്ങളും കൊട്ടാരവും ഉപേക്ഷിച്ചു നാടും വീടും വിട്ടിറങ്ങി. പലരെയും അദ്ദേഹം തേടിയലഞ്ഞു ഈ സത്യങ്ങൾക്കുള്ള പൊരുളെന്തെന്നു തേടി. എന്നാൽ ഒരു ഗുരുവിനും അദ്ദേഹത്തെ തൃപ്തിപെടുത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം സ്വയം തന്നിലേക്കിറങ്ങി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കാൻ തീരുമാനിച്ചു. ആ യാത്രക്കൊടുവിൽ അദ്ദേഹം ഗയ (ബോധ്‌ഗയ - ബീഹാർ) യിൽ എത്തിച്ചേർന്നു. നീണ്ട ഏതാനും വർഷങ്ങൾ അവിടെ തപസ്സ് ചെയ്യുകയും, വർഷങ്ങൾ ആ ബോധി വൃക്ഷചുവ്വട്ടിൽ നീണ്ട തപസ്സിനൊടുവിൽ ആ സത്യം അദ്ദേഹം തിരിച്ചറിഞ്ഞു, തന്നെ അലട്ടിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അദ്ദേഹത്തിനു ബോധ്യമായി. "സ്വാർത്ഥം" അതാണ് മനുഷ്യന്റെ ഏക ദുഃഖ കാരണം എന്നദ്ധേഹം ആ തപസ്സിനൊടുവിൽ തിരിച്ചറിഞ്ഞു. അതിനെ വിട്ടു കളയുന്നതാണ് ദുഃഖ നിവാരണം എന്നും മോക്ഷത്തിലേക്കുള്ള മാർഗമെന്നും തിരിച്ചറിഞ്ഞു.

മൗര്യ സാമ്രാജ്യം ഭാരതം ഭരിക്കുന്ന കാലഘട്ടത്തിൽ ആയിരിക്കണം സിദ്ധാർത്ഥ ഗൗതമ ബുദ്ധന്റെയും ജനനം എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചന്ദ്രഗുപ്‌ത മൗര്യന്റെ മകനായ ബിന്ദുസാരൻ, അദ്ദേഹത്തിന്റെ പുത്രനും മഹാനായ ഭരണാധികാരിയും ആയിരുന്ന അശോക ചക്രവർത്തി ഇവരുടെ സമകാലീനനായിരുന്നു ശ്രീ ബുദ്ധനും. കലിംഗ യുദ്ധത്തിന്റെ ഭീകരദൃശ്യം അശോകനെ കൊണ്ടുചെന്നെത്തിച്ചത് അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധന്റെ പാതയിലേക്കായിരുന്നല്ലോ.

ആര്യ - ബ്രാഹ്മണ മേല്കോയ്മയെ ഇല്ലാതാക്കി കൊണ്ടായിരുന്നു ബുദ്ധിസം അതിവേഗം ഭാരതത്തിൽ വളർന്നത്. 

വേദങ്ങൾക്കു പ്രത്യേകിച്ച് ഒരു കൃതി എന്നതിനപ്പുറം ഒരു മഹത്വവും അദ്ദേഹം നൽകിയിരുന്നില്ല വേദ നിർദേശിതമായ മൃഗ ബലി പോലെയുള്ള കാര്യങ്ങളെ എതിർക്കാനും അദ്ദേഹം തുനിഞ്ഞു. അന്ന് നിലനിന്നിരുന്ന പല അനാചാരങ്ങൾക്കും മൃഗബലി, ജാതി വേർതിരിവ് തുടങ്ങി എല്ലാത്തിനും ഭഗവാൻ ശ്രീ ബുദ്ധൻ എതിരായിരുന്നു. ബ്രാഹ്മണനായി ജനിക്കുക എന്നത് ഔന്നത്യമായി കണ്ടിരുന്ന കാഴ്ചപാടിനെയും അദ്ദേഹം എതിർത്തു.

"ജന്മം കൊണ്ടെല്ലാരും ഒന്ന് തന്നെയെന്നും കർമം ആണ് ഒരാളുടെ ശ്രേഷ്ഠത നിശ്ചയിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു. 

"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" എന്നും നമ്മുടെ ചിന്തകളാണ് നമ്മുടെ അടിസ്ഥാനം എന്നും പഠിപ്പിച്ചു.

ആര്യൻ ബ്രഹ്മിണസത്തിനു മുകളിൽ ഭഗവാൻ ശ്രീ ബുദ്ധന്റെ ആശയങ്ങൾ ശക്തി നേടി. ഭാരതവും കടന്നു ആ ആശയങ്ങൾ സഞ്ചരിച്ചു. എൺപതാം വയസ്സിൽ തന്റെ കർമം കൊണ്ട് ഈശ്വര തുല്യനായി തീർന്ന ആ മനുഷ്യൻ സമാധിയായി. കുശിനഗർ എന്ന സ്ഥലത്തു ഇന്നും അദ്ദേഹത്തിന്റെ സമാധി സ്ഥലം കാണാം. പക്ഷെ മരണം ആ ശരീരത്തിനു മാത്രമായിരുന്നു അതിനു ശേഷവും അദ്ദേഹം പകർന്നു നൽകിയ ആശയം വളർന്നു കൊണ്ടേയിരുന്നു. അദ്ദേഹം പഠിപ്പിച്ച വാക്കുകൾ അന്വർത്ഥമാവുകയും ചെയ്തു!

"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" 

നാസ്തികതയിൽ അനുഷ്ഠിതമായി വളർന്നു വന്ന ആശയമാണ് ബുദ്ധിസം. ശ്രീ ബുദ്ധനെയോ അല്ല മറ്റു ആരെയെങ്കിലുമോ അവർ ഈശ്വരനായി കാണുന്നില്ല മറിച്ച് അദ്ദേഹം അവർക്കു മാർഗ്ഗദര്ശനമേകുന്ന ഗുരുമാത്രമാണ് ബുദ്ധൻ. ഈ സൃഷ്ട്ടി ഈശ്വരനിൽ  നിന്നല്ലെന്നും  അതിന്റെ സത്യം കാലങ്ങളായി മറഞ്ഞു കിടക്കുകയാണെന്നും എന്നതാണ് അവരുടെ വിശ്വാസം. ഹിന്ദുമതത്തിലും നിരീശ്വരവാദത്തിൽ അനുഷ്ഠിതമായ ഇത് പോലെ ചില സങ്കല്പങ്ങൾ കാണാം തത്വമസി, അഹംബ്രഹ്മാസ്മി പോലെയുള്ള തത്വങ്ങൾ എല്ലാം ബുദ്ധിസത്തിന്റെ നാസ്തിക ആശയത്തോട് ചേർന്ന് നിൽക്കുന്നു.

(താന്ത്രിക ബുദ്ധിസത്തിൽ അവർ ദേവതമാരെ ഉപാസിക്കുന്നുമുണ്ട് , ബുദ്ധിസത്തിന്റെ ആദ്യകാല തത്വങ്ങൾ അല്ലെങ്കിൽ അടിസ്ഥാന ശിലാ പ്രമാണം മാത്രമേ ഞാൻ പ്രതിപാദിക്കുന്നുള്ളു കാലക്രമേണ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗണ്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് മേല്പറഞ്ഞ താന്ത്രിക ബുദ്ധിസം ഒരു ഉദാഹരണം)

ബുദ്ധിസത്തിന്റെ അടിസ്ഥാനം ഈ അഷ്ട മാർഗ്ഗങ്ങളിൽ അനുഷ്ഠിതമാകുന്നു .

സദ്‌ദൃഷ്ടി 
സദ്‌ചിന്ത
സദ്‌വചനം
സദ്‌കർമം
സദ്‌ജീവനം
സദ്‌ശ്രമം
സദ്‌ശ്രദ്ധ
സദ്‌ധ്യാനം

(ഭാരതത്തിൽ ആയിരുന്നു ബുദ്ധ മതത്തിന്റെ ഉത്ഭവം എങ്കിലും ഇന്ന് അതിന്റെ അതിന്റെ പ്രഭാവം കൂടുതലും സ്വാധീനിച്ചതായി കാണുന്നത് ഫാർ ഈസ്റ്റ് രാജ്യങ്ങളിലും ശ്രീലങ്ക മ്യാന്മാർ ഭൂട്ടാൻ ചൈന ടിബറ്റ് എന്നീ രാജ്യങ്ങളിലുമാണ്. )

ബുദ്ധമതത്തിന്റെ സ്വാധീനത്തിൽ നിന്നും പല അനാചാരങ്ങളിൽ നിന്നും സനാതന ധര്മത്തിന്റെ ഉയർത്തെഴുന്നേല്പിന്നു പിന്നീട് ആയിരത്തോളം വര്ഷങ്ങള്ക്കു ശേഷം ഇങ്ങു തെക്കേ ഇന്ത്യയിൽ കാലടിയിൽ നിന്നും ഒരു യുഗപുരുഷന്റെ അവതാരം വേണ്ടി വന്നു !

"ജഗത്ഗുരു ആദിശങ്കരാചാര്യർ"

ശങ്കരന്റെ നന്നേ ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടമായി പിന്നീട് അമ്മ മാത്രമേ ശങ്കരന് ഉണ്ടായിരുന്നുള്ളു.  എട്ടാം വയസ്സിൽ സന്യാസ ജീവിതം സ്വീകരിച്ചു ശങ്കരൻ വീട് വിട്ടറങ്ങി വേദം ഉപനിഷദ് പുരാണം ഇതിഹാസം ഇവയിലെലാം ജ്ഞാനം സമ്പാദിച്ചു രണ്ടുവട്ടം ഭാരത്തിലുടനീളം ആസേതു ഹിമാചലം പ്രയാണം  നടത്തി വാദ, തർക്ക, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സമാനമായ ആശയങ്ങളെ സനാതനധർമ്മത്തിൽ സമന്വയിപ്പിച്ചു അദ്വൈത വേദാന്ത  പ്രചാരണം ആരംഭിച്ചു. 

പുരാണ വേദേതിഹാസങ്ങൾക്കെല്ലാം ശങ്കര ഭാഷ്യം അദ്ദേഹം രചിച്ചു, വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി, ബ്രഹ്മസൂത്രം പോലെ ഒട്ടനവധി കൃതികൾ എഴുതി തീർത്തു. അന്നുവരെ നിലനിന്നിരുന്ന യാഥാസ്ഥിക ഹിന്ദു സംസ്കാരത്തെ തന്റെ  അദ്വൈതവേദാന്തം കൊണ്ട് പരിഷ്കരിച്ചു പുനരുദ്ധാരണം നടത്തി. നദികൾ പലതായി ഒഴുകി സമുദ്രത്തിൽ ലയിക്കുന്ന പോലെ സകലപ്രപഞ്ചവും നിർഗുണ പരബ്രഹ്മം എന്ന ഏക സത്യത്തിൽ ലയിക്കുന്നു എന്നദ്ദേഹം പഠിപ്പിച്ചു. അന്നത്തെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം ആചാര്യർക്കു എതിരായിരുന്നുവെങ്കിലും തന്റെ ആശയങ്ങളുടെ ശക്തി കൊണ്ടും വാദപ്രതിവാദത്തിലുള്ള തന്റെ അസാമാന്യമായ കഴിവ് കൊണ്ടും അവരെയെല്ലാരെയും തന്റെ പാതയിലേക്ക് കൊണ്ട് വരാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ബദ്രി പഞ്ചകേദാരം ദ്വാരക പുരി എന്നിവടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഭാരതത്തിന്റെ നാല് ദിക്കില്ലായി ചതുർവേദങ്ങൾക്കു സാക്ഷിയായി പുരി, ശൃംഗേരി, ജോഷിമത്, ദ്വാരക എന്നിവടങ്ങളിൽ മഠങ്ങളും സ്ഥാപിച്ചു ഭാരതത്തിനു അദ്വൈത വേദാന്തം പകർന്നു നൽകി. ഒടുവിൽ ആ ദീപം കേദാർനാഥിൽ ആരും നടന്നെത്താത്ത ഹിമാലയ സാനുക്കളിലെവിടെയോ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയുമായി.

ഗുരുവിനു ശേഷം തോടകാചാര്യർ, പദ്മപാദർ, ഹസ്താമലകാചാര്യ, സുരേശ്വരാചാര്യർ തുടങ്ങിയ ശിഷ്യ പ്രമുഖർ അദ്ദേഹം ബാക്കി വെച്ച അദ്വൈത വേദാന്ത പ്രചാരണം ഏറ്റെടുത്തു അതു ഇന്നും തുടരുന്നു . 

ഭജഗോവിന്ദം എന്ന ഒറ്റ കൃതി വായിച്ചാൽ മാത്രം മതി ബുദ്ധൻ അന്വേഷിച്ചു കണ്ടെത്തിയ  അതെ സത്യങ്ങളും സിദ്ധാന്തവും തന്നെയാണ് ആചാര്യർ അന്വേഷിച്ചതെന്നും മനസ്സിലാക്കാം. പാത രണ്ടായിരുന്നുവെങ്കിലും തത്വത്തിൽ ബുദ്ധനും ശങ്കരനും തിരഞ്ഞ തത്വം ഒന്നു തന്നെ "അദ്വൈതം".  

കെ വി വിഷ്ണു,
15/10/2020   

Saturday, 12 September 2020

കൗശിക പക്ഷി

ചിന്തകളൊക്കെയും ചിതൽ തിന്നു പോയി 
നിസ്സംഗതയാം വാല്മീകത്തിനുള്ളി- 
ലാത്മാവ് നിദ്രയിലാണ്ടിരിക്കുന്നു !

നിദ്രതന്നായിരുളിൽ  നിന്നും പരമസത്യത്തിന് 
നവ പുലരിയും കാലവും കാത്തു പ്രകൃതി  
ജീർണിപ്പിച്ചൊരു പഞ്ജരത്തിലാ കൗശികൻ 
കാത്തിരുന്നു നവ സ്വപ്നങ്ങൾ വിരിയു - 
മൊരു പുതു പുലരിക്കായി !

കാലമോ പറയാതെ അറിയാതെ പല 
ഋതുക്കൾക്കും സാക്ഷിയായി, ഒടുവിൽ 
ദക്ഷിണാർദ്ധത്തിൽ നിന്നുമൊരു നവ രശ്മി
യാ ഇരുളിനെ തകർത്ത നേരം ! 

പഞ്ജരം ഉപേക്ഷിച്ചാ കൗശിക പക്ഷി 
ചിറകടിച്ചുയർന്നു പ്രകൃതി നിർമ്മിച്ചു 
വെച്ചോരൂ  നവ പഞ്ജരം തേടി !

കെ വി വിഷ്ണു
12/09/2020 

Wednesday, 29 July 2020

കടുവ - Panthera Tigris - Tiger

निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम् ।
तस्माद्व्याघ्रो वनं रक्षेद्वनं व्याघ्रं च पालयेत् ॥ 
അർത്ഥം :  
"കടുവ കാടില്ലാതെ മരിക്കുന്നു,അതുപോലെ
 കടുവയില്ലാതെ കാടും വെട്ടിമാറ്റപ്പെടുന്നു".  
(മഹാഭാരതം, ഉദ്യോഗ പർവ്വം)

ഇന്നു ജൂലൈ 29 ലോക കടുവ ദിനം . ലോകത്തിലെ കടുവകളിലെ എഴുപതു  ശതമാനവും നമ്മുടെ ഭാരതത്തിലാണ്,  അതു കൊണ്ടു തന്നെ നമുക്കാണു  ഈ വർഗത്തെ സംരക്ഷിക്കാനുള്ള ബാധ്യതയേറെയും. എല്ലാ വന്യ ജീവികളും സംരക്ഷിക്കപ്പെടേണ്ടവ തന്നെയെന്നതിൽ  സംശയമില്ല.  എന്നാൽ കൂട്ടത്തിൽ  കടുവകൾ അർഹിക്കുന്ന പ്രാധാന്യമേറെയാണെന്നു മാത്രം. കാരണം ഭക്ഷ്യശൃംഖലയിൽ കടുവ ഏറ്റവും മുകളിൽ നിൽക്കുന്നു (APEX PREDATOR) എന്നതിനാൽ.  കടുവയെ സംരക്ഷിക്കുക എന്നതിലൂടെ നമ്മൾ എല്ലാ വനവിഭവങ്ങളെയും ആണ് സംരക്ഷിക്കുന്നത്.  ഓരോ കടുവക്കും അറുപതു മുതൽ നൂറു ചതുരശ്ര കിലോമീറ്റെർ വന വിസ്തീർണം ആവശ്യമാണ്. ടൈഗർ ടെറിറ്റോറി എന്നിതിനെ വിശേഷിപ്പിക്കുന്നു. ഇണ ചേരുന്ന കാലങ്ങളിൽ അല്ലാതെ മറ്റൊരു കടുവ അടുത്ത രാജ്യത്തിലേക്ക് പ്രവേശിക്കുകയില്ല ! പ്രവേശിച്ചാൽ അടുത്തതു യുദ്ധം മാത്രം! 

ഇത്രയും ഭൂവിഭാഗം ഇതിനു ആവശ്യമായതിനാൽ സ്വാഭാവികമായും കടുവ സംരക്ഷണം എന്നാൽ വനസംരക്ഷണവും കൂടിയായി മാറുന്നു. താമസം ശരിയായതു കൊണ്ടു മാത്രമായില്ല,ഇവയുടെ സംരക്ഷണത്തിനാവശ്യമുള്ള രണ്ടാമത്തെ കാര്യമാണ്‌ ഇവർക്കുള്ള ഭക്ഷണ ലഭ്യതയുറപ്പാക്കുകയെന്നത്! അവർക്കായി കാട്ടിൽ ചെന്നു ഇലയിട്ട് സദ്യ നടത്താൻ മാത്രം ധൈര്യമുള്ള ആളുകൾ കുറവായതു കൊണ്ട് തന്നെ അവർക്കു വേണ്ടത് അവരുടെ സ്വാഭാവിക ഇരകൾ ആണ്, സാമ്പാർ, ചിത്തൽ, കാട്ടുപോത്തു, നിൽഗൈ  മുതലായ മൃഗങ്ങളാണതിൽ മുഖ്യം. അത് കൊണ്ട് സ്വാഭാവികമായും കടുവ സംരക്ഷണത്തിന്റെ ഭാഗമായി ഇവരെയും സംരക്ഷിക്കേണ്ടതായുണ്ട്. 

എന്ത് കൊണ്ട് കടുവകൾ മാത്രം ഇതിൽ മുഖ്യമാവുന്നു പുള്ളിപുലികൾ പോലുള്ള മറ്റു പ്രിഡേറ്റേഴ്സും തുല്യ പ്രാധാന്യം അർഹിക്കുന്നില്ലേ എന്നൊരു ചോദ്യം വരാം. ഇവിടെയാണ് ആദ്യത്തെ കാര്യം പ്രസക്തമാകുന്നത് ഭക്ഷ്യ ശൃംഖലയിൽ ഇവക്കെല്ലാം മുകളിൽ ആണ് കടുവ ! അത്യാവശ്യ ഘട്ടങ്ങളിൽ പുള്ളിപ്പുലി അഥവാ ലെപോർട്‌സ്, കുറുക്കൻ, ചെന്നായ തുടങ്ങിയ പ്രെടെറ്റേഴ്സിനെയും കടുവ ഭക്ഷിക്കാറുണ്ട് അത് കൊണ്ട് കടുവകൾ സംരക്ഷിക്കപെടുമ്പോൾ അവരും വാഴ നനയുമ്പോൾ ചീര നനയുന്ന പോലെ സ്വാഭാവികമായും സംരക്ഷിക്കപ്പെടുന്നു. ഇതെല്ലാം കൊണ്ടു തന്നെ ഇന്ത്യൻ വനങ്ങളിലെ ഒരേയൊരു രാജാവ് കടുവ മാത്രം ആണ്.

(ഇന്ത്യൻ ലെപ്പേർഡ്‌സിനെ കുറിച്ചുള്ള പഠനങ്ങൾ അനുസരിച്ച് കടുവയേക്കാൾ കൂടുതൽ അഡാപ്റ്റേഷൻ കഴിവ് ലെപ്പേർഡ്‌സിനാണെന്നാണ്, ആയതിനാൽ പുള്ളിപുലികൾ കടുവകളെക്കാൾ അപകടകാരിയാണെന്നിതു സൂചിപ്പിക്കുന്നു.)

വനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലൂടെയും പഗ്മാർക് ടെക്‌നിക്‌ ഉപയോഗിച്ചുമാണ് വിദഗ്ധർ ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കടുവകൾ വംശനാശത്തിന്റെ വക്ക് വരെ എത്തിയിരുന്നു. വ്യാപകമായ വേട്ടയാടലുകൾ തന്നെ അതിനു കാരണം. ജിംകോർബെറ്റിന്റെ പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ അതിന്റെ ഒരു ഏകദേശ രൂപം നമുക്ക് മനസ്സിലാവും. പക്ഷെ ഇന്ന് കടുവകൾ തിരിച്ചു വരവിന്റെ പാതയിലാണ്. അതിൽ നമ്മുടെ രാജ്യത്തിന്റെ പങ്കു വളരെ വലുതാണെന്നത് സന്തോഷിക്കാവുന്ന കാര്യവും. നരഭോജികളായ കടുവളെയും പുള്ളിപുലികളെയും  നിർദാക്ഷിണ്യം വേട്ടയാടുന്ന വേളയിലും ജിം കോർബെറ്റ്‌ പറയുകയും തെളിവ് സഹിതം സ്ഥാപിക്കുകയും ചെയ്യുന്ന കാര്യമൊന്നുണ്ട്, അവർ ഒരിക്കലും മനുഷ്യമാംസത്തോടുള്ള തൃഷ്ണ കൊണ്ടൊന്നുമല്ല നാട്ടിലേക്കിറങ്ങി വേട്ടക്ക് വരുന്നത് അതിനും 90 ശതമാനം കാരണം നമ്മൾ തന്നെ ഉദാഹരണമായി അദ്ദേഹം കണ്ടെത്തിയ ഏതാനും കാര്യങ്ങൾ ഇങ്ങനെയാണ്.

1. നായാട്ടിനിടയിൽ പല്ലിനോ നഖത്തിനോ ഒക്കെ നാശം സംഭവിക്കുന്ന കടുവകൾക്കു പിന്നെ വേട്ടയാടാൻ ബുദ്ധിമുട്ടാകുന്നു സമയം അവർക്കു എളുപ്പം മൃദുലമായ മനുഷ്യമാംസമോ അല്ലെങ്കിൽ നമ്മുടെ വളർത്തു മൃഗങ്ങളോ ആണ്.

2. മനുഷ്യന്റെ വനം കയ്യേറൽ , സ്വാഭാവികമായും അവയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു നാട്ടിലേക്കിറങ്ങുന്നു.

3 . കടുവയുടെ ഭക്ഷണത്തിൽ കയ്യിട്ടു വാരുക കലാപരിപാടി 100 ശതമാനം മനുഷ്യനാൽ  മാത്രം സംഭവിക്കുന്ന കാര്യം ആണ്. കടുവകളുടെ സ്വാഭാവിക ഇരകളെ മനുഷ്യൻ നിയത്രണാതീതമായി നശിപ്പിച്ചാൽ വീണ്ടും അവർക്കു ഭക്ഷണം തേടി നാട്ടിലേക്കിറങ്ങേണ്ടതായി വരുന്നു.

4 . നാലാമത്തേത് കടുവകളുടെ ഗതികേട് കൊണ്ടാണ് പ്രായമേറും തോറും വേട്ടയാടാനുള്ള ശേഷി നഷ്ട്ടപ്പെടുന്ന കടുവകൾ മറ്റു ഇരകളുമായി താരതമ്യം ചെയ്യുമ്പോൾ കായിക ശേഷി താരതമ്യേന തീരെ കുറവായ മനുഷ്യർക്ക് നേരെ തിരിയുന്നു

5 . മനുഷ്യ മാംസത്തോടു അഡിക്ഷൻ സംഭവിക്കുന്ന കാരണത്താൽ മനുഷ്യർക്കു ഭീഷണിയാവുന്ന കടുവകളും പുള്ളിപ്പുലികളും ഉണ്ട്. കടുവയേക്കാൾ പുള്ളിപുലിക്കു ഇങ്ങനൊരു അഡാപ്റ്റേഷൻ കൂടുതൽ ഉള്ളതായി കോർബെറ്റിന്റെ "Leopard of Rudraprayag" എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു.


മധ്യേഷ്യയിലെ കാസ്പിയൻ കടുവകൾ, ഫാർ ഈസ്റ്റ് മേഖലയിൽ ഉണ്ടായിരുന്ന ബാലി,ജാവൻ തുടങ്ങിയ കടുവകളുടെ വിഭാഗങ്ങൾക്കെല്ലാമിന്നു  വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബംഗാൾ ടൈഗർ, സൈബീരിയൻ, സുമാത്രൻ ഉൾപ്പെടെ ഏതാനും കടുവ വിഭാഗങ്ങളെ ഇന്നു ഭൂമിയിൽ ഉള്ളു അത് തന്നെ ക്രിട്ടിക്കൽ എൻഡേഞ്ചർ വിഭാഗത്തിൽ ആണ് ഇവയിന്നും ഉള്ളതു. അതിനാൽ വളരെയധികം സംരക്ഷണം നല്കപ്പെടേണ്ട ജീവിയാണ് കടുവ. കേരളത്തിൽ ഉൾപ്പെടെ അമ്പതിനടുത്തു കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ബന്ദിപ്പൂർ , ജിംകോർബെറ് ,കൻഹ ,സത്പുര,  രൺതംബോർ,  പെരിയാർ , മുതുമലൈ , ഭദ്ര,  പെഞ്ച്  തുടങ്ങിയവ ഉദാഹരണങ്ങൾ. 2010 ൽ ഏകദേശം 1400നടുത്തു മാത്രം ഉണ്ടായിരുന്ന കടുവകളുടെ സംഖ്യയിന്നു ഇരട്ടിച്ചു ഏകദേശം 2967 ആയതായി 2019 ലെ കണക്കുകൾ സൂചിപ്പിക്കുന്നു, നല്ല മുന്നേറ്റമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പക്ഷെ ഇനിയും മുന്നോട്ടു പോകുവാൻ ദൂരം ഒരുപാടുണ്ട്. 

പ്രകൃതിയിലെ ഓരോ ജീവിയും അവയുടെ ജീവിതവും പ്രകൃതി കൽപ്പിച്ച ഒരു താളത്തിൽ ആണ്. നമ്മുക്കു ആ പ്രകൃതി കല്പിച്ചിരിക്കുന്ന കർമ്മം ഈ സുന്ദര വൈവിധ്യമാർന്ന പ്രകൃതിയെയും മറ്റു ജന്തു ജാലങ്ങളെയും സംരക്ഷിക്കാനുള്ള കാവൽക്കാരന്റെ ഉത്തരവാദിത്വമാണ്. അത് കൊണ്ട് നമുക്ക് കള്ളന്മാരാവാതിരിക്കാം. പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം !

വിഷ്ണു കെ വി
29/07/2020     

Sunday, 12 July 2020

ധ്യാനം

മനസ്സിൽ മഹാ മൗനമുണർന്നൊരു നേരം 
കാതിൽ ഇരമ്പി നിശ്ശബ്ദത തൻ സംഗീതം 
കാറും കോളും കൊണ്ട കടൽ പോലെയലറിയ
മനം കൈക്കുമ്പിൾ തന്നിലെ ജലമായി തീർന്നു !

രാപകലുകൾ ശൈത്യകാല ഇലകൾ പോലെ  
കൂട്ടമായി പൊഴിഞ്ഞു തുടങ്ങി ചുറ്റിലും,
മനമോ അതേതുമറിയാതെ ദീർഘമായൊരു 
നിദ്രയിലേക്കാണ്ടിറങ്ങിയിരുന്നു !

വിഷ്ണു കെവി
12/07/2020

Thursday, 2 July 2020

Dan Brown Books

ഏതാനും  വര്ഷങ്ങള്ക്കു മുൻപ് "ഡാവിഞ്ചി കോഡ് എന്ന സിനിമ കാണുവാൻ ഇടയായി  ആ സിനിമയിൽ നിന്നാണ് ഡാൻ ബ്രൗൺ എന്ന എഴുത്തുകാരനെ ഞാൻ അറിയുന്നത് തുടർന്ന് അദ്ദേഹത്തിന്റെ പുസ്തകത്തിനായുള്ള തിരച്ചിലിൽ എന്നിലേക്ക്‌ വന്നു ചേർന്ന പുസ്തകങ്ങൾ ആണ് "Demons and Angels" "The Lost Symbol" "Inferno" പിന്നെ "The Da'Vinci Code" അദ്ദേഹത്തിന്റെ ഈ നാല് പുസ്തകങ്ങൾ മാത്രമേ  ഞാൻ വായിച്ചിട്ടുള്ളു. റോബർട്ട് ലാങ്ടൺ എന്ന സിംബോളജിസ്റ് പ്രഫസ്സറും അദ്ദേഹത്തിന്റെ കുറ്റാന്വേഷണങ്ങളും ആണ് ഓരോ ബുക്കും.

1. Demons And Angels 

തുടക്കം മുതൽക്കു അവസാനം വരെയും ത്രില്ല് ഒരിടത്തു പോലും നഷ്ട്ടപെടുത്താത്ത നോവൽ ആണ് ഡെമോൺസ് ആൻഡ് ഏഞ്ചൽസ് . സെർണിലെ പരീക്ഷണശാലയിൽ നിന്നും ന്യുക്ലിയർ ആയുധത്തേക്കാളും ശക്തിയേറിയ ആന്റിമാറ്റർ അടങ്ങിയ ഏതാനും കാനിസ്റ്ററുകൾ മോഷ്ടിക്കപ്പെടുന്നു കൂടെ ലിയനാർഡോ വെട്രാ എന്ന  ശാസ്ത്രജ്ഞൻ കൊല്ലപ്പെടുകയും ചെയുന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ "ഫയർ എയർ എർത്തു വാട്ടർ" എന്ന് പ്രത്യേക രീതിയിൽ കുത്തിവരച്ചിട്ടാണ് കൊലയാളി പോകുന്നത്. തുടർന്ന് റോബർട്ട് ലാങ്ടൺ എന്ന സിമ്പോളൊജി പ്രൊഫെസ്സർ ഇതിലേക്ക് വരികയും വെട്രയുടെ മരണത്തിന്റെ  അന്വേഷണം അദ്ദേഹത്തെ വത്തിക്കാനിൽ എത്തിക്കുകയും ചെയ്യുന്നു. ആസമയം വത്തിക്കാനിൽ പോപ്പിന്റെ മരണശേഷം അടുത്ത പോപ്പിനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്, അവിടെ വെച്ച് അടുത്ത മാർപാപ്പ ആകാൻ സാധ്യതയുള്ള കർദിനാൾമാർ ഓരോരുത്തരായി വെട്രയുടെ സാമാനമായ രീതിയിൽ കൊല്ലപ്പെടുന്നു ഈ മരണത്തിനെല്ലാം  പിന്നിലുള്ള രഹസ്യമാണ് കഥതന്തു! ഇല്യൂമിനേറ്റി, സീക്രെട് ബ്രദർ ഹൂഡ്സ്, വത്തിക്കാൻലൈബ്രറി, ഗലീലിയോയുടെ പുസ്തകങ്ങളിലെ രഹസ്യങ്ങൾ സൂചനകൾ, എന്നിങ്ങനെ ഒരുപാട് ചുരുളഴിയാത്ത രഹസ്യങ്ങളെ തന്റെ കഥാപാത്രത്തിലൂടെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ലേഖകൻ.  മിസ്റ്ററി  നോവലുകൾ ഇഷ്ടപെടുന്നവർക്കു വായിച്ചാൽ നിരുത്സാഹപെടേണ്ടി വരില്ലാത്ത നോവൽ തന്നെയാണ് ഇത് .

2. The Lost Symbol 

എനിക്കേറ്റവും ഇഷ്ട്ടപെട്ടതും അതെ സമയം പലവട്ടം വായന നിർത്തി വെക്കുകയും ചെയ്ത  ബുക്ക് ആണ് ദി ലോസ്റ്റ് സിംബൽ.  തുടക്കമേ വരുന്ന ലാഗ് ആണ് പലവട്ടം ഈ പുസ്തകം വായിക്കുന്നതിൽ നിന്നുമെന്നെ തടഞ്ഞത്.  എന്നാൽ ആദ്യത്തെ 2-3 ഭാഗത്തിനു ശേഷം പിന്നെ ലാഗ് എന്തെന്ന് തോന്നിപ്പിക്കുക പോലും ചെയ്തില്ല എന്നത് അദ്ദേഹത്തിന്റെ നാല് രചനകളിൽ ഇതിനെ എനിക്കേറ്റവും പ്രിയപെട്ടതാകുകയും ചെയ്തു. കൂടാതെ ഇതിൽ ഫ്രീ മേസണറി പോലുള്ള സീക്രെട് സൊസൈറ്റികളെ കൂടുതൽ വിശദമായി പരിചയപെടുവാനും സാധിക്കുന്ന കഥ സന്ദർഭങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ബുക്ക്. മിസ്റ്ററി ത്രില്ലെർ സീരീസിൽ എന്റെ ആൾ ടൈം ഫേവറേറ്റ്. മലഖ് എന്ന അജ്ഞാതൻ അമേരിക്കയിലെ കോടീശ്വരനായ പീറ്റർ സോളമൻ കിഡ്നാപ് ചെയ്യുന്നു  അതേസമയം പീറ്റർ സുഹൃത്തായ റോബർട്ട് ലാങ്ടണിനെ മുൻപെപ്പോഴോ സൂക്ഷിക്കുവാൻ നൽകിയൊരു ബോക്സും ആയി തന്നെ വന്നു കാണുവാൻ സന്ദേശവും അയക്കുന്നു. ഈ രണ്ടു സന്ദർഭങ്ങളിൽ നിന്നും കഥ വികസിക്കുന്നു ശേഷം ആരാണ് മലഖ് എന്തിനു അയാൾ വന്നു അയാളുടെ ലക്‌ഷ്യം എന്തു എന്നു പറഞ്ഞു കൊണ്ട് കഥ അവസാനിക്കുന്നു.  ഇതിനിടയിൽ അത്ഭുതപ്പെടുത്തുന്ന മിസ്റ്ററികളിലേക്കു കഥയുടെ ചുരുളഴിയുന്നു . വായനാപ്രേമികൾ തീർച്ചയായും ഡാൻ ബ്രൗണിന്റെ മസ്റ്റ് റീഡ് വിഭാഗത്തിൽപെടുത്തണം ഈ പുസ്തകത്തിനെ.      

3. Inferno 

ലളിതമായി കഥ പറഞ്ഞു പോയിരിക്കുന്ന രചനയാണ്‌ ഇൻഫെർണോ. ലാഗ് ഒട്ടും ഇല്ലാത്തതു കൊണ്ട് മുഷിപ്പിക്കില്ല. ഇറ്റലിയും തുർക്കിയും കഥാ പരിസരം ആവുമ്പോൾ ഡാങ്കെ അലിഗറിയുടെ ഇൻഫെർണോ എന്ന രചന ഈ മിസ്റ്ററി ത്രില്ലറിലൂടെ വിശദികരിക്കപ്പെട്ടിരിക്കുന്നു. നായകനായ റോബർട്ട് ലാങ്ടണിന് ഒരപകടം പറ്റുകയും അദ്ദേഹത്തിന്റെ ഓർമ്മ ഭാഗീകമായി നഷ്ടപ്പെടുകയും ചെയ്യുന്നു. പിന്നീട് കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിലാണ് അവിടെ വെച്ചു സെയ്ന്ന ബ്രൂക്ക്സ് എന്ന നഴ്സിലൂടെ താൻ അപകടത്തിൽ നിന്നും രക്ഷപെട്ടു അവിടെ എത്തിപെട്ടു എന്ന് മനസിലാക്കുന്നു എന്നാൽ ആര് തന്നെ അപകടപ്പെടുത്തി എന്നോ എന്തിനു അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നോ എന്ന് ഓർക്കുവാൻ അദ്ദേഹത്തിനു കഴിയുന്നില്ല തുടർന്ന് സെയ്ന്ന ഭ്രൂക്സിന്റെ സഹായത്തോടെ തനിക്കു സംഭവിച്ചത് എന്തെന്ന് കണ്ടെത്തുന്നതാണു കഥ. ഡാങ്കെയുടെ ഡിവൈൻ കോമെടിയിൽ പറഞ്ഞിരിക്കുന്ന  നരകത്തിനു മുൻപുള്ള ഒൻപതു തലങ്ങൾ ഡാങ്കെയുടെ ഡെത്ത് മാസ്ക്  തുടങ്ങി ഓരോന്നിന്റെയും ചുരുളുകൾ അഴിച്ചു മുന്നോട്ട് പോകുന്നു കഥ!

4. The Da'Vinci Code 

ലോകം മുഴുവൻ പ്രശസ്തിയും വിവാദവും സൃഷ്ട്ടിക്കപെട്ട രചനയാണ്‌ ദി ഡാവിഞ്ചി കോഡ്. സിനിമ കണ്ടിട്ടുണ്ടെങ്കിലും വായിക്കാവുന്ന പുസ്തകമാണ് ഡാവിഞ്ചി കോഡ്. കാരണം സിനിമയേക്കാൾ കൂടുതൽ നല്ല അനുഭവം പുസ്തകം നൽകുന്നു. ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം മൊണാലിസ എന്നീ ചിത്രങ്ങളിലെ രഹസ്യങ്ങൾ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ഡാൻബ്രൗൺ തന്റെ കഥ പാത്രമായ  ലാങ്ടണിലൂടെ. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ഡാൻബ്രൗണിന്റെ മികച്ച സൃഷ്ടിയാണ് ഡാവിഞ്ചി കോഡ്. സിലസ് എന്ന കൊലയാളി ജാക്‌സ് സോവിനിർ എന്ന loure മ്യുസിയത്തിലെ ക്യുറേറ്ററെ കൊല്ലുന്നു എന്നാൽ മരിക്കുന്നതിനു മുൻപ് അദ്ദേഹം ചില സൂചനകൾ തന്റെ ശരീരത്തിലും മ്യുസിയത്തിലുമായി ഒളിപ്പിച്ചു വെക്കുന്നു.  മരിക്കുന്ന ദിവസം റോബർട്ട് ലങ്‌ടോണുമായി കൂടിക്കാഴ്ച നിശാചായിച്ചിരുന്നതായി കണ്ടെത്തുന്ന പോലീസ് ലാങ്ടണെ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു എന്നാൽ സോവനീറിന്റെ ചെറുമകൾ പൊലീസിലെ തന്നെ ക്രിപ്റ്റോഗ്രാഫർ ആയ സോഫിയുടെ  സഹായത്തോടെ പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുകയും സോവിനിർ കുറിച്ചു വെച്ച കോഡിന്റെ ചുരുളഴിച്ചു കൊലപാതകിയിലേക്കു എത്തിച്ചേരുന്നതാണ് കഥ . ക്രിസ്തിയാനിറ്റിയിലെ ഹോളി ഗ്രൈൽ റോസ് ലൈൻ പ്രിയോറി ഓഫ് സിയോൺ ഓപസ് ഡെയ് എന്നീ വിഷയങ്ങളെയെല്ലാം കൂട്ടിയിണക്കി അതിമനോഹരമായൊരു മിസ്റ്റിക് അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു ബ്രൗൺ. സംഗതി മതം കൂടുതലായി കലര്ന്ന കൊണ്ട് തന്നെ അധിക വിമർശനത്തിനും ഇടയാക്കി ഈ രചന. 

പുസ്തകം വാങ്ങുവാൻ ലിങ്കുകൾ ചുവടെ
 

വിഷ്ണു കെവി 
02/07/2020   



Tuesday, 16 June 2020

ഒറ്റ മരം

ദൂരെയാ കുന്നിൻ മുകളിൽ നിൽപ്പുണ്ടോരൊറ്റ മരം 
ചിതലരിച്ചു ദ്രവിച്ചതിൻ ചില്ലയെല്ലാം , ശേഷിച്ചൊ-
രാണിവേരാ ഇളകിയടർന്ന മണ്ണിനെയും മുറുകെ പിടിച്ചു 
നിൽപ്പൂ , അകക്കാമ്പിലൊരു ജീവനെ ഉയിർപ്പിക്കാൻ 
ഇനിയും പെയ്യാത്തമഴയ്ക്കായ് കാത്തുനിൽപ്പു 
ആ ഒറ്റ മരം ! 

"It is not just a tree, it symbolizes the depressed mind looking for the light of love"
"A spirit attached to this nature and body"  
"In the end, It represents a thirsty mind of a Traveler"

വിഷ്ണു കെവി 
16/06/2020 

Monday, 8 June 2020

ആനന്ദാതിരേകം

അരണ്ട വെളിച്ചമരിച്ചിറങ്ങുമാ മുറിക്കുളിലൊരു  
അന്തർമുഖന്റെ മൂടുപടമണിഞ്ഞവനിരുന്നു 
അകമേ മുഴങ്ങുമൊരുന്മാദി തൻ ചിരിയാർക്കും 
നല്കാതെയാമറക്കുള്ളിലെങ്ങോ വെച്ചിരുന്നു!

വിഷ്ണു കെവി
08/06/2020 

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...